വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (ആംഗലേയം:GNU/Linux). 1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ്‌വെയർ ഭാഗങ്ങളും ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേർണലും ചേർന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേർണലും ചേർന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെർണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.

ചരിത്രം
മുൻഗാമികൾ

യുണൈറ്റഡ് സ്റ്റേറ്റ്സിലെ എടി&ടി(AT&T)യുടെ ബെൽ ലാബിൽ 1969-ൽ കെൻ തോംസൺ, ഡെന്നിസ് റിച്ചി, ഡഗ്ലസ് മക്ലിറോയ്, ജോ ഒസാന്ന എന്നിവർ ചേർന്നാണ് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വിഭാവനം ചെയ്ത് നടപ്പിലാക്കിയത്.[3] 1971-ൽ ആദ്യമായി പുറത്തിറക്കിയ യുണിക്സ്, അക്കാലത്തെ സാധാരണ രീതി പോലെ പൂർണ്ണമായും അസംബ്ലി ഭാഷയിലാണ് എഴുതിയത്. 1973-ൽ സി പ്രോഗ്രാമിംഗ് ഭാഷയിൽ ഡെന്നിസ് റിച്ചി (ചില ഹാർഡ്‌വെയറുകളും I/O റുട്ടീനുകളും ഒഴികെ) മാറ്റിയെഴുതി. യുണിക്‌സിന്റെ ഉന്നത ഭാഷാ നിർവഹണത്തിന്റെ ലഭ്യത വിവിധ കമ്പ്യൂട്ടർ പ്ലാറ്റ്‌ഫോമുകളിലേക്ക് അതിന്റെ പോർട്ടിംഗ് എളുപ്പമാക്കി.[4]
കമ്പ്യൂട്ടർ ബിസിനസ്സിൽ പ്രവേശിക്കുന്നതിൽ നിന്ന് നേരത്തെയുള്ള ഒരു ആന്റിട്രസ്റ്റ് കേസ് കാരണം, എടി&ടി ആവശ്യപ്പെടുന്ന ആർക്കും ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സോഴ്‌സ് കോഡിന് ലൈസൻസ് നൽകേണ്ടതുണ്ട്. തൽഫലമായി, യുണിക്സ് അതിവേഗം വളരുകയും അക്കാദമിക് സ്ഥാപനങ്ങളും ബിസിനസ്സുകളും വ്യാപകമായി സ്വീകരിക്കുകയും ചെയ്തു. 1984-ൽ, എടി&ടി ബെൽ ലാബ്‌സിൽ നിന്ന് സ്വയം പിൻവാങ്ങി; സൗജന്യ ലൈസൻസിംഗ് ആവശ്യമായ നിയമപരമായ ബാധ്യതയിൽ നിന്ന് മോചിതരായ ബെൽ ലാബ്സ് യുണിക്‌സ് ഒരു കുത്തക ഉൽപ്പന്നമായി വിൽക്കാൻ തുടങ്ങി, അവിടെ യൂണിക്‌സ് പരിഷ്‌ക്കരിക്കാൻ ഉപയോക്താക്കളെ നിയമപരമായി അനുവദിച്ചിരുന്നില്ല.
1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ സ്ഥാപിച്ച ഗ്നു എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന സോഫ്റ്റ്‌വെയറും ടൂളുകളുമാണ് ഇന്ന് ഗ്നൂ/ലിനക്സിൽ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറിൽ സിംഹഭാഗവും. ഗ്നു സംഘത്തിന്റെ മുഖ്യലക്ഷ്യം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് യുണിക്സ് പോലുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുന്നതായിരുന്നു. തൊണ്ണൂറുകളുടെ ആദ്യം തന്നെ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ആവശ്യമായ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകൾ എല്ലാം തന്നെ ഗ്നു സംഘം സ്വന്തമായി തയ്യാറാക്കിയിരുന്നു. ഒന്നൊഴികെ; ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഹാർഡ്‌വെയറുമായി സംവദിക്കുവാൻ ഉപയോഗിക്കുന്ന കെർണൽ എന്ന ഘടകം. ഗ്നു സ്വതന്ത്രമായി തന്നെ ഒരു കെർണൽ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്തു. ബെർക്കെലി യൂണിവേഴ്‌സിറ്റി നിർമ്മിച്ചെടുത്ത യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം ആയ ബി.എസ്.ഡിയുടെ കെർണൽ ഉപയോഗിക്കുവാനായിരുന്നു ഗ്നു സംഘത്തിന്റെ ആദ്യ തീരുമാനം. ബെർക്കെലിയിലെ പ്രോഗ്രാമർമാരുടെ നിസ്സഹകരണം മൂലം ഈ പദ്ധതി അവർക്ക് ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തമായി ഒരു കെർണൽ നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾ ഇതോടെ മന്ദമാവുകയും ചെയ്തു. എകദേശം ഇതേ കാലയളവിൽ, കൃത്യമായി 1991 -ൽ ലിനക്സ് എന്ന പേരിൽ മറ്റൊരു കെർണൽ, ലിനസ് ടോർവാൾഡ്സ് എന്ന ഫിൻലാഡുകാരൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി, ഹെൽസിങ്കി യൂണിവേഴ്‌സിറ്റിയിലെ പഠനവേളയിൽ പണിതീർത്തിരുന്നു. ഈ കേർണലും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയി ലഭ്യമായതോടെ ഒരു /ഓപ്പറേറ്റിംഗ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഭാഗങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറായി ലഭ്യമാണ്. ഇങ്ങനെ ഗ്നു നിർമ്മിച്ച ടൂളുകളും ലിനക്സ് എന്ന കേർണ്ണലും ചേർത്ത് ഗ്നു/ലിനക്സ് എന്ന പേരിൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ഹേർഡ് എന്ന പേരിൽ ഒരു പുതിയ മൈക്രോ കേർണൽ ഗ്നു സംഘം ഇപ്പൊഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഗ്നു/ഹേർഡ് അഥവാ പൂർണ്ണ ഗ്നു സിസ്റ്റം എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണ്ണമായി ഉപയോഗ്യമായിട്ടില്ലെങ്കിലും ഇപ്പോൾ ലഭ്യമാണു്.
പ്രാരംഭഘട്ടത്തിൽ ഗ്നു/ലിനക്സ് ഉപയോഗിച്ചിരുന്നതും മെച്ചപ്പെടുത്തിയിരുന്നതും ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായിരുന്നു. തുടർന്ന് പ്രധാന വിവരസാങ്കേതികദാതാക്കളായ ഐ.ബി.എം, സൺ മൈക്രൊസിസ്റ്റംസ്, ഹ്യൂലറ്റ് പക്കാർഡ്, നോവെൽ എന്നിവർ സെർവറുകൾക്കായി ഗ്നു/ലിനക്സിനെ തിരഞ്ഞെടുക്കുവാൻ തുടങ്ങി.
പ്രധാന ഘടകങ്ങൾ
ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രധാന ഘടകങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.
- കേർണൽ : ലിനക്സ്
- കമ്പൈലർ : ജി.സി.സി. ജി.ഡി.ബി തുടങ്ങിയവ
- കമ്പ്യൂട്ടർ ഭാഷ: സി, സി++, പൈതൺ, പേൾ തുടങ്ങി എല്ലാം.
- ഓഫീസ് സ്യൂട്ട് : ഓപ്പൺ ഓഫീസ്, കെ ഓഫീസ്, ഗ്നോം ഓഫീസ്, ലിബറൽ ഓഫീസ് തുടങ്ങിയവ
- ഡെസ്ക്ടോപ്പ് : ഗ്നോം, കെ.ഡി.ഇ., ഐസ് വിൻഡോ മാനേജർ , എക്സ്.എഫ്.സി.ഇ. തുടങ്ങിയവ
- ബ്രൌസർ: ഫയർഫോക്സ്, എപ്പിഫാനി, കോൺക്വറർ തുടങ്ങിയവ
ഈ ലിസ്റ്റ് പൂർണ്ണമല്ല.
ഗ്നു/ലിനക്സ് വിതരണക്കാർ
ഗ്നു/ലിനക്സ് ദാതാക്കൾ (ആംഗലേയം: Linux Distributions) എന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കൾക്ക് ആവശ്യമുള്ള, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൌണ്ടേഷന്റെയും മറ്റ് ദാതാക്കളുടെയും, സോഫ്റ്റ്‌വെയർ ഈ വിഭാഗക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് മുൻവിധികളോടെ ക്രമീകരിച്ചും, ലഭ്യമല്ലാത്ത സോഫ്റ്റ്‌വെയർ എളുപ്പം ഉപയോഗത്തിൽ വരുത്തുവാനും, ഉള്ളവ അപ്രകാരം തന്നെ പുതുക്കുവാനും ആവശ്യമായ ടൂളുകളും, നെറ്റ്‌വർക്കും അടിസ്ഥാനഘടകമായ ലിനക്സ് കെർണലിനൊപ്പം ലഭ്യമാക്കുന്നവരുമാണ്. പ്രധാന ഗ്നു/ലിനക്സ് ദാതാക്കളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു:
- റെഡ്ഹാറ്റ് എന്റർപ്രൈസ് ലിനക്സ് (Redhat Enterprise linux): റെഡ് ഹാറ്റ് എന്ന കമ്പനി പുറത്തിറക്കുന്നു
- ഫെഡോറ (Fedora): റെഡ്ഹാറ്റ് കമ്പനിയുടെ നേതൃത്വത്തിൽ ഉള്ള ഒരു കമ്യൂണിറ്റി പുറത്തിറക്കുന്നത്
- ഡെബിയൻ (Debian): ഒരു സാമൂഹ്യ ഉടമ്പടിയെ ആധാരമാക്കി ഡെബിയൻ സമൂഹം പുറത്തിറക്കുന്നത്
- ഉബുണ്ടു (Ubuntu): കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പിന്തുണയോടെ ഉബുണ്ടു സമൂഹം പുറത്തിറക്കുന്നത്. ഇത് ഡെബിയനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
- സ്യുസെ (SUSE)
- സ്ലാക്ക് വെയർ
ഉപയോഗിക്കപ്പെടുന്ന മേഖലകൾ
ഉപയോഗം കേരളത്തിൽ
ഐറ്റി അറ്റ് സ്കൂൾ പ്രൊജക്ട് ഇപ്പോൾ പൂർണ്ണമായും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. നിരവധി ഇ ഗവേണൻസ് പ്രൊജക്ടുകൾക്ക് ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.