പത്രോസ് ശ്ലീഹാ
From Wikipedia, the free encyclopedia
Remove ads
യേശുക്രിസ്തുവിന്റെ ശിഷ്യരിൽ ഒരാളും ആദ്യകാലസഭയുടെ തലവന്മാരിലൊരാളുമായിരുന്നു പത്രോസ് എന്ന ശിമോൻ ബർയോനാ. പത്രോസിന് കേഫ (kepha) അഥവാ കീഫോ എന്ന ഒരു പേരുണ്ട്. ഈ വാക്കുകളുടെ അർത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയിൽ നിന്നുള്ള മുക്കുവൻ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും(മത്താ. 16:18, യോഹ. 21:115-16)ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.

പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. എന്നിരുന്നാലും ആ സ്ഥാനത്തിന്റെ പ്രാധാന്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലരാകട്ടെ അങ്ങനെ ഒരു സ്ഥാനം പത്രോസിനില്ലായിരുന്നു എന്നും അത് പിൽക്കാലത്തെ കൂട്ടിച്ചേർക്കൽ ആയിരുന്നു എന്നും വാദിക്കുന്നു.
ചിലർ ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പിൽക്കാലത്തെ റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു. മറ്റു ചിലരാകട്ടെ ആ സ്ഥാനം തന്റെ പിൻഗാമികൾക്ക് കൈമാറാൻ നൽകപ്പെട്ടതല്ലായിരുന്നു എന്ന് വാദിക്കുന്നു. ഇനിയും ചിലർ ഇദ്ദേഹം ഒരു മെത്രാപ്പൊലീത്ത ആയിരുന്നു എന്നു തന്നെ കരുതുന്നില്ല.
റോമൻ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്റെയും പൗലോസ് ശ്ലീഹായുടേയും പെരുന്നാൾ ജൂൺ 29-ന് ആഘോഷിക്കുന്നു. എന്നാൽ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകൾ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമൻ അധികാരികൾ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശിൽ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്റെ മാതിരിയുള്ള മരണം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശിൽ തറക്കപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചതത്രെ.[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads