Map Graph

ബീമാപള്ളി

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും ഇവിടെ നിന്ന് ലഭിക്കുന്നു. .നബി പരമ്പരയിൽ പെട്ടവർ ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്നു. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌.കല്ലടി ബാവ എന്ന ഒരു സിദ്ധന്റെ ഖബറും ഇവിടെ ഉണ്ട്. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവൻ ചുറ്റിയ ഇവർ ഒടുവിൽ തിരുവല്ലം എന്ന സ്ഥലത്തു എത്തി സ്ഥിരതാമസം ആക്കി. വലിയ വിദഗ്‌ദ്ധനായ ഒരു ഹാക്കിം (വൈദ്യൻ) ആയിരുന്ന മാഹിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. രോഗികളും കഷ്ടത അനുഭവിക്കുന്നവരും ഇവരുടെ സ്വാധീനത്താൽ ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തി. എന്നാൽ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേകിയ കൺവേർഷനെ തങ്ങളുടെ നില നില്പിന്നു ഭീഷണി ആയി കണ്ട രാജ ഭരണ കൂടം 'വിദേശിക'ളായ ഇവർക്കെതിരെ ഗൂഢാലോചനകൾ മെനഞ്ഞു. കരം നൽകണമെന്ന ഉത്തരവിനോട് "ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു മാത്രമേ കരം " എന്നു മാഹിൻ പ്രതികരിച്ചു. മാഹിനേയും കൂട്ടാളികളെയും ചതിയിലുടെ വെട്ടി കൊലപ്പെടുത്തി. മകന്റെ വേർപാടിൽ മനം നൊന്ത ബീമാ ബീവിയും വൈകാതെ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു. ഇവരെ ഖബറടക്കിയ സ്ഥലത്താണ് പള്ളി വന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

Read article
പ്രമാണം:Beemapally.jpg