സീതാവേണി
From Wikipedia, the free encyclopedia
Remove ads
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് സീതാവേണി (Coma Berenices). വളരെ പഴയ കാലത്തു തന്നെ തിരിച്ചറിഞ്ഞ ഒരു ആസ്റ്ററിസം ആണ് ഇത്. ആകാശഗംഗയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന നക്ഷത്രരാശിയാണ് ഇത്. ഈ നക്ഷത്രരാശിയിലെ നക്ഷത്രങ്ങൾ പ്രകാശം തീരെക്കുറഞ്ഞവയായതിനാൽ ഇതിനെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. കോമ ക്ലസ്റ്ററിന്റെ ഭാഗമാണിത്. Coma Berenices എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ബെറിനസിന്റെ മുടി എന്നാണ്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ഈജീപ്റ്റിൽ ജീവിച്ചിരുന്ന ബെറേനിസസ് രാജ്ഞിയുടെ ഓർമ്മക്കായാണ് ഈ പേര് നൽകപ്പെട്ടത്.[1] ഇതേ നൂറ്റാണ്ടിൽ തന്നെ ജീവിച്ചിരുന്ന സമോസിലെ കോനൺ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് കോമാ ബെറേനിസസ് എന്ന പേര് നൽകിയത്. പിന്നീട് ജെരാർഡസ് മെർക്കാറ്റർ, ടൈക്കോ ബ്രാഹെ എന്നിവർ ഇതിനെ ഒരു നക്ഷത്രഗണമായി അംഗീകരിച്ചു. ചരിത്രത്തിലെ ഒരു വ്യക്തിയുടെ പേരു നൽകിയ ഒരേയൊരു നക്ഷത്രരാശിയാണിത്.
Remove ads
ചരിത്രം

ഹെല്ലനിസ്റ്റിക് യുഗം മുതൽ (ചിലരുടെ അഭിപ്രായത്തിൽ അതിനും മുമ്പ്) സീതാവേണി ഒരു നക്ഷത്രഗണമായി പരിഗണിച്ചിരുന്നു.[2] മാത്രമല്ല ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ പേരു നൽകിയിരിക്കുന്ന ഒരേയൊരു ആധുനിക നക്ഷത്രസമൂഹമാണിത്.[3] ഈജിപ്ഷ്യൻ രാജാവായിരുന്ന ടോളമിയുടെ ഭാര്യയായ ബെറനീസിനെ ബഹുമാനിക്കാനായി ഈജിപ്ഷ്യൻ ഭരണാധികാരിയായിരുന്ന ടോളമി മൂന്നാമന്റെ കൊട്ടാരം ജ്യോതിശാസ്ത്രജ്ഞനായ സമോസിലെ കോനനാണ് ഇതിനെ ഒരു രാശിയായി നക്ഷത്രപ്പട്ടികയിൽ ചേർക്കുന്നത്.[4] മൂന്നാം സിറിയൻ യുദ്ധത്തിൽ ടോളമി യുദ്ധത്തിൽ നിന്ന് സുരക്ഷിതമായി മടങ്ങിയെത്തിയാൽ തന്റെ നീണ്ട മുടി വഴിപാടായി ബലിയർപ്പിക്കുമെന്ന് ബെറനീസ് പ്രതിജ്ഞയെടുത്തു.[5] ടോളമിയുടെ തിരിച്ചുവരവിന് മുമ്പോ ശേഷമോ ബെറനീസ് അങ്ങനെ ചെയ്തുവെന്നതിന് ആധുനിക പണ്ഡിതന്മാർക്ക് ഉറപ്പില്ല. എന്നാൽ ടോളമിയുടെ തിരിച്ചുവരവിന് ശേഷം കോനൻ ഒരു പൊതു ചടങ്ങിനിടെ പണ്ഡിതനും കവിയുമായ കാലിമാച്ചസുമായി സംയുക്തമായി രാജ്ഞി തന്റെ മുടി ബലിയർപ്പിച്ചതിന്റെ ഓർമ്മക്ക് എന്നു പറഞ്ഞായിരുന്നു പുതിയ നക്ഷത്രരാശിയെ അവതരിപ്പിച്ചത്.[6]
കാലിമാച്ചസിന്റെ കവിതയായ എറ്റിയയിൽ ബെറനീസ് തന്റെ മുടി "എല്ലാ ദേവന്മാർക്കുമായി" സമർപ്പിച്ചതായാണ് പറയുന്നത്. റോമൻ കവിയായ കാറ്റലസിന്റെ ലാറ്റിൻ വിവർത്തനത്തിലും ഹൈജിനസിന്റെ ഡി അസ്ട്രോണിക്ക എന്ന കൃതിയിലും അഫ്രോഡൈറ്റിനാണ് മുടി സമർപ്പിച്ചിരിക്കുന്നത്.സെഫീരിയ നഗരത്തിലെ അഫ്രോഡൈറ്റിന്റെ ക്ഷേത്രത്തിൽ സമർപ്പിച്ച മുടി അടുത്ത ദിവസം പ്രഭാതത്തിൽ അപ്രത്യക്ഷമായിരുന്നതായി ഡി അസ്ട്രോണമിക്കയിൽ പറയുന്നു. ബെറീണിസസിന്റെ ത്യാഗത്തിന്റെ ഓർമ്മക്കായി അഫ്രോഡൈറ്റ് ആ മുടിയെടുത്ത് ആകാശത്തു പ്രതിഷ്ഠിച്ചതു കൊണ്ടാണ് ക്ഷേത്രത്തിൽ നിന്ന് അപ്രത്യക്ഷമായത് എന്നായിരുന്നു കോനനിന്റെ അഭിപ്രായം.[5] കാലിമാച്ചസ് ഈ രാശിയെ ഗ്രീക്കിൽ പ്ലോക്കമോസ് ബെറേണിക്കസ് എന്ന പേരാൺ നൽകിയിരുന്നത്. കാറ്റിലസാണ് ഇതിനെ കോമ ബെറേണിസസ് എന്ന് ലാറ്റിനിലേക്ക് മൊഴിമാറ്റിയത്. ഹിപ്പാർക്കസും ജെമിനസും ഇതിനെ ഒരു നക്ഷത്രരാശിയായി അംഗീകരിച്ചു.[7] ഇറത്തോസ്തനീസ് ഈ ആസ്റ്ററിസത്തെ ബെറേണിസസിന്റെ മുടി എന്നു വിളിച്ചു. എന്നാൽ ഇതിനെ ഒരു നക്ഷത്രരാശിയായി കണക്കാക്കിയില്ല. ചിങ്ങം രാശിയുടെ ഒരു ഭാഗമായാണ് കണക്കാക്കിയത്.[8] അതുപോലെ, ടോളമിയും അൽമാജെസ്റ്റിലെ തന്റെ 48 നക്ഷത്രരാശികളിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.[9] ഇതിനെ ചിങ്ങത്തിന്റെ ഭാഗമായി കണക്കാക്കുകയും[2] അതിനെ പ്ലോക്കമോസ് എന്ന് വിളിക്കുകയും ചെയ്തു.[10]

പതിനാറാം നൂറ്റാണ്ടിലാണ് സീതാവേണി കൂടുതൽ പ്രചാരത്തിലായത്. 1515ൽ ജൊഹാന്നസ് ഷോണർ ഇതിനെ മുടി എന്നർത്ഥം വരുന്ന ട്രിക്ക എന്ന പേരിൽ അടയാളപ്പെടുത്തി. 1536ൽ കാസ്പർ വോപ്പൽ ഇതിനെ ആകാശഗ്ലോബിൽ ചേർക്കുകയും ഒരു നക്ഷത്രരാശിയായി പരിഗണിക്കുകയും ചെയ്തു.[11] അതേ വർഷം തന്നെ പെട്രസ് അപിയാനസിന്റെ ആകാശമാപ്പിൽ Crines Berenices എന്ന പേരിൽ ഈ രാശി ചേർക്കപ്പെട്ടു. 1551ൽ ജെരാർഡസ് മർക്കാറ്ററിന്റെ ആകാശഗ്ലോബിൽ അഞ്ച് ഗ്രീക്ക്, ലാറ്റിൻ നാമങ്ങളോടെ (Cincinnus, caesaries, πλόκαμος, Berenicis crinis Trica) സീതാവേണിയെ ചേർത്തു. ഒരു കാർട്ടോഗ്രാഫർ എന്ന രീതിയിലുള്ള മർക്കാറ്ററുടെ പ്രശസ്തി സീതാവേണിയെ ഒരു രാശി എന്ന നിലയിൽ തുടർന്നും നിലനിർത്തുന്നതിന് സഹായകമായി.[12]
ടൈക്കോ ബ്രാഹെയും സീതാവേണിയെ ഒരു നക്ഷത്രരാശിയായി അംഗീകരിച്ചു. 1602ലെ അദ്ദേഹത്തിന്റെ നക്ഷത്രകാറ്റലോഗിൽ ഇതിനെ ഉൾപ്പെടുത്തുകയും ചെയ്തു.[2] ബ്രാഹെ ഇതിൽ 14 നക്ഷത്രങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ജൊഹാന്നസ് ഹെവേലിയസ് ഇത് ഇരുപത്തിയൊന്ന് എണ്ണമായി വർദ്ധിപ്പിച്ചു. ജോൺ ഫ്ലെയിംസറ്റീഡ് 43 ആക്കി. 1603ൽ ജൊഹാൻ ബെയറിന്റെ യൂറാനോമെട്രിയയിലും ഇതു പ്രത്യക്ഷപ്പെട്ടു. തുടർന്ന് പതിനേഴാം നൂറ്റാണ്ടിലെ പല ആകാശമാപ്പുകളിലും സീതാവേണി ഒരു നക്ഷത്രരാശിയായി ഇടം പിടിച്ചു.[13]
സീതാവേണി അക്കാഡിയക്കാർക്ക് എഗാല എന്നാണ് അറിയപ്പെട്ടിരുന്നത്.[14] ബാബിലോണിയൻ ജ്യോതിശാസ്ത്രത്തിൽ അതിനു മുമ്പ് എന്ന് അർത്ഥമുള്ള a.GÁL-a-a, MÚL.ḪÉ.GÁL-a-a എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു ഗണത്തിൽ ഇതിന്റെ ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു.[15] ഈജിപ്ഷ്യൻ റാമസൈഡ് നക്ഷത്രഘടികാരങ്ങളിലും നിരവധി നക്ഷത്രങ്ങൾ എന്ന അർത്ഥം വരുന്ന പേരിൽ ഈ നക്ഷത്രങ്ങളെ അടയാളപ്പെടുത്തിയിരുന്നു.[16]
അറേബ്യൻ ജ്യോതിശാസ്ത്രത്തിൽ അൽ-ഡാഫിറ, അൽ-ഹൾബ എന്നീ പേരുകളിൽ അറിയപ്പെട്ടു. ഇതിനെ ചിങ്ങത്തിന്റെ ശിഖ പോലെയാണ് അവർ ചിത്രീകരിച്ചത്.[10] വടക്കെ ആമേരിക്കയിലെ പാവ്നീ ഇന്ത്യക്കാർ സീതാവേണിയെ പത്തു നക്ഷത്രങ്ങളുടെ ഒരു കൂട്ടമായാണ് ചിത്രീകരിച്ചത്. 17-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു മൃഗത്തോലിലെ ചിത്രീകരണമാണ് ഇതിന് തെളിവായി ലഭിച്ചിരിക്കുന്നത്.[17] തെക്കേ അമേരിക്കയിലെ കലിന സമൂഹത്തിൽ നിലനിന്നിരുന്ന പുരാണങ്ങളിൽ ഇതിനെ മുഖം എന്ന അർത്ഥം വരുന്ന ഓംബാറ്റാപോ എന്നാണ് വിളിച്ചിരുന്നത്.[18]
Remove ads
സവിശേഷതകൾ

സീതാവേണിയുടെ കിഴക്കുഭാഗത്ത് അവ്വപുരുഷനും വടക്കുഭാഗത്ത് വിശ്വകദ്രുവും പടിഞ്ഞാറ് [[ചിങ്ങം (നക്ഷത്രരാശി)ചിങ്ങവും തെക്ക് കന്നിയും അതിരുകളിടുന്നു. ആകാശത്തിന്റെ 386.5 ഡിഗ്രിയിൽ കിടക്കുന്ന ഈ നക്ഷത്രരാശി വലിപ്പം കൊണ്ട് 42-ാം സ്ഥാനത്താണുള്ളത്.[19] 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന Com എന്ന ചുരുക്കപ്പേര് അനുവദിച്ചു.[20] 1930ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ ജോസഫ് ഡെൽപോർട്ട് ആണ് ഈ രാശിയുടെ 12 വശങ്ങളോടു കൂടിയ ഔദ്യോഗിക അതിർത്തികൾ നിർണ്ണയിച്ചുത്. ഖഗോളരേഖാംശം 11മ. 58മി 25.09സെ., 13മ. 36മി. 06.94സെ. എന്നിവിക്കിടയിലും അവനമനം +13.30°, +33.31° എന്നിവിക്കിടയിലുമാണ് സീതാവേണിയുടെ സ്ഥാനം.[21] 56° തെക്കെ അക്ഷാംശത്തിനു വടക്കുള്ളവർക്കെല്ലാം സീതാവേണിയെ നിരീക്ഷിക്കാവുന്നതാണ്.[22]
Remove ads
നക്ഷത്രങ്ങൾ

അധികം തിളക്കമുള്ള നക്ഷത്രങ്ങളൊന്നും സീതാവേണിയിലില്ല. കാന്തിമാനം നാലിൽ താഴെയുള്ളവയാണ് എല്ലാ നക്ഷത്രങ്ങളും.[23] എന്നാൽ നാലിനും 6.5നും ഇടയിൽ കാന്തിമാനമുള്ള നക്ഷത്രങ്ങൾ 66 എണ്ണമുണ്ട്. അതുകൊണ്ട് സീതാവേണിയിലെ നക്ഷത്രങ്ങളെല്ലാം കാഴ്ചയിൽ ഏതാണ്ട് ഒരു പോലെ കാണപ്പെടും.[19]
കാന്തിമാനം 4.2 ഉള്ള ബീറ്റ കോമാ ബെറേണിസസ് ആണ് ഏറ്റവും തിളക്കമുള്ള നക്ഷത്രം. ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം അനുസരിച്ച് 43 കോമാ ബെറേണിസസ് എന്ന പേരു നൽകിയിട്ടുള്ള ഇതിന് അൽ-ഡഫീറ എന്ന വിളിപ്പേരുമുണ്ട്. സീതാവേണിയുടെ വടക്കു-കിഴക്കു ഭാഗത്തായി കിടക്കുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്നും 29.95 ± 0.10 പ്രകാശവർഷം അകലെയാണ്.[24] സ്പെക്ട്രൽ തരം F9.5V B ആയ ഒരു മുഖ്യധാരാ നക്ഷത്രം ആണിത്.[25] സൂര്യനെക്കാൾ 36% തിളക്കമുള്ളതും[26] 15% പിണ്ഡമുള്ളതും[27] 10% വലിയതുമായ നക്ഷത്രമാണ് ബീറ്റ കോമാ ബെറേണിസസ്.[26]
കാന്തിമാനം 4.3 ഉള്ള ആൽഫാ കോമാ ബെറേണിസസ് (42 കോമാ ബെറേണിസസ്) ആണ് തിളക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള നക്ഷത്രം. ഈ നക്ഷത്രരാശിയുടെ കിഴക്കു തെക്കു ഭാഗത്തു കിടക്കുന്ന ഈ നക്ഷത്രത്തിന് ഡിയാഡെം എന്ന വിളിപ്പേരുമുണ്ട്. ബെയറുടെ നാമകരണ സമ്പ്രദായത്തിൽ ആൽഫാ എന്ന പേരാണ് നൽകിയിരിക്കുന്നത് എങ്കിലും തിളക്കത്തിൽ ഇത് രണ്ടാം സ്ഥാനത്താണ്. ഭൂമിയിൽ നിന്നും 58.1 ± 0.9 അകലെ കിടക്കുന്ന ഇത് ഇരട്ടനക്ഷത്രം ആണ്.[28]

ഗാമാ കോമാ ബെറേണിസസ് (15 കോമാ ബെറേണിസസ്) ഒരു ഓറഞ്ച് ഭീമൻ നക്ഷത്രം ആണ്. ഇതിന്റെ കാന്തിമാനം 4.4ഉം സ്പെക്ട്രൽ തരം K1III Cഉം ആണ്. ഭൂമിയിൽ നിന്നും 169 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നക്ഷത്രം നക്ഷത്രരാശിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.[29] സൂര്യന്റെ 1.79 മടങ്ങ് പിണ്ഡവും 10 മടങ്ങ് ആരവുമുണ്ട് ഇതിന്.[30][30] കോമാ നക്ഷത്ര ക്ലസ്റ്ററിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ഇത്.[31]
21 കോമാ ബെറേണിസസ് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇരട്ടനക്ഷത്രം ആണ്. കിസ്സിൻ എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ പരിക്രമണകാലം 26 വർഷം ആണ്.[32] ഈ നക്ഷത്രവ്യവസ്ഥ ഭൂമിയിൽ നിന്നും 272 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[33] കോമാ ക്ലസ്റ്ററിൽ എട്ട് സ്പെക്ട്രോസ്കോപിക് ദ്വന്ദ്വങ്ങളും ഏഴ് ഗ്രഹണദ്വന്ദ്വങ്ങളും ഉണ്ട്.[34][35] മുപ്പതിലേറെ ഇരട്ടനക്ഷത്രങ്ങൾ ഉണ്ട് സീതാവേണിയിൽ. ഏതാനും ത്രിനക്ഷത്രവ്യവസ്ഥകളും ഇതിലുണ്ട്.[36][37]
200ലേറെ ചരനക്ഷത്രങ്ങളാണ് സീതാവേണിയിലുള്ളത്. ഇവയിൽ പലതും വളരെ മങ്ങിയവയാണ്.[38]ആൽഫാ കോമാ ബെറേണിസസ് ഒരു അൽഗോൾ ചരനക്ഷത്രം ആണ്.[39] എഫ് കെ കോമാ ബെറേണിസസ് 2.4 ദിവസം കൊണ്ട് 8.14നും 8.33നും ഇടയിൽ കാന്തിമാനം മാറിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ്. എഫ് കെ കോമാ ബെറേണിസസ് ചരങ്ങളിലെ മാതൃകാ നക്ഷത്രമാണിത്.[38] കൂടാതെ ഫ്ലിപ് ഫ്ലോപ് പ്രതിഭാസവും ഇതിൽ നിരീക്കപ്പെട്ടിട്ടുണ്ട്.[40] എഫ് എസ് കോമാ ബെറേണിസസ് ഒരു അർദ്ധചരനക്ഷത്രമാണ്. ഈ ചുവപ്പുഭീമന്റെ കാന്തിമാനം രണ്ടു മാസം കൊണ്ട് 6.1നും 5.3നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ആർ കോമാ ബെറേണിസസ് ഒരു മിറാ ചരനക്ഷത്രമാണ്. ഇതിന്റെ പരമാവധി കാന്തിമാനം 7 ആണ്.[41] 123 ആർ ആർ ലൈറെ ചരങ്ങൾ സീതാവേണിയിലുണ്ട്.[42] ഇവയിൽ ഭൂരിഭാഗവും എം 53 എന്ന ഗോളീയ താരവ്യൂഹത്തിലാണുള്ളത്.[43] ഇതിലെ ടി യു കോമാ ബെറേണിസസ് ഒരു ദ്വന്ദ്വവ്യവസ്ഥയാണ്.[44] താരാപഥം എം 100ൽ ഇരുപതോളം സെഫീഡ് ചരനക്ഷത്രങ്ങൾ ഹബിൾ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയിട്ടുണ്ട്.[45] 13 കോമാ ബെറേണസസ്, എ ഐ കോമാ ബെറേണിസസ് തുടങ്ങി ഏതാനും [[ആൽഫാ2 കാനം വെനാറ്റിക്കോറം]] ചരങ്ങളും ഇതിലുണ്ട്.[46] 2019ൽ 28 പുതിയ ചരനക്ഷത്രങ്ങളെ കൂടി ഗോളീയ താരവ്യൂഹം 4147ൽ കണ്ടെത്തിയിട്ടുണ്ട്. ആര്യഭട്ട റിസർച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓബ്സർവേഷണൽ സയൻസ് ആണ് ഇത് കണ്ടെത്തിയത്.[47]
Remove ads
ജ്യോതിശാസ്ത്രവസ്തുക്കൾ

ആകാശത്ത് ഗാലക്സികൾ വളരെയധികമുള്ള ഭാഗത്താണ് ഈ നക്ഷത്രരാശി നിലകൊള്ളുന്നത്. എട്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. ധനു, കന്നി രാശികൾ കഴിഞ്ഞാൽ ഏറ്റവുമധികം മെസ്സിയർ വസ്തുക്കളുള്ളത് സീതാവേണി രാശിയിലാണ്. M85, M88, M91, M98, M99, M100 എന്നിവ ഈ നക്ഷത്രരാശിയിലെ കന്നി ഗാലക്സിസമൂഹത്തിന്റെ ഭാഗമായ ഗാലക്സികളാണ്. ബ്ലാക്ക് ഐ ഗാലക്സി എന്നറിയപ്പെടുന്ന സർപ്പിളഗാലക്സിയായ M64, ഗോളീയ താരവ്യൂഹമായ M53 എന്നിവയും സീതാവേണി രാശിയിലാണ്.
സീതാവേണി ഗാലക്സിസമൂഹം (Coma cluster of galaxies) ഈ നക്ഷത്രരാശിയിലെ മറ്റൊരു ഗാലക്സിസമൂഹമാണ്. മുപ്പതിനായിരത്തോളം ഗാലക്സികൾ ഇതിലുണ്ട്. ആകാശഗംഗയുടെ ഉത്തരധ്രുവത്തിന്റെ വളരെയടുത്താണ് ഇതിന്റെ സ്ഥാനം.[48][49]
ധാരാളം സൂപ്പർനോവകളും സീതാവേണിയിൽ കണ്ടെത്തിയിട്ടുണ്ട്. നാലെണ്ണം (എസ് എൻ 1940ബി, എസ് എൻ 1969എച്ച്, എസ് എൻ 1987ഇ എസ് എൻ 1999ജി എസ്) എൻ ജി സി 4725 താരാപഥത്തിലാണ് കണ്ടെത്തിയിട്ടുള്ളത്.[50] നാലെണ്ണം (എസ് എൻ 1967എച്ച്, എസ് എൻ 1972ക്യൂ, എസ് എൻ 1986ഐ, എസ് എൻ 2014എൽ) എം 99ലും (NGC 4254) ഉണ്ട്.[50] അഞ്ചെണ്ണമുള്ളത് (എസ് എൻ 1901ബി, എസ് എൻ 1914എ, എസ് എൻ 1959ഇ, എസ് എൻ 1979സി എസ് എൻ 2006എക്സ് എം 100 എന്ന താരാപഥത്തിലാണ്.[50] എസ് എൻ 1940ബി ആദ്യമായി കണ്ടെത്തിയ ടൈപ്പ് 2 സൂപ്പർനോവ. 1940 മെയ് 5നാണ് ഇതു കണ്ടെത്തിയത്.[51] തിളക്കത്തിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന സൂപ്പർനോവയാണ് എസ് എൻ 2005എപി 2005 മാർച്ച് മൂന്നിനാണ് ഇത് കണ്ടെത്തിയത്. ഇതിന്റെ കേവലകാന്തിമാനം -22.7 ആണ്.[52] ഭൂമിയിൽ നിന്നുള്ള ദൂരം 470 കോടി പ്രകാശവർഷം ആണ്. ഇതുകൊണ്ടു തന്നെ നമുക്കിതിനെ നേരിട്ട് കാണാൻ കഴിയില്ല. 1979ൽ കണ്ടെത്തിയ എസ് എൻ 1979സിയിൽ നിന്നുള്ള ദൃശ്യപ്രകാശം വേഗത്തിൽ ഇല്ലാതായി എങ്കിലും ഇതിൽ നിന്നുള്ള എക്സ് റേ വികിരണം 25 വർഷത്തോളം നിലനിന്നു.[53]
സീതാവേണിയിൽ ആർ ബി എസ് 1223 എന്ന ന്യൂട്രോൺ നക്ഷത്രവും പി എസ് ആർ B1237+25 എന്ന പൾസാറും ഉണ്ട്.[54] ആർ ബി എസ് 1223 മാഗ്നിഫിക്കന്റ് സെവൻ എന്ന പ്രായം കുറഞ്ഞ ന്യൂട്രോൺ നക്ഷത്രങ്ങളുടെ ഗണത്തിൽ പെടുന്നതാണ്.[55] വളരെ ഉയർന്ന ഊർജ്ജമുള്ള എക്സ്ട്രീം അൾട്രാവയലറ്റ് വികിരണങ്ങൾ പുറത്തു വിടുന്ന എച്ച് സെഡ് 43 എന്ന വെള്ളക്കുള്ളനും സീതാവേണിയിലാണുള്ളത്. 1975ലാണ് ഇതിനെ കണ്ടെത്തിയത്.[56] 1995ൽ എ എൽ കോമാ ബെറേണിസസ് എന്ന കുള്ളൻ നോവയിൽ വളരെ അപൂർവ്വമായ ഒരു പൊട്ടിത്തെറിയും നിരീക്ഷിക്കുകയുണ്ടായി.[57] 2003 ജൂൺ മാസത്തിൽ ജി ഓ കോമാ ബെറേണിസസ് എന്ന കുള്ളൻ നോവയിലും കാണുകയുണ്ടായി.[58]
വളരെ പഴയ കാലത്തു തന്നെ നഗ്നനേത്രങ്ങളാൽ ശ്രദ്ധിക്കപ്പെട്ട ഒരു താരവ്യൂഹമാണ് കോമാ ക്ലസ്റ്റർ. ടോളമിയുടെ അൽമെജെസ്റ്റിൽ ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.[59] മെസ്സിയർ, എൻ ജി സി കാറ്റലോഗുകളിൽ കോമാ ക്ലസ്റ്റർ ഉൾപ്പെട്ടിട്ടില്ല. എന്നാൽ മെലോട്ടി കാറ്റലോഗ് (മെലോട്ടി 111), കോളിണ്ടർ കാറ്റലോഗ് (കോളിണ്ടർ 256) എന്നിവയിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 5നും 10നും ഇടക്ക് കാന്തിമാനമുള്ള അമ്പതോളം നക്ഷത്രങ്ങളുള്ള വലിയൊരു തുറന്ന താരവ്യൂഹം ആണ് കോമാ ക്ലസ്റ്റർ. 288 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
എം 53 (എൻ ജി സി 5024) ഗോളീയ താരവ്യൂഹം ആണ്. 1775ൽ ജൊഹാൻ എലർട്ട് ബോഡും 1777ൽ ചാൾസ് മെസ്യേയും ഇതിനെ സ്വതന്ത്രമായി കണ്ടെത്തുകയുണ്ടായി. വില്യം ഹെർഷൽ ഇതിലെ നക്ഷത്രങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞത്.[43] എം 53ൽ നിന്നും ഒരു ഡിഗ്രി മാത്രം അകലെയായി എൻ ജി സി 5053 സ്ഥിതി ചെയ്യുന്നു. ഭൂമിയിൽ നിന്നും 56,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 7.7 ആണ്. 16,000 സൂര്യന്മാരുടെ തിളക്കമുണ്ട് ഇതിന്. എന്നാലും ഇത് തിളക്കം കുറഞ്ഞ താരവ്യൂഹങ്ങളിൽ ഒന്നാണ്. 1784ൽ വില്യം ഹെർഷൽ ആണ് ഇതിനെ കണ്ടെത്തിയത്. എൻ ജി സി 4147 എന്ന താരതമ്യേന വലിപ്പം കുറഞ്ഞ ഒരു ഗോളീയ താരവ്യൂഹവും സീതാവേണിയിലുണ്ട്.
കോമാ ഫിലമെന്റിന്റെ ഭാഗമായ കോമാ സൂപ്പർക്ലസ്റ്റർ സീതാവേണിയിലാണ് സ്ഥിതി ചെയ്യുന്നത്. കോമാ ക്ലസ്റ്റർ, ലിയോ ക്ലസ്റ്റർ എന്നീ ഗ്യാലക്സി ക്ലസ്റ്ററുകൾ കോമാ സൂപ്പർ ക്ലസ്റ്ററിന്റെ ഭാഗമാണ്. ഭൂമിയിൽ നിന്നും 23 കോടി മുതൽ 30 കോടി പ്രകാശവർഷം വരെ അകലെയാണ് കോമാ ക്ലസ്റ്റർ (ആബേൽ1656) കിടക്കുന്നത്. അറിയപ്പെടുന്നതിൽ വലിയ താരാപഥങ്ങളിൽ ഒന്നാണിത്. 10,000 താരാപഥങ്ങളെങ്കിലും ഇതിൽ ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുളളത്. ഇതിൽ കൂടുതലും ദീർഘവൃകത്താകാര താരാപഥങ്ങളാണ്. കുറച്ച് സർപ്പിള താരാപഥങ്ങളുമുണ്ട്.[60] ഭൂമിയിൽ നിന്നും വളരെ അകലെ കിടക്കുന്നതിനാൽ വലിയ ദൂരദർശിനികളിൽ കൂടി മാത്രമേ ഇവയെ കാണാനാകൂ. ഏറ്റവും തിളക്കം കൂടിയ എൻ ജി സി 4874, എൻ ജി സി 4889 എന്നിവയുടെ കാന്തിമാനം 13 ആണ്. ഭൂരിഭാഗം താരാപഥങ്ങളുടെയും കാന്തിമാനം 15ഉം അതിൽ കുറവും ആണ്. എൻ ജി സി 4889 ഒരു ഭീമൻ ദീർഘവൃത്താകാര താരാപഥമാണ്. അറിയപ്പെടുന്നതിൽ ഏറ്റവും വലിയ തമോദ്വാരം ഇതിലാണ് ഉള്ളത്. 2100 കോടി സൗരപിണ്ഡത്തിനു തുല്യമാണ് ഇതിന്റെ ദ്രവ്യമാനം.[61] എൻ ജി സി 4921 ആണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ വർത്തുള ഗാലക്സി.[62] കോമാ ക്ലസ്റ്ററിന്റെ നിരീക്ഷണങ്ങളെ തുടർന്നാണ് പ്രസിദ്ധ ഫ്രിറ്റ്സ് സ്വീക്കി 1930കളിൽ തമോദ്രവ്യം എന്ന ആശയം രൂപീകരിക്കുന്നത്.[60] 2015ൽ കണ്ടെത്തിയ ഡ്രാഗൺഫ്ലൈ 44 എന്ന താരാപഥത്തിലെ ഭൂരിഭാഗവും തമോദ്രവ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[63] ഇതിന്റ പിണ്ഡം ആകാശഗംഗയുടെ പിണ്ഡത്തിനു തുല്യമാണ്.[63] എന്നാൽ ഇതു പുറത്തു വിടുന്ന പ്രകാശം ആകാശഗംഗ പുറത്തു വിടുന്നതിന്റെ ഒരു ശതമാനം മാത്രമാണ്.[64] എൻ ജി സി 4676 യഥാർത്ഥത്തിൽ പരസ്പര സമ്പർക്കത്തിലുള്ള രണ്ടു താരാപഥങ്ങളാണ്. ഭൂമിയിൽ നിന്നും 30 കോടി പ്രകാശവർഷം അകലെയാണ് ഇത് കിടക്കുന്നത്.
Remove ads
സൗരയൂഥേതര ഗ്രഹങ്ങൾ
സീതാവേണിയിൽ ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.[65] എച്ച് ഡി 108874 ബി ഭൂമിയിലേതിനു സമാനമായ താപനിലയുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.[66] WASP-56 എന്ന സൂര്യസമാനമായ നക്ഷത്രത്തിന് വ്യാഴത്തിന്റെ പിണ്ഡമുള്ള ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.[67]
അവലംബം
ബാഹ്യ കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads