കോരപ്പുഴ
From Wikipedia, the free encyclopedia
എലത്തൂർപ്പുഴ എന്നും അറിയുന്ന കോരപ്പുഴ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. അകലാപ്പുഴയും പൂനൂർപ്പുഴയുമാണ് കോരപ്പുഴയുടെ പ്രധാന പോഷക നദികൾ. ഇവ വയനാട് ജില്ലയിലെ മലനിരകളിൽ നിന്ന് ഉൽഭവിക്കുന്നു. എലത്തൂർ വെച്ച് കോരപ്പുഴ അറബിക്കടലിൽ ലയിക്കുന്നു. പുഴയുടെ കടലിനോട് ചേർന്നുള്ള 25 കിലോമീറ്റർ ദൂരം ജലഗതാഗത യോഗ്യമാണ്.
പണ്ടത്തെ മലബാർ ജില്ലയിലെ വടക്കൻ മലബാറിനും തെക്കൻ മലബാറിനും ഇടയ്ക്കുള്ള അതിർത്തിയായി കോരപ്പുഴയെ കരുതിയിരുന്നു. ഇരുപതാം നൂറ്റാണ്ടുവരെ വടക്കൻ മലബാറിലെ നായർ, തിയ്യർ സമുദായങ്ങൾക്ക് കോരപ്പുഴയ്ക്കു തെക്കുള്ളവരുമായി വിവാഹബന്ധം സ്വീകാര്യമായിരുന്നില്ല. അങ്ങനെ ചെയ്യുന്ന സ്ത്രീകളെ ഭ്രഷ്ട് കൽപ്പിച്ച് സമുദായത്തിൽ നിന്നു പുറത്താക്കിയിരുന്നു. വടക്കേ മലബാർ കോലോത്ത്നാടും തെക്കേമലബാറിലെ സാമൂതിരിയും തമ്മിലുള്ള പ്രശ്നങ്ങളിൽ നിന്നാണ് ഇത് തുടങ്ങിയത് എന്ന് വിശ്വസിക്കപ്പെടുന്നു.[1]