വയോമിങ്
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
വയോമിങ്, അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ മലയോര പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും പടിഞ്ഞാറൻ റോക്കി മൗണ്ടൻസിന്റെ മലനിരകൾ നിറഞ്ഞതാണ്. ഏറ്റവും കിഴക്കുള്ള പ്രദേശത്തിൽ ഹൈ പ്ലെയ്ൻസ് എന്നറിയപ്പെടുന്ന ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുൽമേടുകളും ഉൾപ്പെടുന്നു. വിസ്തീർണത്തിന്റെ കാര്യത്തിൽ പത്താം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാൽ ജനസംഖ്യയിൽ അവസാന സ്ഥാനത്താണ്. ഈ സംസ്ഥാനത്തിൻറെ അതിരുകളായി വടക്ക് മൊണ്ടാന, കിഴക്കു ഭാഗത്ത് തെക്കൻ ഡെക്കോട്ടയും നെബ്രാസ്കയും, തെക്ക് കൊളറാഡോ, തെക്കു പടിഞ്ഞാറ് ഉട്ടാ, പടിഞ്ഞാറ് ഇഡാഹോ എന്നിവയാണ്. 2015 വരെയുള്ള കണക്കുകളനുസരിച്ച് 586,107 ആണ് ഇവിടുത്തെ ജനസംഖ്യ. ഇത് അമേരിക്കയിലെ ഏറ്റവും വലിയ 31 യുഎസ് നഗരങ്ങളിലേതിനേക്കാൾ കുറവാണ്.[1] അതിനാൽത്തന്നെ ജനസന്ദ്രതയിൽ അമേരിക്കൻ സംസ്ഥാനങ്ങൾക്കിടയിൽ 49-ആം സ്ഥാനമാണ് വയോമിങ്ങിനുള്ളത്. തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും ചെയെന്നെ ആണ്. 2015 ലെ കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ 63,335 ആണ്.[5]
സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ മൂന്നിൽ രണ്ടു ഭാഗങ്ങളും റോക്കി മലനിരകളിലെ പർവ്വതങ്ങളും റേഞ്ച് ലാൻഡുകളും ആണ്. എന്നാൽ കിഴക്കൻ മേഖലയിലെ മൂന്നാം ഭാഗം ഹൈ പ്ലെയിൻസ് എന്നു വിളിക്കപ്പെടുന്ന ഉയരം കൂടിയ പുൽമേടുകളാണ്. വ്യോമിംഗിലെ ഏകദേശം പകുതിയോളം പ്രദേശങ്ങളും യുഎസ് ഗവൺമെന്റിന്റെ ഉടമസ്ഥതയിലാണ്. അതിനാൽ ഫെഡറൽ ഗവർൺമെന്റ് അധീനതയിലുള്ള സംസ്ഥാന ഭൂമിയുടെ പ്രാദേശിക അളവിൽ മറ്റു യു.എസ്. സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ വയോമിങിന് ആറാം സ്ഥാനവും അനുപാതത്തിൽ അഞ്ചാം സ്ഥാനവുമുണ്ട്. ഫെഡറൽ ഭൂമിയിൽ ഗ്രാന്റ് ടെറ്റോൺ, യെല്ലോ സ്റ്റോണ് എന്നിങ്ങനെ രണ്ട് ദേശീയ ഉദ്യാനങ്ങൾ, രണ്ട് ദേശീയ വിനോദ കേന്ദ്രങ്ങൾ, രണ്ട് ദേശീയ സ്മാരകങ്ങൾ, നിരവധി ദേശീയ വനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, മത്സ്യ വിത്തുൽപ്പാദക കേന്ദ്രങ്ങൾ, വന്യമൃഗ സങ്കേതങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഈ മേഖലയിലെ യഥാർത്ഥ നിവാസികളിൽ ക്രോ, അരപാഹോ, ലക്കോട്ട, ഷോഷോൺ എന്നിവർ ഉൾപ്പെടുന്നു. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിന്റെ അവസാനത്തിൽ 1848 ൽ അമേരിക്കയിലേയ്ക്കു ചേർക്കുന്നതുവരെ തെക്കുപടിഞ്ഞാറൻ വയോമിങ്, സ്പാനിഷ് സാമ്രാജ്യത്തിന്റെയും പിന്നീട് മെക്സിക്കൻ പ്രദേശങ്ങളുടേയും ഭാഗമായിരുന്നു. വയോമിങ് പ്രദേശങ്ങൾക്കായി ഒരു താത്കാലിക സർക്കാർ ഉണ്ടാക്കുന്നതിനായി 1865 ൽ അമേരിക്കൻ കോൺഗ്രസിൽ ഒരു ബിൽ അവതരിപ്പിച്ചപ്പോൾ ഈ പ്രദേശം വ്യോമിംഗ് എന്ന പേര് സ്വീകരിച്ചു.
ഈ പേര് മുൻകാലത്ത് പെൻസിൽവാനിയയിലെ വയോമിങ് വാലിയിൽ ഉപയോഗിച്ചിരുന്നു. ഈ പേര് ഉരുത്തിരിഞ്ഞുവന്നത് "വലിയ നദീതടത്തിൽ" എന്നർത്ഥം വരുന്ന “xwé:wamənk” എന്ന മുൻസീ വാക്കിൽനിന്നാണ്. വ്യോമിങിൻറ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തിയിരുന്നത് കൽക്കരി, എണ്ണ, പ്രകൃതിവാതകം, ട്രോണ (ഒരു തരം കാർബണേറ്റ് ധാതു) എന്നിവ ഉൾപ്പെട്ട ധാതു ഖനനവും ടൂറിസവുമായിരുന്നു. കാർഷിക വ്യവസ്ഥയിൽ കന്നുകാലികൾ, പുല്ല്, മധുരക്കിഴങ്ങുകൾ, ധാന്യങ്ങൾ (ഗോതമ്പ്, ബാർലി), കമ്പിളി നൂൽ എന്നിവയായിരുന്നു. വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന അവസ്ഥ ഇവിടെ കോണ്ടിനെന്റൽ കാലാവസ്ഥ അനുഭവപ്പെടുന്നു. മറ്റ് യു.എസ് സംസ്ഥാനങ്ങളേക്കാൾ വരണ്ടതും കാറ്റുള്ളതുമാണ് ഇവിടം.
വയോമിങ് രാഷ്ടീയമായി യാഥാസ്ഥിതികത്വം കാത്തുസൂക്ഷിക്കുന്ന ഒരു സംസ്ഥാനമാണ്. 1964 ൽ ഒഴികെ, 1950 മുതൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളാണ് എല്ലാ പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിലും ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നത്.
Remove ads
ചരിത്രം
ഇന്ന് വയോമിങ് സംസ്ഥാനമായി ആയി അറിയപ്പെടുന്ന ഭൂപ്രദേശത്ത് പ്രാചീനകാലത്ത് അനവധി തദ്ദേശീയ അമേരിന്ത്യൻ ഗോത്ര വിഭാഗങ്ങളാണ് അധിവസിച്ചിരുന്നത്. യൂറോപ്യൻ പര്യവേക്ഷകർ ആദ്യമായി ഈ ഭൂപ്രദേശം സന്ദർശിച്ചപ്പോൾ നേരിട്ട ചില യഥാർത്ഥ ആദിമ നിവാസികളിൽ ക്രോ, അരപാഹോ, ലക്കോട്ട, ഷോഷോൺ തുടങ്ങിയ ഗോത്രവിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു. തെക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ, മെക്സിക്കോ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന ഇന്നത്തെ തെക്കുപടിഞ്ഞാറൻ വയോമിങ് മുമ്പ് സ്പാനിഷ് സാമ്രാജ്യം അവകാശവാദമുന്നയിച്ചിരുന്ന പ്രദേശമായിരുന്നു. 1821-ൽ മെക്സിക്കൻ സ്വാതന്ത്ര്യത്തോടെ ഈ ഭൂപ്രദേശം ആൾട്ട കാലിഫോർണിയയുടെ ഭാഗമായി കണക്കാക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ വിപുലീകരണം ഈ പ്രദേശത്തിൻറെ നിയന്ത്രണത്തിനായി പോരാടുന്ന കുടിയേറ്റക്കാരെ ഇവിടെ എത്തിച്ചു. 1848-ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൽ പരാജയപ്പെട്ടതിന് ശേഷം മെക്സിക്കോ ഈ പ്രദേശങ്ങൾ ഐക്യനാടുകൾക്ക് വിട്ടുകൊടുത്തു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, ക്യൂബെക്കിൽ നിന്നും മോൺട്രിയലിൽ നിന്നുമുള്ള ഫ്രഞ്ച്-കനേഡിയൻ കെണിക്കാർ പതിവായി ഗോത്രവിഭാഗങ്ങളുമായുള്ള വ്യാപാരത്തിനായി ഈ പ്രദേശത്തേക്ക് പ്രവേശിച്ചു. ടെറ്റൺ, ലാ റാമി തുടങ്ങിയ ഫ്രഞ്ച് സ്ഥലനാമങ്ങൾ ആ ചരിത്രത്തിന്റെ അടയാളങ്ങളായി ഇന്ന് ശേഷിക്കുന്നു.
1807-ൽ അമേരിക്കക്കൻ സ്വദേശിയായ ജോൺ കോൾട്ടർ ഈ പ്രദേശത്തിന് ഇംഗ്ലീഷിൽ ഒരു വിവരണം രേഖപ്പെടുത്തി. ഫ്രഞ്ച് കനേഡിയനായിരുന്ന ടൗസെന്റ് ചാർബോണോയും അദ്ദേഹത്തിന്റെ യുവതിയായ ഷോഷോൺ ഭാര്യ സകാഗവേയും നയിച്ച ലൂയിസ് ആൻഡ് ക്ലാർക്ക് എക്സ്പെഡിഷനിലെ ഒരു അംഗമായിരുന്നു അദ്ദേഹം. അക്കാലത്ത്, യെല്ലോസ്റ്റോൺ പ്രദേശത്തെക്കുറിച്ചുള്ള ജോൺ കോൾട്ടറിന്റെ റിപ്പോർട്ടുകൾ സാങ്കൽപ്പികമായാണ് കണക്കാക്കപ്പെട്ടിരുന്നത്.[6] ഒറിഗണിലെ അസ്റ്റോറിയയിൽ നിന്ന് മടങ്ങിയെത്തിയ റോബർട്ട് സ്റ്റുവർട്ടും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അഞ്ച് പേരടങ്ങുന്ന ഒരു സംഘവും 1812-ൽ സൗത്ത് പാസ് കണ്ടെത്തി.
1850-ൽ ഇന്ന് ബ്രിഡ്ജർ പാസ് എന്നറിയപ്പെടുന്ന ചുരം പർവതാരോഹകനായിരുന്ന ജിം ബ്രിഡ്ജർ കണ്ടെത്തി. ബ്രിഡ്ജറും അക്കാലത്ത് യെല്ലോസ്റ്റോൺ പ്രദേശം പര്യവേക്ഷണം ചെയ്യുകയും, ജോൺ കോൾട്ടറിന്റേതിനു സമാനമായി അക്കാലത്ത് കെട്ടു കഥകളായി കണക്കാക്കപ്പെട്ടിരുന്ന ഈ പ്രദേശത്തെക്കുറിച്ച് വിവരണങ്ങൾ സമാഹരിക്കുകയും ചെയ്തു. യൂണിയൻ പസഫിക് റെയിൽറോഡ് കമ്പനി 1868-ൽ ബ്രിഡ്ജർ പാസിലൂടെ ഒരു റെയിൽപ്പാത നിർമ്മിച്ചു. 90 വർഷങ്ങൾക്ക് ശേഷം പർവതങ്ങളിലൂടെ അന്തർസംസ്ഥാന പാത 80 നിർമ്മിക്കുന്നതിനുള്ള ഒരു പാതയായി ഇത് ഉപയോഗിച്ചിരുന്നു.
1865-ഓടെ ഒഹായോയിലെ യു.എസ്. പ്രതിനിധി ജെയിംസ് മിച്ചൽ ആഷ്ലി "വയോമിങ് പ്രദേശത്തിന് ഒരു താൽക്കാലിക സർക്കാർ" നൽകുന്നതിനുള്ള ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചതോടെ ഈ പ്രദേശത്തിന് വയോമിങ് എന്ന പേര് ലഭിച്ചു. പെൻസിൽവാനിയയിലെ വയോമിംഗ് വാലിയുടെ പേരിൽനിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്. അമേരിക്കൻ വിപ്ലവ യുദ്ധത്തിലെ വയോമിംഗ് യുദ്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തോമസ് കാംബെൽ 1809-ൽ "ഗെർട്രൂഡ് ഓഫ് വയോമിങ് " എന്ന കവിത എഴുതിയിരുന്നു. xwé:wamənk ("വലിയ നദിപ്പരപ്പ്") എന്ന ലെനാപ് മുൻസീ പദത്തിൽ നിന്നാണ് ഈ പേര് ആത്യന്തികമായി ഉരുത്തിരിഞ്ഞത്.[7][8]
1867-ൽ യൂണിയൻ പസഫിക് റെയിൽറോഡ് ചെയെനിൽ എത്തിയതിനുശേഷം ഇവിടുത്തെ ജനസംഖ്യയിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. ഫെഡറൽ ഗവൺമെന്റ് 1868 ജൂലൈ 25-ന് വയോമിംഗ് ടെറിട്ടറി സ്ഥാപിച്ചു.[9] സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഗണ്യമായ നിക്ഷേപം ഇല്ലാതിരുന്നതിനാൽ, ധാതു സമ്പുഷ്ടമായ കൊളറാഡോയിൽ നിന്ന് വ്യത്യസ്തമായി, വ്യോമിംഗിൽ അത്തരമൊരു ജനസംഖ്യാ കുതിപ്പ് ഉണ്ടായില്ല. 1867-ൽ കാരിസ മൈൻ സ്വർണ്ണം ഉത്പാദിപ്പിക്കാൻ ആരംഭിച്ചതിന് ശേഷം സൗത്ത് പാസ് സിറ്റിക്ക് ഒരു ഹ്രസ്വകാല അഭിവൃദ്ധി ഉണ്ടായിരുന്നു.[10] ഗ്രാൻഡ് എൻകാംപ്മെന്റിന് സമീപമുള്ള സ്നോവി റേഞ്ചിനും സിയറ മാഡ്രെ പർവതനിരകൾക്കും ഇടയിലുള്ള ചില പ്രദേശങ്ങളിൽ ചെമ്പിൻറെ ഖനനം നടന്നിരുന്നു.[11]
യെല്ലോസ്റ്റോൺ പ്രദേശത്തേയ്ക്ക് ഗവൺമെന്റ് സ്പോൺസർ ചെയ്ത പര്യവേഷണങ്ങൾ ആരംഭിച്ചതോടെ, പ്രദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള കോൾട്ടറിന്റെയും ബ്രിഡ്ജറിന്റെയും വിവരണങ്ങൾ സ്ഥിരീകരിക്കപ്പെട്ടു. 1872-ൽ, ഈ പ്രദേശത്തിൻറെ സംരക്ഷണത്തിനായി ലോകത്തിൽ ആദ്യത്തെ ദേശീയോദ്യാനമെന്ന നിലയിൽ യെല്ലോസ്റ്റോൺ ദേശീയോദ്യാനം സൃഷ്ടിക്കപ്പെട്ടു. മിക്കവാറും ദേശീയോദ്യാനം പൂർണ്ണമായിത്തന്നെ വ്യോമിങിൻറെ വടക്കുപടിഞ്ഞാറൻ കോണിലാണ് സ്ഥിതിചെയ്യുന്നത്.
1869 ഡിസംബർ 10-ന്, ടെറിട്ടീരിയൽ ഗവർണറായിരുന്ന ജോൺ അലൻ കാംപ്ബെൽ വനിതകൾക്ക് വോട്ടുചെയ്യാനുള്ള അവകാശം വിപുലീകരിച്ചതോടെ, അങ്ങനെ ചെയ്യുന്ന ആദ്യത്തെ പ്രദേശമായി വ്യോമിംഗ് മാറി. സംസ്ഥാന ഭരണഘടന സ്ഥാപിക്കുമ്പോഴും അത് ആ അവകാശം നിലനിർത്തി. വനിതകൾ ആദ്യമായി ന്യായാധിപന്മാരായി സേവനമനുഷ്ഠിച്ചത് വ്യോമിങിലായിരുന്നു (1870-ൽ ലാറാമി പട്ടണം).
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്യുന്നതിലും വ്യോമിങ് സംസ്ഥാനം മാർഗ്ഗദീപം തെളിച്ചു.[12] ആദ്യത്തെ വനിതാ കോടതി ആമീൻ (മേരി അറ്റ്കിൻസൺ, ലാറാമി, 1870 ൽ), രാജ്യത്തെ ആദ്യ വനിതാ വനിതാ ജസ്റ്റിസും (എസ്തർ ഹോബാർട്ട് മോറിസ്, സൗത്ത് പാസ് സിറ്റി, 1870 ൽ) എന്നിവ സസ്ഥാനത്തുനിന്നായിരുന്നു. 1924-ൽ, നെല്ലി ടെയ്ലോ റോസ് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരു വനിതാ ഗവർണർ നിയമിക്കപ്പെടുന്ന ആദ്യ സംസ്ഥാനമായി വ്യോമിംഗ് മാറി.[13] സംസ്ഥാനത്തിൻറെ പൗരാവകാശ ചരിത്രം കാരണം, വ്യോമിങ് സംസ്ഥാനത്തിൻറെ വിളിപ്പേരുകളിലൊന്ന് "സമത്വ രാഷ്ട്രം" എന്നും കൂടാതെ അതിൻറെ ഔദ്യോഗിക സംസ്ഥാന മുദ്രാവാക്യം "തുല്യ അവകാശങ്ങൾ" എന്നതുമാണ്.[14]
വയോമിംങ് ഭരണഘടനയിൽ സ്ത്രീകളുടെ വോട്ടവകാശം,[15] ജലത്തിൻറെ അവകാശം എന്നിവയെക്കുറിച്ചുള്ള ഒരു ആദ്യകാല വ്യവസ്ഥയും ഉൾപ്പെടുന്നു.[16] 1890 ജൂലൈ 10-ന് കോൺഗ്രസ് വയോമിങിനെ 44-ാമത്തെ സംസ്ഥാനമായി യൂണിയനിൽ പ്രവേശിപ്പിച്ചു.[17] കന്നുകാലി വളർത്തുകാരുടെ സംഘങ്ങൾക്കിടയിലെ മത്സരത്തിൻറെ ഫലമായി പൊട്ടിപ്പുറപ്പെട്ട 1892-ലെ ജോൺസൺ കൗണ്ടി യുദ്ധം നടന്ന സ്ഥലമായിരുന്നു വ്യോമിംഗ്. ഹോംസ്റ്റേഡ് നിയമം പാസാക്കിയത് ചെറുകിട കാലിവളർത്തുകാരുടെ കടന്നുകയറ്റത്തിന് കാരണമായി. പൊതുഭൂമിയുടെ വിനിയോഗത്തിലെ വാണിജ്യ മത്സരത്തിൽ ഒന്നോ രണ്ടോ ഗ്രൂപ്പുക്കിടയിലെ അക്രമാസക്തമായ സംഘർഷത്തടെ ഒരു റേഞ്ച് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads