ആൻഡലൂഷ്യ

From Wikipedia, the free encyclopedia

ആൻഡലൂഷ്യ
Remove ads

യൂറോപ്പിൽ ഐബീരിയ ഉപദ്വീപിൽ മധ്യകാലഘട്ടങ്ങളിൽ നിലവിലിരുന്ന മുസ്ലീം രാജ്യങ്ങൾ ഉൾ​പ്പെട്ടിരുന്ന ഭൂവിഭാഗത്തിന്റെ പൊതുസംജ്ഞയാണ് ആൻഡലൂഷ്യ എന്നറിയപ്പെടുന്ന അൽ അന്തലൂസ് (അറബി: الأَنْدَلُس)[3]. ഈ പ്രദേശം ഇപ്പോൾ സ്പെയിനിന്റെ ഭാഗമാണ്. അറബിഭാഷയിൽ ജസീറത്ത് അൽ ആന്തലൂസ് എന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശം സ്പെയിനിന്റെ എട്ടു പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ വാൻഡൽ വർഗക്കാർ അധിവസിച്ചിരുന്നതുകൊണ്ട് ആ വർഗനാമത്തിൽനിന്നാണ് ആൻഡലൂഷ്യ എന്ന പദം നിഷ്പന്നമായതെന്നാണ് പണ്ഡിതമതം. വാൻഡൽ വർഗക്കാരെ അറബിഭാഷയിൽ അൽ ആൻദലിഷ് എന്നാണ് വിളിച്ചുവന്നിരുന്നത്. ഒരു ഘട്ടത്തിൽ ഉപദ്വീപിന്റെ സിംഹഭാഗവും കയ്യടക്കിയ ഉമയ്യദ് ഭരണ പ്രവിശ്യ[4] പിന്നീട് ശോഷിച്ച് പല താഇഫകളായി ഭിന്നിക്കുകയും പിന്നീട് നാമാവശേഷമാവുകയും ചെയ്തു[5][6][7]. 711-ൽ ആരംഭിച്ച അന്തലൂസ് ഭരണകൂടങ്ങൾ 1492-ൽ ഗ്രാനഡയുടെ പതനത്തോടെയാണ് തുടച്ചുനീക്കപ്പെടുന്നത്[8][9][10].

വസ്തുതകൾ ആൻഡലൂഷ്യ Andalucía (in Spanish), Country ...
Remove ads

ചരിത്രം

സ്പെയിനിലെ വിസിഗോത്തുകളുടെ ഭരണത്തിനോട് കഠിനമായ വെറുപ്പുണ്ടായിരുന്ന കാലയളവിൽ (എ.ഡി. 8-ആം നൂറ്റാണ്ട്) അറബികൾ ഐബീരിയ ആക്രമിച്ചു. ഉത്തരാഫ്രിക്കയിൽ അധികാരം ഉറപ്പിക്കുകയും, ഇഫ്രിക്ക, മഗ്രിബ് എന്നീ പ്രദേശങ്ങളുടെ ഗവർണറായി മൂസാ ഇബ്നുനുസയർ നിയമിതനാവുകയും ചെയ്തത് ആൻഡലൂഷ്യ ആക്രമിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചു. ബെർബെർ വർഗത്തിലെ യോദ്ധാവായ താരിഖ് ബിൻ സിയാദ് 710 ജൂലൈയിൽ മെഡിറ്ററേനിയൻ കടൽ കടന്ന് ഐബീരിയ ഉപദ്വീപിന്റെ ദക്ഷിണഭാഗത്ത് വിജയകരമായ ഒരാക്രമണം നടത്തി. ഈ വിജയത്തിൽനിന്നു പ്രചോദനം നേടിയ മൂസാ ഇബ്നുനുസയറിന്റെ സൈന്യാധിപനായ താരിഖ് 711 ഏപ്രിൽ മേയ് മാസങ്ങളിൽ ഒരു സേനയുമായി മെഡിറ്ററേനിയൻ കടൽ കടന്ന് ആൻഡലൂഷ്യയിൽ എത്തി. അവിടത്തെ വിസിഗോത്ത് രാജാവായ റോഡറിക്ക്, താരിഖിന്റെ മുസ്ലിം സേനകളുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടു (711 ജൂലൈ 19); ഐബീരിയ ഉപദ്വീപിലെ നഗരങ്ങൾ ഒന്നൊന്നായി താരിഖ് കീഴടക്കി. ഗവർണറായിരുന്ന മൂസാ ഇബ്നുനുസയറും ആൻഡലൂഷ്യയിൽ സൈന്യസമേതമെത്തി. ഇങ്ങനെ താരിഖും മൂസയും ഐബീരിയ ഉപദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി. ഈ അവസരത്തിൽ ഖലീഫയായിരുന്ന അൽവലീദ് ആൻഡലൂഷ്യയിലെ ആക്രമണങ്ങൾ മതിയാക്കി ഉടൻ ദമാസ്കസിലേക്കു മടങ്ങാനായി അദ്ദേഹത്തിന്റെ ഗവർണറായ മൂസയോടും സൈനിക നേതാവായ താരിഖിനോടും ആവശ്യപ്പെട്ടു. അതനുസരിച്ച് സ്ഥലംവിട്ട ഇവർ പിന്നീട് ആൻഡലൂഷ്യയിൽ മടങ്ങിയെത്തിയില്ല.

ഖലീഫയുടെ ഗവർണർമാരായി (വാലി) പലരും ആൻഡലൂഷ്യ ഭരിച്ചു. ഈ കാലഘട്ടത്തിൽ വിവിധ അറബിഗോത്രങ്ങളിൽ​പ്പെട്ടവർ തമ്മിൽ ആഭ്യന്തരയുദ്ധത്തിലേർ​പ്പെട്ടിരുന്നതുകൊണ്ട് ആൻഡലൂഷ്യയിൽ സമാധാനം നിലനിന്നില്ല.

Remove ads

മാർവാനിദ് കാലഘട്ടം

അബ്ദുൽ റഹ്മാൻ ഇബ്നുമുആവിയ്യ ആൻഡലൂഷ്യയിലെ ഗവർണറെ (യൂസഫ് ഇബ്നു അബ്ദുൽ റഹ്മാൻ അൽഫിഹ്റി) തോല്പിച്ചശേഷം കൊർദോവയിൽവച്ച് അമീർ ആയി സ്വയം പ്രഖ്യാപിച്ചു (756 മേയ് 15). മാർവാനിദ് കാലഘട്ടമെന്നറിയപ്പെടുന്ന അടുത്ത 100 വർഷക്കാലത്തിനുള്ളിൽ ആൻഡലൂഷ്യയിൽ സമാധാനം പുലർത്താനും അതിർത്തികൾ സംരക്ഷിക്കാനും അവിടത്തെ ഭരണാധികാരികൾക്ക് പല യുദ്ധങ്ങളിലും ഏർ​പ്പെടേണ്ടിവന്നു. അബ്ദുൽ റഹ്മാൻ II ആണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരി. അദ്ദേത്തിന്റെ അനന്തരഗാമികളുടെ കാലത്തും രാജ്യത്ത് അസമാധാനനിലയാണുണ്ടായിരുന്നത്.

Thumb
ആൻഡലൂഷ്യ കാടുകൾ

അബ്ദുൽ റഹ്മാൻ III-ന്റെ 50 വർഷക്കാലത്തെ ഭരണം ആൻഡലൂഷ്യയുടെ ചരിത്രത്തിലെ സുപ്രധാന ഘട്ടമാണ്. ഇദ്ദേഹത്തിന്റെ മരണശേഷം (961 നവംബർ 4) അൽഹക്കം II ഭരണാധിപനായി; അദ്ദേഹത്തിന്റെ ഭരണകാലം സമാധാനപൂർണമായിരുന്നു. അന്ന് കൊർദോവ, ലോകത്തിന്റെ ആഭരണം (Ornament of the World) എന്ന അപരനാമത്തിൽ പ്രശസ്തി ആർജിച്ചു. മുസ്ലിംലോകത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു കൊർദോവ. പിന്നീട് ഭരണാധികാരം പിടിച്ചെടുത്തത് അൽമൻസൂർ (മുഹമ്മദ് ഇബ്നു അബി അമീർ) ആയിരുന്നു. അദ്ദേഹം സമീപ ക്രൈസ്തവ രാജ്യങ്ങളുമായി സംഘർഷത്തിലേർപ്പെട്ടു. ഉത്തരകസ്റ്റീലുമായുള്ള യുദ്ധം കഴിഞ്ഞു മടങ്ങിവരവേ അൽ മൻസൂർ നിര്യാതനായി (1002 ഓഗസ്റ്റ് 9). അൽമൻസൂറിന്റെ കാലത്ത് ആൻഡലൂഷ്യ ശക്തമായ രാഷ്ട്രമായിരുന്നു. അദ്ദേഹത്തെത്തുടർന്നു അബ്ദുൽ മാലിക്ക്, അബ്ദുൽ റഹ്മാൻ എന്നിവർ ആൻഡലൂഷ്യ ഭരിച്ചു.

ആൻഡലൂഷ്യയിലെ ഖലീഫമാരുടെ ആധിപത്യത്തിന് ഉടവുതട്ടിയതിനെത്തുടർന്ന് അവിടെ അനവധി സ്വതന്ത്രരാജ്യങ്ങൾ ഉടലെടുത്തവയിൽ സെവിൽ, ഗ്രനാഡ, ടൊളീഡൊ, സാരഗോസ, ബഡജോസ് എന്നിവ പ്രധാനപ്പെട്ടവയായിരുന്നു.

11-ആം നൂറ്റാണ്ടിൽ സ്പെയിനിലെ ക്രൈസ്തവ രാജാക്കൻമാർ സംഘടിതമായി ആൻഡലൂഷ്യയിലെ മുസ്ലിം ഭരണത്തിനെതിരായി സമരം ഊർജ്ജിതപ്പെടുത്തി.

അൽഫോൻസോ VI (1042-1109) ഭരിച്ചിരുന്ന ഈ കാലഘട്ടത്തിൽ ക്രൈസ്തവർക്കെതിരായി ആൻഡലൂഷ്യയിലെ മുസ്ലിം ഭരണാധികാരികൾ ഉത്തരാഫ്രിക്കയിലെ ബെർബർ വംശക്കാരായ അൽമൊറാവിദുകളുടെ (അൽ മുറബ്ബിത്) സഹായം അഭ്യർഥിച്ചു. അമീർ യൂസുഫ് ഇബ്നു താഷുഫിൻ, ആൻഡലൂഷ്യയിൽ സൈന്യസമേതമെത്തി. പരസ്പരം കലഹിച്ചിരുന്ന ആൻഡലൂഷ്യയിലെ മുസ്ലിം ഭരണാധികാരികളെ ഓരോരുത്തരെയായി സ്ഥാനഭ്രഷ്ടരാക്കിയശേഷം അവരുടെ ഭൂവിഭാഗങ്ങൾ തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. അന്നു മുതൽ മുസ്ലിം സ്പെയിൻ (ആൻഡലൂഷ്യ) മഗ്രിബിന്റെ (മൊറോക്കോ) അധീശാധികാരത്തിൻകീഴിലായി.

Remove ads

അൽമൊറാവിദുകൾ

അൽമൊറാവിദുകളുടെ ആധിപത്യത്തിൻകീഴിലായിത്തീർന്ന ആൻഡലൂഷ്യ കുറേക്കാലം വീണ്ടും അഭിവൃദ്ധിയിലേക്കു നീങ്ങി. എന്നാൽ ടൊളിഡൊ തിരിച്ചുപിടിക്കാൻ സാധിച്ചില്ല; തന്നെയുമല്ല സാരഗോസയും ക്രൈസ്തവർ പിടിച്ചെടുത്തു (1118). മൊറോക്കോയിലെ യൂസുഫ് ഇബ്നുതാഷുഫിന്റെ അനന്തരഗാമിക്ക് അൽമൊഹാദു (അൽമുവഹിദ്)കളുടെ ആക്രമണഭീഷണി നേരിടേണ്ടി വന്നു. തന്മൂലം അദ്ദേഹത്തിന് ആൻഡലൂഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല. അവിടെ വീണ്ടും അന്തഃച്ഛിദ്രങ്ങളും കലാപങ്ങളും വർധിച്ചു.

അൽമൊഹാദുകൾ

12-ആം നൂറ്റാണ്ടിൽ ആൻഡലൂഷ്യ അൽമൊഹാദുകളുടെ ആധിപത്യത്തിലായി. 100 വർഷക്കാലത്തേക്ക് അവർ ആൻഡലൂഷ്യയിൽ പിടിച്ചുനിന്നു. എന്നാൽ ക്രൈസ്തവരാജാക്കൻമാർ ആൻഡലൂഷ്യയുടെ പല ഭാഗങ്ങളും കീഴടക്കിക്കൊണ്ടിരുന്നു. കസ്റ്റീലിലെ അൽഫോൻസോ VIII (1155-1214) ആൻഡലൂഷ്യയിൽ നിർണായകവിജയം നേടി. അൽഅറാക്കിൽവച്ച് അൽമൊഹാദു ഖലീഫയായ അബു യൂസുഫ് യാക്കൂബ് 1194 ജൂലൈൽ ക്രൈസ്തവരെ തോല്പിച്ചെങ്കിലും ആ വിജയം ദീർഘകാലത്തേക്കു നിലനിർത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. 15 വർഷത്തിനുള്ളിൽ വിവിധ ക്രൈസ്തവരാജാക്കൻമാർ സംഘടിച്ച് മുസ്ലിം ഭരണത്തിനെതിരായി യുദ്ധം ചെയ്തു. 1212 ജൂലൈ 17-ൽ ക്രൈസ്തവരാജാക്കൻമാർ ആൻഡലൂഷ്യയിലെ മുസ്ലിം ഭരണാധികാരികളെ പരാജയപ്പെടുത്തി.

Remove ads

നസ്രിദുകൾ

Thumb
ആൻഡലൂഷ്യൻ കുതിര

അടുത്ത 250 വർഷം ഗ്രനാഡ മാത്രമാണ് മുസ്ലിംഭരണത്തിൻകീഴിലുണ്ടായിരുന്നത്. ഐബീരിയ ഉപദ്വീപിലെ മറ്റു പ്രദേശങ്ങളെല്ലാം ക്രൈസ്തവർ പല കാലഘട്ടങ്ങളിൽ കീഴടക്കിക്കഴിഞ്ഞിരുന്നു. ബനു അൽ അഹ്മാർ എന്നും അറിയപ്പെട്ടിരുന്ന നസ്രിദ് വംശസ്ഥാപകനായ മുഹമ്മദ് I അൽഗാലിബ്ബില്ല 1238-ൽ ഗ്രനാഡ അധീനപ്പെടുത്തിയശേഷം അൽഹംബ്ര എന്ന കോട്ടയുടെയും അതിലെ വിശ്വപ്രശസ്തിയാർജിച്ച കൊട്ടാരത്തിന്റെയും പണി ആരംഭിച്ചു. കസ്റ്റീലിലെ ഫെർഡിനൻഡ് I-ന്റെയും അദ്ദേഹത്തിന്റെ അനന്തരഗാമിയായ അൽഫോൻസോ X (1221-84)ന്റെയും അധീശാധികാരം അദ്ദേഹം അംഗീകരിച്ചു. ഗ്രനാഡയിലെ രാജാക്കൻമാർക്ക് ആൻഡലൂഷ്യയിലെ ക്രൈസ്തവരാജാക്കൻമാരുമായും മൊറോക്കോയിലെ മാരിനിദ് വംശക്കാരായ മുസ്ലിംഭരണാധികാരികളുമായും മാറിമാറി ബന്ധങ്ങൾ പുലർത്തുന്നതിൽ വളരെ ക്ലേശിക്കേണ്ടിവന്നു. എന്നാൽ മാരിനിദ് വംശക്കാരിൽനിന്ന്, ക്രൈസ്തവശക്തികൾ​ക്കെതിരായി നിർണായകസഹായം ഗ്രനാഡയിലെ അവസാനത്തെ അമീറിനു ലഭിച്ചില്ല. 1340-ൽ ഗ്രനാഡയിലെ അബുൽ ഹസൻ ക്രൈസ്തവരാജാക്കൻമാരാൽ തോല്പിക്കപ്പെട്ടു. എന്നാൽ കുറേക്കാലത്തേക്കുകൂടി ഗ്രനാഡയ്ക്ക് അതിന്റെ പ്രതാപം പുലർത്തുവാൻ അവിടത്തെ സ്മാരകമന്ദിരങ്ങളും ഗ്രന്ഥശേഖരങ്ങളും പ്രസിദ്ധ പണ്ഡിതൻമാരുടെ സാന്നിധ്യവും സഹായകമായി. 15-ആം നൂറ്റാണ്ടിൽ അരഗോണിലെ ഫെർഡിനൻഡും കസ്റ്റീലിലെ ഇസബലയും ഗ്രനാഡയ്ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തി; 1492 ജനുവരി 3-നു ഗ്രനാഡയും കീഴടക്കപ്പെട്ടു. ആൻഡലൂഷ്യയിലെ അവസാന നസ്രിദ്വംശരാജാവായ അബു അബ്ദുല്ല തന്റെ പൂർവികൻമാർ പണികഴിപ്പിച്ച അൽഹംബ്രയിൽനിന്ന് ഒഴിഞ്ഞുപോയി. അതോടെ ആൻഡലൂഷ്യയിലെ (മുസ്ലിം സ്പെയിൻ) മുസ്ലിംഭരണവും അവസാനിച്ചു.

Remove ads

ഇതുകൂടികാണുക

ചിത്രശാല

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads