അകലാപ്പുഴ
ഇന്ത്യയിലെ നദി / From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ ഒരു കായലാണ് അകലാപ്പുഴ.[1] തിക്കോടി, തുറയൂർ, മൂടാടി, കീഴരിയൂർ, ഉള്ള്യേരി, ചെങ്ങോട്ട്കാവ്, അത്തോളി, ചേമഞ്ചേരി, തലക്കുളത്തൂർ, ചേളന്നൂർ ഗ്രാമപഞ്ചായത്തുകളേയും കൊയിലാണ്ടി മുനിസിപാലിറ്റിയും കോഴിക്കോട് കോർപ്പറേഷനിലേയും തീരഭൂമിയെ തഴുകിയാണ് അകലാപ്പുഴ ഒഴുകുന്നത്. ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത പേരുകളിലാണ് അകലാപ്പുഴ അറിയപ്പെടുന്നത്. അറബികടലിൽ പതിക്കുന്നതിന് തൊട്ടുമുമ്പ് കോരപ്പുഴ എന്ന പേരിലാണ് അറിയപ്പെടുന്നത്.മുത്താമ്പി, അണേല കണയംകോട് കുനിയിൽകടവ് എന്നീ വ്യത്യസ്ത പേരുകളും ഒഴുക്കിനിടയിൽ അകലാപ്പുഴ സ്വീകരിച്ചു വരുന്നു. ബോട്ട് സർവീസുകളും വിനോദങ്ങളും ഉള്ള കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്. തീവണ്ടി എന്ന മലയാള സിനിമയുടെ റിലീസിലൂടെയാണ് അകലാപ്പുഴ ശ്രദ്ധനേടിയത്.[2]
അകലാപ്പുഴ | |
---|---|
സ്ഥാനം | കൊയിലാണ്ടി, കോഴിക്കോട്, കേരളം |
നിർദ്ദേശാങ്കങ്ങൾ | 11°30′45″N 75°39′23″E |
പ്രാഥമിക അന്തർപ്രവാഹം | പയ്യോളി കനാൽ |
Primary outflows | മുത്താമ്പി പുഴ |
Basin countries | ഇന്ത്യ |
ഉപരിതല വിസ്തീർണ്ണം | 5 km2 (1.9 sq mi) |
തീരത്തിന്റെ നീളം1 | 22 km (14 mi) |
Islands | നെല്ലിയാടി തുരുത്ത്, എഡിസൺ തുരുത്ത് |
1 Shore length is not a well-defined measure. |
കോഴിക്കോട് ജില്ലയുടെ വലിയൊരു ഭൂപ്രദേശം സമ്പന്നമാക്കുന്ന അകലാപ്പുഴ ശരിക്കും ഒരു കായലാണ്. ആറു മാസത്തോളം ഉപ്പുവെള്ളം കയറുന്നതിനാൽ അകലാപ്പുഴയെ സാൾട്ട് വാട്ടർ റിവർ (saltwater river) ആയി തെറ്റി ധരിക്കാറുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്ത് അകലാപ്പുഴ വഴി ജലഗതാഗതം നടന്നിരുന്നു. അക്കാലത്തെ കടവുകളുടെ ശേഷിപ്പുകൾ ഇന്നും ഇതിൻെറ തീരത്ത് കാണാവുന്നതാണ്. നിരവധി ശ്രോതസുകൾ ഈ കായലിനെ സമ്പന്നമാക്കുന്നതിനാൽ ഏറെ തെളിമയാർന്ന ജലവും സ്വാദിഷ്ടമായ മത്സ്യങ്ങളും അകലാപ്പുഴയുടെ പ്രത്യേകതയാണ്. [3] അകലാപ്പുഴയ്ക്ക് അടുത്തുള്ള തുറയൂർ സംഘകാലഘട്ടത്തിലെ പ്രമുഖ തുറമുഖപട്ടണമായിരുന്നു എന്ന് കരുതപ്പെടുന്നു.[3]