കാശ്യപി
From Wikipedia, the free encyclopedia
Remove ads
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കാശ്യപി (Cassiopeia). പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ W എന്ന ആകൃതിയിൽ ഉള്ളതിനാൽ ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്. അതിനാൽ ധ്രുവനക്ഷത്രത്തെ കണ്ടെത്താൻ ഇത് ഉപയോഗിക്കപ്പെടുന്നു.[1] രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞൻ ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിൽ ഒന്നാണ് കാസിയോപിയ. 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു. 34 ° N ന് മുകളിലുള്ള അക്ഷാംശങ്ങളിൽ നിന്ന് ഇത് വർഷം മുഴുവനും കാണാൻ സാധിക്കും.
M52, M103 എന്ന മെസ്സിയർ വസ്തുക്കൾ ഇതിലുണ്ട്. ഇവ രണ്ടും ഓപ്പൺ ക്ലസ്റ്ററുകളാണ്. ഈ നക്ഷത്രരാശിയിലെ ടൈക്കോയുടെ നക്ഷത്രം എന്നറിയപ്പെടുന്ന SN1572 1572-ൽ സൂപ്പർനോവയായി മാറി.[2]. ആകാശത്തിലെ ഏറ്റവും ശക്തിയേറിയ റേഡിയോ പ്രഭവകേന്ദ്രമായ കസിയോപ്പിയ ഏ (Cassiopeia A) ഒരു സൂപ്പർനോവാ അവശിഷ്ടമാണ്. [3] ഇത് ഒരു ന്യൂട്രോൺ നക്ഷത്രമോ തമോദ്വാരമോ ആണെന്ന് കരുതപ്പെടുന്നു.[4]
Remove ads
ഐതിഹ്യം
എത്യോപ്യയിലെ രാജ്ഞിയായ കാസിയോപിയയുടെ പേരിൽ നിന്നാണ് കാസിയോപ്പിയ എന്ന പേര് ഈ രാശിക്ക് ലഭിച്ചത്. എത്യോപ്യയിലെ സെഫ്യൂസ് രാജാവിന്റെ ഭാര്യയും ആൻഡ്രോമീഡ രാജകുമാരിയുടെ അമ്മയുമായിരുന്നു കാസിയോപിയ. സെഫ്യൂസ്, ആൻഡ്രോമീഡ എന്നിവരുടെ പേരിലും ആകാശത്ത് നക്ഷത്രരാശികളുണ്ട്. തന്റെ മകൾ ജനകന്യകകളെക്കാൾ സുന്ദരിയാണെന്ന കാസിയോപ്പിയയുടേ വീമ്പിളക്കൽ കടൽ ദേവനായ പൊസൈഡണിനെ പ്രകോപിപ്പിച്ചതിന്റെ അനന്തരഫലമായാണ് കാസിയോപ്പിയ ആകാശത്തു പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് ഗ്രീക്ക് ഐതിഹ്യം.[5] സ്വന്തം സിംഹാസനത്തിൽ വടക്കൻ ഖഗോളധ്രുവത്തിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കാനായിരുന്നു കാസിയോപ്പിയക്കു കിട്ടിയ ശാപം. സിറ്റസ് എന്ന രാക്ഷസന്റെ ഇരയായി ആൻഡ്രോമീഡയെ ഒരു പാറയിൽ ബന്ധിക്കണമെന്നും പോസിഡോൺ വിധിച്ചു. പെർസ്യൂസ് വന്ന് ആൻഡ്രോമീഡയെ രക്ഷിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.[6][7]
കാശ്യപിയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിൽ ചിത്രീകരിച്ചിരുന്നു. പേർസ്യയിലെ ജ്യോതിശാസ്ത്രജ്ഞനനായിരുന്ന അൽ സൂഫി ഈ നക്ഷത്രഗണത്തെ ചിത്രീകരിച്ചത് കയ്യിൽ ചന്ദ്രക്കലയും തലയിൽ കിരീടവും ധരിച്ച് രണ്ടു കൂനുള്ള ഒട്ടകപ്പുറത്തിരിക്കുന്ന ഒരു രാജ്ഞിയുടെ രൂപത്തിലായിരുന്നു. ഫ്രാൻസിൽ വലതു കൈ കൊണ്ട് മേലങ്കിയും ഇടതു കയ്യിൽ പനയോലയും പിടിച്ച് മാർബിൾ സിംഹാസനത്തിലിരിക്കുന്ന രാജ്ഞിയുടെ രൂപമായിരുന്നു. 1679ൽ അഗസ്റ്റിൻ റോയർ നിർമ്മിച്ച കാറ്റലോഗിലാണ് ഈ ചിത്രമുള്ളത്.[6]
ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ കാശ്യപിയെ മൂന്ന് വ്യത്യസ്ത ഗണങ്ങളായാണ് ചിത്രീകരിച്ചത്. കാശ്യപിയിലെ കാപ്പ, ഈറ്റ, മ്യൂ എന്നീ നക്ഷത്രങ്ങളെ ചേർത്ത് അവർ രാജാവിന്റെ പാലം എന്നു വിളിച്ചു. ആൽഫ, ബീറ്റ നക്ഷത്രങ്ങളെയും അവയോടു ചേർന്നുള്ള നക്ഷത്രങ്ങളെയും ചേർത്ത് വാങ്-ലിയാങ് എന്ന രഥത്തെ വരച്ചു. ഗാമ കാസിയോപ്പിയയാണ് ചാട്ടവാർ.[6]
ചില അറേബ്യൻ അറ്റ്‍ലസുകളിൽ ചായം തേച്ച കൈകളായാണ് കാശ്യപിയെ ചിത്രീകരിച്ചത്. മുഹമ്മദിന്റെ മകൾ ഫാത്തിമയുടേതാണ് മൈലാഞ്ചിയിട്ട ഈ കൈകൾ എന്നാണ് ചിലരുടെ അഭിപ്രായം. α Cas, β Cas, γ Cas, δ Cas, ε Cas, η Cas, α Per, γ Per, δ Per, ε Per, η Per, ν Per എന്നീ നക്ഷത്രങ്ങളെ കൊണ്ടാണ് ഈ കൈകൾ ചിത്രീകരിച്ചിട്ടുള്ളത്.[6] ഒട്ടകം എന്ന മറ്റൊരു ചിത്രീകരണവും അറേബ്യയിൽ പ്രചരിച്ചിരുന്നു. കാശ്യപി, മിരാൾ, വരാസവസ് എന്നിവയിലെ നക്ഷത്രങ്ങളെ ചേർത്താണ് അവർ ഈ ഗണത്തെ ചിത്രീകരിച്ചിരുന്നത്.[6]
മാർഷൽ ദ്വീപ് നിവാസികൾ കാശ്യപിയെ വലിയൊരു കടൽപ്പന്നിയുടെ വാലായാണ് ചിത്രീകരിച്ചിരുന്നത്. മിരാൾ, ത്രിഭുജം എന്നിവയായിരുന്നു ഇതിന്റെ ശരീരം. മേടം തലയും.[6]

Remove ads
സവിശേഷതകൾ
കാശ്യപിക്ക് ആകാശത്ത് അനുവദിച്ചു കൊടുത്തിരിക്കുന്നത് 598.4 ച.ഡിഗ്രി പ്രദേശമാണ്. ഇത് ആകാശത്തിന്റെ 1.45% ആണുള്ളത്. 88 ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് കാശ്യപിക്ക് 25-ാം സ്ഥാനമാണുള്ളത്.[8] അതിർത്തിയിൽ വടക്കും പടിഞ്ഞാറും കൈകവസ്, തെക്കും പടിഞ്ഞാറും മിരാൾ, തെക്കുകിഴക്ക് വരാസവസ്, കിഴക്ക് കരഭം എന്നിവയാണ്. പടിഞ്ഞാറ് ഗൗളിയുമായി ഒരു ചെറിയ ഭാഗവും അതിർത്തി പങ്കിടുന്നുണ്ട്. "Cas" എന്ന ചുരുക്കെഴുത്ത് 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചു.[9] 30 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആകൃതിയിൽ 1930ൽ യൂജീൻ ജോസഫ് ഡെൽപോർട്ട് കാശ്യപിയുടെ അതിർത്തി നിർണ്ണയിച്ചു.[a] ഖഗോളരേഖാംശം 00മ. 27മി. 03സെ.നും 23മ. 41മി. 06സെ.നും ഇടയിലും അവനമനം 77.69°ക്കും 46.68°ക്കും ഇടയിലാണ്.[11] തെക്കെ അക്ഷാംശം 12 ഡിഗ്രിക്കു വടക്കുള്ളവർക്കു മാത്രമെ ഈ ഗണത്തെ കാണാൻ കഴിയൂ.[8][b] ഇത് ഖഗോളത്തിന്റെ വടക്കേ ധ്രുവത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതു കൊണ്ട് ഭൂമിയുടെ ഉത്തരധ്രുവത്തോട് അടുത്തു കിടക്കുന്ന രാജ്യങ്ങളിലുള്ളവർക്ക് കാശ്യപി ഒരിക്കലും അസ്തമിക്കുന്നതായി അനുഭവപ്പെടില്ല. അത് എപ്പോഴും ധ്രുവത്തിനു ചുറ്റും കറങ്ങുന്നതായാണ് കാണുക.[12]
Remove ads
നക്ഷത്രങ്ങൾ

ജർമ്മൻ കാർട്ടോഗ്രാഫറായിരുന്ന ജൊഹാൻ ബെയർ ഗ്രീക്ക് അക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ചേർത്ത് കാശ്വപി രാശിയിലെ 26 നക്ഷത്രങ്ങൾക്ക് പേരു നൽകി. ഉപ്സിലോൺ പിന്നീട് രണ്ടു നക്ഷത്രങ്ങളാണ് എന്നു തിരിച്ചറിഞ്ഞപ്പോൾ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോൺ ഫ്ലെയിംസ്റ്റീഡ് ഇതിനെ ഉപ്സിലോൺ1ഉപ്സിലോൺ2എന്നിങ്ങനെ പുനർനാമകരണം ചെയ്തു. ബി കാസിയോപ്പിയ യഥാർത്ഥത്തിൽ ടൈക്കോയുടെ സൂപ്പർനോവയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.[13] ദൃശ്യകാന്തിമാനം 6.5ഉം അതിൽ കൂടുതലും തിളക്കമുള്ള 157 നക്ഷത്രങ്ങൾ ഈ രാശിയുടെ അതിർത്തികൾക്കുള്ളിൽ ഉണ്ട്.[c][8]
കാശ്യപിയിലെ ഏറ്റവും തിളക്കമുള്ള അഞ്ച് നക്ഷത്രങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ എന്നിവ ചേർന്ന് W ആകൃതിയിലുള്ള ഒരു ആസ്റ്ററിസം സൃഷ്ടിക്കുന്നു[12]. ഈ അഞ്ചു നക്ഷത്രങ്ങളും നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ കഴിയുന്നവയാണ്. ഇവയിൽ തിളക്കവ്യതിയാനം വ്യക്തമായറിയാൻ കഴിയുന്ന ചരനക്ഷത്രങ്ങളാണ്. ഒരെണ്ണം വളരെ നേരിയ വ്യതിയാനം കാണിക്കുന്ന ചരനക്ഷത്രവും.
ആൽഫാ കാസിയോപ്പിയ : ഷെഡാർ എന്ന പേരിൽ അറിയപ്പെടുന്നു. നെഞ്ച് എന്ന് അർത്ഥം വരുന്ന അൽ സദർ എന്ന വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്. ഇത് യഥാർത്ഥത്തിൽ ഒറ്റ നക്ഷത്രമല്ല; നാലു നക്ഷത്രങ്ങൾ ചേർന്നതാണ്. പ്രധാന നക്ഷത്രം ഒരു ഓറഞ്ചു ഭീമനാണ്. ഭൂമിയിൽ നിന്നും 228 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 2.2 ആണ്.[15] സൂര്യനേക്കാൾ 771 മടങ്ങ് തിളക്കമുണ്ട് ഈ നക്ഷത്രത്തിന്. ഇനി പരമാവധി 20 കോടി വർഷങ്ങൾ കൂടി മാത്രമേ ഇതിന് ആയുസ്സ് ഉള്ളു എന്നാണ് കണക്കാക്കിയിരിക്കുന്നത്[16]. 8.9 കാന്തിമാനമുള്ള ഇതിലെ രണ്ടാമത്തെ നക്ഷത്രമായ മഞ്ഞഭീമൻ ആൽഫാ കാസിയോപ്പിയ എ കുറെ അകലെയാണ് കിടക്കുന്നത്. എന്നാൽ സി, ഡി കൂടുതൽ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവയുടെ കാന്തിമാനം യഥാക്രമം 13ഉം 14ഉം ആണ്.[17]
ബീറ്റ കാസിയോപ്പിയ : കാഫ് എന്നാണ് ഇതിന്റെ മറ്റൊരു പേര്. കൈ എന്ന അർത്ഥമുള്ള വാക്കിൽ നിന്നാണ് ഈ പേര് ഉണ്ടായിട്ടുള്ളത്. ഭൂമിയിൽ 54.7 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ കാന്തിമാനം 2.3 ആണ്.[15] 120 കോടി വർഷമാണ് ഇതിന്റ പ്രായം കണക്കാക്കിയിട്ടുള്ളത്. സൂര്യന്റെ 1.9 മടങ്ങ് പിണ്ഡവും 21.3 മടങ്ങ് തിളക്കവും ഇതിനുണ്ട്. ഒരു സ്വയം ഭ്രമണത്തിന് എടുക്കുന്ന സമയം 1.12 ദിവസമാണ്. ഒബ്ലേറ്റ് സ്ഫിറോയ്ഡ് രൂപമാണ് ഇതിനുള്ളത്. ധ്രുവത്തിലേക്കുള്ള ആരത്തേക്കാൾ 24% തള്ളിനിൽക്കുന്നതാണ് മദ്ധ്യരേഖാപ്രദേശം.[18] ഇതൊരു ഡെൽറ്റ സ്കൂട്ടി ചരനക്ഷത്രമാണ്. വളരെ ചെറിയ തിളക്കവ്യത്യാസം മാത്രമേ ഇതിനുള്ളു. ഇതിനെടുക്കുന്ന സമയം 2.5 മണിക്കൂർ ആണ്.[19]
ഗാമ കാസിയോപ്പിയ : ഇതൊരു ഗാമ കാസിയോപ്പിയ ചരനക്ഷത്രത്തിന്റെ പ്രോട്ടോടൈപ്പ് ആണ്. നക്ഷത്രത്തിന്റ അതിവേഗതയിലുള്ള ഭ്രമണം മൂലം നക്ഷത്രഡിസ്കിലെ പദാർത്ഥങ്ങൾക്കുണ്ടാകുന്ന സ്ഥാനചലനമാണ് ഇത്തരം നക്ഷത്രങ്ങളുടെ തിളക്കവ്യത്യാസത്തിനു കാരണം. ഗാമ കാസിയോപ്പിയയുടെ ഏറ്റവും കുറഞ്ഞ കാന്തിമാനം 3.0ഉം കൂടിയ കാന്തിമാനം 1.6ഉം ആണ്. ഇതൊരു സ്പെക്ട്രോസ്കോപിക് ദ്വന്ദ്വനക്ഷത്രമാണ്. ഒരു തവണ പരിക്രമണം ചെയ്യുന്നതിനെടുക്കുന്ന സമയം 203.59 ദിവസങ്ങളാണ്. സഹനക്ഷത്രത്തിന്റെ പിണ്ഡം ഏകദേശം സൂര്യന്റെ പിണ്ഡത്തിനു തുല്യമാണ്. ഇതൊരു വെള്ളക്കുള്ളനോ നശിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രമോ ആകുമെന്നാണ് അനുമാനിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനാവശ്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.[20]
ഡെൽറ്റ കാസിയോപ്പിയ : കാൽമുട്ട് എന്നർത്ഥം വരുന്ന രുക്ബാഹ് എന്ന പേരിലും ഇതറിയപ്പെടുന്നു. ഇതൊരു അൽഗോൾ ടൈപ്പ് എക്ലിപ്സിങ് ബൈനറി നക്ഷത്രമാണ്. ഇതിന്റ പരമാവധി കാന്തിമാനം 2.7 ആണ്. 2 വർഷവും ഒരു മാസവും കൂടുമ്പോൾ ഒന്ന് മറ്റൊന്നിനെ മറക്കുന്നതു കൊണ്ട് കാന്തിമാനത്തിലുണ്ടാവുന്ന വ്യത്യാസം 0.1 ആണ് എന്നാണ് കരുതുന്നത്..[21] ഇത് ഭൂമിയിൽ നിന്നും 99.4 ± 0.4 പ്രകാശവർഷം അകലെയാണ്[15].

എപ്സിലോൺ കാസിയോപ്പിയ : ഭൂമിയിൽ നിന്നും 410 ± 20 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന്റെ കാന്തിമാനം 3.3 ആണ്.[15] സ്പെക്ട്രൽ തരം B3 III ആയ ഇതിന്റെ ഉപരിതല താപനില 15,680 K ആണ്. ഇതിന് സൂര്യന്റെ 6.5 മടങ്ങ് പിണ്ഡവും 4.2 മടങ്ങ് വലിപ്പവുമുണ്ട്. വളരെ ഉയർന്ന ഭ്രമണവേഗതയുള്ള ബിസാറ്റാർ എന്ന വിഭാഗത്തിൽ പെടുന്ന നക്ഷത്രമാണിത്.[22]
കാസിയോപിയയിലെ മുകളിൽ കൊടുത്ത നക്ഷത്രങ്ങൾക്കു ശേഷം വരുന്ന ഏറ്റവും തിളക്കമുള്ള ഏഴ് നക്ഷത്രങ്ങൾ സ്ഥിരീകരിക്കപ്പെട്ടതോ സംശയിക്കപ്പെടുന്നതോ ആയ ചരനക്ഷത്രങ്ങളാണ്. ഇതിൽ 50 കാസിയോപിയയും ഉൾപ്പെടുന്നു. ഇതിന് ബെയർ ഒരു ഗ്രീക്ക് അക്ഷരം പോലും നൽകിയില്ല. ഇത് വളരെ ചെറിയ തിളക്കവ്യത്യാസമുണ്ടോ എന്നു സംശയിക്കുന്ന ഒരു നക്ഷത്രം ആണ്. സാവധാനത്തിൽ സ്പന്ദിക്കുന്ന ബി-ടൈപ്പ് നക്ഷത്രമാണ് ഫൂലൂ എന്ന സീറ്റ കാസിയോപിയ.[23] ഒരു ഭ്രമണം പൂർത്തിയാക്കാൻ 480 വർഷമെടുക്കുന്ന സ്പെക്ട്രോസ്കോപിക് ദ്വന്ദ്വനക്ഷത്രമാണ് എയ്ചർഡ് എന്ന ഈറ്റ കാസിയോപ്പിയ.[23] ഇതൊരു ആർ എസ് കാനം വെനാറ്റിക്കോറം ചരനക്ഷത്രമാണെന്നു കരുതുന്നു. പ്രാഥമിക നക്ഷത്രം കാന്തിമാനം 3.5 ഉള്ള മഞ്ഞനക്ഷത്രവും രണ്ടാമത്തേത് കാന്തിമാനം 7.5 ആയ ചുവന്ന നക്ഷത്രവും ആണ്. ഇത് ഭൂമിയിൽ നിന്ന് 19 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. കാപ്പ കാസിയോപ്പിയ സ്പെക്ട്രൽ തരം BC0.7Ia ആയ ഒരു അതിഭീമൻ നക്ഷത്രമാണ്. ഇതിന്റെ വ്യാസം സൂര്യന്റെ 33 മടങ്ങും തിളക്കം 3,02,000 മടങ്ങും ആണ്.[24] ഇതൊരു റൺവേ നക്ഷത്രം ആണ്. ഇതിന്റെ സമീപത്തുള്ള നക്ഷത്രങ്ങളെ അപേക്ഷിച്ച് ഇത് സെക്കന്റിൽ 1,100 കി.മീറ്റർ വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്.[25] ഇതിന്റെ കാന്തികക്ഷേത്രവും നക്ഷത്രവാതവും ചേർന്ന് ഉണ്ടാകുന്ന ബോഷോക്ക് 12 പ്രകാശവർഷം വരെ നീണ്ടുകിടക്കുന്നു.[26] മർഫാക് എന്ന തീറ്റ കാസിയോപ്പിയ ഒരു ചരനക്ഷത്രം ആണെന്നു കരുതുന്നു. അങ്ങനെയാണെങ്കിൽ തന്നെ വളരെ ചെറിയ തോതിലുള്ള തിളക്ക വ്യത്യാസമേ ഇതിനുള്ളു. ഭൂമിയിൽ നിന്ന് 142 പ്രകാശവർഷം അകലെയുള്ള ഒരു ട്രിപ്പിൾ നക്ഷത്രമാണ് അയോട്ട കാസിയോപിയ. ഇതിലെ പ്രാഥമികനക്ഷത്രം 4.5 കാന്തിമാനമുള്ള വെള്ള നക്ഷത്രവും കാനം വെനറ്റികോറം ചരനക്ഷത്രവുമാണ്. രണ്ടാമത്തേത് കാന്തിമാനം 6.9 ഉള്ള മഞ്ഞ നക്ഷത്രമാണ്. മൂന്നാമത്തേത് 8.4 കാന്തിമാനമുള്ള നക്ഷത്രവുമാണ്. പ്രാഥമികവും ദ്വിദീയവുമായ നക്ഷത്രങ്ങൾ വളരെ അടുത്തു സ്ഥിതി ചെയ്യുന്നവയും പ്രാഥമികവും ത്രിതീയവുമായ നക്ഷത്രങ്ങൾ കൂടുതൽ അകലമുള്ളവയുമാണ്. ഒമിക്രോൺ കാസിയോപിയ മറ്റൊരു ട്രിപ്പിൾ നക്ഷത്രമാണ്. പ്രാഥമികനക്ഷത്രം മറ്റൊരു ഗാമ കാസിയോപിയ വേരിയബിൾ ആണ്.
ഭൂമിയിൽ നിന്ന് 1500 പ്രകാശവർഷം അകലെയുള്ള ഒരു ദ്വന്ദ്വ നക്ഷത്രമാണ് സിഗ്മ കാസിയോപിയ. ഇതിലെ പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 5ഉം ദ്വിദീയ നക്ഷത്രത്തിന്റെ കാന്തിമാനം 7.3ഉം ആണ്. ഭൂമിയിൽ നിന്ന് 193 പ്രകാശവർഷം അകലെയുള്ള ഒരു ട്രിപ്പിൾ നക്ഷത്രമാണ് പ്സൈ കാസിയോപ്പിയ.[21]
ഒരു അതിഭീമൻ മഞ്ഞ ചരനക്ഷത്രമാണ് റോ കാസിയോപ്പിയ. താരാപഥത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിൽ ഒന്നാണിത്. ഇതിന്റെ തിളക്കം ഏകദേശം സൂര്യന്റെ 5,00,000 മടങ്ങാണ്.[27] ഇതിന്റെ കുറഞ്ഞ കാന്തിമാനം 6.2ഉം കൂടിയ കാന്തിമാനം 4.1ഉം ആണ്. 320 ദിവസമാണ് ഇതിനെടുക്കുന്ന കാലം. സൂര്യന്റെ 450 മടങ്ങ് വ്യാസവും 17 മടങ്ങ് പിണ്ഡവുമുണ്ട് ഇതിന്. റോ കാസിയോപ്പിയ ഭൂമിയിൽ നിന്നും ഏകദേശം 10,000 പ്രകാശവഷം അകലെയാണുള്ളത്. കാശ്യപിയിലെ മറ്റൊരു അതിഭീമൻ മഞ്ഞനക്ഷത്രമാണ് വി 509 കാസിയോപ്പിയ. ഇതിന് സൂര്യന്റെ 4,00,000 മടങ്ങ് തിളക്കവും 14 പിണ്ഡവുമുണ്ട്.[27] 6 കാസിയോപ്പിയ വെള്ള അതിഭീമൻ നക്ഷത്രമാണ്. അറിയപ്പെടുന്ന അതിഭീമൻ നക്ഷത്രങ്ങളിൽ ഒന്നാണ് PZ കാസിയോപ്പിയ ഏകദേശം സൂര്യന്റെ 1,190–1,940 മടങ്ങ് ആരമുണ്ടാകും ഇതിനെന്നാണ് കണക്കാക്കിയിട്ടുള്ളത്.[28] സൂര്യന്റെ 2,40,000 - 2,70,000 മടങ്ങ് തിളക്കമുണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്ന് 9,160 പ്രകാശവർഷം അകലെയാണ്.[29][30]
Remove ads
വിദൂരാകാശ വസ്തുക്കൾ

കാശ്യപിയിൽ നിരവധി തുറന്ന താരവ്യൂഹങ്ങളും നെബുലകളും അടങ്ങിയിരിക്കുന്നു. ഹാർട്ട് നെബുല, സോൾ നെബുല എന്നിവ ഇതിലെ രണ്ടു പ്രധാനപ്പെട്ട നെബുലകളാണ്. ഭൂമിയിൽ നിന്നും ഏകദേശം 7,500 പ്രകാശവർഷം അകലെയാണ് ഇവയുടെ സ്ഥാനം. എം 52, എം 103 എന്നീ രണ്ടു മെസ്സിയർ വസ്തുക്കളും ഇതിലുണ്ട്. രണ്ടും തുറന്ന താരവ്യൂഹങ്ങളാണ്. എം 52 ഭൂമിയിൽ നിന്നും 5200 പ്രകാശവർഷം അകലെയാണ്. ഇതിൽ ഏകദേശം 100 നക്ഷത്രങ്ങളുണ്ട്. എം 103ൽ ഏകദേശം 25 നക്ഷത്രങ്ങൾ മാത്രമേ ഉള്ളു. ഇത് ഭൂമിയിൽ നിന്ന് 8200 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[21]
എൻ ജി സി 457, എൻ ജി സി 663 എന്നിവയാണ് കാശ്യപിയിലെ മറ്റു പ്രധാന തുറന്ന താരവ്യൂഹങ്ങൾ. രണ്ടിലും ഏതാണ്ട് 80 നക്ഷത്രങ്ങൾ വീതമാണുള്ളത്. എൻ ജി സി 457 താരതമ്യേന അയഞ്ഞ വ്യൂഹമാണ്. ഇതിലെ പ്രധാന നക്ഷത്രമാണ് കാന്തിമാനം 5 ഉള്ള ഫൈ കാസിയോപ്പിയ. ഭൂമിയിൽ നിന്ന് ഏകദേശം 10,000 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. എൻ ജി സി 663 കൂടുതൽ അടുത്ത് 8200 പ്രകാശവർഷം അകലെയായി സ്ഥിതി ചെയ്യുന്നു.[21]

കാശ്യപിയിൽ രണ്ടു സൂപ്പർനോവ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ടൈക്കോയുടെ നക്ഷത്രം എന്നറിയപ്പെടുന്ന എസ് എൻ 1572 ആണ് ഒന്നാമത്തേത്. ഇത് 1572ൽ ടൈക്കോ ബ്രാഹെ ആണ് കണ്ടെത്തിയത്. പിന്നീട് ഇതിൽ നിന്ന് വലിയ തോതിൽ റേഡിയോ തരംഗങ്ങൾ ഉൽസർജ്ജിക്കുന്നതായി കണ്ടെത്തി.[21] W ആസ്റ്ററിസത്തിൽ വരുന്ന പ്രധാന നക്ഷത്രങ്ങളിൽ ഒന്നാണ് കസിയോപ്പിയ ഏ. ഇത് മറ്റൊരു സൂപ്പർനോവ അവശിഷ്ടമാണ്. ഭൂമിയിൽ നിന്നും 10,000 പ്രകാശവർഷം അകലെയുള്ള ഇത് 300 വർഷം മുമ്പായിരിക്കും സൂപ്പർനോവ ആയതെന്നാണ് കണക്കാക്കിയിട്ടുള്ളത്.[31] സൗരയൂഥത്തിനു പുറത്തുള്ള ഏറ്റവും ശക്തമായ റേഡിയോ പ്രഭവകേന്ദ്രം കൂടിയാണിത്. ജോൺ ഫ്ലെയിംസ്റ്റീഡ് 1680ൽ ഇതിന്റെ സ്ഥാനത്ത് ഒരു മങ്ങിയ നക്ഷത്രത്തെ നിരീക്ഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്ര എക്സ്-റേ ദൂരദർശിനി 1990ൽ ഇതിന്റെ ആദ്യത്തെ ഇമേജ് ലഭ്യമാക്കി. സെക്കന്റിൽ 4000 കി.മീറ്റർ വേഗതയിലാണ് ഇതിൽ നിന്നുള്ള ദ്രവ്യം പുറന്തള്ളപ്പെടുന്നത്. ഇതിന്റെ ശരാശരി താപനില 30,000 കെൽവിൻ ആണെന്നാണ് കണക്കാക്കിയിട്ടുള്ളത്.[31]
എൻ ജി സി 457 കാശ്യപിയിലെ മറ്റൊരു തുറന്ന താരവ്യൂഹമാണ്. 1787ൽ വില്യം ഹെർഷൽ ആണ് ഇതിനെ കണ്ടെത്തുന്നത്. ഇതിന്റെ കാന്തിമാനം 6.4 ആണ്. ഭൂമിയിൽ നിന്നും ഏകദേശം 10,000 പ്രകാശവർഷം അകലെ പെർസ്യൂസ് ഹസ്തത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ താരവ്യൂഹത്തിൽ നൂറിലേറെ നക്ഷത്രങ്ങൾ ഉണ്ട്.[32]
താരാപഥങ്ങളുടെ രണ്ടു ലോക്കൽ ഗ്രൂപ്പകളും കാശ്യപിയിലുണ്ട്. ഭൂമിയിൽ നിന്നും 20 ലക്ഷം പ്രകാശവർഷം അകലെ കിടക്കുന്ന എൻ ജി സി 185 ആണ് ഒന്ന്. ഇതിന്റെ കാന്തിമാനം 9.2 ആണ്. 23 ലക്ഷം പ്രകാശവർഷം അകലെ കിടക്കുന്ന എൻ ജി സി 147 ആണ് മറ്റൊന്ന്. ഇതിന്റെ കാന്തിമാനം 9.3 ആണ്. ഉയർന്ന തോതിൽ നക്ഷത്രരൂപീകരണം നടക്കുന്നതും നിയതമായ രൂപമില്ലാത്തതുമായ ഐ സി 10 എന്ന താരാപഥവും കാശ്യപിയിലുണ്ട്.[33]
Remove ads
ഉൽക്കാവർഷം
ഡിസംബർ മാസ്സത്തിൽ കാണുന്ന ഡിസംബർ ഫൈ കാസിയോപ്പിയ ഉൽക്കാവർഷം അടുത്ത കാലത്താണ് കണ്ടെത്തിയതെങ്കിലും ആരാണ് ആദ്യമായി തിരിച്ചറിഞ്ഞത് എന്ന വ്യക്തമല്ല. താരതമ്യേന വേഗത കുറഞ്ഞ ഈ ഉൽക്കകളുടെ ശരാശരി വേഗത സെക്കന്റിൽ 16.7 കി.മീറ്റർ ആണ്.[34]
കുറിപ്പുകൾ
- Delporte had proposed standardising the constellation boundaries to the International Astronomical Union, who had agreed and gave him the lead role[10]
- While parts of the constellation technically rise above the horizon to observers between the latitudes of 12°S and 43°S, stars within a few degrees of the horizon are to all intents and purposes unobservable.[8]
- Objects of magnitude 6.5 are among the faintest visible to the unaided eye in suburban-rural transition night skies.[14]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads