ജീവിതശൈലീരോഗങ്ങൾ

From Wikipedia, the free encyclopedia

Remove ads

തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ. ഇംഗ്ലീഷിൽ ലൈഫ് സ്റ്റൈൽ ഡിസീസസ് (Life style diseases) എന്നറിയപ്പെടുന്നു. ഇവയിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ തെറ്റായ ജീവിത ശൈലി നശിപ്പിക്കുന്നു.[1] ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രമേഹം, ഹൃദ്രോഗം, കാൻസർ, അമിത കൊളസ്ട്രോൾ, രക്താതിമർദ്ദം, അമിതവണ്ണം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവ. കൂടാതെ വന്ധ്യത, ഹോർമോൺ തകരാറുകൾ, പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ്, സ്ത്രീകളിൽ യോനീ വരൾച്ച, ലൈംഗികതാല്പര്യക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം തുടങ്ങിയ അനാരോഗ്യകരമായ ജീവിത ശൈലി മൂലം ഉണ്ടാകാറുണ്ട്. [2]

Remove ads

കാരണങ്ങൾ

ആഹാരരീതിയിലെ മാറ്റം

  1. പച്ചക്കറികളുടേയും പഴവർഗ്ഗങ്ങളുടേയും ഇലക്കറികളുടെയും പരിപ്പുവർഗങ്ങളുടെയും ഉപയോഗക്കുറവ്.
  2. കടൽ മത്സ്യങ്ങളുടെ ഉപയോഗക്കുറവ്. പ്രോടീൻ, ഒമേഗാ 3 ഫാറ്റി ആസിഡ് എന്നിവയുടെ നല്ല ശ്രോതസാണ് മത്‍സ്യങ്ങൾ.
  3. ചോറ്, ചപ്പാത്തി, ബിരിയാണി മുതലായ അമിത അളവിൽ അന്നജം, കാലറി, പഞ്ചസാര, ഉപ്പ്‌, എണ്ണ, നെയ്യ്, കൊഴുപ്പ് എന്നിവയുടെ അമിതമായി അടങ്ങിയ ഭക്ഷണരീതി.
  4. എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി മൊരിഞ്ഞതുമായ ഭക്ഷണ വസ്തുക്കളുടെ അമിതോപയോഗം.
  5. കൊഴുപ്പടങ്ങിയ അഥവാ ചുവന്ന മാംസാഹാരത്തോടുള്ള അഭിനിവേശം.
  6. അമിതമായി മധുരം ചേർത്ത പായസം ധാരാളം ഉപയോഗിച്ചാൽ അത് ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. വെളുത്ത അരി അന്നജ പ്രധാനമായതിനാലും അതിൽ മറ്റു പോഷകങ്ങൾ കുറവായതിനാലും അരി പായസം ധാരാളം ഉപയോഗിക്കുന്നത് ഗുണകരമല്ല.
  7. ജോലിത്തിരക്കിനിടയിൽ ഭക്ഷണം ഒഴിവാക്കൽ
  8. ഒരിക്കൽ ചൂടാക്കിയ എണ്ണയിൽ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അപകടകരമാണ്.
  9. എണ്ണ പലഹാരങ്ങളുടെ അമിതോപയോഗം.
  10. പുകവലി, മദ്യപാനം, ഡ്രഗ്സ്സ്, മയക്കുമരുന്ന് അമിത ഉപയോഗം കാരണം. തലക്കും ഹൃദയത്തിനും കരളിനും വേഗത്തിൽ രോഗം വരുന്നു.
  11. അമിതാഹാരം- ഇത് പൊണ്ണത്തടിയുണ്ടാക്കുന്നു. ഇവ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതംഫാറ്റി ലിവർ, ഉദ്ധാരണശേഷിക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, യോനീ വരൾച്ച തുടങ്ങിയ മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു.

വ്യായാമക്കുറവ്

പ്രായപൂർത്തിയായ വ്യക്തി ദിവസേന ചുരുങ്ങിയത് 45 മിനിറ്റ് എങ്കിലും കൃത്യമായി വ്യായാമം ചെയ്തിരിക്കണം എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. അതിന്റെ അഭാവത്തിൽ ദുർമേദസ്സിനും രോഗങ്ങൾക്കും കാരണമാകുന്നു. ആരോഗ്യവും ശാരീരികക്ഷമതയും ‌ചിലപ്പോൾ ശരീര സൗന്ദര്യവും വച്ചുപുലർത്താനായി ചെയ്യുന്ന കായികാഭ്യാസങ്ങളാണ് വ്യായാമം.

പലരും പല ലക്ഷ്യങ്ങൾക്കായി വ്യായാമം ചെയ്യുന്നു. രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി, ആരോഗ്യം നിലനിർത്തുന്നതിനായി, ശരീര സൗന്ദര്യവും ആകർഷകത്വവും മെച്ചപ്പെടുത്തുവാനായി, യുവത്വം നിലനിർത്താനായി, കുടവയർ കുറയ്ക്കുന്നതിനായി, മാനസികമായ ഉല്ലാസവും ഊർജസ്വലതയും നിലനിർത്തുന്നതിനായി, മാനസിക സമ്മർദം കുറയ്ക്കാൻ, കായികരംഗത്തെ മികവിനായി, പേശികൾ ബലപ്പെടുത്തുന്നതിനായി, ശരീരഭാരം കൂട്ടുകയോ കുറക്കുകയൊ ചെയ്യുന്നതിനായി, തൊഴിൽ രംഗത്തെ മികവിനായി, മികച്ച ജീവിതശൈലിയ്ക്കായി, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം മെച്ചപ്പെടുത്താനായി, ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉത്പാദനം നിലനിർത്താൻ എന്നിങ്ങനെ പല ലക്ഷ്യങ്ങൾക്കായി വ്യായാമം ചെയ്യുന്നവരുണ്ട്. സാധാരണ രീതിയിൽ വ്യായാമം ചെയ്യുമ്പോൾ മടുപ്പ് ഉളവാകുന്നവർക്ക്‌ സുംബ ഫിറ്റ്നസ് ഡാൻസ്, അയോധന കലകൾ, കളികൾ എന്നിവ ഏതെങ്കിലും ശീലമാക്കാവുന്നതാണ്.

രോഗങ്ങളെ ചെറുക്കുന്ന അത്ഭുതം എന്നാണ് ആരോഗ്യ പ്രവർത്തകർ വ്യായാമത്തെ വിളിക്കുന്നത്. പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധവ്യവസ്ഥയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും, ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ജീവിതശൈലീരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുവാനും അവയെ നല്ലൊരു ശതമാനംവരെ അവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

വ്യായാമം ചെയ്യുന്ന വ്യക്തികൾ മറ്റുള്ളവരെക്കാൾ ചുറുചുറുക്കോടെ കാണപ്പെടുകയും ഇത്തരക്കാരിൽ നടുവേദന, കഴുത്തുവേദന പോലെയുള്ള പ്രശ്നങ്ങൾ കുറഞ്ഞിരിക്കുകയും, ദീർഘകാലം ചെറുപ്പമായിരിക്കുകയും ചെയ്യുന്നു. പേശികളും അസ്ഥികളും ബലപ്പെടുത്തുന്നതിന്റെ ഗുണം വളരെയധികമാണ്. വാർധക്യത്തിലും ചുറുചുറുക്കോടെ ആരോഗ്യത്തോടെയിരിക്കാനും വ്യായാമം സഹായിക്കുന്നു. വ്യായാമത്തിന്റെ ഗുണം മിക്കവാറും എല്ലാ അവയവങ്ങൾക്കും ലഭിക്കുന്നു.

ശരീരത്തിലെത്തുന്ന അമിതമായ കൊഴുപ്പ്, ഉപ്പ്, ഊർജം അഥവാ പഞ്ചസാര, അന്നജം എന്നിവയെ നിയന്ത്രിക്കുവാനും രക്തയോട്ടം മെച്ചപ്പെടുത്തുവാനും ഹോർമോൺ വ്യതിയാനങ്ങളെ ചെറുക്കുവാനും ഏറെ ഫലപ്രദമാണ് ശാരീരികമായ വ്യായാമം. പോഷക സമൃദ്ധവുമായ ഭക്ഷണ ക്രമീകരണത്തിനൊപ്പം ചെയ്യുമ്പോഴാണ് വ്യായാമം ഇത്തരത്തിൽ പൂർണ്ണമായ ഗുണങ്ങൾ നൽകുന്നത്.

വ്യായാമങ്ങൾ പൊതുവെ മൂന്ന് വിധമാണുള്ളത്.

സന്ധികളുടേയും പേശികളുടേയും ചലനങ്ങളെ ഉത്തേജിപ്പിക്കുന്ന സ്ട്രെച്ചിങ്ങ് പോലുള്ള ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ. യോഗാഭ്യാസം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

സൈക്ലിങ്ങ്, നീന്തൽ, വേഗത്തിലുള്ള നടപ്പ്, ഓട്ടം, പടി കയറൽ, സ്കിപ്പിംഗ്, ടെന്നീസ്, ഫുട്ബോൾ, ബാഡ്മിന്റൺ കളിക്കൽ, നൃത്തം വിശേഷിച്ചു സുംബ ഫിറ്റ്നസ് ഡാൻസ്, അയോധന കലകൾ തുടങ്ങിയവ ഹൃദയധമ്നികളെ ഉത്തേജിപ്പിക്കുന്ന ഏറോബിക്സ് വ്യായാമങ്ങൾ. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഇവയെ കാർഡിയാക് വ്യായാമങ്ങൾ എന്നും അറിയപ്പെടുന്നു. ഇവ പരിശീലിക്കുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും വിയർക്കുകയും ചെയ്യുന്നത് സ്വാഭാവികം.

താത്കാലികമായി പേശികൾക്ക്, അസ്ഥികൾക്ക് ശക്തി പകരുന്ന വെയ്റ്റ്ലിഫ്റ്റിങ്ങ് പോലുള്ള ഭാരം ഉപയോഗിച്ച് കൊണ്ടുള്ള അനീറോവ്യായാമങ്ങൾ. ജിംനേഷ്യത്തിൽ ചെയ്യുന്ന വ്യായാമങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

മാനസിക സമ്മർദം

ജോലി സ്ഥലത്തുനിന്നും കുടുംബത്തിൽ നിന്നുമുള്ള മാനസിക സമ്മർദം പലർക്കും താരതമ്യേന കൂടുതലാണ്. മതിയായ ഉല്ലാസവും ഉറക്കവും കുറയുന്നതും സാമ്പത്തിക പ്രശ്നങ്ങളും തൊഴിൽ ഇല്ലായ്മയും പങ്കാളിയുമായുള്ള പ്രശ്നങ്ങളും ബന്ധങ്ങൾ വഷളാകുന്നതും അമിത മാനസിക സമ്മർദത്തിലേക്ക് നയിക്കുന്നു. ഇത് മാനസികവും ശാരീരികവുമായ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ചിലപ്പോൾ അമിത മദ്യാസക്തി, പുകവലി തുടങ്ങിയ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നു. കൂടാതെ, ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥ, ലൈംഗിക പ്രശ്നങ്ങൾ എന്നിവയും കാര്യങ്ങൾ വഷളാക്കാം.

ഉറക്കം

നിത്യേന 7 മുതൽ 8 മണിക്കൂർ ശരിയായ ഉറക്കവും അല്ലെങ്കിൽ വിശ്രമവും വിനോദങ്ങളും മനുഷ്യർക്ക് അനിവാര്യമാണ്. ഉറക്കക്കുറവ് കൊളെസ്ട്രോൾ വർധിക്കാൻ ഇടയാക്കുന്ന മറ്റൊരു കാരണമാണ്.

Remove ads

പരിഹാരമാർഗങ്ങൾ

  1. രോഗങ്ങൾ ഉണ്ടായാൽ ശാസ്ത്രീയവും കൃത്യവുമായ ചികിത്സ സ്വീകരിക്കുക.
  2. കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തുക.
  3. ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുക. പോഷക സമൃദ്ധമായ ഭക്ഷണം, വ്യായാമം, മാനസികമായ ഉല്ലാസം, ഉറക്കം എന്നിവ ശീലമാക്കുക.
  4. പോഷകാഹാരം കഴിക്കുക: പഴങ്ങളും പച്ചക്കറികളും പരിപ്പുവർഗങ്ങളും ശരിയായ അളവിൽ ഉപയോഗിക്കുക. നിത്യേന 5 കപ്പ് (ഏതാണ്ട് 450 ഗ്രാം) പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ലഭ്യമാക്കാൻ സഹായിക്കും. അതുവഴി രോഗ സാധ്യത കുറയുന്നു.
  5. ബേക്കറി പലഹാരങ്ങൾക്ക് പകരം ഇടയ്ക്ക് പഴങ്ങളും നട്സും കഴിക്കുക.
  6. മാതൃകാ പ്ലേറ്റ് (ഹെൽത്തി പ്ലേറ്റ് മോഡൽ): ഒരു പാത്രം അഥവാ പ്ലേറ്റിന്റെ പകുതി പച്ചക്കറി വിഭവങ്ങൾ അല്ലെങ്കിൽ പച്ചക്കറി സാലഡുകൾ, മൂന്നിലൊന്ന് ഭാഗം ചോറ് (രണ്ട് സ്പൂൺ)/ ഗോതമ്പ്/ അന്നജം അടങ്ങിയ വിഭവം, ബാക്കി മൂന്നിലൊന്ന് ഭാഗം പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ ഉദാഹരണത്തിന് മത്സ്യം/കൊഴുപ്പ് കുറഞ്ഞ മാംസം/ മുട്ട/ പയർ വർഗ്ഗങ്ങൾ/ കടല തുടങ്ങിയവ ഏതെങ്കിലും ഉപയോഗിക്കാനും ആരോഗ്യ വിദഗ്ദർ ശുപാർശ ചെയ്യുന്നു. ഇത്തരം പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരമായ ആഹാര രീതിയെ ഹെൽത്തി പ്ലേറ്റ് എന്നറിയപ്പെടുന്നു. ഇതിൽ ചോറ് പോലെയുള്ള അന്നജത്തിന്റെ അളവ് കുറവും പോഷകങ്ങൾ അടങ്ങിയ കറികൾ കൂടുതലാണെന്നതുമാണ് പ്രത്യേകത.
  7. കടൽ മത്സ്യങ്ങൾ കറിയാക്കി ഉപയോഗിക്കുക. ഇത് പ്രോടീൻ, ഒമെഗാ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എന്നിവയുടെ മികച്ച സ്രോതസാണ്.
  8. എണ്ണയിൽ വറുത്തതും പൊരിച്ചതും ഒഴിവാക്കുക. കഴിവതും ആവിയിൽ പുഴുങ്ങിയ ഭക്ഷണം കഴിക്കുക.
  9. അമിത കൊഴുപ്പടങ്ങിയ ചുവന്ന മാംസാഹാരം മിതമാക്കുക.
  10. മാംസാഹാര പ്രിയർക്ക് പക്ഷിമാംസം അഥവാ കൊഴുപ്പ് നീക്കിയ വെളുത്ത മാംസം കറിയാക്കി ഉപയോഗിക്കാം.
  11. പഞ്ചസാര അഥവാ മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പ്, അന്നജം എന്നിവയുടെ ഉപയോഗം പരിമിതമാക്കുക.
  12. ചോറ്, ചപ്പാത്തി, ബിരിയാണി മുതലായ അമിത അളവിൽ അന്നജം, ഊർജം അടങ്ങിയ ഭക്ഷണരീതി പരിമിതപ്പെടുത്തുക.
  13. ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  14. സദ്യ, ബിരിയാണി എന്നിവയുടെ ഭാഗമായ ചോറ്, അച്ചാർ, പായസം മുതലായവ മിതമായി ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. പ്രത്യേകിച്ച് പ്രമേഹം, അമിത കൊളസ്ട്രോൾ, ഹൃദ്രോഗം, അമിത രക്താദിസമ്മർദം, അമിതവണ്ണം, ഉദ്ധാരണശേഷിക്കുറവ് മുതലായ രോഗങ്ങൾ ഉള്ളവർ സദ്യ കഴിക്കുമ്പോൾ നിയന്ത്രണം പാലിക്കേണ്ടതാണ് എന്ന്‌ ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
  15. വെളുത്ത അരിയേക്കാൾ പോഷക സമൃദ്ധമായ തവിട് അടങ്ങിയ അരി കൊണ്ടുള്ള ചോറാണ് ആരോഗ്യകരം. എന്നിരുന്നാലും ചോറ് കുറച്ചു ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നിലധികം തവണ ചോറ് കഴിക്കുന്നത് നല്ലതല്ല.
  16. പച്ചക്കറികൾ, ഇലക്കറികൾ, പയർ വർഗ്ഗങ്ങൾ, പരിപ്പ് എന്നിവ അടങ്ങിയ വിഭവങ്ങൾ പോഷക സമൃദ്ധവും ആരോഗ്യകരവുമാണെന്ന്‌ പറയാം. ഇതിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ അഥവാ മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
  17. മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട എന്നിവ പ്രോട്ടീൻ സമ്പുഷ്ടമാണ് എന്ന്‌ പറയാം. പൊതുവേ അത് ആരോഗ്യത്തിന് ഗുണകരവുമാണ്.
  18. മിതമായി മാത്രം മധുരം പായസത്തിൽ ചേർക്കുന്നതാണ് അഭികാമ്യം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പായസം കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും. പഞ്ചസാര ചേർത്ത പായസത്തേക്കാൾ ശർക്കര പായസമാണ് ഗുണകരം.
  19. അരി കൊണ്ടുള്ള പായസത്തേക്കാൾ പ്രോട്ടീൻ അല്ലെങ്കിൽ പോഷക സമ്പുഷ്ടമായ പയർ, കടല, പരിപ്പ്, പിസ്ത, ഓട്സ്, എള്ള്, നിലക്കടല, ചക്ക, പപ്പായ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുള്ള പായസമാണ് ആരോഗ്യത്തിന് താരതമ്യേനെ ഗുണകരം.
  20. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക. രാത്രി വൈകിയുള്ള ഭക്ഷണം പരിമിതപ്പെടുത്തുക.
  21. മുതിർന്നവർ നിത്യേന 45 മിനിറ്റും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം ചെയ്യുക. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. കളികൾ, നടത്തം, സൈക്ലിങ്, നൃത്തം, നീന്തൽ, അയോധന കലകൾ, ജിം പരിശീലനം തുടങ്ങിയവ ഉദാഹരണം.
  22. വിദഗ്ദ ഉപദേശപ്രകാരം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നത് രോഗങ്ങളെ നിയന്ത്രിക്കാൻ മാത്രമല്ല ശരീര സൗന്ദര്യവും യവ്വനവും നിലനിർത്താൻ സഹായിക്കുന്നു.
  23. അമിതവണ്ണം നിയന്ത്രിക്കുക.
  24. അമിത മദ്യപാനം, പുകവലി തുടങ്ങിയ ലഹരികൾ പൂർണമായി ഒഴിവാക്കുക.
  25. മാനസിക സമ്മർദം കുറയ്ക്കുക. ശരീരത്തിനും മനസ്സിനും ഉൻമേഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക.
  26. സംഗീതം, നൃത്തം, സിനിമ, യാത്രകൾ, വായന, യോഗ, നീന്തൽ, അയോധന കലകൾ തുടങ്ങിയവ സ്‌ട്രെസ്‌ കുറയാൻ സഹായിക്കും.
  27. നിത്യേന 7 മുതൽ 8 മണിക്കൂർ ഉറങ്ങാനും വിശ്രമത്തിനും സമയം കണ്ടെത്തുക.
  28. ബന്ധങ്ങൾ ഊഷ്മളമാക്കുക. ആവശ്യമെങ്കിൽ വിദഗ്ദരെ കണ്ടു കൗൺസിലിംഗ് എടുക്കാം.
  29. സുരക്ഷിതവും സന്തോഷകരവുമായ ലൈംഗിക ജീവിതം നയിക്കുക. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. ലൈംഗിക പ്രശ്നങ്ങൾ ഉണ്ടായാൽ വിദഗ്ദ ഡോക്ടറുടെ സേവനം തേടാൻ മടിക്കേണ്ടതില്ല.
  30. ചെറുപ്പത്തിലേ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരു പരിധിവരെ ആരോഗ്യകരമായ ജീവിതം നയിക്കാനും ജീവിതശൈലി രോഗങ്ങളും സാമ്പത്തിക നഷ്ടവും ഒഴിവാക്കുവാനും ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുവാനും സഹായിക്കും.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads