ഏഴരപ്പള്ളികൾ

ഇന്ത്യയിലെ പൗരാണികമായ ഒരു കൂട്ടം ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങൾ From Wikipedia, the free encyclopedia

ഏഴരപ്പള്ളികൾ
Remove ads

യേശു ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹയാൽ ഇന്ത്യയിലെ മലബാറിൽ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന പള്ളികളാണ് ഏഴരപ്പള്ളികൾ. ക്രി. വ. 52-ൽ ഇദ്ദേഹം മലബാറിലെ മുസ്സിരിസ് അഥവാ കൊടുങ്ങല്ലൂർ തുറമുഖത്തിൽ ക്രിസ്തുമത പ്രചാരണോദ്ദേശ്യത്തോടെ എത്തിച്ചേർന്നതായും മലബാറിന്റെ അന്നത്തെ പ്രമുഖ ജനവാസ കേന്ദ്രങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്ക് രൂപം നൽകിയതായും വിശ്വസിക്കപ്പെടുന്നു. ഇവിടങ്ങളിൽ സ്ഥാപിക്കപ്പെട്ട പള്ളികളെയാണ് ഏഴര പള്ളികൾ എന്ന് വിളിക്കുന്നത്. നിലവിൽ വിവിധ മാർത്തോമാ നസ്രാണി വിഭാഗങ്ങളുടെ ഇടയിൽ ഏഴരപ്പള്ളികളായി പൊതുവേ അംഗീകരിക്കപ്പെടുന്നത് കൊടുങ്ങല്ലൂർ, പാലയൂർ , കോക്കമംഗലം, കോട്ടക്കാവ്, നിരണം, കൊല്ലം, ചായൽ ‍(നിലയ്ക്കൽ) എന്നിവിടങ്ങളിലെ ഏഴ് പള്ളികളെയാണ്. ഇവയ്ക്ക് പുറമേ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് പള്ളിയെക്കൂടി ചേർത്ത് ഏഴര പള്ളികൾ എന്ന് വിളിക്കുന്ന രീതിയും നിലവിലുണ്ട്.[1][2][3]

Thumb
ഏഴരപ്പള്ളികളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം
Remove ads

ചരിത്രം

ആധുനിക മാർത്തോമാ നസ്രാണി സഭാ വിഭാഗങ്ങൾ പൊതുവായി അംഗീകരിക്കുന്ന ഏഴര പള്ളികൾ കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കൽ എന്നിവയാണ്. ഇവയ്ക്ക് പുറമേ തിരുവിതാംകോട് പള്ളിയും ഏഴര പള്ളികളിൽ ഒന്നായി ഗണിക്കപ്പെടുന്നുണ്ട്. എന്നാൽ ചില പുരാതന രേഖകളിൽ ഇതിൽ നിന്ന് വ്യത്യസ്തമായ പട്ടികകളും ലഭ്യമാണ്. ചെന്നൈക്കടുത്ത് സ്ഥിതി ചെയ്യുന്ന മൈലാപ്പൂർ, കേരളത്തിലെ ഇടപ്പള്ളി, മലയാറ്റൂർ എന്നിവയും ചില ചരിത്ര രേഖകളിൽ ഏഴര പള്ളികളിൽ ഇടം പിടിച്ചിട്ടുണ്ട്.[4] ചില ആധുനിക സഭാപക്ഷ എഴുത്തുകാർ അർത്താറ്റ്, കോതമംഗലം, അരുവിത്തുറ എന്നിവയെയും ഏഴരപ്പള്ളികളിൽ ചേർത്ത് എണ്ണാറുണ്ട്.[5]

Remove ads

കൊടുങ്ങല്ലൂർ

ചരിത്രം

മലബാർ തീരത്ത് മാർത്തോമാ ശ്ലീഹാ സ്ഥാപിച്ചതിൽ ഏറ്റവും പഴക്കമേറിയ പള്ളിയായി കൊടുങ്ങല്ലൂർ പള്ളി കണക്കാക്കപ്പെടുന്നു. വിവിധ കാലങ്ങളിൽ കൊടുങ്ങല്ലൂർ, മുസിരിസ്, മുച്ചിറി, മുയിരിക്കോട്, ശെംഗല, ഷിഞ്ജ്ലി, മക്കോട്ടൈ, മഹാതേവർപട്ടണം, ക്രാങ്ങനൂർ എന്നിങ്ങനെ വിവിധ പേരുകളിൽ ഈ സ്ഥലം അറിയപ്പെട്ടിരുന്നു. നസ്രാണികളുടെ ഏറ്റവും പ്രധാനപ്പെട്ട പള്ളിയായും ഇത് അറിയപ്പെട്ടു. റമ്പാൻപാട്ടിൽ മാല്യങ്കര എന്നാണ് കൊടുങ്ങല്ലൂരിലെ വിശേഷിപ്പിച്ചിരിക്കുന്നത്. പാരമ്പര്യമനുസരിച്ച്, സെന്റ് തോമസ് കൊടുങ്ങല്ലൂരിലെ രാജാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും 40 യഹൂദന്മാരെയും ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു എന്ന് വിശ്വസിക്കപ്പെടുന്നു.[6] ചോളമണ്ഡല തീരത്ത്, പ്രത്യേകിച്ച് മൈലാപ്പൂരിലെ നസ്രാണി സമൂഹം ദുർബലമായതോടെയാണ് കൊടുങ്ങല്ലൂരിലെ പള്ളി പ്രബലമായി ഉയർന്നത്. നൂറ്റാണ്ടുകളോളം സഭയുടെ മെത്രാപ്പോലീത്തമാർ കൊടുങ്ങല്ലൂരിൽ ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്നു.[7]

മലബാറിലെ മാർത്തോമാ നസ്രാണികൾ അവരുടെ പ്രധാന കേന്ദ്രങ്ങളായ മഹാതേവർപട്ടണം, കുരക്കേണി കൊല്ലം എന്നീ സ്ഥലങ്ങളുടെ പേരിലാണ് മറ്റിടങ്ങളിലും അറിയപ്പെട്ടിരുന്നത്.[8] കൊടുങ്ങല്ലൂരിലെ പള്ളി ഒരു പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയായിരുന്നു. അവിടെ സ്ഥിതി ചെയ്തിരുന്ന കല്ലിൽ കൊത്തിയ ഒരു മാർത്തോമാ സ്ലീവാ നസ്രാണികളുടെ ഇടയിൽ വളരെയധികം വണങ്ങപ്പെട്ടിരുന്നു. മൂന്ന് പള്ളികൾ കൊടുങ്ങല്ലൂർ പട്ടണത്തിൽ തന്നെ നിലനിന്നിരുന്നു. മർത്തമറിയം, മാർ തോമാശ്ലീഹാ, മാർ കുര്യാക്കോസ് സഹദാ എന്നിവരുടെ നാമധേയത്തിൽ ആയിരുന്നു പള്ളികൾ.[9]

ചരിത്ര രേഖകൾ

1301ൽ മലബാറിൽ വെച്ച് പകർത്തി എഴുതപ്പെട്ട വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുടെ ഒരു പുസ്തകത്തിൽ കൊടുങ്ങല്ലൂരിലെ മാർ കുര്യാക്കോസിന്റെ നാമത്തിലുള്ള പള്ളിയെക്കുറിച്ചും അവിടെ ഉണ്ടായിരുന്ന മാർ യാക്കോബ് എന്ന മെത്രാപ്പോലീത്തയെക്കുറിച്ചും പരാമർശിക്കുന്നു.[10]

ഈ വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെ മലബാറിലെ രാജകീയവും പുകൾപെറ്റതും പ്രശസ്തവുമായ പട്ടണമായ ശെംഗലയിൽ മഹിമയേറിയ രക്തസാക്ഷിയായ മാർ കുര്യാക്കോസിന് സമർപ്പിക്കപ്പെട്ട വിശുദ്ധ ദേവാലയത്തിൽ വച്ച് പകർത്തി എഴുതപ്പെട്ടതാണ്, അപ്പോൾ നമ്മുടെ അനുഗ്രഹീതനും പരിശുദ്ധനുമായ പിതാവ് മാർ യാഹ്ബല്ലാഹാ അഞ്ചാമൻ തുർക്കി കിഴക്കിന്റെ കാതോലിക്കാ പത്രിയാർക്കീസ്... അതോടൊപ്പം മാർ യാക്കോബ്, മെത്രാപ്പോലീത്തൻ ബിഷപ്പ് ആയിരുന്ന്, മാർ തോമാശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിന്റെ മേൽനോട്ടക്കാരനും ഭരണാധികാരിയും ആയിരിക്കെ, അതായത് നമ്മുടെയും ക്രൈസ്തവ ഇന്ത്യയിലെ മുഴുവൻ സഭയുടെയും ഭരണാധികാരി....

സഖറിയ ബർ യൗസേപ്പ്, MS വത്തിക്കാൻ സുറിയാനി 22, ff. 93r-94v

ഉദയംപേരൂർ സൂനഹദോസിന് ശേഷം മാർത്തോമാ നസ്രാണികളുടെ ആദ്യത്തെ ലത്തീൻ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ഫ്രാൻസിസ്കോ റോസ്, ഇന്ത്യയിലെ ഏറ്റവും പുരാതന മെത്രാപ്പോലീത്തൻ സിംഹാസനമായി കൊടുങ്ങല്ലൂരിനെ വിശേഷിപ്പിക്കുന്നു. 1604ൽ, റോസ് മാർത്തോമാ ക്രിസ്ത്യാനികളെക്കുറിച്ച് മാർപ്പാപ്പയ്ക്ക് ഒരു വിവരണം എഴുതി, അതിൽ അദ്ദേഹം കൊടുങ്ങല്ലൂരിൽ നിലനിന്നിരുന്ന മൂന്ന് പള്ളികളുടെ ഒരു വിവരണം ഉദ്ധരിക്കുന്നു.[11]

മാങ്ങാട്ടെ പള്ളിയിലെ പ്രാർത്ഥനയുടെ പഴയ കൈയെഴുത്തുപ്രതി പുസ്തകത്തിൽ, പ്രസ്തുത പുസ്തകം എങ്ങനെയാണ് കൊടുങ്ങല്ലൂരിൽ ഉണ്ടാക്കിയതെന്നും എഴുതിയതെന്നും എഴുതിയിരിക്കുന്നത് ഞാൻ കണ്ടെത്തി, അവിടെ മൂന്ന് പള്ളികൾ ഉണ്ടായിരുന്നു, ഒന്ന് വിശുദ്ധ തോമായുടെയും മറ്റൊന്ന് നമ്മുടെ നാഥയുടെയും വേറൊന്ന് വിശുദ്ധ കുര്യാക്കോസിന്റെയും, ഞാൻ പറയുന്നത് വിശുദ്ധ കുര്യാക്കോസ്, ഒരു രക്തസാക്ഷി ബാലൻ, വിശുദ്ധ യൂലീത്തയുടെ മകൻ, ഈ കൽദായക്കാർക്കിടയിൽ വളരെ പ്രശസ്തനാണ്, അവരുടെ ഉത്സവം ജൂലൈ പതിനഞ്ചിന് അവർ ആഘോഷിക്കുന്നു. പ്രസ്തുത ഗ്രന്ഥം രചിക്കപ്പെട്ട കാലഘട്ടമനുസരിച്ച്, 1604-ലെ ഈ വർഷത്തിന് തൊണ്ണൂറ്റി ഏഴ് വർഷം മുമ്പാണ് ഇത് എഴുതിയത്.

ഫ്രാൻസിസ്കോ റോസ്, MS Add 9853, ff. 85–99
പതനം

പോർച്ചുഗീസുകാർ കൊടുങ്ങല്ലൂരിൽ ആധിപത്യം നേടുന്നതു വരെ അവിടം സുറിയാനി ക്രിസ്ത്യാനികളുടെ ഒരു പ്രമുഖ കേന്ദ്രമായി തുടർന്നു. പോർച്ചുഗീസുകാരുടെ ആധിപത്യത്തിന് കീഴിൽ കൊടുങ്ങല്ലൂരിൽ സുറിയാനി ക്രിസ്ത്യാനികൾ അടിച്ചമർത്തലിന് വിധേയരായി. അവരുടെ വാണിജ്യ-വ്യാപാരബന്ധങ്ങൾ, മത ആചാരാനുഷ്ഠാനങ്ങൾ, സഭാ പാരമ്പര്യങ്ങൾ എന്നിവയ്ക്കെല്ലാം പോർച്ചുഗീസുകാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. സുറിയാനി ക്രിസ്ത്യാനികളെ നിർബന്ധപൂർവ്വം തങ്ങളുടെ അധികാരത്തിന് കീഴിൽ കൊണ്ടുവരാനും കുരുമുളകിന്റെയും മറ്റ് കയറ്റുമതി വസ്തുക്കളുടെയും കുത്തക അവകാശം നേടാനും ലത്തീൻ ആചാര അനുഷ്ഠാനങ്ങൾ നിർബന്ധമാക്കാനും ഉള്ള പോർച്ചുഗീസുകാരുടെ ശ്രമങ്ങളെ തുടർന്ന് വലിയൊരു വിഭാഗം നസ്രാണികൾ കൊടുങ്ങല്ലൂർ വിട്ട് ഉൾനാടൻ പ്രദേശങ്ങളിലേക്ക് മാറി താമസിച്ചു. എന്നാൽ പതിനാറാം നൂറ്റാണ്ട് വരെ കൊടുങ്ങല്ലൂർ പട്ടണവും അവിടുത്തെ പള്ളികളും നിലനിന്നിരുന്നു. 1524ൽ വടക്ക് സാമൂതിരിയുടെ രാജ്യത്ത് നിന്ന് എത്തിയ മുസ്ലിം പട്ടാളം കൊടുങ്ങല്ലൂർ നഗരം ആക്രമിക്കുകയും അവിടെ ഉണ്ടായിരുന്ന ക്രൈസ്തവ പള്ളികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അവശേഷിച്ച സുറിയാനി ക്രിസ്ത്യാനികളും അവിടെ നിന്ന് പലായനം ചെയ്തു. തെക്കുംഭാഗ സമുദായത്തിൽപ്പെട്ടവർ കൊടുങ്ങല്ലൂരിലെ അത്ഭുത സ്ലീവ കടുത്തുരുത്തിയിലേക്കും അവിടെനിന്ന് കോട്ടയം പള്ളിയിലേക്കും മാറ്റി സ്ഥാപിച്ചതായി വിശ്വസിക്കുന്നു. കോട്ടയം വലിയ പള്ളിയിൽ കാണപ്പെടുന്ന പഴയ പേർഷ്യൻ കുരിശ് ഇതാണെന്നാണ് അനുമാനിക്കപ്പെടുന്നത്.[12]

സെന്റ് തോമസ് പൊന്തിഫിക്കൽ ഷ്രൈൻ

Thumb
കൊടുങ്ങല്ലൂർ പള്ളി

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലെ അഴീക്കോട്ട് സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് സെന്റ് തോമസ് പൊന്തിഫിക്കൽ ഷ്രൈൻ. തോമാശ്ലീഹായുടെ ഭൗതികശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ ഓർഥോണ ബസിലിക്കയിൽ നിന്ന് കൊണ്ടുവന്ന അസ്ഥി ഇവിടെ തിരുശേഷിപ്പായി സൂക്ഷിച്ചിട്ടുണ്ട്. റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിന്റെ മാതൃകയിലാണ് ഈ പള്ളി നിർമ്മിക്കപ്പെട്ടിട്ടുള്ളത്.[5]

മറ്റു പള്ളികൾ

കൊടുങ്ങല്ലൂർ നഗരപ്രദേശത്തെ പ്രധാന പള്ളികൾ

Thumb
കോട്ടപ്പുറം സെൻറ് മൈക്കിൾസ് റോമൻ കത്തോലിക്കാ കത്തീഡ്രൽ

സെന്റ് തോമസ് പൊന്തിഫിക്കൽ ഷ്രൈനിനുപുറമേ കൊടുങ്ങല്ലൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന മറ്റ് പ്രമുഖ ക്രൈസ്തവ ദൈവാലയങ്ങളാണ് കോട്ടപ്പുറം സെൻറ് മൈക്കിൾസ് റോമൻ കത്തോലിക്കാ കത്തീഡ്രൽ, സെന്റ് മേരീസ് സിറോ-മലബാർ കത്തോലിക്കാ പള്ളി എന്നിവ. നിലവിൽ കൊടുങ്ങല്ലൂരിൽ ഉള്ളതിൽ വച്ച് ഏറ്റവും പഴയ പള്ളിയാണ് കോട്ടപ്പുറം കത്തീഡ്രൽ.[13] 1890ൽ സ്ഥാപിതമായ ഈ പള്ളി നിലവിൽ ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയുടെ ആസ്ഥാന ദൈവാലയമാണ്.[14] കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ഇടവക പള്ളിയാണ് സെൻറ് മേരീസ് പള്ളി. 1984ൽ പണികഴിപ്പിക്കപ്പെട്ട ഈ പള്ളി സിറോ-മലബാർ സഭയുടെ ഇരിഞ്ഞാലക്കുട രൂപതയുടെ ഭാഗമാണ്.[15][16]

പുത്തൻചിറ പള്ളി

Thumb
പുത്തൻചിറ സിറോ-മലബാർ കത്തോലിക്കാ പള്ളി

കൊടുങ്ങല്ലൂർ നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ മാറി പുത്തൻചിറ സെൻറ് മേരിസ് പള്ളി സ്ഥിതി ചെയ്യുന്നു. അഞ്ചാം നൂറ്റാണ്ടിലാണ് പുത്തൻചിറയിൽ ആദ്യപള്ളി സ്ഥാപിക്കപ്പെട്ടത് എന്ന് പള്ളിയുടെ പാരമ്പര്യം അനുസരിച്ച് വിശ്വസിക്കപ്പെടുന്നു. ഈ പള്ളി കൊടുങ്ങല്ലൂരിലും പ്രാന്ത പ്രദേശങ്ങളിലുമായി നിലനിൽക്കുന്ന എല്ലാ പള്ളികളിലും വെച്ച് ഏറ്റവും പഴക്കമേറിയതാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന പുരാതനമായ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഇടക്കാല ആസ്ഥാനവും ആയിരുന്നു ഈ പള്ളി. 1787ൽ കൊടുങ്ങല്ലൂർ അതിരൂപതാ അധ്യക്ഷൻ ആയിരുന്ന പാറേമാക്കൽ തോമാ ഗോവർണദോറുടെ നേതൃത്വത്തിൽ എഴുതപ്പെട്ട അങ്കമാലി പടിയോലയിൽ ഒപ്പുവെച്ച 84 പഴയകൂർ പള്ളികളിൽ ഒന്നാണ് ഇത്. നിലവിൽ സിറോ-മലബാർ സഭയുടെ ഇരിഞ്ഞാലക്കുട രൂപതയിലെ പ്രമുഖ ദൈവാലയങ്ങളിൽ ഒന്നാണിത്.[17]

Remove ads

കൊല്ലം

Thumb
1682ലെ കൊല്ലം പട്ടണത്തിന്റെ ഒരു ചിത്രീകരണം. ഇതിൽ കൊല്ലം പഴയ പള്ളിയും കാണാം

കൊല്ലം തർസാപ്പള്ളിയുടെ ചരിത്രം

തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന ഏഴര പള്ളികളിൽ പ്രമുഖമായ ഒന്നാണ് കൊല്ലം. റമ്പാൻ പാട്ട് അനുസരിച്ച് കൊടുങ്ങല്ലൂർ കഴിഞ്ഞ് രണ്ടാമത് എണ്ണപ്പെടുന്ന പള്ളിയും ഇതാണ്. എന്നാൽ മലബാറിലെ മറ്റു പള്ളികളെ പോലെ ഇതിൻറെ പിൽക്കാല ചരിത്രവും അവ്യക്തമാണ്. കൊല്ലത്തെ പള്ളിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ക്രി. വ. 849ലെ തർസ്സാപ്പള്ളി ശാസനം മുതൽക്കാണ്. അക്കാലത്ത് മലബാറിലെത്തി സഭാ ഭരണം നിർവഹിച്ച പേർഷ്യൻ പുണ്യവാളൻമാരായ സാപോർ, അപ്രോത്ത് എന്നിവരാണ് നശിച്ചുകിടന്നിരുന്ന ഈ പള്ളി പുനർ നിർമ്മിച്ചത് എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. പിന്നീട് മലബാർ സന്ദർശിച്ച പാശ്ചാത്യ മിഷണറിമാരുടെയും സഞ്ചാരികളുടെയും എഴുത്തുകളിലും ഈ പള്ളിയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്നത്തെ കൊല്ലം തങ്കശ്ശേരിയിലാണ് ഈ പള്ളി നിലനിന്നിരുന്നത്.[18]

തരിസാപ്പള്ളി ശാസനം

കൊടുങ്ങല്ലൂർ ആസ്ഥാനമായി ഭരിച്ചിരുന്ന ചേര ചക്രവർത്തി സ്ഥാണു രവി കുലശേഖര പെരുമാളിന്റെ സാമന്തനായിരുന്ന അയ്യനടികൾ തിരുവടികൾ എന്ന വേണാട് രാജാവ് ആണ് തർസാപ്പള്ളി ശാസനം നൽകിയത്.[19][20] മറുവാൻ സാപിർ ഈശോ എന്ന കൊല്ലത്തെ അക്കാലത്തെ പേർഷ്യൻ വാണിജ്യപ്രമുഖനാണ് ഈ ശാസനം നൽകപ്പെട്ടത്. കൊല്ലത്ത് പട്ടണം സ്ഥാപിച്ച ഈശോ ദ താപിർ എന്നയാൾ പണി കഴിപ്പിക്കുകയും ഭരണം നടത്തുകയും ചെയ്ത കൊല്ലത്തെ തർസായികളുടെ പള്ളിയുടെ പേരിലാണ് ഈ ശാസനം അനുവദിക്കപ്പെട്ടത്.[21][22][23]

ഈ ശാസനത്തിൽ പരാമർശിക്കപ്പെടുന്ന 'ഈശോ ദ താപിർ' 'മറുവാൻ സാപിർ ഈശോ' തന്നെയാണ് എന്നാണ് പാരമ്പര്യവും ചരിത്രകാരന്മാരുടെ നിഗമനവും.[22] ക്രിസ്ത്യാനികളെ പേർഷ്യയിൽ വിളിക്കാൻ ഉപയോഗിച്ചിരുന്ന വാക്കുകളിൽ ഒന്നാണ് 'തർസാ'കൾ എന്നത്.[24] 'മറുവാൻ' എന്ന വാക്കിൻറെ ഉത്ഭവത്തെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. സുറിയാനി ക്രിസ്ത്യാനികളുടെ നേതാക്കന്മാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന 'മാർ' എന്ന സുറിയാനി പദത്തിന്റെ ഒരു രൂപമാണ് ഇതെന്ന വാദം ശക്തമാണ്. അറേബ്യൻ മേഖലയിലെ 'മറുവാനായ' എന്ന ഒരു ക്രൈസ്തവ വ്യാപാരസമൂഹത്തിന്റെ അംഗമായതിനാലാണ് ഈ പേര് ഉപയോഗിച്ചിരിക്കുന്നത് എന്ന് മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. പാർസിലെ ശിമയോൻ മെത്രാപ്പോലീത്തയ്ക്ക് പൗരസ്ത്യ സുറിയാനി കാതോലിക്കോസ് ഈശോയാബ് 3ാമൻ എഴുതിയ ഒരു കത്തിൽ ഈ സമൂഹത്തെ പറ്റി പരാമർശമുണ്ട്.[25]

കൊല്ലവർഷത്തിന്റെ ഗണനം അനുസരിച്ച് ക്രി. വ. 823 ലാണ് കൊല്ലത്ത് പട്ടണം സ്ഥാപിക്കപ്പെട്ടത്. തർസാപള്ളിക്കും അതിൻറെ സമൂഹത്തിനും ഭൂമിയും സ്വത്തും വേലക്കാരും നികുതി പിരിക്കുന്നതിന് അടക്കമുള്ള അധികാരങ്ങളും അട്ടിപ്പേർ അവകാശമായി അനുവദിച്ചുകൊണ്ട് നൽകപ്പെട്ട രാജശാസനമാണ് കൊല്ലം തർസാപ്പള്ളി ശാസനം. മലബാറിൽ നിന്ന് ലഭിച്ചിട്ടുള്ള പുരാരേഖകളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ഇത്.[26] കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പറ്റി സൂചന നൽകുന്ന ആദ്യ തദ്ദേശീയ രേഖയും ഇതുതന്നെ.[22]

ആദ്യ റോമൻ കത്തോലിക്കാ മിഷൻ

തർസാപ്പള്ളി ശാസനത്തിന് ശേഷം കൊല്ലത്തെ ക്രൈസ്തവ സാന്നിധ്യത്തെപ്പറ്റിയും അവരുടെ പള്ളിയെപ്പറ്റിയും വ്യക്തമായി രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖകൾ പതിമൂന്നാം നൂറ്റാണ്ടിലേതും അതിനുശേഷം ഉള്ളവയും ആണ്. ഇതിൽ ആദ്യത്തേത് മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരിയുടേതാണ്. പിന്നീട് ജൊർദാനൂസ് കാറ്റലാനി, ജിയോവാന്നി ഡി മരിഗ്നോളി എന്നിവരും തങ്ങൾ കൊല്ലം സന്ദർശിച്ച വേളയിൽ കണ്ട അവിടത്തെ നസ്രാണി ക്രിസ്ത്യാനികളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

വെനീഷ്യൻ സഞ്ചാരിയായ മാർക്കോ പോളോ കൊല്ലത്ത് എത്തുന്നത് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലാണ്. കൊല്ലത്ത് ക്രൈസ്തവ, യഹൂദ സമൂഹങ്ങൾ ശക്തമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.[27][28]

മദ്ധ്യപൂർവ്വദേശത്തേക്കും പേർഷ്യയിലേക്കും അയയ്ക്കപ്പെട്ട റോമൻ കത്തോലിക്കാ മിഷനറി ആയിരുന്ന ജൊർദാനൂസ് കാറ്റലാനി 1329ൽ കൊല്ലത്തെ റോമൻ കത്തോലിക്കാ ബിഷപ്പായി ജോൺ 22ാമൻ മാർപ്പാപ്പയാൽ നിയമിക്കപ്പെട്ടു. ഇതിനു മുൻപേ അദ്ദേഹം കൊല്ലത്ത് ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻറെ എഴുത്തുകളിലും കൊല്ലത്തെ സുറിയാനി ക്രിസ്ത്യാനികളുടെ സാന്നിധ്യത്തെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടത്തെ ക്രിസ്ത്യാനികൾ തോമാശ്ലീഹായ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് എന്നും അദ്ദേഹം എഴുതി.[29][30] പുതിയ മെത്രാനുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാർപ്പാപ്പ 1330 ഏപ്രിൽ 5ന് കൊല്ലത്തെ 'നസ്രാണി ക്രിസ്ത്യാനി' സമൂഹത്തിന്റെ നേതാവിനെ അഭിസംബോധന ചെയ്ത് ഒരു കത്ത് എഴുതി അയക്കുകയും ചെയ്തു. ജൊർദാനുസിന്റെ 'മിറാബിലിയ ഡിസ്ക്രിപ്റ്റ' എന്ന പുസ്തകത്തിൽ ഇവ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.[31] കൊല്ലത്ത് അക്കാലത്ത് ശക്തമായ സുറിയാനി നസ്രാണി സമൂഹവും അവർക്ക് വ്യവസ്ഥാപിതമായ നേതൃത്വവും ഉണ്ടായിരുന്നു എന്നതിന്റെ സൂചനകളാണ് ഇവ നൽകുന്നത്.

ഇറ്റാലിയൻ കത്തോലിക്കാ മിഷനറി ആയിരുന്ന ജിയോവാന്നി ഡി മരിഗ്നോളി ചൈനയിലെ തൻറെ പ്രവർത്തനത്തിന് ശേഷം 1347ൽ സ്വദേശത്തേക്ക് മടങ്ങുന്നതിനിടെ കൊല്ലത്ത് എത്തിച്ചേരുകയും അവിടുത്തെ ക്രിസ്ത്യാനികളുമായി സമ്പർക്കത്തിൽ ആവുകയും ചെയ്തു. കൊല്ലത്തെ നസ്രാണി ക്രിസ്ത്യാനികളെ പറ്റി ഒരു വിവരണം അദ്ദേഹം നൽകുന്നുണ്ട്. നസ്രാണികൾ കൊല്ലത്ത് വളരെ സ്വാധീനമുള്ളവരാണെന്നും കുരുമുളകിൻറെ കൃഷിയും വിപണനവും അവരാണ് നടത്തുന്നത് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.[32] കൊല്ലത്തെ നസ്രാണികളിലെ പ്രമുഖരെ 'മൊതലിയാൾ' എന്നാണ് വിളിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അവരോടൊപ്പം താമസിച്ച അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. അവർ തന്നെ പണം നൽകി സഹായിച്ചിരുന്നു എന്നും 'സോളമന്റേതു പോലുള്ള' രാജകീയമായ പല്ലക്കിൽ അവർ തന്നെ വഹിച്ചു എന്നും അദ്ദേഹം എഴുതുന്നു. വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിൽ ഉള്ളതും റോമൻ കത്തോലിക്കാ ബന്ധത്തിലുള്ളതുമായ ഒരു പള്ളി അവിടെ ഉണ്ടായിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നു. ആ പള്ളിയെ താൻ നിരവധി ചിത്രങ്ങളാൽ അലങ്കൃതവുമാക്കുകയും അവിടം കേന്ദ്രമാക്കി മതപ്രവർത്തനം നടത്തുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മുൻപ് കൊല്ലത്ത് പ്രവർത്തിച്ച ജൊർദാനൂസ് തന്നെയായിരിക്കണം ഈ പള്ളി സ്ഥാപിച്ചത്.[33] ഈ പ്രദേശത്തിന് അടുത്ത് സ്ഥിതി ചെയ്യുന്നതും നിരവധി ചുവർചിത്രങ്ങളാൽ സമ്പന്നവുമായ ചേപ്പാട് പള്ളി ആയിരിക്കാം ഇത്.[32]

പോർച്ചുഗീസ് കാലഘട്ടവും തർസാപള്ളിയുടെ പതനവും

കൊല്ലത്തെ സുറിയാനി ക്രിസ്ത്യാനികളെ പറ്റിയുള്ള അടുത്ത പരാമർശം ലഭിക്കുന്നത് പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൗരസ്ത്യ കാതോലിക്കോസ് ഏലിയാ 5ാമൻ മാർ യാഹ്‌ബാലാഹ, മാർ തോമാ, മാർ യാക്കോബ്, മാർ ദെനഹാ എന്നീ പൗരസ്ത്യ സുറിയാനി ബിഷപ്പുമാർ എഴുതി അയച്ച കത്തിൽ നിന്നാണ്.[34] ഇതിൽ കൊടുങ്ങല്ലൂരിനൊപ്പം കൊല്ലവും പാലയൂരും നസ്രാണികളുടെ പ്രധാന കേന്ദ്രങ്ങളായി രേഖപ്പെടുത്തുന്നു.[35] ഇന്ത്യയുടെ മെത്രാപ്പോലീത്ത സ്ഥാനം വഹിച്ച മാർ യാഹ്ബാലാഹായുടെയും മാർ തോമായുടെയും കാലശേഷം മാർ യാക്കോബ് കൊടുങ്ങല്ലൂരിലും മാർ ദെനഹാ കൊല്ലത്തും ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്നു.[36]

പ്രധാനമായും വ്യാപാരം ഉപജീവനമാർഗമാക്കി കഴിഞ്ഞിരുന്ന കൊല്ലത്തെ നസ്രാണികൾ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു. അറേബ്യ, പേർഷ്യ, ചൈന എന്നിവിടങ്ങളിലെ വ്യാപാരികൾ പ്രധാനമായും മുസ്ലിമുകളായിരുന്നതിനാൽ അവർ മലബാറിലെ മുസ്ലിം വ്യാപാരികളുമായി അവരോട് അനുഭാവം പുലർത്തിയിരുന്ന കോഴിക്കോട് സാമൂതിരിയുമായും കൂടുതൽ ശക്തമായ വ്യാപാര ബന്ധങ്ങൾക്ക് താല്പര്യം പ്രകടിപ്പിച്ചു. കൊല്ലവും അവിടെയുള്ള യഹൂദ, നസ്രാണി വ്യാപാരികളും ഇക്കാരണത്താൽ വാണിജ്യ വ്യാപാര ബന്ധങ്ങളിൽ തഴയപ്പെട്ടു.[37] 1503ൽ മലബാറിൽ എത്തിയ പോർച്ചുഗീസ് നാവികൻ അഫോൺസോ ഡി അൽബുക്കർക്ക് തന്റെ എഴുത്തുകളിൽ കൊല്ലം പള്ളിയെകുറിച്ചും നസ്രാണികളെ കുറിച്ചും വിശദമായി വിവരിച്ചിട്ടുണ്ട്. അതേ വർഷം കൊല്ലത്ത് പോർച്ചുഗീസുകാർക്ക് വ്യാപാരത്തിനുള്ള സൗകര്യത്തിനായി ഒരു പാണ്ടികശാല സ്ഥാപിക്കുന്നതിന് അദ്ദേഹം അനുമതിയും നേടിയിരുന്നു.[38] കൊല്ലം പള്ളി 'നമ്മുടെ കരുണയുടെ നാഥയുടെ' നാമധേയത്തിൽ ആണെന്നും പള്ളിക്ക് മൂന്ന് അൾത്താരകൾ ഉണ്ടെന്നും അതിൽ മദ്ധ്യത്തേതിൽ സ്വർണത്തിന്റെയും ഇരുവശങ്ങളിലും ഉള്ളവയിൽ ഓരോന്ന് വീതം വെള്ളിയുടെയും കുരിശുകൾ ഉണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. തങ്ങളുടെ പള്ളി പണികഴിപ്പിച്ചത് മുമ്പ് മലബാറിൽ എത്തിച്ചേർന്ന രണ്ട് വിശുദ്ധന്മാർ ആണെന്നും അവർ പള്ളിയിൽ രണ്ട് ചാപ്പലുകളിലായി കബറടക്കപ്പെട്ടെന്നും നസ്രാണികൾ തന്നോട് വിവരിച്ചെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.[39][40] മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുണ്യവാന്മാരായ സാപോറും പ്രോഥും ആണ് ഈ വിശുദ്ധന്മാർ.[41] കൊല്ലത്തെ ക്രിസ്ത്യാനികൾക്ക് പ്രത്യേകമായി അനുവദിക്കപ്പെട്ട കുറേ അധികാര അവകാശങ്ങൾ ഉണ്ടെന്നും അതിൻറെ പിൻബലത്തിൽ അവർക്ക് അവരുടേതായ സ്വതന്ത്ര നിയമ സംവിധാനങ്ങൾ നിലവിലുണ്ടെന്നും അൽബുക്കർക്ക് വിവരിക്കുന്നു. ഇതിനോടൊപ്പം പള്ളിയുടെ ഭരണം കൈയാളിയിരുന്ന ക്രിസ്ത്യാനികൾക്ക് പട്ടണത്തിന്റെ മുദ്രയും ഔദ്യോഗിക അളവ് തൂക്കങ്ങളും കൈവശം വയ്ക്കാനും അവകാശമുണ്ടായിരുന്നു. എങ്കിലും അവിടത്തെ രാജാവിന്റെ അപ്രീതി മൂലം ആ അവകാശങ്ങൾ അക്കാലത്ത് എടുത്തു മാറ്റപ്പെട്ടു എന്നും അത് പുനസ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി തന്റെ സഹായം അവർ തേടി എന്നും അൽബുക്കർക്ക് കൂട്ടിച്ചേർക്കുന്നു.[39][42]

പോർച്ചുഗീസുകാരും സുറിയാനി ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം ആദ്യകാലത്ത് വളരെ സൗഹാർദ്ദപരമായിരുന്നു. സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ നഷ്ടപ്പെട്ട അവകാശങ്ങൾ തിരിച്ചുപിടിക്കാൻ അൽബുക്കർക്കിന്റെ സഹായം ആവശ്യപ്പെടുകയും പോർച്ചുഗീസ് രാജാവിന് തങ്ങളുടെ പള്ളിയിലെ സ്വർണ്ണക്കുരിശ് ഉപഹാരമായി അയച്ചു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇത് നിരസിച്ച അൽബുക്കർക്ക് സ്വദേശത്തേക്ക് മടങ്ങിയ വേളയിൽ അതിനുപകരം അവരുടെ ഒരു വെള്ളി കുരിശ് കൊണ്ടുപോയി പോർച്ചുഗീസ് രാജാവിന് കാഴ്ചവെച്ചു. ഇതിൽ സന്തുഷ്ടനായ രാജാവ് നസ്രാണികൾക്ക് പ്രത്യുപകാരമായി അൽബുക്കർക്കിന്റെ കൈവശം കൊല്ലം പള്ളിയ്ക്ക് വേണ്ട കുറേ സാമഗ്രികളും അലങ്കാരങ്ങളും അയച്ചുകൊടുത്തു. ഐബീരിയൻ ഉപദ്വീപിന്റെ അപ്പസ്തോലനായി അറിയപ്പെട്ടിരുന്ന വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഒരു ചിത്രവും മണിയും അൽബുക്കർക്ക് നസ്രാണികൾക്ക് സമ്മാനമായി നൽകുകയും ചെയ്തു.[39][43] പോർച്ചുഗീസ് സംഘത്തിൽ ഉണ്ടായിരുന്ന റോഡ്രിഗോ എന്ന ഡൊമിനിക്കൻ സന്യാസവൈദികനെ കൊല്ലത്തെ ക്രിസ്ത്യാനികളുടെ മതപരമായ ആവശ്യങ്ങൾക്കായി അദ്ദേഹം നിയോഗിച്ചു. റോഡ്രിഗോ കൊല്ലത്തുള്ള സുറിയാനി ക്രിസ്ത്യാനികൾക്ക് മാമ്മോദിസയും മറ്റു കൂദാശകളും പരികർമ്മം ചെയ്തു നൽകുകയും അതോടൊപ്പം പ്രദേശത്തെ ക്രിസ്ത്യാനികൾ അല്ലാത്ത ആളുകളുടെ ഇടയിൽ മതം പ്രചരിപ്പിക്കുകയും അവരിൽ പലരെയും ക്രിസ്തുമതത്തിൽ ചേർക്കുകയും ചെയ്തു.[39][44] കൊല്ലത്തെ പഴക്കം ചെന്ന പള്ളി ഇദ്ദേഹം പുതുക്കി പണിതെന്നും കരുതപ്പെടുന്നു.[45] റോഡ്രിഗോ കൊല്ലത്ത് വിജാതീയരുടെ ഇടയിൽ മതപ്രചരണം നടത്തിയിരുന്നു എന്ന് അൽബുക്കർക്കിന്റെ സഹയാത്രികൻ ആയിരുന്ന ജിയോവാന്നി ഡ എംപോളി എന്ന ഇറ്റാലിയൻ നാവികനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൊല്ലത്ത് മൂവായിരത്തോളം നസ്രാണികൾ ഉണ്ടെന്നും അവരുടെ പള്ളി തോമാശ്ലീഹായുടെ കാലം മുതലേ ഉള്ളതാണെന്ന് അവർ തന്നോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.[46][47]

എന്നാൽ പോർച്ചുഗീസുകാരും ആയുള്ള തദ്ദേശീയ ക്രിസ്ത്യാനികളുടെ സഹകരണം അധികം കാലം നീണ്ടു പോയില്ല. പലകാരണങ്ങളാൽ പോർച്ചുഗീസുകാരുമായി അകന്ന തദ്ദേശ ക്രിസ്ത്യാനികൾ ക്രമേണ പ്രദേശത്തു നിന്ന് തന്നെ പിൻവലിഞ്ഞ് കുറേക്കൂടി ഉള്ള നാടൻ പ്രദേശങ്ങളിലേക്ക് മാറി താമസിക്കാൻ ആരംഭിച്ചു. ഇതിനെ തുടർന്ന് കൊല്ലത്തെ പഴയ പള്ളിയുടെ നിയന്ത്രണം പൂർണമായി പോർച്ചുഗീസുകാർ കൈവശപ്പെടുത്തി. ഇതിൻറെ കാരണങ്ങൾ പലതായിരുന്നു. മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യത്തെ ലത്തീൻ മെത്രാപ്പോലീത്ത ആയിരുന്ന ഫ്രാൻസിസ്കോ റോസ് ഇതുമായി ബന്ധപ്പെട്ട് ഒരു വിവരണം നൽകുന്നുണ്ട്.[48] പോർച്ചുഗീസുകാർ തദ്ദേശീയരായ ആളുകളുമായി പലപ്പോഴും കലഹങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രദേശത്തെ മുസ്ലിം വ്യാപാരികളുമായി ചില പോർച്ചുഗീസുകാർക്ക് ഉണ്ടായ തർക്കം വലിയ പ്രശ്നമായി മാറി. ഇതിനെ തുടർന്ന് പ്രാദേശിക അധികാരികളുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ അല്ലാത്ത തദേശീയരായ കുറേ ആളുകൾ പോർച്ചുഗീസുകാരോട് പ്രതികാരം തീർക്കുന്നതിന് അവരുടെ വ്യാപാര കേന്ദ്രം ആക്രമിച്ച് നശിപ്പിക്കുകയും അവിടത്തെ ചില പോർച്ചുഗീസുകാരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തു.[49] ഇതേ തുടർന്ന് ആറോ ഏഴോ പോർച്ചുഗീസുകാർ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിയിൽ അഭയം തേടി. പള്ളിക്കുള്ളിൽ കയറി അവരെ പിടികൂടാൻ ആകാത്തതിനാൽ പള്ളിക്ക് പുറമേ നിന്ന് തീയിടാൻ എതിരാളികൾ തീരുമാനിച്ചു. പള്ളിയിലെ സുറിയാനി ക്രിസ്ത്യാനികളോട് പള്ളിയിൽ നിന്ന് പുറത്തേക്കു പോകാനും പോർച്ചുഗീസുകാർക്കെതിരെ ഉള്ള ശിക്ഷാ നടപടി നടപ്പിലാക്കാൻ അനുവദിക്കാനും ആക്രമണകാരികൾ ആവശ്യപ്പെട്ടു. എന്നാൽ അവർ പള്ളിയിൽ നിന്നും ഒഴിഞ്ഞു പോയില്ല. ഇതേതുടർന്ന് പള്ളിക്ക് തീ വയ്ക്കപ്പെടുകയും പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും, ഒരു ശെമ്മാശനും നാൽപതോളം സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെടെ അഗ്നിക്ക് ഇരയായി കൊല്ലപ്പെടുകയും ചെയ്തു.[50] 1505നുശേഷമാണ് ഇത് സംഭവിച്ചത്.[51] ഇതിനുശേഷം പോർച്ചുഗീസുകാർ കത്തിനശിച്ച പള്ളി പുതുക്കി പണിയിക്കുകയും അത് ക്രമേണ പൂർണ്ണമായി കൊച്ചി പദ്രുവാദോ ബിഷപ്പിന്റെ നിയന്ത്രണത്തിൽ എത്തിച്ചേരുകയും ചെയ്തു.[50] 1519നുശേഷം അവർ പള്ളി സ്ഥിതി ചെയ്തിരുന്ന പ്രദേശം ഉൾച്ചേർത്ത് ഒരു കോട്ട പണികഴിപ്പിച്ചു.[38] ഇതിനോടകം പള്ളി തോമാ ശ്ലീഹായുടെ നാമധേയത്തിലേക്ക് അവർ മാറ്റിയിരുന്നു. അതിനാൽ കോട്ടയും തോമാ ശ്ലീഹായുടെ പേരിലാണ് അറിയപ്പെട്ടത്. ഇതിനുശേഷം സുറിയാനി ക്രിസ്ത്യാനികൾ പള്ളിയും അതിരുന്ന സ്ഥലവും വിട്ട് കൊല്ലത്തിന്റെ ഉൾപ്രദേശത്തേക്ക് താമസം മാറി അവിടെ പുതിയ പള്ളി സ്ഥാപിച്ചു. എന്നാൽ സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ പഴയപള്ളി ഉപേക്ഷിച്ചു പോയതിന് പിന്നിൽ വേറെയും കാരണം ഉണ്ടായിരുന്നു. സുറിയാനി നസ്രാണികൾ നെസ്തോറിയൻ പാഷണ്ഡതയും തെറ്റായ ആചാരങ്ങളും പിന്തുടരുന്നവരാണ് എന്നും അവരെ ലത്തീൻവൽക്കരിക്കേണ്ടത് ആവശ്യമാണ് എന്നും പോർച്ചുഗീസുകാർ ഈ കാലഘട്ടം ആയപ്പോഴേക്കും കരുതാൻ തുടങ്ങുകയും അതിൻറെ ഭാഗമായി തങ്ങളുടെ റോമൻ കത്തോലിക്കാ ആചാരാനുഷ്ഠാനങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതും ഇതിന് കാരണമായി.[52][53]

ഈ സംഭവങ്ങളെ തുടർന്ന് തർസാപ്പള്ളി ശാസനത്തിൽ ലഭിച്ച അവകാശങ്ങൾ കൈവശപ്പെടുത്താൻ കൊച്ചി ബിഷപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ലത്തീൻ സഭാ വിശ്വാസികൾ ശ്രമിച്ചു എന്ന് ഫ്രാൻസിസ്കോ റോസ് വിവരിക്കുന്നുണ്ട്. ശാസനത്തിലെ അവകാശങ്ങൾ പള്ളിക്കെട്ടിടത്തിനല്ല പള്ളി പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനാണ് എന്ന് വിധിച്ച പ്രാദേശിക ഭരണാധികാരി തർസാപ്പള്ളി ശാസനം പ്രകാരമുള്ള അവകാശങ്ങൾ കൊല്ലത്തെ കുന്നിൻ പ്രദേശത്ത് പള്ളിവെച്ച് താമസമാക്കിയ സുറിയാനി ക്രിസ്ത്യാനികൾക്കുതന്നെ അനുവദിച്ചുകൊടുത്തു എന്നും റോസ് കൂട്ടിച്ചേർക്കുന്നു.[54] ഗോവയിലെ പോർച്ചുഗീസ് ആർച്ചുബിഷപ്പായിരുന്ന അലെക്സിസ് ഡി മെനെസിസ് സുറിയാനി നസ്രാണികളെ തൻറെ അധികാരത്തിന് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി മലബാറിലുടനീളം നടത്തിയ യാത്രകളുടെ ഭാഗമായി കൊല്ലം സന്ദർശിച്ചപ്പോൾ പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിൽ ആയ പഴയ പള്ളിയും സുറിയാനി ക്രിസ്ത്യാനികൾ പുതുതായി സ്ഥാപിച്ച മേലെകൊല്ലത്തെ പള്ളിയും കൊല്ലം ഭരണാധികാരിയുടെ കീഴിൽ തന്നെയുള്ള തേവലക്കരയിലെ പള്ളിയും സന്ദർശിച്ചതായി അന്റോണിയോ ഗുവേയ തന്റെ ജൊർണാദ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.[55]

പതിനേഴാം നൂറ്റാണ്ടിൽ മലബാർ മുഴുവന്റെയും നിയന്ത്രണം പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത ഡച്ചുകാർ കോട്ടയുടെയും അതിലുള്ള പള്ളി ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെയും നിയന്ത്രണം കൈവശപ്പെടുത്തി. ഡച്ച് കാലഘട്ടത്തിലുള്ള കോട്ടയുടെ ഭൂപടത്തിലും കൊല്ലത്തിന്റെ ഒരു ചിത്രീകരണത്തിലും ഈ പഴയ പള്ളിയും കാണാനാകും. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ബ്രിട്ടീഷുകാർ കോട്ടയും പരിസരവുമെല്ലാം ഡച്ചുകാരിൽ നിന്ന് പിടിച്ചെടുത്തു. ഈ കോട്ട പിൽകാലത്ത് പൊളിച്ചുനീക്കപ്പെട്ടു. 1863ൽ കൊല്ലം സന്ദർശിച്ച ബ്രിട്ടീഷ് മിഷനറി തോമസ് വൈറ്റ്ഹൗസ് കൊല്ലം പള്ളിയുടെ പ്രാധാന്യം അറിഞ്ഞ് അത് കണ്ടെത്താൻ കോട്ട നിലനിന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ പള്ളിയുടെ ഒരു അവശേഷിപ്പും കണ്ടെത്തിയില്ല. പള്ളി കടൽ എടുത്ത് പോയതാണ് എന്ന നിഗമനത്തിലെത്തിയ അദ്ദേഹം തന്റെ പുസ്തകത്തിൽ അപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.[56]

പ്രദേശത്തെ നിലവിലിരിക്കുന്ന പ്രമുഖ പള്ളികൾ

കൊല്ലം കാദീശാ പള്ളി

Thumb

കൊല്ലം ജൊനകപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്രിസ്ത്യൻ പള്ളിയാണ് കൊല്ലം കാദീശാപള്ളി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ബന്ധത്തിലുള്ള ഈ പള്ളി നിലവിൽ പ്രദേശത്തെ 'കൊല്ലാക്കാരൻ മൊതലാളി' എന്ന സുറിയാനി ക്രൈസ്തവ കുടുംബത്തിന്റെ സ്വകാര്യ നിയന്ത്രണത്തിലാണ് ഉള്ളത്. സാപോർ, അപ്രോത്ത് എന്നീ വിശുദ്ധന്മാരുടെ അഥവാ 'കാദീശങ്ങളുടെ' പേരിൽ അറിയപ്പെടുന്നതിനാണ് ഈ പള്ളി കാദീശാ പള്ളി എന്ന് വിളിക്കപ്പെടുന്നത്.[57] നിലവിൽ കാദീശങ്ങളുടെ നാമധേയത്തിലുള്ള വിരലിലെണ്ണാവുന്ന പള്ളികളിൽ ഒന്നാണ് ഇത്.[58][59][60]

പോർച്ചുഗീസുകാരുടെ കാലത്ത് കൊല്ലത്തെ തർസാപ്പള്ളിയിൽ എന്ന തങ്ങളുടെ പുരാതന പള്ളിയിൽ നിന്ന് കൊല്ലം കുന്നിൻ പ്രദേശത്തേക്ക് താമസം മാറിയ സുറിയാനി ക്രിസ്ത്യാനികൾ പണികഴിപ്പിച്ച പള്ളിയാണ് കൊല്ലം കാദീശാപള്ളി. 1519ഓടെയാണ് ഈ പള്ളി പണികഴിപ്പിക്കപ്പെട്ടത്. കൊല്ലത്തെ പഴയ പള്ളി അവകാശമാക്കിയ പോർച്ചുഗീസുകാരും സുറിയാനി ക്രിസ്ത്യാനികളും തമ്മിൽ തർസാപ്പള്ളി ശാസനം പ്രകാരമുള്ള അവകാശങ്ങൾക്ക് വേണ്ടി ഉണ്ടായ തർക്കത്തിൽ വിധിത്തീർപ്പ് സുറിയാനി ക്രിസ്ത്യാനികൾക്ക് അനുകൂലമായതോടുകൂടി ആ അധികാര അവകാശങ്ങൾ ഈ പള്ളി കേന്ദ്രീകരിച്ച് വിനിയോഗിക്കപ്പെടാൻ തുടങ്ങി. അതിനാൽ പിൽക്കാലത്ത് കാദീശാപള്ളി ശാസനം എന്നും കൊല്ലം ശാസനം അറിയപ്പെട്ടു.

പള്ളിയുടെ ആനവാതിലിനോടു ചേർന്നു ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് വട്ടെഴുത്ത് ശിലാലിഖിതങ്ങൾ പ്രാധാന്യമേറിയതാണ്. കൊല്ലവർഷം 826ൽ (ക്രി. വ. 1651) തർസാപ്പള്ളി ശാസനത്തിന്റെ ചെമ്പോലകൾ പകർത്തി എഴുതി എന്നാണ് ഇതിൽ പറയുന്നത്.[61]

പോർച്ചുഗീസ് ചരിത്രരേഖയായ ജൊർണാദയിൽ ഈ പള്ളിയെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ആർച്ചുബിഷപ്പ് മെനെസിസ് ഇവിടേക്ക് നടത്തിയ സന്ദർശനങ്ങൾ വിവരിക്കുന്ന ഗ്രന്ഥകാരനായ ഗൂവേയ മേലെകൊല്ലത്ത് മാർത്തോമാ ക്രിസ്ത്യാനികൾ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിച്ച പള്ളി എന്നാണ് ഇതിനെ രേഖപ്പെടുത്തുന്നത്.[62] ജൊഹാന്നസ് ഫാക്കുണ്ടൊ റൗളിൻ, അൻക്വറ്റിൽ ഡു പെറോൺ, പൗളിനോസ് എന്നീ എഴുത്തുകാർ തങ്ങളുടെ പുസ്തകങ്ങളിൽ ചേർത്തിട്ടുള്ള മാർത്തോമാ ക്രിസ്ത്യാനികളുടെ പള്ളികളുടെ പട്ടികകളിലും ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡു പെറോണിന്റെയും പൗളിനോസിന്റെയും പുസ്തകങ്ങളിൽ ഈ പള്ളി മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൗളിനോസിന്റെ 'ഇന്ത്യാ ഓറിയന്റാലിസ് ക്രിസ്റ്റ്യാന' എന്ന പുസ്തകത്തിൽ ഈ പള്ളി തകർന്നു കിടക്കുകയാണ് എന്നും കൂട്ടിച്ചേർക്കുന്നു.[63] ഈ പള്ളി കൊല്ലത്തെ സുറിയാനി ക്രിസ്ത്യാനികൾ പുതുക്കിപ്പണിതതിനെ പറ്റി 1873ൽ തോമസ് വൈറ്റ്ഹൗസ് രേഖപ്പെടുത്തിയിട്ടുണ്ട്.[56]

തേവലക്കര പള്ളി

Thumb
തേവലക്കര മോർത്ത് മറിയം മലങ്കര ഓർത്തോഡോക്സ് പള്ളി

കൊല്ലത്തെ ഏറ്റവും പുരാതനമായ പള്ളികളിൽ പ്രമുഖ തേവലക്കര മോർത്ത് മറിയം പള്ളി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിന്റെ കീഴിൽ ആണ് ഈ പള്ളി ഭരിക്കപ്പെടുന്നത്. പ്രാദേശിക പാരമ്പര്യമനുസരിച്ച്, തോമാശ്ലീഹാ കൊല്ലത്ത് സ്ഥാപിച്ച പഴയ പള്ളിയിലെ കുറേ വിശ്വാസികൾ പിൽക്കാലത്ത് തേവലക്കരയിലേക്ക് താമസം മാറിയപ്പോൾ അവിടെ സ്ഥാപിക്കപ്പെട്ട പള്ളിയാണ് ഇത്. പേർഷ്യൻ വിശുദ്ധന്മാരായ സാപോർ അപ്രോത്ത് എന്നിവരാണ് ഈ പള്ളി പണി കഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു.[64] പേർഷ്യൻ വിശുദ്ധനായ മാർ ആബോയുടെ കബറിടം നിലകൊള്ളുന്ന ഈ പള്ളി നിരവധി തീർത്ഥാടകരുടെ സന്ദർശനകേന്ദ്രമാണ്.

പോർച്ചുഗീസ് ചരിത്രരേഖയായ ജൊർണാദ നൽകുന്ന വിവരണം അനുസരിച്ച് പ്രദേശത്തെ ഏറ്റവും ശക്തമായ സുറിയാനി ക്രിസ്ത്യാനി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. ആർച്ചുബിഷപ്പ് മെനെസിസ് പള്ളിയിൽ നടത്തിയ സന്ദർശനവും തുടർന്നുണ്ടായ സംഭവങ്ങളും ഈ പുസ്തകത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. കൊല്ലത്തെ രണ്ടു പള്ളികളും സന്ദർശിച്ച ശേഷം തേവലക്കരയിൽ എത്തിയ മെനെസിസിന് അവിടുത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ തണുത്ത സ്വീകരണമാണ് കിട്ടിയത്. അവിടത്തെ പള്ളിക്കെട്ടിടം മലബാറിൽ ഉള്ളവയിൽ മികച്ച ഒരു നിർമ്മിതിയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അവിടെവെച്ച് തർസ്സാപ്പള്ളി ശാസനത്തിന്റെ ചെമ്പോലകൾ, സഭാ ആസ്ഥാനമായ അങ്കമാലിയിലേക്ക് അവർ കൊണ്ടുപോവുകയില്ല എന്ന വ്യവസ്ഥയിൽ, അവർ അദ്ദേഹത്തെ കാണിച്ചു. കൊടുങ്ങല്ലൂർ ക്നായി തോമൻ ചെപ്പേട് സഭാധികാരികളുടെ ശ്രദ്ധക്കുറവ് മൂലം കൊച്ചിയിലെ പോർച്ചുഗീസ് പാണ്ടികശാലയിൽവെച്ച് നഷ്ടപ്പെട്ട സാഹചര്യം മുൻനിർത്തിയാണ് അവർ ഇപ്രകാരം ഒരു വ്യവസ്ഥ മുന്നോട്ടുവച്ചത് എന്ന് ഗ്രന്ഥകാരനായ ഗുവേയ വിവരിക്കുന്നു. അഭിപ്രായപ്പെടുന്നു അദ്ദേഹം അവിടെ കുർബാനയും മറ്റു കൂദാശകളും പരികർമ്മം ചെയ്തു. അദ്ദേഹത്തെ അവിടെ സ്വീകരിച്ചതിൽ പ്രദേശത്തെ മുസ്ലിംങ്ങൾ കുപിതരാവുകയും നസ്രാണികൾക്കെതിരെ അക്രമം അഴിച്ചു വിടുകയും ചെയ്തു. പോർച്ചുഗീസുകാരും മുസ്ലിംങ്ങളും തമ്മിൽ വ്യാപാര മേഖലയിൽ നിലനിന്നിരുന്ന കടുത്ത തർക്കമാണ് ഇതിനവരെ പ്രേരിപ്പിച്ചത്. എന്നാൽ സ്ഥലത്തെ സുറിയാനി ക്രിസ്ത്യാനികളും നായർ വിഭാഗക്കാരും ഇതിനെ പ്രതിരോധിച്ചു എന്നും ഗ്രന്ഥകാരൻ കൂട്ടിച്ചേർക്കുന്നു.[65][64]

കൊല്ലത്തിനടുത്തുള്ള പ്രധാന ദേവാലയങ്ങളിലൊന്നാണ് തേവലക്കരയിലെ മാർത്ത മറിയം ഓർത്തഡോക്സ് സിറിയൻ ചർച്ച്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചവറ കുട്ടിവട്ടം ജംഗ്ഷന് അഞ്ച് കിലോമീറ്റർ കിഴക്കും ശാസ്താംകോട്ടയ്ക്ക് പടിഞ്ഞാറ് ആറ് കിലോമീറ്റർ മാറിയാണ് പള്ളി.

കൊല്ലം ശുദ്ധീകരണ നാഥയുടെ റോമൻ കത്തോലിക്കാ പള്ളി

കൊല്ലം തുറമുഖത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖമായ റോമൻ കത്തോലിക്ക പള്ളിയാണ് ശുദ്ധീകരണനാഥയുടെ പള്ളി. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിൽ എത്തിയ കൊല്ലം തങ്കശ്ശേരിയിലെ നസ്രാണികളുടെ പഴയ പള്ളിയും അതിനു ചുറ്റും പോർച്ചുഗീസുകാർ സ്ഥാപിച്ച സെന്റ് തോമസ് കോട്ടയും ഡച്ചുകാരുടെ നിയന്ത്രണത്തിൽ എത്തിയപ്പോൾ റോമൻ കത്തോലിക്കരുടെ ആരാധനാ ആവശ്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ട പള്ളിയാണ് ഇത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രദേശം സന്ദർശിച്ച ബ്രിട്ടീഷ് മിഷണറിമാരായ ബിഷപ്പ് തോമസ് ഫാൻഷോ മിഡിൽടൺ, തോമസ് വൈറ്റ്ഹൗസ് തുടങ്ങിയവർ ഈ പള്ളിയെ പറ്റി തങ്ങളുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[66]

നിലവിൽ റോമൻ കത്തോലിക്കാ സഭയുടെ കൊല്ലം രൂപതയുടെ ഭരണത്തിൻ കീഴിലുള്ള ഒരു ഇടവക പള്ളിയും പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ് ഇത്. നിലവിലെ പള്ളി 1993ൽ പണികഴിപ്പിക്കപ്പെട്ടതാണ്.[67]

Remove ads

പാലയൂർ

Thumb
പാലയൂർ സിറോ-മലബാർ കത്തോലിക്കാ പള്ളി

ചരിത്രം

ഏഴര പള്ളികളിൽ രണ്ടാമത്തേതായി എണ്ണപ്പെടുന്നതും നിലവിലിരിക്കുന്നതിൽ വെച്ച് ഏറ്റവും പഴയതായി ഗണിക്കപ്പെടുന്നതുമായ പള്ളിയാണ് പാലയൂർ പള്ളി. തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ ആണ് ഈ പള്ളി ഇത് സ്ഥിതിചെയ്യുന്നത്. പുരാതന ചരിത്രരേഖകളിൽ പാലൂർ എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട യഹൂദ കേന്ദ്രങ്ങളിൽ ഒന്നായി പാലയൂർ എണ്ണപ്പെടുന്നു.[68][69] ഒന്നാം നൂറ്റാണ്ടിൽ തന്നെ ശക്തമായ ഒരു യഹൂദ സമൂഹം പാലയൂരിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നുണ്ട്.[70] പാലയൂരിൽ എത്തിയ തോമാശ്ലീഹാ അവിടെയുള്ള യഹൂദരോട് സുവിശേഷ പ്രഭാഷണം നടത്തുകയും അവരിൽ വലിയൊരു വിഭാഗം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം. പ്രദേശത്ത് ഒരു പ്രമുഖമായ ക്ഷേത്രം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ ഇത് ബൗദ്ധരുടെ ആയിരുന്നോ ജൈനരുടെ ആയിരുന്നോ അതോ ഹൈന്ദവരുടെ ആയിരുന്നോ എന്നതിൽ അഭിപ്രായ ഐക്യം ഇല്ല. തോമാശ്ലീഹായുടെ പേരിൽ പ്രസിദ്ധമായ ചില അത്ഭുതങ്ങൾക്കും പാലയൂർ പശ്ചാത്തലമായി. അവിടത്തെ പുരോഹിതന്മാർ ക്ഷേത്രക്കുളത്തിൽ ഇറങ്ങി വിഗ്രഹത്തിന് നേർക്ക് ജലധാര കോരി സമർപ്പിക്കുന്നത് കണ്ട് തോമാ അവരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. നിങ്ങൾ സമർപ്പിക്കുന്ന ജലധാര നിങ്ങളുടെ ദേവൻ സ്വീകരിക്കുന്നില്ലല്ലോ എന്നാൽ എൻറെ ദേവന് സമർപ്പിച്ചാൽ സ്വീകരിക്കും എന്ന് പറഞ്ഞു കൊണ്ട് തോമാശ്ലീഹാ ക്ഷേത്രക്കുളത്തിൽ നിന്ന് അല്പം വെള്ളം കോരി അന്തരീക്ഷത്തിലേക്ക് ഒഴിച്ചു. അത് താഴേക്ക് വീഴാതെ അന്തരീക്ഷത്തിൽ തന്നെ നിന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇത് കണ്ട് അത്ഭുതപ്പെട്ട പുരോഹിതർ തോമായുടെ പ്രസംഗം കേൾക്കുകയും മാമോദിസ സ്വീകരിച്ച് ക്രിസ്ത്യാനികൾ ആവുകയും ചെയ്തു എന്നാണ് ഐതിഹ്യം.[71] യഹൂദരും അല്ലാത്തവരുമായ ക്രിസ്ത്യാനികൾ ആണ് പാലയൂരിലെ ക്രൈസ്തവ സമൂഹത്തിൻറെ അടിസ്ഥാനം.[72][73][74] തുടർന്നുള്ള കാലയളവിൽ നസ്രാണികളുടെയിടയിൽ സഭാപരവും സാംസ്കാരികവുമായ പ്രാധാന്യത്തിനപ്പുറം സാമ്പത്തികവും ഭൗതികവുമായ വളർച്ചയും ആർജിക്കാൻ പാലയൂർ പള്ളിക്ക് സാധിച്ചു. ചേരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം നസ്രാണികളുടെ മറ്റ് പ്രധാന ആവാസ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമൂതിരിയുടെ ഭരണ മേഖലയുടെ ഭാഗമായി ഈ പള്ളി. കാലക്രമേണ പാലയൂരിൻറെ പ്രതാപത്തിനും മങ്ങലേറ്റു. മുസ്ലിങ്ങളുടെ വാണിജ്യ മേഖലയിലുള്ള മേൽക്കൈ, ആക്രമണങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായി. എങ്കിലും പതിനെട്ടാം നൂറ്റാണ്ട് വരെ എങ്കിലും പ്രദേശത്ത് പള്ളിയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം നിലനിന്നു. പാലയൂർ പള്ളിയുടെ പൂർവ്വകാല സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിവരം നൽകുന്ന 17, 18 നൂറ്റാണ്ടുകളിലെ മൂന്ന് ചെമ്പോലകൾ ഇതിന് തെളിവാണ്.

ചരിത്രരേഖകളിലൂടെ

Thumb
പതിനേഴാം നൂറ്റാണ്ടിനുമുമ്പ്

കൊടുങ്ങല്ലൂർ, കൊല്ലം എന്നിവയ്ക്ക് ശേഷം മലബാറിലെ സുറിയാനി നസ്രാണികളുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി പാലൂർ അറിയപ്പെട്ടു. 1504-ൽ കിഴക്കിന്റെ സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കാ-പാത്രിയാർക്കീസ്‌ മാർ ഏലിയ അഞ്ചാമൻ ഇന്ത്യയ്‌ക്കായി വാഴിച്ച് അയച്ച നാല്‌ പൗരസ്‌ത്യ സുറിയാനി ബിഷപ്പുമാരായ മാർ യഹ്ബല്ലാഹ, മാർ ദനഹാ, മാർ യാക്കോബ്‌ ആബൂന, മാർ തോമാ എന്നിവർ സഭാ അധ്യക്ഷന് അയച്ച കത്തിൽ പാലൂരിലെ ക്രിസ്‌തീയ സമൂഹത്തിന്റെ ഈ പ്രാധാന്യം എടുത്തു പരാമർശിക്കുന്നു.[34]

ഇന്ത്യയിലെ രാജ്യങ്ങൾ എണ്ണമറ്റതും ശക്തവുമാണ്, അവയുടെ ദൂരം ഏകദേശം ആറ് മാസത്തെ യാത്രയാണ്. ഓരോ രാജ്യത്തിനും അത് അറിയപ്പെടുന്ന ഒരു പ്രത്യേക പേരുണ്ട്, നമ്മുടെ ക്രിസ്ത്യാനികൾ ഉള്ള രാജ്യത്തിന്റെ പേര് മലബാർ എന്നാണ്. ഇതിന് ഇരുപതോളം പട്ടണങ്ങളുണ്ട്, അവയിൽ മൂന്നെണ്ണം പ്രശസ്തവും ശക്തവുമായ കറങ്ങോൾ [കൊടുങ്ങല്ലൂർ], പാല്ലൂർ, കൊല്ലം എന്നിവയും ഒപ്പം അവയുടെ സമീപത്തുള്ള മറ്റുള്ളവയുമാണ്.[35]

Thumb
ഗീവർഗീസ് അർക്കദിയാക്കോൻ

പോർച്ചുഗീസുകാരുടെ സഭാ ഭരണത്തിന്മേലുള്ള അധിനിവേശ ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചിരുന്ന അവിഭക്ത മാർത്തോമാ നസ്രാണികളുടെ അവസാന സുറിയാനി മെത്രാപ്പോലീത്തയായിരുന്ന മാർ അബ്രാഹം തന്റെ അർക്കദിയാക്കോനായ മിശിഹായുടെ ഗീവർഗീസിനെ പാലൂരിന്റെ മെത്രാനും തൻറെ അനന്തരാവകാശിയുമായി തിരഞ്ഞെടുക്കുകയും മാർപാപ്പയിൽ നിന്നും കൽദായ പാത്രിയർക്കീസിൽ നിന്നും അതിന് ഔദ്യോഗിക അംഗീകാരം നേടിയെടുക്കുകയും ചെയ്തിരുന്നു.[75] എന്നാൽ അർക്കദിയാക്കോന്റെ മരണത്തെ തുടർന്ന് ഈ നീക്കം വിജയിച്ചില്ല. ഇത് മാർ അബ്രഹാമിന്റെ മരണശേഷം പോർച്ചുഗീസ് ഗോവ മെത്രാപ്പോലീത്തയായ അലെക്സിസ് മെനസസിന്റെ നേതൃത്വത്തിൽ ഉദയംപേരൂർ സൂനഹദോസ് വിളിച്ചു ചേർക്കപ്പെടുന്നതിലേക്കും പോർച്ചുഗീസുകാർ നസ്രാണികളുടെ സഭാ ഭരണം ഏറ്റെടുക്കുന്നതിലേക്കും നയിച്ചു.[76]

പതിനേഴാം നൂറ്റാണ്ട്

ഉദയംപേരൂർ സൂനഹദോസിനുശേഷം പോർച്ചുഗീസ് മിഷനറിമാരുടെ നേതൃത്വത്തിൽ നടന്ന ലത്തീൻ വൽക്കരണത്തിനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ച പള്ളികളിൽ ഒന്നായിരുന്നു പാലൂർ പള്ളി. ഇതിനെപ്പറ്റിയുള്ള ഒരു വിവരണം ഗുവേയ ജൊർനാദയിൽ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് സാമൂതിരിയുടെ ഭരണ പ്രദേശത്തുള്ള നാല് സുറിയാനി പള്ളികളിൽ ഏറ്റവും പ്രധാനപ്പെട്ടത് പാലൂർ പള്ളി ആയിരുന്നു. ഏനമ്മാവ്, മറ്റത്തിൽ, ചാട്ടുകുളങ്ങര (കുന്നംകുളം) എന്നിവയായിരുന്നു മറ്റുള്ളവ. ഉദയംപേരൂർ സൂനഹദോസിനെയും അതിൻറെ തീരുമാനങ്ങളെയും അവിടെ അംഗീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി മെനസിസ് തൻറെ പ്രതിനിധികളെ ഒരു കത്തുമായി പാലൂരിലേക്ക് അയച്ചു. എന്നാൽ അവിടെ ഈ നീക്കത്തിന് ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. ഇടവക പള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും വിശ്വാസികൾ ഒരുമിച്ചു കൂടി മെനസസിന്റെ പ്രതിനിധികളുടെ മുമ്പാകെ ഒരു നാടകം അവതരിപ്പിച്ചു. അതിൽ തോമാശ്ലീഹായും പത്രോസ് ശ്ലീഹായും തമ്മിൽ ഇന്ത്യയിലെ സഭയുടെ മേലുള്ള അധികാരത്തെ ചൊല്ലി വാദപ്രതിവാദം നടത്തുന്നതും അവസാനം പള്ളിയുടെ മധ്യസ്ഥനായ മാർ കുര്യാക്കോസ് അവരുടെ ഇടയിൽ പ്രശ്നപരിഹാരം നടത്തുന്നതുമായിരുന്നു നാടകത്തിൻറെ ഇതിവൃത്തം. പത്രോസ് ശ്ലീഹായുടെയും തോമാശ്ലീഹായുടെയും നിയമങ്ങൾ രണ്ടും തുല്യമാണെന്നും അതിനാൽ വിശുദ്ധ പത്രോസിന്റെ റോമിലെ അപ്പോസ്തോലിക സിംഹാസനത്തിനല്ല, മറിച്ച് ബാബിലോണിലെ മാർത്തോമായുടെ അപ്പോസ്തോലിക സിംഹാസനത്തിനാണ് മാർത്തോമാ ക്രിസ്ത്യാനികൾ വിധേയപ്പെടേണ്ടത് എന്നുമുള്ള തീർപ്പാണ് അവസാനം മാർ കുര്യാക്കോസിന്റേതായി നാടകത്തിൽ നൽകിയത് എന്നും ഗുവേയ കൂട്ടിച്ചേർക്കുന്നു. മെനസിസ് ഈ സംഭവത്തെ പിശാചിനാൽ പ്രേരിപ്പിച്ച ഒന്നായി വ്യാഖ്യാനിക്കുകയും പാലൂരിലെ നസ്രാണികളുടെ പ്രവർത്തനങ്ങൾ 'വിശുദ്ധ തോമസിന്റെ നിയമത്തിന്' കീഴിൽ ഇരുമ്പ് ബന്ധിതമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു.[77]

Thumb
കുര്യാക്കോസും അമ്മ യൂലീത്തയും

ഉദയംപേരൂർ സൂനഹദോസിന് ശേഷം മാർത്തോമാ നസ്രാണികളുടെ ആദ്യ ലത്തീൻ ബിഷപ്പായി ചുമതലയേറ്റ ഫ്രാൻസിസ്കോ റോസ് 1602ൽ പാലൂർ സന്ദർശിച്ചു.[78] റോസ് മാർപാപ്പയ്ക്ക് അയച്ച നസ്രാണികളെ കുറിച്ചുള്ള വിവരണത്തിൽ പാലൂർ പള്ളിയെ കുറിച്ച് പ്രത്യേകമായി വിവരിച്ചിരിക്കുന്നു. പാലൂരിൽ അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന പള്ളിക്കെട്ടിടം നസ്രാണികളിൽ നിന്ന് തനിക്ക് ലഭിച്ച വിവരം അനുസരിച്ച് ഏതാണ്ട് 300 വർഷം പഴക്കമുള്ളതാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളി പിൽക്കാലത്ത് പുതുക്കി പണിതതായും റോസ് രേഖപ്പെടുത്തിയിരിക്കുന്നു.[79] അക്കാലത്ത് സാമൂതിരിയുടെ രാജ്യത്ത് എത്തിച്ചേർന്ന ജ്യോകോമോ ഫെനീച്ചിയോ (അർത്തുങ്കൽ വെളുത്തച്ചൻ) എന്ന ഈശോസഭാ മിഷനറി വൈദികന്റെ നേതൃത്വത്തിലാണ് പാലൂർ പള്ളി പുതുക്കിപ്പണിയുന്നതിന് സാഹചര്യമൊരുങ്ങിയത്. അക്കാലത്ത് പള്ളി മരത്തടി കൊണ്ട് നിർമ്മിക്കപ്പെട്ടതും വളരെ ചെറുതും ആയിരുന്നു. കാലപ്പഴക്കം കൊണ്ടും പ്രതികൂല കാലാവസ്ഥ കൊണ്ടും കെട്ടിടം ദ്രവിച്ച് കേടുപാടുകൾ ഏറ്റിരുന്നു. പാലൂർ പള്ളി ഉൾപ്പെടെ ഏതാനും പള്ളികൾ പണിയുന്നതിനും പുതുക്കുന്നതിനും സാമൂതിരിയിൽ നിന്ന് പ്രത്യേക അനുമതി അദ്ദേഹം നേടിയെടുത്തിരുന്നു. പാലൂർ പള്ളിയുടെ ചരിത്രപരവും സാംസ്കാരികവും ആയ പ്രാധാന്യം ഫെനീച്ചിയോ തൻറെ കത്തുകളിൽ വിവരിക്കുന്നുണ്ട്. മലബാറിലെ പള്ളികളിൽ ഒന്നാമത്തേത് പാലൂർ പള്ളിയാണെന്നും അതൊരു വലിയ തീർത്ഥാടന കേന്ദ്രമാണെന്നും ഫെനീച്ചിയോ രേഖപ്പെടുത്തിയിരിക്കുന്നു.[80][81][82][83]

പോർച്ചുഗീസുകാരുടെ സഭാ ഭരണത്തിനെതിരെ മാർത്തോമാ നസ്രാണികൾ നടത്തിയ കൂനൻ കുരിശ് സത്യത്തിന് ശേഷം നസ്രാണികളെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക നേതൃത്വവുമായി പുനരൈക്യപ്പെടുത്തുന്നതിന് മാർപാപ്പ നിയോഗിച്ച ജോസഫ് മരിയ സെബസ്ത്യാനി എന്ന കർമലീത്ത വൈദികൻ പാലൂർ സന്ദർശിച്ചു. അദ്ദേഹം പാലൂർ പള്ളിയെ വിശേഷിപ്പിക്കുന്നത് മലബാറിലെ എല്ലാ പള്ളികളിലും വെച്ച് ഒന്നാമത്തേത് എന്നാണ്.[84]

പതിനേഴാം നൂറ്റാണ്ടിനുശേഷം
Thumb
മിഖായേൽ അഗസ്തിനോസ് കോറപ്പിസ്കോപ്പ

നസ്രാണികളുടെ വിവിധ സഭായോഗങ്ങളുടെ തീരുമാനങ്ങൾ അടങ്ങിയ പടിയോലകളിലും പാലൂർ പ്രത്യേകം എടുത്തു പറയപ്പെടുന്നുണ്ട്. 1632ലെ ഇടപ്പള്ളി പടിയോലയിൽ മാർത്തോമാ നസ്രാണികളുടെ ഭൂമിശാസ്ത്രപരമായ സാന്നിധ്യം തെക്ക് കൊല്ലം മുതൽ വടക്ക് പാലൂർ വരെ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1787ലെ അങ്കമാലി പടിയോലയിൽ ഒപ്പുവെച്ച പഴയകൂർ പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ മലബാർ അധിനിവേശത്തെ തുടർന്ന് പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി ടിപ്പുവിന്റെ പട്ടാളം പള്ളി തീയിട്ടു നശിപ്പിച്ചു. ടിപ്പുവിന്റെ പതനത്തിനു ശേഷമാണ് പള്ളി വീണ്ടും പുനർ നിർമ്മിക്കപ്പെട്ടത്.[85] പത്തൊമ്പതാം നൂറ്റാണ്ടിൽ പഴയകൂർ കൽദായ സുറിയാനി അഥവാ സിറോ-മലബാർ സഭയിൽ ഉണ്ടായ പിളർപ്പിന്റെ കാലത്ത് മാർ ഏലിയാ മേല്ലൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വം സ്വീകരിച്ച ഈ പള്ളി കുറേക്കാലം മിഖായേൽ അഗസ്തിനോസ് കോറപ്പിസ്കോപ്പയുടെ കീഴിൽ നിലകൊണ്ടു.[86] ഈ വിഭാഗം പിന്നീട് കിഴക്കിന്റെ അസ്സീറിയൻ സഭയിൽ ചേരുകയും സിറോ-മലബാർ സഭ ലത്തീൻ സഭയിൽ നിന്ന് സ്വതന്ത്രമാവുകയും സഭയ്ക്ക് തദ്ദേശീയ മെത്രാന്മാർ ലഭിക്കുകയും ചെയ്തതോടെ ഇത് വീണ്ടും കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ തിരിച്ചെത്തി. 1948 മുതലുള്ള വർഷങ്ങളിൽ പള്ളിയുടെ വികാരിയായിരുന്ന ജി.എഫ് ചൂണ്ടലിൻറെ കാലത്ത് പള്ളിയിൽ പല പരിഷ്കരണങ്ങളും നടന്നു. ഇക്കാലത്താണ് പള്ളിയുടെ മധ്യസ്ഥപദവിയിൽ നിന്ന് വിശുദ്ധ കുര്യാക്കോസ് സഹദായെ നീക്കി തോമാശ്ലീഹയുടെ നാമധേയത്തിലേക്ക് പള്ളി മാറ്റപ്പെട്ടത്.[87] പുനഃസ്ഥാപിതമായ സിറോ-മലബാർ സഭയുടെ ആദ്യ അധ്യക്ഷനായിരുന്ന അഗസ്റ്റിൻ കണ്ടത്തിലിന്റെ കാലത്ത് സഭയിൽ ഉയർന്നുവന്നതും തോമാശ്ലീഹായുടെ ഇന്ത്യാ പ്രേക്ഷിതത്വത്വം, സഭയുടെ ഭാരതവത്കരണം എന്നിവയെ മുൻനിർത്തിയുള്ളതുമായ സഭാ വ്യാപകമായ സ്വതന്ത്രതാ വാദത്തിന്റെ ഭാഗമായി എടുത്ത പരിഷ്കരണ പരിപാടിയുടെ ഭാഗമായിരുന്നു ഇത്.

ആധുനിക കാലം

Thumb

ചരിത്രപരവും സാംസ്കാരികവും വാസ്തു കലാപരവും ആയ കാരണങ്ങളാൽ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്ന പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി പരമ്പരാഗത കേരളീയ വാസ്തു കലയുടെ സ്വാധീനം നിലവിലെ കെട്ടിടത്തിലും കാണാനാകും.[88] ഇന്ത്യയിലെ ഏറ്റവും പഴയ പള്ളി എന്നും ഇത് അറിയപ്പെടുന്നു എങ്കിലും നിലവിലെ കെട്ടിടം നിരവധി പുതുക്കിപ്പണികൾക്ക് വിധേയമായിട്ടുള്ളതാണ്. നിലവിൽ സിറോ-മലബാർ സഭയുടെ തൃശൂർ അതിരൂപതയിലെ ഏറ്റവും പ്രമുഖമായ ദൈവാലയങ്ങളിൽ ഒന്നാണ് ഇത്. പ്രമുഖ മാർത്തോമൻ തീർഥാടന കേന്ദ്രമായും ഇത് പ്രസിദ്ധമാണ്. ദുക്റാന, പുതുഞായർ തുടങ്ങിയ പെരുന്നാളുകൾ വളരെ ആഘോഷമായും ജനപങ്കാളിത്തത്തോടെയും ഇവിടെ ആചരിക്കപ്പെടുന്നു.[89][90][91] പള്ളിയുടെ സഭാപരമായ പ്രാധാന്യം കണക്കിലെടുത്ത് സിറോ-മലബാർ സഭയുടെ അധ്യക്ഷനായ മാർ ജോർജ് ആലഞ്ചേരി ഇതിനെ ഒരു മേജർ ആർക്കിയെപിസ്കോപ്പൽ പള്ളിയായി ഉയർത്തി.[92][93]

Remove ads

കോട്ടക്കാവ്

Thumb
കോട്ടക്കാവ് പുതിയ പള്ളി

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ആണ് കോട്ടക്കാവ് പള്ളി സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളിൽ ഇന്നും നിലനിൽക്കുന്ന മൂന്നു പള്ളികളിൽ ഒന്ന് എന്ന നിലയിൽ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. പട്ടമന പറവൂർ അല്ലെങ്കിൽ പറൂർ എന്ന പേരിലാണ് ചരിത്ര രേഖകളിൽ ഈ സ്ഥലം പ്രതിപാദിക്കപ്പെടുന്നത്. മാർത്തോമാ നസ്രാണികളുടെ പ്രധാന വിശുദ്ധന്മാരിൽപ്പെട്ട സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരുടെ പേരിലായിരുന്നു കോട്ടക്കാവിലെ പള്ളി നിലനിന്നിരുന്നത്. വലിയ ഒരു യഹൂദ സമൂഹവും പറവൂരിൽ കഴിഞ്ഞിരുന്നു. ഒമ്പതാം നൂറ്റാണ്ടിലും 1308ലും കോട്ടക്കാവ് പള്ളി പുനർനിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു.[94] കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയ പൗരസ്ത്യ സുറിയാനി മെത്രാൻ മാർ യാക്കോബ് ആബൂനയുടെ നേതൃത്വത്തിന് കീഴിൽ ഈ പള്ളി നിലനിന്ന കാലത്തെ സുറിയാനി കയ്യെഴുത്ത് പ്രതികൾ ലഭ്യമാണ്. ക്രി. വ. 1556ൽ പറവൂരിൽ വെച്ച് എഴുതപ്പെട്ട ഒരു പ്രാർത്ഥന പുസ്തകത്തിന്റെ മുഖവുരയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

നമ്മുടെ കർത്താവിന്റെ സഹായത്താൽ ഞങ്ങൾ പ്രവാചകന്മാരുടെ ഈ പുസ്തകം പൂർത്തിയാക്കി; ഇത് നമ്മുടെ കർത്താവിന്റെ ജനന വർഷം 1556 ഫെബ്രുവരി 18-ാം തീയതി തിങ്കളാഴ്ചയാണ് എഴുതിയത്. ഞാൻ, യാക്കോബ് കാശീശ, മാർ യാക്കോബിന്റെ ശിഷ്യൻ, പറൂർ ഗ്രാമത്തിൽ നിന്ന്, മാർ ശാപോറിന്റെയും മാർ യാപോഥിന്റെയും വിശുദ്ധ പള്ളിയിൽ ഈ പുസ്തകം എഴുതിയിരിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധ നാമം എന്നേക്കും സ്തുതിക്കപ്പെടട്ടെ. ആമേൻ!

MS വത്തിക്കാൻ സുറിയാനി N. iv, ഫോളിയോ 278[95]
Thumb
കോട്ടക്കാവ് പഴയ പള്ളി

കൊടുങ്ങല്ലൂരിലെ മാർത്തോമാ നസ്രാണി സമൂഹം അവിടെനിന്നും പലായനം ചെയ്തതിൽ വലിയൊരു പങ്ക് ആളുകൾ പറവൂരിലാണ് താമസമാക്കിയത്.[96] സുറിയാനി ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട പള്ളികളിൽ ഒന്നായി എണ്ണപ്പെട്ട ഇത് പ്രദേശത്തെ വാണിജ്യ പുരോഗതിയെ തുടർന്ന് ഇടവക അംഗസംഖ്യയിലും വളർന്നു. ഇതേ തുടർന്ന് പറവൂരിൽ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ ഒരു പുതിയ പള്ളി കൂടി പണിയപ്പെട്ടു. പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ മലബാറിൽ സഭാഭരണം നടത്തിയിരുന്ന കൽദായ മെത്രാപ്പോലീത്ത മാർ യൗസേപ്പ് സുലാഖയാണ് ഈ പള്ളിയുടെ തറക്കല്ലിട്ടതും വെഞ്ചിരിപ്പ് നടത്തിയതും എന്ന പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പോർട്ടുഗീസ് ചരിത്രരേഖയായ ജോർനാദയിൽ വടക്കൻ പറവൂരിലെ രണ്ടു പള്ളികളേയും കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.[97]

ഈ അധിവാസമേഖലയിൽ (പറൂർ) രണ്ട് പള്ളികളുണ്ട്, ഒന്ന് മഹിമയേറിയ വിശുദ്ധ തോമായ്ക്ക് സമർപ്പിക്കപ്പെട്ടതാണ്, മറ്റൊന്ന് അവർ (മാർ തോമാ ക്രിസ്ത്യാനികൾ) രണ്ട് വിശുദ്ധന്മാർ എന്ന് വിളിച്ചിരുന്ന ആ രണ്ട് നെസ്തോറിയൻമാർക്കായി (മാർക്സാബ്രോ, മാർപ്രോദ്) സമർപ്പിക്കപ്പെട്ടതായിരുന്നു, ആർച്ചുബിഷപ്പ് (അലക്സിസ് മെനസിസ്) സർവ്വ വിശുദ്ധന്മാരുടെയും എന്ന പേര് നൽകി. രണ്ടും ഇടവകകളാണ്. ഓരോന്നിനും മതിയായ എണ്ണം ആളുകളുണ്ട്.

ഗുവേയ 1606, pp. 449

1575ൽ ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഈ പള്ളിയ്ക്ക് വിശേഷാധികാരമുള്ള അൾത്താര എന്ന പദവിയിലേക്ക് ഉയർത്തി. പോർച്ചുഗീസുകാരുടെ ലത്തീൻ വൽക്കരണ ശ്രമങ്ങളെ ശക്തമായി എതിർത്തിരുന്ന പള്ളികളിൽ ഒന്നായാണ് പറവൂർ അറിയപ്പെടുന്നത്. അലെക്സിസ് മെനസിസ് പറവൂർ പള്ളി ആദ്യം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് നേരെ അവിടെയുള്ള വിശ്വാസികൾ സംഘടിതമായി പ്രതിഷേധിച്ചു എന്ന് ജൊർനാദയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഉദയംപേരൂർ സൂനഹദോസിനു ശേഷം സാപോർ, അപ്രോത്ത് നാമധേയത്തിൽ നിലനിൽക്കുന്ന മറ്റ് പള്ളികളെ പോലെ പറവൂരിലെ വലിയപള്ളിയും ആദ്യം സകല വിശുദ്ധരുടെ പേരിലേക്ക് മാറ്റപ്പെട്ടു. എന്നാൽ ഇതിൽ ജനങ്ങളുടെ എതിർപ്പ് രൂക്ഷമായതിനാൽ പിന്നീട് മെനസിസ് അവരുടെ പേരുകളോട് സാമ്യമുള്ള കത്തോലിക്കാ വിശുദ്ധരായ ഗെർവാസീസ്, പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്ക് പള്ളിയെ മാറ്റി.[98] അധികം വൈകാതെ പറവൂർ വലിയപള്ളി കത്തോലിക്കാ സഭയുടെ മലബാറിലെ ഏറ്റവും സ്വാധീനമുള്ള കേന്ദ്രങ്ങളിൽ ഒന്നായി വളർന്നു. അങ്കമാലിയുടെ ബിഷപ്പും പിന്നീട് കൊടുങ്ങല്ലൂർ പദ്രുവാദോ മെത്രാപ്പോലീത്തയും ആയിരുന്ന ഫ്രാൻസിസ് റോസ് തൻറെ ഭരണകാലത്തിന്റെ അവസാന കാലം ഇവിടെയാണ് ചെലവഴിച്ചത്. അങ്കമാലിയിൽ നസ്രാണികളിൽ നിന്നുള്ള ശക്തമായ ചെറുത്തുനിൽപ്പും കൊടുങ്ങല്ലൂരിൽ യുദ്ധങ്ങൾ മൂലമുള്ള രാഷ്ട്രീയമായ അരക്ഷിതാവസ്ഥയും ഉണ്ടായിരുന്നതിനാൽ ആണ് അദ്ദേഹം പറവൂർ ആസ്ഥാനമാക്കിയത്. 1624ൽ അന്തരിച്ച ഇദ്ദേഹത്തിന്റെ ഒരു കബറിട ശിലാഫലകം ഈ പള്ളിയുടെ മദ്ബഹയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.[99] കൂനൻ കുരിശു സത്യത്തിനുശേഷം മാർത്തോമാ നസ്രാണികളുടെ ഇടയിലുണ്ടായ പിളർപ്പിനെ തുടർന്ന് പറവൂരിലെ ക്രൈസ്തവ സമൂഹവും രണ്ട് ചേരിയായി. ഇതേത്തുടർന്ന് വലിയപള്ളി പഴയകൂർ പക്ഷത്തും ചെറിയപള്ളി പുത്തൻകൂർ പക്ഷത്തും ആയി വേർതിരിഞ്ഞു. മാർത്തോമാ ഒന്നാമന്റെ ആസ്ഥാന കേന്ദ്രങ്ങളിൽ ഒന്നായി ചെറിയപള്ളി മാറി. അതേസമയം വലിയ പള്ളി പഴയകൂറ്റുകാരുടെ ആരാധനാകേന്ദ്രമായി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ തുടർന്നു. ഇരുപതാം നൂറ്റാണ്ടിലാണ് ഈ പള്ളി ഗർവാസീസ്, പ്രോത്താസീസ് എന്നിവരുടെ പേരിൽനിന്ന് മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിലേക്ക് മാറ്റിയത്.

ആധുനിക കാലം

നിലവിൽ സിറോ-മലബാർ കത്തോലിക്കാ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഒരു ഫൊറോനാ പള്ളിയും തീർത്ഥാടന കേന്ദ്രവുമാണ് കോട്ടക്കാവ് സെന്റ് തോമസ് പള്ളി. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ദേശീയപാത 17-ന് അരുകിലായി പെരിയാറിന്റെ തീരത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ പള്ളി

Thumb
വടക്കൻ പറവൂർ മാർത്തോമാ യാക്കോബായ പള്ളി

വടക്കൻ പറവൂർ ചെറിയപള്ളി എന്നും വിളിക്കപ്പെടുന്ന സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വടക്കൻ പറവൂരിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ പള്ളിയാണ്. 1566 നവംബർ 29നാണ് ഈ പള്ളി കൂദാശ ചെയ്യപ്പെട്ട് ആരാധനയ്ക്കായി തുറന്നു കൊടുക്കപ്പെട്ടത്.[100]

കൂനൻകുരിശ് സത്യത്തിനും മാർത്തോമാ നസ്രാണികളുടെ ഇടയിലെ പിളർപ്പിനും ശേഷം മാർത്തോമാ ഒന്നാമന്റെ ആസ്ഥാന കേന്ദ്രങ്ങളിൽ ഒന്നായി ചെറിയപള്ളി മാറിയ ഈ പള്ളി 1665ൽ മലബാറിലെത്തിയ സുറിയാനി ഓർത്തഡോക്സ് സഭയുടെ (യാക്കോബായ സഭ) ജറുസലേം മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് അബ്ദുൽ ജലീലിന്റെ ആസ്ഥാനമായും നിലകൊണ്ടു. തോമാ ഒന്നാമന്റെ കീഴിലുള്ള പുത്തൻകൂറ്റ് വിഭാഗത്തെ സുറിയാനി ഓർത്തഡോക്സ് സഭയുമായി ഐക്യപ്പെടുത്തിയ അബ്ദുൽ ജലീൽ കബറടക്കപ്പെട്ടതും ചെറിയപള്ളിയിലാണ്.[100]

നിലവിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിന്റെ കീഴിലാണ് ഈ പള്ളി ഭരിക്കപ്പെടുന്നത്. ഗ്രിഗോറിയോസ് അബ്ദുൽ ജലീലിന്റെ കബറിടം നിലനിൽക്കുന്ന ഈ പള്ളി സഭയുടെ ഒരു തീർത്ഥാടന കേന്ദ്രവുമാണ്.[101][102] സഭയുടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് വേദിയായ ഈ പള്ളിയിൽ മലങ്കര സഭാ തർക്കത്തെ തുടർന്ന് മറുവിഭാഗവും അവകാശവാദം ഉന്നയിക്കുന്നുണ്ട്.

Remove ads

കോക്കമംഗലം

തോമാശ്ലീഹായാൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു പള്ളിയാണ് കോക്കമംഗലം പള്ളി. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്തുള്ള പള്ളിപ്പുറം എന്ന പ്രദേശത്തിന് സമീപത്താണ് കോക്കമംഗലം സ്ഥിതി ചെയ്യുന്നത്. 1600 പേരോളം അന്ന് ക്രിസ്തുമതം സ്വീകരിച്ചതായി കേരളത്തിലെ പുരാതന ക്രിസ്തീയ ഗാനരൂപമായ റമ്പാൻ പാട്ടിൽ പറയുന്നു. തോമാശ്ലീഹാ കോക്കമംഗലത്ത് എത്തി ഏകദേശം ഒരു വർഷത്തോളം വചന പ്രഘോഷണം നടത്തി എന്നാണ് വിശ്വാസം. അദ്ദേഹം കോക്കമംഗലത്ത് ഒരു ക്രിസ്തീയ സമൂഹത്തെ വാർത്തെടുക്കുകയും അവർക്കായി ഒരു കുരിശ് വാഴ്ത്തി സ്ഥാപിക്കുകയും ചെയ്തുവെന്നും പാരമ്പര്യം അനുസരിച്ച് വിശ്വസിക്കപ്പെടുന്നു. എന്നാൽ പ്രദേശത്തെ അന്യമതസ്ഥർ ഇതിൽ അസ്വസ്ഥരാവുകയും അവർ ആ കുരിശ് എടുത്ത് കായലിൽ എറിഞ്ഞു കളയുകയും ചെയ്തു എന്നും പള്ളിപ്പുറത്തിന് അടുത്ത് ഉള്ള ഒരു തുരുത്തിൽ അത് ചെന്ന് അടിഞ്ഞു എന്നും വിശ്വസിക്കപ്പെടുന്നു. പ്രദേശത്തെ ഏറ്റവും പുരാതനവും കോക്കമംഗലത്തിന്റെ പാരമ്പര്യം പിന്തുടരുന്നതായി വിവിധ എഴുത്തുകാരന്മാർ വിശേഷിപ്പിച്ചിട്ടുള്ളതുമായ പള്ളിയാണ് പള്ളിപ്പുറം പള്ളി.[103]

പള്ളിപ്പുറം പള്ളിയും കോക്കമംഗലം പാരമ്പര്യവും

Thumb
പള്ളിപ്പുറം പള്ളിയും അതിനോട് ചേർന്നുള്ള സെമിനാരിയും ഒരു പഴയ ചിത്രം

തോമാശ്ലീഹായാൽ സ്ഥാപിതമായി എന്ന് പരമ്പരാഗതമായി പരിഗണിക്കപ്പെടുന്ന കോക്കമംഗലം ക്രൈസ്തവ സമൂഹത്തിൻറെ ഭാഗമായി രൂപപ്പെട്ടു എന്ന് കരുതപ്പെടുന്ന പള്ളിയാണ് പള്ളിപ്പുറം പള്ളി. കന്യകാമറിയത്തിന്റെ നാമധേയത്തിൽ ഉള്ള ഈ പള്ളി മാർത്തോമാ നസ്രാണികളുടെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നാണ്. നിലവിലെ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഇതേ പേരിൽ അറിയപ്പെടുന്ന മറ്റൊരു സ്ഥലത്തിൽ നിന്ന് തിരിച്ചറിയാൻ പലപ്പോഴും തെക്കൻ പള്ളിപ്പുറം എന്നും ഈ സ്ഥലം അറിയപ്പെടുന്നു. പള്ളിപ്പുറം പള്ളിയുടെ നിയന്ത്രണത്തിന് കീഴിൽ മാട്ടൂൽ എന്ന കായൽ തുരുത്തിൽ സ്ഥിതിചെയ്യുന്ന കുരിശുപള്ളിയും വിവിധ ചരിത്ര രേഖകളിൽ ഈ പള്ളിയോടൊപ്പം പരാമർശിക്കപ്പെട്ടിട്ടുണ്ട്. കോക്കമംഗലത്ത് തോമാശ്ലീഹാ സ്ഥാപിച്ചതും അവിടെയുള്ള അക്രൈസ്തവർ കായലിലേക്ക് എറിഞ്ഞതും ആയ കുരിശ് ചെന്നടിഞ്ഞ സ്ഥലത്താണ് ഈ കുരിശുപള്ളി പണിയപ്പെട്ടത് എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ട് പോരുന്നു.[104] അലക്സിസ് മെനസസിന്റെ ജോർനാദയിൽ ഇതിനെപ്പറ്റി പരാമർശം ഉണ്ട്. അക്കാലത്ത് വൈക്കം പ്രദേശത്തെ ക്രൈസ്തവ സമൂഹവും ആരാധനാവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് പള്ളിപ്പുറം പള്ളിയെ ആയിരുന്നു എന്നും ജൊർണാദ വ്യക്തമാക്കുന്നു.

മുട്ടത്ത് നിന്ന് കുരുമുളക് റാണിയുടെ [വടക്കുംകൂർ] ദേശത്തിന്റെ തുടക്കത്തിലുള്ള പള്ളിപ്പുറത്തേക്ക് ആർച്ചുബിഷപ്പ് പോയി. ഈ പള്ളിയിലെ ഭൂരിഭാഗം ക്രിസ്ത്യാനികളും താമസിക്കുന്നത് നദിയുടെ മറുകരയിൽ അവർ വൈക്കം എന്ന് വിളിക്കുന്ന സ്ഥലത്താണ്, അത് ഒരു ക്ഷേത്രത്തിന്റെ ഭാഗമാണ്, പള്ളിയും കുരിശും അവിടെ ഉള്ളത് അവിടത്തെ ബ്രാഹ്മണർ സഹിക്കുന്നില്ല. അതുകൊണ്ട് നദിയുടെ മറുവശത്ത് അത് വെക്കാൻ ക്രിസ്ത്യാനികൾ നിർബന്ധിതരാകുന്നു, മറുകരെ കടക്കാൻ ഉള്ള പ്രയാസത്തോടെയും അവിടേക്ക് അവർ എല്ലാവരും പോകുന്നു.

ഗുവേയ 1606, p. 366

കൂനൻ കുരിശ് സത്യത്തിന് ശേഷം പൂർണമായി പഴയകൂർ നിയന്ത്രണത്തിൽ ആയ ഈ പള്ളി സഭയിലെ നിരവധി പ്രസ്ഥാനങ്ങൾക്കും സംഭവവികാസങ്ങൾക്കും കേന്ദ്രമായിത്തീർന്നു. ഈ പള്ളിയുടെ പ്രധാന പുരോഹിതന്മാർ മല്പാന്മാർ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നു. പഴയകൂറുകാരുടെ ആദ്യ തദ്ദേശീയ മെത്രാൻ ആയിരുന്ന പറമ്പിൽ ചാണ്ടി മെത്രാന്റെ പിൻഗാമിയായി മലബാറിന്റെ വികാരി അപ്പോസ്തോലിക്ക എന്ന പദവിയിൽ അവരോധിതനായ റാഫായേൽ ഫിഗ്വെരെഡോ എന്ന പോർട്ടുഗീസ്-മലയാളി വംശജനായ പുരോഹിതൻ 1695ൽ ഈ പള്ളിയിൽ കബറടക്കപ്പെട്ടു. നസ്രാണികളുടെ ഇടയിലോ മിഷനറിമാരുടെ ഇടയിലോ അദ്ദേഹത്തിൻറെ കാര്യമായ പിന്തുണ ഉണ്ടായിരുന്നില്ല. പഴയകൂർ വിഭാഗത്തിൻറെ കൽദായ കത്തോലിക്ക ബന്ധത്തിനുള്ള നീക്കങ്ങൾക്കും ഈ പള്ളി വേദിയായി. 1861ൽ കൽദായ കത്തോലിക്കാ സഭയിൽ നിന്ന് മാർ തോമാ റോക്കോസ് എന്ന മെത്രാപ്പോലീത്തയുടെ വരവിലേക്ക് നയിച്ച നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതിൽ ഈ പള്ളി അധികൃതർക്കും നിർണായക പങ്കുണ്ടായിരുന്നു.[105] ഇതിനുപുറമേ ഒരു സെമിനാരിയും പള്ളിപ്പുറം പള്ളിയോട് ചേർന്ന് ഉണ്ടായിരുന്നു. സി. എം. ഐ. സന്യാസ സമൂഹത്തിന്റെ സ്ഥാപക നേതാവായിരുന്ന പാലക്കൽ തോമാ മൽപ്പാൻ ഇവിടം കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്.[106]

നിലവിൽ സിറോ-മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു ഫൊറോന പള്ളിയും തീർത്ഥാടന ദേവാലയവും ആണ് പള്ളിപ്പുറം സെൻറ് മേരീസ് പള്ളി.

കോക്കമംഗലം പള്ളി

Thumb
കോക്കമംഗലം പള്ളി പഴയ ചിത്രം

1900ൽ സ്ഥാപിതമായതാണ് നിലവിലിരിക്കുന്ന കോക്കമംഗലം സെൻറ് തോമസ് സിറോ-മലബാർ കത്തോലിക്കാ പള്ളി. സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാഗമായ പള്ളിപ്പുറം ഫൊറോനയിൽ ഉൾപ്പെട്ട ഒരു ഇടവക പള്ളിയാണ് ഇത്. ഏഴര പള്ളികളിൽ ഒന്ന് നിലനിന്നു എന്ന് വിശ്വസിക്കപ്പെട്ട സ്ഥലത്ത് നിലനിൽക്കുന്ന പള്ളി എന്ന നിലയിൽ നിരവധി തീർത്ഥാടകരെ ഈ പള്ളി ആകർഷിക്കുന്നു.

Remove ads

നിരണം

Thumb
നിരണം പള്ളി

പാരമ്പര്യം

ഏഴരപ്പള്ളികളിൽ ഒന്നായി എണ്ണപ്പെടുന്ന പ്രമുഖമായ മറ്റൊരു പള്ളിയാണ് നിരണം പള്ളി. നിലവിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ നിരണം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പള്ളി ക്രി.വ 54-ൽ തോമ്മാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. പണ്ടുമുതലേ കായലുകൾ, തണ്ണീർത്തടങ്ങൾ, മറ്റു ജലസ്രോതസ്സുകൾ, വിശാലമായ നെൽപ്പാടങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു കാർഷിക മേഖലയായിരുന്നു നിരണം. പഴയ ഒരു വ്യാപാര കേന്ദ്രവും ആയിരുന്നു ഈ പ്രദേശം. പുരാതന ഗ്രീക്ക് ചരിത്ര രേഖകളിൽ പരാമർശിച്ചിരിക്കുന്ന നെൽക്കിണ്ട നിരണം ആയിരുന്നു എന്ന് കരുതുന്ന ചരിത്രകാരന്മാർ ഉണ്ട്. ഈ പ്രദേശത്തിന് അടുത്ത് സ്ഥിതി ചെയ്തിരുന്ന 'തൃക്കാൽപ്പേശ്വരം' എന്ന സ്ഥലത്ത് തോമാശ്ലീഹാ എത്തിച്ചേരുകയും അവിടെ മത പ്രചരണം നടത്തി കുറെ ആളുകളെ ക്രൈസ്തവ വശ്വാസത്തിലേക്ക് കൊണ്ടുവരികയും ചെയ്തു എന്ന് പാരമ്പര്യ പ്രകാരം വിശ്വസിക്കപ്പെടുന്നു. അവിടെ അദ്ദേഹം ഒരു കുരിശ് സ്ഥാപിച്ചു എന്ന വിശ്വാസം ഈ പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ്. എന്നാൽ അവിടെ അധിവസിച്ചിരുന്ന ബ്രാഹ്മണർ ഇതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ആ സ്ഥലത്തുനിന്ന് മാറി നിരണം എന്ന സ്ഥലത്തേക്ക് ക്രൈസ്തവരുടെ ആരാധനാ കേന്ദ്രം മാറ്റി സ്ഥാപിച്ചു എന്നും അവിടെ ഒരു പള്ളി പണിപ്പെട്ടു എന്നും ആണ് പാരമ്പര്യം. പ്രദേശത്തുള്ള പല പ്രമുഖ പള്ളികളുടെയും ചരിത്രം തുടങ്ങുന്നത് നിരണം പള്ളിയിൽ നിന്നാണ്. പമ്പാനദിയുടെ പോഷകനദിയായ കോലറയാറിന് തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ ഹൈന്ദവക്ഷേത്രങ്ങളിലേതുപോലെ കരിങ്കൽ വിളക്കുകളും കൊത്തുപണികളും ഉണ്ട്. വീരാടിയാൻ പാട്ടുകൾ, റമ്പാൻ പാട്ട്, മാർഗ്ഗംകളിപ്പാട്ടുകൾ തുടങ്ങിയ സാഹിത്യ കൃതികളിൽ പുരാതന നിരണത്തെക്കുറിച്ചും നിരണം പള്ളിയെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്.[107]

ചരിത്ര സംഭവങ്ങൾ

ഉദയംപേരൂർ സൂനഹദോസ് കാലഘട്ടം

നിരണത്തെ മാർത്തോമ നസ്രാണികളുടെ പഴയ പള്ളി നിരവധി ചരിത്ര രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അലക്സിസ് ഡി മെനെസിസ് നിരണത്തേക്ക് ജലമാർഗ്ഗം യാത്ര ചെയ്തത് ജൊർണാദയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുതലകൾ നിറഞ്ഞ ദുർഘടമായ ജലപാതയിലൂടെ തോണിയിലാണ് അദ്ദേഹം നിരണം സന്ദർശിച്ചത്.[108]

കൂനൻ കുരിശു സത്യവും പകലോമറ്റം കുടുംബ വാഴ്ചയും

Thumb
പള്ളിയിലെ ചില ഗ്രന്ഥശേഖരങ്ങൾ

കൂനൻ കുരിശു സത്യത്തിനും പഴയകൂർ-പുത്തങ്കൂർ പിളർപ്പിനും ശേഷം, പുത്തൻകൂർ വിഭാഗത്തിന്റെ സഭാധ്യക്ഷന്മാരുടെ പ്രിയപ്പെട്ട വസതിയായി ഇത് നിലകൊണ്ടു. 1686ൽ മരിച്ച പകലോമറ്റം തോമാ നാലാമൻ ആണ് ഇവിടം ആസ്ഥാനമായി ഭരിച്ച ആദ്യ സഭാധ്യക്ഷൻ. വടക്കൻ പറവൂർ, ഇടപ്പള്ളി, കോട്ടയം എന്നിവയും അദ്ദേഹം ആസ്ഥാനമാക്കിയിരുന്നു.[109] തുടർന്ന് പകലോമറ്റം കുടുംബക്കാരായ നിരവധി ബിഷപ്പുമാർ നിരണം തങ്ങളുടെ ആസ്ഥാനമായി നിലനിർത്തി. പതിനെട്ടാം നൂറ്റാണ്ടിൽ യാക്കോബായ സഭയിൽ നിന്നുള്ള മിഷനറിമാരുടെ പ്രവർത്തനം കൂടുതൽ ശക്തമായതോടെ പകലോമറ്റം മെത്രാന്മാരുടെ കുടുംബവാഴ്ച പ്രതിരോധത്തിലായി.[108]

മലബാറിലെ കത്തോലിക്കാ മിഷനറി ആയിരുന്ന പൗളിനോസ് പാതിരി 1785 ഡിസംബർ 22ന് നിരണത്തുവെച്ച് പകലോമറ്റം തോമാ ആറാമനെ സന്ദർശിച്ചതിന്റെ ഒരു വിരണം നൽകുന്നുണ്ട്. അക്കാലത്ത് തോമാ ആറാമൻ കത്തോലിക്കാ സഭയിൽ ചേരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.[110]

"മുറിയിൽ പ്രവേശിച്ചപ്പോൾ, ഒരു കൂട്ടം സുറിയാനി കത്തനാർമാരുടെ നടുവിൽ ഇരിക്കുന്ന ഒരു വൃദ്ധന്റെമേൽ എന്റെ കണ്ണുകൾ പതിഞ്ഞു. അയാൾക്ക് നീളമുള്ള വെളുത്ത താടി ഉണ്ടായിരുന്നു, മുകൾ അറ്റം വളഞ്ഞ ഒരു വെള്ളി അംശവടി കയ്യിൽ പിടിച്ചിരുന്നു. അവന്റെ തലയിൽ ഒരു കുരിശ് ഘടിപ്പിച്ച ഒരു വൃത്താകൃതി ഉണ്ടായിരുന്നു; അതേസമയം, ഒരു വെള്ള മൂടുപടം, തൊപ്പിക്ക് മുകളിൽ ധരിച്ചിരുന്നത്, അവന്റെ ചുമലിൽ അയഞ്ഞു വീണുകിടന്നു. മെത്രാൻ ഒരു കൗശലക്കാരനായി കാണപ്പെട്ടു, തന്റെ കുടുംബത്തിന്റെ മെത്രാൻ പദവിയുടെ അവകാശം കാത്തുസൂക്ഷിക്കാൻ തന്റെ അനന്തരവൻ തന്റെ പിൻഗാമിയായി വരണമെന്ന അതിമോഹവും ഉണ്ടായിരുന്നു. ഞാൻ ആ വന്യമൃഗത്തെ അതിന്റെ കൊമ്പുകളിൽ നിന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

തോമാ ആറാമന്റെ പുനരൈക്യ ശ്രമങ്ങളോട് മലബാറിലെ ലത്തീൻ മിഷണറിമാർക്ക് താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തം കുടുംബവാഴ്ച സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് വിലയിരുത്തലാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ നസ്രാണികളിലെ പഴയകൂറ്റുകാരുടെ പിന്തുണ ഈ നീക്കത്തിന് ഉണ്ടായിരുന്നു. അങ്കമാലി പള്ളിയോഗം, കരിയാറ്റിൽ യൗസേപ്പിന്റെ റോമാ യാത്ര, മെത്രാഭിഷേകം, അങ്കമാലി പടിയോല എന്നിവയിലേക്ക് ഇത് നയിച്ചു. ഈ നീക്കങ്ങൾക്ക് ഫലം ഉണ്ടാകാതെ വന്നതോടെ തോമാ ആറാമൻ യാക്കോബായ മിഷണറിമാരുമായി ഒത്തുതീർപ്പിലേക്ക് എത്താൻ നിർബന്ധിതനായി.[111] ബസേലിയോസ് ശക്രള്ള, ഗ്രിഗോറിയോസ് ഹന്ന, ഇവാനിയോസ് യൂഹാനോൻ എന്നിവരായിരുന്നു യാക്കോബായ സഭാ മിഷനറിമാരിൽ പ്രമുഖർ. 1772ൽ നിരണം പള്ളിയിൽ വെച്ച് ഇവാനിയോസിന്റെ സാന്നിധ്യത്തിൽ ഗ്രിഗോറിയോസിൽ നിന്ന് തോമാ ആറാമൻ കൂറോയോ മുതൽ മെത്രാൻ വരെയുള്ള എല്ലാ പൗരോഹിത്യ പട്ടങ്ങളും വീണ്ടും വാങ്ങി ദിവന്നാസിയോസ് എന്ന പേരിൽ മെത്രാനായി അഭിഷിക്തനായി.[112] വർത്തമാനപ്പുസ്തകം, കർമ്മലീത്ത മിഷനറിമാരുടെ വിവരണങ്ങൾ എന്നിവയ്ക്ക് ബദലായി നിരണം ഗ്രന്ഥാവരി ഇക്കാലഘട്ടത്തിലെ ചരിത്രത്തിന്റെ പുത്തങ്കൂർ ഭാഷ്യം നൽകുന്നുണ്ട്.

ബ്രിട്ടീഷ് കാലഘട്ടം

1806ൽ ക്ലോഡിയസ് ബുക്കാനൻ നിരണം സന്ദർശിച്ചു. അക്കാലത്ത് അവിടെ ഉണ്ടായിരുന്നവർ ആ സ്ഥലം പണ്ട് ഒരു മെത്രാസന വസതിയായിരുന്നുവെന്ന് അദ്ദേഹത്തോട് വിവരിച്ചു, അതോടൊപ്പം മങ്ങിയ ചുവന്ന തുണി കൊണ്ട് പൊതിഞ്ഞതും ചെമ്പ് പതക്കങ്ങൾ കൊണ്ട് അലങ്കരിച്ചതുമായ മെത്രാസന കസേരയും അദ്ദേഹത്തെ കാണിച്ചുകൊടുത്തു. അതോടൊപ്പം ഒരു പഴയ അംശവടിയും അവിടെ ഉണ്ടായിരുന്നു. അക്കാലത്ത് പള്ളി വളരെ നല്ല നിലയിൽ പ്രവർത്തിക്കുകയായിരുന്നു ആറ് വൈദികരും സമ്പന്നരായ ഇടവക സമൂഹവും അവിടെ ഉണ്ടായിരുന്നതായി ബുക്കാനൻ രേഖപ്പെടുത്തുന്നു. അവിടുത്തുകാരനായ ജേക്കബ് എന്നയാൾക്ക് തിരുവിതാംകൂർ രാജാവ് തരകൻ എന്ന ബഹുമതി നൽകി ആദരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.[108]

മാത്യൂസ് അത്തനാസിയോസും സഭാ പിളർപ്പും

പകലോമറ്റം മെത്രാന്മാരുടെ വാഴ്ച അവസാനിപ്പിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും പിന്തുണ നേടി മലങ്കര മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ പാലക്കുന്നത്ത് മാത്യൂസ് അത്തനാസിയോസ് നിരണം ആസ്ഥാനമാക്കി ഭരണം തുടർന്നു. 1863ൽ അവിടം സന്ദർശിച്ച ബ്രിട്ടീഷ് മിനിഷനറി തോമസ് വൈറ്റ്ഹൗസ് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച വിശദമായി തൻറെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരുമായി വളരെ ഊഷ്മളമായ ബന്ധം നിലനിർത്തിയ അത്തനാസിയോസ് ആംഗ്ലിക്കൻ സഭയുമായി കൂടുതൽ സഹകരണത്തിന് പരിശ്രമിച്ചു.[108] അന്ത്യോഖ്യ പാത്രിയർക്കീസുമാരുടെ ഭരണപരമായ ഇടപെടലുകൾ തടയുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ നിലപാടുകൾക്ക് എതിരായി അന്ത്യോക്യാ പാത്രിയർക്കീസിനോടും യാക്കോബായ സഭയോടും കൂറുപുലർത്തിയ വിഭാഗവും സഭയിൽ ശക്തമായിരുന്നു. ഇത് 1876ൽ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ നടന്ന മുളന്തുരുത്തി സുന്നഹദോസിലേക്കും മാത്യൂസ് അനാസിയോസിന്റെ പുറത്താക്കപ്പെടലിലേക്കും നയിച്ചു. ഇത് മാത്യൂസ് അത്തനാസിയോസിന്റെ അനന്തരവനും പിൻഗാമിയുമായ പാലക്കുന്നത്ത് തോമസ് അത്താനാസിയോസിന്റെ നേതൃത്വത്തിൽ മലങ്കര മാർത്തോമാ സുറിയാനി സഭ സ്വതന്ത്രമാകുന്നതിൽ പര്യവസാനിച്ചു. അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ നിലകൊണ്ട ഔദ്യോഗിക വിഭാഗം നിരണം പള്ളിയുടെയും മറ്റ് ഭൂരിഭാഗം പള്ളികളുടെയും നിയന്ത്രണം നേടിയെടുത്തു.[113] ഇതിനുശേഷം ഇരു സഭകളും നിരണത്ത് വ്യത്യസ്തമായ പള്ളികളിൽ ആരാധന നടത്തിവരുന്നു. പഴയ പള്ളിയുടെ പിന്തുടർച്ച രണ്ടു വിഭാഗവും അവകാശപ്പെട്ടുവരുന്നു.[114]

1912ലെ സഭാ പിളർപ്പ്

സഭയുടെ ഭൗതിക ഭരണാധികാരത്തെ സംബന്ധിച്ച് അന്ത്യോഖ്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ല രണ്ടാമനും അദ്ദേഹം നിയമിച്ച മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിൽ ഗീവർഗീസ് ദിവനാസ്സിയോസും തമ്മിൽ ഉടലെടുത്ത തർക്കം 1912 യാക്കോബായ സഭയിലെ ബാവാകക്ഷി-മെത്രാൻകക്ഷി പിളർപ്പിലേക്ക് നയിച്ചു. അക്കാലം മുതലേ നിരണം പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിയന്ത്രണം വട്ടശ്ശേരിയിൽ ദിവന്നാസിയോസിന്റെ നേതൃത്വത്തിലുള്ള മെത്രാൻകക്ഷി വിഭാഗത്തിന് ആയിരുന്നു. 1912ൽ ദിവന്നാസിയോസിന്റെ ക്ഷണപ്രകാരം മുൻ പാത്രിയർക്കീസ് അബ്ദൽമസിഹിന്റെ സന്ദർശനത്തിനും സഭയുടെ ആദ്യ കാതോലിക്കയായി മുറിമറ്റത്തിൽ പൗലോസ് ഇവാനിയോസിന്റെ അഭിഷേകത്തിനും നിരണം പള്ളി വേദിയായി.[115][116][117][118]

ആധുനിക കാലം

Thumb
നിരണം പള്ളി

പുരാതനമായ പള്ളിയും കെട്ടിടങ്ങളും 1912ലെ യാക്കോബായ സഭാപ്പിളർപ്പിനു ശേഷം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയം ആണ് നിരണം പള്ളി.

Remove ads

ചായൽ (നിലയ്ക്കൽ)

ഏഴരപ്പള്ളികളിൽ അവസാനം എണ്ണപ്പെടുന്ന പള്ളിയാണ് ചായൽ പള്ളി അഥവാ നിലയ്ക്കൽ പള്ളി.[119] നിലവിലെ പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം നിലകൊള്ളുന്നത്. പാരമ്പര്യത്തിൽ ചായൽ എന്നും നിലയ്ക്കൽ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ഏഴര പള്ളികളിൽ ഉൾപ്പെട്ട മറ്റ് ആറു പള്ളികളിൽ നിന്നും വ്യത്യസ്തമായി മലമ്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ സമൂഹം ആയാണ് ചായൽ റമ്പാൻപാട്ടിൽ വിവരിക്കപ്പെടുന്നത്.[120]

വനത്താൽ ചുറ്റപ്പെട്ട ഈ ജനവാസ മേഖല മലബാർ തീരത്തിനും ചോഴമണ്ഡല തീരത്തിനും ഇടയിലുള്ള വ്യാപാര പാതയിലെ പ്രധാന ഇടത്താവളം ആയിരുന്നു. ആ നിലയിൽ വ്യാപാരികളുടെ ഒരു പ്രധാന കേന്ദ്രമായി ഇവിടം മാറി. എന്നിരുന്നാലും പിൽക്കാലത്ത് ഈ ജനവാസ മേഖലയുടെ ഗതകാല പ്രതാപത്തിന് ചെറുതല്ലാത്ത മങ്ങലേറ്റു. പ്രധാനമായും വ്യാപാരം ഉപജീവനമാർഗം ആക്കിയിരുന്ന നസ്രാണികൾ ഇവിടം വിട്ട് കുറേക്കൂടി താഴ്ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ തുടങ്ങി നസ്രാണികൾ കാർഷികവൃത്തിയിലേക്ക് ചുവട് മാറ്റിയതോടെയാണ് ഇത്തരം കുടിയേറ്റം ആരംഭിച്ചത്. കടുവകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം നിലക്കലിലെ ജനജീവിതം അത്യധികം ദുസ്സഹമാക്കിയിരുന്നു. നിലക്കലിലെ വനമേഖലയിൽ നിന്നുള്ള കാട്ടുമൃഗങ്ങൾ കൃഷിക്ക് വലിയ ഭീഷണിയായതും താഴ്ന്ന പ്രദേശങ്ങളിലെ ഫലഭൂവിഷ്ടമായ മണ്ണ് കൂടുതൽ ഉൽപ്പാദനക്ഷമത ഉള്ളതായിരുന്നതുകൊണ്ടും അവിടെ കൂടുതൽ സൗകര്യങ്ങൾ ഉണ്ടായിരുന്നതും ആണ് ഇത്തരം കുടിയേറ്റത്തിന് അവരെ പ്രേരിപ്പിച്ചത്. പാണ്ഡ്യ രാജ്യവുമായുള്ള അവരുടെ വാണിജ്യ ബന്ധത്തിലെ വിള്ളലുകൾ അവരുടെ മുൻ ധനാഗമമാർഗ്ഗങ്ങൾ നഷ്ടപ്പെടുത്തുകയും അവരുടെ പൈതൃക ദേശം ഉപേക്ഷിച്ചു പോകാൻ അവർ നിർബന്ധിതരാവുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു.[119]

കാഞ്ഞിരപ്പള്ളിയും നിലയ്ക്കൽ പാരമ്പര്യവും

Thumb
കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി

നിലക്കലിൽ നിന്ന് കുടിയിറങ്ങിയ വലിയ വിഭാഗം ആളുകൾ ചെന്ന് പാർത്തത് കാഞ്ഞിരപ്പള്ളി എന്ന സ്ഥലത്താണ്. പ്രദേശത്തെ ഏറ്റവും പുരാതനമായ പള്ളി നിലവിലുള്ളത് ഇവിടെയാണ്. മറ്റൊരു വിഭാഗം കടമ്പനാട് തങ്ങളുടെ താവളമാക്കി.[119] കാഞ്ഞിരപ്പള്ളിയിലെ പഴയപള്ളിയായ 'അക്കരപ്പള്ളി' 1449ൽ സ്ഥാപിക്കപ്പെട്ടതാണ് എന്ന് പള്ളിയുടെ സ്ഥാപനവിവരണം പ്രതിപാദിക്കുന്നു. നസ്രാണി നേതാവും വർത്തകപ്രമാണിയും ആയിരുന്ന തൊമ്മി മാപ്പിളക്ക് തെക്കുംകൂർ രാജാവ് വീരകേരളപ്പെരുമാൾ അനുവദിച്ചത് പ്രകാരമാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്.[121][122]

കാഞ്ഞിരപ്പള്ളി പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രവുമായിരുന്നു. കൊച്ചി, തെക്കുംകൂർ, വടക്കുംകൂർ തുടങ്ങിയ മലബാറിലെ നാട്ടുരാജ്യങ്ങൾക്കും പാണ്ഡ്യ രാജ്യത്തിനും ഇടയിൽ പശ്ചിമഘട്ടം കടന്നുള്ള ചരക്ക് നീക്കത്തിൽ ഈ സ്ഥലം അടുത്ത പ്രധാന കേന്ദ്രമായി വളർന്നു. മുണ്ടക്കയത്തിലേക്കും പിന്നെ മലനിരകൾ കടന്ന് പാണ്ട്യനാട്ടിലേക്കും നീണ്ടുകിടക്കുന്ന പഴയ പാതയും നിലവിൽ ഉണ്ടായിരുന്നു.[119]

പാശ്ചാത്യ മിഷനറി കാലഘട്ടം

Thumb
പള്ളിയുടെ കൽക്കുരിശ്

ഉദയംപേരൂർ സൂനഹദോസിനോട് അനുബന്ധിച്ച് അലക്സിസ് ഡി മെനെസിസ് നടത്തിയ യാത്രകളുടെ വിവരണം ഉൾക്കൊള്ളുന്ന ജൊർണാദയിൽ കാഞ്ഞിരപ്പള്ളിയിലെ പള്ളിയും പരാമർശിക്കപ്പെടുന്നുണ്ട്. തെക്കുംകൂർ രാജാവിന്റെ ഭരണമേഖലയിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള പള്ളി ആയാണ് കാഞ്ഞിരപ്പള്ളി പള്ളിയെ ജൊർണാദയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.[123] കൂനൻ കുരിശ് സത്യത്തിനുശേഷം പഴയകൂർ വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശക്തികേന്ദ്രങ്ങളിൽ ഒന്നായി കാഞ്ഞിരപ്പള്ളി മാറി. ജോസഫ് മരിയ സെബസ്ത്യാനി, ജൊഹാന്നസ് ഫാക്കുണ്ടൊ റൗളിൻ, അൻക്വറ്റിൽ ഡു പെറോൺ, പൗളിനോസ് എന്നിവരുടെ കൃതികളിലും കാഞ്ഞിരപ്പള്ളിയിലെ പള്ളി പരാമർശിക്കപ്പെടുന്നു.[124] മധുര നാട്ടിലെ ആളുകളുമായി സമ്പർക്കമുള്ള മലകളിലെ പരിശുദ്ധ മറിയത്തിന്റെ പള്ളി എന്ന് ഈ പള്ളിയെ പൗളിനോസ് വിവരിക്കുന്നുണ്ട്.[125]

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് ഗവേഷകനായ ബി. എസ്. വാർഡ്, ബ്രിട്ടീഷ് മിഷണറി ആയ തോമസ് വൈറ്റ്ഹൗസ് എന്നിവർ കാഞ്ഞിരപ്പള്ളി സന്ദർശിക്കുകയും പ്രദേശത്തെ ക്രൈസ്തവ സാന്നിധ്യത്തെ കുറിച്ചും പള്ളിയെക്കുറിച്ചും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.[126][119]

നിലവിൽ

നിലവിൽ സീറോ മലബാർ സഭയുടെ രൂപതകളിൽ ഒന്ന് കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളിയിലെ പഴയ പള്ളി സഭയുടെ ഏറ്റവും പ്രധാനപ്പെട്ട പള്ളികൾക്ക് നൽകപ്പെടുന്ന മേജർ ആർക്കിയെപിസ്ക്കോപ്പൽ പദവി ലഭിച്ചിട്ടുള്ള ഏതാനും പള്ളികളിൽ ഒന്നാണ്. സുറിയാനി ക്രിസ്ത്യാനികളുടെ നിലവിലിരിക്കുന്ന പള്ളികളിൽ മുഖവാരമില്ലാതെ നിലകൊള്ളുന്ന വിരലിലെണ്ണാവുന്ന പള്ളികളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി പഴയ പള്ളി. അതിനാൽ തന്നെ കേരളീയ ക്രൈസ്തവ വാസ്തുശാസ്ത്രത്തിന്റെ ചരിത്ര പഠനത്തിൽ ഇതിന് വലിയ സ്ഥാനമുണ്ട്. പുരാതനമായ നിരവധി ചുവർ ചിത്രങ്ങളാൽ സമ്പന്നവുമാണ് ഈ പള്ളി.[122][92]

നിലയ്ക്കൽ സെന്റ് തോമസ് എക്യൂമിനിക്കൽ പള്ളി

Thumb
നിലയ്ക്കൽ എക്യൂമിനിക്കൽ പള്ളി നവീകരണത്തിന് ശേഷം

പത്തനംതിട്ട ജില്ലയിൽ നിലയ്ക്കൽ ആങ്ങമൂഴി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് നിലയ്ക്കൽ എക്യൂമിനിക്കൽ പള്ളി. പേര് സൂചിപ്പിക്കുന്നതുപോലെ വിവിധ സഭകൾക്ക് ഭരണപങ്കാളിത്തമുള്ള ഒരു ദേവാലയമാണിത്. ലോകത്തിലെ തന്നെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമാണിത്. 1983ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. അക്കാലത്ത് ഉണ്ടായ നിലയ്ക്കൽ സമരത്തിന്റെ പേരിൽ ഈ പള്ളി വളരെ പൊതു ശ്രദ്ധ നേടി. നിലയ്ക്കലിലെ സ്വകാര്യഭൂമിയിൽ ഒരു കുരിശ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആണ് വിവാദവും സമരവും പൊട്ടിപ്പുറപ്പെട്ടത്. സമീപത്തെ കത്തോലിക്കാ ദേവാലയമായ തുലാപ്പള്ളി പള്ളിയിലെ വികാരി മാത്യു അന്ത്യംകുളത്തിന്റെ നേതൃത്വത്തിൽ കുരിശു കണ്ടെത്തിയ സ്ഥലത്ത് ഒരു താൽക്കാലിക ആരാധനാ കേന്ദ്രം സ്ഥാപിക്കുകയും അവിടെ ഒരു സ്ഥിരം പള്ളിക്കെട്ടിടം പണിയുന്നതിന് ആവശ്യം ഉന്നയിക്കുകയും ചെയ്തു. എന്നാൽ ഇത് നിലക്കലിലെ ക്ഷേത്രത്തിനെതിരായ നീക്കമാണ് എന്ന് ഹിന്ദുത്വ സംഘടനകൾ വാദിക്കുകയും പള്ളി സ്ഥാപനത്തിനെതിരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയും ചെയ്തു. ഇത് വലിയ വിവാദത്തിനും സാമുദായിക സംഘർഷത്തിനും ക്രമസമാധാന പ്രശ്നത്തിനും കാരണമായി. രണ്ട് പള്ളികൾക്ക് നേരെ ബോംബ് ആക്രമണവും ഉണ്ടായി. ഇതേ തുടർന്ന് സാമുദായിക വൈര്യം പരിഹരിക്കാൻ കേരള സർക്കാരും വിവിധ ക്രൈസ്തവ സഭകളും ഹിന്ദുത്വ സംഘടനകളും ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും അതിനെ തുടർന്ന് ആങ്ങമൂഴി എന്ന പ്രദേശത്ത് പള്ളിക്ക് വേണ്ടിയുള്ള സ്ഥലം സർക്കാർ അനുവദിക്കുകയും ചെയ്തു. സെമിത്തേരി പണിയുന്നതിനുള്ള അവകാശം വ്യവസ്ഥ പ്രകാരം ഈ പള്ളിക്ക് ഇല്ല.[127]

Thumb
നിലയ്ക്കൽ എക്യൂമിനിക്കൽ പള്ളി, പഴയ രൂപം

നിലയ്ക്കൽ പ്രദേശത്തെ മറ്റ് പ്രമുഖ പള്ളികൾ

തുലാപ്പള്ളി മാർത്തോമാ ശ്ലീഹാ സിറോമലബാർ പള്ളി

നിലക്കലിനടുത്ത് തുലാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് മാർത്തോമാ ശ്ലീഹാ പള്ളി. കാഞ്ഞിരപ്പള്ളി സിറോ മലബാർ രൂപതയുടെ കീഴിലുള്ള ഒരു ഇടവകപ്പള്ളി കൂടിയാണ് ഇത്. 1955ൽ സ്ഥാപിതമായ ഈ പള്ളി വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് പള്ളി മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിലേക്ക് മാറ്റപ്പെട്ടു.[128]

Remove ads

ഏഴര പള്ളികളിൽ എണ്ണപ്പെടാറുള്ള മറ്റ് പള്ളികൾ

തിരുവിതാംകോട് പള്ളി

പ്രധാന ലേഖനം: അരപ്പള്ളി
Thumb
തിരുവിതാംകോട് പള്ളി

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവിതാംകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി എന്ന തിരുവിതാംകോട് പള്ളി ക്രി.വ 63-ൽ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു.[129][130] ഈ ദേവാലയത്തിന് അരപ്പള്ളി എന്ന വിശേഷണം ലഭിച്ചതിനെപ്പറ്റി വിവിധ അഭിപ്രായങ്ങളുണ്ട്. തോമയാർ കോവിൽ എന്നു കൂടി അറിയപ്പെടുന്ന ഈ പള്ളി തമിഴ്‌നാട്ടിലെ ആദ്യകാല ക്രൈസ്തവ ദേവാലയങ്ങളിലൊന്നായി കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്].

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads