മാവെൻ ബഹിരാകാശപേടകം

From Wikipedia, the free encyclopedia

മാവെൻ ബഹിരാകാശപേടകം
Remove ads

മാർസ് അറ്റ്മോസ്ഫിയർ ആന്റ് വോളറ്റൈൽ എവലൂഷൻ(Mars Atmosphere and Volatile EvolutioN) അഥവാ മാവെൻ(MAVEN) ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ്. ചൊവ്വയുടെ അന്തരീക്ഷവും ജലവും നഷ്ടപ്പെട്ടതും ആവാസയോഗ്യമല്ലാതായി മാറിയതും എങ്ങനെ എന്നു മനസ്സിലാക്കുന്നതിനാവശ്യമായ കൂടുതൽ വിവരങ്ങൾ ഈ പേടകം നമുക്കു നൽകും.[2] 2013 നവംബർ 18ന് അറ്റ്‌ലസ്-V റോക്കറ്റിൽ മാവെൻ വിജയകരമായി വിക്ഷേപിക്കപ്പെട്ടു. 2014 സെപ്റ്റംബർ 22ന് ചൊവ്വയിൽ പ്രതലത്തിൽ നിന്ന് 150കി.മീറ്റർ അകലെയുള്ള ദീർഘവൃത്താകാര ഭ്രമണപഥത്തിൽ മാവെൻ പ്രവേശിച്ചു.[3][4]

വസ്തുതകൾ സംഘടന, പ്രധാന ഉപയോക്താക്കൾ ...
Remove ads

ചരിത്രം

നാസയുടെ മാർസ് സ്കൗട്ട് പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ രണ്ടു പേടകങ്ങളാണ് ഫീനിക്സും മാവെലും.[5] 485 കോടി അമേരിക്കൻ ഡോളറിൽ താഴെയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. 187 കോടി ഡോളറിന്റെ ചെലവ് വിക്ഷേപണത്തിനും അനുബന്ധ ചെലവുകൾക്കുമായും പ്രതീക്ഷിക്കുന്നു.[6]

2008 സപ്റ്റംബർ 15ന് നാസ അതിന്റെ മാർസ് സ്കൗട്ട് 2013 ദൗത്യമായി മാവെനിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.[1][7] മാവെനെ കൂടാതെ എട്ടു മറ്റു നിർദ്ദേശങ്ങൾ കൂടി ഇതിനായുണ്ടായിരുന്നു. ഇവയിൽ നിന്നാണ് മാവെനെ തെരഞ്ഞെടുത്തത്. 2013 ആഗസ്റ്റ് 2൹ വിക്ഷേപണ തയ്യാറെടെപ്പുകൾക്കായി ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ മാവെൻ ബഹിരാകാശപേടകത്തെ എത്തിച്ചു.[8] 2013 നവംബർ 18൹ കേപ് കനാവറൽ എയർഫോഴ്സ് സ്റ്റാഷനിൽ നിന്ന് അറ്റ്‌ലസ് V 408 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.[9] 2014 സെപ്റ്റംബർ 22ന് ഇത് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.[3] ഇതിനടുത്ത ദിവസം തന്നെ ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ പേടകവും അവിടെയെത്തും.

Remove ads

ലക്ഷ്യങ്ങൾ

Thumb
ലോഗോ‍‍‍‍

ചൊവ്വയിൽ ഒഴുകുന്ന ജലവും കട്ടി കൂടിയ അന്തരീക്ഷവും ഉണ്ടായിരുന്നതിന് തെളിവുകൾ അന്വേഷിക്കുക എന്നതാണ് മാവെന്റെ പ്രധാന ലക്ഷ്യം.[10] പണ്ടെന്നോ ചൊവ്വയിൽ വെള്ളമുണ്ടായിരുന്നു ​എന്നുതന്നെയാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. ചൊവ്വയുടെ കേന്ദ്രഭാഗം തണുക്കുകയും കാന്തികക്ഷേത്രം ഇല്ലാതാവുകയും ചെയ്തതിനെ തുടർന്നാണ് ചൊവ്വയുടെ അന്തരീക്ഷവും ജലവും ബാഷ്പീകരണശീലമുള്ള മറ്റു പദാർത്ഥങ്ങളും നഷ്ടപ്പെട്ടത് എന്നാണ് കരുതുന്നത്.[11] ചൊവ്വയുടെ ഉപരിതല അന്തരീക്ഷത്തെ കുറിച്ചു പഠിക്കുന്നതിനുള്ള ആദ്യദൗത്യമാണ് മാവെൻ.[3]

മാവെൻ ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നും വാതകങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ചും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളെ കുറിച്ചും കൂടുതൽ സൂക്ഷ്മമായി പഠിക്കും. അതുപോലെ ഇപ്പോൾ ചൊവ്വയുടെ അന്തരീക്ഷം നഷ്ടപ്പെടുന്നതിന്റെ നിരക്കും മനസ്സിലാക്കാൻ ഇതു സഹായിക്കും. പ്രധാനമായും നാലു ഉദ്ദേശ്യങ്ങളാണ് മാവെൻ ദൗത്യത്തിനുള്ളത്.

  1. ബാഷ്പശീലമുള്ള വസ്തുക്കളുടെ പലായനത്തെ കുറിച്ചു പഠിക്കുകയും അത് കാലാകാലങ്ങളിൽ ചൊവ്വയെ ഏതു രീതിയിൽ ബാധിച്ചു എന്നു മനസ്സിലാക്കുകയും ചെയ്യുക.
  2. ഉപരിതല അന്തരീക്ഷം, അയണോസ്ഫിയർ എന്നിവയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുകയും ഇവ സൗരവാതവുമായി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്ന് അറിയുകയും ചെയ്യുക.
  3. പ്രകൃതിവാതകങ്ങളും അയോണുകളും നഷ്ടപ്പെടുന്നതിന്റെ ഇപ്പോഴത്തെ നിരക്ക് നിർണ്ണയിക്കുകയും അതിന്റെ പ്രവർത്തനരീതി മനസ്സിലാക്കുകയും ചെയ്യുക.
  4. ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള സുസ്ഥിര ഐസോടോപ്പുകളുടെ അനുപാതം നിർണ്ണയിക്കുക.[12]

2014 സെപ്റ്റംബർ 22൹ മാവെൻ ചൊവ്വയെ പ്രദക്ഷിണം ചെയ്തു തുടങ്ങി.[3] ഇതേ ദിവസം തന്നെ ക്യൂരിയോസിറ്റി റോവറിലെ സാമ്പിൾ അനാലിസിസ് അറ്റ് മാർസ്(SAM) എന്ന ഉപകരണം സമാനമായ പഠനങ്ങൾ ചൊവ്വയുടെ പ്രതലത്തിൽ ആരംഭിക്കുകയാണ്.[2] ഇതിൽ നിന്നും കിട്ടുന്ന വിവരങ്ങൾ മാവെൻ ഉപരിതല അന്തരീക്ഷത്തിൽ നിന്നും ലഭ്യമാക്കുന്ന വിവരങ്ങളെ കൂടുതൽ വിശദീകരിക്കുന്നതിനു സഹായിക്കും. ചൊവ്വയിലെ ഇപ്പോൾ നടക്കുന്ന മീഥേൻ രൂപീകരണത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ഇതിൽ നിന്നും ലഭിക്കും.[13]

Thumb
2014 സെപ്റ്റംബർ 22൹(അമേരിക്കയിൽ 21) മാവെൻ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നു-കലാകാരന്റെ കാഴ്ചപ്പാടിൽ.
Remove ads

ഘടന

Thumb
മാവെൻ വിക്ഷേപണത്തറയിൽ‍‍

മാർസ് റെക്കനൈസൻസ് ഓർബിറ്റർ, മാർസ് ഒഡീസി എന്നിവയുടെ മാതൃകയിലാണ് മാവെൻ നിർമ്മിച്ചിരിക്കുന്നത്. 2.3മീറ്റർ വീതം നീളവും വീതിയും 2മീറ്റർ ഉയരവുമുള്ള ഇതിന്റെ ആകെ നീളം 11.4മീറ്റർ ആണ്. സോളാർ പാനലിന്റെ രണ്ടറ്റങ്ങളിലും മാഗ്നറ്റോമീറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്.[14][15] നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നൽകിയ ഇലക്ട്രാ ടെലികമ്യൂണിക്കേഷൻ റിലേ പാക്കേജും ഇതിലുണ്ട്.[16] ഈ സംവിധാനം 10Mb/s വേഗതയിലുള്ള വിവരകൈമാറ്റത്തിനു സഹായിക്കും.[17]

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads