ഹീലിയോസ്ഫിയർ
From Wikipedia, the free encyclopedia
Remove ads
സൂര്യനെ പൊതിഞ്ഞു കിടക്കുന്ന വിസ്തൃതമായ പ്രദേശത്തെയാണ് ഹീലിയോസ്ഫിയർ എന്നു പറയുന്നത്. ഒരു കുമിളയുടെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ അതിർത്തി നക്ഷത്രാന്തരീയമാദ്ധ്യമവുമായി സന്ധിക്കുന്ന ഇടമാണ്. ഇത് പ്ലൂട്ടോയുടെ ഭ്രമണപഥത്തിനും അപ്പുറത്താണ് കിടക്കുന്നത്. ഇത്രയും ദൂരം വരെയാണ് സൗരവാതത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നത്. ഹീലിയോസ്ഫിയർ അവസാനിക്കുന്ന ഭാഗത്തെ ഹീലിയോപോസ് എന്നു പറയുന്നു. വോയേജർ ബഹിരാകാശപേടകം ഈ ഭാഗം കടന്നുപോയതായി കരുതപ്പെടുന്നു. നക്ഷത്രാന്തരീയമാദ്ധ്യമത്തിൽ കൂടി സൂര്യൻ മുന്നോട്ടു സഞ്ചരിക്കുന്നതുകൊണ്ട് ഹീലിയോസ്ഫിയർ പൂർണ്ണമായ ഗോളാകൃതിയിലല്ല.[1] ഹീലിയോസ്ഫിയറിന്റെ ഘടനെയെയും സ്വഭാവത്തെയും കുറിച്ച് ലഭ്യമായ വിവരങ്ങൾ വെച്ച് ഏതാനും സിദ്ധാന്തങ്ങൾ രൂപീകരിച്ചിട്ടുണ്ട്.[2]

Remove ads
സംഗ്രഹം

സൗരവാതത്തിന്റെ പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് ഹീലിയോസ്‌ഫിയർ. കൊറോണയിൽ നിന്നും പുറപ്പെടുന്ന സൗരവാതകണങ്ങൾ ശബ്ദാതിവേഗത്തിലാണ് സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നത്.[3] നക്ഷത്രാന്തരീയമാധ്യമവുമായുള്ള സമ്പർക്കത്തിലൂടെ ഇതിന്റെ വേഗത കുറഞ്ഞു വന്ന് അവസാനം ഇല്ലാതാവുന്നു. സൗരവാതത്തിന്റെ വേഗത ശബ്ദവേഗതയെക്കാൾ കുറയുന്ന ഭാഗത്തെ ടെർമിനേഷൻ ഷോക്ക് എന്നു പറയുന്നു. ഹീലിയോസ്‌ഹീത്ത് എന്ന ഭാഗത്തുകൂടെ സഞ്ചരിച്ച് വേഗത കുറഞ്ഞു വന്ന് അവസാനം ഹീലിയോപോസ് എന്ന ഭാഗത്തു വെച്ച് ഇല്ലാതാവുന്നു. ഇവിടെ സൗരവാതവും നക്ഷത്രാന്തരീയവാതവും സംതുലിതമാകുന്നു. വോയേജർ 1 2004ലും വോയേജർ 2 2007ലും ടെർമിനേഷൻ ഷോക്ക് കടന്നു.[4].[1]
ഹീലിയോപോസിനു പുറത്ത് ഒരു ബോഷോക്ക് മേഖല ഉണ്ടെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഐബക്സിൽ നിന്നും ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ഇതിനുള്ള സാധ്യത കുറവാണെന്നു മനസ്സിലായി.[5][6] ഒരു നിഷ്കൃയ മേഖല ഈ പ്രദേശത്തു സ്ഥിതിചെയ്യുന്നു എന്ന സിദ്ധാന്തത്തിനാണ് ഇപ്പോൾ മുൻതൂക്കം..[7][8]
നിഷ്കൃയമേഖല സൂര്യനിൽ നിന്നും ഏകദേശം 113 ജ്യോതിർമാത്ര അകലെയായി ഹീലിയോസ്‌ഹീത്തിനുള്ളിൽ സ്ഥിതിചെയ്യുന്നതായി 2010ൽ വോയേജർ 1 കണ്ടെത്തി.[7] അവിടെ സൗരവാതത്തിന്റെ പ്രവേഗം പൂജ്യമാവുകയും കാന്തികമണ്ഡലത്തിന്റെ തീവ്രത ഇരട്ടിയാവുകയും സൗരയൂഥത്തിനു പുറത്തു നിന്നു വരുന്ന ഉയർന്ന ഊർജ്ജനിലയിലുള്ള ഇലക്ട്രോണുകളുടെ അളവ് നൂറു മടങ്ങായി വർദ്ധിക്കുകയും ചെയ്യുന്നു.[7] 2012ൽ വോയേജർ 1 സൂര്യനിൽ നിന്ന് 120 ജ്യോതിർമാത്ര അകലെ എത്തിയപ്പോൾ അവിടെ കോസ്മിക് വികിരണങ്ങളുടെ അളവ് വളരെ പെട്ടെന്ന് വർദ്ധിക്കുന്നതായി കണ്ടു. ഇത് ഹീലിയോപോസ് അടുത്തെത്തിയതിന്റെ വ്യക്തമായ തെളിവായി.[9] 2012 ആഗസ്റ്റിൽ സൂര്യനിൽ നിന്നും 122 ജ്യോതിർമാത്ര അകലെയായി സൂര്യന്റെ സ്വാധീനം അത്ര പ്രബലമല്ലാത്ത കാന്തിക ഹൈവേ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്ത് വോയേജർ 1 എത്തിയതായി 2012 ഡിസംബറിൽ നാസ വെളിപ്പെടുത്തി..[4] 2012 ആഗസ്റ്റ് 25നു തന്നെ വോയേജർ 1 നക്ഷത്രാന്തരീയ സ്ഥലത്തേക്കു പ്രവേശിച്ചിരുന്നു എന്ന് 2013ൽ നാസ പ്രസ്താവിച്ചു..[10]
2009ൽ കാസ്സിനി, ഐബക്സ് എന്നിവ നൽകിയ വിവരങ്ങൾ ഹീലിയോടെയിൽ സിദ്ധാന്തത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി..[11][12] എന്നാൽ ഐബക്സിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ 2013 ജൂലൈ മാസത്തിൽ സൗരയൂഥത്തിന് ഒരു വാലുണ്ട് എന്ന വസ്തുത സ്ഥിരീകരിച്ചു.[13]
Remove ads
സൗരവാതം
സൂര്യന്റെ കൊറോണയിൽ നിന്നും പുറപ്പെടുന്ന ചാർജ്ജിതകണങ്ങളുടെ പ്രവാഹമാണ് സൗരവാതം. സൂര്യൻ ഒരു പ്രാവശ്യം സ്വയം ഭ്രമണം ചെയ്യാൻ ഏകദേശം 27 ദിവസം എടുക്കുന്നു. ഇങ്ങനെ ഭ്രമണം ചെയ്യുന്നതിനോടൊപ്പം സൂര്യന്റെ കാന്തികക്ഷേത്രം സൗരവാതത്തിലൂടെ വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് സൗരയൂഥത്തിൽ ഇത് ഒരു വലയ രൂപത്തിൽ രൂപപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന സൗരവാതത്തിൽ നിന്നും ഭൂമിയെ രക്ഷപ്പെടുത്തുന്നത് അതിന്റെ കാന്തികമണ്ഡലമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads