റൂമി
From Wikipedia, the free encyclopedia
Remove ads
വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂർവം ജ്ഞാനികളില് ഒരാളുമാണ് മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി(റ) (1207-1273). പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടവയുമാണ്.
റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന മസ്നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. ദിവാൻ എ കബീർ എന്ന കൃതിയും പ്രശസ്തമാണ്.[7]
സൂഫിസത്തിന്റേയും, ഇസ്ലാമിന്റേയും വിശ്വ സാഹോദര്യവീക്ഷണം പുലർത്തുന്നതായിരുന്നു റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്.
Remove ads
ജീവിതം
1207-ൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ ബൽഖ് ദേശത്ത് ജനിച്ചു. പിതാവ് ആദരിക്കപ്പെടുന്ന സൂഫി പണ്ഡിതനായിരുന്ന ബഹാവൂദ്ദീൻ വലദ്. അബൂബക്‌ർ സിദ്ദീഖ്ന്റെ പിൻതലമുറയിൽപ്പെട്ടതാണ് റൂമി എന്ന് ചില ചരിത്രങ്ങളിൽ കാണാമെങ്കിലും ആധുനിക ചരിത്രകാരന്മാർ ഇതംഗീകരിക്കുന്നില്ല. 1215-നും 1220-നും ഇടയിൽ മംഗോളിയൻ പടയോട്ടത്തെ തുടർന്ന് പിതാവിനൊപ്പം ബൽഖ് വിട്ടു.
ഈ അവസരത്തിലാണ് അത്തർ എന്ന വിഖ്യാത സൂഫി കവിയെ നിഷാപ്പുർ പട്ടണത്തിൽ വച്ചു റൂമി കണ്ടുമുട്ടുന്നതും സൂഫി പാതയിൽ ആകൃഷ്ടനാവുന്ന്തും. ഈ കൂടിക്കാഴ്ച റൂമിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഗണിക്കപ്പെടുന്നു.
മെക്കയിലേക്കുള്ള തീർത്ഥയാത്രക്കു ശേഷം 1228-ൽ ഈ കുടുംബം കോന്യയിൽ താമസമുറപ്പിച്ചു. 1238-ൽ തന്റെ പിതാവിന്റെ മരണശേഷം, അലെപ്പോയിലും ദമാസ്കസിലുമായി ജലാലുദ്ദീൻ പഠനം നടത്തി, 1240-ൽ കോന്യയിൽ തിരിച്ചെത്തി. നാലു വർഷങ്ങൾക്കു ശേഷം അദ്ദേഹം പ്രശസ്തനായ സൂഫി, മുഹമ്മദ് ഷംസ് തബ്രീസിയുടെ ശിക്ഷണത്തിലായി. 1247-ൽ തബ്രീസി കൊലചെയ്യപ്പെട്ടു. ഇതിൽ സന്തപ്തനായ റൂമി, ഭൗതികലോകത്തോട് വിടപറഞ്ഞ് ധ്യാനത്തിൽ മുഴുകി. ഈ ധ്യാനകാലത്താണ് അദ്ദേഹത്തിന്റെ മഹത്‌രചനയായ മസ്നവി എ മഅനവി രചിക്കപ്പെട്ടത്.[7]

1273ൽ 66-ആം വയസ്സിൽ മരിക്കുകയും , സ്വപിതാവിന്റെ ഖബറിനടുത്ത് മറചെയ്യപ്പെടുകയും ചെയ്തു.ഹരിതശവകുടീരം എന്നറിയപ്പെടുന്ന ഒരു പ്രൌഢിയാർന്ന കുടീരം അവിടെ നിലകൊള്ളുന്നു.
Remove ads
രചനകൾ
പദ്യ കൃതികൾ
- മസ്നവി എന്ന് പരക്കെ അറിയപ്പെടുന്ന മസ്നവി എ മഅനവിയാണ് റൂമി കൃതികളിൽ ഏറ്റവും വിഖ്യാതം. ആത്മീയ ജ്ഞാന ഈരടികൾ എന്നാണ് പേരിന്റെ അർഥം.തന്റെ 54ആം വയസ്സിൽ ആരംഭിച്ച ഇതിന്റെ രചന മരണം വരെയും തുടർന്നിരുന്നു. 6 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ അവസാന ഭാഗം അപൂർണ്ണമാണ്. ഖുർആൻ, ഹദീസ്, ബൈബിൾ, ഇസോപ്പ് കഥകൾ,പഞ്ചതന്ത്രം, തുടങ്ങിയ വൈവിധ്യമാർന്ന സ്രോതസ്സുകളിൽ നിന്നുമുള്ള കഥകളും സംഭവങ്ങളും സാരോപദേശം നൽകാനായി പുനർനിർമ്മിച്ചുകൊണ്ടുള്ള ഒരപൂർവ്വ ശൈലിയാണ് മസ്നവിയിൽ കാണുന്നത്. 50,000 വരികളുള്ള മസ്നവി എ മഅനവി, പേർഷ്യൻ, ഓട്ടൊമൻ സാഹിത്യത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന മസ്നവി പദ്യശൈലിയിലാണ് (മത്നവി, മെസ്നെവി എന്നിങ്ങനെയും അറീയപ്പെടുന്നു) രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ 424 കഥകൾ ദൈവവുമായുള്ള ഐക്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തെ വരച്ചുകാട്ടുന്നു. പേർഷ്യൻ സാഹിത്യത്തിലേയും സൂഫി സാഹിത്യത്തിലേയും ഏറ്റവും മികച്ചതും സ്വാധീനിക്കപ്പെട്ടതുമായ കാവ്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു.[7]
- ദീവാൻ എ ശംസ് എന്നും ദീവാൻ എ കബീർ എന്നും അറിയപ്പെടുന്ന ദീവാൻ എ ശംസ അതബരീസി എന്ന പേർഷ്യൻ മഹാകാവ്യമാണ് റൂമിയുടെ മറ്റൊരു പദ്യ കൃതി. ഗുരുവും സുഹൃത്തുമായ ശംസ് അതബരീസിയുടെ ബഹുമാനർഥം നാമകരണം ചെയ്യപ്പെട്ട ഈ കാവ്യം പക്ഷേ ഒരു സ്മരണിക കാവ്യമല്ല.40000ലേറെ വരികളാണ് ഇതിലുള്ളത്.
പദ്യേതര കൃതികൾ
- ഫിഹി മാഫിഹി- റൂമിയുടെ 70 പ്രഭാഷണങ്ങളുടെ സമാഹാരം.
ഖുർആന്റെ അഗാധനിഗൂഢതകളാൽ പ്രചോദിതനായ റൂമി തന്റെ ശിഷ്യരോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. ഉപമകളിലൂടെ, കഥകളിലൂടെ, ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ കവിഞ്ഞൊഴുകുന്ന അകക്കാഴ്ചയുടെ തെളിമയാർന്ന നേരൊഴുക്കായി റൂമിയുടെ സംഭാഷണങ്ങൾ മാറുന്നു. അവ നമ്മെ അഗാധമായി ഏകാകിതരാക്കുകയും സമ്പന്നരാക്കുകയും ചെയ്യുന്നു. ലൗകികതയുടെ മതിഭ്രമങ്ങളിൽ നിന്നു വായനക്കാരെ വിമോചിപ്പിക്കുകയും ഉടഞ്ഞ ആത്മാക്കളെ പുതുക്കിപ്പണിയുകയും ചെയ്യുന്ന ആത്മജ്ഞാനത്തിന്റെ വിശുദ്ധവചനങ്ങൾ. 'ഫീഹി മാ ഫീഹി' മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബഷീർ മിസ്അബ് വിവർത്തനം ചെയ്തിരിക്കുന്ന കൃതി Other Books ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
- സബഅ മജാലിസ്- ഏഴു പ്രഭാഷണങ്ങൾ. ഖുർ ആന്റെയും ഹദീസുകളുടെയും ആന്തിരിക ജഞാനം ഈ പ്രഭാഷണങ്ങളിലൂടെ റൂമി വെളിപ്പെടുത്തുന്നു.
- മകാത്തീബ്- റൂമി തന്റെ ബന്ധുകൾക്കും, സുഹൃത്തുക്കൾക്കും ശിഷ്യ്ന്മാർക്കും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥന്മാർക്കുമായി അയച്ചിരുന്ന കത്തുകളുടെ സമാഹാരമാണിത്.
Remove ads
ഉദ്ധരണികൾ
“ | സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളിൽ നിന്നും വ്യത്യസ്തമാണ് സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവൻ മാത്രം സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളിൽ നിന്നും വിഭിന്നം സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദർശിനിയും |
” |
മൗലവികൾ
റൂമിയുടെ പുത്രനായിരുന്ന സുൽത്താൻ വാ അലാദ്, റൂമിയുടെ ശിഷ്യരെ മൗലവികൾ എന്ന സംഘമായി ഏകീകരിച്ചു. മൗലാനയുടെ ശിഷ്യർ എന്നാണ് മൗലവി എന്നതിനർത്ഥം. കറങ്ങുന്ന സൂഫികൾ (Whirling Dervishes) എന്നാണ് സാധാരണ ഇവർ അറീയപ്പെടുന്നത്. നെയ് (Ney) എന്ന തുർക്കി ഓടക്കുഴലിന്റെ സംഗീതത്തിനൊപ്പമുള്ള കറങ്ങിക്കൊണ്ടുള്ള നൃത്തം ഇവരുടെ സരണിയുടെ ഭാഗമാണ്.[7]
കാഴ്ചപ്പാടുകൾ
റൂമി, അടിമത്തത്തേയും ബഹുഭാര്യത്വത്തേയ്യും എതിർത്തിരുന്നു. സ്ത്രീകൾക്ക് മത-സാമൂഹികജീവിതത്തിൽ ഉയർന്ന സ്ഥാനം കൽപ്പിച്ചു. സത്യത്തിന്റേയ്യും സൗന്ദര്യത്തിന്റേയും എല്ലാ രൂപങ്ങളേയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പരബഹുമാനമുള്ളവരും ദാനശീലരും ആയിരിക്കുന്നതിനും അദ്ദേഃഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു.
റൂമിയുടെ ചിന്തകൾ, തികഞ്ഞ മതവിദ്വേഷിയായിരുന്ന തുർക്കി പ്രസിഡണ്ട്, കമാൽ അത്താത്തുർക്കിനെ വരെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്കപ്പാടിൽ മൗലവി ദൈവവീക്ഷണം, പരമ്പരാഗത അറബിദൈവവിശ്വാസത്തിന്റെ മൗലികചട്ടക്കൂടിൽ നിന്നും അയഞ്ഞതും തുർക്കികൾക്ക് ചേർന്നതുമാണെന്നതുമായിരുന്നു. എന്നിരുന്നാലും 1925-ൽ മൗലവികളുടേതടക്കമുള്ള സൂഫി ആശ്രമങ്ങൾ അടച്ചുപൂട്ടാൻ കമാൽ മടിച്ചില്ല. പിന്നീട് 1957-ലാണ് ചരിത്രപാരമ്പര്യം നിലനിർത്താൻ ഒരു സാംസ്കാരികസംഘടനയായി പ്രവർത്തിക്കാൻ മൗലവികൾക്ക് സർക്കാർ അനുവാദം നൽകിയത്.[7]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads