സിദ്ധരാമയ്യ
From Wikipedia, the free encyclopedia
Remove ads
2023 മെയ് 20 മുതൽ കർണാടക മുഖ്യമന്ത്രിയായി തുടരുന്ന[1] കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് കെ.സിദ്ധരാമയ്യ.(ജനനം : 12 ഓഗസ്റ്റ് 1948) 2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രി, 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5]
Remove ads
ജീവിതരേഖ
കർണാടകയിലെ മൈസൂർ ജില്ലയിൽ സിദ്ധരാമ ഗൗഡയുടേയുടേയും ബൊറമയുടേയും മകനായി 1948 ഓഗസ്റ്റ് 12ന് ജനനം. കുറുംബ സമുദായ അംഗമാണ് സിദ്ധരാമയ്യ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മൈസൂരിലെ യുവരാജ കോളേജിൽ നിന്ന് ബിരുദവും ശാരദവിലാസ് കോളേജിൽ നിന്ന് നിയമബിരുദവും നേടി.
1977-ൽ ലോക്ദളിൽ ചേർന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദൾ ടിക്കറ്റിൽ 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി.
1984-ൽ ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ ചേർന്ന് 1985-ൽ വീണ്ടും നിയമസഭയിൽ അംഗമായ സിദ്ധരാമയ്യ 1988-ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 1994-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999-ൽ പിളർപ്പുണ്ടായതോടെ ജനതാദൾ വിട്ട് ദേവഗൗഡ നേതാവായ ജെ.ഡി.എസിൽ ചേർന്നു.
1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജെ.ഡി.എസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 2004-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2005-ൽ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005-ൽ കോൺഗ്രസ് പാർട്ടിയിൽ തൻ്റെ പാർട്ടി ലയിപ്പിച്ചു.
2006-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി.
2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വരുണ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ സിദ്ധരാമയ്യ 2018-ൽ വരുണ മണ്ഡലം മകൻ യതീന്ദ്രക്ക് കൈമാറി.
2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയിൽ നിന്നും ബദാമിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടെങ്കിലും ബദാമിയിൽ നിന്ന് വിജയിച്ചു.
1994-ൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായ സിദ്ധരാമയ്യ മൃഗക്ഷേമ, ഗതാഗത, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.
2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം(122/224) ലഭിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. [6] [7] [8] [9][10]
2018-ലെ നിയമസഭയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിച്ച് ജെ.ഡി.എസിലെ എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും 17 എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് നടന്ന ഉപ-തിരഞ്ഞെടുപ്പിൽ 17-ൽ 13 സീറ്റിലും ബി.ജെ.പി ജയിച്ചതോടെ 2019-ൽ കുമാരസ്വാമി മുഖ്യമന്ത്രി പദം രാജിവച്ചു.
2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചു. ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സിദ്ധരാമയ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023 മെയ് 10ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. നിയമസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം(135/224) കിട്ടിയതിനെ തുടർന്ന് 2023 മെയ് 20ന് കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു.
മുൻ മുഖ്യമന്ത്രിമാരായ ഡി.ദേവരാജ് അരശിനും(1972-1977) എസ്.എം.കൃഷ്ണയ്ക്കും(1999-2004) ശേഷം കാലാവധി തികച്ച് ഭരിച്ച(2013-2018) മൂന്നാമത്തെ കർണാടക മുഖ്യമന്ത്രി കൂടിയാണ് സിദ്ധരാമയ്യ.[11]
Remove ads
സ്വകാര്യ ജീവിതം
- ഭാര്യ : പാർവ്വതി
- മക്കൾ :
- രാകേഷ്
- യതീന്ദ്ര
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads