എ.കെ. ലോഹിതദാസ്
മലയാളചലച്ചിത്രമേഖലയിലെ തിരക്കഥാകൃത്തും സംവിധായകനും From Wikipedia, the free encyclopedia
Remove ads
മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂൺ 28, 2009[1]). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്.[2] തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.
Remove ads
ജീവിതരേഖ
1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത് മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.[3]
ലോഹി എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ സാഹിത്യത്തിൽ ശ്രദ്ധേയനാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ഇടതുപക്ഷ (സി.പി.ഐ) ചായ്‌വുള്ള ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന നാടകവേദിക്കായി ആയിരുന്നു ആദ്യ നാടകരചന. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു.[4] പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ തുടങ്ങിയ നാടകങ്ങളും എഴുതി.[5]
നാടകത്തിന്റെ സാമ്പത്തികവിജയവും നിരൂപകശ്രദ്ധയും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് നയിച്ചത് തിലകനാണ്[അവലംബം ആവശ്യമാണ്]. 1987 - ൽ സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ സിനിമയായ തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാളസിനിമാരംഗത്ത് പ്രവേശിച്ചു[1]. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാളചലച്ചിത്രലോകത്ത് പുതിയൊരനുഭവമായിരുന്നു. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽനിന്ന് പിന്നീടും ഒട്ടേറെ പ്രശസ്തമായ മലയാളചലച്ചിത്രങ്ങൾ പിറവികൊണ്ടു.
സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണൻ, വിജയശങ്കർ എന്നിവർ മക്കളും.
Remove ads
മരണം
2009 ജൂൺ 28-ന് രാവിലെ 10.50-ന് തികച്ചും അപ്രതീക്ഷിതമായി ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ വെച്ച് ലോഹിതദാസ് അന്തരിച്ചു[1]. ആലുവയിൽ താമസിയ്ക്കുകയായിരുന്ന അദ്ദേഹം അന്ന് രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 54 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെക്കാലമായി തിരിച്ചറിയാതിരുന്ന ഹൃദ്രോഗമാണ് ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തത്. മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ലക്കിടിയിലെ 'അമരാവതി' വീട്ടുവളപ്പിൽ സംസ്കരിച്ചു.
Remove ads
പൂർത്തിയാകാതെ പോയ ചലച്ചിത്രങ്ങൾ
ലോഹിതദാസിന്റെ അകാലനിര്യാണം കാരണം അദ്ദേഹത്തിന്റെ രണ്ട് ചലച്ചിത്രങ്ങൾ പൂർത്തിയാകാതെ പോയി. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വർഷങ്ങൾക്കുശേഷം സിബി മലയിൽ-ലോഹിതദാസ്-മോഹൻലാൽ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മർ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയിൽ അവസാനിച്ചത്.[6]
പുരസ്കാരങ്ങൾ
- ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാർഡ് - തനിയാവർത്തനം (1987)
- ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന ഫിലിം അവാർഡ് - ഭൂതക്കണ്ണാടി (1997),
- മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം - ഭൂതക്കണ്ണാടി (1997)[7]
- മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം - തനിയാവർത്തനം (1987), ദശരഥം (1989), കിരീടം (1990), ഭരതം (1991), ചെങ്കോൽ (1993), ചകോരം (1994), സല്ലാപം (1994), തൂവൽകൊട്ടാരം (1996), ഭൂതകണ്ണാടി (1997), ഓർമ്മചെപ്പ് (1998), ജോക്കർ (1999), വീണ്ടും ചില വീട്ടുകാര്യങ്ങൾ (2000), കസ്‌തൂരിമാൻ (2003), നിവേദ്യം (2007)[7]
- മികച്ച ചലച്ചിത്രത്തിനു ഫിലിം ക്രിട്ടിക്സ് പുരസ്കാരം - ഭൂതകണ്ണാടി (1997), ജോക്കർ (1999), കസ്തൂരിമാൻ (2003), നിവേദ്യം (2007)[7]
Remove ads
ചലച്ചിത്രങ്ങൾ
ചലച്ചിത്രരംഗത്ത് വിഭിന്ന ഭാവങ്ങൾ പുലർത്തിയ ലോഹിതദാസ് തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലാണ് സ്ഥിരപ്രതിഷ്ഠ നേടിയത്. കൂടാതെ ഗാനരചന, അഭിനയം എന്നീ മേഖലകളിലും അദ്ദേഹം തന്റെ സംഭാവനകൾ നല്കിയിട്ടുണ്ട്.
തിരക്കഥ രചിച്ചവ
സംവിധാനം ചെയ്തവ
അഭിനയിച്ചവ
നിർമ്മിച്ചവ
ഗാനരചന നിർവഹിച്ചവ
Remove ads
നാടകങ്ങൾ
- സിന്ധു ശാന്തമായൊഴുകുന്നു
- അവസാനം വന്ന അതിഥി
- സ്വപ്നം വിതച്ചവർ
പുറത്തുനിന്നുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads