ദേവൻ

From Wikipedia, the free encyclopedia

ദേവൻ
Remove ads

അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം.

വസ്തുതകൾ Translations of Deva, English ...
Thumb
Devas are benevolent supernatural beings in the Vedic era literature, with Indra (above) as their leader. The above gilt copper statue of Indra with inlaid semi-precious stones is from 16th-century Nepal.
Remove ads

ഹിന്ദു മതത്തിൽ

സ്വർഗത്തിനും ദേവന്മാർക്കും പര്യായങ്ങൾ പറഞ്ഞുകൊണ്ടാണ് അമരകോശം തുടങ്ങുന്നത്.

അമരാ നിർജ്ജരാ ദേവാ- സ്ത്രിദശാ വിബുധാസ്സുരാഃ സുപർവാണസ്സുമനസഃ
ത്രിദിവേശാ ദിവൌകസഃ ആദിതേയാ ദിവിഷദോ ലേഖാ അദിതിനന്ദനാഃ
ആദിത്യാ ഋഭവോ സ്വപ്നാ അമർത്യാ അമൃതാന്ധസഃ ബർഹിർമുഖാഃ
ക്രതുഭുജോ ഗീർവാണാ ദാനവാരയഃ വൃന്ദാരകാ ദൈവതാനി പുംസി വാ ദേവതാ സ്ത്രിയാം.

ദേവന്മാരുടെ അടുത്ത സ്ഥാനമുള്ളവരാണ് ഗണദേവതകൾ അഥവാ സംഘദേവതകൾ. ഇവരുടെ സംഘനാമങ്ങളും സംഖ്യകളും മഹേശ്വരടീകയിൽ വിവരിക്കുന്നുണ്ട്: ആദിത്യന്മാർ 12, വിശ്വദേവന്മാർ 10, വസുക്കൾ 8, തുഷിതന്മാർ 36, ആഭാസ്വരന്മാർ 64, അനിലന്മാർ 49, മഹാരാജികന്മാർ 220, സാധ്യന്മാർ 12, രുദ്രന്മാർ 11 എന്നിങ്ങനെ. ദേവയോനികളെങ്കിലും ദേവത്വത്തിന്റെ താഴേത്തട്ടിൽ മാത്രം സ്ഥാനം കിട്ടിയ പത്തുകൂട്ടർ ഉണ്ട്. വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, രക്ഷസ്സുകൾ, ഗന്ധർവന്മാർ, കിന്നരന്മാർ, പിശാചന്മാർ, ഗുഹ്യകന്മാർ, സിദ്ധന്മാർ, ഭൂതങ്ങൾ എന്നിവരാണ് ആ പത്തുകൂട്ടർ.

സ്വർഗത്തിന്റെ ആധിപത്യം നേടാനായി ദേവന്മാരും അസുരന്മാരും നിരന്തരം മത്സരിച്ചിരുന്നതായി പുരാണങ്ങൾ രേഖപ്പെടുത്തുന്നു. ബ്രഹ്മപുത്രനായ കശ്യപന് ദക്ഷപുത്രികളായ ദിതിയിലും അദിതിയിലും ഉണ്ടായ പുത്രന്മാരാണ് അസുരന്മാരും ദേവന്മാരും. ശുക്രാചാര്യനാണ് അസുരഗുരു; ബൃഹസ്പതി ദേവഗുരുവും. അഷ്ടദിക്പാലകന്മാരായി നിയോഗിക്കപ്പെട്ട എട്ട് ദേവന്മാരുണ്ട്. കിഴക്ക്-ഇന്ദ്രൻ, തെക്കു കിഴക്ക്-അഗ്നി, തെക്ക്-യമൻ, തെക്കുപടിഞ്ഞാറ്-നിരൃതി, പടിഞ്ഞാറ്-വരുണൻ, വടക്കു പടിഞ്ഞാറ്-വായുദേവൻ, വടക്ക്-കുബേരൻ, വടക്കുകിഴക്ക്-രുദ്രൻ എന്നിവരാണ് അവർ. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് ഉത്തരവാദികളായ ലോകനാഥന്മാരായി പുരാണങ്ങളിൽ മാനിക്കപ്പെടുന്നവരാണ്. സർവവ്യാപിയും പരമചൈതന്യസ്വരൂപനും ഏകനും അദ്വയനുമായ വിരാട്പുരുഷനെ മൂന്ന് കർമങ്ങൾ നടത്തുന്നതിന്റെ പേരിൽ മൂന്നായി സങ്കല്പിച്ച് ഭക്തന്മാർ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം.

മുപ്പത്തിമുക്കോടി ദേവന്മാരുണ്ടെന്നാണ് പൗരാണിക സങ്കല്പം. ഇവർക്ക് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഏതു രൂപം സ്വീകരിക്കാനും യഥേഷ്ടം എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനും ഇവർക്ക് സാധിക്കുമത്രെ. ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, പൂഷാവ്, അശ്വിനീദേവന്മാർ എന്നീ ദേവന്മാരെപ്പറ്റിയുള്ള സൂക്തങ്ങളാണ് ഋഗ്വേദത്തിൽ കൂടുതലായും സ്ഥാനം പിടിച്ചിട്ടുള്ളത്.

Remove ads

മറ്റ് മതങ്ങളിൽ

മിക്ക ലോകമതങ്ങളിലും ദേവന്മാർക്ക് സമുന്നതമായ സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്.

ബുദ്ധമതത്തിലെ ദേവൻ (സംസ്‌കൃതത്തിലും പാലിയിലും ദേവ എന്ന് വിളിക്കുന്നു) മനുഷ്യരെക്കാൾ ശക്തരും, ദീർഘായുസ്സുള്ളവരും, പൊതുവേ, ശരാശരി മനുഷ്യനെക്കാൾ കൂടുതൽ സംതൃപ്തിയോടെ ജീവിക്കുന്നവരുമായ സ്വർഗ്ഗ നിവാസികളാണ്.[1] ബുദ്ധമത പാരമ്പര്യത്തിൽ ഈ സ്ഥാനങ്ങൾ ശാശ്വതമല്ല.[1]

ജൈനമതക്കാർ ഒരു സ്രഷ്ടാവായ ദൈവത്തിൽ വിശ്വാസിക്കുന്നില്ല, എന്നിരുന്നാലും ജൈനമതക്കാർ ഉന്നതരായ ദേവൻമാരിൽ വിശ്വാസിക്കുന്നുണ്ട്. എന്നിരുന്നാലും ജൈനമതത്തിലെ ദേവന്മാർക്ക് ഒരു വ്യക്തിയുടെ മേൽ അധികാരമില്ല, അതുപോലെ കർമ്മ ബന്ധനത്തിൽ നിന്ന് സ്വയം മോചിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശമോ സഹായമോ അവർ നല്കുന്നുമില്ല.[2] പലയിടത്തും തീർത്ഥങ്കരന്മാരെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ പൊതു ഉപയോഗത്തിൽ ഇത് സ്വർഗ്ഗ നിവാസികളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇവർ നരക നിവാസികളെ (നരകി) പോലെ മാതാപിതാക്കളില്ലാതെ പ്രത്യേക കിടക്കകളിൽ തൽക്ഷണം ജനിക്കുന്നു.[3][4]

പാഴ്സിമതത്തിൽ ഏഴ് മുഖ്യ ദേവന്മാരെയും അവരുടെ പരിവാരങ്ങളെയും പറ്റി പ്രസ്താവിച്ചിരിക്കുന്നു. അമേഷ സ്പെന്തന്മാർ എന്ന പേരിലാണ് അവർ പൊതുവേ അറിയപ്പെടുന്നത്.

ഭാരതീയർക്ക് ദേവസദസ്സിന്റെ അധ്യക്ഷനായി ദേവേന്ദ്രനുള്ളതുപോലെ ഒളിമ്പസ്സിലെ ദേവസമൂഹത്തിന് അധിപനായി സ്യൂസ് ദേവൻ യവനർക്കുണ്ട്. സ്വർഗവും ഭൂമിയും പാതാളവും ഭരിക്കുന്ന ത്രിമൂർത്തികളാണ് സ്യൂസ്-പോസിഡോൺ, ഹെയ്ഡസ് ദേവന്മാർ. ഹെർക്കുലീസും യവനകഥകളിൽ നിറഞ്ഞുനില്ക്കുന്ന ദേവനാണ്. ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച ശേഷം അവരെ വണങ്ങാൻ തങ്ങളെ നിർബന്ധിച്ച ദൈവത്തോടു പകരം വീട്ടാനായി ചെകുത്താൻ പാമ്പിന്റെ രൂപം ധരിച്ച് ഏദൻ തോട്ടത്തിലെത്തി ആദത്തെക്കൊണ്ട് അറിവിന്റെ കനി തീറ്റിച്ച കഥ ബൈബിളിലുണ്ട്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads