പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി
From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി (ഇംഗ്ലീഷ്: Pullichira Immaculate Conception Church).[1] യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ഈ പള്ളി, ദക്ഷിണ കേരളത്തിലെ ആദ്യത്തെ മരിയൻ തീർത്ഥാടനകേന്ദ്രം കൂടിയാണ്.[2]
1572-ൽ പോർച്ചുഗീസുകാരാണ് പുല്ലിച്ചിറ പള്ളി നിർമ്മിച്ചത്.[3] പോർച്ചുഗലിൽ നിന്ന് കൊണ്ടുവന്ന അൾത്താരയിലാണ് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. പൂർണ്ണമായും തടിയിൽ നിർമ്മിതമായ മാതൃരൂപത്തിന്റെ ദർശനം കിഴക്കോട്ടാണ്. അതിനാൽ പുല്ലിച്ചിറ മാതാവിനെ 'കിഴക്കുനോക്കിയമ്മ' എന്നും 'മലനോക്കിയമ്മ' എന്നും വിളിക്കാറുണ്ട്.[3]
കൊല്ലം രൂപതയ്ക്കു കീഴിലെ ആദ്യത്തെ തീർത്ഥാടനകേന്ദ്രമായ പുല്ലിച്ചിറ പള്ളി കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കംചെന്ന ക്രിസ്തീയ ദൈവാലയങ്ങളിലൊന്നാണ്.[4][5] എ.ഡി. 1627-ൽ പുല്ലിച്ചിറയിലെ വിശ്വാസ സമൂഹത്തെ ഇടവകയായി ഉയർത്തി. 1974-ൽ ഇവിടെ ഒരു പുതിയ ദേവാലയം നിർമ്മിച്ചുവെങ്കിലും പോർച്ചുഗീസുകാർ കൊണ്ടുവന്ന മാതാവിന്റെ രൂപവും അൾത്താരയും അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.[3] 2004 ഡിസംബർ 8-ന് പുല്ലിച്ചിറ പള്ളിയെ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.[1] എല്ലാവർഷവും ഡിസംബർ മാസത്തിൽ പള്ളിയിലെ തിരുനാൾ മഹോത്സവം നടക്കാറുണ്ട്.[6] ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കുവാൻ നിരവധി വിശ്വാസികൾ ഇവിടെയെത്താറുണ്ട്.
Remove ads
ഐതിഹ്യം
പോർച്ചുഗീസുകാരുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഇവിടെ പ്രചാരത്തിലുള്ളത്. അറബിക്കടലിൽ കൊടുങ്കാറ്റിൽ അകപ്പെട്ട പോർച്ചുഗീസ് നാവികർ കപ്പലിൽ നിന്ന് ഭാരമുള്ള വസ്തുക്കൾ കടലിലേക്ക് വലിച്ചെറിഞ്ഞു തുടങ്ങി. കപ്പലിലെ പ്രാർത്ഥനാ മുറിയിൽ സൂക്ഷിച്ചിരുന്ന മാതാവിന്റെ രൂപത്തെയും അവർക്ക് കടലിൽ ഉപേക്ഷിക്കേണ്ടി വന്നു. മാതൃരൂപം കടലിൽ സ്പർശിച്ചതും കൊടുങ്കാറ്റ് ശമിച്ചുവെന്നും, മാതാവിന്റെ കാരുണ്യത്താലാൺ തങ്ങൾ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതെന്നും വിശ്വസിച്ച പോർച്ചുഗീസുകാർ കപ്പൽത്തട്ടിൽ വച്ച് ഒരു പ്രതിജ്ഞ ചെയ്തു. കടലിൽ ഒഴുകിക്കൊണ്ടിരുന്ന മാതാവിന്റെ രൂപം ഏതു കരയിൽ അടിഞ്ഞാലും അവിടെ ഒരു ദേവാലയം നിർമ്മിക്കുമെന്നായിരുന്നു പ്രതിജ്ഞ.([സമാനമായ ഐതിഹ്യവും,വിശ്വാസവുമുള്ള തീർത്ഥാടനദേവാലയമാണ് ആലപ്പുഴ ജില്ലയിലെ തുമ്പോളി പള്ളി]).[3]
പിറ്റേദിവസം പ്രഭാതത്തിൽ മാതാവിന്റെ രൂപം പുല്ലിച്ചിറ കായൽത്തീരത്ത് ഒഴുകിയെത്തുകയും അവിടുത്തെ വിശ്വാസികൾ അതിനെ ഒരു പ്രാർത്ഥനാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. "നിങ്ങൾ എന്നെ കിഴക്കോട്ട് ദർശനമാക്കണം" എന്നൊരു അശരീരി അപ്പോൾ കേട്ടുവെന്നും അതിൻപ്രകാരം മാതാവിന്റെ രൂപം കിഴക്കുദിശയിലേക്ക് തിരിച്ച് വച്ചുവെന്നുമാണ് വിശ്വാസം. ഇതുകൊണ്ടാണ് പുല്ലിച്ചിറ മാതാവിനെ 'കിഴക്കുനോക്കിയമ്മ'യെന്നും 'മലനോക്കിയമ്മ'യെന്നും വിളിക്കുന്നത്.[3]
പ്രതിജ്ഞ നിറവേറ്റുവാൻ പുല്ലിച്ചിറയിലെത്തിയ പോർച്ചുഗീസുകാർ 1572-ൽ ഇവിടെ ഒരു ദേവാലയം നിർമ്മിച്ചു. മാതാവിന്റെ രൂപം പ്രതിഷ്ഠിക്കുന്നതിനായി കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച ഒരു അൾത്താര പോർച്ചുഗലിൽ നിന്ന് കൊണ്ടുവന്നു. അവർ മാതൃരൂപം അതിൽ പ്രതിഷ്ഠിച്ചു.[1]
പോർച്ചുഗീസുകാർ പള്ളി നിർമ്മിച്ചുകൊണ്ടിരുന്നപ്പോൾ ശുദ്ധജല ദൗർലഭ്യം ഉണ്ടായെന്നും പുല്ലിച്ചിറ കായലിലെ ഉപ്പുവെള്ളം മാറി ശുദ്ധജലമായി എന്നും വിശ്വസിക്കുന്നു. ഈ അത്ഭുതത്തിനു പിന്നിൽ പരിശുദ്ധ കന്യാമറിയമാണെന്നു വിശ്വസിച്ചവർ പുല്ലിച്ചിറ മാതാവിനെ 'ഉപ്പുവെള്ളം നല്ല വെള്ളമാക്കിയ അമ്മ'യെന്നു വിളിച്ചു.[3]
Remove ads
പുല്ലിച്ചിറ തീർത്ഥാടനം
പുല്ലിച്ചിറ പള്ളിയിൽ എല്ലാവർഷവും ഡിസംബർ മാസത്തിൽ തിരുനാൾ മഹോത്സവം നടക്കാറുണ്ട്. ഈ ഒരു മാസ കാലയളവിനെ 'പുല്ലിച്ചിറ തീർത്ഥാടനം' എന്നുവിശേഷിപ്പിക്കുന്നു. പുല്ലിച്ചിറ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ കൊല്ലം ജില്ലയുടെ ഇതരഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി വിശ്വാസികൾ ഇവിടെയെത്തുന്നു. ഇതിൽ മറ്റു മതക്കാരും ഉൾപ്പെടുന്നു.
സമീപത്തെ സ്ഥലങ്ങൾ
- കൊട്ടിയം - 2 കിലോമീറ്റർ
- മയ്യനാട് - 2 കി.മീ.
- കൊല്ലം - 12 കി.മീ.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads