സന്ധിവാതം
From Wikipedia, the free encyclopedia
Remove ads
മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന കോശജ്വലനമാണ് (വീക്കം) സന്ധിവാതം. സന്ധികൾക്കിടയിൽ ഉള്ള ഫ്ലൂയിഡ് കുറയുന്നത് മൂലം കരുണാസ്തികൾ കൂട്ടിമുട്ടുന്നു അത് സംഭവിക്കുമ്പോൾ അസച്ഛമായ വേദനയും നീർക്കെട്ടും ഉണ്ടാവുന്നു.
വർഗ്ഗീകരണം
സന്ധിയിലെ വേദന പ്രധാന (പ്രാധമിക) ലക്ഷണമായ പല അസുഖങ്ങളുണ്ട്. സന്ധിവാതം ഉണ്ട് എന്നു പറയുന്നയാൾക്ക് താഴെപ്പറയുന്ന അസുഖങ്ങളിലൊന്നാവും സാധാരണ ഉണ്ടാവുക.
- ആങ്കൈലോസിംഗ് സ്പോണ്ടൈലൈറ്റിസ്
- ഗൗട്ട് എന്ന അസുഖമോ അല്ലെങ്കിൽ സ്യൂഡോ ഗൗട്ട് എന്ന അസുഖമോ
- ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ്
- ഓസ്റ്റിയോ ആർത്രൈറ്റിസ്
- റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
- സെപ്റ്റിക് ആർത്രൈറ്റിസ്
- സ്റ്റിൽസ് ഡിസീസ്
സന്ധിവേദന എന്ന ലക്ഷണം മറ്റു പല അസുഖങ്ങളിലും കാണപ്പെടുന്നുണ്ട്. താഴെപ്പറയുന്ന അസുഖങ്ങളിൽ സന്ധിവേദന മറ്റു ലക്ഷണങ്ങളേക്കാൾ പ്രാധാന്യം കുറവുള്ളതായാണ് കാണപ്പെടുക (ദ്വീതീയ ലക്ഷണം):
- ഏളർ-ഡാൻലോസ് സിൻഡ്രോം
- ഫമിലിയൽ മെഡിറ്ററേനിയൻ ഫീവർ
- ഹീമോക്രോമറ്റോസിസ്
- ഹെനോക്ക്-ഷോൺലിൻ പർപ്യൂറ
- ഹെപാറ്റൈറ്റിസ് (കരൾവീക്കം)
- ഹൈപർ ഇമ്യൂണോഗ്ലോബുലിനീമിയ ഡി (ഇടവിട്ടുള്ള പനിയോടു കൂടി
- ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (ക്രോൺസ് ഡിസീസ്, അൾസറേറ്റീവ് കൊളൈറ്റിസ് എന്നിവ ഇതിലുൾപ്പെടും)
- ലൈം ഡിസീസ്
- സോറിയാസിസ് (സോറിയാറ്റിക് ആർത്രൈറ്റിസ്)
- റിയാക്ടീവ് ആർത്രൈറ്റിസ്
- സാർകോയ്ഡോസിസ്
- ടിഎൻഎഫ് റിസപ്റ്റർ അസ്സോസിയേറ്റഡ് പീരിയോഡിക് സിൻഡ്രോം
- വെഗ്നേഴ്സ് ഗ്രാനുലോമാറ്റോസിസ് (പോലെ വാസ്കുലൈറ്റിസ് ഉണ്ടാക്കുന്ന അസുഖങ്ങൾ)
പരിശോധനയിൽ നിന്ന് ഏതെങ്കിലും വിഭാഗത്തിലുൾപ്പെടുന്നതായി കണ്ടുപിടിക്കാനാവാത്ത തരം സന്ധിവാതങ്ങളെ അൺഡിഫറൻഷിയേറ്റഡ് എന്ന വിഭാഗത്തിൽ പെടുത്തും. ഭാവിയിൽ കൂടുതൽ പരിശോധനകളിലൂടെയോ രോഗലക്ഷണങ്ങളുടെ മാറ്റത്തിൽ നിന്നോ ഏതെങ്കിലും വിഭാഗത്തിലേയ്ക്ക് ഇവയെ മാറ്റാൻ സാധിക്കും. [1]
Remove ads
പ്രധാന ലക്ഷണങ്ങൾ
എന്തു കാരണം മൂലം സന്ധിവാതം ഉണ്ടായാലും താഴെപ്പറയുന്ന ലക്ഷണങ്ങൾ സാധാരണഗതിയിൽ ഉണ്ടാവും.
- സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർവീക്കം
- സന്ധികൾ സ്വയമേ ചലിപ്പിക്കുവാൻ സാധിക്കാതെ വരുന്ന അവസ്ഥ
- സന്ധികൾക്ക് ചുറ്റുപാടും അസാധാരണമായ ചൂട്
- സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മത്തിന്റെ നിറം മാറ്റം
ലൂപസ് ആർത്രറ്റിസ്, റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവ പലതരം ലക്ഷണങ്ങളിലൂടെ ശരീരത്തിലെ മറ്റവയവങ്ങളെയും ബാധിക്കാം. [3]
- കൈ ഉപയോഗിക്കാനോ നടക്കാനോ ഉള്ള കഴിവില്ലായ്മ.
- തളർച്ചയും അസുഖമുള്ളതായുള്ള തോന്നലും.
- ചൂട്
- ശരീരഭാരം കുറയുക
- ഉറക്കം കുറയുക
- പേശീവേദന
- സന്ധിയിൽ സ്പർശിക്കുമ്പോൾ വേദനയുണ്ടാകുക.
- സന്ധി ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്
മൂർച്ഛിച്ച സന്ധിവാതത്തിൽ ദ്വിതീയമായ പല മാറ്റങ്ങളുമുണ്ടാകും. ഉദാഹരണത്തിന് സന്ധിവാതം മൂലം സാധാരണഗതിയിലുള്ള ശരീരചലനമില്ലാത്തതുമൂലം
- പേശികളുടെ ബലം ക്ഷയിക്കുക
- ശരീരം സാധാരണ സാധിക്കുന്ന രീതിയിൽ ചലിപ്പിക്കാൻ സാധിക്കാതെ വരിക
- ആയാസമുള്ള ജോലിയിലേർപ്പെടുമ്പോൾ സാധാരണയിലും വേഗം തളരുക
എന്നിങ്ങനെയുള്ള മാറ്റങ്ങളുണ്ടാകാം. ഇതുമൂലം ജീവിതത്തിലെയും സമൂഹത്തിലെയും സ്ഥാനങ്ങൾ നഷ്ടപ്പെടുക പോലുള്ള പ്രശ്നങ്ങളുണ്ടാവാം.
വൈകല്യം
അമേരിക്കൻ ഐക്യനാടുകളിൽ ശാരീരിക വൈകല്യമുണ്ടാകുന്നതിന്റെ ഏറ്റവും സാധാരണ കാരണം സന്ധിവാതമാണത്രേ. [4] ദൈനം ദിന ജോലികൾ ചെയ്യാൻ സാധിക്കാതെ വരുന്ന രണ്ടു കോടി ആൾക്കാരുണ്ടത്രേ. ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുക, ഇടയ്ക്കിടെ ഡോക്ടറെ കാണേണ്ടി വരുക എന്നിങ്ങനെ പല പ്രശ്നങ്ങളും സന്ധിവാതരോഗികൾ നേരിടേണ്ടിവരുന്നുണ്ട്. പലർക്കും ഈ അസുഖം മൂലം വീട്ടിൽ തന്നെ കഴിയേണ്ടി വരുന്നുണ്ട്. [5]
ശാരീരികാദ്ധ്വാനം കുറയുന്നതു മൂലം പൊണ്ണത്തടി, കൊളസ്ട്രോൾ വർദ്ധിക്കുന്നതു മൂലം ഹൃദയാഘാതം വരാനുള്ള സാദ്ധ്യത എന്നിവയും വർദ്ധിക്കും. ഡിപ്രഷൻ പോലെയുള്ള മാനസിക പ്രശ്നങ്ങളും ഈ അസുഖമുള്ളവർക്ക് കൂടുതലായി കാണപ്പെടുന്നുണ്ട്.
Remove ads
രോഗനിർണയം
ക്ലിനിക്കൽ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. എക്സ്-റേ, സി.ടി. സ്കാൻ, എം.ആർ.ഐ എന്നിങ്ങനെയുള്ള പരിശോധനകളും രക്തപരിശോധനയും ചിലപ്പോൾ ആവശ്യമായി വരും. വേദനയുടെ വിശദാംശങ്ങൾ പലതരം സന്ധിവാതങ്ങളിൽ വ്യത്യസ്തമായിരിക്കും. ഉറക്കമുണരുന്ന സമയത്താണ് റൂമറ്റോയ്ഡ് ആർത്രറ്റിസിന്റെ വേദന കൂടുതലായി കാണുന്നത് - ഇതോടൊപ്പം സന്ധി ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടുമുണ്ടാവും. അസുഖത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പുലർച്ചെ കുളികഴിഞ്ഞാൽ രോഗികൾക്ക് വേദനയനുഭവപ്പെടാറില്ല. ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന അസുഖത്തിൽ വ്യായാമത്തിനു ശേഷം വേദന കൂടുകയാണ് ചെയ്യുക. പ്രായമായവർ ചലനങ്ങളിൽ മിതത്വം കാണിച്ച് വേദന കുറയ്ക്കാൻ ശ്രമിക്കുമ്പോൾ കുട്ടികൾ വേദനയുള്ള കൈയ്യോ കാലോ ഉപയോയിക്കാതിരിക്കുകയാണ് ചെയ്യുക.
രോഗത്തിന്റെ ചരിത്രം രോഗനിർണയത്തിൽ സഹായകമാവും. എപ്പോഴാണ് തുറങ്ങിയത്, അസുഖം എത്ര പെട്ടെന്നാണ് മൂർച്ഛിച്ചത്, ഏതൊക്കെ സന്ധികളാണ് വേദനയുള്ളവ, ശരീരത്തിന്റെ രണ്ടുവശത്തും വേദനയുണ്ടോ, പുലർച്ചെ സന്ധികളനക്കാൻ ബുദ്ധിമുട്ടുണ്ടോ, തൊടുമ്പോൾ വേദനയുണ്ടോ, എന്തൊക്കെ കാരണങ്ങളാലാണ് വേദന കുറയുന്നതും കൂടുന്നതും, ശാരീരികമായുള്ള മറ്റു രോഗലക്ഷണങ്ങൾ എന്തൊക്കെ, എന്നിങ്ങനെയുള്ള വിവരങ്ങൾക്ക് പ്രാധാന്യമുണ്ട്.
ഓസ്റ്റിയോആർത്രറ്റിസ്
ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഇനം. [6] ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ഈ അസുഖം ബാധിക്കാം. കൈപ്പത്തി, കാൽപ്പാദം, നടുവ്, ഇടുപ്പ്, കാൽമുട്ട് എന്നീ ഭാഗങ്ങളൊക്കെ ബാധിതമായേക്കാം. ശരീര ചലനങ്ങളിൽ നിന്ന് സന്ധിക്കുണ്ടാകുന്ന ഉരവും തേയ്മാനവും കാരണമാണ് പ്രധാനമായി ഈ അസുഖമുണ്ടാകുന്നത്. പരിക്കുകാരണവും ഈ അസുഖമുണ്ടാകാം. തരുണാസ്ഥി നഷ്ടത്തിൽ നിന്നാണ് ഈ അസുഖത്തിന്റെ തുടക്കം. അന്തിമമായി സന്ധിക്കിരുവശവുമുള്ള അസ്ഥികൾ പരസ്പരം ഉരസാൻ തുടങ്ങും. നടക്കുമ്പോഴുള്ള ചെറിയ വേദനയാണ് ആദ്യ ലക്ഷണം. പിന്നെപ്പിന്നെ വേദന ദിവസം മുഴുവൻ (രാത്രിയിൽ ഉറക്കത്തിലും) ഉണ്ടാവുകയും ചെയ്യും. ദൈനം ദിന പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്ന് വേദന അന്തിമമായി രോഗിയെ തടയും. ഭാരം താങ്ങുന്ന സന്ധികളിലാണ് സാധാരണ ഈ അസുഖം ബാധിക്കുന്നത്. പ്രായമായവർക്ക് അസുഖം വരാനുള്ള സാദ്ധ്യത കൂടുതലാണ്.
ഈ അസുഖം (റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെപ്പോലെ) സുഖപ്പെടുത്താനാവില്ല. രോഗം മൂർച്ഛിക്കുന്നത് തടയാൻ ചികിത്സ കൊണ്ട് സാദ്ധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്താനുള്ള ചികിത്സ സഹായകരമാണ്. വേദനയ്ക്കുള്ള മരുന്നുകൾ സാധാരണഗതിയിൽ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങൾക്ക് ശമനമുണ്ടാക്കും. തുടർച്ചയായ വേദനയുള്ള തരത്തിൽ രോഗം മൂർച്ഛിച്ചവർക്ക് ശസ്ത്രക്രിയ വേണ്ടിവന്നേയ്ക്കാം. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പലർക്കും ഫലപ്രദമാണ്. [7]
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശരീരകലകളെ ആക്രമിക്കുന്ന ഒരു തരം അസുഖമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. സന്ധികളെ മാത്രമല്ല, മറ്റു ഭാഗങ്ങളെയും ഈ അസുഖം ബാധിക്കും. തരുണാസ്ഥികളെയും സന്ധിയെ ആവരണം ചെയ്യുന്ന ഒരു പാളിയെയുമാണ് രോഗം കൂടുതലായി ബാധിക്കുക. രണ്ടസ്ഥികൾ തമ്മിൽ ഉരസാൻ ഈ അസുഖവും കാരണമാകും. കൈവിരലുകളിലെ സന്ധികൾ, മണിബന്ധം, കൈമുട്ട്, കാൽമുട്ട് എന്നിവയാണ് സാധാരണയായി ബാധിക്കപ്പെടുന്ന സന്ധികൾ. ശരീരത്തിന്റെ രണ്ടു ഭാഗത്തെയും ഈ അസുഖം ഒരുപോലെ ബാധിക്കും. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ചില വർഷങ്ങൾ കൊണ്ട് അംഗഭംഗം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. 20 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് സാധാരണ ഈ അസുഖമുണ്ടാകുന്നത്. കുട്ടികളിൽ, തൊലിപ്പുറമേയൂള്ള ചുവന്നു തടിക്കൽ (skin rash), പനി, വേദന, ശരീരചലനങ്ങൾ പരിമിതമാവുക എന്നീ ലക്ഷണങ്ങൾ കാണപ്പെടാം. പലപ്പോഴും ഈ രോഗമുണ്ടാകാനുള്ള കാരണമെന്തെന്ന് വ്യക്തമാവില്ല. പെട്ടെന്നു തന്നെ കണ്ടുപിടിക്കുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്താൽ പലർക്കും സാധാരണ ജീവിതം നയിക്കാൻ സാധിക്കും. കോർട്ടിക്കോസ്റ്റീറോയ്ഡുകൾ മുതൽ മോണോക്ലോണൽ ആന്റീബോഡി വരെയുള്ള മരുന്നുകൾ ചികിത്സയ്ക്കുപയോഗിക്കുന്നുൻട്. ചിലർക്ക് ശസ്ത്രക്രീയ (സന്ധി മാറ്റിവയ്ക്കൽ) ആവശ്യമായി വരും. [8] ഈ രോഗത്തിന് പൂർണ്ണശാന്തി നല്കുന്ന ചികിത്സയൊന്നുമില്ല.
ലൂപസ്
ഈ അസുഖം ചിലപ്പോൾ വളരെ രൂഷമായ സന്ധിവേദനയുണ്ടാക്കാം. തൊലിപ്പുറമേയുള്ള ചുവന്നുതടിക്കൽ, സൂര്യപ്രകാശമേറ്റാൽ തൊലിയിൽ ചൊറിച്ചിലും ചുവന്നുതടിക്കലും മറ്റുമുണ്ടാവുക (ഫോട്ടോസെൻസിറ്റിവിറ്റി), മുടികൊഴിയൽ, വൃക്കയ്ക്കുള്ള പ്രശ്നങ്ങൾ, ശ്വാസകോശത്തിലെ ഫൈബ്രോസിസ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. [9]
ഗൗട്ട്
സന്ധികളിൽ യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിയുന്നതുകൊണ്ടുള്ള കോശജ്വലനമാണ് ഈ അസുഖത്തിന് കാരണം. കാൽസ്യം ഫോസ്ഫേറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടുന്നതുമൂലം ഗൗട്ട് മാതിരി ലക്ഷണങ്ങളുള്ള സ്യൂഡോഗൗട്ട് എന്ന അസുഖം ഉണ്ടാകാറുണ്ട്. രോഗത്ത്ന്റെ ആദ്യഘട്ടങ്ങളിൽ വേദനയുണ്ടാകുന്നത് ഒരു സന്ധിയിൽ മാത്രമാണ്. പിന്നീട് മറ്റു സന്ധികളിലേയ്ക്കും ഇവ പടരുകയും ശരീരം തീരെയനക്കാൻ സാധിക്കാത്ത സ്ഥിതി വരുകയും ചെയ്തേക്കാം. സന്ധികൾ നീരുവന്ന് വീർക്കുകയും പ്രവർത്തനക്ഷമമല്ലാതാവുകയും ചെയ്യാറുണ്ട്. ചികിത്സയില്ലെങ്കിൽ കഠിനമായ വേദനയും മറ്റുമുണ്ടാവും. [10] യൂറിക് ആസിഡിന്റെ അളവ് സാധാരണ മരുന്നുകൾ (ഉദാഹരണം അല്ലോപ്യൂരിനോൾ, ഫെബുക്സോസ്റ്റാറ്റ്, പ്രോബെനാസിഡ്) കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ അസുഖത്തെ റിഫ്രാക്ടറി ക്രോണിക് ഗൗട്ട് എന്നു വിളിക്കാം. [11]
Remove ads
ചികിത്സ
റൂമാറ്റോയ്ഡ് സന്ധിവാതത്തിനും ഓസ്റ്റിയോ ആർത്രൈറ്റിസിനും പൂർണ്ണമായി ഭേദമാക്കാവുന്ന ചികിത്സയില്ല. ചികിത്സാമുറകൾ അസുഖമനുസരിച്ച് വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഫിസിക്കൽ തെറാപ്പി, ജീവിതരീതിയിൽ മാറ്റം വരുത്തൽ (വ്യായാമം, ഭാരനിയന്ത്രണം), ബ്രേസുകൾ, മരുന്നുകൾ എന്നിവയൊക്കെ ചികിത്സയുടെ ഭാഗമാണ്. സന്ധി മാറ്റിവയ്ക്കുന്ന ശസ്ത്രക്രീയ അസ്ഥിക്ക് തേയ്മാനം വരുന്ന ചിലയവസരങ്ങളിൽ വേദന കുറയ്ക്കാനായി ചെയ്യേണ്ടിവരും. ശസ്ത്രക്രീയ കോശജ്വലനം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ സന്ധിക്കുണ്ടാകുന്ന കേടുകൾ ഭാവിയിൽ കുറയാൻ കാരണമായേക്കാം. [15]
ഫിസിക്കൽ തെറാപ്പിയും ജോലിസംബന്ധമായ ചികിത്സയും
പൊതുവിൽ അസുഖം ബാധിച്ച സന്ധിക്ക് വ്യായാമം നൽകുന്നത് രോഗത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്ന് പൊതുവിൽ പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യായാമം രോഗം ബാധിച്ച സന്ധിക്ക് മാതമല്ല പൊതുവിൽ രോഗിയുടെ ആരോഗ്യവും മെച്ചപ്പെടുത്തും. [16]
ഫിസിക്കൽ തെറാപ്പിയും ജോലിസംബന്ധമായ ചികിത്സയും രോഗികൾക്ക് ഗുണം ചെയ്യും. സന്ധിവാതത്തിൽ സന്ധികളുടെ ചലനം പരിമിതമാവുന്നതു കാരണം ഫിസിക്കൽ തെറാപ്പി നൽകിയാൽ ചലനശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. വേദന കുറയ്ക്കാനും ശസ്ത്രക്രീയ ചെയ്യാൻ നിർബന്ധിതമാവുന്ന സമയം ദീർഘിപ്പിക്കാനും ഇതുമൂലം സാധിക്കും.[17] ഫിസിക്കൽ തെറാപ്പിസ്റ്റ് പറഞ്ഞു തരുന്ന വ്യായാമങ്ങളാണ് കാൽമുട്ടിലെ വേദന കുറയ്ക്കാൻ കൂടുതൽ ഫലപ്രദമെന്ന് കണ്ടിട്ടുണ്ട്.
യന്ത്രങ്ങളും മറ്റും ഉപയോഗിക്കാനുള്ള പരിശീലനമാണ് ജോലി സംബന്ധമായി നൽകാവുന്ന ചികിത്സ.
മരുന്നുകൾ
പലതരം മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്. പാർശ്വഭലങ്ങൾ ഏറ്റവും കുറഞ്ഞ മരുന്നുകൾ തുടങ്ങി രോഗം മൂർച്ഛിക്കും തോറും കൂടുതൽ വീര്യമുള്ള മരുന്നുകൾ നൽകുകയാണ് സാധാരണ ചെയ്യാറ്. [18]
രോഗത്തിന്റെ ഇനമനുസരിച്ച് മരുന്നുകളിൽ മാറ്റമുണ്ടാകും.
Remove ads
ലോക സന്ധിവാത ദിനം
ഒക്ടോബർ 12 ലോക സന്ധിവാതദിനമായി ആചരിക്കുന്നു. ഈ രോഗത്തേക്കുറിച്ച് മനുഷ്യനെ ബോധവാനാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads