ലൂയി പാസ്ചർ

ഫ്രഞ്ച് ശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia

ലൂയി പാസ്ചർ
Remove ads

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചർ(/[invalid input: 'icon']ˈli pæˈstɜːr/, French: [lwi pastœʁ]; 1822 ഡിസംബർ 27 - 1895 സെപ്റ്റംബർ 28). രസതന്ത്രവും മൈക്രോബയോളജിയുമായിരുന്നു പ്രധാന മേഖലകൾ. ഇദ്ദേഹം 1822ൽ ഫ്രാൻസിലെ ഡോളിൽ ജനിച്ചു.നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിച്ചതും ലൂയി പാസ്ചറിന്റെ പ്രധാന നേട്ടങ്ങളാണ്‌. പേ ബാധിച്ച നായുടെ തലച്ചോറിൽ നിന്നും വേർതിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. പ്രസവാനന്തരമുള്ള പനി മൂലമുള്ള മരണനിർക്ക് കുറയ്ക്കാൻ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ സഹായകമായി. ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ അസുഖങ്ങൾ സൂക്ഷ്മാണുക്കൾ മൂലമാണുണ്ടാകുന്നത് എന്ന സിദ്ധാന്തത്തെ ശരിവയ്ക്കുന്നവയായിരുന്നു. മൈക്രോബയോളജിയുടെ മൂന്ന് പിതാക്കന്മാരിൽ ഒരാളായും ലൂയി പാസ്ചർ അറിയപ്പെടുന്നു. ഫെർഡിനാന്റ് കോൺ, റോബർട്ട് കോച്ച് എന്നിവരാണ് മറ്റുള്ള പിതാക്കന്മാർ.

വസ്തുതകൾ ലൂയിസ് പാസ്റ്റർ, ജനനം ...

രസതന്ത്രത്തിലും ഇദ്ദെഹം ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ട്. ചില ക്രിസ്റ്റലുകളുടെ ഘടനയിലെ സമമിതിരാഹിത്യത്തിന്റെ കാരണം തന്മാത്രാഘടനയിലെ പ്രത്യേകതകൊണ്ടാണെന്ന കണ്ടുപിടിത്തം ഇദ്ദേഹത്തിന്റേതാണ്. [4] ഇദ്ദേഹത്തിന്റെ ശവശരീരം പാരീസിലെ പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിലുള്ള അറയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഈ അറയ്ക്കു പുറത്ത് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ ബൈസന്റൈൻ മൊസൈക്കുകൾ ഉപയോഗിച്ച് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. [5]

Remove ads

ആദ്യകാല ജീവിതം

Thumb
പാസ്ചർ ജനിച്ച വീട്

ഡിസംബർ 27, 1822 ന് ഫ്രാൻസിലെ ജൂറാ പ്രവിശ്യയിലായിരുന്നു പാസ്ചറുടെ ജനനം.[4] അദ്ദേഹത്തിന്റെ പിതാവ് ഒരു ദരിദ്രനായ ചെരുപ്പുകുത്തിയായിരുന്നു. അർബോയിസ് എന്ന പട്ടണത്തിലാണ് പാസ്ചർ വളർന്നത്. പ്രശസ്തമായ എക്കോൾ കോളേജിൽ ചേരുന്നതിനു മുൻപേ അദ്ദേഹം ഗണിതശാസ്ത്രത്തിലും ഭാഷയിലും ബിരുദം നേടിയിരുന്നു. 1848-ൽ ഭൗതികശാസ്ത്രത്തിൽ പ്രൊഫസറായി നിയമിതനായി. കുറച്ചുകാലം കഴിഞ്ഞപ്പോൾ സ്ട്രാസ്ബർഗ് യൂനിവേഴ്സിറ്റിയിൽ [4]രസതന്ത്രം പ്രൊഫസറായി നിയോഗിക്കപ്പെട്ടു. അവിടെവച്ച്, മേരി ലോറന്റ് എന്ന സ്ത്രീയെ പരിചയപ്പെടുകയും മെയ് 29, 1849-ൽ അവരെ വിവാഹം ചെയ്യുകയും ചെയ്തു. ഈ ദമ്പതിമാർക്ക് അഞ്ച് മക്കൾ ഉണ്ടായിരുന്നെങ്കിലും അതിൽ മൂന്നു പേരും ടൈഫോയിഡ് ബാധിച്ച് മരണപ്പെടുകയാണുണ്ടായത്. ഈ ദുരന്തമാകാം പിൽക്കാലത്ത് പല മാറാവ്യാധികൾക്കും എതിരെ പോരാടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

Remove ads

കൈറാലിറ്റിയും വെളിച്ചത്തിന്റെ പോളറൈസേഷനും

Thumb
കൈറാലിറ്റി എന്ന ആശയം കൊണ്ടുവന്നത് പാസ്ചർ ആണ്.

ഒരു രസതന്ത്രജ്ഞനായി ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം ടാർടാറിക് അമ്ളത്തിന്റെ ഘടനയെപ്പറ്റിയുള്ള oru പ്രശ്നം പരിഹരിക്കുകയുണ്ടായി.[6][7][8][9] ചില രാസപദാർഥങ്ങൾ, ഉദാഹരണത്തിന്, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ടാർടാറിക് അംളം, പോളറൈസേഷൻ എന്ന പ്രത്യേകത കാണിക്കുന്നു. എന്നാൽ കൃത്രിമമായി നിർമ്മിച്ച ടാർടാറിക് അമ്ളം എങ്ങനെ പ്രകാശത്തെ പോളറൈസ് ചെയ്യുന്നു എന്ന സമസ്യയ്ക്ക് ഉത്തരം കണ്ടത് പാസ്ചർ ആയിരുന്നു. കൈറാൽ സംയുക്തങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തതും അദ്ദേഹം തന്നെ. കൃസ്റ്റലോഗ്രാഫിയിൽ അദ്ദേഹം ചെയ്ത ഗവേഷണമാണ് പാസ്ചറെ പ്രശസ്തനാക്കിയത്. ഈ പ്രബന്ധം കാണാനിടയായ ഡബ്ളിയൂ. ടി. ഫൂയിലെറ്റാണ് അദ്ദേഹത്തെ സ്ട്രാസ്ബർഗ് കോളേജിലേക്ക് ക്ഷണിച്ചത്. 1854-ൽ അദ്ദേഹം ഈ കോളേജിന്റെ ശാസ്ത്ര ഡിപ്പാർട്ട്മെന്റിന്റെ ഡീൻ ആയി നിയമിതനായി. [10]1856-ൽ ശാസ്ത്രീയ പഠനമേഖലയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.

Remove ads

രോഗത്തിന്റെ സൂക്ഷ്മാണു സിദ്ധാന്തം

ഭക്ഷണപദാർഥങ്ങൾ പുളിച്ചുപോകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന് പാസ്ചർ തെളിയിച്ചു. ഈ സൂക്ഷ്മാണുക്കൾ ഉണ്ടാകുന്നത് സ്വയമല്ലെന്നും, ബയോജെനിസിസ് (ജീവനിൽ നിന്നു മാത്രമേ ജീവൻ ഉണ്ടാവുകയുള്ളൂ) എന്ന പ്രക്രിയയിലൂടെയാണെന്നും അദ്ദേഹം വാദിച്ചു. ഈ സങ്കല്പത്തിന് തെളിവായി അദ്ദേഹം നടത്തിയ പരീക്ഷണമാണ് വളഞ്ഞ കഴുത്തുള്ള ഫ്ളാസ്ക് കൊണ്ടുള്ള പരീക്ഷണം. ചൂടാക്കിയ മൃഗസൂപ്പ് അദ്ദേഹം വളഞ്ഞ കഴുത്തുള്ള പാത്രത്തിൽ വച്ചു. ഫിൽട്ടർ ഉപയോഗിച്ച് അതിൽ അന്യവസ്തുക്കളൊന്നും വീഴുന്നില്ല എന്ന് ഉറപ്പുവരുത്തി. വായു കടക്കുന്നത് നീണ്ട, ഹംസത്തിന്റെ കഴുത്തുപോലെയുള്ള കുഴലിലൂടെയായിരുന്നു. ഇങ്ങനെ സൂക്ഷിച്ച മൃഗസൂപ്പിൽ സൂക്ഷ്മാണുക്കൾ വളരില്ല എന്നതുകൊണ്ട് അത് കാലങ്ങളോളം കേടുകൂടാതെ ഇരുന്നു. എന്നാൽ, വളഞ്ഞ കുഴൽ പൊട്ടിച്ചുകളഞ്ഞപ്പോൾ സൂക്ഷ്മാണുക്കൾ വളരുന്നതായി കണ്ടു. ഈ പരീക്ഷണത്തിലൂടെ, ജീവനുള്ളവയിൽ നിന്നു മാത്രമേ ജീവൻ ഉൽഭവിക്കുകയുള്ളൂ എന്ന സിദ്ധാന്തം അദ്ദേഹം മുന്നോട്ടു വച്ചു. ജീവൻ അജൈവ വസ്തുക്കളിൽ നിന്ന് ഞൊടിയിടയിൽ ഉണ്ടാകുന്നു എന്ന സങ്കൽപ്പം ഇതോടെ ഇല്ലാതായി.[11] രോഗം ബാധിക്കുന്നതിന് കാരണക്കാർ സൂക്ഷ്മാണുക്കളാണെന്ന പാസ്ചറിന്റെ പിൽക്കാല സിദ്ധാന്തത്തിനെ ന്യായീകരിക്കുന്നതായിരുന്നു ഈ സിദ്ധാന്തം.

Thumb
പാസ്ചർ ഉപയോഗിച്ചിരുന്ന വളഞ്ഞ കഴുത്തുള്ള ഫ്ലാസ്ക്

രോഗങ്ങൾ ഉണ്ടാവാനുള്ള കാരണം സൂക്ഷ്മാണുക്കളാണെന്ന് പാസ്ചറിനു മുൻപു തന്നെ ഫ്രാക്കസ്റ്റൊറോ, ബാസ്സി, ഫ്രെഡ്രിക്ക് ഹെന്ലി എന്നീ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരുന്നു. എന്നാൽ ഇതു വ്യക്തമായി പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയും അതിന്റെ ആധികാരികത യൂറോപ്പിലൊട്ടാകെ പ്രചരിപ്പിക്കുകയും ചെയ്തത് പാസ്ചർ ആണ്. അദ്ദേഹമാണ് ജേം തിയറിയുടെ പിതാവ് എന്നറിയപ്പെടുന്നത്. ബാക്ടീരിയോളജിയുടെ പിതാവായും റോബർട്ട് കോക്കിനോടൊപ്പം ഇദ്ദേഹവും അറിയപ്പെടുന്നു. പാലും, വീഞ്ഞും കാലക്രമേണ കേടുവരുന്നത് സൂക്ഷ്മാണുക്കളുടെ വളർച്ച മൂലമാണ് എന്ന് പാസ്ചറാണ് ആദ്യമായി നിരീക്ഷിച്ചത്. പാൽ കേടുവരാതിരിക്കാൻ ചൂടാക്കുന്ന വിദ്യ കണ്ടുപിടിച്ചതും പാസ്ചറാണ്. ചൂടാക്കുന്നതു വഴി അണുക്കൾ നശിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ക്ളോഡ് ബെർണാഡ് എന്ന ശാസ്ത്രജ്ഞനോടൊപ്പം 20 ഏപ്രിൽ 1862-ന് ഈ കണ്ടുപിടിത്തം ആദ്യമായി പരീക്ഷിച്ച് വിജയം വരിച്ചു. ഈ വിദ്യ പിന്നീട് 'പാസ്ചുറൈസേഷൻ' എന്ന പേരിൽ അറിയപ്പെട്ടു.[11] സൂക്ഷ്മാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോളാണ് രോഗമുണ്ടാവുന്നതെന്ന് പാസ്ചർ കണ്ടെത്തി. ഇദ്ദേഹത്തിന്റെ പഠനം ഉദ്ധരിച്ചാണ് പിൽക്കാലത്ത് ജോസഫ് ലിസ്റ്റർ എന്ന ശാസ്ത്രജ്ഞൻ അണുവിമുക്തമാക്കുന്ന പ്രക്രിയ കണ്ടുപിടിച്ചത്. [4][11] 1865-ൽ പട്ടുനൂൽപ്പുഴുക്കൾ ചത്തുപോകാൻ കാരണമായ രണ്ട് രോഗങ്ങളെപ്പറ്റി പഠനം നടത്തിയ പാസ്ചർ, രോഗകാരണം സൂക്ഷ്മാണുക്കളാണെന്ന് കണ്ടെത്തി. രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ നീക്കം ചെയ്യുന്നതു വഴി രോഗംരോഗത്തെ നിയന്ത്രിക്കാൻ കഴിയും എന്നദ്ദേഹം പ്രസ്താവിച്ചു. ചില സൂക്ഷ്മാണുക്കൾക്ക് ഓക്സിജൻ കൂടാതെ ജീവിക്കാൻ കഴിയും എന്ന് അദ്ദേഹം കണ്ടെത്തി. ഇതിനെ പാസ്ചർ പ്രഭാവം എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. regards

Remove ads

രോഗപ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള കണ്ടുപിടിത്തങ്ങൾ

കോഴിപ്പനിയെപ്പറ്റി ഗവേഷണം നടത്തിയ പാസ്ചർ ഒരു സുപ്രധാന കണ്ടുപിടിത്തം നടത്തി. ഗവേഷണത്തിനിടെ കോഴിപ്പനിക്കു കാരണമായ രോഗാണു നശിച്ചുപോയി. നശിച്ചുപോയ ബാക്ടീരിയ കൾച്ചർ കോഴികളിൽ കുത്തിവച്ചപ്പോൾ അവയ്ക്ക് രോഗം വന്നില്ലെന്നു കണ്ടു. പിന്നീട് ജീവനുള്ള ബാക്ടീരിയകളെ ഇതേ കോഴികളുടെ മേൽ കുത്തി വച്ചപ്പോൾ അവ ചെറിയ രോഗലക്ഷണങ്ങൾ കാണിച്ചെങ്കിലും അവയ്ക്ക് അസുഖം ബാധിച്ചില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ചാൾസ് ചേംബര്ലാൻഡ് ആയിരുന്നു ഈ കോഴികളെ പരിപാലിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ജോലിയിൽ പിഴവു വരുത്തിയതു മൂലം കോഴികൾക്ക് രോഗം പിടിപെടുകയായിരുന്നു. സാധാരണഗതിയിൽ മരണം സുനിശ്ചിതമായ ഈ രോഗം ബാധിച്ചിട്ടും കോഴികൾ മരണമടയാത്തത് അവയിൽ നശിച്ചുപോയ ബാക്ടീരിയൽ കൾച്ചർ കുത്തിവച്ചതുകൊണ്ടാണെന്ന് അദ്ദേഹം മനസ്സിലാക്കി. [4][11] മറ്റൊരുവേളയിൽ കന്നുകാലികൾ ആന്ത്രാക്സിൽ നിന്ന് രക്ഷപ്പെട്ടതും ഇതേ കാരണം കൊണ്ടാണെന്ന് അദ്ദേഹം അനുമാനിച്ചു. റാബീസിനെതിരെ ഉള്ള കുത്തിവെപ്പ് ആദ്യമായി പരീക്ഷിച്ചത് പാസ്ചർ ആണ്. എന്നാൽ ഈ മരുന്ന് ആദ്യമായി നിർമ്മിച്ചത് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ എമിലീ റോക്സ് ആണ്.[4] പതിനൊന്നു നായ്ക്കളുടെ മേൽ പരീക്ഷിച്ച ശേഷമാണ് ഇതു ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചത്. ഒൻപതു വയസ്സുള്ള, നായുടെ കടിയേറ്റ ജോസഫ് മീസ്റ്റർ എന്ന കുട്ടിയിലാണ് പരീക്ഷണം നടത്തിയിരുന്നത്. ഈ ചികിത്സ ഫലപ്രദമായതിനെത്തുടർന്ന് മറ്റ് പല മാരകരോഗങ്ങൾക്കും വാക്സിൻ കണ്ടെത്താനുള്ള ശ്രമം ശാസ്ത്രജഞന്മാർ തുടങ്ങിവച്ചു.[12][13].

Thumb
പാസ്ചറുടെ പിൽക്കാല ചിത്രം.
Remove ads

പുസ്തകങ്ങൾ

ശാസ്ത്രസംബന്ധിയായ ധാരാളം പുസ്തകങ്ങളുടെ രചയിതാവാണ് ലൂയി പാസ്ചർ.

  • "എറ്റ്യൂഡ് സ്യുർ ലെ വാൻ (Etudes sur le Vin, വീഞ്ഞിനെപ്പറ്റിയുള്ള പഠനങ്ങൾ)", (1866);
  • "എറ്റ്യൂഡ് സ്യുർ ലെ വിനേഗ്രെ (Etudes sur le Vinaigre, വിനാഗിരിയെപ്പറ്റിയുള്ള പഠനങ്ങൾ)" (1868);
  • "എറ്റ്യൂഡ് സ്യുർ ലാ മാലഡീ ഡി വെർ അ സ്വാ (Etudes sur la Maladie des Vers à Soie, പട്ടുനൂൽപ്പുഴുവിന്റെ രോഗങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ)" (2 വോളിയം., 1870);
  • "കെൽക്കെ റിഫ്ലെക്സ്യോൺ സ്യുർ ലാ സ്യോൻസ് ഓൺ ഫ്രാൻസ് (Quelques Réflexions sur la Science en France, ഫ്രാൻസിലെ ശാസ്ത്രത്തെപ്പറ്റി ചില വിചിന്തനങ്ങൾ)" (1871);
  • "എറ്റ്യൂഡ് സ്യുർ ലാ ബിയേർ (Etudes sur la Bière, ബിയറിനെപ്പറ്റിയുള്ള പഠനങ്ങൾ)" (1876);
  • "ലെ മീക്രോബ്സ് ഓർഗനീസി, ലെയ് റോൾ ഡോൻ ലാ ഫേർമൊന്ടാസ്യോൻ, ലാ പ്യൂട്രിഫാക്സ്യോൻ എ ലാ കോൻടാഷ്യോൺ (Les Microbes organisés, leur rôle dans la Fermentation, la Putréfaction et la Contagion, പുളിക്കൽ, അഴുകൽ, രോഗബാധ എന്നിവയിലെ പങ്ക് അനുസരിച്ച് അണുക്കളെ വർഗ്ഗീകരിച്ചിരിക്കുന്നു)" (1878);
  • "ഡിസ്കോർ ഡെ റെസെപ്ശ്യോൻ ഡെ എം. എൽ. പസ്തേർ അ ലകാഡെമീ ഫ്രാൻസെയ്സ് (Discours de Réception de M.L. Pasteur à l'Académie Française, പ്രസംഗം)" (1882);
  • "ട്രെറ്റ്മോണ്ട് ഡു ലാ റാഷ് (Traitement de la Rage, പേപ്പട്ടി വിഷബാധയുടെ ചികിത്സ)" (1886)

എന്നിവയാണ് അദ്ദേഹം രചിച്ച പ്രധാന പുസ്തകങ്ങൾ.[4]

Remove ads

മരണം

1895-ൽ പാരീസിൽ വച്ച് അദ്ദേഹം മരണപ്പെട്ടു. നോട്രെഡാം കത്തീഡ്രലിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. എന്നാൽ പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹത്തിന്റെ ശവക്കല്ലറ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ കുത്തിവെപ്പു മരുന്നു നിർമ്മാണകെന്ദ്രം അദ്ദേഹത്തിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. കാലിഫോർണിയയിലെ റാഫേലിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. പല രാജ്യങ്ങളിലെയും റോഡുകളും തെരുവുകളും അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads