ഗ്രീൻലാൻഡ്

From Wikipedia, the free encyclopedia

ഗ്രീൻലാൻഡ്
Remove ads

ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ഡെന്മാർക്കിനു കീഴിലുള്ള ഒരു സ്വയംഭരണ[13][14] ദ്വീപാണ്‌ ഗ്രീൻലാൻഡ് (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). കാനഡയുടെ വടക്ക്-കിഴക്കായാണ്‌ ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രതേകിച്ച് ഐസ്‌ലാൻഡ്, നോർവെ, ഡെന്മാർക്ക് എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. ഫറോ ദ്വീപുകൾക്കൊപ്പം ഡെന്മാർക്ക് രാജ്യത്തിനുള്ളിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളിലൊന്നായ ഇത് ഏറ്റവും വലിപ്പമുള്ള സ്വയംഭരണ പ്രദേശമാണ്. രണ്ട് പ്രദേശങ്ങളിലെയും പൗരന്മാർ ഡെൻമാർക്കിലെ പൂർണ്ണ പൗരന്മാരാണ്. ഗ്രീൻലാൻഡ് യൂറോപ്യൻ യൂണിയന്റെ വിദേശ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഭൂഭാഗങ്ങളിലൊന്നായതിനാൽ ഗ്രീൻലാൻഡിലെ പൗരന്മാർ യൂറോപ്യൻ യൂണിയൻ പൗരന്മാരാണ്.[15] ഗ്രീൻലാൻഡിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ന്യൂക് ആണ്.[16] കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന് കിഴക്കുവശത്തായി, ആർട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിലാണ് ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്നത്. 1979 ൽ ഗ്രീൻലാൻഡിന്‌ ഡെന്മാർക്ക് സ്വയംഭരണാവകാശം നൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീൻലാൻഡ്. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കരയുടെ സ്ഥാനവും ഇതാണ്. വടക്കൻ തീരത്തുള്ള കഫെക്ലബ്ബെൻ ദ്വീപ് ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള തർക്കമില്ലാത്ത കര പോയിന്റാണ്; 1960-കൾ വരെ പ്രധാന ഭൂപ്രദേശത്തുള്ള കേപ്പ് മോറിസ് ജെസപ്പ് അങ്ങനെയാണെന്ന് കരുതപ്പെട്ടിരുന്നു. ഗ്രീൻലാൻഡ് ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നില്ല.[17] സാമ്പത്തികമായി, ഗ്രീൻലാൻഡ് കോപ്പൻഹേഗനിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഇത് പ്രദേശത്തിന്റെ മൊത്തം പൊതു വരുമാനത്തിന്റെ പകുതിയോളം വരും.

വസ്തുതകൾ ഗ്രീൻലാൻഡ് Kalaallit Nunaat (Greenlandic)Grønland (Danish), Sovereign state ...

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണെങ്കിലും, ഗ്രീൻലാൻഡ് 986 മുതൽ ഒരു സഹസ്രാബ്ദത്തിലേറെയായി യൂറോപ്പുമായി (പ്രത്യേകിച്ച് കൊളോണിയൽ ശക്തികളായ നോർവേ, ഡെൻമാർക്ക്) രാഷ്ട്രീയമായും സാംസ്കാരികമായും ബന്ധപ്പെട്ടിരിക്കുന്നു.[18] കഴിഞ്ഞ 4,500 വർഷത്തിനിടയിൽ ഇടയ്ക്കിടെ ഗ്രീൻലാൻഡിൽ വസിച്ചിരുന്ന ധ്രുവപ്രദേശത്തുനു ചുറ്റുമുള്ള ജനതയുടെ പൂർവ്വികർ ഇന്നത്തെ കാനഡയിൽ നിന്ന് അവിടേക്ക് കുടിയേറിവരാണ്.[19][20] പത്താം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഗ്രീൻലാൻഡിന്റെ ജനവാസമില്ലാത്ത തെക്കൻ ഭാഗത്ത് നോർസുകളുടം അധിവാസം തുടങ്ങുകയും (മുമ്പ് ഐസ്‌ലൻഡിൽ സ്ഥിരതാമസമാക്കിയിരുന്നവർ), പതിമൂന്നാം നൂറ്റാണ്ടിൽ അവിടേയ്ക്ക് ഇന്യൂട്ടുകൾ എത്തുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡാനോ-നോർവീജിയൻ പര്യവേക്ഷകർ വീണ്ടും ഗ്രീൻലാൻഡിലെത്തി. 1814-ൽ ഡെൻമാർക്കും നോർവേയും വേർപിരിഞ്ഞപ്പോൾ, ഗ്രീൻലാൻഡ് ഡാനിഷ് രാജഭരണത്തിനു കീഴിലാകുകയും 1953-ൽ ഡെൻമാർക്കിന്റെ ഭരണഘടന പ്രകാരം ഗ്രീൻലാൻഡ് പൂർണ്ണമായും ഡെന്മാർക്കുമായി ലയിപ്പിച്ചതോടെ ഗ്രീൻലാൻഡിലെ ജനങ്ങൾ ഡെൻമാർക്ക് പൗരന്മാരായി മാറുകയും ചെയ്തു. 1979-ലെ ഗ്രീൻലാൻഡിക് ഹോം റൂൾ റഫറണ്ടത്തിൽ, ഡെൻമാർക്ക് ഗ്രീൻലാൻഡിന് സ്വയംഭരണം നൽകി. 2008-ലെ ഗ്രീൻലാൻഡിക് സ്വയംഭരണ റഫറണ്ടത്തിൽ, ഗ്രീൻലാൻഡുകാർ സ്വയംഭരണ നിയമത്തിന് അനുകൂലയമായി വോട്ട് ചെയ്തതോടെ ഡാനിഷ് സർക്കാരിൽ നിന്ന് പ്രാദേശിക നാലക്കേർസുയിസുട്ടിന് (ഗ്രീൻലാൻഡിക് ഗവൺമെന്റ്) കൂടുതൽ അധികാരം കൈമാറ്റം ചെയ്യപ്പട്ടു.[21] ഈ ഘടനയ്ക്ക് കീഴിൽ, ഗ്രീൻലാൻഡ് ക്രമേണ നിരവധി സർക്കാർ സേവനങ്ങളുടെയും കാര്യക്ഷമതയുള്ള മേഖലകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു. പൗരത്വം, ധനനയം, പ്രതിരോധം ഉൾപ്പെടെയുള്ള വിദേശകാര്യങ്ങൾ എന്നിവയുടെ നിയന്ത്രണം ഡാനിഷ് സർക്കാർ നിലനിർത്തുന്നു. ഗ്രീൻലാൻഡിൽ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും ഇന്യൂട്ട് വംശജരാണ്.[22] ആഗോളതാപനം മൂലമുള്ള മഞ്ഞുരുകൽ ഭീഷണി നേരിടുന്ന ഇവിടുത്തെ ധാതുസമ്പത്തിന്റെ സമൃദ്ധി, യൂറോപ്പ്, വടക്കേ അമേരിക്ക, ആർട്ടിക് മേഖല എന്നിവയ്ക്കിടയിലുള്ള തന്ത്രപ്രധാനമായ സ്ഥാനം എന്നിവയാൽ റഷ്യയും അമേരിക്കയും ഉൾപ്പെടെയുള്ള വൻശക്തികൾക്ക് താൽപ്പര്യമുള്ള ഇവിടെ യുഎസിന്റെ ഒരു സൈനിക താവളം (പിറ്റുഫിക് സ്പേസ് ബേസ്) നിലനിൽക്കുന്നു.[23][24]

ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, കാലാവസ്ഥ തുടങ്ങിയവയുടെ ശക്തമായ സ്വാധീനത്താൽ ഗ്രീൻലാൻഡിലെ ജനസംഖ്യ പ്രധാനമായും തെക്കുപടിഞ്ഞാറൻ തീരത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ദ്വീപിന്റെ ബാക്കി ഭാഗങ്ങളിൽ ജനസാന്ദ്രത തുലോം കുറവാണ്. ഗ്രീൻലാൻഡിന്റെ മുക്കാൽ ഭാഗവും അന്റാർട്ടിക്കയ്ക്ക് പുറത്തുള്ള സ്ഥിരമായ ഹിമപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. 56,583 (2022)[25] ജനസംഖ്യയുള്ള ഗ്രീൻലാൻഡ്, ലോകത്തിലെ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള പ്രദേശമാണ്.[26] അതിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ അറുപത്തിയേഴ് ശതമാനവും പ്രധാനമായും ജലവൈദ്യുതി പോലെയുള്ള പുനരുപയോഗ ഊർജ്ജത്തിൽ നിന്നാണ്.[27]

Remove ads

പദോൽപ്പത്തി

ആദ്യകാല നോർസ് കുടിയേറ്റക്കാരാണ് ദ്വീപിന് ഗ്രീൻലാൻഡ് എന്ന് പേരിട്ടത്. ഐസ്‌ലാൻഡിക് ഇതിഹാസങ്ങളിൽ പറയുന്നതു പ്രകാരം നോർവെക്കാരനായ എറിക് ദി റെഡ്, നരഹത്യാക്കുറ്റം ചുമത്തപ്പെട്ട പിതാവ് തോർവാൾഡിനൊപ്പം ഐസ്‌ലാൻഡിൽ നിന്ന് നാടുകടത്തപ്പെട്ടുവെന്നാണ്. വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്നതായി കേട്ടിട്ടുള്ള ഒരു മഞ്ഞുമൂടിയ ഭൂമി പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം തന്റെ വലിയ കുടുംബത്തോടും അടിമകളോടുമൊപ്പം കപ്പലുകളിൽ പുറപ്പെട്ടു. മഞ്ഞുമൂടിയി ദ്വീപിൽ വാസയോഗ്യമായ ഒരു പ്രദേശം കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കിയ ശേഷം, ഒരു മനോഹരമായ പേര് കുടിയേറ്റക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം അതിന് ഗ്രോൺലാൻഡ് ("ഗ്രീൻലാൻഡ്" എന്ന് വിവർത്തനം) എന്ന് പേരിട്ടു.[28][29][30] എറിക് ദി റെഡ് എന്ന ഇതിഹാസം പറയുന്നു. "വേനൽക്കാലത്ത്, എറിക് താൻ കണ്ടെത്തിയ പ്രദേശത്ത് സ്ഥിരതാമസമാക്കാനുറക്കുകയും അതിനെ അദ്ദേഹം ഗ്രീൻലാൻഡ് എന്ന് പേരിട്ടു വിളിച്ചു. കണ്ടെത്തിയ ഭൂമിയ്ക്ക് അനുകൂലമായ ഒരു പേരുണ്ടെങ്കിൽ ആളുകൾ അവിടേക്ക് ആകർഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു."[31] ഗ്രീൻലാൻഡിക് ഭാഷയിൽ ആ പ്രദേശത്തിന്റെ പേര് കലാലിത് നുനാത്ത് എന്നാണ്. കാലാലിതുകൾ പ്രദേശത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വസിക്കുന്ന ഗ്രീൻലാൻഡിക് ഇന്യൂട്ടുകളുടെ ഒരു കൂട്ടമാണ്.

Remove ads

ചരിത്രം

എഴുതപ്പെട്ട ചരിത്രവിവരണങ്ങൾക്ക് മുൻപ് പാലിയോ-എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള ഫ്യോർഡുകളിൽ ഐസ്‌ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടർന്നുവെങ്കിലും 1400 കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. [32]

ആദ്യകാല പാലിയോ-ഇന്യൂട്ട് സംസ്കാരങ്ങൾ

Thumb
ഇൻഡിപെൻഡൻസ് ഫ്‌ജോർഡിന് ചുറ്റുമുള്ള ഇൻഡിപെൻഡൻസ് I, ഇൻഡിപെൻഡൻസ് II സംസ്കാരങ്ങളുടെ മേഖലകൾ.

പുരാവസ്തു കണ്ടെത്തലുകളിലൂടെ അറിയപ്പെടുന്ന നിരവധി പാലിയോ-ഇന്യൂട്ട് സംസ്കാരങ്ങൾക്ക് ആവാസ കേന്ദ്രമായിരുന്നു ചരിത്രാതീത കാലഘട്ടത്തിൽ ഗ്രീൻലാൻഡ്. പാലിയോ-ഇന്യൂട്ട് ജനത ഗ്രീൻലാൻഡിലേക്ക് ആദ്യമായി പ്രവേശിച്ചത് ബിസി 2500-ഓടെയാണെന്ന് കരുതപ്പെടുന്നു. ബിസി 2500 മുതൽ ബിസി 800 വരെയുള്ള കാലത്ത് തെക്കൻ, പടിഞ്ഞാറൻ ഗ്രീൻലാൻഡിൽ സഖാഖ് സംസ്കാരം അധിവസിച്ചിരുന്നു. ആ കാലഘട്ടത്തിലെ അവശിഷ്ടങ്ങളുടെ ഭൂരിഭാഗവും സംസ്കാരത്തിന് പേരിട്ടിരിക്കുന്ന സഖാഖ് സ്ഥലം ഉൾപ്പെടെയുള്ള ഡിസ്കോ ഉൾക്കടലിനു ചുറ്റുമാണ്.[33][34]

ബിസി 2400 മുതൽ ബിസി 1300 വരെയുള്ള കാലത്ത്, വടക്കൻ ഗ്രീൻലാൻഡിൽ ഇൻഡിപെൻഡൻസ് I സംസ്കാരം നിലനിന്നിരുന്നു. ഇത് ആർട്ടിക് ചെറുകിട ഉപകരണ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു.[35][36][37] ഡെൽറ്റെറാസെർൻ ഉൾപ്പെടെയുള്ള പട്ടണങ്ങൾ ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു. ബിസി 800-ഓടെ, സഖാഖ് സംസ്കാരം അപ്രത്യക്ഷമാകുകയും, പടിഞ്ഞാറൻ ഗ്രീൻലാൻഡിൽ ആദ്യകാല ഡോർസെറ്റ് സംസ്കാരവും വടക്കൻ ഗ്രീൻലാൻഡിൽ ഇൻഡിപെൻഡൻസ് II സംസ്കാരവും ഉയർന്നുവരുകയും ചെയ്തു.[38] ഡോർസെറ്റ് ജനത പിൽക്കാല തുലെ ജനതയെ എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടോ എന്ന കാര്യം അവ്യക്തമാണ്. ഡോർസെറ്റ് സംസ്കാരത്തിലെ ആളുകൾ പ്രധാനമായും തിമിംഗലങ്ങളെയും റെയിൻഡിയറുകളെയും വേട്ടയാടിയാണ് ജീവിച്ചിരുന്നത്.[39][40][41][42]

നോർസ് കുടിയേറ്റ കേന്ദ്രം

986 മുതൽ, എറിക് ദി റെഡ് നയിച്ച 14 ബോട്ടുകളുടെ ഒരു സംഘത്തിലൂടെ, ഐസ്‌ലാൻഡുകാരും നോർവീജിയക്കാരും പടിഞ്ഞാറൻ തീരത്ത് താമസമാക്കി. ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ അറ്റത്തിനടുത്തുള്ള ഫ്ജോർഡുകളിൽ അവർ കിഴക്കൻ സെറ്റിൽമെന്റ്, പടിഞ്ഞാറൻ സെറ്റിൽമെന്റ്, മധ്യ സെറ്റിൽമെന്റ് എന്നിങ്ങനെ മൂന്ന് വാസസ്ഥലങ്ങൾ രൂപീകരിച്ചു.[43][44] വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങൾ കൈവശപ്പെടുത്തിയിരുന്ന പിൽക്കാല ഡോർസെറ്റ് സംസ്കാര നിവാസികളുമായും പിന്നീട് വടക്ക് നിന്ന് പ്രവേശിച്ച തുലെ സംസ്കാരത്തിൽ പെട്ടവരുമായും അവർ ദ്വീപ് പങ്കിട്ടു. 1261-ൽ നോർവേ രാജ്യത്തിന്റെ കീഴിലുള്ള നോർവീജിയൻ ഭരണത്തിന് നോർവീജിയൻ ഗ്രീൻലാൻഡുകാർ കീഴടങ്ങി.[45] 1380-ൽ നോർവേ രാജ്യം ഡെൻമാർക്കുമായി ഒരു വ്യക്തിഗത യൂണിയനിൽ പ്രവേശിക്കുകയും 1397 മുതൽ ഇത് കൽമാർ യൂണിയന്റെ ഭാഗമായിരിക്കുകയും ചെയ്തു.[46]

നൂറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിച്ച ബ്രാറ്റാഹ്ലിഡ് പോലുള്ള നോർസ് വാസസ്ഥലങ്ങൾ പതിനഞ്ചാം നൂറ്റാണ്ടിൽ, ഒരുപക്ഷേ ചെറിയ ഹിമയുഗത്തിന്റെ തുടക്കത്തിൽ അപ്രത്യക്ഷമായി.[47] ചില റൂണിക് ലിഖിതങ്ങൾ ഒഴികെ, നോർസ് അധിവാസ കേന്ദ്രങ്ങളിൽ നിന്ന് നിലനിൽക്കുന്ന ഒരേയൊരു സമകാലിക രേഖകൾ അല്ലെങ്കിൽ ചരിത്രരചനകൾ ഐസ്‌ലാൻഡുമായോ നോർവേയുമായോ ഉള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ളതാണ്. മധ്യകാല നോർവീജിയൻ ഇതിഹാസങ്ങളും ചരിത്രകൃതികളും ഗ്രീൻലാൻഡിന്റെ സമ്പദ്‌വ്യവസ്ഥയെയും ഗാർഡറിലെ ബിഷപ്പുമാരെയും നികുതി ശേഖരണത്തെയും കുറിച്ച് പരാമർശിക്കുന്നു. കൊനുങ്സ് സ്കുഗ്ഗ്സ്ജാ (രാജാവിന്റെ കണ്ണാടി) യിലെ ഒരു അദ്ധ്യായം നോർസ് ഗ്രീൻലാൻഡിന്റെ കയറ്റുമതി, ഇറക്കുമതി, ധാന്യകൃഷി എന്നിവയെക്കുറിച്ച് വിവരിക്കുന്നു.

ഗ്രീൻലാൻഡിലെ ജീവിതത്തെക്കുറിച്ചുള്ള ഐസ്‌ലാൻഡിക് ഇതിഹാസ വിവരണങ്ങൾ പതിമൂന്നാം നൂറ്റാണ്ടിലും അതിനുശേഷവും രചിക്കപ്പെട്ടവയായതിനാൽ, അവ ആദ്യകാല നോർസ് ഗ്രീൻലാൻഡിന്റെ ചരിത്രത്തിന്റെ പ്രാഥമിക ഉറവിടങ്ങളല്ല.[48] നോർസ് ഗ്രീൻലാൻഡിന്റെ പിൽക്കാല വിവരണങ്ങളുമായി ഈ പ്രാഥമിക വിവരണങ്ങൾ കൂടുതൽ സാമ്യത പുലർത്തുന്നു. ആധുനിക ധാരണ പ്രധാനമായും പുരാവസ്തു സ്ഥലങ്ങളിൽ നിന്നുള്ള ഭൗതിക ഡാറ്റയെ ആശ്രയിച്ചിരിക്കുന്നു. ഐസ്-കോർ, ക്ലാം-ഷെൽ ഡാറ്റ എന്നിവയുടെ വ്യാഖ്യാനം സൂചിപ്പിക്കുന്നത് AD 800 നും 1300 നും ഇടയിൽ തെക്കൻ ഗ്രീൻലാൻഡിലെ ഫ്‌ജോർഡുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ താരതമ്യേന സൗമ്യമായ കാലാവസ്ഥയായിരുന്നുവെന്നും വടക്കൻ അറ്റ്ലാന്റിക്കിലെ സാധാരണയുള്ളതിൽനിന്ന് നിരവധി ഡിഗ്രി സെൽഷ്യസ് ചൂട് കൂടുതലായിരുന്നതിനാൽ,[49] മരങ്ങളും സസ്യസസ്യങ്ങളും വളരുകയും കന്നുകാലികളെ വളർത്തുകയും ചെയ്തിരുന്നുവെന്നാണ്. ബാർലി ഒരു വിളയായി വളർത്തിയിരുന്നു.[50] കഴിഞ്ഞ 100,000 വർഷത്തിനിടയിൽ ഗ്രീൻലാൻഡിൽ പലതവണ നാടകീയമായ താപനില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഐസ് കോറുകൾ സൂചിപ്പിക്കുന്നു.[51] അതുപോലെ ശൈത്യകാലത്തെ ക്ഷാമങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഐസ്‌ലാൻഡിക് ബുക്ക് ഓഫ് സെറ്റിൽമെന്റ്‌സിൽ, "വൃദ്ധരും നിസ്സഹായരുമായവരെ കൊന്ന് പാറക്കെട്ടുകളിലേക്ക് വലിച്ചെറിഞ്ഞു" എന്നു വിവരിക്കുന്നു.[52]

14-ാം നൂറ്റാണ്ടിലും 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ നോർസ് വാസസ്ഥലങ്ങൾ ക്രമേണ് അപ്രത്യക്ഷമായി.[53] വെസ്റ്റേൺ സെറ്റിൽമെന്റിന്റെ അപ്രത്യക്ഷമാകൽ വേനൽക്കാല-ശീതകാല താപനിലയിലെ കുറവുമായി ഒത്തുപോകുന്നു. ലിറ്റിൽ ഹിമയുഗത്തിലെ വടക്കൻ അറ്റ്ലാന്റിക് സീസണൽ താപനിലയിലെ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു പഠനം വ്യക്തമാക്കുന്നത് 14-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പരമാവധി വേനൽക്കാല താപനിലയിൽ ഗണ്യമായ കുറവ് കാണിച്ചുവെന്നാണ് - അതായത് ആധുനിക വേനൽക്കാല താപനിലയേക്കാൾ 6 മുതൽ 8 °C (11 മുതൽ 14 °F) വരെ താപനിലയിൽ കുറവ് സംഭവിച്ചു.[54] കഴിഞ്ഞ 2,000 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശൈത്യകാല താപനില 14-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണെന്നും ഈ പഠനം കണ്ടെത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യം വരെയുള്ള കാലത്തെ, ശൈത്യകാലത്ത് കിഴക്കൻ കുടിയേറ്റം ഉപേക്ഷിക്കപ്പെട്ടിരിക്കാം.

1920-കളിൽ നോർസ് കുടിയേറ്റ കേന്ദ്രമായിരുന്ന ഹെർജോൾഫ്‌സ്‌നെസിൽ നടന്ന പുരാവസ്തു ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സിദ്ധാന്തങ്ങൾ പ്രകാരം, ഈ കാലഘട്ടത്തിലെ മനുഷ്യ അസ്ഥികളുടെ അവസ്ഥ സൂചിപ്പിക്കുന്നത് നോർസ് ജനത പോഷകാഹാരക്കുറവുള്ളവരായിരുന്നു എന്നാണ്. കൃഷി, പുൽത്തകിടി വെട്ടിവെളുപ്പിക്കൽ, മരം മുറിക്കൽ എന്നീ പ്രവർത്തികളിലൂടെ നോർസുകൾ പ്രകൃതിദത്ത സസ്യങ്ങൾ നശിപ്പിച്ചതിന്റെ ഫലമായുണ്ടായ മണ്ണൊലിപ്പ് കാരണമാകാം ഇത്. പകർച്ചവ്യാധിയായ പ്ലേഗ് മൂലമുള്ള വ്യാപകമായ മരണങ്ങളും പോഷകാഹാരക്കുറവിന്റെ ഫലമായിരിക്കാം.[55] ചെറിയ ഹിമയുഗത്തിലെ താപനിലയിലുണ്ടായ കുറവ്; സ്ക്രോലിംഗുകളുമായുള്ള സായുധ സംഘട്ടനങ്ങൾ (ഇന്യൂട്ടിനുള്ള നോർസ് പദം, "ദുഷ്ടന്മാർ" എന്നർത്ഥം[56]) എന്നിവയും ഇവരുടെ വ്യാപകമായ മരണത്തിന് ഹേതുവാണ്. നോർസ് കോളനിവൽക്കരണം സസ്യജാലങ്ങളിൽ നാടകീയമായ പ്രതികൂല പാരിസ്ഥിതിക സ്വാധീനം ചെലുത്തിയെന്ന പൊതു അനുമാനത്തെ സമീപകാല പുരാവസ്തു പഠനങ്ങൾ ഒരു പരിധിവരെ വെല്ലുവിളിക്കുന്നു. എന്നാൽ നോർസുകളുടെ മണ്ണ് പരിപോഷണ ഉപായങ്ങളുടെ സൂചനകളെ ഡാറ്റ പിന്തുണയ്ക്കുന്നു.[57] ഗ്രീൻലാൻഡിൽ നിന്നുള്ള ഏറ്റവും വിലയേറിയ കയറ്റുമതിയായ വാൽറസ് ദന്തത്തിന്റെ[58] വില ഉയർന്ന നിലവാരമുള്ള മറ്റ് സ്രോതസ്സുകളിൽനിന്നുള്ള കൊമ്പുകളുടെ മത്സരം കാരണം കുറഞ്ഞതും, കൂടാതെ പട്ടിണിയോ ബുദ്ധിമുട്ടുകളോ ഉള്ളതിന് തെളിവുകൾ കുറവായിരുന്നതിനാലും പതിനഞ്ചാം നൂറ്റാണ്ടിൽ ഏകദേശം 2,500 ൽ കൂടുതൽ ഉണ്ടായിരുന്ന നോർസ് ജനത ക്രമേണ ഗ്രീൻലാൻഡ് അധിവാസ കേന്ദ്രങ്ങൾ ഉപേക്ഷിച്ചതെന്ന് കൂടുതൽ സമീപകാല തെളിവുകൾ സൂചിപ്പിക്കുന്നു.[59]

Remove ads

ഭൂമിശാസ്ത്രവും കാലാവസ്ഥയും

Thumb
ഗ്രീൻലാൻഡിന്റെ ഭൂപടം.

ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബാഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ്‌ ഏറ്റവും അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ്‌ ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്‌.

Thumb
ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ തീരം

ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്‌. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും.[60] 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌. 3,694 മീറ്റർ (12,119 അടി) ഉയരമുള്ള ഗൺജൊം ആണ്‌ ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.

ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.[61] സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ്‌ തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.

എല്ലാ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേർന്നാണ്‌ സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്. ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴിൽ ഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കൻ ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്‌.

കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോർത്ത് ഐസ്, നൊർത്ത് ജി.ആർ.ഐ.പി. ക്യാമ്പ്, റാവെൻ സ്കൈ വേ എന്നിവ അവയിൽപ്പെട്ടതാണ്‌. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോർഗെൻ ബ്രോണ്ട്‌ലണ്ട് ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.

Thumb
ഗ്രീൻലാൻഡിന്റെ തെക്ക് നാനോർതാലികിൽ നിന്നുള്ള ദൃശ്യം, ഈ ഭാഗത്താണ് ജോർഡുകളും പർവ്വതങ്ങളും കൂടുതലുള്ളത്.

ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷം വളരെ വരണ്ടതാണ്‌, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ [62] കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads