നീലംപേരൂർ പടയണി

From Wikipedia, the free encyclopedia

നീലംപേരൂർ പടയണി
Remove ads

കേരളത്തിൽ ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ നീലംപേരൂരിൽ സ്ഥിതി ചെയ്യുന്ന പള്ളി ഭഗവതിക്ഷേത്രത്തിൽ, ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാൾ നടത്തുന്ന പടയണി ഉത്സവമാണ് നീലംപേരൂർ പടയണി അഥവാ നീലംപേരൂർ പൂരം. ധനു മാസത്തിൽ മധ്യ തിരുവിതാംകൂറിൽ പടയണിക്കാലമാണ്. ചിലേടത്ത് 28 ദിവസം പടയണി ഉണ്ടായിരിക്കും. നീലംപേരൂരിൽ ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ പിറ്റേ ദിവസം അവിട്ടം മുതൽ പൂരം നാൾ വരെ 16 ദിവസത്തെ പടയണിയാണ് .[1]

Thumb
പ്രശസ്തമായ നീലംപേരൂർ പൂരം പടയണി
പടയണിയുടെ വീഡിയോ
Remove ads

പേരിനു പിന്നിൽ

പടയണി എന്നാൽ സൈന്യം അഥവാ പടയുടെ നീണ്ട നിര എന്നാണർത്ഥം.[2] ഒരു യുദ്ധത്തിലെന്നപോലെ ജനങ്ങൾ(പട) അണിനിരക്കുന്ന ഉത്സവമായതിനാലാണ്‌ പടയണി എന്ന പേരു വന്നത്. പടേനി എന്നു നാട്ടുഭേദമുണ്ട്.

ഐതിഹ്യം

ചേരമാൻ പെരുമാളുമായി ബന്ധപ്പെടുത്തിയാണ്‌ പടയണിയുടെ ഒരു ഐതിഹ്യം. നീലംപേരൂർ പടയണി ആരംഭിച്ചത്‌ പെരുമാളിൻറെ വരവു പ്രമാണിച്ചാണത്രെ. ചേരമാൻ പെരുമാൾ ഒരു നാൾ തിരുവഞ്ചിക്കുളത്തു നിന്നും കായൽ വഴി വള്ളത്തിൽ സഞ്ചരിച്ചു വരുമ്പോൾ നീലംപേരൂർ പ്രദേശത്തിൻറെ ഭൂപ്രകൃതി കണ്ട്‌ ആകൃഷ്ടനായി. ഗ്രാമത്തിൽ കൊട്ടാരം പണികഴിപ്പിച്ച്‌ അവിടെ താമസമാക്കി. പെരുമാൾ തൻറെ ഉപാസനാമൂർത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ നീലമ്പേരൂരിലെ പത്തില്ലത്ത്‌ പോറ്റിമാരുടെ വകയായിരുന്ന ശിവക്ഷേത്രത്തിന്‌ വടക്കുവശം വടക്കുദർശനമായി ക്ഷേത്രം നിർമിച്ച്‌ പ്രതിഷ്‌ഠിച്ചു. രാജാവ് നേരിട്ടു പ്രതിഷ്‌ഠ കഴിപ്പിച്ച തിനാൽ ക്ഷേത്രത്തിന്‌ "പള്ളിഭഗവതി" ക്ഷേത്രമെന്ന്‌ പേരിട്ടു. കലാപ്രകടനങ്ങൾ കണ്ടാസ്വദിക്കാൻ പെരുമാൾ കൊട്ടാര മാളികയിൽ എഴുന്നള്ളിയിരുന്നു. പടയണി ആരംഭിച്ചത്‌ ഇതിൻറെ ഓർമ്മ പുതുക്കാനാണ് എന്നാണ്‌ വിശ്വാസം. [3] പള്ളി ബാണപ്പെരുമാളെന്ന രാജാവ്‌ മതം മാറിയശേഷം തൻറെ ആസ്ഥാനമായ തിരുവഞ്ചിക്കുളത്തു ( കൊടുങ്ങല്ലൂർ) നിന്നു വിട്ട്‌ കോട്ടയം, ചങ്ങനാശേരി എന്നീ പ്രദേശങ്ങളിൽ യാത്രചെയ്തിരുന്നു ഒടുവിൽ നീലംപേരൂർ വച്ച്‌ അദ്ദേഹം ഒരു ബുദ്ധമത സന്യാസിയായി ദേഹത്യാഗം ചെയ്തു.അതേ പെരുമാളാണ്‌ നീലംപേരൂരെയും കിളിരൂരിലേയും പ്രതിഷ്‌ഠകൾ നടത്തിയത് എന്നാണ് മറ്റൊരു വിശ്വാസം. നീലംപേരൂർ ക്ഷേത്രത്തിനു മുൻവശമുള്ള മതിലിനു പുറത്തുണ്ടായിരുന്ന മാളിക പള്ളി ബാണപ്പെരുമാളുടെ ശവകുടീരമായിരുന്നുവത്രെ.

ദാരിക നിഗ്രഹത്തിനുശേഷം കലി അടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നിൽ മഹാദേവൻറെ ഭൂതഗണങ്ങൾ കോലങ്ങൾ വെച്ചുകെട്ടി തുള്ളിയെന്നും ഭഗവതി സന്തോഷവതിയായെന്നുമാണ് ഹിന്ദുമതവുമായി ബന്ധപ്പെട്ട ഐതിഹ്യം. [4]

Remove ads

ചരിത്രം

ആയിരത്തോളം വർഷം പഴക്കമുണ്ട് നീലംപേരൂർ പടയണിക്ക് എന്നാണ് കരുതുന്നത്.[5] ഹിന്ദു സാംസ്കാരിക കൂട്ടായ്മ ഈ പടയണിയിൽ കാണാം. പ്രസിദ്ധ ചൈനീസ് സഞ്ചാരി ആയിരുന്ന ഫാഹിയാൻ, തന്റെ യത്രാവിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്നത്, ബീഹാറിലെപാടലീപുത്രത്തിലെ (പാറ്റ്ന) ബുദ്ധമതക്കരുടെ ഉത്സവവുമായി ഇതിനു വളരെ സാമ്യമുണ്ടെന്നാണ്..[6]

കെട്ടുകാഴ്ച/പൂരം പണികൾ

അവിട്ടം നാൾ ചൂട്ടിടീലിനു ശേഷം ചതയം നാൾ രാവിലെ 6 മണിയോടു കൂടി നാട്ടിലെ യുവജനങ്ങൾ എല്ലാവരും ക്ഷേത്രാങ്കണത്തിൽ ഒത്തു കൂടുന്നു. 45 അടി പൊക്കമുള്ള വലിയ അന്നം, നല്ല വലിപ്പമുള്ള ഒരു ആന, 30 അടി പൊക്കമുള്ള 2 മറ്റ് അന്നങ്ങൾ, 30 അടി പൊക്കമുള്ള ഭീമൻ, യക്ഷി എന്നീ കോലങ്ങൾ, ഇവയുടെയെല്ലാം ചട്ടങ്ങൾ വലിയ തടിയിൽ തീർത്തിട്ടുള്ളതാണ്, അവയെല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ സുരക്ഷിത മുറിയിൽ നിന്നും വെളിയിലെടുത്ത് ക്ഷേത്രാങ്കണത്തിലുള്ള ആൽമരത്തിന്റെ ചുവട്ടിൽ എത്തിക്കും. അതിനു ശേഷം ചട്ടങ്ങളെല്ലാം യഥാസ്ഥാനങ്ങളിൽ യോജിപ്പിച്ച് എല്ലാത്തിന്റെയും ചട്ടക്കൂട്ടുകൾ ഉണ്ടാക്കുന്നു. പിറ്റേ ദിവസം മുതൽ ഇവയുടെയെല്ലാം അസ്ഥികൂടങ്ങൾ ഉണ്ടാക്കുകയാണ് പണികൾ. വലിയ അന്നങ്ങൾക്ക് കമുകിന്റെ വാരി കൊണ്ടും ചെറിയ അന്നങ്ങൾക്ക് ഈറലും കൊണ്ടാണ് അസ്ഥികൂടങ്ങൾ ഉണ്ടാക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ശരീര നിർമ്മാണമാണു. വാഴക്കച്ചികൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. അവസാന ദിവസമായ പൂരം നാൾ,താമരയില കൊണ്ട് തൊലിയും ചെത്തിപൂ, വാഴപ്പോള എന്നിവ കൊണ്ട് തൂവലും ഉണ്ടാക്കുന്നു. പൂരം നാൾ രത്രി 8 മണിയോടു കൂടി നീലംപേരൂർ ക്ഷേത്ര പരിസരത്തെത്തിയാൽ മാനസ സരസ്സ് പൊയ്കയിൽ പല വലിപ്പത്തിലുള്ള 100 അന്നങ്ങളോളം നീന്തിത്തുടിക്കുകയാണൊ എന്ന് തോന്നും വിധം നമ്മുടെ കണ്ണൂകൾക്ക് വിരുന്നേകി ഈ കെട്ടുകാഴ്ച കാണാം.

Remove ads

ചടങ്ങുകൾ

ഭഗവതീക്ഷേത്രങ്ങളിൽ നടക്കുന്ന പടയണിയിൽ മൂന്നുതരം ചിട്ടകൾ നിലനിൽക്കുന്നു. പാട്ടിലും തുള്ളലിലും ചിട്ടകളിലുമുള്ള വ്യത്യാസങ്ങളാണ് രണ്ടു മാർഗങ്ങളുടേയും വ്യത്യാസം. കഥകളിയിലെന്നപോലെ വടക്കൻ തെക്കൻ ചിട്ടയും, ഇവരണ്ടും ചേർന്ന ചിട്ടയുമുണ്ട് [7]

ചൂട്ടിടീൽ, കുടം പൂജ കളി, അനുജ്ഞവാങ്ങൽ, തോത്താകളി, കുടനിർത്ത്, പ്ലാവിലനിർത്ത്, മകം പടയണി, പൂരം പടയണി, അരിയും തിരിയും വയ്പ് എന്നിവയാണു പ്രധാന ചടങ്ങുകൾ. ഇതിൽ ചൂട്ടിടീൽ പടയണി തുടങ്ങുന്ന ദിവസവും, അരിയും തിരിയും വയ്പ് പടയണി അവസാനിക്കുന്ന ദിവസവും മാത്രമുള്ള ചടങ്ങാണു. കുടം പൂജ കളി, അനുഞവാങ്ങൽ ,തോത്താകളി എന്നിവ കുടനിർത്ത്, പ്ലാവിലനിർത്ത്, മകം പടയണി, പൂരം പടയണി എന്നീ വിശേഷാൽ ദിവസങ്ങളിൽ മാത്രമുള്ള ചടങ്ങാണു. പടയണിയുടെ ഏട്ടാം ദിവസം കുടനിർത്തും, പന്ത്രണ്ടാം ദിവസം പ്ലാവിലനിർത്തും, പതിനഞ്ചാം ദിവസം മകം പടയണിയും, പതിനാറാം ദിവസം പൂരം പടയണിയും. ഈ രീതയിലാണു ചടങ്ങുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രി 10 മണിക്ക് ശേഷമാണു ചടങ്ങുകൾ തുടങ്ങുന്നത്.

ചൂട്ടിടീൽ

തിരുവോണത്തിന്റെ പിറ്റെ ദിവസം അവിട്ടം നാളിൽ രാത്രി ഇരുട്ടി 10 മണി സമയത്തോടു കൂടിയാണു പടയണി തുടങ്ങുന്നത്. ശ്രീകോവിലിൽ നിന്നും മേൽശാന്തി കൊണ്ടുവരുന്ന അഗ്നി (തീ) കരക്കാർ ഒരൊരുത്തരും വീട്ടിൽ നിന്നും തെറുത്തു കൊണ്ട് വരുന്ന ഉണങ്ങിയ തെങ്ങോലയിലേക്ക് പകർന്നു തരുന്നു.കരനാഥനായിട്ടുള്ള ആൾ മതിൽക്കെട്ടിനു വെളിയിലുള്ള ചേരമാൻ പെരുമാൾ സ്മാരകത്തിന്റെ അടുത്തു പോയി അനുവാദം ചോദിക്കുകയും, അദ്ദേഹം അവിടെ നിന്നും തിരിച്ചു നടക്കുന്ന സമയം കരക്കാരെല്ലാവരും കൂടി ആർത്തു വിളിച്ച് പടയണി ആരംഭിക്കുകയും ചെയ്യുന്നു. ദേവസ്വം കാര്യക്കാരനെയാണു ഇപ്പോൾ കരനാഥനായി അംഗീകരിച്ചിരിക്കുന്നത്. തുടർന്നു വരുന്ന 7 ദിവസങ്ങളിലും ഇതേ സമയത്ത് ഈ ചടങ്ങുകൾ തന്നെ ആവർത്തിക്കുന്നു.

കുടംപൂജ കളി

Thumb
കുടംപൂജ കളി

കഥകളി തുടങ്ങുന്നതിനു മുമ്പുള്ള കേളീകൊട്ടൽ എന്ന പോലെ 16 ദിവസത്തെ പടയണിയുടെ പ്രധാന ദിവസങ്ങൾ ചടങ്ങുകൾ ആരംഭിക്കുന്നത് ഈ ചടങ്ങോടു കൂടിയാണു. 4 അടിയോളം പൊക്കത്തിൽ വിറകുകൾ അടുക്കി വച്ചു ആഴി കൂട്ടി, പടയണിക്കെത്തിയിട്ടുള്ള ആ ബാലവൃദ്ധം ജനങ്ങളും വളരെ വലിയ ഒരു വൃത്താകൃതിയിൽ അതിനു ചുറ്റും നിൽക്കുകയും പടയണി ആചാര്യൻ പാടിക്കൊടുക്കുന്ന ഈണത്തിൽ വലിയ കൈമണിയുടെ അകമ്പടിയോടെ എല്ലാവരും ഏറ്റുപടുകയും ചെയ്യുന്ന ഒരു ചടങ്ങാണ് കുടമ്പൂജ കളി. ഗണപതി സ്തുതിയോടെ തുടങ്ങുകയും കുചേലസൽഗതി, സ്യമന്തകം, രാമായണത്തിലെ ചില ഏടുകൾ, എന്നിവ നീലമ്പേരൂർ പടയണി ആചാര്ന്മാർ ചിട്ടപ്പെടുത്തിയിട്ടുള്ള ഈണത്തിലും വരികളിലുമായാണ് പാടിക്കൊടുക്കുന്നത്. പാടിക്കൊൺറ്റിരിക്കുന്ന ആചാര്യൻ പാടുന്നതനിടയിൽ തകൃതിതെയ് ... തകൃതിതെയ് ... എന്ന ഈണത്തിൽ തുടങ്ങി താളത്തിന്റെ മുറുകിയ കാലത്തിൽ ചൊല്ലുകയും ആ സമയത്ത് വട്ടം കൂടി നിൽക്കുന്നവരിൽ കുറച്ചുപേർ ആ താളത്തിനൊത്ത് ഇറങ്ങിക്കളിച്ചു തുള്ളൂകയും ചെയ്യും. കുട്ടികൾക്ക് വളരെ ഹരമായ ഒരു ചടങ്ങാണിത്.

അനുജ്ഞവാങ്ങൽ

പടയണി തുടങ്ങുന്നതിനു മുമ്പ് ക്ഷേത്രമതിൽക്കെട്ടിനു വെളിയിൽ സ്ഥിതി ചെയ്യുന്ന ചേരമാൻപെരുമാളിന്റെ സ്മാരകത്തിന്റെ അടുത്തുപോയി പടയണി ആരംഭിക്കുവാനുള്ള അനുമതി വാങ്ങുന്ന ചടങ്ങ് ആണിത്. 16 ദിവസവും ഈ ചടങ്ങുണ്ട്. ദേവസ്വം രക്ഷാധികാരിയാണു അനുവാദം ചോദിക്കുന്നത്.

തോത്തകളി

Thumb
തോത്തകളി

അനുഞവാങ്ങൽ ചടങ്ങിനു ശേഷം നടക്കുന്നതാണിത്. അനുവാദം ചോദിച്ചു കഴിഞ്ഞു കരനാഥൻ അവിടെ നിന്നും തിരിക്കുമ്പോൾ വലിയ ഒരു ആരവത്തോടു കൂടി എല്ലാവരും "ഹുയ്യോ.." എന്ന ശബ്ദം പുറപ്പെറ്റുവിച്ച് ആരംഭിക്കുകയും പിന്നീട് "തകാ തീ തൊ" "തകൈ തീ തൊ" എന്ന താളത്തിൽ ചെണ്ട മേളത്തിന്റെ കൊഴുപ്പോടുകൂടി കൊച്ചുകുട്ടികൾ മുതൽ മുതിർന്നവര് വരെ ഒരു വെളുത്തതോർത്ത് വലതുകയ്യിൽ പിടിച്ച് താളത്തിനു അങ്ങോട്ടും ഇങ്ങോട്ടും ചാടിത്തുള്ളൂന്ന ചടങ്ങാണു തോത്താകളി.

തേങ്ങമുറിക്കൽ

Thumb
തേങ്ങാമുറിക്കൽ ചടങ്ങിന് തയ്യാറെടുത്തിരിക്കുന്നു.

ഓരോ വർഷവും പുതിയ അന്നങ്ങൾ ഭക്തജനങ്ങൾ വഴിപാടായി വയ്ക്കാറുണ്ട്. പൂരം പടയണി ദിവസം എല്ലാ പണികൾക്കും ശേഷം രാത്രി 8 മണിക്കു നടക്കുന്ന ചടങ്ങാണ് തേങ്ങമുറിക്കൽ. അന്നത്തിന്റെ ചട്ടക്കൂടായ തടിയുടെ പണി ചെയ്യുന്ന ആശാരിയാണ് തേങ്ങ മുറിക്കുന്നത്.

കുടനിർത്ത്

പടയണിയുടെ എട്ടാം ദിവസം നടത്തുന്ന ഒരു ചടങ്ങാണിത്. പടയണിതുടങ്ങുന്ന അവിട്ടം നാൾ മുതൽ 4 ദിവസം ചൂട്ടു മാത്രമെ പടയണിക്കളത്തിൽ ഉപയോഗിക്കൂ. 5ആം ദിവസം മുതൽ പച്ചമുള കീറി വളയം ഉണ്ടാക്കിയും അതിൽ ചെത്തിപൂ കെട്ടിച്ചേർത്തു നല്ല അലങ്കരിച്ച കുടയുടെ ആകൃതിയിൽ ഒന്നു രണ്ട് തട്ടുകൾ ണ്ടാക്കുകയും 8ആം ദിവസം കൂടുതൽ കുടകൾ ഉണ്ടാക്കി അന്നേ ദിവസം വിശേഷാൽ പടയണി നടത്തുകയും ചെയ്യുന്നു. കുടംപൂജ കളി, അനുഞവാങ്ങൽ ,തോത്താകളി മുറ പോലെ നടത്തുകയും പിന്നീട് അലങ്കരിച്ച കുടകൾ എഴുന്നെള്ളിച്ചു ദേവിയുടെ നടക്കു നേരെ കൊൺടു വരുന്നു. പടയണി ആചാര്യൻ പാടിക്കൊടുക്കുന്ന ഈണത്തിൽ എല്ലവരും ഏറ്റുചൊല്ലിയാണു കുട എഴുന്നെള്ളീക്കുന്നത്. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ പാടുന്ന ഈ പാട്ടു കേൾക്കാൻ തന്നെ നല്ല രസമാണു.

പ്ലാവിലനിർത്ത്

Thumb
പ്ലാവിലനിർത്ത്

കുടനിർത്തിന്റെ പിറ്റേ ദിവസം മുതൽ ഒരൊ ദിവസവും ഒരൊ കോലമെന്ന രീതിയിൽ പ്ലാവില കോലങ്ങൾ ഉണ്ടാക്കുന്നു. അതായത് 9 ആം ദിവസം തപസ്വിക്കോലവും, 10 നു ആനയും, 11നു ഹനുമാൻ കോലവും, 12 നു പ്ലാവിലനിർത്തിന്റെ അന്നു ഭീമൻ കോലവും. പതിവുപോലെ കുടംപൂജ കളി, അനുഞവാങ്ങൽ ,തോത്താകളി മുറ പോലെ നടത്തുകയും പിന്നീട് പടയണി ആചാര്യൻ പാടിക്കൊടുക്കുന്ന ഈണത്തിൽ എല്ലവരും ഏറ്റുചൊല്ലുന്നതോടൊപ്പം അലങ്കരിച്ച പ്ലാവില കോലങ്ങൾ എഴുന്നെള്ളിച്ചു ദേവിയുടെ നടക്കു നേരെ കൊൺടു വരുന്നു. ഒരൊ കോലങ്ങൾക്കും പ്രത്യേകമായ പടയണിപ്പാട്ടുകൾ ഉൺട്.

മകം പടയണി

Thumb
വേലകളി

പടയണിയുടെ പതിനഞ്ചാം ദിവസം മകം പടയണി എന്ന പേരിൽ ആഘോഷിക്കുന്നു. പതിവുപോലെ കുടംപൂജ കളി, അനുഞവാങ്ങൽ ,തോത്താകളി മുറ പോലെ നടത്തുന്നു. പിന്നീടു നടക്കുന്ന വേലകളിയാണു മകം പടയണിയുടെ ഒരു മുഖ്യ ആകര്ഷണം. ഈർക്കിൽ നീക്കിയെടുക്കുന്ന തെങ്ങോലയിൽ കൂവയില കൊൺട് മനുഷ്യാക്രിതിയിൽ വേലപ്പിള്ളേരെ കെട്ടിയുൺടാക്കുന്നു. വേല അന്നത്തിന്റെ അകമ്പടിയോടുകൂടി നല്ലതാളത്തിൽ 6 കുട്ടികൾ മുകളിൽപ്പറഞ്ഞരീതിയിൽ കെട്ടിയുണ്ടാക്കിയ തെങ്ങോല കയ്യിൽ പിടിച്ചു നിലത്തോടു ചേർത്തു വച്ചു കുനിഞ്ഞു നിന്നു മുമ്പോട്ടും പിമ്പോട്ടും ചാടിത്തുള്ളൂകയും പടയണി ആചാര്യൻ ചെണ്ടമേളത്തോടുകൂടി താളത്തിനു വേലകളിപ്പാട്ടു പാടിക്കൊടുക്കയും എല്ലാവരും അതു ഏറ്റു ചൊല്ലുകയും ചെയ്യുന്നു. വേലകളിക്കു ശേഷം അന്നത്തെ അടിയന്തരക്കോലമായ അമ്പലക്കോട്ട എഴുന്നെള്ളീക്കുന്നു.

Thumb
അമ്പലക്കോട്ട

മകം പടയണിയുടെ അന്നു തന്നെ പിറ്റേദിവസം നടക്കുന്ന പൂരം പടയണിയുടെ ഒരുക്കങ്ങൾ നടക്കുന്നു. "ചിറമ്പുകുത്ത്" എന്ന പരിപാടി അന്നുച്ചകഴിഞ്ഞു അന്നാട്ടിലെ സ്ത്രീജനങ്ങളാണു ചെയ്യുന്നത്. ബാലികമാർ മുതൽ വയ്സ്സായ അമ്മൂമ്മമാർ വരെ ഇതിൽ പങ്കുചേരുന്നു. വലിയ അന്നങ്ങളും വലിയകോലങ്ങളും ഉണ്ടാക്കുന്നതിനാവശ്യമായ 6 മുതൽ 8 അടിയോളം നീളം വരുന്ന വാഴപ്പോളയുടെ ചിറമ്പിൽ ചെത്തിപൂ വരിവരീയായികുത്തി ഉണടാക്കുന്നു. പൂരം പടയണി ദിവസം ഇവ വലിയ അന്നങ്ങളിലും കോലങ്ങളിലും കുത്തിപ്പിടിപ്പിക്കുന്നു.

പൂരം പടയണി

Thumb
പൂരം പടയണിയുടെ ഒരു ദൃശ്യം

പടയണി തുടങ്ങി 16 ആം ദിവസം പൂരം നാളിലാണു പൂരം പടയണി. അവിട്ടം നാളിൽ തുടങ്ങുന്ന പണികളുടെ കലാശം അഥവ നിറപണികളെല്ലാം പൂരത്തിനാണു. അതായത് താമരയില, ചെത്തിപൂവ്, വാഴപ്പോള എന്നിവ അന്നങ്ങളിലും കോലങ്ങളിലും കുത്തിപ്പിടിപ്പിക്കുന്നതിനാണു നിറപണി എന്നു പറയുന്നത്. രാവിലെ 6 മണിക്ക് തുടങ്ങുന്ന പണികൾ വൈകിട്ട് 8 മണിയോടു കൂടി മാത്രമെ പൂർത്തിയാവൂ. 8 മണിക്ക് തേങ്ങമുറിക്കൽ എന്ന ചടങ്ങാണ്. 10 മണിയാകുമ്പോൾ പടയണി തുടങ്ങും. പതിവുപോലെ കുടംപൂജ കളി, അനുഞവാങ്ങൽ ,തോത്താകളി മുറ പോലെ നടത്തുന്നു. അതിനു ശേഷം വഴിപാടായി നടയ്ക്കു വയ്ക്കുന്ന പുതിയ അന്നങ്ങളുടെ തിരുനട സമർപ്പണം ആണ്. പിന്നീട് ഭീമൻ, യക്ഷി, രാവണൻ എന്നീ കോലങ്ങളും, 1 മണിയോടുകൂടി വല്യന്നവും ( നിലവിൽ 45 അടി ഉയരമുള്ളത്) തിരുനട സമർപ്പണത്തിനായി എത്തും. അതിനു ശേഷം പൊയ്യാന(ഉണ്ടക്കിയെടുക്കുന്ന ആന) എഴുന്നെള്ളിക്കും. സാധാരണ ക്ഷേത്രങ്ങളീൽ ആനയെ എഴുന്നെള്ളീക്കുന്ന അതെ രീതിയിൽ. അല്പ സമയം പഞ്ചാരി മേളവും, നാഗസ്വരസേവയും ഉണ്ടാകും.വെളുപ്പിനെ 2.30 ഓടുകൂടി അന്നത്തെ അടിയന്തരക്കോലമായ സിംഹത്തിന്റെ തിരുനട സമർപ്പണത്തോടെ 16 ദിവസം നീണ്ടു നിന്ന പടയണി മാമാങ്കത്തിനു പരിസമാപ്തിയാകും.

Remove ads

എത്തിച്ചേരാൻ

9°29′47″N 76°30′21″E

Remove ads

ചിത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads