ഡെങ് സിയാഒപിങ്

From Wikipedia, the free encyclopedia

ഡെങ് സിയാഒപിങ്
Remove ads

ചൈനയിലെ മുൻ രാജ്യതന്ത്രജ്ഞനായിരുന്നു ഡെങ് സിയാഒപിങ്. കമ്യൂണിസ്റ്റ് ചൈനയിൽ 1970-കളുടെ ഒടുവിൽ തുടക്കമിട്ട ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിക്ക് കരുത്തു പകർന്ന പരിഷ്ക്കാരങ്ങളുടെ സൂത്രധാരൻ ഇദ്ദേഹമായിരുന്നു. ഔപചാരികസ്ഥാനങ്ങളില്ലാതിരുന്നപ്പോഴും ഡെങ് ചൈനയുടെ പരമോന്നത നേതാവെന്ന നിലയിൽ അറിയപ്പെട്ടിരുന്നു.

വസ്തുതകൾ ഡെങ് സിയാഒപിങ്邓小平, Chairman of the Central Advisory Commission of the Communist Party ...
Remove ads

വിദ്യാഭ്യാസവും തൊഴിലും

തെക്കുപടിഞ്ഞാരൻ ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുള്ള ഒരു പുരാതന കർഷക കുടുംബത്തിൽ ഡെങ് വെൻമിങ്ങിന്റെ മകനായി 1904 ആഗസ്റ്റ് 22-ന് ഇദ്ദേഹം ജനിച്ചു. ഡെങ് സിയാൻ ഷെങ് എന്ന പേര് ആയിരുന്നു പിതാവ് ഇദ്ദേഹത്തിനു നൽകിയത്. യുവത്വത്തിലേക്കു പ്രവേശിക്കവേ വിപ്ലവാദർശങ്ങളിൽ ആകൃഷ്ടനായതോടെ ഡെങ് സിയാഒപിങ് എന്ന പേര് സ്വീകരിച്ചു. നാട്ടിലെ വിദ്യാഭ്യാസാനന്തരം ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുക എന്ന പരിപാടിയനുസരിച്ച് 1920-ൽ ഫ്രാൻസിലേക്കയക്കപ്പെട്ട വിദ്യാർഥികളുടെ കൂട്ടത്തിൽ ഡെങ്ങും ഉൾപ്പെട്ടിരുന്നു. റഷ്യൻ വിപ്ലവത്തിന്റെ വിജയത്തെത്തുടർന്ന് ഇടതുപക്ഷ രാഷ്ട്രീയം ശ്രദ്ധയാകർഷിക്കപ്പെട്ട കാലമായിരുന്നു അത്. ഫ്രാൻസിലെത്തിയ ഡെങ് പല തൊഴിൽ ശാലകളിൽ പണിയെടുക്കുകയും മാർക്സിസം പഠിക്കുകയും കമ്യൂണിസ്റ്റ് ആദർശങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. ഫ്രാൻസിൽ വച്ച് ചൗ എൻലായ് (ജോഎൻലീ)യുമായി അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റുകളുടെ യുവജനസംഘടനയുടെ യൂറോപ്യൻ ശാഖയിൽ ഡെങ് 1922-ൽ അംഗമായി ചേർന്നു. ബുദ്ധിസാമർഥ്യവും ഉത്സാഹശീലവും നേതൃത്വത്തിലേക്കുയരാൻ ഡെങ്ങിനു സഹായകമായി. യുവജനസംഘടനയുടെ ദ്വൈവാരികാ പ്രസിദ്ധീകരണമായിരുന്ന റെഡ് ലൈറ്റിന്റെ ഒരു പത്രാധിപരായി സേവനമനുഷ്ഠിക്കുവാനും ഡെങിനു കഴിഞ്ഞു. 1924-ൽ ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയിൽ അംഗമായി. അപ്പോഴേക്കും പൂർണരാഷ്ട്രീയ പ്രവർത്തകനായി മാറിയിരുന്നു. 1926-ൽ റഷ്യയിലേക്കു പോയത് കമ്യൂണിസത്തെപ്പറ്റി കൂടുതൽ പഠിക്കുവാൻ സഹായകമായി. ചൈനയിൽ മടങ്ങിയെത്തിയ ഡെങ് 1927 മുതൽ പാർട്ടി ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടു. 1929-ഓടെ ഗറില്ലാ പ്രവർത്തനങ്ങൾക്കുള്ള ചുമതലയും ഏറ്റെടുത്തിരുന്നു.

Remove ads

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ്

1934-35-ലെ ലോങ് മാർച്ചിൽ ഡെങ് പങ്കെടുത്തു. അതു കഴിഞ്ഞതോടെ ഇദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയിലെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറി. ചുവപ്പു സേനയിലെ പൊളിറ്റിക്കൽ കമ്മിസാർ എന്ന പദവിയിലുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനവും ശ്രദ്ധേയമായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ സേനയ്ക്കെതിരായി പോരാടാനും ചൈനയിലെ നാഷണലിസ്റ്റു സേനയുമായി നിർണായക യുദ്ധം നയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

പീപ്പിൾസ് റിപ്പ്ബ്ലിക് ഒഫ് ചൈനയിൽ നേതൃസ്ഥാനം

ചൈന, പീപ്പിൾസ് റിപ്പബ്ലിക് ആയി രൂപീകൃതമായശേഷം (1949) പല പ്രമുഖ പദവികളിലും ഇദ്ദേഹം നിയുക്തനായി. ആദ്യ വർഷങ്ങളിൽ ജന്മദേശമുൾക്കൊള്ളുന്ന തെക്കു പടിഞ്ഞാറൻ ചൈനയിലാണ് പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടത്. 1952-ൽ പ്രവർത്തനം ബെയ്ജിങ്ങിലേക്കു മാറ്റി. കമ്യൂണിസ്റ്റുപാർട്ടിയിലും ദേശീയ ഗവൺമെന്റിലും പല പ്രമുഖ സ്ഥാനങ്ങളും വഹിച്ചു. ഉപപ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം (vice-premier) പ്രമുഖ സാമ്പത്തികാസൂത്രണ വിദഗ്ദ്ധൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1950-കളുടെ മധ്യത്തോടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലെത്തുകയും പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. മാവോയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഡെങ് പിന്നീട് മാവോയുടെ നയങ്ങളെ എതിർത്തുതുടങ്ങി.

നേതൃസ്ഥാനങ്ങളിൽ നിന്നു പുറത്താക്കപ്പെട്ടു

ഇതോടെ പിന്തിരിപ്പനെന്നും മുതലാളിത്തവാദിയെന്നും ഡെങ് മുദ്രകുത്തപ്പെട്ടു. 1966-ൽ മാവോയുടെ നേതൃത്വത്തിൽ സാംസ്കാരികവിപ്ലവത്തിന് തുടക്കമിട്ടശേഷം ഇദ്ദേഹം എല്ലാ നേതൃസ്ഥാനങ്ങളിൽനിന്നും പുറത്താക്കപ്പെട്ടു. തലസ്ഥാനത്തുനിന്ന് നിഷ്ക്കാസിതനാവുകയും വീട്ടുതടങ്കിലാവുകയും ചെയ്തു. പിന്നീട് 1973-ഓടുകൂടി മാത്രമാണ് ഇദ്ദേഹം നേതൃത്വത്തിലേക്ക് തിരിച്ചു വിളിക്കപ്പെട്ടത്. തുടർന്ന്, മാവോയുടെ പത്നിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട് നാൽവർ സംഘത്തിന്റെ പ്രവർത്തനംമൂലം വീണ്ടും ഇദ്ദേഹം നേതൃത്വത്തിൽനിന്നു പുറത്താക്കപ്പെട്ടു. 1976-ൽ മാവോ മരണമടയുകയും തുടർന്ന് നാൽവർ സംഘം അറസ്റ്റിലാവുകയും ചെയ്തപ്പോൾ മാത്രമാണ് അതുവരെ ഒളിവിൽക്കഴിഞ്ഞ ഇദ്ദേഹത്തിനു നേതൃത്വത്തിലേക്ക് മടങ്ങി വരാൻ സാധിച്ചത്.

Remove ads

ചൈനയുടെ പരമോന്നത നേതവ്

1977-നുശേഷം ചൈനയിൽ പാർട്ടിയുടേയും ഗവൺമെന്റിന്റേയും നേതൃസ്ഥാനങ്ങളിൽ ഡെങ് വീണ്ടും അവരോധിതനായി. 1980-ഓടെ ചൈനയുടെ പരമോന്നത നേതാവായി അംഗീകരിക്കപ്പെട്ടു. ദ്രുതഗതിയിലുള്ള സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ഇദ്ദേഹം ചൈനയെ ആധുനികവത്ക്കരണത്തിലേക്കു നയിച്ചു. ഇതോടൊപ്പം വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇദ്ദേഹം തുടക്കമിട്ട പരിഷ്ക്കാരങ്ങൾ ചൈനയിൽ എല്ലാ മേഖലകളിലും മുന്നേറ്റത്തിനു വഴിയൊരുക്കി. 20-ആം നൂറ്റാണ്ടിന്റെ അവസാന കാലത്തോടെ ചൈന ലോകത്തിലെ കരുത്തുള്ള സാമ്പത്തിക ശക്തികളിൽ ഒന്നായിത്തീർന്നതിനു വഴിതെളിച്ചത് ഡെങിന്റെ പരിഷ്ക്കാരങ്ങളായിരുന്നു. എന്നാൽ അസംതൃപ്തരായ യുവാക്കളുടെ ഹത്യയിലേക്കു നയിച്ച ടിയാനെൻമെൻ സ്ക്വയർ സംഭവം (1989 ജൂൺ) ഇദ്ദേഹത്തിന്റെ യശസ്സിന് മങ്ങലേൽപ്പിച്ചു. 1987-ൽ പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിൽനിന്നും ഇദ്ദേഹം ഒഴിവായി. 1989-ൽ മിലിറ്ററി കമ്മിഷന്റെ അധ്യക്ഷസ്ഥാനവും ഒഴിഞ്ഞു. ഇതോടെ പാർട്ടിയിലെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും ഇദ്ദേഹം വിരമിച്ചു. എങ്കിലും തുടർന്നും ചൈനയെ നിയന്ത്രിക്കുന്നതിൽ ഡെങ് പ്രധാന പങ്കുവഹിച്ചിരുന്നു. രോഗബാധിതനായിത്തീർന്ന ഇദ്ദേഹം 1997 ഫെബ്രുവരി 19-ന് ബെയ്ജിങ്ങിൽ നിര്യാതനായി.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെങ് സിയോപിങ് (1904 - 97) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads