ദത്തപഹാരനയം

ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയിരുന്ന ഒരു നയം From Wikipedia, the free encyclopedia

ദത്തപഹാരനയം
Remove ads

ഇന്ത്യയിലെ ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ വികസനത്തിനുവേണ്ടി 1848ന്മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധന[1]നയം, (ഇംഗ്ലീഷ്: Doctrine of lapse). യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു. ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.[2] രണ്ടാമത്തെ വ്യവസ്ഥ ഇന്ത്യയിലെ ഭരണാധികാരികൾക്ക് ദീർഘകാലമായി ഉണ്ടായിരുന്ന ദത്തവകാശത്തെ ഇല്ലായ്മ ചെയ്തു. ഭരണാധികാരികൾക്ക് യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കാനുള്ള അധികാരവും ബ്രിട്ടീഷുകാർക്ക് ലഭിച്ചു. ഇത് അനീതിയാണെന്നാണ് ഇന്ത്യക്കാർ പൊതുവേ കരുതിയത്.

Thumb
ഡൽഹൗസി പ്രഭു
Remove ads

ചരിത്രം

ഒരു രാജാവു മരിക്കുമ്പോൾ അദ്ദേഹത്തിനു സ്വാഭാവിക പിന്തുടർച്ചാവകാശികൾ ഇല്ലെങ്കിൽ മറ്റൊരു കുടുംബത്തിൽനിന്ന് ഒരു വ്യക്തിയെ തന്റെ അനന്തരാവകാശിയായി ദത്തെടുക്കുന്ന സമ്പ്രദായം ഇന്ത്യയിൽ ഹൈന്ദവ രാജാക്കന്മാരുടെയിടയിൽ ഉണ്ടായിരുന്നു. ഈ വിധം ദത്തെടുക്കുന്ന അനന്തരാവകാശികൾക്ക് രാജ്യഭരണം നൽകുവാൻ പാടില്ലെന്ന് ദത്തപഹാരനയം വ്യക്തമാക്കി. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഒട്ടേറെ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിക്കുവാൻ ഡൽഹൗസിപ്രഭുവിനു സാധിച്ചു. 1848-ൽ മഹാരാഷ്ട്രയിലെ സത്താറ എന്ന രാഷ്ട്രത്തെ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിച്ചു. 1848-ൽ സത്താറയിലെ രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനന്തരാവകാശി ദത്തുപുത്രനായിരുന്നതിനാലാണ് ഈ രാജ്യം ബ്രിട്ടിഷ്ഇന്ത്യയോടു കൂട്ടിച്ചേർത്തത്. ഝാൻസിയിലെ രാജാവു മരിച്ചപ്പോൾ അവിടെ പുരുഷന്മാരായ പിന്തുടർച്ചക്കാർ ഇല്ലാതിരുന്നതിനാലാണ് 1853-ൽ[3] ആ രാജ്യത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ ചേർത്തത്. സാമ്പൽപൂർ രാജാവായിരുന്ന നാരായണസിങ് മരിച്ചപ്പോൾ പുത്രനായ രാജകുമാരൻ ഇല്ലാതിരുന്നതിനാലാണ് അവിടവും ബ്രിട്ടീഷുകാർ കയ്യടക്കിയത്. ഇവയെ കൂടാതെ ഈ നയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ രാജ്യങ്ങളാണ് ജയ്പൂർ, ഉദയ്പൂർ, നാഗ്പൂർ (1854[3]) എന്നിവ.

ഭഗത്, ഉദയ്പൂർ എന്നീ നാട്ടുരാജ്യങ്ങളെ ഇപ്രകാരം ഡൽഹൗസി കൈക്കലാക്കിയെങ്കിലും അടുത്ത ഗവർണർ ജനറലായ കാനിങ് പ്രഭു അത് അംഗീകരിച്ചില്ല. ഈ രാജ്യങ്ങളെ കൈക്കലാക്കിയതിനെ ഇംഗ്ലണ്ടിലെ ഡയറക്ടർ ബോർഡ് (Court of Directors) അംഗീകരിക്കാത്തതിനാലാണ് കാനിങ് പ്രഭു ഈ രാജ്യങ്ങളെ നാട്ടുരാജാക്കന്മാർക്ക് തിരികെ വിട്ടുകൊടുത്തത്. ഡൽഹൗസിപ്രഭുവിന്റെ ദത്തപഹാര നയം പലരുടെയും വിമർശനങ്ങൾക്കു പാത്രമായി. ഡൽഹൗസി ഈ പദ്ധതി ആവിഷ്കരിച്ചത് അദ്ദേഹത്തിനുണ്ടായിരുന്ന സാമ്രാജ്യവികസന താത്പര്യം കൊണ്ടായിരുന്നുവെന്ന് വിമർശകർ ആക്ഷേപിച്ചു. നാഗ്പൂർ കയ്യടക്കിയതിനുശേഷം ആ രാജ്യത്തിലെ പൊതുഖജനാവിലെ സ്വത്തുക്കൾ ലേലത്തിൽ വിറ്റത് കൊട്ടാരം കൊള്ളയടിച്ചതിനു സമാനമാണെന്ന് വിമർശകർ അഭിപ്രായപ്പെട്ടിരുന്നു.

ദത്തപഹാര നയത്തെ വേറെയും ചില ആവശ്യങ്ങൾക്കായി ഡൽഹൗസിപ്രഭു ഉപയോഗപ്പെടുത്തി. 1853-ൽ കർണാടകത്തിലെ നവാബ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമി ആരാണെന്നു നിശ്ചയിക്കുവാൻ ഡൽഹൗസി വിസമ്മതിച്ചു. 1855-ൽ തഞ്ചാവൂരിലെ രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമികൾ എന്നവകാശപ്പെട്ട പതിനാറു വിധവകളെയും രണ്ട് പുത്രിമാരെയും അംഗീകരിക്കുവാൻ ഗവർണർ ജനറൽ വിസമ്മതിക്കുകയുണ്ടായി. ആ രാജ്യത്തിലെ രാജസ്ഥാനത്തെത്തന്നെ അദ്ദേഹം നിറുത്തൽ ചെയ്തു. 1853-ൽ പേഷ്വാ ബാജിറാവു രണ്ടാമൻ മരിച്ചപ്പോൾ അദ്ദേഹത്തിനു നൽകിവന്ന പെൻഷൻ പിൽക്കാലത്ത് ബാജിറാവുവിന്റെ ദത്തുപുത്രനായ നാനാസാഹിബിന് നൽകേണ്ടതില്ലെന്ന് ബ്രിട്ടിഷ് ഗവണ്മെന്റ് നിശ്ചയിച്ചതും ദത്തപഹാര നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ നയത്തിലെ ഭരണാധികാരിയുടെ കഴിവുകേട് എന്ന വ്യവസ്ഥ ആരോപിച്ചാണ് ഡൽഹൗസി 1856-ൽ അവധ് പിടിച്ചെടുത്തത്.

ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ നിരവധി ആളുകൾ ഈ നയത്തെ രൂക്ഷമായി അപലപിച്ചു. 1857-ൽ നടന്ന വിപ്ലവത്തിന്റെ ഒരു പ്രധാന കാരണം ഡൽഹൗസി ഏർപ്പെടുത്തിയ ദത്തപഹാര നയം ആയിരുന്നു.

Remove ads

ദത്തപഹാര നയം ഡൽഹൗസിക്ക് മുമ്പ്‌

ദത്തപഹാര നയം ഡൽഹൗസി ആവിഷ്കരിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അദേഹത്തിന് മുമ്പ് തന്നെ 1834 - ൽ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണം നിർവഹിച്ചിരുന്ന കോർട്ട് ഓഫ് ഡയറക്ടഴ്സ് ഈ നയം സ്വീകരിച്ചിരുന്നു[4]. 1839 - ൽ ഗുജറാത്തിലെ മാന്ദ്വി(മണ്ടാവി), 1840 - ൽ മഹാരാഷ്ട്രയിലെ കൊളാബ, ഉത്തർപ്രദേശിലെ ജാലൗൻ, 1842 -ൽ സൂററ്റ്‌,1843-ൽ ഇന്നത്തെ ഹരിയാണയിലുള്ള കൈഥലിലെ സിഖ് രാജ്യം[5][6] തുടങ്ങിയവ ഈ നയം ഉപയോഗിച്ച് ബ്രിട്ടീഷ്‌ ഇന്ത്യയോട് കൂട്ടിചേർത്തവയാണ്.

Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads