മെക്സിക്കോ

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യം From Wikipedia, the free encyclopedia

മെക്സിക്കോ
Remove ads

വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യമാണ് മെക്സിക്കോ (ഇംഗീഷ്: /ˈmɛksɪkoʊ/) (Spanish: México സ്പാനിഷ് ഉച്ചാരണം: [മെഹ്ഹിക്കോ]). ഇത് ഔദ്യോഗികമായി ഐക്യ മെക്സിക്കൻ നാടുകൾ[10] (Spanish: Estados Unidos Mexicanos) എന്ന പേരിലറിയപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ ജിയോസ്കീം ഇതിനെ മധ്യ അമേരിക്കയുടെ ഭാഗമായാണ് കണക്കാക്കുന്നത്. മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഒന്നാണ്. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വടക്കേയറ്റത്തുള്ള രാജ്യമായ ഇതിന്റെ അതിരുകൾ വടക്കുവശത്ത് അമേരിക്കൻ ഐക്യനാടുകളും, തെക്കുകിഴക്ക് ബെലീസ്, ഗ്വാട്ടിമാല എന്നിവയുമാണ്.[11][12].അതേസമയം പടിഞ്ഞാറ് വശത്ത് ശാന്ത സമുദ്രവുമായും തെക്കുകിഴക്ക് കരീബിയൻ കടലുമായും കിഴക്കുവശത്ത് മെക്സിക്കോ ഉൾക്കടലുമായും ഇതിന് സമുദ്രാതിർത്തികളുണ്ട്. മെക്സിക്കോ 1,972,550 ചതുരശ്ര കിലോമീറ്റർ (761,610 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതും കരവിസ്തൃതിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ പതിമൂന്നാമത്തെ വലിയ രാജ്യവുമാണ്. 130 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മെക്സിക്കോ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ രാജ്യമാണ്, കൂടാതെ ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം ഡാലിയ ആണ്.

വസ്തുതകൾ യുണൈറ്റഡ് മെക്സിക്കൻ സ്റ്റേറ്റ്സ്Estados Unidos Mexicanos (Spanish), തലസ്ഥാനം ...

മെക്സിക്കോയിൽ മനുഷ്യ സാന്നിധ്യം കുറഞ്ഞത് ബിസി 8,000 മുതലുള്ളതാണ്. നാഗരികതയുടെ കളിത്തൊട്ടിലായി കണക്കാക്കപ്പെടുന്ന മെസോഅമേരിക്ക, ഓൾമെക്കുകൾ, മായൻമാർ, സപോട്ടെക്കുകൾ, ടിയോട്ടിഹുവാക്കൻ നാഗരികത, പുരെപെച്ച എന്നിവയുൾപ്പെടെ നിരവധി വികസിത സമൂഹങ്ങളുടെ ആസ്ഥാനമായിരുന്നു.

1521-ൽ ആസ്ടെക് സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ഇപ്പോൾ മെക്സിക്കോ സിറ്റിയായി അറിയപ്പെടുന്ന ടെനോച്ചിറ്റ്ലാൻ തലസ്ഥാനമായി ന്യൂ സ്പെയിൻ എന്ന കോളനി അവർ ഇവിടെ സ്ഥാപിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് കോളനികൾ സ്വാതന്ത്ര്യം നേടിയത്.

ഈ പ്രദേശത്തിന്റെ കണ്ടെത്തലോടെ ന്യൂ സ്പെയിൻ സമുദ്രാന്തര സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന കേന്ദ്രമായി മാറുകയും, വെള്ളി ഖനനവും യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഒരു കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ സ്ഥാനവും കോളനിയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുകയും ചെയ്തു. ഇത് ലോകത്തിലെ ഏറ്റവും വലിയ ബഹുവംശീയ ജനസംഖ്യകളിലൊന്നിന് ആവിർഭാവം നൽകി. പെനിൻസുലർ യുദ്ധം 1810–1821 ലെ മെക്സിക്കൻ സ്വാതന്ത്ര്യയുദ്ധത്തിലേക്ക് നയിച്ചതോടെ പെനിൻസുലർ ഭരണം അവസാനിപ്പിക്കുകയും ഒന്നാം മെക്സിക്കൻ സാമ്രാജ്യത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. ഹ്രസ്വകാലത്തേക്ക് മാത്രം നിലനിന്ന ഒന്നാം മെക്സിക്കൻ റിപ്പബ്ലിക്ക് പെട്ടെന്നുതന്നെ തകർന്നു. 1848-ലെ അമേരിക്കൻ അധിനിവേശത്തിൽ മെക്സിക്കോയുടെ പകുതിയോളം പ്രദേശങ്ങൾ അവർക്ക് നഷ്ടപ്പെട്ടു. 1857-ലെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിബറൽ പരിഷ്കാരങ്ങൾ ആഭ്യന്തരയുദ്ധത്തിലേക്കും തുടർന്ന് ഫ്രഞ്ച് ഇടപെടലിലേക്കും നയിച്ചു, ഇത് ഓസ്ട്രിയയിലെ ചക്രവർത്തി മാക്സിമിലിയൻ ഒന്നാമന്റെ കീഴിൽ രണ്ടാം മെക്സിക്കൻ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ കലാശിച്ചു. എന്നാൽ ബെനിറ്റോ ജുവാരസിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ സൈന്യം അദ്ദേഹത്തെ അട്ടിമറിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശം പോർഫിരിയോ ഡയസിന്റെ ദീർഘകാല സ്വേച്ഛാധിപത്യം കാണുകയും അദ്ദേഹത്തിന്റെ ആധുനികവൽക്കരണ നയങ്ങൾ കടുത്ത സാമൂഹിക അസ്വസ്ഥതകൾക്ക് കാരണമായിത്തീരുകയും ചെയ്തു. 1910–1920 ലെ മെക്സിക്കൻ വിപ്ലവം ഡയസിനെ അട്ടിമറിക്കുന്നതിനും 1917 ലെ ഭരണഘടന അംഗീകരിക്കുന്നതിനും കാരണമായി. 1940-1970 കാലഘട്ടത്തിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ്, രാഷ്ട്രീയ അടിച്ചമർത്തൽ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയ്ക്കിടയിലും മെക്സിക്കോ ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണവും സാമ്പത്തിക വളർച്ചയും അനുഭവിച്ചു. 1968-ലെ ത്ലാറ്റെലോൽകോ കൂട്ടക്കൊലയും 1994-ലെ സപാറ്റിസ്റ്റ കലാപവും ഇവിടെയുണ്ടായ അശാന്തിയിൽ ഉൾപ്പെടുന്നു. 1994-ൽ നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് (NAFTA) ഒപ്പുവച്ചതോടെ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നവലിബറലിസത്തിലേക്കുള്ള ഒരു മാറ്റം ദർശിച്ചു.

ഒരു ഫെഡറൽ റിപ്പബ്ലിക്കായ മെക്സിക്കോയിൽ പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണ സംവിധാനമാണുള്ളത്. ഈ ജനാധിപത്യ ചട്ടക്കൂട് അധികാരങ്ങളെ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ എന്നിങ്ങനെ മൂന്ന് ശാഖകളായി വിഭജിക്കുന്നു. ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന ചേംബർ ഓഫ് ഡെപ്യൂട്ടീസും ഓരോ സംസ്ഥാനത്തിനും തുല്യ പ്രാതിനിധ്യം നൽകുന്ന സെനറ്റും ഉൾപ്പെടുന്ന ദ്വിസഭാ കോൺഗ്രസ് ചേർന്നതാണ് ഫെഡറൽ നിയമനിർമ്മാണ സഭ. ഭരണഘടനയനുസരിച്ച് ഫെഡറൽ യൂണിയൻ, സംസ്ഥാന സർക്കാരുകൾ, മുനിസിപ്പൽ സർക്കാർ എന്നിങ്ങനെ മൂന്ന് തലത്തിലുള്ള സർക്കാർ സ്ഥാപനങ്ങളാണ് ഇവിടയുള്ളത്. മെക്സിക്കോയുടെ ഫെഡറൽ ഘടന അതിന്റെ 32 സംസ്ഥാനങ്ങൾക്കും സ്വയംഭരണം നൽകുന്നതൊടൊപ്പം, അതിന്റെ രാഷ്ട്രീയ വ്യവസ്ഥ തദ്ദേശീയ പാരമ്പര്യങ്ങളാലും യൂറോപ്യൻ ജ്ഞാനോദയ ആശയങ്ങളാലും ആഴത്തിൽ സ്വാധീനിക്കപ്പെടുന്നതുമാണ്.

പുതുതായി വ്യാവസായികവൽക്കരിക്കപ്പെട്ടതും വികസ്വരവുമായ[13] ഒരു രാജ്യമായ മെക്സിക്കോ ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ പതിനഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും പിപിപിയുടെ അടിസ്ഥാനത്തിൽ പതിമൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമുള്ള രാജ്യമാണ്. ഇത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ എണ്ണത്തിൽ അമേരിക്കകളിൽ ഒന്നാം സ്ഥാനത്തും ലോകത്ത് ഏഴാം സ്ഥാനത്തുമാണ്.[14] ലോകത്തിലെ 17 മെഗാഡൈവേഴ്‌സ് രാജ്യങ്ങളിൽ ഒന്നായ ഇത്, പ്രകൃതിദത്ത ജൈവവൈവിധ്യത്തിൽ അഞ്ചാം സ്ഥാനത്താണ്.[15] ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയായി ഇവിടം 2022 ലെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആറാമത്തെ രാജ്യമാണ്. 42.2 ദശലക്ഷം അന്താരാഷ്ട്ര സഞ്ചാരികളാണ് ഈ കാലയളവിൽ ഇവിടം സന്ദർശിച്ചത്[16]. മെക്സിക്കോയുടെ വലിയ സമ്പദ്‌വ്യവസ്ഥയും ജനസംഖ്യയും, ആഗോള സാംസ്കാരിക സ്വാധീനവും, സ്ഥിരമായ ജനാധിപത്യവൽക്കരണവും അതിനെ ഒരു പ്രാദേശിക, മധ്യശക്തിയാക്കി[17][18][19] മാറ്റുന്നതൊടൊപ്പം ഉയർന്നുവരുന്ന ഒരു ശക്തിയായി ലോകം അതിനെ കൂടുതലായി തിരിച്ചറിയുന്നു.[20][21][22][23] ലാറ്റിനമേരിക്കയിലെ മിക്ക പ്രദേശങ്ങളേയും പോലെ, ദാരിദ്ര്യം, വ്യവസ്ഥാപിത അഴിമതി, കുറ്റകൃത്യങ്ങൾ എന്നിവ ഇപ്പോഴും ഇവിടെ വ്യാപകമാണ്.[24] 2006 മുതൽ, മയക്കുമരുന്ന് കടത്ത് സംഘങ്ങൾ തമ്മിലുള്ള തുടർച്ചയായ സംഘർഷങ്ങൾ മൂലം ഏകദേശം 127,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.[25][26][27] മെക്സിക്കോ ഐക്യരാഷ്ട്രസഭ, ജി20, OECD, WTO, APEC ഫോറം, OAS, CELAC, OEI എന്നിവയിലെ അംഗമാണ്.

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads