മുഹമ്മദ്

ഇസ്ലാമിന്റെ അന്ത്യ പ്രവാചകൻ From Wikipedia, the free encyclopedia

മുഹമ്മദ്
Remove ads

ഇസ്ലാം മതവിശ്വാസ പ്രകാരം അന്ത്യ പ്രവാചകനാണ് മുഹമ്മദ്‌ അഥവാ മുഹമ്മദ് നബി. ഏ.ഡി ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഒരു ഏകീകൃത ഭരണകൂടം സ്ഥാപിച്ച നേതാവായിരുന്നു അദ്ദേഹം. മതനേതാവ് എന്നതുപോലെ തന്നെ രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും നേതാവും ന്യായാധിപനും അദ്ദേഹം തന്നെയായിരുന്നു. ആദം നബി, ഇബ്റാഹിം നബി, മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.

വസ്തുതകൾ Muhammad, വ്യക്തിവിവരങ്ങൾ ...

മുഹമ്മദ് ഇബ്‌നു അബ്‌ദുല്ല (അറബി: محمد بن عبد الله) എന്നാണ്‌ അദ്ദേഹത്തിൻറെ പൂർണ്ണനാമം. അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ് പിതാവും ആമിന ബിൻത് വഹബ് മാതാവുമാണ്.[2]

മക്കയിലും മദീനയിലും നടത്തിയ പ്രചാരണപ്രവർത്തനങ്ങളിലൂടെ ഇസ്‌ലാമിക വിശ്വാസത്തെ മക്കയിലും അറേബ്യൻ ഉപദ്വീപിലാകെയും പ്രചരിപ്പിച്ചതിനു നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. മദീന കേന്ദ്രീകരിച്ച് മുഹമ്മദ് രൂപവത്കരിച്ച രാഷ്ട്രത്തിന്റെ സംരക്ഷണാർത്ഥം ബദ്ർ, ഉഹ്ദ്, ഖൻദഖ്, ഹുനൈൻ തുടങ്ങിയ യുദ്ധങ്ങൾക്ക് നേതൃത്വം നൽകി.

Remove ads

പേരിനു പിന്നിൽ

[മുഹമ്മദ് (അറബി:محمد)] Error: {{Transliteration}}: transliteration text not Latin script (pos 1: മ) (help) ഉച്ചാരണം ഇവിടെ കേൾക്കാം എന്ന അറബി നാമത്തിന്റെ ലിപിമാറ്റമാണിത്. സ്തുത്യർഹൻ, സ്തുതിക്കപ്പെട്ടവൻ എന്നിങ്ങനെ അർത്ഥം വരുന്ന അഹ്‌മദ് (أحمد) എന്ന ധാതുവിൽ നിന്നാണ് മുഹമ്മദ് (محمد) എന്ന പേരിന്റെ നിഷ്പത്തി[3][4][5][6]. മുഹമ്മദ് നബി എന്നാണ്‌ അദ്ദേഹത്തിന്റെ പരക്കെ അറിയപ്പെടുന്ന പേര്. 'നബി'-യെന്നാൽ പ്രവാചകൻ എന്നർത്ഥം. റസൂൽ (സന്ദേശവാഹകൻ) എന്നു തുടങ്ങി പതിനഞ്ചോളം വിശേഷണങ്ങൾ മുഹമ്മദ് എന്ന പേരിനൊപ്പം ഉപയോഗിക്കാറുണ്ട്. ഖുർആനിലെ ചില അദ്ധ്യായങ്ങളിൽ[7] മുഹമ്മദ് നബി പ്രവാചകരിൽ ഉന്നതൻ എന്നു വിശേഷിപ്പിക്കുന്നുണ്ട്[8]. ഇസ്‌ലാം വിശ്വാസികൾ മുഹമ്മദ് നബിയുടെ പേര്‌ കേൾക്കുമ്പോൾ സ്വല്ലല്ലാഹു അലൈഹി വസല്ലം (അറബി:صلى الله عليه وسلم) (അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ - Peace be upon him) എന്ന പ്രാർത്ഥനാവചനം ഉച്ചരിക്കാറുണ്ട്. ഇത് സൂചിപ്പിക്കുന്നതിന് മുഹമ്മദ് (സ) എന്ന് എഴുതുമ്പോൾ ഉപയോഗിക്കുന്നു.

Remove ads

ജീവിതം

കൂടുതൽ വിവരങ്ങൾ ജീവിതരേഖ: മക്കയിൽ ...

വംശം

ഇസ്‌ലാമികവിശ്വാസപ്രകാരം, മുഹമ്മദ് നബി(സ)യുടെ വംശപരമ്പര ചെന്നു ചേരുന്നത് ഇബ്രാഹിം നബിയുടെ മകൻ ഇസ്മാഈൽ വംശത്തിലാണ്. കുടുംബ പരമ്പരയിൽ അദ്‌നാൻ വരെയുള്ള പേരുകൾ ലഭിച്ചിട്ടുണ്ട്. അദ്നാന്റെ മകൻ മു‌ഈദിന്റെ വംശപരമ്പരയിൽ പെട്ട ഫിഹിർ ആണ്‌ 'ഖുറൈശി' വംശത്തിന്റെ സ്ഥാപകൻ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ജനനം

Thumb
മക്കയിലെ മുഹമ്മദ്‌ നബി ജനിച്ച സ്ഥലത്ത് ഇന്ന് നിലകൊള്ളുന്ന ലൈബ്രറി കെട്ടിടം

അറേബ്യയിലെ മക്കയിൽ (മുൻപ് ബക്ക എന്നറിയപ്പെട്ടിരുന്നു) ഖുറൈഷി ഗോത്രത്തിലെ ഹാശിം കുടുംബത്തിൽ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി ഹിജ്റക്ക് അൻപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്വാബ്ദം 571 ഏപ്രിൽ 26 റബ്ബീഉൽ അവ്വൽ 12 നായിരുന്നു മുഹമ്മദ് നബി ജനിച്ചത്. (ഏപ്രിൽ 20 റജബ് മാസം 9 നാണ്‌ എന്നും [10] സെപ്റ്റംബർ 20 നാണ്‌ [11] എന്നും ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.) [12][13] വ്യാപാരത്തിനായി സിറിയയിലേക്ക് പോയ മുഹമ്മദിന്റെ പിതാവ് അബ്ദുല്ല തിരിച്ച് വരുന്ന വഴിയിൽ മദീനക്കടുത്ത് വെച്ച് രോഗബാധിതനായി മരണമടഞ്ഞു. രണ്ട് മാസത്തിനുശേഷമാണ്‌ വിധവയായ ആമിന മുഹമ്മദിന്‌ ജന്മം നൽകിയത്. മുഹമ്മദിന്റെ പിതാമഹൻ അബ്ദുൽ മുത്തലിബ് കുഞ്ഞിനെ കഅബയിൽ കൊണ്ടുപോയി മുഹമ്മദ് എന്നു നാമകരണം ചെയ്തു. [14]

ബാല്യം

മുഹമ്മദിന്റെ പിതാമഹനായ അബ്ദുൽ മുത്തലിബ് മക്കയിൽ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു. അന്നത്തെ ഖുറൈഷി ഗോത്ര സമ്പ്രദായത്തിൽ മാതാവ് കുഞ്ഞിനെ മുലയൂട്ടാൻ ഗ്രാമങ്ങളിലെ സ്ത്രീകളെ ഏല്പിക്കുകയാണ്‌ പതിവ്. മുഹമ്മദിനെ സം‌രക്ഷിക്കാൻ ബനൂസഅദ് ഗോത്രത്തിൽ പെട്ട ഹലീമ എന്ന സ്ത്രീയെ ചുമതലപ്പെടുത്തുകയുണ്ടായി.[15][16]നാലുവർഷം ഇപ്രകാരം മുഹമ്മദിനെ സം‌രക്ഷിച്ച് വളർത്തിയ ശേഷം മാതാവിന് തിരിച്ചേൽപിച്ചു. ബാലനായിരിക്കെ തന്നെ പിതാമഹൻ അബ്ദുൽ മുത്തലിബ് മരണമടഞ്ഞു.[17]

മാതാവ് ആമിന ഭർത്താവിന്റെ ഖബ്ർ സന്ദർശിക്കാൻ എല്ലാ വർഷവും മദീനയിലേക്ക് പോകുമായിരുന്നു. മുഹമ്മദിന്‌ ആറു വയസ്സുള്ളപ്പോൾ മദീനയിലേക്ക് ഈ ആവശ്യത്തിനായി പോയ ആമിന മടക്കയാത്രയിൽ അബ്‌വയിൽ വെച്ച് രോഗബാധയാൽ മരണപ്പെട്ടു.[18] പിന്നീടദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിന്റെ സംരക്ഷണത്തിൽ വളർന്നു. അബൂത്വാലിബിനെ സഹായിക്കാൻ ചില സന്ദർഭങ്ങളിലൊക്കെ മുഹമ്മദ് ആടുകളെ മേയ്ക്കാറുണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സത്യസന്ധതയും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആർജ്ജിച്ചു. ഇത് അദ്ദേഹത്തിന്‌ വിശ്വസ്തൻ എന്നർത്ഥം വരുന്ന അൽ‌ അമീൻ എന്ന പേര്‌ നേടിക്കൊടുത്തു.[19][20]

യൗവനം

മുഹമ്മദ് തന്റെ ഇരുപത്തഞ്ചാം വയസ്സിൽ ഖദീജ എന്ന വ്യാപാരിയുടെ കച്ചവട ഉത്തരവാദിത്തം ഏറ്റെടുത്തു[21]. ഖദീജ, മുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ സിറിയയിലേക്ക് വ്യാപാരത്തിന്‌ അയച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്‌ പിന്നീട് ഖദീജയുടെ വ്യാപാരം നടന്നത്.[22] വിവാഹശേഷം തന്റെ സാമ്പത്തിക പരാധീനതകളിൽ നിന്ന് വിമുക്തി നേടിയ അദ്ദേഹത്തിന്‌ സ്വസ്ഥമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുത്തു. ക‌അബയുടെ പുനരുദ്ധാരണ വേളയിൽ ഹജറുൽ അസ്‌വദ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രമ്യമായി പര്യവസാനിപ്പിക്കാൻ മുഹമ്മദിന് സാധിച്ചു.[23][24]

കുടുംബ ജീവിതം

തന്റെ കച്ചവടത്തിന്റെ ചുമതലയേറ്റെടുത്ത മുഹമ്മദിൽ ആകൃഷ്ടയായ ഖദീജ, മുഹമ്മദിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ നാൽപത് വയസുള്ള ഖദീജ എന്ന വിധവയെ ഇരുപത്തഞ്ചുകാരനായ മുഹമ്മദ് വിവാഹം ചെയ്തു. ഖുറൈഷ് ഗോത്രത്തിലെ തന്നെ ഖുവൈലിദിന്റെ മകളാണ്‌ ഖദീജ.[25] പ്രതിസന്ധികളിലും അദ്ദേഹത്തിന്‌ കൂട്ടായി ഖദീജ ഉണ്ടായിരുന്നു. ഖദീജയുമായുള്ള നീണ്ട ഇരുപത്തഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിലൊരിക്കലും നബി വേറൊരു വിവാഹം നടത്തിയില്ല.[26] ഖദീജയുടെ മരണശേഷം നാലു കൊല്ലത്തിനിടയ്ക്ക്, മുഹമ്മദ് അമ്പത്തിആറാം വയസ്സിനിടയിൽ സൗദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. അമ്പതും അറുപതും വയസ്സിനിടയിൽ ഒമ്പത് പേരെ മുഹമ്മദ് വിവാഹം ചെയ്യുകയുണ്ടായി. നബിയുടെ ഭാര്യമാരിൽ ആഇശ മാത്രമായിരുന്നു അവിവാഹിതയായിരുന്നത്.[27] ബാക്കി എല്ലാവരും വിധവകളോ വിവാഹമോചിതകളോ ആയിരുന്നു. നബിയുടെ ഭാര്യമാരെ മൊത്തത്തിൽ ഉമ്മഹാതുൽ മുഅ്മിനീൻ അഥവാ സത്യവിശ്വാസികളുടെ മാതാക്കൾ‍ എന്ന് വിളിക്കപ്പെടുന്നു.[28]

കൂടുതൽ വിവരങ്ങൾ പത്നിമാർ ...
മക്കൾ

ഖദീജയിൽ മുഹമ്മദിനു രണ്ടു ആൺകുട്ടികളും നാല്‌ പെൺകുട്ടികളും പിറന്നു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാർ ശൈശവത്തിൽ തന്നെ മരിച്ചുപോയിരുന്നു. സൈനബ, റുഖിയ, ഉമ്മുകുൽസൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാർ. സൈനബ, റുഖിയ, ഉമ്മുകുൽസൂം എന്നീ നബിപുത്രിമാർ, നബിയുടെ ജീവിതകാലത്ത് തന്നെ മരണപ്പെടുകയുണ്ടായി. ഇളയ പുത്രി ഫാത്വിമ നബിയുടെ മരണത്തിന്‌ ശേഷമാണ്‌ മരണപ്പെട്ടത്. മാരിയയിൽ പിറന്ന ഇബ്റാഹീം എന്ന പുത്രനും ചെറുപ്പത്തിൽ തന്നെ മരണപ്പെടുകയുണ്ടായി.

ആൺകുട്ടികൾ മരണമടഞ്ഞപ്പോൾ സൈദ് ബിൻ ഹാരിഥിനെ നബി ദത്തുപുത്രനായി സ്വീകരിച്ചു. അടിമബാലനായിരുന്ന സൈദിനെ മോചിപ്പിച്ച ശേഷമാണ്‌ മുഹമ്മദ് ദത്തെടുത്തത്[29].

Remove ads

പ്രവാചകത്വം

ഇസ്‌ലാം മതം
Thumb

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

Thumb
ഹിറ ഗുഹ, മുഹമ്മദ് ധ്യാനത്തിലിരുന്ന സ്ഥലം

മുഹമ്മദിന് പ്രവാചകത്വം ലഭിക്കുന്ന കാലത്ത് മക്കയിൽ കൊള്ള, കൊല, കവർച്ച, മദ്യപാനം എന്നിവ സർവ്വവ്യാപിയായിരുന്നു. അശ്ലീലവും നിർലജ്ജവുമായ ചെയ്തികൾ പരക്കെ നടമാടിയിരുന്നു. പെൺ‌കുഞ്ഞുങ്ങൾ ജനിക്കുന്നത് വലിയ അപമാനമായാണ് ചില ഗോത്രങ്ങൾ കരുതിയിരുന്നത്. അതിനാൽ പെൺകുട്ടികൾ ജനിച്ചയുടൻ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു.[30][31] ഈ ദുർവൃത്തികളിൽനിന്നെല്ലാം അകന്ന് തന്റെ സമയം നല്ലകാര്യങ്ങൾക്കു വേണ്ടി മാത്രം മുഹമ്മദ് വിനിയോഗിച്ചു. വിഗ്രഹാരാധനയോട് അകന്നു നിന്നു. മക്കയുടെ അടുത്തുള്ള ഹിറാഗുഹയിൽ ചെന്നിരിക്കുക അദ്ദേഹം പതിവാക്കി. ധ്യാനവും ആരാധനകളുമായി ദിവസങ്ങളോളം അവിടെത്തന്നെ കഴിഞ്ഞുകൂടുമായിരുന്നു.

ഒരു നാൾ ഹിറാഗുഹയിൽ പ്രാർഥനയിലും ധ്യാനത്തിലും മുഴുകിയിരിക്കെ ജിബ്‌രീൽ മാലാഖ (ഗബ്രിയേൽ) അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് ദൈവവചനങ്ങൾ ഓതിക്കേൾപ്പിച്ചു എന്നാണ് മുസ്‌ലിം വിശ്വാസം.[32] വായിക്കുക. സൃഷ്ടികർത്താവായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക, മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന വസ്തുവിൽനിന്നവൻ സൃഷ്ടിച്ചു. പേനകൊണ്ട് പഠിപ്പിച്ച അത്യുദാരനാണ് നിന്റെ രക്ഷിതാവ്. മനുഷ്യന് അറിവില്ലാത്തത് മനുഷ്യനെ അവൻ പഠിപ്പിച്ചു.[33].

ഹിറാ ഗുഹയിലെ ആദ്യ വഹ്‌യ്(ദിവ്യബോധനം)നു ശേഷം കുറച്ചു ദിവസങ്ങൾ വരെ വഹ്‌യൊന്നും ഉണ്ടായില്ല. പിന്നീട് 'മുദ്ദസ്സർ' അദ്ധ്യായത്തിലെ പ്രാരംഭ സൂക്തങ്ങൾ അവതരിച്ചു."ഹേ, പുതച്ചു മൂടിയവനെ, എഴുന്നേറ്റ് (ജനങ്ങളെ)താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും, നിന്റെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക. കൂടുതൽ നേട്ടം കൊതിച്ചുകൊണ്ട് നീ ഔദാര്യം ചെയ്യരുത്. നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക. എന്നാൽ കാഹളത്തിൽ മുഴക്കപ്പെട്ടാൽ (ഊതപ്പെട്ടാൽ)അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും. സത്യനിഷേധികൾക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം." [34] [35]

മുഹമ്മദ്നബി ഈ സന്ദേശം പ്രചരിപ്പിക്കാൻ തുടങ്ങി. ആദ്യമാദ്യം രഹസ്യമായി തുടങ്ങിയ പ്രചാരണത്തിന്റെ ഫലമായി അബൂബക്‌ർ, ഉസ്മാൻ ബിൻ അഫ്ഫാൻ, അബ്ദുറഹ്‌മാൻ ബിൻ ഔഫ്, സഅദ് ബിൻ അബീവഖാസ്, സുബൈർ ബിൻ അവാം, ത്വൽഹ തുടങ്ങിയ ആളുകൾ നബിയുടെ അനുചരന്മാരായി മാറി. മുഹമ്മദ് നബിയുടെ അനുയായികൾ മുസ്‌ലിംകൾ എന്ന പേരിൽ അറിയപ്പെട്ടു. ഖദീജയും അലിയും നേരത്തെ തന്നെ ഇസ്‌ലാമികവിശ്വാസം സ്വീകരിച്ചിരുന്നു.

എതിർപ്പുകൾ

പ്രവാചകത്വം ലഭിച്ച് മൂന്ന് വർഷത്തിനു ശേഷം മുഹമ്മദ് പരസ്യപ്രചാരണം ആരംഭിച്ചു. അതുവരെ അദ്ദേഹത്തെ അൽ അമീൻ (വിശ്വസ്തൻ) എന്ന് വിളിച്ചിരുന്ന ജനങ്ങൾ മുഹമ്മദിനെ തള്ളിപ്പറഞ്ഞു.[36] തങ്ങൾ ആരാധിച്ചു കൊണ്ടിരിക്കുന്ന ദൈവങ്ങളെ മുഹമ്മദ് തള്ളിപ്പറയുകയും, ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശബ്ദമുയർത്തുകയും; ഗോത്രപരവും , പാരമ്പര്യവുമായി ബന്ധപ്പെട്ടും ഔന്നത്യം നടിക്കുന്നതിനെ എതിർക്കുകയും ചെയതത് എതിരാളികൾക്ക് പ്രയാസമുണ്ടാക്കി. മുഴുവൻ മനുഷ്യരും ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്നും ദൈവഭക്തിയിൽ മാത്രമാണ് ഔന്നത്യമെന്നുമുള്ള മുഹമ്മദിന്റെ സന്ദേശത്തിൽ ജനങ്ങൾ ആകൃഷ്ടരാകാൻ തുടങ്ങി. തങ്ങൾ അടിമകളാക്കി വെച്ചിരുന്ന ആളുകൾ മുഹമ്മദിന്റെ കൂടെച്ചേർന്ന് സാമൂഹ്യമാറ്റത്തിന് ശ്രമിക്കുന്നത് മക്കയിലെ പ്രമാണിമാർക്കും, പണക്കാർക്കും സഹിക്കാൻ കഴിഞ്ഞില്ല. അവർ ഒറ്റക്കും കൂട്ടായും മുഹമ്മദിനെയും അനുയായികളെയും തടയാൻ ശ്രമിച്ചു.

മുഹമ്മദിനെ എതിർക്കുന്നവരിൽ പ്രധാനികളായിരുന്നു അബൂ ജഹ്ൽ (അജ്ഞതയുടെ പിതാവ്) എന്ന പേരിൽ മുസ്‌ലിംകൾ വിളിച്ചിരുന്ന അംറുബ്നു ഹിഷാം[37], അബൂലഹബ്, വലീദിബ്നു മുഗീറ, ഉത്ബത്, ഷൈബത്, അബൂസുഫ്‌യാൻ (ഇദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിച്ചു) തുടങ്ങിയവർ. ഇവർ ആദ്യം പ്രലോഭനങ്ങളുമായി രംഗത്ത് വന്നു. മക്കയിലെ ഭരണാധികാരം നൽകാമെന്നും, അല്ലെങ്കിൽ ഇഷ്ടം പോലെ പണം നൽകാമെന്നും, അതുമല്ലെങ്കിൽ അറബികളിലെ സുന്ദരികളെ വിവാഹം ചെയ്ത് കൊടുക്കാമെന്നും മുഹമ്മദിനോട് പറഞ്ഞു. പകരം അദ്ദേഹം മക്കയിലുള്ളവർ ചെയ്യുന്ന തെറ്റുകൾക്ക് നേരെ കണ്ണടക്കണം, അതിനെ വിമർശിക്കരുത്, ഇസ്‌ലാം പ്രചാരണം ചെയ്യുന്നത് നിർത്തണം തുടങ്ങിയവയായിരുന്നു ശത്രുക്കളുടെ ആവശ്യം. എന്നാൽ അദ്ദേഹം ഇതിനു വഴങ്ങിയില്ല.[൨]

പിന്നീട് മർദ്ദനങ്ങൾ ആരംഭിച്ചു. മുഹമ്മദിനെയും അനുയായികളെയും അവർ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. കഅബയിൽ വന്ന് പ്രാർത്ഥിക്കുന്നതിൽ നിന്നും മുഹമ്മദിനെയും അനുയായികളെയും തടഞ്ഞു. അദ്ദേഹത്തിൽ വിശ്വസിച്ച അടിമകളടക്കമുള്ളവരെ ക്രൂരമായി മർദ്ദിച്ചു. മുഹമ്മദിന്റെ അനുയായിയായതിന്റെ പേരിൽ സുമയ്യ എന്ന സ്ത്രീയെ അബൂ ജഹ്ൽ പീഡിപ്പിച്ച് കൊന്നു. സുമയ്യയാണ് ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയായി കണക്കാക്കുന്നത്. [38] പീഡനങ്ങൾ തുടർന്നപ്പോൾ അനുയായികളോട് എത്യോപ്യയിലേക്ക് (അബ്സീനിയ) പലായനം (ഹിജ്റ) ചെയ്യാൻ മുഹമ്മദ് നിർദ്ദേശിച്ചു.[39] മുസ്‌ലിംകൾ പലായനം ചെയ്തതറിഞ്ഞ എതിരാളികൾ എത്യോപ്യയിലെ രാജാവായ നജ്ജാശിയുടെ അടുത്തേക്ക് ഒരു സംഘത്തെ അയച്ചു. എന്നാൽ മുസ്‌ലിംകളുടെ വിശദീകരണം കേട്ട രാജാവ് അവർക്ക് തന്റെ രാജ്യത്ത് സംരക്ഷണം നൽകുകയാണ്‌ ഉണ്ടായത്[40].

ഉപരോധം

ഇതിനിടെ മക്കയിൽ നബിയെയും കുടുംബത്തെയും ബഹിഷ്കരിക്കാൻ ഗോത്രങ്ങൾ കൂട്ടായി തീരുമാനിച്ചു. നബിയുടെ കുടുംബമായ ബനൂ ഹാഷിമിനെയും ബന്ധുക്കളായ ബനുൽ മുത്തലിബിനെയും മൊത്തത്തിൽ ബഹിഷ്കരിക്കുകയുണ്ടായി[41]. (മുഹമ്മദിന്റെ ഈ കുടുംബക്കാരിൽ ഭൂരിഭാഗവും അന്ന് മുസ്‌ലിംകളായിരുന്നില്ല. മുഹമ്മദിനെ സഹായിച്ചു എന്നതായിരുന്നു ശത്രുക്കൾ അവരിൽ ആരോപിച്ച കുറ്റം). മൂന്ന് കൊല്ലത്തോളം ഈ ഉപരോധം തുടരുകയുണ്ടായി. ശിഅബ് അബീത്വാലിബ് എന്ന പ്രദേശത്താണ്‌ ഇക്കാലയളവിൽ അവർ താമസിച്ചത്. എന്നാൽ എതിരാളികളിൽത്തന്നെ ഈ വിഷയത്തിൽ ഭിന്നത ഉടലെടുത്തതിനെ തുടർന്ന് ഉപരോധം പിൻവലിക്കാൻ അവർ നിർബന്ധിതരായി.[42] അതേ വർഷം തന്നെ പത്നി ഖദീജയും പിതൃവ്യൻ അബൂത്വാലിബും അന്തരിച്ചു. നബിയുടെ പിൻബലമായിരുന്ന ഇവർക്ക് ശേഷം, അദ്ദേഹം അഭയം തേടി ത്വാഇഫിലേക്ക് പോയെങ്കിലും അവിടെ നിന്ന് കല്ലെറിഞ്ഞ് ഓടിച്ചു.[43] അങ്ങനെ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.

Remove ads

ഹിജ്റ (പലായനം)

പ്രധാന ലേഖനം: ഹിജ്റ

ഹജ്ജ് തീർത്ഥാടനത്തിന്‌ വന്നിരുന്ന ആളുകളോട് മുഹമ്മദ് തന്റെ സന്ദേശം സമർപ്പിച്ച് കൊണ്ടിരുന്നു. യഥ്‌രിബിൽ നിന്ന് വന്ന ആറു പേരടങ്ങിയ സംഘം ഈ സന്ദേശത്തിൽ ആകൃഷ്ടരാവുകയും നബിയുടെ അനുയായികളായി മാറുകയും ചെയ്തു. അവർ തിരികെച്ചെന്ന് യസ്‌രിബിൽ പ്രചാരണം നടത്തുകയും അടുത്ത വർഷം ഈ സംഘത്തിലെ അഞ്ചു പേരും വേറെ ഏഴു പേരുമടക്കം 12 പേർ മക്കയിലേക്ക് വന്നു. ഇവരുടെ അഭ്യർത്ഥനപ്രകാരം യസ്‌രിബിൽ പ്രചാരണം നടത്താനായി '''മുസ്അബ് ഇബ്നു ഉമൈർ''' എന്ന അനുചരനെ മുഹമ്മദ് അവർക്കൊപ്പം അയച്ചു. മുസ്അബിന്റെ പ്രവർത്തന ഫലമായി ഒരു വർഷത്തിനകം ഒരു മുസ്‌ലിമെങ്കിലുമില്ലാത്ത ഒറ്റ വീടും യസ്‌രിബിൽ ഇല്ലെന്ന അവസ്ഥവന്നു. അടുത്ത വർഷം ഹജ്ജിന് മദീനയിൽ നിന്നും 75 മുസ്‌ലിംകൾ മക്കയിലെത്തി. അവർ മുഹമ്മദിനേയും അനുയായികളെയും സംരക്ഷിക്കാമെന്നു വാക്കു നൽകുകയും അദ്ദേഹത്തെ യസ്‌രിബിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇവരുമായി നടത്തപ്പെട്ട കരാറുകൾ അഖബ ഉടമ്പടികൾ എന്ന പേരിൽ അറിയപ്പെടുന്നു. (യസ്‌രിബിൽ നിന്നു വന്നവരിൽ മുഹമ്മദിന്റെ അനുയായികളായി മാറിയവരുമായി മാത്രമാണ് ഈ കരാർ ഉണ്ടാക്കിയത്).[44] ഇതോടെ മുഹമ്മദിന്റെ അനുയായികൾ മക്കയിൽ നിന്ന് യസ്‌രിബിലേക്ക് പലായനം ചെയ്തു തുടങ്ങി. ഇതിനിടയിൽ നബിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. അതിനായി ശത്രുക്കൾ വീടുവളഞ്ഞ ദിവസം തന്നെ മുഹമ്മദ് തന്റെ അനുചരൻ അബൂബക്കറോടൊപ്പം മദീനയിലേക്ക് പുറപ്പെട്ടു. എതിരാളികൾ അന്വേഷിച്ച് പുറപ്പെട്ടു. നബിയുടെ പലായനത്തെ അടിസ്ഥാനമാക്കിയാണ്‌ ഇസ്ലാമിക കലണ്ടർ രൂപപ്പെട്ടത്.

Remove ads

മദീനയിൽ

കൂടുതൽ വിവരങ്ങൾ മദീനയിലെ ജീവിതം ...
പ്രധാന ലേഖനം: മദീന
പ്രമാണം:Masjid khuba puram.JPG
ഖുബ മസ്ജിദ് - മുഹമ്മദ് മദീനയിൽ ആദ്യം നിർമ്മിച്ച പള്ളി.

മദീനയിൽ എത്തിയശേഷം മുഹമ്മദ് ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിർമ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയിൽ ഒരു പള്ളി സ്ഥാപിച്ചു. മസ്ജിദുൽ ഖുബ എന്ന പള്ളിയാണ്‌ നബി ആദ്യമായി പണികഴിപ്പിച്ചത്.[45] മദീനയിലെത്തിയ മുഹമ്മദ് നബി അബൂ അയ്യൂബിന്റെ കൂടെയാണ്‌ ആദ്യം താമസിച്ചത്.[46] മക്കയിൽ നിന്ന് വന്ന അനുയായികൾക്കും(മുഹാജിറുകൾ) മദീനയിലുള്ള അനുയായികൾക്കുമിടയിൽ (അൻസ്വാറുകൾ) സാഹോദര്യ ബന്ധം സ്ഥാപിച്ചു[47][48]. മുഹമ്മദും അനുയായികളും ചേർന്ന് മസ്ജിദുന്നബവി സ്ഥാപിച്ച ശേഷം അദ്ദേഹം അതിനടുത്തേക്ക് താമസം മാറ്റി.[49] മുഹമ്മദിന്റെ ആഗമനത്തോടെ യഥ്‌രിബ് എന്ന നഗരം നബിയുടെ നഗരം (മദീനത്തുന്നബി) എന്നും, പിന്നീട് മദീന എന്ന ചുരുക്കപ്പേരിലും അറിയപ്പെടാൻ തുടങ്ങി.

സഹകരണ ഉടമ്പടി

മദീനയിൽ ഒരു രാഷ്ട്രത്തിന്‌ രൂപം നൽകിയ മുഹമ്മദ് നബി അവിടുത്തെ ജൂതന്മാരുമായും മറ്റു ഗോത്രങ്ങളുമായും ഉടമ്പടിയിലെത്തി. [50] ഇതനുസരിച്ച് മദീനയുടെ അതിർത്തികൾ ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരായിരുന്നു. ജൂതന്മാർക്ക് അവരുടെ വേദഗ്രന്ഥമനുസരിച്ച് ശിക്ഷാവിധികൾ നടപ്പിലാക്കാനും ആചാരാനുഷ്ടാനങ്ങൾ നിർവഹിക്കാനും അനുവാദമുണ്ടായിരുന്നു[51][52] [53]. മുസ്‌ലിംകളും അമുസ്‌ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങൾക്കിടയിലും സമാധാനപരമായ സഹവർത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം.

ബദ്ർ യുദ്ധം

പ്രധാന ലേഖനം: ബദ്ർ യുദ്ധം
Thumb
ബദറിന്റെ ഭൂപടം

സിറിയയിൽനിന്നും മടങ്ങുന്ന മക്കക്കാരുടെ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാൻ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാർത്ത മക്കയിൽ പരന്നു. അങ്ങനെയുണ്ടെങ്കിൽ അതു തടയാനും മുഹമ്മദിനെയും കൂട്ടരേയും ഒരു പാഠം പഠിപ്പിക്കാനും മക്കാ നിവാസികൾ ഒരുങ്ങി. അവർ 1000 ആയുധധാരികളെ ഒരുക്കി വമ്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാർത്ത അറിഞ്ഞ മുഹമ്മദ്, മദീനയിൽ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാൻ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിന്റെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. എങ്കിലും വിജയം മുഹമ്മദിന്റെ കൂടെയായിരുന്നു.

ഈ പോരാട്ടത്തിൽ ശത്രുക്കളിലെ പ്രധാനികളായ അബൂജഹ്ൽ, ഉത്ബത്, ഷൈബത് മുതലായവർ കൊല്ലപ്പെടുകയും ഏതാനും പ്രമുഖരുൾപ്പെടെ 70 ഖുറൈഷികൾ ബന്ധികളാക്കപ്പെടുകയും ചെയ്തു. വിജയികളായ മുസ്‌ലിംകൾ, തടവുകാരായി പിടിക്കപ്പെട്ടവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നൽകാൻ കഴിയാത്തവർക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു വിട്ടയച്ചു. [54][55]

ഉഹ്‌ദ് യുദ്ധം

പ്രധാന ലേഖനം: ഉഹ്‌ദ് യുദ്ധം
Thumb
ഉഹദ് മല - യുദ്ധം നടന്നത് ഇവിടെ വെച്ചാണ്.

ബദ്റിലെ പരാജയത്തിന് പകരം ചോദിക്കുവാനായി തൊട്ടടുത്തവർഷം വമ്പിച്ച സന്നാഹങ്ങളുമായി മക്കയിലെ ശത്രുക്കൾ യുദ്ധത്തിനൊരുങ്ങി. ഉഹദ് പർവ്വതത്തിന്റെ താഴ്‌വരയിൽ വെച്ച് അവരും മുസ്‌ലിംകളും പരസ്പരം ഏറ്റുമുട്ടി. മദീനയുടെ രണ്ട് മൈൽ വടക്കാണ് ഉഹ്ദ് പർവ്വതം. 3000 പേരാണ് മക്കക്കാരുടെ പക്ഷത്തുണ്ടായിരുന്നത്. മുസ്‌ലിംസൈന്യം അവരുടെ മൂന്നിലൊന്നേ ഉണ്ടായിരുന്നുള്ളൂ. അബൂസുഫിയാനായിരുന്നു മക്കക്കാരുടെ നായകൻ. നബിയുടെ പിതൃവ്യൻ ഹംസ വധിക്കപ്പെട്ട ഈ യുദ്ധത്തിൽ മുസ്‌ലിംകൾ പരാജയപ്പെട്ടു. നബിക്കു പരിക്കേറ്റു. എങ്കിലും മക്കക്കാർ മദീനക്കുള്ളിലേക്ക് കടക്കാതെ പിന്തിരിഞ്ഞു പോയി.[56]

ഖൻദഖ് യുദ്ധം

പ്രധാന ലേഖനം: ഖൻദഖ് യുദ്ധം

മുഹമ്മദിന്റെ മക്കയിലെ എതിരാളികൾ അറേബ്യയിലെ വിവിധ ഗോത്രങ്ങളുടെയും മദീനയിലെ ജൂതന്മാരുടെയും സഹകരണത്തോടെ മദീനയെ ഉപരോധിച്ചു. മദീനയെ സംരക്ഷിക്കാൻ മുസ്‌ലിംകൾ പട്ടണത്തിനു ചുറ്റും കിടങ്ങ് കുഴിച്ചു. അതിനാൽ ഖൻദഖ് അഥവാ കിടങ്ങുയുദ്ധം എന്ന പേരിൽ ഇത് പ്രസിദ്ധമായി.[57] ആയുധം പ്രയോഗിക്കാതെ നടത്തപ്പെട്ട ഇത് അഹ്സാബ് യുദ്ധം എന്നും അറിയപ്പെടുന്നു.

ഹുദൈബിയാ സന്ധി

മുഹമ്മദ് മദീനയിലെത്തിയതിന്റെ ആറാം വർഷം തീർത്ഥാടനത്തിനു മക്കയിലേക്ക് പുറപ്പെട്ടു. മക്കക്കാർ അവരെ ഹുദൈബിയയിൽ വെച്ച് തടഞ്ഞു. ദൂതൻമാർ പരസ്പരം സംഭാഷണം നടത്തി ഒരു സന്ധിയുണ്ടാക്കി.[58] സന്ധി പ്രഥമദൃഷ്ട്യാ മുസ്‌ലിംകൾക്ക് അനുകൂലമല്ലായിരുന്നു.

  • മുസ്‌ലിംകൾ ആ കൊല്ലം ഹജ്ജ് ചെയ്യാതെ മടങ്ങണം.
  • അടുത്ത കൊല്ലം വന്ന് ഹജ്ജ് ചെയ്യാം.
  • മക്കക്കാരിൽ ആരെങ്കിലും മദീനയിൽ അഭയം തേടി വന്നാൽ അവരെ തിരിച്ചയക്കണം.
  • മദീനയിൽ നിന്നും ആരെങ്കിലും മക്കയിൽ അഭയം തേടി വന്നാൽ തിരിച്ചയക്കില്ല.
  • അടുത്ത 10 വർഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ല.

എന്നിവയായിരുന്നു ഉടമ്പടിയിലെ പ്രധാന നിബന്ധനകൾ. ഹുദൈബിയ സന്ധി എന്ന പേരിലറിയപ്പെടുന്ന ഈ സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തിൽ പേർഷ്യ, റോം, ഈജിപ്ത്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കൻമാർക്ക് ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് മുഹമ്മദ് കത്തുകളയച്ചു.

മക്കാവിജയം

ഹിജ്റ എട്ടാം വർഷം മക്കയിലെ ഖുറൈശികൾ ഹുദൈബിയ ഉടമ്പടി ലംഘിച്ച്, മുഹമ്മദിന്റെ കൂട്ടത്തിലുള്ള ബനൂഖുസ്സ ഗോത്രത്തെ ആക്രമിച്ചു. ഇതിനെത്തുടർന്ന്, ബനുഖുസ്സ ഗോത്രത്തിന് നഷ്ടപരിഹാരം നൽകാനോ അല്ലെങ്കിൽ ഹുദൈബിയാ ഉടമ്പടി റദ്ദ് ചെയ്യാനോ മുഹമ്മദ് ആവശ്യപ്പെട്ടു. ഖുറൈശികൾ രണ്ടാമത്തെ മാർഗ്ഗമാണ് സ്വീകരിച്ചത്.

ഇതോടെ, പതിനായിരം അനുയായികളോടെ മുഹമ്മദ് മക്കയിലേക്ക് തിരിച്ചു. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയിൽ അവരെ രഹസ്യമായി നിരീക്ഷിക്കാൻ ചെന്ന മക്കയിലെ നേതാവായ അബൂസുഫ്‌യാൻ മുസ്‌ലിം യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. ഇതെത്തുടർന്ന് അബൂസുഫ്‌യാൻ ഇസ്‌ലാം സ്വീകരിച്ചു.

നബിയും സഹചരന്മാരും മക്കയിൽ പ്രവേശിച്ചപ്പോൾ അവരെ എതിർക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും മർദ്ദിക്കുകയും ജന്മനാട്ടിൽ നിന്നും പുറത്താക്കുകയും ചെയ്ത മക്കക്കാർക്ക് മാപ്പ് നൽകിക്കൊണ്ട് മുഹമ്മദ് ഇങ്ങനെ പറഞ്ഞു. "യൂസുഫ് നബി തന്റെ സഹോദരൻമാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ പേരിൽ കുറ്റമൊന്നുമില്ല. നിങ്ങൾ സ്വതന്ത്രരാണ്."

മക്കാ വിജയത്തോടുകൂടി മുഹമ്മദ്, അറേബ്യയിലെ അനിഷേധ്യഭരണാധികാരിയായി. മക്കയിലെ ദേവാലയമായ കഅബ സന്ദർശിച്ച ശേഷം അദ്ദേഹം തനിക്കഭയം നൽകിയ മദീനയിലേക്കു തന്നെ തിരിച്ചു പോകുകയാണ് ചെയ്തത്.

വിടവാങ്ങൽ ഹജ്ജ്

ഹിജ്‌റ പത്താമത്തെ വർ‌ഷത്തിൽ മുഹമ്മദ്, ഹജ്ജ് തീർത്ഥാടനത്തിന്‌ പുറപ്പെട്ടു. ഹജ്ജിനോടനുബന്ധിച്ച് നടന്ന പ്രഭാഷണം[൧] അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമായി കണക്കാക്കപ്പെടുന്നു. തുടർന്ന് അല്ലാഹുവിൽനിന്നും ഇസ്‌ലാമിനെ പൂർത്തീകരിച്ചതായി അറിയിക്കുന്ന ദൈവികസന്ദേശം അവതരിച്ചതായും[59][60] മുഹമ്മദിന്റെ പ്രവാചകത്വം പൂർത്തിയായതായും വിശ്വസിക്കപ്പെടുന്നു.

Remove ads

മരണം

Thumb
മുഹമ്മദിനെ മറവ് ചെയ്ത സ്ഥലം

ഹിജ്റ വർഷം 11 റബീഉൽ അവ്വൽ 12 ന്‌ തിങ്കളാഴ്ച, തന്റെ അറുപത്തിനാലാമ വയസ്സിൽ പത്നി ആയിശയുടെ വീട്ടിൽ വെച്ച്‌ മുഹമ്മദ് നബി മരണപ്പെട്ടു.[61] പിൻഗാമിയായി (ഖലീഫ) അബൂബക്റിനെ തെരഞ്ഞെടുത്ത ശേഷം നബിയുടെ തിരു ശരീരം പത്നി ആഇശയുടെ വീട്ടിൽ മറവു ചെയ്തു. മസ്ജിദുന്നബവിയുടെ വികസനപ്രവർത്തനങ്ങൾക്കിടെ ആഇശയുടെ വീട് പള്ളിയോട് ചേർക്കപ്പെട്ടു. അതിനാൽ ഇപ്പോൾ റൗദാ ശരീഫ് എന്നറിയപ്പെടുന്ന നബിയുടെ ഖബർ പള്ളിയോട് ചേർന്നാണ്‌ നിലകൊള്ളുന്നത്. പള്ളിയിൽ നിന്ന് നേരിട്ട് കാണാത്ത രൂപത്തിൽ ചുമർ കെട്ടി മറച്ച നിലയിലാണ്‌ റൗദ ഉള്ളത്.

Remove ads

നബിചര്യ

പ്രധാന ലേഖനം: ഹദീഥ്

മുഹമ്മദ് നബിയുടെ നിർദ്ദേശങ്ങൾ, കൽപന, അനുവാദം, മാതൃക എന്നിവയെ പൊതുവിൽ നബിചര്യ അഥവാ സുന്നത്ത് എന്നറിയപ്പെടുന്നു. അവ ഹദീഥുകൾ എന്ന പേരിൽ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ടു. ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്നത് വരെ അവ കൈമാറി സൂക്ഷിച്ച ആളുകളെ ഹദീഥ് നിവേദകന്മാർ എന്നു പറയുന്നു[62]. ഇതിൽ ഏതെങ്കിലും കണ്ണിയിലെ ആളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ലെങ്കിൽ അത്തരം ഹദീഥുകൾ ദുർബലമായവയായി കണക്കാക്കുന്നു. നിവേദനപരമ്പരയുടെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ[൩] ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്, തിർമിദി, ഇബ്നു മാജ, നസാഇ തുടങ്ങിയ പണ്ഡിതന്മാർ ഹദീഥുകൾ ക്രോഡീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ ഖുർആൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഹദീഥുകൾക്കാണ്.

Remove ads

ജീവചരിത്രങ്ങൾ

ജീവചരിത്രത്തിന്റെ ഉറവിടം

മുഹമ്മദ് നബിയുടെ വ്യക്തിത്വം ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനാൽ നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, ആശയങ്ങൾ, തുടങ്ങി ജീവിതം മൊത്തം നൂറ്റാണ്ടുകളായി തന്റെ പിന്തുണക്കാരും എതിരാളികളും പരക്കെ ചർച്ച ചെയ്തു. ഇസ്‌ലാമിന്റെ പ്രായോഗിക സമീപനമെന്ന നിലയിൽ മുഹമ്മദ് നബിയുടെ ജീവചരിത്രവും മുസ്‌ലിംകൾ പരിപാലിച്ചിട്ടുണ്ട്. അനേകായിരം പണ്ഡിതന്മാർ ഒട്ടനവധി പുസ്തക സമാഹാരങ്ങൾ നബിയുടെ ജീവചരിത്രത്തിൽ രചിച്ചിട്ടുണ്ട്, നബിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവർ ക്രോഡീകരിച്ചു. [63]

ഖുർആൻ, ഹദീഥ് എന്നിവയാണ് നബിചരിതത്തിന്റെ അടിസ്ഥാനങ്ങൾ. [64] [65] [66]

ഖുർആൻ മുഹമ്മദ് നബിയുടെ ജീവചരിത്രം മൊത്തം വിശദമായി പരാമർശിക്കുന്നില്ലങ്കിലും [67] ചരിത്രത്തിലേക്കുള്ള സൂചനകൾ കാണാം.[68][69]. മുഹമ്മദ് നടത്തിയ സൈനികനീക്കങ്ങളെക്കുറിച്ച് മാത്രം ഏതാണ്ട് 280 വാക്യങ്ങൾ ഖുർആനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്[70][71]. മുഹമ്മദിന്റെ കുടുംബജീവിതത്തെക്കുറിച്ചും ഖുർആനിൽ പരാമർശങ്ങളുണ്ട്[72].

മുഹമ്മദിന്റെ ജീവചരിത്രം ക്രോഡീകരിക്കുന്നതിൽ ഹദീഥ് ഗ്രന്ഥങ്ങളുടെ പങ്ക് വളരെ വലുതാണ്. ഒട്ടുമിക്ക ഹദീസ് ഗ്രന്ഥങ്ങളിലും നബിയുടെ ജീവചരിത്രത്തിന് മാത്രമായി ഒരുപാട് അദ്ധ്യായങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ചരിത്ര രൂപത്തിലല്ലാതെ ചില സംഭവങ്ങൾ രേഖപ്പെടുത്തുകയാണ് ഹദീഥുകളിൽ ചെയ്തിട്ടുള്ളത്. അതിൽ കാലക്രമം പരിഗണിച്ചിട്ടില്ല. എല്ലാ ഹദീഥ് ഗ്രന്ഥങ്ങളിലും മുഹമ്മദിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടുകളുണ്ട്.

ചരിത്ര പുസ്തകങ്ങൾ

സ്വഹാബാക്കൾ പൂർണമായി സൂക്ഷ്മതയോടെ കൈമാറ്റം ചെയ്ത് തന്ന വിവരങ്ങളുടെയും ഹദീസ് ഗ്രന്ഥങ്ങളുടെയും ചുവടു പിടിച്ചുകൊണ്ട് ചരിത്ര പുസ്തക രചന ആരംഭിച്ചു. മൊത്തത്തിൽ ആദ്യമായി ഗ്രന്ഥരചന നടത്തിയത് ഉർവത്ത് ബിനു സുബൈർ (മരണം ഹിജ്റ: 92) എന്നവരാണ്. പിന്നീട് അപാൻ ബിൻ ഉസ്മാനും (മരണം ഹിജ്റ: 105) പിന്നീട് വഹബ്‌ ഇബ്നു മുനബഹും (മരണം ഹിജ്റ: 110) പിന്നീട് ശൂറഹബീൽ ഇബ്‌നു സഅദും (മരണം ഹിജ്റ: 123) പിന്നീട് ഇബ്നു ശിഹാബ് സുഹ്‌രിയും (മരണം ഹിജ്റ: 124) പ്രത്യേക രചനകൾ നടത്തി. എന്നാൽ അവ എല്ലാ പുസ്തകങ്ങളും കേടുപാടുകൾ സംഭവിച്ച് നശിച്ചു പോയതിനാൽ നമ്മിലേക്ക് ഒന്നും എത്തിയില്ല. അവയുടെ ചില ഭാഗങ്ങൾ മാത്രം തിബിരി തന്റെ ചരിത്ര ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട് എന്ന് മാത്രം. നബി ചരിത്ര രചനയുമായി അടുത്തതായി കടന്നുവന്ന പ്രമുഖരിൽ പെട്ടവരാണ് ഇബിന് ഇസഹാക്ക് എന്നവർ (മരണം ഹിജ്റ: 152) . അദ്ദേഹത്തിൻറെ രചന നബിചരിത്രത്തിൽ അക്കാലത്ത് ഏറ്റവും വിശ്വാസയോഗ്യമാണ് എന്ന് ചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നു. എന്നാൽ അദ്ദേഹത്തിൻറെ മആസി (المغازي) എന്ന ഗ്രന്ഥം നമ്മിലേക്ക് എത്തിപ്പെട്ടിട്ടില്ല. ഇബിൻ ഇസഹാക്ക് എന്നവരുടെ ഗ്രന്ഥത്തെ ചുരുക്കി ക്രമപ്പെടുത്തി ഇബിനു ഹിഷാം എന്നവർ (മരണം ഹിജ്റ: 218) ഒരു ഗ്രന്ഥം രചിച്ചു. അത് സീറത്തുബ്നു ഹിശാം("سيرة ابن هشام") എന്ന പേരിൽ അറിയപ്പെടുന്നു. താരിഖ് ത്വബ്‌റി (تاريخ الطبري ) എന്ന ഗ്രന്ഥത്തിൽ തബ്രി ഇബിന് ഇസഹാക്കിനെ (മരണം ഹിജ്റ: 310) തൊട്ട് റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ പ്രത്യേക ഭാഗത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ചരിത്രത്തിലെ മറ്റൊരു സ്രോതസ്സാണ് വാകിദി (മരണം ഹിജ്റ: 207) രചിച്ച മആസി ("المغازي" ) എന്ന ഗ്രന്ഥവും. അതിനെ പിന്തുടർന്ന് തൻറെ ശിഷ്യൻ ഇബിനു സഅദുൽ ബാഗ്ദാദി (മരണം ഹിജ്റ: 230) തബകത്തുൽ കുബ്റ ("الطبقات الكبرى") എന്ന ഗ്രന്ഥവും രചിച്ചു. ചരിത്രകാരന്മാർ ഈ ഗ്രന്ഥത്തെ ഒരു മുഖ്യ സ്രോതസ്സ് ആയി കണക്കാക്കുന്നു.

സ്വഭാവ വിശേഷണങ്ങളെയും പ്രവാചകത്വത്തിന്റെ തെളിവുകളെയും സംബന്ധിച്ച ഗ്രന്ഥങ്ങൾ

സ്വഭാവവിശേഷങ്ങളെ സംബന്ധിച്ച് ഗ്രന്ഥങ്ങൾ നബിയുടെ ജീവിത ചരിത്രം മനസ്സിലാക്കുന്നതിനുള്ള മുഖ്യസ്രോതസ്സ് ആയി കണക്കാക്കുന്നു . നബി തങ്ങളുടെ ചര്യ, ശ്രേഷ്ഠതകൾ രാപകലുകളിലെ പ്രവർത്തനങ്ങൾ , ശരീര സ്വഭാവ വിശേഷങ്ങൾ തുടങ്ങിയവയാണ് ഇത്തരം ഗ്രന്ഥങ്ങൾ ചർച്ച ചെയ്യുന്നത്. പണ്ടുകാലം മുതലേ മുസ്‌ലിമീങ്ങൾ ഈ വിഷയം വല്ലാതെ പരിഗണിച്ചിട്ടുണ്ട്. ഹദീസ് ഗ്രന്ഥ കർത്താക്കൾ ഇതിനു മാത്രമായി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.

Remove ads

ചിത്രങ്ങൾ

കുറിപ്പുകൾ

  • ^ വിടവാങ്ങൽ ഹജ്ജ് പ്രസംഗം, വിക്കി ചൊല്ലുകളിൽ കാണുക
  • ^ മുഹമ്മദ് അവരോട് നബി ഇപ്രകാരം മറുപടി പറഞ്ഞു. അല്ലാഹുവാണ, എന്റെ വലംകൈയിൽ സൂര്യനേയും ഇടം കൈയിൽ ചന്ദ്രനേയും വെച്ചു തന്നിട്ട് ഈ പ്രസ്ഥാനമുപേക്ഷിക്കാൻ അവരെന്നോടു ആവശ്യപ്പെട്ടാൽ പോലും ഞാൻ ഇതിൽ നിന്ന് പിന്മാറുന്ന പ്രശ്നമേ ഇല്ല.
  • ^ നിവേദകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി സ്വീകാര്യമായ ഹദീസിനെ മുതവാതിർ, ആഹാദ് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. സത്യവിരുദ്ധമാകാൻ ഇടയില്ലത്ത വിധം അനേകം പേർ ഉദ്ധരിച്ച ഹദീസുകളാണ് മുതവാതിർ. ഇതിലെ നിവേദക കണ്ണികളിൽ ഓരോന്നിലും നിവേദകരുടെ ആധിക്യം ഉണ്ടാവുകയും നിവേദകന്മാർ ഹദീസ് നേരിട്ട് കണ്ടതോ കേട്ടതോ ആവണമെന്നും ഇതിന് നിബന്ധനയുണ്ട്. ഈ ഉപാധികളില്ലാത്തവ ആഹാദ് ആയി കണക്കാക്കും.ആഹാദിൽ ഓരോ കണ്ണിയിലും ഒന്നുമുതൽ മൂന്നുവരെ ആളുകൾ ഒരേ കാര്യം തന്നെ ഉദ്ധരിച്ചിരിക്കും. ഇത്തരം ഹദീസുകൾ (മുതവാതിറും, ആഹാദും) സ്വഹീഹ് (സ്വീകര്യം) ആയി കണക്കാക്കുന്നു. നിവേദകന്റെ അയോഗ്യതയാലോ (ഉദാ:കള്ളം പറയുക , മറ്റു സ്വഭാവദൂഷ്യങ്ങൾ മുതലായവ) കണ്ണികളിൽ ഒന്നോ അധികമോ നഷടമായാലോ അത്തരം ഹദീസുകൾ ദഈഫ്( ദുർബലം) ആയി കണക്കാക്കുന്നു.
  • ^ വിവാഹസമയത്ത് ആയിശയുടെ പ്രായത്തിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്[73] . വിവാഹനിശ്ചയം നടന്നത് ആറോ ഏഴോ വയസ്സിലും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത് ഒമ്പത് വയസ്സിലുമാണെന്നാണ് പൊതു അഭിപ്രായം.[74][75] എന്നാൽ പത്താം വയസ്സിലാണ് വിവാഹം നടന്നതെന്ന് ത്വബരി റിപ്പോർട്ട് ചെയ്യുന്നു.[76]
Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads