എമിലിയോ അഗിനാൾഡോ

From Wikipedia, the free encyclopedia

എമിലിയോ അഗിനാൾഡോ
Remove ads

ഫിലിപ്പീൻ സ്വാതന്ത്യസമരനേതാവ് ആയിരുന്നു എമിലിയോ അഗിനാൾഡോ ലൂസോൺ പ്രവിശ്യയിലെ കെവിറ്റെ പട്ടണത്തിൽ ചൈനീസ് ടാഗലോഗ് ദമ്പതികളുടെ പുത്രനായി 1869 മാർച്ച് 23-ന് ജനിച്ചു. സ്വന്തം നഗരത്തിലും മനിലായിലെ സെന്റ് തോമസ് സർവകലാശാലയിലുമായി പഠനം പൂർത്തിയാക്കി. 1895-ൽ ഇദ്ദേഹം കെവിറ്റെ വീജോയിലെ മേയറായി. 1896 ആഗഗസ്റ്റിൽ സ്പാനിഷ് ഭരണത്തിനെതിരായി ഫിലിപ്പീൻ ജനത സ്വാതന്ത്യ്രസമരമാരംഭിച്ചപ്പോൾ അഗിനാൾഡോ അതിനു നേതൃത്വം നല്കി. തനിക്ക് പ്രതിഫലവും ഫിലിപ്പീൻ ജനതയ്ക്ക് ഉദാരമായ ഭരണപരിഷ്കാരങ്ങളും സ്പെയിൻ ഭരണാധികാരികൾ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ഹോങ്കോങിൽപോയി സ്ഥിരമായി താമസമുറപ്പിക്കുവാൻ ഇദ്ദേഹം 1898 ജനുവരിയിൽ സമ്മതിച്ചു. അധികം താമസിയാതെ സ്പെയിനും യു.എസ്സും. തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1898 മേയിൽ മനിലായുദ്ധത്തിൽ യു.എസ്. ജയിച്ചപ്പോൾ അഗിനാൾഡോ നാട്ടിലേക്ക് മടങ്ങി. സ്പെയിനുമായുള്ള യുദ്ധത്തിൽ യു.എസ്സിനെ സഹായിക്കുകയും അതുവഴി തന്റെ രാജ്യത്തിന് സ്വാതന്ത്യ്രം നേടിയെടുക്കുകയുമായിരുന്നു ഇദ്ദേഹത്തിന്റെ ഉദ്ദേശം. യു.എസ്സിന്റെ ആശീർവാദത്തോടുകൂടി ഇദ്ദേഹം ഫിലിപ്പീൻസിൽ ഒരു ദേശീയ ഗവൺമെന്റ് രൂപവത്കരിക്കുകയും അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. പട്ടാളത്തെ പുനഃസംഘടിപ്പിച്ച് ഫിലിപ്പീൻസിനെ ഒരു റിപ്പബ്ളിക്കായി ഇദ്ദേഹം പ്രഖ്യാപിച്ചു. സ്പെയിനുമായുള്ള യുദ്ധത്തിൽ അമേരിക്ക ജയിച്ചതോടെ അവർ ഫിലിപ്പീൻസിന്റെ സ്വാതന്ത്ര്യത്തിനു നല്കിയിരുന്ന അലിഖിതമായ അംഗീകാരം പിൻവലിച്ചു. തൻമൂലം 1899 ഫെ. 4-ന് മനിലായുടെ നേർക്കു നടത്തിയ വിഫലമായ ഒരു ആക്രമണത്തോടെ അഗിനാൾഡോ യു.എസ്സിനെതിരായുള്ള പ്രതികാര നടപടികൾ ആരംഭിച്ചു. തുടർന്ന് 1899-ൽ അഗിനാൾഡോ പ്രസിഡന്റായുള്ള ഒരു ഗൂഢഗവൺമെന്റ് ഫിലിപ്പീൻസിന്റെ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. യു.എസ്സിന് കനത്ത നഷ്ടങ്ങൾ ഉണ്ടായി. എന്നാൽ ഈ സൈനിക പ്രവർത്തനങ്ങൾ ദുർബലമായതിനെതുടർന്ന് അഗിനാൾഡോവിനു ഫിലിപ്പീൻ മലഞ്ചരിവുകളിൽ അഭയം തേടേണ്ടിവന്നു. 1901 മാർച്ച് 23-ന് യു.എസ്. അധികാരികൾ ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് മനിലായിൽ കൊണ്ടുവന്നു. 1901 ഏപ്രിൽ 19-ന് യു.എസ്സിനോടു കൂറു പ്രഖ്യാപിക്കുവാൻ നിർബന്ധിതനാകുകയും സജീവമായ പൊതുജീവിതത്തിൽ നിന്നു വിരമിക്കുകയും ചെയ്തു.

വസ്തുതകൾ എമിലിയോ അഗിനാൾഡോ, 1st President of the Philippines ...

എന്നാൽ 1935-ൽ ഫിലിപ്പീൻസിൽ പുതിയ ഗവൺമെന്റ് സംഘടിപ്പിച്ചപ്പോൾ പ്രസിഡന്റുപദത്തിനു അഗിനാൾഡോ മത്സരിച്ചു പരാജിതനായി. രണ്ടാം ലോക യുദ്ധകാലത്ത് ഇദ്ദേഹം യു.എസ്സിന് എതിരായി ജപ്പാനുവേണ്ടി പ്രവർത്തിച്ചു. തൻമൂലം യുദ്ധാനന്തരം ഇദ്ദേഹം ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് ശിക്ഷ ഇളവു ചെയ്യപ്പെട്ടു. രാജ്യസേവനത്തെ പുരസ്കരിച്ച് ഇദ്ദേഹം 1950-ൽ കൗൺസിൽ ഒഫ് സ്റ്റേറ്റ് അംഗമായി നിയമിക്കപ്പെട്ടു. 1964 ഫെബ്രുവരി 6-ന് മനിലായിൽ ഇദ്ദേഹം നിര്യാതനായി.

Remove ads

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എമിലിയോ അഗിനാൾഡോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads