ഗാസ്ട്രോ എന്ററൈറ്റിസ്

From Wikipedia, the free encyclopedia

Remove ads

ആമാശയത്തിനെയും ("ഗാസ്റ്റ്രോ"-) ചെറുകുടലിനെയും ("എന്ററോ"-) ബാധിക്കുന്ന കോശജ്വലനമാണ് ("-ഐറ്റിസ്") ഗാസ്ട്രോ എന്ററൈറ്റിസ് അല്ലെങ്കിൽ പകർച്ചവ്യാധിയായ വയറിളക്കം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വയറിളക്കം, ഛർദ്ദിൽ, വയറിൽ വേദന, കോച്ചിപ്പിടുത്തം[1] എന്നിവ ലക്ഷണങ്ങളാണ്. ഇതുമൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ഡീഹൈഡ്രേഷൻ (നിർജ്ജലീകരണം) എന്ന അവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇൻഫ്ലുവൻസയുമായി ബന്ധമൊന്നുമില്ലെങ്കിലും ഈ അസുഖത്തെ സ്റ്റൊമക് ഫ്ലൂ എന്നും ഗാസ്ട്രിക് ഫ്ലൂ എന്നും വിളിക്കാറുണ്ട്.

വസ്തുതകൾ ഗാസ്ട്രോ എന്ററൈറ്റിസ്, സ്പെഷ്യാലിറ്റി ...

ആഗോളതലത്തിൽ കുട്ടികൾക്കുണ്ടാകുന്ന ഗാസ്ട്രോ എന്ററൈറ്റിസിന്റെ പ്രധാന കാരണം റോട്ടാവൈറസ് എന്ന രോഗകാരിയാണ്.[2] മുതിർന്നവരിൽ, നോറോവൈറസ്[3] കാമ്പൈലോബാക്ടർ[4] എന്നിവയാണ് കൂടുതലായും അസുഖമുണ്ടാക്കുന്നത്. മറ്റു ബാക്ടീരിയകളും അവ ഉത്പാദിപ്പിക്കുന്ന ടോക്സിനുകളും പരാദജീവികളും ഈ അസുഖം അപൂർവ്വമായി ഉണ്ടാക്കാറുണ്ട്. സുരക്ഷിതമല്ലാതെയുണ്ടാക്കുന്ന ഭക്ഷണമോ മലിനജലമോ ഉള്ളിൽ ചെല്ലുന്നതിലൂടെയാണ് രോഗം പടരുന്നത്. രോഗബാധയുള്ളവരുമായി അടുത്തിടപഴകുന്നതും രോഗം പടരുന്നതിന് കാരണമാകും. ശുദ്ധജലം കുടിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക, ഫോർമുല ഭക്ഷണങ്ങൾ നൽകുന്നതിനു പകരം കുട്ടികൾക്ക് മുലപ്പാൽ നൽകുക എന്നിവ രോഗബാധ തടയാനുള്ള മാർഗ്ഗങ്ങളാണ്. സാനിറ്റേഷനിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും രോഗം പടരുന്നത് തടയാവുന്നതാണ്. കുട്ടികളിലെ ഗാസ്ട്രോ എന്ററൈറ്റിസ് റോട്ടാവൈറസ് വാക്സിനിലൂടെ തടയാവുന്നതാണ്.

നിർജ്ജലീകരണം ഒഴിവാക്കാനായി വെള്ളവും ലവണങ്ങളും നൽകുക എന്നതാണ് ചികിത്സ. താരതമ്യേന അപകടസാദ്ധ്യത കുറഞ്ഞ കേസുകളിൽ നിർജ്ജലീകരണം തടയുന്നതിന് ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഉപ്പും പഞ്ചസാരയും നിശ്ചിതാനുപാതത്തിൽ കലക്കിയ വെള്ളം) മാത്രം മതിയാകും. മുലയൂട്ടുന്ന കുട്ടികളിൽ ഇത് തുടരേണ്ടതാണ്. അപകടസാദ്ധ്യത കൂടിയ കേസുകളിൽ ഐ.വി. നൽകേണ്ടി വന്നേയ്ക്കാം. ചികിത്സയ്ക്ക് പൊതുവേ ആന്റീബയോട്ടിക്കുകൾ നൽകാവുന്നതല്ല. വികസ്വര രാജ്യങ്ങളിൽ അഞ്ഞൂറുകോടിയോളം ഗാസ്ട്രോ എന്ററൈറ്റിസ് കേസുകളുണ്ടാകുന്നുണ്ട്. ഇതുമൂലം വർഷം 14 ലക്ഷം പേർ മരിക്കുന്നുണ്ട്.

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads