കൈകവസ്
From Wikipedia, the free encyclopedia
Remove ads
ഖഗോള ഉത്തരധ്രുവത്തോട് വളരെയടുത്തുള്ള ഒരു നക്ഷത്രരാശിയാണ് കൈകവസ് (Cepheus). പ്രകാശമാനം കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. 2-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായ ടോളമിയുടെ 48 രാശികളുള്ള പട്ടികയിലും 88 രാശികളുള്ള ആധുനിക പട്ടികയിലും ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന്റെ കേന്ദ്രത്തിൽ ഒരു അതിഭീമൻ തമോദ്വാരം ഉണ്ട്. ആകാശഗംഗയുടെ മദ്ധ്യത്തിലുള്ളതിനേക്കാൾ 10,000 മടങ്ങ് പിണ്ഡമുണ്ട് ഇതിന്. അറിയപ്പെടുന്ന അതിഭീമൻ തമോദ്വാരങ്ങളിൽ ഒന്നാണിത്.[1][2]
Remove ads
ചരിത്രവും ഐതിഹ്യവും
ഗ്രീക്ക് പുരാണങ്ങൾ അനുസരിച്ച് സെഫ്യൂസ് എത്യോപിയയിലെ രാജാവായിരുന്നു. കാസിയോപിയ അദ്ദേഹത്തിന്റെ പത്നിയും ആൻഡ്രോമീഡ അദ്ദേഹത്തിന്റെ മകളുമായിരുന്നു. ആധുനിക നക്ഷത്രരാശികളിൽ ഇവരുടെ പേരുകളുള്ള മൂന്നു രാശികളും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു[3]
നക്ഷത്രങ്ങൾ
ആൽഡെറാമിൻ എന്നുകൂടി അറിയപ്പെടുന്ന ആൽഫ സെഫി ആണ് കൈകവസിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം. ഇതിന്റെ കാന്തിമാനം 2.51 ആണ്. ഭൂമിയിൽ നിന്ന് 980 പ്രകാശവർഷം അകലെയുള്ള മഞ്ഞ നിറത്തിലുള്ള അതിഭീമൻ നക്ഷത്രമാണ് ഡെൽറ്റ സെഫി. ഇതൊരു പ്രോട്ടോടൈപ്പ് സെഫീഡ് ചരനക്ഷത്രമാണ്. 1784ൽ ജോൺ ഗൂഡ്രിക്ക് ആണ് ഇത് ചരനക്ഷത്രം ആണെന്ന് കണ്ടെത്തിയത്. 5 ദിവസത്തിനും 9 മണിക്കൂറിനും ഇടയിൽ ഇതിന്റെ കാന്തിമാനം 3.5നും 4.4നും ഇടയിൽ വ്യത്യാസപ്പെടുന്നു. സ്പന്ദിക്കുന്ന ചരനക്ഷത്രങ്ങളുടെ ഒരു വിഭാഗമാണ് സെഫീഡുകൾ. ഡെൽറ്റ സെഫിയുടെ വ്യാസം 40 സൗര വ്യാസത്തിനും 46 സൗര വ്യാസത്തിനും ഇടയിലാണ്. ഇതൊരു ഇരട്ടനക്ഷത്രം കൂടിയാണ്. മഞ്ഞ നക്ഷത്രത്തിന് ഒരു നീലസഹചാരി കൂടിയുണ്ട് ഇതിന്റെ കാന്തിമാനം 6.3 ആണ്.[4]

നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന മൂന്ന് ചുവന്ന അതിഭീമ നക്ഷത്രങ്ങൾ കൂടി കൈകവസിലുണ്ട്. കടും ചുവപ്പ് നിറമുള്ളതിനാൽ മ്യൂ സെഫിയെ ഹെർഷലിന്റെ മാണിക്യനക്ഷത്രം എന്നും അറിയപ്പെടുന്നു. കുറഞ്ഞ കാന്തിമാനം 5.1ഉം പരമാവധി കാന്തിമാനം 3.4ഉം ഉള്ള ഒരു അർദ്ധചരനക്ഷത്രമാണിത്. ഈ മാറ്റത്തിനെടുക്കുന്ന സമയെ ഏകദേശം 2 വർഷമാണ്.[5] ഇതിന്റെ അർദ്ധവ്യാസം 5.64 സൗരദൂരം ആണ്. ഇത് സൗരയൂഥത്തിന്റെ കേന്ദ്രത്തിലായിരുന്നു എങ്കിൽ അതിന്റെ ഏറ്റവും പുറമെയുള്ള ഭാഗം വ്യാഴത്തിന്റെ ഭ്രമണപഥം വരെ എത്തുമായിരുന്നു. മറ്റൊന്ന്, വിവി സെഫി എ മ്യൂ സെഫിയെപ്പോലെ ഒരു ചുവന്ന അതിഭീമനും അർദ്ധചരനക്ഷത്രവുമാണ്. ഇത് ഭൂമിയിൽ നിന്ന് 5,000 പ്രകാശവർഷമെങ്കിലും അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ കുറഞ്ഞ കാന്തിമാനം 5.4ഉം കൂടിയത് 4.8ഉം ആണ്. ഇതിന് കൂട്ടായി വിവി സെഫി ബി എന്ന ഒരു മുഖ്യധാരാനക്ഷത്രവും ഉണ്ട്. ആകാശഗംഗയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒന്നാണിത്. സൂര്യന്റെ 1400 മടങ്ങ് വ്യാസമുണ്ട് ഇതിന്.[5] വി വി സെഫf അസാധാരണമായ ദീർഘകാലഗ്രഹണദ്വന്ദ്വങ്ങൾ കൂടിയാണ്. ഓരോ 20.3 വർഷത്തിലും സംഭവിക്കുന്ന ഗ്രഹണകാലത്ത് നഗ്നനേത്രങ്ങളാൽ നിരീക്ഷിക്കാൻ കഴിയാത്തവിധം ഇത് മങ്ങുന്നു. ചുവന്ന ഭീമൻ കൂടിയായ ടി സെഫി ഒരു മീറ വേരിയബിളാണ്. കുറഞ്ഞ കാന്തിമാനം 11.3ഉം കൂടിയത് 5.2ഉം ആയ ഈ നക്ഷത്രം ഭൂമിയിൽ നിന്നും 685 പ്രകാശവർഷം അകലെയാണ്. 13 മാസം കൊണ്ടാണ് കുറഞ്ഞതിൽ നിന്നും കൂടിയതിലേക്കും തിരിച്ചും ആവുന്നത്. ഇതിന്റെ വ്യാസം 329 - 500 സൗരവ്യാസം ആണ്.[6][5]
നിരവധി പ്രമുഖ ഇരട്ട നക്ഷത്രങ്ങളും ദ്വന്ദ്വനക്ഷത്രങ്ങളും കൈകവസിൽ ഉണ്ട്. 800 വർഷം പരിക്രമണകാലമുള്ള ഒരു ദ്വന്ദ്വനക്ഷത്രമാണ് ഒമിക്രോൺ സെഫി. ഭൂമിയിൽ നിന്ന് 211 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഈ സിസ്റ്റത്തിൽ ഓറഞ്ച് നിറത്തിലുള്ള പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 4.9ഉം ദ്വിദീയ നക്ഷത്രത്തിന്റെ കാന്തിമാനം 7.1ഉം ആണ്. ഭൂമിയിൽ നിന്ന് 102 പ്രകാശവർഷം അകലെയുള്ള മറ്റൊരു ദ്വന്ദ്വനക്ഷത്രമാണ് എഫ്‌സി സെഫി. 4,000 വർഷമാണ് ഇതിന്റെ പരിക്രമണകാലം. ഇതിലെ പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 4.4ഉം ദ്വിദീയ നക്ഷത്രത്തിന്റേത് 6.5ഉം ആണ്.[5]
രണ്ട് ചുവപ്പുകുള്ളന്മാരടങ്ങുന്ന ദ്വന്ദ്വനക്ഷത്രമാണ് ക്രൂഗർ 60. ഭൂമിയിൽ നിന്ന് 13 പ്രകാശവർഷം മാത്രം അകലെയുള്ള ഇത് ഏറ്റവും അടുത്തു കിടക്കുന്ന ദ്വന്ദ്വനക്ഷത്രങ്ങളിൽ ഒന്നാണ്.
Remove ads
ജ്യോതിശാസ്ത്രവസ്തുക്കൾ

- എൻജിസി 188 ഒരു തുറന്ന താരവ്യൂഹം ആണ്. അത് ഉത്തരധ്രുവത്തോട് ഏറ്റവും അടുത്തു കിടക്കുന്നതും അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ പ്രായമുള്ള തുറന്ന താരവ്യൂഹങ്ങളിൽ ഒന്നുമാണ്.
- എൻജിസി 6946 ഒരു സർപ്പിള താരാപഥമാണ്. അതിൽ പത്ത് സൂപ്പർനോവകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു താരാപഥത്തിലും ഇത്രയും സൂപ്പർനോവകൾ കണ്ടെത്തിയിട്ടില്ല.
- മറ്റൊരു സർപ്പിള താരാപഥമാണ് ഐസി 469. നിബിഡമായ കേന്ദ്രം, ദീർഘവൃത്താകാരം, വ്യക്തമായി കാണാനാവുന്ന കരങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
- ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പ്രോട്ടോസ്റ്റാറാണ് നെബുല എൻജിസി 7538.
- കോളിണ്ടർ 429 താരവ്യൂഹത്തിനോടൊപ്പം കാണപ്പെടുന്ന ഒരു പ്രതിഫലന നെബുലയാണ് എൻജിസി 7023. കാന്തിമാനം 7.7 ഉള്ള ഇത് ഭൂമിയിൽ നിന്ന് 1,400 പ്രകാശവർഷം അകലെയാണ്. നെബുലയും താരവ്യൂഹവും ബീറ്റ സെഫിയ്ക്കും ടി സെഫിയ്ക്കും സമീപമാണ്.[8]
- കേവ് നെബുല എന്നും അറിയപ്പെടുന്ന എസ് 155 മങ്ങിയതും വ്യാപിച്ചു കിടക്കുന്നതും തിളക്കമുള്ളതുമായ ഒരു നെബുലയാണ്. വികിരണം, പ്രതിഫലനം എന്നീ പ്രത്യേകതകളോടൊപ്പം പ്രകാശത്തെ ആഗിരണം ചെയ്യുന്ന മേഖലകളും ഇതിലുണ്ട്.
- പ്രപഞ്ചത്തിലെ ഏറ്റവും ഊർജ്ജശേഷിയുള്ള വസ്തുക്കളിൽ ഒന്നാണ് ക്വാസാർ 6സി ബി0014+8120. 4,000 കോടി സൂര്യന്മാർക്ക് തുല്യമായ ഒരു അതിഭീമൻ തമോദ്വാരം ആണ് ഇതിന് ഇത്രയും ഉയർന്ന ഊർജ്ജം നൽകുന്നത്.
ചിത്രീകരണം

കൈകൾ ഉയർത്തിപ്പിടിച്ച് ആൻഡ്രോമിഡയുടെ ജീവൻ രക്ഷിക്കാൻ ദേവതകളോട് പ്രാർത്ഥിക്കുന്ന രൂപത്തിലാണ് കൈകവസിനെ സാധാരണയായി ചിത്രീകരിക്കുന്നത്. സിംഹാസനത്തിൽ ഇരിക്കുന്ന ഭരണാധികാരിയായും ചിത്രീകരിക്കാറുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads