ബ്രഹ്മാവ്
ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവായ ദൈവം From Wikipedia, the free encyclopedia
Remove ads
ഹിന്ദുമതത്തിൽ 'പരബ്രഹ്മത്തിന്റെ' സൃഷ്ടികർമ്മത്തിന്റെ മൂർത്തി ഭാവമാണ് ബ്രഹ്മാവ്. ത്രിമൂർത്തികളിലെ സൃഷ്ടി കർത്താവായി ബ്രഹ്മാവിനെ കണക്കാക്കുന്നു. നാലു വേദങ്ങൾ ജ്ഞാനത്തിന്റെ ദേവനായ ബ്രഹ്മാവിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെട്ടത് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മാവിൻറെ കരങ്ങളിൽ നാലു വേദങ്ങളെ സൂചിപ്പിക്കുന്ന താളിയോലകളുടെ കെട്ട്, കാലചക്രത്തെ സൂചിപ്പിക്കുന്ന ജപമാല എന്നിവയും കാണപ്പെടുന്നു. താമരപ്പൂവിൽ (ജീവന്റെ ഉത്ഭവത്തെ സുചിപ്പിക്കുന്നു) ഇരിക്കുന്ന രൂപമാണ് ബ്രഹ്‌മാവിന്. അദ്ദേഹത്തിന്റെ വാഹനമായി സങ്കൽപ്പിക്കുന്നത് ഹംസത്തെ ആണ്.
സൃഷ്ടി നടത്താൻ അറിവ് ആവശ്യമായതിനാൽ ബ്രഹ്മപത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവിയായി കരുതുന്ന സരസ്വതിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റെയും സംസാരശക്തിയുടെയും മൂർത്തിയായും കരുതിവരുന്നു. രജോഗുണമൂർത്തിയാണ് ബ്രഹ്മാവ്.
ത്രിമൂർത്തികളിലെ മറ്റു ദേവന്മാരെ പോലെ വളരെയധികം ആരാധിക്കപ്പെട്ടിരുന്ന ദേവനായിരുന്നു ബ്രഹ്മാവും. എന്നാൽ പിൽക്കാലത്ത് ശൈവ, വൈഷ്ണവ ആശയധാരകൾ പ്രബലമായപ്പോൾ ബ്രഹ്മാവിൻറെ അനുയായികൾ ദുർബലരായതായും ആരാധനയിൽ ബ്രഹ്മാവിന് ലഭിച്ചിരുന്ന സ്ഥാനം വലിയ ഒരു അളവ് വരെ ശക്തിക്ക് കൈവന്നതായും ചരിത്രകാരന്മാർ വിലയിരുത്തുന്നു. ബ്രഹ്മാവിനെ പൊതുവേ ക്ഷേത്രങ്ങളിൽ ആരാധിക്കാറില്ല എങ്കിലും നാരായണാത്മകം, ശേഷസമുച്ഛയം പോലുള്ള ഗ്രന്ഥങ്ങളിൽ ബ്രഹ്മാവിന്റെ പൂജാവിധികൾ പറയുന്നുണ്ട്. ഒരു കാലത്ത് ബ്രഹ്‌മാവിനെ ക്ഷേത്രങ്ങളിൽ ആരാധിച്ചിരുന്നു എന്നതിന് ഇവ തെളിവുകളാണ്. ബ്രഹ്മാവിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ദീർഘമായ തപസ്സുകൾ നടത്തി ഭക്തർ അമർത്യത ഉൾപ്പെടെയുള്ള വരദാനങ്ങൾ പ്രാപിക്കുന്നതിനെപ്പറ്റി ഐതിഹ്യങ്ങളിൽ നിരവധി പരാമർശങ്ങൾ ഉണ്ട്.
വൈദിക സാഹിത്യത്തിൽ അദ്ദേഹത്തെ വിശ്വകർമ്മൻ, ഹിരണ്യഗർഭൻ, പ്രജാപതി, ബ്രഹ്മണസ്പതി, ത്വഷ്ടാവ് എന്നെല്ലാം വിളിക്കുകയും ആദിദേവനായി കാണുകയും ചെയ്യുന്നു- "ബ്രഹ്മാ ദേവാനാം പ്രഥമഃ സംബഭൂവ, വിശ്വസ്യ കർത്താ ഭുവനസ്യ ഗോപ്താ"- മുണ്ഡകോപനിഷത്ത്[1]. ബ്രഹ്മാവ് സ്വയംഭൂ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു. സൃഷ്ടിക്കു മുൻപ് ബ്രഹ്മാവ് സ്വർണ്ണത്തിൻറെ ഒരു അണ്ഡം തൻറെ ചുറ്റും സൃഷ്ടിച്ചെന്നും അതിൽ നിന്ന് പുറത്തുവന്നു എന്നും വിശ്വസിക്കപ്പെടുന്നു. ഹിരണ്യഗർഭൻ എന്ന പേരിൻറെ പിന്നിലുള്ള ഐതിഹ്യം ഇതാണ്. വിധിയെ നിയന്ത്രിക്കുന്ന ദേവൻ എന്ന നിലയിൽ വിധാതാവ് എന്നും ബ്രഹ്മാവ് അറിയപ്പെടുന്നു.
എന്നാൽ വൈഷ്ണവരുടെയും ശൈവരുടെയും കാഴ്ചപ്പാട് അനുസരിച്ച് വിഷ്ണുവിൻറെ നാഭിയിൽ നിന്ന് കിളിർത്ത താമരയിലാണ് ബ്രഹ്മാവ് ഉണ്ടായത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ വിശ്വാസ ധാരയിൽ ബ്രഹ്മാവിനെ പരമസൃഷ്ടാവായി അല്ല കണക്കാക്കുന്നത് മറിച്ച് മറ്റൊരു പരമസൃഷ്ടാവിന് (ശിവനോ വിഷ്ണുവോ ആകാം) കീഴിലുള്ള രണ്ടാം തരം സൃഷ്ടാവായാണ് പരിഗണിക്കുന്നത്.
ശതപഥബ്രാഹ്മണം അനുസരിച്ച് ബ്രഹ്മാവ് ലോകഹിതത്തിനായി മത്സ്യ, കൂർമ്മ, വരാഹ അവതാരങ്ങൾ എടുത്തിരിക്കുന്നതായി പറയപ്പെടുന്നു.വായുപുരാണം, ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ പ്രാചീന പുരാണങ്ങളിലും മഹാഭാരതത്തിലും രാമായണത്തിലും ഇത് പ്രതിപാദിക്കുന്നു.
ജഗത്സൃഷ്ടാവായ ബ്രഹ്മദേവൻ മാനസ സങ്കല്പത്തിൽ നിന്നും പത്തു പ്രജാപതിമാരെ സൃഷ്ടിച്ചു. മരീചി, അത്രി, അംഗിരസ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു, വസിഷ്ഠൻ, ദക്ഷൻ, കർദ്ദമൻ എന്നിവരാണ് പത്തു പ്രജാപതിമാർ. നാരദൻ, ധർമ്മൻ, സ്വായംഭൂവമനു എന്നിവരെല്ലാം ബ്രഹ്മപുത്രരാണ്. ബ്രഹ്മാവിന്റെ പുത്രനായി ഒരു വിശ്വകർമ്മാവുമുണ്ട്. സകല ദേവന്മാരും ബ്രഹ്മദേവന്റെ പൗത്രന്മാരാണ്, അത് കൊണ്ട് അദ്ദേഹം പിതാമഹൻ എന്ന നാമത്തിൽ പ്രസിദ്ധനാണ്. ദേവന്മാരുടെയും ദാനവന്മാരുടെയും യക്ഷന്മാരുടെയും രാക്ഷസന്മാരുടെയും കിന്നരന്മാരുടെയും പിതാമഹനാണ് ബ്രഹ്മാപ്രജാപതി.
Remove ads
ജനനം
ഗ്രന്ഥങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയം ജനിച്ചതായാണ് (സ്വയംഭൂ) പരാമർശിച്ചിരിക്കുന്നത്. മനുസ്മൃതി അനുസരിച്ച് പരമാത്മാവ് ബ്രഹ്‌മാണ്ഡസൃഷ്ടിക്ക് മുമ്പായി ജലം നിർമ്മിച്ചു. അതിൽ തന്റെ ശക്തി രൂപമായ ബീജം വിതച്ചു.ഇങ്ങനെയുള്ള ബീജം സർവ്വേശ്വരന്റെ ഇച്ഛ കൊണ്ട് സ്വർണ്ണനിറമുള്ള ഒരു അണ്ഡമായി തീർന്നു.ആ അണ്ഡത്തിൽ നിന്നും സർവ്വലോകപിതാമഹനായ ബ്രഹ്‌മാവായി പരമാത്മാവ് സ്വയം ഉദ്‌ഭവിച്ചു (മനുസ്മൃതി 1 -8,9). [2]
മഹാഭാഗവതവും,ഭഗവദ്ഗീതയും, നാരായണീയവും,വിഷ്ണു പുരാണവും അനുസരിച്ച് പരമാത്മാവായ സാക്ഷാൽ ആദിനാരായണന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവായ ബ്രഹ്മാവ് ഉണ്ടായതെന്നും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് പരമശിവൻ, എല്ലാ ദേവീ ദേവൻമാരും, സമസ്ഥ ബ്രഹ്മാണ്ഡവുമുണ്ടായി എന്ന് പറയുന്നു.
ശിവ, സ്കന്ദ ഇതര പുരാണങ്ങളിൽ ശിവനും ശക്തിയും ചേർന്ന് മഹാവിഷ്ണുവിനേയും വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മദേവനെയും സൃഷ്ടിക്കുന്നു.
Remove ads
ആയുസ്സ്
ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെന്നും പറയപ്പെടുന്നു[3]...

ആയുധങ്ങൾ
സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവ് മറ്റ് ദേവതകളെപ്പോലെ ആയുധങ്ങൾ സ്ഥിരമായി ധരിക്കുകയോ പ്രയോഗിക്കുകയോ ചെയ്യില്ലെങ്കിലും ലോകരക്ഷാർത്ഥം ആയുധങ്ങൾ സൃഷ്ടിക്കുകയും,സമ്മാനിക്കുകയും സാന്ദർഭികമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അർജ്ജുനൻ്റെ ധനുസ്സായ ഗാണ്ഡീവം ബ്രഹ്മസൃഷ്ടിയാണ്. ഇതുകൂടാതെ ബ്രഹ്മാവ് അധിദേവതയായി വരുന്ന ബ്രഹ്മാസ്ത്രം, ബ്രഹ്മശിരസ്സ്, ബ്രഹ്മദണ്ഡം തുടങ്ങിയ ദിവ്യായുധങ്ങളുമുണ്ട്.
മറ്റ് ലിങ്കുകൾ
- The Only Temple of Lord Brahma in The World Archived 2007-05-26 at the Wayback Machine (pushkarsafari.com)
- Contemplation of Brahma - The creative power of the Infinite (crystalrivers.com)
- The Brahma-Samhita - Prayers of Lord Brahma at the start of creation Archived 2009-12-10 at the Wayback Machine (Brahmasamhita.com)
- Brahma's Prayers for Creative Energy from the Bhagavata Purana Archived 2009-11-11 at the Wayback Machine (vedabase.net)
- Weekly podcast on Vedic Chanting and Vedic Mythology Archived 2007-01-27 at the Wayback Machine (puja.net)
- Son of Brahma - Vishwakarma Archived 2007-09-28 at the Wayback Machine (vishwakarma.org)
- Why Lord Brahma is not worshiped Archived 2007-05-06 at the Wayback Machine (surinusgaonkarsays.sulekha.com)
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads