എൻഡോസൾഫാൻ
From Wikipedia, the free encyclopedia
Remove ads
കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സംയുക്തമാണ് എൻഡോസൾഫാൻ. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻവിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്[1]. 2011 ഏപ്രിൽ 29 ന് സ്റ്റോക്‌ഹോം കൺവെൻഷന്റെ ഭാഗമായി സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന സമ്മേളനത്തിൽ എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഉന്നയിച്ച ഉപാധികളോടെ തീരുമാനമായി.[2][3][4] 2011 മെയ് 13നാണ് രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 2011 സെപ്തംബർ 30 ന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
Remove ads
ചരിത്രം
ഹെക്സക്ലോറോസൈക്ലോ എന്ന രാസവസ്തുവിൽ നിന്നും 1950 -ൽ ബേയർ ക്രോപ് സയൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത മാരകവിഷമായ ഇത് ആൾഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലോർ എന്നിവയ്ക്കു സമാനമായ ഒരു രാസവസ്തുവാണ്.
ബയർ ക്രൊപ്പ്സയൻസ്(Bayer CropScience), മക്തേഷിം അഗൻ(Makhteshim Agan), ഇന്ത്യാഗവൺമെന്റ് സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ്(Hindustan Insecticides Limited) എന്നിവരാണ് ഇതിന്റെ നിർമ്മാതാക്കൾ.
നാൾവഴി
- പൂർവ്വ 1950കൾ: എൻഡോസൾഫാൻ വികസിപ്പിച്ചെടുത്തു.
- 1954: ഹോക്സ്റ്റ് എ.ജി (ഇന്നത്തെ ബേയർ ക്രോപ്പ്സയൻസ്)ക്ക് അമേരിക്കൻ ഐക്യനാടുകളിൽ എൻഡോസൾഫാൻ ഉപയോഗിക്കാനുള്ള USDA അനുമതി ലഭിച്ചു.
- 2000: വീടുകളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത് അമേരിക്കയിലെ പരിസ്ഥിതിസംരക്ഷണ ഏജൻസി(ഇ.പി.എ) നിയന്ത്രണം ഏർപ്പെടുത്തി.
- 2001 ഫെബ്രുവരി 28: കാസർഗോഡുനിന്നും ആദ്യത്തെ എൻഡോസൾഫാൻ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അന്വേഷണം നടത്തുന്നു.
- 2001 ഓഗസ്റ്റ് 25: സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത് സർക്കാർ നിരോധിക്കുന്നു.[5]
- 2002: അമേരിക്കയിലെ മത്സ്യ-വന്യജീവി വകുപ്പ് എൻഡോസൾഫാൻ നിരോധിക്കാൻ ശുപാർശ ചെയ്തു.[6] ഭക്ഷ്യപദാർഥങ്ങളീലേയും ജലത്തിലേയും എൻഡോസൾഫാൻ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇ.പി.എ കണ്ടെത്തി. അമേരിക്കൻ മാർക്കറ്റിൽ തുടരാൻ അനുവദിച്ചു എങ്കിലും ഇ.പി.എ കൃഷിയിടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
- 2002 മാർച്ച്: കേരളത്തിലെ നിരോധനം നീക്കം ചെയ്യപ്പെടുന്നു. ആകാശമാർഗ്ഗം സ്‌പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിർത്തുന്നു.[5]
- 2002 ജൂലൈ: അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഒക്യൂപേഷണൽ ഹെൽത്ത് കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തം പഠനവിഷയമാക്കുന്നു.[5]
- 2002 ഓഗസ്റ്റ്: എൻഡോസൾഫാൻ പ്രശ്‌നം പഠിക്കാൻ കേന്ദ്രഗവൺമെന്റ് ഡുബെ (Dubey) കമ്മീഷനെ നിയോഗിക്കുന്നു.[5]
- 2002 ഓഗസ്റ്റ് 12: കേരള ഹൈക്കോടതി എൻഡോസൾഫാൻ കേരളത്തിൽ ഉപയോഗിക്കുന്നത് വിലക്കുന്നു (മറ്റ് വിപണനനാമങ്ങളിൽ ഉപയോഗിക്കുന്നതും).[5]
- 2002 മാർച്ച്: എൻഡോസൾഫാൻ ദോഷരഹിതമായ കീടനാശിനിയാണെന്ന് ഡുബെ കമ്മീഷൻ കേന്ദ്രഗവൺമെന്റിന് റിപ്പോർട്ട് നൽകുന്നു.[5]
- 2004 സെപ്‌തംബർ: എൻഡോസൾഫാൻ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ കേന്ദ്രഗവൺമെന്റ് നിയമിക്കുന്നു. സിഡി. മായി (CD Mayee) കമ്മീഷൻ .[5]
- 2004: ഡിസംബർ: എൻഡോസൾഫാൻ ദോഷരഹിതമാണെന്ന് മായീ കമ്മീഷൻ റിപ്പോർട്ട് നൽകുന്നു. (റിപ്പോർട്ട് ഔദ്യോഗിക രേഖയാണെന്ന പേരിൽ പുറത്തുവിട്ടില്ല).[5]
- 2007: എൻഡോസൾഫാൻ ഉപയോഗത്തിനും വിൽപ്പനയ്ക്കും അന്താരാഷ്ട്രതലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. റോട്ടർഡാം കൺവെൻഷനിൽ ഈ വിഷയം ഉൾപ്പെടുത്താൻ ശുപാർശ ചെയ്യപ്പെട്ടു. എൻഡോസൾഫാൻ നിരോധിക്കപ്പെട്ട രാസവസ്തുക്കളുടെ പട്ടികയിൽ ചേർക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.[5]
- 2008: ഒക്‌ടോബർ: റോട്ടർഡാം ഉടമ്പടിപ്പട്ടികയിൽ ഉൾപ്പെടുത്താൻ എൻഡോസൾഫാൻ പരിഗണിക്കപ്പെടുന്നത് ഇന്ത്യ തടയുന്നു.
- 2008-10: ഓസ്‌ട്രേലിയ ഉൾപ്പെടെ 73 രാജ്യങ്ങൾ എൻഡോസൾഫാൻ നിരോധിക്കുന്നു.
- 2010 ഒക്‌ടോബർ: ജനീവസമ്മേളനത്തിൽ ഇന്ത്യ എൻഡോസൾഫാനെ പിന്താങ്ങുന്നു.
- 2011 മെയ് 13 : രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധിച്ചു
- 2011 സെപ്തംബർ 30 : എൻഡോസൾഫാൻ ഇന്ത്യയിൽ പൂർണ്ണനിരോധനം സുപ്രീംകോടതി പ്രഖ്യാപിച്ചു. കെട്ടിക്കിടക്കുന്നവ ഉപാധികളോടെ കയറ്റുമതി ചെയ്യാൻ അനുവാദം നൽകി.
Remove ads
ഉപയോഗം
ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിലാണ് എൻഡോസൾഫാൻ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്. അതിനാൽ ദുരന്തങ്ങളും ഇവിടങ്ങളിലാണ് കൂടുതൽ. അമേരിക്കയിൽ നിന്നും ഏറ്റവുമധികം എൻഡോസൾഫാൻ കയറ്റിയയക്കുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കാണ്. ഈജിപ്‌ത്, മഡഗാസ്‌കർ, കസാഖ്സ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താൻ, സ്‌പെയിൻ, നിക്കരാഗ്വെ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക്, ഫിൻലാൻഡ് എന്നിവിടങ്ങളിലെ സ്ത്രീകളിലെ മുലപ്പാലിൽ എൻഡോസൾഫാൻ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.[7] മരണമുൾപ്പെടെയുള്ള ദുരന്തങ്ങൾ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീൻസ്, മാലി, ന്യൂസിലന്റ്, ടർക്കി, സെനിഗർ, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യൂറോപ്യൻ യൂണിയൻ, നിരവധി ഏഷ്യൻ രാജ്യങ്ങൾ,പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ 63 ലധികം രാജ്യങ്ങളിൽ എൻഡോസൾഫാൻ നിരോധിച്ചിട്ടുണ്ട്.[8]. മനുഷ്യർക്ക് ഹാനികരമായ രാസവസ്തു എന്ന നിലയ്ക്ക് അമേരിക്കയിൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻവലിക്കുകയും ചെയ്തു. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. ഇന്ത്യ , ബ്രസീൽ, എന്നീ രാജ്യങ്ങളിലാണ് ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്.
Remove ads
പരിസ്ഥിതി ഭീഷണി
ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.[9]
ഇന്ത്യയിൽ
എൻഡോസൾഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്[10]. എൻഡോസൾഫാന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നതും ഇന്ത്യൻ കമ്പനികളാണ്. എക്സൽ ക്രോപ് കെയർ, എച്ച്.ഐ.എൽ, കൊറമാണ്ടൽ ഫെർട്ടിലൈസേഴ്സ് എന്നിവയാണ് ഇന്ത്യയിലെ മുഖ്യ നിർമ്മാതാക്കൾ. ആഭ്യന്തര ആവശ്യത്തിനായി 4,500 ടണ്ണും കയറ്റുമതിക്കായി 4,000 ടണ്ണും ഉത്പാദിപ്പിക്കുന്നു.[11]. റോട്ടർഡാം,സ്റ്റോക്ഹോം കൺവെൻഷനുകളിൽ എൻഡോസൾഫാൻ വിഷയം ഉൾപ്പെടുത്തുന്നതിനെ ഇന്ത്യ ശക്തിയായി എതിർക്കുന്നു[12][13]. എൻഡോസൾഫാൻ കീടനാശിനി നിരോധിക്കുന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും, മനുഷ്യരിൽ എൻഡോസൾഫാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഇതുവരെ കണ്ടെത്തുവാനായിട്ടില്ലെന്നതുമാണ് ഈ കീടനാശിനിയെ നിരോധിക്കാത്തതിനു കാരണമായി ഇന്ത്യാ ഗവൺമെൻറ് ചൂണ്ടിക്കാട്ടിയിരുന്നത്.[14][15] .ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2011 സെപ്തംബർ 30 ന് സുപ്രീംകോടതി രാജ്യവ്യാപകമായി നിരോധിച്ചതായി പ്രഖ്യാപിച്ചു. നിലവിലുള്ളത് കർശന ഉപാധികളോടെ കയറ്റുമതി ചെയ്യാനും ഉത്തരവിറക്കി[16]
കേരളത്തിൽ
കേരളത്തിലെ കാസർഗോഡ് ജില്ലയിൽപ്പെട്ട ചില പ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളിൽ വ്യാപകമായി എൻഡോസൾഫാൻ ഉപയോഗിച്ചു വന്നിരുന്നു. 2001 ൽ ആ പ്രദേശത്തെ ശിശുക്കളിൽ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങൾ എൻഡോസൾഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയർന്നു[17][18]. ആദ്യഘട്ടത്തിൽ എൻഡോസൾഫാന്റെ ഉപയോഗം നിരോധിച്ചെങ്കിലും കീടനാശിനി വ്യവസായരംഗത്തെ കടുത്ത സമ്മർദ്ദത്തെ തുടന്ന് ഇത് പിൻവലിക്കുകയുണ്ടായി. ഭോപ്പാൽ വാതക ദുരന്തത്തിനു സാമ്യതപുലർത്തുന്ന ഒന്നായി കേരളത്തിലെ എൻഡോസൾഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു[19].2006 ൽ എൻഡോസൾഫാന്റെ ഉപയോഗഫലമായി മരണമടഞ്ഞ കേരളത്തിലെ 135 കുടുംബങ്ങളിലെ ആശ്രിതർക്ക് 50,000 രൂപവീതം സർക്കാർ വിതരണം ചെയ്യുകയുണ്ടായി. എൻഡോസൾഫാന്റെ ഇരകളായ വ്യക്തികളെ ചികിത്സിക്കുന്നതിനും അവർക്ക് ഭക്ഷണവും മറ്റു ആവശ്യവസ്തുക്കളും നൽകുന്നതിനും സർക്കാർ ഒരു പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ എൻഡൊസൾഫാൻ ദുരന്ത ബാധിതർക്ക് ഉറപ്പു നൽകി.[20]. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് 55 ലക്ഷം രൂപയുടെ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുകയുണ്ടായി[21]. കാസർകോഡ് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിൽ എൻഡോസൾഫാൻ മൂലം രോഗബാധിതരായവരുടെ സംരക്ഷണം ഗവൺമെന്റ് ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു[22]. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കേരളത്തിൽ എൻഡോസൾഫാന്റെ ഉപയോഗം 2010 നവംബർ 19 ന് നിരോധിക്കുകയുണ്ടായി . നിരോധനം ലംഘിക്കുന്നതു പരമാവധി ആറുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും വിജ്ഞാപനത്തിലുണ്ട് [23].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads