ഗെയിം ഓഫ് ത്രോൺസ്
അമേരിക്കൻ ഫാന്റസി ടെലിവിഷൻ പരമ്പര From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്.എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയിലെ ആദ്യ നോവലിന്റെ പേരും ഗെയിം ഓഫ് ത്രോൺസ് എന്നായിരുന്നു. ഇത് 2011 ഏപ്രിൽ 17-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ HBO-യിൽ പ്രീമിയർ ചെയ്തു, എട്ട് സീസണുകളിലായി 73 എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തുകൊണ്ട് 2019 മെയ് 19-ന് സമാപിച്ചു.
സാങ്കൽപിക ഭൂഖണ്ഡങ്ങളായ വെസ്റ്ററോസും എസ്സോസും പശ്ചാത്തലത്തിൽ ചിത്രീകരിച്ച പരമ്പര പ്രധാനമായും മൂന്നു പ്രമേയങ്ങളുമായാണ് പുരോഗമിക്കുന്നത്. വെസ്റ്ററോസിന്റെ ഭരണം കൈയാളുന്ന ഇരുമ്പ് സിംഹാസനം കൈക്കലാക്കാൻ ശക്തരായ രാജകുടുംബങ്ങൾ തമ്മിലുള്ള മത്സരമാണ് ഒന്ന്. സിംഹാസനത്തിൽ നിന്ന് നിഷ്കാസാതനായ മുൻ രാജാവിന്റെ പിൻഗാമികൾ സിംഹാസനം വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ ആണ് രണ്ടാമത്തെ പ്രമേയം. വെസ്റ്ററോസിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി ഭൂഖണ്ഡത്തിന്റെ വടക്ക് നിന്ന് ഉയരുന്ന വെല്ലുവിളികളും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് മൂന്നാമത്തെ പ്രമേയം.
ഗെയിം ഓഫ് ത്രോൺസ് പരമ്പര ലോകമെങ്ങും റെക്കോർഡ് നിലവാരത്തിൽ ആരാധക വൃന്ദങ്ങളെ സൃഷ്ടിച്ചു. പരമ്പരയുടെ കഥ, സങ്കീർണമായ കഥാപാത്രങ്ങൾ, അഭിനയം, നിർമ്മാണ മൂല്യങ്ങൾ എന്നിവ നിരൂപക പ്രശംസ നേടി. എന്നാൽ നഗ്നത, അക്രമം എന്നിവയുടെ അതിപ്രസരം കടുത്തവിമർശനവും ക്ഷണിച്ചു വരുത്തി. ഗെയിം ഓഫ് ത്രോൺസ് ഇതുവരെ 38 പ്രൈം ടൈം എമ്മി അവാർഡുകൾ നേടിയിട്ടുണ്ട്. മറ്റൊരു പരമ്പരക്കും ഇതുവരെ സാധിക്കാത്ത ഒരു നേട്ടമാണിത്. 2015, 2016 വർഷങ്ങളിൽ നേടിയ വിശിഷ്ട നാടക പരമ്പര പട്ടങ്ങളും അതിൽ ഉൾപ്പെടുന്നു.
സീരിസിൻ്റെ രണ്ടാം ഭാഗം ഒരു പ്രീക്വൽ സീരീസായി ഹൗസ് ഓഫ് ദി ഡ്രാഗൺ എന്ന പേരിൽ 2022-ൽ HBO-യിൽ പ്രദർശിപ്പിച്ചു.
Remove ads
അഭിനേതാക്കളും കഥാപാത്രങ്ങളും

ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് ഗെയിം ഓഫ് ത്രോൺസിൽ ഉള്ളത്.[1] പരമ്പരയുടെ മൂന്നാം സീസണിൽ 257 അഭിനേതാക്കൾ പങ്കെടുത്തു.[2] 2014-ൽ നിരവധി നടീ നടന്മാരുടെ കരാറുകൾ പുനഃക്രമീകരിച്ചു.[3] 2016 ൽ വീണ്ടും കരാറുകൾ പുനർനിർമ്മാണം നടത്തുകയും, പ്രധാന അഞ്ച് അഭിനേതാക്കളുടെ ശമ്പളം അവസാന രണ്ടു സീസണുകളിൽ ഒരു എപ്പിസോഡിന് രണ്ടു ദശലക്ഷം ഡോളർ ആയി വർദ്ധിപ്പിക്കുകയും ചെയ്തു.[4][5] പരമ്പരയിലെ പ്രധാന താരനിര താഴെ കാണിച്ചിരിക്കുന്നു.[6]
ലോർഡ് എഡ്ഡാർഡ് "നെഡ്" സ്റ്റാർക്ക് (ഷോൺ ബീൻ) ഹൗസ് സ്റ്റാർക്കിൻറെ തലവനാണ്. ഈ കുടുംബത്തിലെ അംഗങ്ങൾ പരമ്പരയിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നു. നെഡ് സ്റ്റാർക്കിനും ഭാര്യ കാറ്റെലിൻ ടള്ളിക്കും (മിഷേൽ ഫെയർലി) അഞ്ചു മക്കളാണ് ഉള്ളത്. മൂത്തപുത്രനായ റോബ് (റിച്ചാർഡ് മാഡൻ), സാൻസ (സോഫി ടേണർ), ആര്യ (മെയ്സി വില്യംസ്), ബ്രാൻ (ഐസക് ഹെംപ്സ്റ്റഡ് റൈറ്റ്), ഏറ്റവും ഇളയ പുത്രൻ റിക്കോൺ (ആർട്ട് പാർക്കിൻസൺ). നെഡിന്റെ ജാരസന്തതിയായ മകൻ ജോൺ സ്നോ (കിറ്റ് ഹാരിങ്ടൺ), അദ്ദേഹത്തിന്റെ സുഹൃത്ത് സാംവെൽ ടാർളി (ജോൺ ബ്രാഡ്ലി) എന്നിവർ ലോർഡ് കമാൻഡർ ജോയർ മോർമോൺടിന്റെ (ജെയിംസ് കോസ്മോ) കീഴിലുള്ള നൈറ്റ്സ് വാച്ചിൽ സേവിക്കുന്നു. വാളിന് വടക്ക് ജീവിക്കുന്ന വൈൽഡ്ലിങ്സ് സംഘത്തിൽ ഗിലി (ഹന്നാ മുറെ), ടോർമുൻഡ് ജൈൻഡ്സ്ബേൻ (ക്രിസ്റ്റോഫർ ഹിജ്ജു), യിഗ്രിറ്റ് (റോസ് ലെസ്ലി) എന്നിവർ ഉൾപെടുന്നു.[7]
ഹൗസ് സ്റ്റാർക്കുമായി ബന്ധമുള്ള മറ്റുള്ളവർ നെഡ് എടുത്തു വളർത്തുന്ന തിയോൺ ഗ്രേജോയ് (ആൽഫീ അലൻ), പ്രജയായ റൂസ് ബോൾട്ടൺ (മൈക്കിൾ മക്എൽഹാറ്റൺ), അദ്ദേഹത്തിന്റെ ജാരസന്തതി റാംസീ സ്നോ (ഇവാൻ റിയോൺ) എന്നിവരാണ്. റോബ് യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ എത്തുന്ന താലിസ മെയ്ഗറുമായി (ഊന ചാപ്ലിൻ) പ്രണയത്തിലാകുന്നു. ആര്യ ഇരുമ്പുപണിക്കാരനായ ഗെൻഡ്രിയുമായും (ജോ ഡെംപ്സി) കൊലയാളിയായ ജാക്കെൻ ഹ’ഖാറുമായും ചങ്ങാത്തം സൃഷ്ടിക്കുന്നു. യോദ്ധാവ് ബ്രിയേൻ ഓഫ് താർത്ത് (ഗ്വെൻടോളിൻ ക്രിസ്റ്റി) കാറ്റെലിൻ ടള്ളിയെയും പിന്നീട് സാൻസയെയും സേവിക്കുന്നു.
കിങ്‌സ് ലാൻഡിങ്ങിൽ നെഡ്ഡിന്റെ സുഹൃത്ത് കിംഗ് റോബർട്ട് ബറാത്തിയോൺ (മാർക്ക് ആഡി) സെർസി ലാനിസ്റ്റർ (ലെന ഹീഡി) സ്‌നേഹരഹിതമായ ഒരു വിവാഹജീവിതം പങ്കെടുന്നു. സെർസി തന്റെ ഇരട്ട സഹോദരനായ "കിംഗ്‌സ്ലേയർ" ജെയ്മി ലാനിസ്റ്ററിനെ (നിക്കോളായ് കോസ്റ്റർ-വാൽഡൗ) സ്നേഹിക്കുന്നു. ഇളയ സഹോദരൻ, കുള്ളനായ ടിറിയോൺ ലാനിസ്റ്ററെ (പീറ്റർ ഡിൻക്ലേജ്) അവർ വെറുക്കുന്നു. ജോലിക്കാരി ഷെയ് (സിബെൽ കെക്കിലി), സെൽസ്വോർഡ് ബ്രോൺ (ജെറോം ഫ്ളിൻ) എന്നിവരാണ് ടിറിയോണിന്റെ അനുയായികൾ. സെർസിയുടെ പിതാവ് ലോർഡ് ടൈവിൻ ലാനിസ്റ്റർ (ചാൾസ് ഡാൻസ്) ആണ്. സെർസിക്ക് മൂന്നു മക്കളാണ് ഉള്ളത്: ജോഫ്രി (ജാക്ക് ഗ്ലീസൺ), ടോംമെൻ (ഡീൻ-ചാൾസ് ചാപ്മാൻ), എന്നീ ആൺമക്കളും മിർസെല്ല (ഐയ്മി റിച്ചാർഡ്സൺ, നെൽ ടൈഗർ ഫ്രീ) എന്ന മകളുമുണ്ട്. മുഖത്തു പൊള്ളിയ പാടുകളുള്ള സാൻഡോർ "ദി ഹൌണ്ട്" ക്ലെഗേൻ (റോറി മക് കാൻ ) എന്ന യോദ്ധാവ് ആണ് ജോഫ്രിയുടെ അംഗരക്ഷകൻ.
രാജാവിന്റെ സ്മാൾ കൗൺസിൽ അംഗങ്ങളിൽ മാസ്റ്റർ ഓഫ് കോയിൻ സൂത്രശാലിയായ ലോർഡ് പീറ്റർ "ലിറ്റിൽഫിംഗർ " ബെയ്ലിഷ് (എയ്ഡൻ ഗില്ലൻ), അപസർപ്പകൻ ലോർഡ് വാരീസ് (കോൺലെത്ത് ഹിൽ) എന്നിവർ ഉൾപെടുന്നു. റോബർട്ടിന്റെ സഹോദരനായ സ്റ്റാനിസ് ബറാത്തിയോൺ (സ്റ്റീഫൻ ഡില്ലൻ), ഉപദേഷ്‌ടാവായി വിദേശ പുരോഹിത മെലിസാൻഡ്രെ (കാരിസ് വാൻ ഹൗട്ടൻ), മുൻ കള്ളക്കടത്തുകാരനായ സെർ ഡാവോസ് സീവർത്ത് (ലിയാം കണ്ണിങാം) എന്നിവർ വർത്തിക്കുന്നു. സമ്പന്നരായ ടിറെൽ കുടുംബത്തെ സഭയിൽ പ്രതിനിധീകരിക്കുന്ന മാർജെറി ടിറെൽ (നേറ്റലി ഡോമർ). തലസ്ഥാനത്തെ ഒരു മതനേതാവാണ് ഹൈ സ്പാരോ (ജൊനാഥൻ പ്രൈസ്). തെക്കൻ പ്രവിശ്യയായ ഡോർണിലെ എല്ലാരിയ സാൻഡ് (ഇന്ദിര വർമ്മ) ലാനിസ്റ്റെർ കുടുംബത്തിനെതിരെ പ്രതികാരത്തിന് ഒരുങ്ങുന്നു.
നാരോ സീയുടെ മറുകരയിൽ റോബർട്ട് ബറാത്തിയോൺ അധികാരത്തിൽ നിന്ന് പുറംതള്ളിയ രാജകുടുംബത്തിലെ അവസാന കണ്ണികളായ വിസേറിസ് (ഹാരി ലോയ്ഡ്), ഡനേറിസ് ടാർഗറിയെൻ (എമിലിയ ക്ലാർക്ക്) എന്നിവർ നഷ്ടപ്പെട്ട സിംഹാസനം നേടിയെടുക്കാൻ ശ്രമം നടത്തുന്നു. നാടോടികളായ ദൊത്തറാക്കികളുടെ നേതാവായ ഖാൽ ദ്രോഗോയെ (ജേസൺ മോമോവ) ഡനേറിസ് വിവാഹം കഴിക്കുന്നു. ഡനേറിസിന്റെ അകമ്പടിക്കാരിൽ നാടുകടത്തപെട്ട യോദ്ധാവായ സെർ ജോറ മാർമോൺട് (ഇയാൻ ഗ്ലെൻ), സഹായി മിസ്സാൻഡേയി (നേറ്റലി ഇമ്മാനുവൽ), സെൽ സ്വോർഡ് ഡാരിയോ നഹാരിസ് (മൈക്കിൾ ഹൂയിസ്മാൻ) എന്നിവർ ഉൾപ്പെടുന്നു.
Remove ads
നിർമ്മാണം
ആശയഗ്രഹണവും വികാസവും

80 കൾ മുതൽ 90 കൾ വരെയുള്ള 10 വർഷക്കാലം ഞാൻ ഹോളിവുഡിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ ട്വിലൈറ്റ് സോൺ, ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് എന്നിവയുടെ നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ ഡ്രാഫ്റ്റുകൾ എല്ലാം വലുതോ വളരെ ചെലവേറിയതോ ആണെന്ന് തോന്നി. വെട്ടിച്ചുരുക്കുക എന്ന പ്രക്രിയയെ ഞാൻ എപ്പോഴും വെറുത്തിരുന്നു. ഞാൻ പറഞ്ഞു: “എനിക്ക് ഇത് മടുത്തു, ഞാൻ ആഗ്രഹിക്കുന്നത്ര വലിപ്പമുള്ള എന്തെങ്കിലും എഴുതാൻ പോവുകയാണ്, അത് ആയിരക്കണക്കിന് പേജുകൾ വലിപ്പമുള്ള കഥാപാത്രങ്ങൾ, വലിയ കോട്ടകൾ, യുദ്ധങ്ങൾ, ഡ്രാഗണുകൾ എന്നിവ അതിലുണ്ടാവും”
—ജോർജ്ജ് ആർ. ആർ. മാർട്ടിൻ, എഴുത്തുകാരൻ
2006 ജനുവരിയിൽ ഡേവിഡ് ബെനിയോഫ് ജോർജ് ആർ.ആർ. മാർട്ടിന്റെ ഏജന്റുമായി എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെക്കുറിച്ചു ഒരു ടെലിഫോൺ സംഭാഷണം നടത്തുകയുണ്ടായി. ഫാന്റസി നോവലുകൾ ഇഷ്ടമാണെങ്കിലും ഈ നോവലുകൾ വായിക്കാൻ അവസരം ലഭിച്ചില്ല എന്ന് ബെനിയോഫ് ഈ അവസരത്തിൽ അഭിപ്രായപ്പെട്ടു. തുടർന്ന് ഏജന്റ് പരമ്പരയിലെ ആദ്യ നാലു പുസ്‌തകങ്ങൾ ബെനിയോഫിന് അയച്ചുകൊടുത്തു.[8] ആദ്യ നോവലിന്റെ നൂറോളം പേജുകൾ വായിച്ച അദ്ദേഹം, ഡി. ബി. വെയ്സിനോട് ഈ അനുഭവം ആവേശപൂർവം പങ്കുവെക്കുകയും, മാർട്ടിന്റെ നോവലുകൾ ഒരു ടെലിവിഷൻ പരമ്പരയായി രൂപപ്പെടുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സാന്ത മോണിക ബൊളവാർഡിലെ ഒരു റെസ്റ്റോറന്റിൽ വച്ച്, ജോർജ് ആർ.ആർ. മാർട്ടിനുമായി നടന്ന അഞ്ച് മണിക്കൂർ നീണ്ട ഒരു കൂടികാഴ്ചക്കുശേഷം, അവർ ഈ ആവശ്യവുമായി എച്ച് ബി ഒ യെ സമീപിച്ചു.
ബെനിയോഫിനെയും വെയ്സിനെയും കണ്ടുമുട്ടുന്നതിന് മുൻപ് മറ്റ് തിരക്കഥാകൃത്തുകളുമായി സംസാരിച്ചിരുന്നു. എന്നാൽ ഇവരിൽ ഭൂരിഭാഗവും നോവൽ പരമ്പരയെ ഒരു ചലച്ചിത്രമായി നിർമ്മിക്കാൻ ആണ് ആഗ്രഹിച്ചത്. എന്നാൽ മാർട്ടിന്റെ അഭിപ്രായത്തിൽ ഇത് അസാധ്യമായിരുന്നു. പരമ്പരയിലെ നോവലുകളിൽ ഒന്ന് “ദ ലോർഡ് ഓഫ് റിങ്‌സിന്റെ” അത്രയും വലിപ്പമുള്ളതാണ് എന്നും, ദ ലോർഡ് ഓഫ് റിങ്‌സിന്റെ ചലച്ചിത്ര ആവിഷ്കരണം മൂന്ന് ഭാഗമായി ആണ് ഇറക്കിയത് എന്നും അഭിപ്രായപ്പെട്ടു.[9] ഇത്രയും ബ്രഹത്തായ നോവലുകൾ സിനിമയാക്കിയാൽ ഡസൻ കണക്കിന് കഥാപത്രങ്ങളെ ഒഴിവാക്കേണ്ടിവരുമെന്നു ബെനിയോഫ് അഭിപ്രായപ്പെട്ടു. “മാത്രമല്ല ഒരു പ്രമുഖ സ്റ്റുഡിയോ ഇത് ചലച്ചിത്രമാക്കുക ആണെങ്കിൽ തീർച്ചയായും ഒരു പി.ജി -13 റേറ്റിംഗ് ആവശ്യമായി വരും, അതായത് സെക്സ്, രക്തച്ചൊരിച്ചൽ, അസഭ്യ വാക്കുകൾ എന്നിവ ഇല്ല എന്നാണ് അർത്ഥം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[10]
2007 ജനുവരിയിൽ ഈ പരമ്പരയുടെ നിർമ്മാണം ആരംഭിച്ചു. എച് ബി ഒ നോവലുകളുടെ ടിവി അവകാശം സ്വന്തമാക്കി. ബെനിയാഫ്, വെയ്സ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും, മാർട്ടിൻ കോ-എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി. ഓരോ നോവലും ഓരോ സീസണിനായി നിർമ്മിക്കാനായിരുന്നു ഉദ്ദേശം. ഓരോ സീസണിലെയും ഒരു എപ്പിസോഡ് മാർട്ടിൻ രചിക്കുകയും മറ്റ് എപ്പിസോഡുകൾ ബെനിയോഫ്, വെയ്സ് എന്നിവർ രചിക്കും എന്നാണ് തീരുമാനിച്ചത്.[11] പിന്നീട് ജേൻ എസ്പൻസണും ബ്രയാൻ കോഗ്മാനും ആദ്യ സീസണിൽ ഓരോ എപ്പിസോഡുകൾ വീതം എഴുതി.[12]
ബെനിയാഫ്, വെയ്സ് എന്നിവർ ചേർന്ന് എഴുതിയ പൈലറ്റ് എപ്പിസോഡിന്റെ തിരകഥ ആഗസ്റ്റ് 2007 നും[13] തിരുത്തൽ നടത്തിയ പതിപ്പ് ജൂൺ 2008 ലും എച്ച് ബി ഒ ക്കു സമർപ്പിച്ചു.[14] രണ്ടു പതിപ്പുകളും ഇഷ്ടപ്പെട്ടു എങ്കിലും നവംബർ 2008 വരെ പൈലറ്റ് എപ്പിസോഡ് നിർമ്മിക്കാൻ ചാനൽ ആവശ്യപ്പെട്ടില്ല.[15][16] ഇതിന് ഒരു കാരണം 2007-2008 കാലത്തെ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക സമരമായിരിക്കാം. പൈലറ്റ് എപ്പിസോഡ്, "വിന്റർ ഈസ് കമിങ്", 2009 ൽ ചിത്രീകരിച്ചു, എന്നാൽ മോശം അഭിപ്രായത്തെ തുടർന്ന് ഈ എപ്പിസോഡ് വീണ്ടും ചിത്രീകരിക്കാൻ എച്ച് ബി ഒ ആവശ്യപ്പെട്ടു.[17][18]
പൈലറ്റ് നിർമ്മിക്കാൻ 5-10 ദശലക്ഷം ഡോളർ ചെലവ് കണക്കാക്കുന്നു. ആദ്യ സീസണിന്റെ ബജറ്റ് 50-60 ദശലക്ഷം ഡോളറായിരുന്നു. രണ്ടാം സീസണിൽ, "ബ്ലാക്ക് വാട്ടർ" എന്ന എപ്പിസോഡിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കാൻ ബജറ്റിൽ 15 ശതമാനം വർദ്ധനവ് വരുത്തി. 2012 നും 2015 നും ഇടയിൽ ഓരോ എപ്പിസോഡിന്റെയും ശരാശരി ബജറ്റ് 6 ദശലക്ഷം ഡോളറിൽ നിന്നു 8 ദശലക്ഷം ഡോളർ ആയി ഉയർന്നു. ആറാം സീസൺ ബജറ്റ് ഓരോ എപ്പിസോഡിനും 10 ദശലക്ഷം ഡോളർ ആയിരുന്നു, ഒരു സീസണിന്റെ മൊത്തം ചെലവ് 100 ദശലക്ഷം ഡോളറും.
ചിത്രീകരണം

ആദ്യ സീസണിലെ മുഖ്യ ചിത്രീകരണം ജൂലൈ 26, 2010 ന് ആരംഭിക്കാനാണ് ഉദ്ദേശിച്ചത്. വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിലെ പെയിന്റ് ഹാൾ സ്റ്റുഡിയോയായിരുന്നു പ്രധാന ലൊക്കേഷൻ.[19] വടക്കൻ അയർലണ്ടിലെ ബാഹ്യ ദൃശ്യങ്ങൾ മോർൺ മൗണ്ടൻസിലെ സാൻഡി ബ്രേ (വയെസ് ദൊദ്രക്), കാസിൽ വാർഡ് (വിന്റെർഫെൽ), സെയിന്റ്ഫീൽഡ് എസ്റ്റേറ്റ്സ് (വിന്റൽഫെൽ ഗോഡ്സ് വുഡ്), ടോലിമോർ ഫോറസ്റ്റ് (ഔട്ട്ഡോർ സീനുകൾ), കെയ്ൻ കാസിൽ (എക്സിക്യൂഷൻ സൈറ്റ്), മാഗെരമോൺ ക്വാറി (കാസിൽ ബ്ലാക്ക്), ഷെയ്ൻ കാസിൽ (ടൂർണി മൈതാനം) എന്നിവിടങ്ങളിൽ ചിത്രീകരിച്ചു.[20] തുടക്കത്തിൽ പരമ്പര മുഴുവനായും സ്‌കോട്ട്‌ലൻഡിൽ ചിത്രീകരിക്കാൻ ആയിരുന്നു ഉദ്ദേശം. എന്നാൽ സ്റ്റുഡിയോ സ്ഥലത്തിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ വടക്കൻ അയർലണ്ട് തീരുമാനിക്കുകയും ചെയ്തു.[21]
ആദ്യ സീസണിലെ തെക്കൻ ഭാഗത്ത് നടക്കുന്ന ദൃശ്യങ്ങൾ മാൾട്ടയിൽ ചിത്രീകരിച്ചു, പൈലറ്റ് എപ്പിസോഡിലെ മൊറോക്കൻ സെറ്റുകളിൽ നിന്നാണ് ഇത് മാറ്റപ്പെട്ടത്. മാൾട്ടയിലെ എംഡിന നഗരമാണ് കിങ്സ് ലാൻഡിങ് ചിത്രീകരിക്കാൻ ഉപയോഗിച്ചത്. ഫോർട്ട് മാനോവേൽ (സെപ്റ്റ് ഓഫ് ബെയ്‌ലോർ), ഗോസോ ദ്വീപിലെ അഷൂർ വിൻഡോ (ദോത്രാകി വിവാഹവേദി), സാൻ അന്റോൺ പാലസ്, ഫോർട്ട് റിക്കാസോലി, ഫോർട്ട് സെന്റ് ആഞ്ചലോ (എല്ലാം റെഡ് കീപ്പിലെ ദൃശ്യങ്ങൾ) എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

രണ്ടാമത്തെ സീസണിലെ തെക്കൻ ഭാഗത്ത് നടക്കുന്ന ദൃശ്യങ്ങൾ മാൾട്ടയിൽ നിന്ന് ക്രൊയേഷ്യയിലേക്ക് മാറ്റി. അവിടെ ഡുബ്രോവ്നിക് നഗരവും സമീപ പ്രദേശങ്ങളും മധ്യകാല നഗരമായ കിങ്സ് ലാൻഡിങ്ങിന്റെ പ്രതീതി ജനിപ്പിച്ചു. ഡുബ്രോവ്നികിന്റെയും ഫോർട്ട് ലോവ്റിജെനാക്കിന്റെയും മതിലുകൾ കിങ്സ് ലാൻഡിങ്ങിന്റെയും റെഡ് കീപ്പിലെയും ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ചു. ലോക്രം ദ്വീപ്, തീരദേശനഗരമായ ത്രോഗിറിലെ സെന്റ് ഡൊമിനിക് മോണാസ്‌ട്രി, റക്റ്റർ പാലസ്, ഡുബാക്ക് ക്വാറി എന്നിവ ക്വാർത്തിലെ ദൃശ്യങ്ങൾക്കായി ഉപയോഗിച്ചു. നോർത്ത് ഓഫ് വാളിന്റെ ദൃശ്യങ്ങൾ 2011 നവംബറിൽ ഐസ്ലാൻഡിൽ ചിത്രീകരിച്ചു.
മൂന്നാമത്തെ സീസൺ ചിത്രീകരണം ഡുബ്രോവ്നികിലേക്ക് തിരിച്ചുവരുന്നു, ഡുബ്രോവ്നിക്, ഫോർട്ട് ലോവ്റിജെനാക് എന്നിവ തുടർന്നും കിംഗ്സ് ലാൻഡിംഗ്, റെഡ് കീ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചു. കിംഗ്സ് ലാൻഡിംഗിലെ ടൈറൽസിന്റെ പൂന്തോട്ടമായി ട്രസ്തനോ അർബോറെട്ടം എന്ന പുതിയ ലൊക്കേഷൻ കണ്ടെത്തി. മൂന്നാം സീസണിൽ എസ്സോസിലുള്ള ഡനേറിസിന്റെ ദൃശ്യങ്ങൾ മൊറോക്കോയിൽ ചിത്രീകരിച്ചു.[22] 257 അഭിനേതാക്കൾ, 703 അണിയറപ്രവർത്തകർ ആറ് സംവിധാന ടീമുകൾ എന്നിവയടങ്ങുന്ന നിർമ്മാണ സംഘം മൂന്നു യൂണിറ്റുകളായി തിരിഞ്ഞ് ഒരേ സമയം ചിത്രീകരണം നടത്തി.
നാലാം സീസൺ ചിത്രീകരണവും ക്രൊയേഷ്യയിൽ തുടർന്നു. 136 ദിവസം നീണ്ട ചിത്രീകരണം 2013 നവംബർ 21 ന് അവസാനിച്ചു.[23] ബ്രിയേനും ഹൗണ്ടും തമ്മിലുള്ള പോരാട്ടം ഐസ്ലാൻഡിലെ തിൻവല്ലീർ നാഷണൽ പാർക്കിലാണ് ചിത്രീകരിച്ചത്. അഞ്ചാം സീസണിൽ ഡോർണിലെ രംഗങ്ങൾ സ്പെയിനിലെ സേവിയ്യ, കോർഡോബ എന്നിവിടങ്ങളിൽ ചിത്രീകരിച്ചു.[24] ആറാം സീസണിലെ ചിത്രീകരണം ക്രൊയേഷ്യയിലും[25] സ്പെയിനിലുമായി നടന്നു.[26] ഏഴാം സീസണിന്റെ ചിത്രീകരണം ബെൽഫാസ്റ്റിലെ ടൈറ്റാനിക് സ്റ്റുഡിയോയിൽ 2016 ആഗസ്റ്റ് 31 ന് ആരംഭിച്ചു. വടക്കൻ അയർലൻഡ്, ക്രൊയേഷ്യ, സ്പെയിൻ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി.[27]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads