വൻ ചൊട്ടശലഭം
From Wikipedia, the free encyclopedia
Remove ads
വൻ ചൊട്ടശലഭം എന്ന് കേരളത്തിൽ വിളിക്കപ്പെടുന്ന ശലഭത്തിന്റെ ശാസ്ത്രീയനാമമാണ് ഹൈപോലിമ്നാസ് ബൊളീന. ബ്ലൂ മൂൺ ബട്ടർഫ്ലൈ എന്നും കോമൺ എഗ്ഗ് ഫ്ലൈ [1] എന്നും വിളിക്കപ്പെടുന്ന ഈ ശലഭം നിംഫാലിഡ് വിഭാഗത്തിൽ പെടുന്നു.[2]



Remove ads
രൂപസവിശേഷതകൾ
ബൊളീന വംശം
ഹൈപോലിമ്നാസ് ബൊളീന കറുത്ത ശരീരമുള്ളതും 70 മുതൽ 85 മില്ലീമീറ്റർ വരെ ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ അകലമുള്ളതുമായ ഒരു ശലഭമാണ്. ഈയിനം ശലഭത്തിന്റെ ആണിനും പെണ്ണിനെയും കാഴ്ച്ചയിൽ തിരിച്ചറിയാൻ സാധിക്കും (sexual dimorphism). പെൺ ശലഭത്തിന് പല മോർഫുകളുണ്ട്.[3][4][5]
ആൺ ശലഭം

ചിറകിന്റെ മുകൾ വശം കറുത്തതാണ്. മുകൾ വശത്തായി മൂന്ന് ജോടി വെളുത്ത പാടുകൾ കാണാൻ സാധിക്കും. മുൻ ചിറകിൽ രണ്ട് ജോടിയും പിൻ ചിറകിൽ ഒരു ജോടിയുമാണുണ്ടാവുക. ഈ വെള്ളപ്പാടുകൾക്കു ചുറ്റും പർപ്പിൾ നിറത്തിൽ തിളങ്ങുന്നതായി കാണാൻ സാധിക്കും. ഇതു കൂടാതെ ചിറകിന്റെ മുകൾ വശത്തായി ധാരാളം ചെറിയ വെളുത്ത പാടുകളും കാണാൻ സാധിക്കും.
പെൺ ശലഭം
പെൺ ശലഭങ്ങളുടെ ചിറകിന്റെ മുകൾ വശം ബ്രൗൺ കലർന്ന കറുത്ത നിറത്തിലാണ് കാണപ്പെടുക. ഇതിൽ പാടുകളുണ്ടാവില്ല. ചിറകിന്റെ അരികുകൾ അരളി ശലഭത്തിന്റേതുപോലുള്ള കുത്തുകളുള്ളതാണ്.
- പെൺ ശലഭം താഴെവശം
- ആൺ ശലഭം താഴെവശം
- മുട്ടയിടുന്ന പെൺ ശലഭം
Remove ads
വിതരണം
വൻചൊട്ടശലഭം പടിഞ്ഞാറ് മഡഗാസ്കർ മുതൽ, ദക്ഷിണേഷ്യ, ദക്ഷിണപൂർവ്വേഷ്യ, ദക്ഷിണ പെസിഫിക് ദ്വീപുകൾ (ഫ്രഞ്ച് പോളിനേഷ്യ, ടോങ്ക, സമോവ, വാനുവാട്ടു), ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലാന്റ് എന്നിവിടങ്ങൾ വരെ കാണപ്പെടുന്നു.
ആവാസപ്രദേശം
ഇടവിട്ട് മരങ്ങളുള്ള പ്രദേശം, ഇലപൊഴിയുന്ന മരങ്ങളുള്ള വനങ്ങൾ, ഇടതൂർന്നതും കുറ്റിക്കാടുകൾ, പച്ചപ്പുള്ള മനുഷ്യവാസപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൻചൊട്ടശലഭത്തെ കാണപ്പെടാറുണ്ട്.
ജീവിതചക്രവും പരിസ്ഥിതിയും
പെൺ ശലഭങ്ങൾ മുട്ടയിട്ട ഇലകൾക്ക് കാവലിരിക്കാറുണ്ട്. ആൺ ശലഭങ്ങൾ സ്വന്തം പ്രദേശം കാത്തുസൂക്ഷിക്കാറുണ്ടത്രേ. പ്രായത്തിനൊപ്പം ഈ സ്വഭാവം കൂടിവരുകയും ചെയ്യും. [6] പെൺ ശലഭങ്ങളെ കണ്ടെത്താൻ സാധിക്കുന്ന പ്രദേശങ്ങൾക്കാണ് മുൻ തൂക്കം ലഭിക്കുക. [7] ഉറുമ്പുകൾ ശലഭമുട്ടകൾ തിന്നാറുണ്ട്. പെൺ ശലഭം ഒരു ചെടിയിൽ ഉറുമ്പുകളുണ്ടോ എന്ന് പരിശോധിച്ചുനോക്കി ഇല്ലെന്നുറപ്പുവരുത്തിയശേഷമാണ് മുട്ടകളിടുന്നത്. ചിലപ്പോൾ ഒരു മുട്ടയേ ഇടാറുള്ളൂവെങ്കിലും സാധാരണഗതിയിൽ രണ്ടുമുതൽ അഞ്ചുവരെ മുട്ടകളാണ് ഇടുക. ഇലകളുടെ കീഴിലാണ് മുട്ടയിടുക.
ആതിഥേയ സസ്യങ്ങൾ

ഫ്ലൂറിയ ഇന്ററപ്റ്റ, സൈഡ റോംബിഫോളിയ,[8] ഇലാസ്റ്റോസ്റ്റെമ്മ ക്യൂണിയേറ്റം, പോർട്ടുലേക ഒളെറാസിയ, ലാപോർട്ടിയ ഇന്ററപ്റ്റ,[9] ട്രയംഫെറ്റ പെന്റാഡ്ര,[10] അസിസ്റ്റാസിയ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന സസ്യങ്ങളിൽ നിന്ന് വൻ ചൊട്ടശലഭം ഭക്ഷണത്തിനായി ആശ്രയിക്കുന്നത്.
ഇലാസ്റ്റോസ്റ്റെമ ക്യൂണിയേറ്റം, ഫ്ല്യൂറിയ ഇന്ററപ്റ്റ, സ്യൂഡെറാന്തമം വേരിയബൈൽ, സിന്ററല്ല നോഡിഫ്ലോറ എന്നിവയും ആതിധേയസസ്യങ്ങളാണ്. അർട്ടിക്ക ഡഓസിക്ക, മാൾവ എന്നീ ഇനങ്ങളിൽപ്പെട്ട സസ്യങ്ങളും ഇവ ഭക്ഷണത്തിനാശ്രയിക്കാറുണ്ട്.
മുട്ടകൾ

മുട്ടകൾ വിളറിയ പച്ചനിറത്തിലുള്ളവയാണ്. മുകൾഭാഗത്തൊഴികെ നീളത്തിലുള്ള വരമ്പുകൾ കാണാൻ സാധിക്കും.
കാറ്റർപില്ലർ

മുട്ടവിരിയാനെടുക്കുന്നത് ഉദ്ദേശം നാലുദിവസമാണ്. കാറ്റർപില്ലറുകൾ ഉടൻതന്നെ പലഭാഗത്തേയ്ക്കായി പിരിഞ്ഞുപോകും. കറുത്ത ശരീരവും ഓറഞ്ച് നിറമുള്ള ശിരസ്സുമാണ് ഇവയ്ക്കുള്ളത്. അവസാന ഘണ്ഡവും ഓറഞ്ച് നിറത്തിലാണ്. ശിരസ്സിൽ ശാഖകളോടുകൂടിയ കറുത്ത കൊമ്പുകളുണ്ട്. ശരീരത്തിൽ നീളമുള്ളതും ശാഖകളുള്ളതുമായ ഓറഞ്ച് നിറത്തിലുള്ള മുള്ളുകളുണ്ട്. തോടു പൊളിച്ചുകഴിഞ്ഞാലുടൻ ഈ മുള്ളുകൾ (spines) സുതാര്യമായി കാണപ്പെടും. പെട്ടെന്നുതന്നെ ഇവ ഓറഞ്ച് നിറത്തിലാവുകയും ചെയ്യും. പിന്നീട് സ്പൈറക്കിളുകളിൽ ഓറഞ്ച് വലയങ്ങളും കാണപ്പെടും. വോൾബാക്കിയ എന്ന ബാക്ടീരിയ ആൺ കാറ്റർപില്ലറുകളുടെ മാത്രം മരണത്തിനിടയാക്കാറുണ്ട്. [1][11]
പ്യൂപ്പ

ഒറ്റ ബിന്ദുവിലാണ് പ്യുപ്പ തൂങ്ങിക്കിടക്കുക. ബ്രൗൺ നിറത്തിലുള്ള പ്യൂപ്പയുടെ പാർശ്വഭാഗത്ത് ചാരഛവിയുണ്ടാവും. വയറിലെ ഘണ്ഡങ്ങളിൽ വ്യക്തമായ ട്യൂബർക്കിളുകൾ കാണപ്പെടും. പ്യൂപ്പയുടെ ബാഹ്യപ്രതലം പരുക്കനാണ്. പ്യൂപ്പയായി ഏഴോ എട്ടോ ദിവസം കഴിയുമ്പോൾ ചിത്രശലഭം പുറത്തുവരും (പെൺ ശലഭങ്ങളുടെ വളർച്ച അൽപ്പം കൂടി സാവധാനത്തിലാണ്).
Remove ads
സമീപകാല പരിണാമം
സമോവൻ ദ്വീപുകളായ ഉപോലു, സവായീ എന്നിവിടങ്ങളിൽ ഒരു പരാദം (ഒരുപക്ഷേ വോൾബാക്കിയ) ആൺ വൻചൊട്ടശലഭങ്ങളെ ബാധിക്കുമായിരുന്നു. 2001-ൽ ആൺ ശലഭങ്ങൾ മൊത്തം സംഖ്യയുടെ 1% മാത്രമായിരുന്നുവത്രേ. പക്ഷേ 2007-ൽ (10 തലമുറകൾക്കുള്ളിൽ) ആൺ ശലഭങ്ങൾ ഈ പരാദത്തിനെതിരായി പ്രതിരോധശേഷി നേടിയെടുക്കുകയും സംഖ്യ 40% ആയി വർദ്ധിക്കുകയും ചെയ്തു.[12]
ഉപ സ്പീഷീസുകൾ
വൻ ചൊട്ടശലഭത്തെ എട്ട് ഉപസ്പീഷീസുകളായി തരംതിരിച്ചിട്ടുണ്ട്:[13]
- ഹൈപോലിമ്നാസ് ബൊളീന ബൊളീന (Hypolimnas bolina bolina) (കാൾ ലിനേയസ്, 1758)
- ഹൈപോലിമ്നാസ് ബൊളീന നെറീന (Hypolimnas bolina nerina) (ഫാബ്രീഷിയസ്, 1775)
- ഹൈപോലിമ്നാസ് ബൊളീന മോൺടോസിയേറി (Hypolimnas bolina montrouzieri) (ബട്ട്ലർ)
- ഹൈപോലിമ്നാസ് ബൊളീന പൾച്ര (Hypolimnas bolina pulchra) (ബട്ട്ലർr)
- ഹൈപോലിമ്നാസ് ബൊളീന പല്ലാസെൻസ് (Hypolimnas bolina pallescens) (ബട്ട്ലർ)
- ഹൈപോലിമ്നാസ് ബൊളീന ലിസിയനാസ്സ (Hypolimnas bolina lisianassa) (ക്രാമർ)
- ഹൈപോലിമ്നാസ് ബൊളീന ജാസിന്ത (Hypolimnas bolina jacintha) (ഡ്രൂറി, 1773)
- ഹൈപോലിമ്നാസ് ബൊളീന കെസിയ (Hypolimnas bolina kezia) (ബട്ട്ലർ)
Remove ads
ചിത്രങ്ങൾ
- വൻചൊട്ടശലഭം വരണ്ട കാലാവസ്ഥയിൽ
- ആൺ വൻചൊട്ടശലഭം മുകൾ വശം
- ആൺശലഭം കണ്ണൂർ ചന്ദനക്കാംപാറയിൽ നിന്ന്
- പെൺശലഭം കണ്ണൂർ ചന്ദനക്കാംപാറയിൽ നിന്ന്
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads