യു.കെ.യുടെ ഭാഗമായ വെയിൽസിന്റെ തലസ്ഥാന നഗരമാണ് കാർഡിഫ്. തെക്കുകിഴക്കൻ വെയിൽസിൽ ബ്രിസ്റ്റോൾ ചാനലിന്റെ കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ൽ റോമാക്കാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടിൽ നോർമനുകളുടെ വരവോടെ മാത്രമാണ് പട്ടണം സ്ഥാപിതമായത്. പത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമായി കാർഡിഫ് മാറി. കൽക്കരി വ്യവസായം 1960-കളിൽ അവസാനിച്ചെങ്കിലും വെയിൽസിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.