ആൻഹുയി
From Wikipedia, the free encyclopedia
Remove ads
ചൈനയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ആൻഹുയി(ⓘ).ആൻഹുയി പ്രവിശ്യ യാങ്സ്റ്റേ നദിയുടെയും ഹുവായ് നദിയുടെയും തടങ്ങൾക്ക് കുറുകെയാണ് നിലകൊള്ളുന്നത്. കിഴക്ക് ജിയാങ്‌സു പ്രവിശ്യ, തെക്കുകിഴക്ക് സെജിയാങ് പ്രവിശ്യ, തെക്ക് ജിയാങ്സി പ്രവിശ്യ, തെക്ക്പടിഞ്ഞാറ് ഹുബെയ് പ്രവിശ്യ, വടക്ക് ഷാൻഡോങ് പ്രവിശ്യ എന്നിങ്ങനെയാണ് ആൻഹുയി പ്രവിശ്യയുടെ അതിർത്തികൾ.
ആകെയുള്ള 34 ചൈനീസ് പ്രവിശ്യകളിൽ വിസ്തൃതിയിൽ 22 ആം സ്ഥാനവും, ജനസംഖ്യയിൽ എട്ടാം സ്ഥാനവും ജനസാന്ദ്രതയിൽ പന്ത്രണ്ടാം സ്ഥാനവും ആൻഹുയി പ്രവിശ്യക്കാണ്. ഹേഫെയ് ആണ് ആൻഹുയിയുടെ പ്രവിശ്യാ തലസ്ഥാനവും രണ്ടാമത്തെ ഏറ്റവും വലിയ നഗരവും.
ആൻഹുയി എന്നുള്ള പേര് രണ്ടു നഗരങ്ങളുടെ പേരിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ആൻക്വിങ് നഗരവും ഹുയിസോ നഗരവുമാണ് ആൻഹുയി എന്ന പേരിനു പുറകിലുള്ള നഗരങ്ങൾ. ആൻഹുയി യുടെ ചുരുക്കപ്പേര് വാൻ "ചൈനീസ്: 皖; പിൻയിൻ: wǎn" എന്നാണ്. പഴയ വാൻ രാജ്യം, വാൻ പർവതം, വാൻ നദി എന്നിവയെ ഓർമിച്ചുകൊണ്ടാണ് വാൻ എന്ന ചുരുക്കപ്പേര് നൽകിയത്.
പ്രവിശ്യാ ഭരണ സംവിധാനമാണ് ആൻഹുയി യിൽ ഭരണനിർവഹണം നടത്തുന്നത്. ഗവർണർ, പ്രവിശ്യാ കോൺഗ്രസ്, ജനങ്ങളുടെ രാഷ്ട്രീയ സ്ഥാനപതി കൂടിയാലോചനാ സമിതി, പ്രവിശ്യാ ഹൈക്കോടതി എന്നിവ ചേർന്നതാണ് ഭരണ സംവിധാനം. ചൈനയുടെ ഗവണ്മെന്റ് സംവിധാനത്തിൽ രാഷ്ട്രീയ പാരമ്പര്യം ഉള്ള പ്രവിശ്യയായി ആൻഹുയി അറിയപ്പെടുന്നു.
പ്രവിശ്യാ സർക്കാർ വകുപ്പുകൾ മാത്രമല്ല, 16 നഗരങ്ങളും, 62 കൗണ്ടികളും, 43 കൗണ്ടി തല ജില്ലകളും, 1522 ടൗൺഷിപ്പുകളും ആൻഹുയി സർക്കാർ സംവിധാനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 2016 ന്റെ അവസാനത്തിൽ ആൻഹുയി യിലെ രേഖപ്പെടുത്തിയ ജനസംഖ്യ 70.27 ദശലക്ഷമാണ്.
2017 ൽ ആൻഹുയി യിലെ ജിഡിപി 31 പ്രവിശ്യകളിൽ 12ആമതായിരുന്നു.
Remove ads
ചരിത്രം
ക്വിങ് രാജവംശത്തിലെ കാങ്ക്സി ചക്രവർത്തിയുടെ ഭരണത്തിലെ ആറാം വർഷത്തിലാണ് ആൻഹുയി പ്രവിശ്യ സ്ഥാപിതമായത്. പ്രവിശ്യക്ക് വാൻ എന്നുള്ള പേരും നിലവിലുണ്ട്. ഇതിനു കാരണം 722-481 ബിസി വരെ ഇവിടെ ഇവിടെ ഉണ്ടായിരുന്ന വാൻ എന്ന ചെറു രാജ്യവും പ്രവിശ്യയിലുള്ള വാൻഷൻ പർവതവുമാണ്.
ആൻഹുയി സ്ഥാപിക്കപ്പെടുന്നതിന് മുൻപ് തന്നെ ഈ ഭൂമികക്ക് നീണ്ട ചരിത്രമുണ്ടായിരുന്നു. ൨ ദശലക്ഷം വർഷങ്ങൾക്ക് മുൻപേ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. പുരാവസ്തു ഗവേഷകർ നവശിലായുഗ അവശിഷ്ടങ്ങൾ യാങ്ഷാവോ, ലോങ്ങ്ഷെൻ എന്നിവിടങ്ങളിൽ കണ്ടെത്തി. ഗുഷെൻ കൗണ്ടിയിൽ ഖനനത്തിലൂടെ 4500 വര്ഷം പഴക്കമുള്ള നാൻചെങ്സി എന്ന പുരാതന നഗരവും കണ്ടെത്തുകയുണ്ടായി.
സിയാ രാജവംശത്തിന്റെ കാലം തൊട്ടുള്ള ചരിത്ര ശേഷിപ്പുകൾ ആൻഹുയിയിൽ കാണാം. ക്വിൻ രാജവംശം ചൈനയെ ഒരൊറ്റ സാമ്രാജ്യത്തിന്റെ കീഴിൽ കൊണ്ടുവന്നതിന് ശേഷം ഈ മേഖല പല ഭരണപ്രദേശങ്ങൾക്ക് കീഴിലായിരുന്നു. ഹാൻ രാജവംശത്തിന്റെ കാലത്ത് ആൻഹുയി യാങ്,യു,ക്സു പ്രീഫെക്ച്ചറുകളുടെ ഭാഗമായി. മൂന്നു സാമ്രാജ്യങ്ങളുടെ കാലത്ത് (222 - 280 എ ഡി) ആൻഹുയി വു രാജ്യത്തിന്റെയും വേയ് രാജ്യത്തിന്റെയും കീഴിലായിരുന്നു.ജിൻ രാജവംശം, ഉത്തര ദക്ഷിണ രാജവംശങ്ങൾ, സുയി രാജവംശം എന്നിവയുടെ കാലത്ത് യഥാക്രമം യാങ്, ക്സു, യു പ്രീഫെക്ച്ചറുകളുടെ ഭാഗമായിരുന്നു ആൻഹുയി. പിന്നീട് ഹുയി മേഖല അഭിവൃദ്ധി പ്രാപിക്കുകയും ഹുയി പ്രീഫെക്ച്ചറിന്റെ സാമ്പത്തിക സാംസ്‌കാരിക സ്വാധീനം സോങ് രാജവംശത്തിന്റെ കാലത്ത് ഔന്നത്യം പ്രാപിക്കുകയും ചെയ്തു
1938-ൽ പ്രവിശ്യയുടെ ഉത്തര മധ്യ ഭാഗങ്ങൾ നാശോന്മുഖമായി. ജാപ്പനീസ് സൈന്യത്തിന്റെ അധിനിവേശം തടയാൻ അന്നത്തെ ചൈനീസ് റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് ആയ ചിയാങ് കായ് ഷെക് മഞ്ഞ നദിയിലെ അണക്കെട്ട് തകർത്തതു കൊണ്ടുണ്ടായ വെള്ളപ്പൊക്കത്തിലായിരുന്നു ഈ വിനാശം. അണക്കെട്ട് തകർത്ത് പത്ത് ദിവസം കൊണ്ട് പ്രവിശ്യയുടെ ഉത്തര മധ്യ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. അഞ്ചു മുതൽ ഒമ്പത് ലക്ഷം വരെ ചൈനീസ് ജീവനുകളും തിട്ടപ്പെടുത്താത്ത ജാപ്പനീസ് സൈനികരും അതിൽ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ജാപ്പനീസ് സൈന്യം ഷെങ്ഷോ പിടിച്ചടക്കുന്നതിൽ നിന്ന് തടഞ്ഞു.
Remove ads
ഭൂമിശാസ്ത്രം


ഭൂമിശാസ്ത്രപരമായി വൈവിധ്യമാർന്ന ഭൂമികയാണ് ആൻഹുയി. പ്രവിശ്യയുടെ വടക്കേ അറ്റം ഉത്തര ചൈന സമതലത്തിന്റെ ഭാഗമാണ്. എന്നാൽ ഉത്തര മധ്യ ഭാഗം ഹുവൈ നടിയുടെ തടങ്ങളാണ്. ഈ രണ്ടു പ്രദേശങ്ങളും സമതലങ്ങളും വളരെ ജനസാന്ദ്രതയുള്ളവയുമാണ്. തെക്കോട്ട് വരും തോറും ഭൂമി കൂടുതൽ നിമ്നോന്നതമാവുന്നു. ഡാബി പർവതമാണ് തെക്കുപടിഞ്ഞാറൻ ആൻഹുയിയുടെ സിംഹഭാഗവും. തെക്കുകിഴക്കൻ ഭാഗങ്ങൾ കുന്നുകളാൽ അലംകൃതമാണ്. ഈ രണ്ട് പർവതനിരകൾക്കിടയിലൂടെ യാങ്സ്റ്റേ നദി തെക്കൻ ആൻഹുയിയിലൂടെ ഒഴുകുന്നു. ആൻഹുയിയിലെ ഏറ്റവും ഉയർന്ന കൊടുമുടി ലോട്ടസ് പീക് ആണ്. ഹുയാങ്ഷാൻ പർവ്വതനിരകളുടെ ഭാഗമായ ഇതിന് 1873 മീറ്റർ ഉയരമാണുള്ളത്.
പ്രധാന നദികൾ വടക്കുള്ള ഹുവൈ നദിയും, തെക്കുള്ള യാങ്സ്റ്റേ നദിയുമാണ്. 800 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ചാഹു തടാകം (Chaohu Lake) ആണ് പ്രവിശ്യയിലെ ഏറ്റവും വലുത്. ആൻഹുയിയുടെ മധ്യഭാഗത്താണിത് സ്ഥിതിചെയ്യുന്നത്. യാങ്സ്റ്റേ നദിക്കടുത്തുള്ള തെക്കുകിഴക്കൻ ഭാഗങ്ങളിലും ധാരാളം തടാകങ്ങൾ കണ്ടുവരുന്നുണ്ട്.
ഭൂമിശാസ്ത്രം മാറുന്നതിനനുസരിച്ച് വടക്കുനിന്നും തെക്കോട്ട് കാലാവസ്ഥയും വ്യത്യസ്തമാണിവിടെ. വടക്കുഭാഗത്ത് കൂടിയ ചൂടും വ്യക്തമായ ഋതുക്കളും കാണുന്നു. ജനുവരിയിലെ താപനില ഹുവൈ നദിക്ക് വടക്ക് -1 മുതൽ 2 ഡിഗ്രി വരെയും തെക്ക് 0 മുതൽ 3 ഡിഗ്രി വരെയുമാണ് കാണുന്നത്. ജൂലൈ മാസത്തെ താപനില 27 ഡിഗ്രിക്ക് മുകളിൽ കണ്ടുവരുന്നു. ജൂൺ ജൂലൈ മാസങ്ങളിൽ പെയ്യുന്ന “പ്ലം മഴ” വെള്ളപ്പൊക്കത്തിന് കാരണമാവാറുണ്ട്.
ആൻഹുയി പ്രവിശ്യയിൽ 16 നഗരങ്ങളാണുള്ളത്. സാമ്പത്തികമായി മികച്ച മൂന്ന് നഗരങ്ങൾ ഹേഫെയ്, വുഹു, ആൻക്വിങ് എന്നിവയാണ്.
|
|
Remove ads
ഭരണപ്രദേശ വിഭാഗങ്ങൾ
ആൻഹുയി പതിനാറ് പ്രീഫെക്ചർ തല വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു.ആവയുടെ പട്ടിക ഇനി പറയുന്നതാണ്:
ആൻഹുയിയിലെ പതിനാറ് പ്രീഫെക്ച്ചർ തല ഭരണപ്രദേശങ്ങളെ 105 കൗണ്ടി തല വിഭാഗങ്ങളായും, 44 ജില്ലകളായും, 6 കൗണ്ടി തല നഗരങ്ങളായും, 55 കൗണ്ടികളായും തിരിച്ചിരിക്കുന്നു. അവയെ വീണ്ടും 1845 ടൗൺഷിപ്പ് തല പ്രദേശങ്ങളും, 972 ടൗണുകളും, 634 ടൗൺഷിപ്പുകളും, 9 വംശീയ ടൗണുകളും, 230 ഉപജില്ലകളുമായി ഉപവർഗ്ഗപ്പെടുത്തിയിരിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads