വേഡ്‌സ്റ്റാർ

From Wikipedia, the free encyclopedia

വേഡ്‌സ്റ്റാർ
Remove ads

1980-കളുടെ തുടക്കം മുതൽ മദ്ധ്യം വരെ വ്യാപകമായി പ്രചാരം സിദ്ധിച്ച ഒരു വേഡ് പ്രോസസിങ് ആപ്ലിക്കേഷനാണ് വേഡ്സ്റ്റാർ. മൈക്രോപ്രോ ഇന്റർനാഷണൽ പുറത്തിറക്കിയ ഈ വേഡ്പ്രോസസർ തുടക്കത്തിൽ സി.പി./എം. ഓപ്പറേറ്റിങ് സിസ്റ്റത്തിനും പിൽക്കാലത്ത് ഡോസിനു വേണ്ടിയുമായിരുന്നു തയ്യാറാക്കിയിരുന്നത്. വേഡ്സ്റ്റാറിന്റെ ആദ്യകാലപതിപ്പുകൾ തയ്യാറാക്കിയത് റോബ് ബാർനബി ആയിരുന്നു. വേഡ്സ്റ്റാർ 4.0 പതിപ്പു മുതലുള്ളത്, പ്രധാനമായും പീറ്റർ മീരോ എഴുതിയ പുതിയ കോഡ് അടിസ്ഥാനത്തിലാണ്.

വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...

സാധ്യമായിടത്തോളം, പ്രവർത്തിക്കുന്ന തട്ടകത്തെ ആശ്രയിക്കാത്ത തരത്തിൽ രൂപം നൽകിയിരുന്നതിനാൽ 1980-കളുടെ തുടക്കത്തിൽ ഉയർന്നുവന്ന നിരവധി ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലേക്ക് വേഡ്സ്റ്റാറിനെ പറിച്ചുനടുക എന്നത് എളുപ്പമായിരുന്നു. അതുപോലെതന്നെ, ഇത്തരത്തിലുള്ള ഏതുപതിപ്പും സമാനമായ സമ്പർക്കമുഖവും നിർദ്ദേശങ്ങളും കുറുക്കുവഴികളും ഉപയോഗിക്കുന്നതിനാൽ ഉപയോക്താവിന് ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറാനും സൗകര്യമായിരുന്നു. 1981-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഓസ്ബോൺ 1 കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് വേഡ് പ്രോസസിങ് രംഗത്തെ പ്രഥമദൃഷ്യാലുള്ള മാനകസോഫ്റ്റ്വെയറായി വേഡ്സ്റ്റാർ മാറി. വേഡ്സ്റ്റാറിൽ എഡിറ്ററിൽ കഴ്സർ നീക്കം, ടെക്സ്റ്റ് സെലക്ഷൻ തുടങ്ങിയ വിവിധ തിരുത്തൽ സഹായങ്ങൾക്കുപയോഗിച്ചിരുന്ന കീബോഡ് കുറുക്കുവഴികൾ (ഉദാഹരണത്തിന് Ctrl+k+b, Ctrl+k+k തുടങ്ങിയവ) ഏറെ പ്രശസ്തമായിരുന്നു. മറ്റനവധി എഡിറ്റർ സോഫ്റ്റ്വെയറുകളും ഈ കുറുക്കുവഴികൾ അതേപടി സ്വീകരിച്ചിട്ടുണ്ട്.[1][2]

ഐ.ബി.എം. പി.സി., കമ്പ്യൂട്ടിങ് മേഖലയിൽ ആധിപത്യം പുലർത്താനാരംഭിച്ചപ്പോൾ, വേഡ്സ്റ്റാറിന്റെ വഹനീയമായ രൂപകൽപനമൂലം, എല്ലാത്തരം കമ്പ്യൂട്ടർ രൂപകൽപനകളിലും പ്രവർത്തിക്കുന്നതരം പുതിയ സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളിക്കുന്നത് ബുദ്ധിമുട്ടായി മാറി. കമ്പ്യൂട്ടിങ് രംഗത്തെ സാങ്കേതികമുന്നേറ്റങ്ങൾക്കനുസരിച്ച് പതിപ്പുകൾ പുതുക്കാതിരുന്നതുമൂലം, 1980-കളുടെ തുടക്കത്തിൽ വേഡ് പ്രോസസിങ് രംഗത്ത് വേഡ്സ്റ്റാർ നേടിയ മേൽക്കൈ, ആ ദശകത്തിന്റെ അവസാനത്തോടെ വേഡ് പെർഫെക്റ്റ് കൈയടക്കി.

Remove ads

ചരിത്രം

തുടക്കം

വേഡ്സ്റ്റാറിന്റെ നിർമ്മാതാക്കളായ മൈക്രോപ്രോ ഇന്റർനാഷണൽ കോർപ്പറേഷന്റെ ഉടമയായ സെയ്മൂർ റൂബിൻസ്റ്റീൻ തുടക്കത്തിൽ ഇംസായി എന്ന ആദ്യകാല മൈക്രോകമ്പ്യൂട്ടർ കമ്പനിയിലെ ജോലിക്കാരനായിരുന്നു. അവിടെ ഡിജിറ്റൽ റിസർച്ചുമായും മൈക്രോസോഫ്റ്റുമായും സോഫ്റ്റ്‌വേർ സംബന്ധമായ കരാറുകൾക്കായുള്ള കൂടിയാലോചനയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനചുമതല. ഇംസായിലെ ജോലി ഉപേക്ഷിച്ച റൂബിൻസ്റ്റീൻ 1978 സെപ്റ്റംബറിൽ മൈക്രോപ്രോ സ്ഥാപിച്ചു. ഈ കമ്പനിയിലെ പ്രോഗ്രാമറായ ജോൺ റോബിൻസ് ബാർനബി, വേഡ്മാസ്റ്റർ എന്ന പേരിൽ ഒരു വേഡ് പ്രോസസറും സൂപ്പർസോർട്ട് എന്ന പേരിൽ ഒരു സോർട്ടിങ് പ്രോഗ്രാമും വികസിപ്പിച്ചു. ഇവ രണ്ടും ഇന്റൽ 8080 അസെംബ്ലി ഭാഷയിലാണ് തയ്യാറാക്കിയിരുന്നത്.[3]

വേഡ്സ്റ്റാർ

അക്കാലത്തെ ഐ.ബി.എമ്മിന്റെയും ക്സെറോക്സിന്റെയും വാങ് ലബോറട്ടറീസിന്റെയും വേഡ്പ്രോസസിങ് യന്ത്രങ്ങളിലെ സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ട് ബാർനബി തന്റെ പ്രോഗ്രാം പരിഷ്കരിച്ച് അത് സി.പി./എം. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കാൻ പാകത്തിലാക്കി. ഈ ഉൽപ്പന്നം വേഡ്സ്റ്റാർ എന്ന പേരിൽ 1979 ജൂൺ മുതൽ മൈക്രോപ്രോ വിൽക്കാനാരംഭിക്കുകയും ചെയ്തു.[3][4][5] സി.പി./എം. ഓപ്പറേറ്റിങ് സിസ്റ്റത്തിനുവേണ്ടി ലഭ്യമായിരുന്ന ഏറ്റവും മികച്ചതും ഉപയോഗിക്കാൻ എളുപ്പവുമായ വേഡ് പ്രോസസറായിരുന്നു വേഡ്സ്റ്റാർ. 1981-ൽ വേഡ്സ്റ്റാറിന്റെ 2.26 പതിപ്പ്, പ്രസിദ്ധമായ ഓസ്ബോൺ 1 പോർട്ടബിൾ കമ്പ്യൂട്ടറിനോടൊപ്പം ഉൾപ്പെടുത്തിയിരുന്നു.[6] അങ്ങനെ പെട്ടെന്നുതന്നെ സി.പി./എമ്മിനുവേണ്ടിയുള്ള പ്രദമദൃഷ്ടാലുള്ള മാനക വേഡ്പ്രോസസറായി വേഡ്സ്റ്റാർ മാറുകയായിരുന്നു.[7] വേഡ്സ്റ്റാർ 4 ആയിരുന്നു സി.പി./എമ്മിനുവേണ്ടിയുള്ള അവസാനത്തെ വേഡ്സ്റ്റാർ പതിപ്പ്.

ഡോസ്

ഡോസിനു വേണ്ടിയുള്ള വേഡ്സ്റ്റാർ പതിപ്പ് 3.0, 1982 ഏപ്രിലിൽ പുറത്തിറങ്ങി.[5] ഈ പതിപ്പ്, യഥാർത്ഥ സി.പി./എം. പതിപ്പിനോട് സമാനമായിരുന്നു. ഐ.ബി.എം. പി.സി. കീബോഡിൽ കഴ്സർ നീക്കത്തിനായി അമ്പടയാള കീകൾ ഉണ്ടായിരുന്നെങ്കിലും, ഈ ആവശ്യത്തിനായി വേഡ്സ്റ്റാറിൽ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന "വേഡ്സ്റ്റാർ ഡയമണ്ടും"[൧] മറ്റു കണ്ട്രോൾ കീ സമ്മിശ്രണങ്ങളും ഈ പതിപ്പിലും നിലനിർത്തിയിരുന്നു. ഇത് മുൻ സി.പി./എം. ഉപയോക്താക്കൾക്ക് പെട്ടെന്ന് ഡോസ് പതിപ്പുമായി ഇണങ്ങിച്ചേരാൻ സാഹചര്യമൊരുക്കി. വേഡ്സ്റ്റാറിലെ നോൺ-ഡോക്യുമെന്റ് മോഡ് ഉപയോഗിച്ച് ഫോർമാറ്റിങ് ഒന്നുമില്ലാത്ത തനതു ടെക്സ്റ്റ് ഫയലുകൾ നിർമ്മിക്കാമായിരുന്നു. ഇത് പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിനായി പ്രോഗ്രാമർമാർക്കിടയിലും വേഡ്സ്റ്റാറിനെ പ്രിയങ്കരമാക്കി.

സി.പി./എം. പതിപ്പുകൾ പോലെത്തന്നെ ഡോസിനുവേണ്ടിയുള്ള വേഡ്സ്റ്റാർ പതിപ്പുകളും ഐ.ബി.എം. പി.സികൾക്ക് മാത്രമായായിരുന്നില്ല രൂപകൽപ്പന ചെയ്തത്, മറിച്ച് ഏതൊരു എക്സ്86 കമ്പ്യൂട്ടറിലും ഓടുന്നരീതിയിലായിരുന്നു അതിന്റെ നിർമ്മാണം. അതായത് ബയോസോ നേരിട്ട് ഹാർഡ്വെയർ നിയന്ത്രണമോ നടത്താതെ ഡോസ് എ.പി.ഐകൾ മാത്രമുപയോഗിച്ചാണിത് വികസിപ്പിച്ചത്.

ഡോസ് പ്രോഗ്രാമുകൾക്ക് പരമാവധി 640കെ.ബി. റാം വരെ ഉപയോഗിക്കാമായിരുന്നെങ്കിലും, വേഡ്സ്റ്റാറിന്റെ ആദ്യത്തെ ഡോസ് പതിപ്പ് സി.പി./എം. പതിപ്പിനെ പരിഷ്കരിച്ചെടുത്തതിനാൽ വെറും 64 കെ.ബി. റാം മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഈ കുറഞ്ഞ വലിപ്പം മൂലം, ഡോസിന്റെ റാം ഡിസ്ക് സൗകര്യം ഉപയോഗപ്പെടുത്തി, വേഡ്സ്റ്റാർ പ്രോഗ്രാം ഫയലുകളെയും, ഡോക്യുമെന്റ് ഫയലുകളെയും ഡിസ്കിൽനിന്നും റാമിലേക്ക് പകർത്തി, അവിടെനിന്ന് അതിവേഗത്തിൽ പ്രവർത്തിപ്പിക്കാനും ഉപയോക്താക്കൾക്ക് സാധിച്ചിരുന്നു. എന്നാൽ തിരുത്തിയ ഡോക്യുമെന്റ് ഫയലുകളും ഇതേ റാംഡിസ്കിൽത്തന്നെയേ ശേഖരിക്കപ്പെടുകയുള്ളൂ എന്നതിനാൽ കമ്പ്യൂട്ടർ റീബൂട്ട് ചെയ്യുന്നതിനുമുൻപ് ഡോക്യുമെന്റ് ഫയലുകൾ ഡിസ്കിലേക്ക് പകർത്തേണ്ടതുണ്ടായിരുന്നു.

1983-ഓടെ വേഡ്സ്റ്റാർ, വേഡ്പ്രോസസിങ് വിപണിയിൽ ഏറ്റവും മുന്നിലെത്തി.[8] 1984-ൽ വിറ്റുവരവ് 7 കോടി ഡോളറായിരുന്നു. അക്കാലത്തെ യു.എസിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേർ കമ്പനിയായും മൈക്രോപ്രോ മാറി. ഇക്കാലത്തുതന്നെ വേഡ്സ്റ്റാറിന്റെ എതിരാളികളായ വേഡ്പെർഫെക്റ്റും (1982) മൈക്രോസോഫ്റ്റ് വേഡും (1983) രംഗത്തെത്തിയിരുന്നുവെങ്കിലും എക്സ്86 കമ്പ്യൂട്ടറുകളിലെ വേഡ്സ്റ്റാറിന്റെ ആധിപത്യം 1985 വരെയെങ്കിലും തുടർന്നു.

വേഡ്സ്റ്റാർ 2000

ഐ.ബി.എമ്മിന്റെ ഡെഡിക്കേറ്റെഡ് വേഡ് പ്രോസസർ യന്ത്രമായിരുന്ന ഐ.ബി.എം. ഡിസ്പ്ലേ റൈറ്ററിന് സമാനമായ ഡിസ്പ്ലേറൈറ്റ് എന്ന ഒരു സോഫ്റ്റ്‌വേർ, പി.സിക്കായി പുറത്തിറക്കുന്നു എന്ന പ്രഖ്യാപനമുണ്ടായതിനെത്തുടർന്ന്, മൈക്രോപ്രോ ഇതിനു സമാനമായ ഒരു സോഫ്റ്റ്വെർ 1984 ഡിസംബറിൽ രംഗത്തിറക്കി. ഇതാണ് വേഡ്സ്റ്റാർ 2000. പല പുതിയ സവിശേഷതകളും ഇതിൽ അവതരിപ്പിച്ചെങ്കിലും നിലവിലുള്ള വേഡ്സ്റ്റാർ പതിപ്പുകളിലെ ഡോക്യുമെന്റുകൾക്കനുരൂപമായിരുന്നില്ല എന്നതും സമ്പർക്കമുഖത്തിലെ മാറ്റങ്ങളും ഇതിന് തിരിച്ചടിയായി. ഈ പതിപ്പിന് കാര്യമായ പ്രചാരം സിദ്ധിച്ചില്ല. ഡോസിനും യുനിക്സിനും വേണ്ടി ഇതിന്റെ പതിപ്പുകൾ പുറത്തിറക്കപ്പെട്ടിട്ടുണ്ട്.[൨]

വേഡ്സ്റ്റാർ 4.0

പ്രമാണം:WordStar 4 CPM.JPG
1987-ൽ പുറത്തിറങ്ങിയ സി.പി./എമ്മിനുവേണ്ടിയുള്ള വേഡ്സ്റ്റാർ 4

മൈക്രോപ്രോയിൽ നിന്നും പിരിഞ്ഞുപോയ ഒരുകൂട്ടം ജോലിക്കാർ ചേർന്ന് പീറ്റർ മീരോയുടെ നേതൃത്വത്തിൽ ആരംഭിച്ച ന്യൂസ്റ്റാർ എന്ന കമ്പനി 1983-ൽ ന്യൂവേഡ് എന്ന ഒരു വേഡ്പ്രോസസർ പുറത്തിറക്കിയിരുന്നു. വേഡ്സ്റ്റാറിനു സമാനമായിരുന്ന ഈ സോഫ്റ്റ്വെയറിൽ സ്പെൽചെക്ക് പോലുള്ള ചില അധികസൗകര്യങ്ങളുമുണ്ടായിരുന്നു. 1986 ഒക്ടോബറിൽ മൈക്രോപ്രോ, ന്യൂവേഡ് സോഫ്റ്റ്‌വേർ വിലക്കുവാങ്ങി. 1987-ലിറങ്ങിയ വേഡ്സ്റ്റാർ 4.0 പതിപ്പ് ന്യൂവേഡ് അടിസ്ഥാനമായുള്ളതായിരുന്നു. മായ്ച്ചത് തിരിച്ചെടുക്കാനും ബോൾഡ്, ഇറ്റാലിക്സ് തുടങ്ങിയ അച്ചടിയിലെ പ്രത്യേകതകൾ സ്ക്രീനിൽ പ്രത്യേക നിറങ്ങളിൽ സൂചിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ പുതിയ പതിപ്പിലുണ്ടായിരുന്നു. ഈ പതിപ്പ് വേഡ്സ്റ്റാർ പ്രൊഫഷണൽ 4.0 എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഡോസിനും സി.പി./എമ്മിനും വേണ്ടി ഈ പതിപ്പ് ലഭ്യമായിരുന്നു; സി.പി./എമ്മിനുവേണ്ടിയുള്ള അവസാനപതിപ്പുമായിരുന്നു ഇത്. പിൽക്കാല പതിപ്പുകൾ ഡോസിനുവേണ്ടി മാത്രമാണ് പുറത്തിറക്കിയത്.

വേഡ്സ്റ്റാർ 4.0 പതിപ്പ് ജനകീയമായെങ്കിലും ഇതിന് ചില പോരായ്മകളും ഉണ്ടായിരുന്നു. ഡോസിനുവേണ്ടിയുള്ള പതിപ്പ് ഐ.ബി.എം. പി.സി. അനുരൂപികൾക്ക് വേണ്ടി മാത്രമായി നിജപ്പെടുത്തിയിരുന്നു (അതായത് വേഡ്സ്റ്റാർ പ്രവർത്തിക്കുന്നതിന് വെറും ഡോസ് മാത്രം ഉണ്ടായിരുന്നാൽ പോരായിരുന്നു).[9] ഇതിലാകട്ടെ ഡോസ് 1.x നുവേണ്ടിയുള്ള എ.പി.ഐകൾ ഉപയോഗിച്ചിരുന്നതിനാൽ ഉപഡയറക്റ്ററികൾ, ഹാർഡ്‌ഡിസ്ക് തുടങ്ങിയ പുതിയ ഡോസ് പതിപ്പുകളുടെ സമ്പൂർണ്ണസവിശേഷതകൾ ഇതിനുപയോഗപ്പെടുത്താനുമായിരുന്നില്ല.

മേധാവിത്വം നഷ്ടപ്പെടുന്നു

പരമ്പരാഗത വേഡ്സ്റ്റാറിന്റെ 3.3 പതിപ്പിനുശേഷം 4.0 പതിപ്പ് പുറത്തിറങ്ങുന്നതിന് നാലുവർഷത്തോളം സമയമെടുത്തു. ഇക്കാലയളവിൽ എതിരാളികളായിരുന്ന മൈക്രോസോഫ്റ്റ് വേഡിന്റെയും വേഡ് പെർഫെക്റ്റിന്റെയും നാലുവീതം പതിപ്പുകൾ പുറത്തിറക്കുകയും[4] വേഡ്സ്റ്റാറിന്റെ വിപണിവിഹിതം കൈയടക്കിക്കൊണ്ടുമിരുന്നു. വേഡ്സ്റ്റാർ നാലാം പതിപ്പ് പൂറത്തിറങ്ങുമ്പോഴേക്കും ആധുനികസൗകര്യങ്ങളടങ്ങിയ വേഡ്പെർഫെക്റ്റ്, ഡോസ് കമ്പ്യൂട്ടറുകളിലെ വേഡ്പ്രോസസിങ് രംഗത്ത് മുൻപന്തിയിലെത്തി.[10] മൈക്രോപ്രോ മേധാവിയായിരുന്ന സെയ്മൂർ റൂബിൻസ്റ്റീൻ 1984-ൽ അസുഖം മൂലം കമ്പനിയുടെ നിയന്ത്രണത്തിൽ നിന്നും പിൻവാങ്ങിയത് ഇതിനൊരു പ്രധാനകാരണമായിരുന്നു.[5] വേഡ്സ്റ്റാർ 4.0-ത്തിനു ശേഷം, 5.0, 5.5, 6.0, 7.0 എന്നീ പതിപ്പുകളും ഡോസിനുവേണ്ടി പുറത്തിറക്കിയിരുന്നു. ഇവയിലൂടെ വിപണിപങ്കാളിത്തം കുറച്ചൊക്കെ തിരിച്ചുപിടിക്കാനും വേഡ്സ്റ്റാറിനായി. ഡോസിനു വേണ്ടിയുള്ള അവസാനത്തെ വേഡ്സ്റ്റാർ പതിപ്പ് (7.0 റിവിഷൻ ഡി) 1992 ഡിസംബറിലാണ് പുറത്തിറങ്ങിയത്. ഇതിനുമുമ്പേ മൈക്രോപ്രോ കമ്പനിയുടെ പേരുതന്നെ വേഡ്സ്റ്റാർ ഇന്റർനാഷണൽ എന്നാക്കി മാറ്റിയിരുന്നു.

വിൻഡോസിനായുള്ള വേഡ്സ്റ്റാർ

വിജയകരമായിരുന്ന മൈക്രോസോഫ്റ്റ് വിൻഡോസ് 3.0-നുവേണ്ടി ഒരു വേഡ്സ്റ്റാർ പതിപ്പുണ്ടാക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മറ്റനവധി വിഖ്യാത ഡോസ് ആപ്ലിക്കേഷൻ നിർമ്മാതാക്കളെപ്പോലെത്തന്നെ വേഡ്സ്റ്റാർ ഇന്റർനാഷണലും കാലതാമസം വരുത്തി.[11] നിലവിലുണ്ടായിരുന്ന ലീഗസി എന്ന ഒരു വിൻഡോസിനുവേണ്ടിയുള്ള ഒരു വേഡ് പ്രോസസർ വാങ്ങി അതിൽ മാറ്റം വരുത്തി വേഡ്സ്റ്റാർ ഫോർ വിൻഡോസ് എന്ന പേരിൽ 1991-ൽ പുറത്തിറക്കി. വേഡ്സ്റ്റാർ പ്രൊഫഷണൽ റൈറ്റർ എന്ന പേരിലും ഇത് പുറത്തിറിക്കിയിരുന്നു. വളരെ പ്രശംസക്ക് പാത്രമായ ഉൽപ്പന്നമായിരുന്നു ഇത്. വിലയേറിയ ഡെസ്ക്ടോപ്പ് പബ്ളിഷിങ് സോഫ്റ്റ്വെയറുകളിൽ മാത്രം കണ്ടുവന്നിരുന്ന പല സവിശേഷതകളും ഇതിലുണ്ടായിരുന്നു.[12] എങ്കിലും ഇത് പുറത്തിറങ്ങാനുണ്ടായ കാലതാമസം, വിൻഡോസിനുവേണ്ടിയുള്ള പ്രഥമദൃഷ്ട്യാലുള്ള വേഡ്പ്രോസസർ എന്ന സ്ഥാനമുറപ്പിക്കാൻ മൈക്രോസോഫ്റ്റ് വേഡിന് സൗകര്യമൊരുക്കി.[13]

പിൻമാറ്റം

വേഡ്സ്റ്റാർ നിലവിൽ ഹോട്ടൺ മിഫ്ലിൻ ഹാർകോർട്ട് ലേണിങ് ടെക്നോളജിയുടെ ഭാഗമായ റിവർഡീപ് ഇൻകോർപ്പറേറ്റഡ് എന്ന വിദ്യാഭ്യാസ-കൺസ്യൂമർ സോഫ്റ്റ്‌വേർ കമ്പനിയുടെ ഉടമസ്ഥതയിലാണ്.[14] വേഡ്സ്റ്റാറിന്റെ ഉടമകൾ ഇപ്പോൾ അത് വികസിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിരവധിയാളുകൾ അത് തുടർന്നും ഉപയോഗിച്ചുപോന്നു. 1996 മേയിൽ നിലവിൽവന്ന വേഡ്സ്റ്റാർ യൂസേഴ്സ് ഗ്രൂപ്പ് മെയിലിങ് ലിസ്റ്റിലൂടെ നൂറുകണക്കിന് വേഡ്സ്റ്റാർ ഉപയോക്താക്കൾ പരസ്പരം സാങ്കേതികസഹായങ്ങൾ പങ്കുവെച്ചിരുന്നു. ഈ മെയിലിങ് ലിസ്റ്റ് 2009 വരെ നിലനിന്നിരുന്നു. പ്രമുഖ എഴുത്തുകാരടക്കമുള്ള യാഥാസ്ഥിതികരായ അനവധി ആദ്യകാല ഉപയോക്താക്കൾ ഇപ്പോഴും വേഡ്സ്റ്റാർ ഉപയോഗിക്കുന്നുണ്ട്.[15][16][17]

Remove ads

സവിശേഷതകൾ

സമ്പർക്കമുഖം

എഴുതാനുള്ള സോഫ്റ്റ്വെയറിന്റെ ഉദാത്തമാതൃകയാണ് വേഡ്സ്റ്റാർ എന്ന് ഇപ്പോഴും പലരും വിലയിരുത്തുന്നുണ്ട്.[18] ഒരു തരത്തിലുള്ള അക്ഷരങ്ങൾ മാത്രം പ്രദർശിപ്പിക്കാനാകുന്ന ഡിസ്‌പ്ലേ ഉപകരണങ്ങൾക്കായി നിർമ്മിച്ചിരുന്നതിനാൽ, അച്ചടിക്കുന്ന രൂപത്തിൽത്തന്നെ സ്ക്രീനിൽ കാണിക്കുക എന്ന വൈസിവിഗ് ഫോർമാറ്റിങിന് ഇതിൽ പ്രാധാന്യം ഉണ്ടായിരുന്നില്ല.

Thumb
മുകൾഭാഗത്തുള്ള വേഡ്സ്റ്റാറിന്റെ ഓൺസ്ക്രീൻ മെനുവും താഴെയുള്ള എഴുത്തിൽ കടുപ്പിച്ചെഴുതിയതും ചെരിച്ചെഴുതിയതും അടിവരയിട്ടതുമായ വാക്കുകൾ യഥാക്രമം ^B, ^Y, ^S എന്നീ ചിഹ്നങ്ങൾക്കിടയിൽ സൂചിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക

വേഡ്സ്റ്റാറിന്റെ ടെക്സ്റ്റ്മോഡ് പതിപ്പുകൾ ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിക്കാനാരംഭിക്കുമ്പോൾ സ്ക്രീനിന്റെ മുകൾഭാഗത്തെ മൂന്നിലൊന്നു ഭാഗവും നിർദ്ദേശങ്ങളുടെ കുറുക്കുവഴികൾ സൂചിപ്പിക്കുന്ന മെനുവും അതിന്റെ മുകളിലുള്ള വരിയിൽ തിരുത്തിക്കൊണ്ടിരിക്കുന്ന ഫയലിന്റെ പേരും കഴ്സറിന്റെ സ്ഥാനവും ആയിരിക്കും പ്രദർശിപ്പിക്കപ്പെടുക. ഉപയോക്താവിന്റെ എഴുത്ത് സ്ക്രീനിന്റെ താഴെയുള്ള മൂന്നിൽ രണ്ടുഭാഗത്തായിരിക്കും കാണുക. മെനുവിലെ ഉള്ളടക്കം അപ്പപ്പോൾ അമർത്തുന്ന കീകൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതായത് Ctrl+k ടൈപ്പ് ചെയ്താൽ ഈ സമ്മിശ്രണത്തിൽ ആരംഭിക്കുന്ന നിർദ്ദേശങ്ങൾ മാത്രം (Ctrl+kb, Ctrl+kk തുടങ്ങിയവ) മെനുവിൽ പ്രദർശിപ്പിക്കും.

സഹായനിലകൾ അനുയോജ്യമായ രീതിയിൽ ക്രമീകരിച്ച് ഈ മെനു പ്രദർശിപ്പിക്കുന്ന ഭാഗവും ഉപയോക്താവിന്റെ എഴുത്തിനായി ലഭ്യമാക്കാനാവും. കീബോഡ് കുറുക്കുവഴിയുടെ ആദ്യത്തെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് അൽപനേരം മാത്രം ഈ സഹായകമെനു പ്രദർശിപ്പിക്കാവുന്ന രീതിയിൽ ഇത് ക്രമീകരിക്കാം. ഉപയോക്താവ് വേഡ്സ്റ്റാർ നിർദ്ദേശങ്ങളിൽ ചിരപരിചിതനായി മാറിയാൽ എല്ലാ ഓൺസ്ക്രീൻ മെനു പ്രദർശനങ്ങളും ഒഴിവാക്കി സ്ക്രീൻ മുഴുവനായും ഉപയോക്താവിന്റെ എഴുത്തിനായി ഉപയോഗിക്കുകയുമാകാം.

ആദ്യകാല കമ്പ്യൂട്ടർ ടെർമിനലുകളിലോ വേഡ്സ്റ്റാർ വികസിപ്പിക്കുന്ന കാലത്തെ മൈക്രോ കമ്പ്യൂട്ടറുകളിലോ ഫങ്ഷൻ കീകളുടെ നിരയോ കഴ്സർ നീക്കത്തിനുള്ള കീകളോ (ഉദാഹരണം അമ്പടയാള കീകൾ, പേജ്അപ്/ഡൗൺ തുടങ്ങിയവ) ഉണ്ടായിരുന്നില്ല. അതുകൊണ്ട് കണ്ട്രോൾ കീയോടൊപ്പം അക്ഷരങ്ങൾ ചേർത്ത സമ്മിശ്രണങ്ങളായിരുന്നു വേഡ്സ്റ്റാർ നിർദ്ദേശങ്ങൾക്കും കഴ്സർ നീക്കത്തിനും ഉപയോഗിച്ചിരുന്നത്. ടച്ച്ടൈപ്പിസ്റ്റുകളുടെ കാര്യത്തിലാകട്ടെ, ഹോം കീകളിൽ നിന്ന് വിരലെടുത്ത് ഫങ്ഷൻ കീകളിലേക്കും കഴ്സർ കീകളിലേക്കും വിരലുകളെത്തിക്കുന്നത് ടൈപ്പിങ് ഒഴുക്ക് തടസപ്പെടുത്തുമെന്നതിനാൽ വേഡ്സ്റ്റാറിന്റെ ഈ രീതിയോട് അവർ തികഞ്ഞ ആഭിമുഖ്യം പുലർത്തി.

ഉദാഹരണമായി വേഡ്സ്റ്റാർ ഡയമണ്ട്[൧] എന്നറിയപ്പെടുന്ന Ctrl-നൊപ്പം S, E, D, X എന്നീകീകളുടെ സമ്മിശ്രണം കഴ്സറിനെ യഥാക്രമം ഓരോ അക്ഷരം ഇടത്തോട്ടും വലത്തോട്ടു ഓരോ വരി മുകളിലോട്ടും താഴോട്ടും നീക്കിയിരുന്നു. ഡയമണ്ടിന് തൊട്ടു പുറത്തുള്ള A/F കീകളുടെ Ctrl-ഉമായുള്ള സമ്മിശ്രണമുപയോഗിച്ച് കഴ്സറിനെ ഒരു വാക്ക് ഇടത്തേക്കോ വലത്തേക്കോ നീക്കാം. ഡയമണ്ടിന്റെ മുകളിലും താഴെയുമായി വലതുവശത്തുള്ള R, C കീകളുപയോഗിച്ച് പേജ്അപ്/ഡൗൺ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. Ctrl+Q നു ശേഷം മേൽപ്പറഞ്ഞ കീകൾ അമർത്തുന്നതുവഴി കഴ്സർ വരിയുടെ തുടക്കം/അവസാനം, ഡോക്യുമെന്റിന്റെ തുടക്കം/അവസാനം എന്നീ സ്ഥാനങ്ങളിലേക്കെത്തിക്കാം. ഡിലിറ്റ്, ബാക്ക്സ്പേസ് എന്നിവക്കായി Ctrl+H ആണ് ഉപയോഗിക്കുന്നത്. കടുപ്പിച്ചെഴുതൽ (Ctrl+PB), ചെരിച്ചെഴുതൽ (Ctrl+PI/Ctrl+PY), അച്ചടിക്കൽ (Ctrl+KP), പകർത്താനും (Ctrl+KC) മുറിച്ചുമാറ്റാനുമായി (Ctrl+KY) ടെക്സ്റ്റ് തിരഞ്ഞെടുക്കൽ (Ctrl+KB, Ctrl+KK), ഡിസ്കിലേക്ക് സേവ് ചെയ്യുക (Ctrl+KS), തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളെക്കെല്ലാം ഇത്തരത്തിലുള്ള കീബോഡ് കുറുക്കുവഴികൾ തന്നെയാണ് വേഡ്സ്റ്റാറിൽ ഉപയോഗിക്കുന്നത്.[19] ഫോർമാറ്റ് ചെയ്ത അക്ഷരങ്ങൾ ^B (കടുപ്പിച്ചെഴുതിയത്), ^Y (ചെരിച്ചെഴുതിയത്), ^S (അടിവരയിട്ടത്) എന്നീ ചിഹ്നങ്ങൾക്കിടയിലായിരിക്കും സ്ക്രീനിൽ കാണിക്കുക.

ഇതിലെ മിക്കവാറും കീമിശ്രണങ്ങളും നേരിട്ട് ഓർത്തിരിക്കാൻ ബുദ്ധിമുട്ടുള്ളതാണെങ്കിലും ചില സൂത്രവാക്കുകളിലൂടെ അവ ഓർമ്മയിൽ സൂക്ഷിക്കാവുന്നതായിരുന്നു. ഉദാഹരണത്തിന് ടെക്സ്റ്റ് തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന Ctrl+KB, Ctrl+KK എന്നിവ BlocK എന്നതിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളായി ബന്ധപ്പെട്ടിരിക്കുന്നു. കടുപ്പിക്കാനായുള്ള Ctrl+PB, Print-Bold എന്ന വാക്യത്തിൽനിന്നുമൊക്കെ ഓർമ്മയിൽ നിർത്താവുന്നതാണ്. സ്ഥിരം ഉപയോക്താക്കൾ തുടർച്ചയായ ഉപയോഗത്തിലൂടെ ഈ കീ ക്രമങ്ങൾ അവരുടെ ടച്ച്ടൈപ്പിങ്ങിന്റെ ഭാഗമാക്കി മാറ്റി.

പി.സി. എക്സ്.റ്റി. കാലഘട്ടത്തോടെ പഴയ കീബോഡിലെ കണ്ട്രോൾ കീയുടെ സ്ഥാനത്തേക്ക് (A-യുടെ തൊട്ടിടതുവശത്ത്) ക്യാപ്സ്‌ലോക്ക് കീ കൊണ്ടുവന്നതും, കണ്ട്രോൾ കീയെ കീബോഡിന്റെ എറ്റവും ഇടത്തേ അറ്റത്ത് താഴെയാക്കി മാറ്റുകയും ചെയ്തതുമൂലം വേഡ്സ്റ്റാറിന്റെ നിർദ്ദേശങ്ങൾ മുൻകാലവഴക്കത്തോടെ നൽകാനാവുന്നില്ലെന്ന് ചില ഉപയോക്താക്കൾക്ക് അഭിപ്രായമുണ്ട്. പലരും ഈ കീകളുടെ സ്ഥാനം സോഫ്റ്റ്‌വേർ സഹായത്തോടെ പഴയരീതിയിലേക്ക് മാറ്റി ഉപയോഗിക്കുകയും ചെയ്തിരുന്നു. മറ്റു ചില ഉപയോക്താക്കൾക്കാകട്ടെ സ്പേസ്ബാറിന്റെ ഇരുവശങ്ങളിലും രണ്ട് കണ്ട്രോൾ കീകൾ ഉള്ള ശൈലിയാണ് പഥ്യം; ഇങ്ങനെയാകുമ്പോൾ പെരുവിരലുകൾ ഉപയോഗിച്ച് കണ്ട്രോൾ അമർത്തി മറ്റ് എട്ടുവിരലുകൾ ഉപയോഗിച്ച് ടച്ച് ടൈപ്പിങ് നടത്താം.

ചുരുക്കത്തിൽ വേഡ്സ്റ്റാറിലെ കീബോഡ് ഉപയോഗത്തെ രണ്ടായി തിരിക്കാം

  1. സാധാരണഗതിയിൽ കീബോഡ് ഉപയോഗിച്ച് അക്ഷരങ്ങളും സംഖ്യകളും ചിഹ്നങ്ങളും എഴുതാം
  2. കണ്ട്രോൾ കീ അമർത്തിപ്പിടിച്ചുള്ള കീബോഡ് നിർദ്ദേശങ്ങളിലൂടെ ഫോർമാറ്റിങ്ങും മറ്റു നിർദ്ദേശങ്ങളും പ്രാവർത്തികമാക്കാം.

ആപേക്ഷികമായ ചില പ്രശ്നങ്ങലും വേഡ്സ്റ്റാറിനുണ്ട്. ഒരു ഡോക്യുമെന്റിൽ നേരത്തെ ടൈപ്പ് ചെയ്ത വരികളിൽ മാറ്റങ്ങൾ വരുത്തിയാൽ വരികൾ ശരിയായി അരികുകളോട് യോജിച്ചുനിൽക്കില്ല. അതുകൊണ്ട് മാറ്റങ്ങൾ വരുത്തിയതിനുശേഷം പ്രത്യേകനിർദ്ദേശം നൽകി വീണ്ടും ഫോർമാറ്റ് ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും ആവശ്യമായ മാറ്റങ്ങൾ വരുത്തി ഡോക്യുമെന്റിൽ മൊത്തമായി ഈ നിർദ്ദേശം ഒറ്റയടിക്ക് പ്രാവർത്തികമാക്കാവുന്നതാണ്. വേഡ്സ്റ്റാറിന്റെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും വേഡ്സ്റ്റാർ 2000 പതിപ്പിലെ പുതിയ സമ്പർക്കമുഖത്തിൽ പരിഹരിച്ചിട്ടുണ്ട്. ഇതിൽ ഖണ്ഡികകളുടെ ഫോർമാറ്റിങ് ടൈപ്പ് ചെയ്തുകൊണ്ടിരിക്കേതന്നെ തനിയേ നടപ്പാകും. മിക്ക കുറുക്കുവഴികളും ലളിതവുമാക്കിയിരുന്നു ഉദാഹരണത്തിന് Ctrl+RW ഒരു വാക്ക് ഒഴിവാക്കാനും (Remove Word), ഒരു വരിയിൽ കഴ്സറിന് വലതുവശത്തുള്ളതെല്ലാം ഒഴിവാക്കാൻ Ctrl+RR-ഉം (Remove Right side), ഒരു വാചകം ഒഴിവാക്കുന്നതിന് Ctrl+RS-ഉം (Remove Sentence) ഒക്കെയായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്. Ctrl+BB (Block Begin), Ctrl+BE (Block End) എന്നീ നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഒരു ഖണ്ഡം തിരഞ്ഞെടുത്ത് ഡോക്യുമെന്റിന്റെ മറ്റേതെങ്കിലും ഭാഗത്തുപോയി നേരത്തേ തിരഞ്ഞെടുത്ത ഖണ്ഡത്തെ ആവശ്യാനുസരണം Ctrl+BC (Block Copy) ഉപയോഗിച്ച് പകർത്താൻ വേഡ്സ്റ്റാർ 2000-ത്തിലാകും. ഈ രീതിയിൽ ടെക്സ്റ്റ് പകർത്താനനുവദിക്കുന്ന അപൂർവ്വം സമ്പർക്കമുഖങ്ങളിലൊന്നാണ് വേഡ്സ്റ്റാർ. മൈക്രോസോഫ്റ്റ് വേഡ് പോലുള്ള മറ്റു വേഡ്പ്രോസസറുകളിലെ മൗസ് ഉപയോഗിച്ചുള്ള ഹൈലൈറ്റ്-കോപ്പി-പേസ്റ്റ് രീതിയേക്കാൾ വേഡ്സ്റ്റാറിന്റെ ബ്ലോക്ക്-കോപ്പി രീതിയാണ് എളുപ്പമെന്ന് നിരവധി ഉപയോക്താക്കൾ കരുതുന്നു. ഇത്തരം മെച്ചപ്പെടുത്തലുകളുണ്ടായിരുന്നിട്ടും സമ്പർക്കമുഖത്തിലുണ്ടായ മാറ്റം ആദ്യകാലവേഡ്സ്റ്റാർ ഉപയോക്താക്കളെ പഴയ സമ്പർക്കമുഖത്തിൽത്തന്നെ (പഴയ പതിപ്പുകളിൽത്തന്നെ) തുടരാൻ പ്രേരിപ്പിച്ചതിനാൽ വേഡ്സ്റ്റാർ 2000-ത്തിന് കാര്യമായ പ്രതികരണം ഉളവാക്കാനായില്ല.

അധികസൗകര്യങ്ങൾ

ഒരേ രൂപത്തിലുള്ള എഴുത്തുതന്നെ നിരവധിയാളുകൾക്കായി അച്ചടിച്ചയക്കാനുള്ള സൗകര്യമാണ് മെയിൽമെർജ്. ആദ്യകാല വേഡ്സ്റ്റാർ പതിപ്പുകളിൽ മെയിൽമെർജ് സൗകര്യം ആവശ്യാനുസരണം കൂട്ടിച്ചേർക്കാവുന്ന പ്രത്യേക പ്രോഗ്രാം ആയിരുന്നു. വേഡ്സ്റ്റാർ നാലാം പതിപ്പുമുതൽ ഇത് പ്രധാന പ്രോഗ്രാമിൽ സംയോജിപ്പിച്ചു. കോമ കൊണ്ട് വേർതിരിച്ച ഫീൽഡുകളടങ്ങിയ ടെക്സ്റ്റ് ഫയലുകളാണ് മെയിൽമെർജിനുള്ള ഡേറ്റാഫയലായി വേഡ്സ്റ്റാർ ഉപയോഗിച്ചിരുന്നത്. സാധാരണയായി ഈ ഫയലിന്റെ പേര് Clients.dat എന്നായിരിക്കാറുണ്ട്. വേഡ്സ്റ്റാറിലെ നോൺഡോക്യുമെന്റ് മോഡ് ഉപയോഗിച്ചാണ് ഡേറ്റാഫയൽ ഉണ്ടാക്കാറുള്ളത്. മാസ്റ്റർ ഡോക്യുമെന്റിൽ &TITLE&, &NAME& എന്നിങ്ങനെ ആമ്പർസാന്റ് ഉപയോഗിച്ചാണ് ഡേറ്റാഫയലിലെ ഫീൽഡുകളെ ബന്ധപ്പെടുത്തുന്നത്. മെയിൽമെർജിങ്ങിനായി ഡേറ്റാഫയലുകൾ എളുപ്പത്തിൽ നിർമ്മിക്കുന്നതിനുള്ള ഡേറ്റാസ്റ്റാർ എന്നൊരു ആഡോൺ പ്രോഗ്രാമും വേഡ്സ്റ്റാറിനൊപ്പമുണ്ടായിരുന്നു.

അക്ഷരത്തെറ്റ് പരിശോധിക്കുന്നതിനുള്ള സ്പെൽസ്റ്റാർ വേഡ്സ്റ്റാറിനൊപ്പമുള്ള മറ്റൊരു ആഡോൺ പ്രോഗ്രാമായിരുന്നു. ഇതും പിൽക്കാലത്ത് പ്രധാന സോഫ്റ്റ്വെയറിനൊപ്പം കൂട്ടിച്ചേർത്തു. വേഡ്സ്റ്റാറിന്റെ ഈ സവിശേഷതകൾ, 1980-കളുടെ തുടക്കത്തിലെ പെഴ്സണൽ കമ്പ്യൂട്ടർ രംഗത്ത് വിപ്ലവകരമായ പുതുമകളായിരുന്നു. വേഡ്സ്റ്റാറിന്റേതുപോലെയുള്ള സമ്പർക്കമുഖമുള്ള കാൽക്സ്റ്റാർ എന്ന ഒരു സ്പ്രെഡ്ഷീറ്റ് പ്രോഗ്രാമും അതിനോടൊപ്പം പുറത്തിറക്കിയിരുന്നു. വേഡ്സ്റ്റാറിനൊപ്പം ഡേറ്റാസ്റ്റാർ/റിപ്പോർട്ട്സ്റ്റാർ (ഡേറ്റാബേസ് മാനേജ്മെന്റിനുള്ളത് - ഇൻഫോസ്റ്റാർ എന്നു വിളിക്കുന്നു), കാൽക്സ്റ്റാർ (സ്പെഡ്ഷീറ്റ്) എന്നിവയും ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജിനെ പെഴ്സണൽ കമ്പ്യൂട്ടറിനുവേണ്ടിയുള്ള ആദ്യത്തെ ഓഫീസ് സ്വീറ്റ് ആയി കണക്കാക്കാം.

1980-കളുടെ അവസാനം വേഡ്സ്റ്റാർ 5-നൊപ്പം, പി.സി.-ഔട്ട്‌ലൈൻ എന്ന ഡോസിനുവേണ്ടിയുള്ള ഒരു പ്രശസ്തമായ ഔട്ട്‌ലൈനർ ഉപാധിയും വിതരണം ചെയ്തിരുന്നു. ഇരു സോഫ്റ്റ്വെയറുകളും ആന്തരികമായി അനുരൂപമല്ലാതിരുന്നതിനാൽ പി.സി.-ഔട്ട്‌ലൈൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ഫയലുകളെ വേഡ്സ്റ്റാറിൽ ഉപയോഗിക്കുന്നതിന് അതിന്റെ ഫോർമാറ്റിലേക്ക് കയറ്റുമതി ചെയ്യണമായിരുന്നു.[20]

ഡോക്യുമെന്റ്, നോൺഡോക്യുമെന്റ് മോഡുകൾ

വേഡ്സ്റ്റാറിൽ തുറക്കുന്ന ഫയലുകളെ ഡോക്യുമെന്റ്, നോൺഡോക്യുമെന്റ് എന്നിങ്ങനെ രണ്ടുതരത്തിലാണ് കണക്കാക്കുന്നത്. ചിലപ്പോഴൊക്കെ ഉപയോക്താക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പദങ്ങളായിരുന്നു ഇവ.

ഡോക്യുമെന്റ് എന്നത് വേഡ്സ്റ്റാറിന്റെ തനതു വേഡ് പ്രോസസിങ് ഡോക്യുമെന്റുകളാണ്. ഇവയ്ക്കകത്ത് ഉപയോക്താവിന്റെ എഴുത്തുകൾക്കുപുറമെ അവയുടെ ലേയൗട്ട്, ഫോർമാറ്റിങ് നിർദ്ദേശങ്ങളും അടങ്ങിയിരിക്കും. ഇത്തരം ഫയലുകൾ തുറക്കുന്നതിന് വേഡ്സ്റ്റാറോ വേഡ്സ്റ്റാറിനനുരൂപമായ മറ്റേതെങ്കിലും സോഫ്റ്റ്വെയറോ വേണം.

നോൺഡോക്യുമെന്റ് ഫയലുകൾ ലളിതമായ ടെക്സ്റ്റ് ഫയലുകളാണ്. ആസ്കി ഫോർമാറ്റിലുള്ള അക്ഷരങ്ങൾ മാത്രമേ ഇത്തരം ഫയലുകളിലുണ്ടാകൂ; ഫോർമാറ്റിങ് നിർദ്ദേശങ്ങളൊന്നും ഇതിൽ ശേഖരിക്കപ്പെടുകയില്ല. ഏതൊരു ടെക്സ്റ്റ് എഡിറ്റർ പ്രോഗ്രാമിലും ഇവ തുറക്കാനും സാധിക്കും. നോൺഡോക്യുമെന്റ് മോഡിലുള്ള വേഡ്സ്റ്റാർ മറ്റേതൊരു ടെക്സ്റ്റ് എഡിറ്ററിനു തുല്യമാണെങ്കിലും സാധാരണ ടെക്സ്റ്റ് എഡിറ്ററുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട എഡിറ്റിങ് സൗകര്യങ്ങൾ അതിനെ വേറിട്ടുനിർത്തുന്നു.

ഡോക്യുമെന്റ് മോഡിൽ പ്രിന്റ് പ്രിവ്യൂ സൗകര്യം വേഡ്സ്റ്റാർ 5-ആം പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഇതുവഴി അച്ചടിച്ചുലഭിക്കുന്ന താൾ എങ്ങനെയുണ്ടെന്ന് (വിസിവിഗ്) സചിത്രരൂപത്തിൽ കാണാനും സൗകര്യമൊരുങ്ങി.

ഫയലുകളുടെ എക്സ്റ്റൻഷൻ

ഡോസിലെ വേഡ്സ്റ്റാർ ഫയലുകൾക്ക് സ്വതേ പ്രത്യേകം എക്സ്റ്റെൻഷനൊന്നുമില്ല. എങ്കിലും മിക്ക ഉപയോക്താക്കളും WS എന്നതിനൊപ്പം പതിപ്പിന്റെ സംഖ്യയും ചേർത്തുള്ളതോ (ഉദാഹരണം .WS3, .WS4) അല്ലെങ്കിൽ .WS എന്നു മാത്രമായോ വേഡ്സ്റ്റാർ ഡോക്യുമെന്റ് ഫയലുകൾക്ക് എക്സ്റ്റെൻഷൻ നൽകിയിരുന്നു. വേഡ്സ്റ്റാർ ബാക്കപ്പ് ഫയലുകൾക്ക് .BAK എന്ന എക്സ്റ്റെൻഷനാണ് സ്വതേ ലഭിക്കുക. ഡോസിനും യുനിക്സിനും വേണ്ടിയുള്ള വേഡ്സ്റ്റാർ 2000 പതിപ്പുകളുടെ കാര്യത്തിലും നിഷ്കർഷിക്കപ്പെട്ടിട്ടുള്ള എക്സ്റ്റെൻഷൻ ഒന്നുമില്ലെങ്കിലും .DOC, .WS2 എന്നീ എക്സ്റ്റെൻഷനുകളുടെ ഉപയോഗം സാധാരണമായിരുന്നു.

വിൻഡോസിനുള്ള വേഡ്സ്റ്റാർ[൨] പതിപ്പുകളിൽ ഡോക്യുമെന്റുകൾക്ക് .WSD എന്ന എക്സ്റ്റെൻഷൻ ഉപയോഗിക്കുന്നു. ഇതിൽ ടെംപ്ലേറ്റുകൾക്കും മാക്രോകൾക്കും യഥാക്രമം .WST, .WSC എന്നീ എക്സ്റ്റെൻഷനുകളും താൽക്കാലികഫയലുകൾക്ക് .!WS എന്ന എക്സ്റ്റെൻഷനും ഉപയോഗിക്കുന്നു.

Remove ads

പൈതൃകം

വേഡ്സ്റ്റാറിന്റെ പൈതൃകശേഷിപ്പുകൾ ഇന്നും എഡിറ്റർ രംഗത്ത് വ്യാപകമായി കാണാവുന്നതാണ്. വിവിധ തട്ടകങ്ങളിൽ പ്രവർത്തിക്കുന്ന വേഡ് പ്രോസസിങ് സോഫ്റ്റ്വെയറായ ടെക്സ്റ്റ്മേക്കർ, ഡോസിലും ലിനക്സിലും യുനിക്സിലും പ്രവർത്തിക്കുന്ന നിരവധി ടെക്സ്റ്റ് എഡിറ്ററുകൾ തുടങ്ങിയവയിൽ കണ്ട്രോൾ കീ അടിസ്ഥാനമായുള്ള വേഡ്സ്റ്റാർ കീബോഡ് നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. പ്രശസ്തമായ പാസ്കൽ കമ്പൈലറായ ടർബോ പാസ്കലിന്റെ ഐ.ഡി.ഇയിൽ വേഡ്സ്റ്റാർ കീബോഡ് നിർദ്ദേശങ്ങളാണ് ഉപയോഗിക്കുന്നത്.

ആധുനിക വേഡ് പ്രോസസിങ് സോഫ്റ്റ്വയറായ റൈറ്റ്&സെറ്റ് വേഡ്സ്റ്റാർ സമ്പർക്കമുഖം ഉപയോഗിക്കുന്നുണ്ടെന്നു മാത്രമല്ല, ഡോസിനു വേണ്ടിയുള്ള വേഡ്സ്റ്റാറിന്റെ ഫയൽഫോർമാറ്റ് ഉപയോഗിക്കുകയും ചെയ്യുന്നു. അതുമൂലം പഴയ വേഡ്സ്റ്റാർ ഉപയോക്താക്കൾക്ക് അവരുടെ മുൻകാലഫയലുകൾ എളുപ്പത്തിൽ തുറക്കാനും കൈകാര്യം ചെയ്യാനും സൗകര്യമായി.

മൈക്രോസോഫ്റ്റ് വേഡിനുവേണ്ടി, വേഡ്സ്റ്റാർ കീബോഡ് അനുകരണ സോഫ്റ്റ്വെയറുകളും കീ മാപ്പിങ് സൗകര്യങ്ങളും ഫ്രീവെയറായും ഷെയർവെയറായും ലഭ്യമാണ്. വേഡ്പെർഫെക്റ്റ്, സ്റ്റാർ ഓഫീസ്, മൈക്രോസോഫ്റ്റ് വേഡ് തുടങ്ങിയ ഇന്നത്തെ പ്രശസ്തമായ മിക്ക വേഡ് പ്രോസസറുകളിലും അനുയോജ്യമായ അരിപ്പകളുടെ സഹായത്തോടെ വേഡ്സ്റ്റാർ ഫയലുകൾ തുറക്കാനും വേഡ്സ്റ്റാർ ഫോർമാറ്റിൽ സേവ് ചെയ്യാനുമാകും.

വേഡ്സ്റ്റാർ അനുകരണം

ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി വേഡ്സ്റ്റാറിന്റെ പുതിയ പതിപ്പുകളൊന്നും നിലവിലില്ലെങ്കിലും പഴയ ഉപയോക്താക്കൾക്കിടയിൽ വേഡ്സ്റ്റാർ സമ്പർക്കമുഖത്തിന് പ്രത്യേകിച്ചും കഴ്സർ ഡയമണ്ട് നിർദ്ദേശങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. കുറഞ്ഞ കൈയനക്കംകൊണ്ട് ഈ നിർദ്ദേശങ്ങൾ നൽകാമെന്നും അങ്ങനെ എഴുത്ത് കൂടുതൽ സൗകര്യപ്രദമായി ചെയ്യാമെന്നുമാണ് ഇക്കൂട്ടരുടെ അഭിപ്രായം.

ഈ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ചില വേഡ്സ്റ്റാർ അനുകരണ പ്രോഗ്രാമുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. സാധാരണ കീബോഡിലെ കീ സജ്ജീകരണം മാറ്റി നിശ്ചയിച്ച്, വേഡ്സ്റ്റാർ നിർദ്ദേശങ്ങൾ മിക്ക വിൻഡോസ് പ്രോഗ്രാമുകളിലും ലഭ്യമാക്കുന്നതിനായുള്ള കണ്ട്രോൾപ്ലസ് (CtrlPlus) എന്ന പ്രോഗ്രാം[21] ഇതിനുദാഹരണമാണ്. വേഡ്സ്റ്റാർ നിർദ്ദേശങ്ങൾക്കുപുറമേ, ഈ പ്രോഗ്രാം, കീബോഡിലെ കണ്ട്രോൾ, ക്യാപ്സ്ലോക്ക് എന്നീ കീകളുടെ സ്ഥാനം പരസ്പരം മാറ്റി കണ്ട്രോൾ കീയെ ആദ്യകാല കീബോഡുകളിലെ സ്ഥാനത്ത് തിരിച്ചെത്തിക്കുകയും ചെയ്ത് പഴയ വേഡ്സ്റ്റാർ ഉപയോക്താക്കളുടെ അതേ വിരൽസ്ഥാനങ്ങൾ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു.

വേഡ്സ്റ്റാർ ഫോർ വേഡ് എന്നറിയപ്പെടുന്ന മൈക്രോസോഫ്റ്റ് വേഡിനുവേണ്ടിയുള്ള വേഡ്സ്റ്റാർ എമുലേറ്റർ മറ്റൊരുദാഹരണമാണ്.[22] മുകളിൽപ്പറഞ്ഞ കണ്ട്രോൾപ്ലസ് പ്രോഗ്രാമിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ പ്രോഗ്രാം, കണ്ട്രോൾപ്ലസ് സ്വതേ നൽകാത്ത കൂടുതൽ വേഡ്സ്റ്റാർ നിർദ്ദേശങ്ങൾ എം.എസ്. വേഡിൽ പ്രവർത്തിപ്പിക്കാൻ ലഭ്യമാക്കുന്നു. കൂടാതെ എം.എസ്. വേഡിന്റെ മെനു, ഡോസിനുവേണ്ടിയുള്ള വേഡ്സ്റ്റാർ 7.0-ന്റേതുപോലെയാക്കി മാറ്റുകയും ചെയ്യുന്നു. ഉദാഹരണത്തിന് വേഡ്സ്റ്റാറിൽ വാക്കുകളുടെ എണ്ണം കണ്ടെത്താനുപയോഗിക്കുന്ന Ctrl+K?, അക്ഷരത്തെറ്റ് കണ്ടെത്താനുപയോഗിക്കുന്ന Ctrl+QL എന്നീ നിർദ്ദേശങ്ങൾ ഈ എമുലേറ്റർ ഉപയോഗിച്ചാൽ വേഡിനകത്തും അതേഫലം തന്നെ നൽകും. വേഡ്സ്റ്റാറിലെ ബ്ലോക്ക് നിർദ്ദേശങ്ങളായ Ctrl+KB, Ctrl+KK ബ്ലോക്കിലെ ടെക്സ്റ്റ് നീക്കി സ്ഥാപിക്കാനുള്ള Ctrl+KV, പകർത്താനുള്ള Ctrl+KC തുടങ്ങിയ നിർദ്ദേശങ്ങളെല്ലാം ഇതുപയോഗിക്കുന്നതിലൂടെ വേഡിൽ ലഭ്യമാകും. മൈക്രോസോഫ്റ്റ് വേഡിന്റെ 97 മുതൽ 2010 വരെയുള്ള എല്ലാ പതിപ്പുകളിലും ഈ എമുലേറ്റർ പ്രവർത്തിക്കും.

Remove ads

ഇന്നത്തെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ പ്രവർത്തനം

ഡോസിനുവേണ്ടിയുള്ള വേഡ്സ്റ്റാർ 4.0-വും അതിനുശേഷമുള്ള പതിപ്പുകളും വിൻഡോസിൽ ഇന്നും പ്രവർത്തിക്കും. ലിനക്സിലും മറ്റും ഡോസ് എമുലേറ്ററുകൾ പ്രവർത്തിപ്പിച്ച് അതിലും വേഡ്സ്റ്റാർ പ്രവർത്തിപ്പിക്കാനാകും. ഒ.എസ്./2-ലെ ഡോസ് സെഷനിലും വേഡ്സ്റ്റാർ പ്രവർത്തിപ്പിക്കാനാകും.

ഫയലുകൾ ശേഖരിക്കുന്നതിനും വായിക്കുന്നതിനും ഫയൽ കണ്ട്രോൾ ബ്ലോക്ക് (എഫ്.സി.ബി.) എന്ന മദ്ധ്യവർത്തിസങ്കേതമാണ് വേഡ്സ്റ്റാർ 3.x പതിപ്പിൽ ഉപയോഗിച്ചിരുന്നത്. സി.പി./എം.-ൽ ഉപയോഗിച്ചിരുന്ന എഫ്.സി.ബി. ആദ്യകാലങ്ങളിൽ ഡോസിലും പിന്തുടർന്നിരുന്നു. പിൽക്കാലത്ത് ഡോസിൽ ക്സെനിക്സ് രീതിയിലുള്ള ഫയൽ ഹാൻഡിലുകൾ ഉപയോഗിക്കാനാരംഭിച്ചെങ്കിലും മുൻകാലപതിപ്പുകളുമായുള്ള രമ്യതക്കായി എഫ്.സി.ബി. പിന്തുണ നിലനിർത്തുകയും ചെയ്തിരുന്നു. വിൻഡോസിന്റെ പുതിയ പതിപ്പുകൾ എഫ്.സി.ബി. പിന്തുണക്കാത്തതിനാൽ വേഡ്സ്റ്റാർ 3.x അതിൽ ശരിയായി പ്രവർത്തിക്കില്ല; പ്രത്യേകിച്ച് വേഡ്സ്റ്റാർ 3.x ഉപയോഗിച്ച് ഫയലുകൾ സേവ് ചെയ്യാനാവില്ല. എഫ്.സി.ബി. പിന്തുണക്കുന്ന ഡോസ് എമുലേറ്ററുകൾ (ഉദാഹരണം: ഡോസ്എമു) ഉപയോഗിച്ച് വേഡ്സ്റ്റാർ 3.x പതിപ്പും ലിനക്സിൽ പ്രവർത്തിപ്പിക്കാനാകും. വേഡ്സ്റ്റാറിന്റെ 4.0 മുതലുള്ള പതിപ്പുകൾ ഇൻപുട്ട് ഔട്ട്പുട്ടിനുവേണ്ടി എം.എസ്. ഡോസിന്റെ പുതിയ മദ്ധ്യവർത്തികൾ ഉപയോഗിക്കുന്നതിനാൽ ഈ പതിപ്പുകൾക്ക് മേൽപ്പറഞ്ഞ പ്രശ്നമില്ല.

Remove ads

ഹീബ്രൂ വേഡ്സ്റ്റാർ

1978 കാലഘട്ടത്തിൽ ഇസ്രയേലിലെ എൽബിറ്റ് സിസ്റ്റംസ്, ഡി.എസ്.2100 എന്ന പേരിലുള്ള സി.പി./എമ്മിൽ പ്രവർത്തിപ്പിക്കാവുന്ന ഒരു മൈക്രോകമ്പ്യൂട്ടർ വികസിപ്പിച്ചു. വിപണിയിൽ ലഭ്യമായിരുന്ന സി.പി./എം. യന്ത്രങ്ങളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും തങ്ങളുടെ കമ്പ്യൂട്ടറിൽ വേണമെന്ന് കരുതിയ എൽബിറ്റ്, മൈക്രോപ്രോയുമായി ഒരു കരാറിലെത്തുകയും അതനുസരിച്ച് ഇംഗ്ലീഷിനൊപ്പം ഹീബ്രു ഭാഷയും പിന്തുണക്കുന്ന വേഡ്സ്റ്റാർ വികസിപ്പിക്കുകയും ചെയ്തു. ഹീബ്രു, വലത്തുനിന്നും ഇടത്തോട്ട് എഴുതുന്ന ലിപി ആയതിനാൽ അക്കാലത്തെ വേഡ്പ്രോസസർ രംഗത്തെ വിപ്ലവാത്മകമായ ഒരു കാൽവെപ്പായിരുന്നു ഇത്. എൽബിറ്റ് വികസിപ്പിച്ച ഈ വേഡ്സ്റ്റാർ ആയിരുന്നു ഇരുദിശകളിലേക്കും എഴുതാനാവുന്നതും ഒന്നിലധികം ലിപികൾ പിന്തുണക്കുന്നതുമായ ആദ്യത്തെ വേഡ്പ്രോസസർ. മൈക്രോപ്രോയിൽ നിന്നും സോഴ്സ്കോഡിന്മേലുള്ള അവകാശങ്ങൾ നേടിയ എൽബിറ്റ്, ഹൈഫയിൽ ഒരു സോഫ്റ്റ്‌വേർ വികസനംസംഘം രൂപീകരിച്ചാണ് ഈ പതിപ്പ് വികസിപ്പിച്ചെടുത്തത്. ഹീബ്രു ഭാഷക്കാർക്കിടയിൽ ഈ പതിപ്പ് കാര്യമായ പ്രചാരം നേടിയിരുന്നു.

Remove ads

കുറിപ്പുകൾ

  • ^ ആദ്യകാല കമ്പ്യൂട്ടർ കീബോഡുകൾക്ക് അമ്പടയാള കീകൾ ഇല്ലാതിരുന്നതിനാൽ Ctrl+E, Ctrl+X, Ctrl+S, Ctrl+D എന്നീ കീബോഡ് കുറുക്കുവഴികളാണ് കഴ്സർ നീക്കത്തിന് വേഡ്സ്റ്റാർ ഉപയോഗിച്ചിരുന്നത്. കീബോഡിൽ ഈ നാലക്ഷരങ്ങൾ ഡയമണ്ട് ആകൃതിയിൽ സ്ഥിതിചെയ്യുന്നതിനാൽ ഈ കീകൾ വേഡ്സ്റ്റാർ ഡയമണ്ട് എന്നറിയപ്പെടുന്നു.[23][1]
  • ^ വിൻഡോസിനുവേണ്ടി വേഡ്സ്റ്റാർ 2000 പതിപ്പ് പുറത്തിറക്കിയിട്ടില്ല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads