ഹാനോയ്
From Wikipedia, the free encyclopedia
Remove ads
ഹാനോയ് (/hæˈnɔɪ/[2] or US: /həˈnɔɪ/; Vietnamese: Hà Nội [ha˨˩ nɔj˩] ⓘ)[3] വിയറ്റ്നാമിന്റെ തലസ്ഥാനവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമാണ്. 2009-ലെ കണക്കുകൾ പ്രകാരം ഹാനോയ് നഗരപ്രദേശത്തെ ജനസംഖ്യ 26 ലക്ഷവും[4] മെട്രോ പ്രദേശത്തെ ജനസംഖ്യ എഴുപത് ലക്ഷവുമാണ്.[5]
1010 മുതൽ 1802 വരെ വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കേന്ദ്രമായിരുന്നു ഈ നഗരം. ൻഗുയെൻ (Nguyễn) രാജവംശത്തിന്റെ ഭരണകാലത്ത് (1802-1945) ഹ്യൂയേ നഗരം ആയിരുന്നു വിയറ്റ്നാമിന്റെ തലസ്ഥാനം, 1902 മുതൽ 1954 വരെ ഫ്രഞ്ച് ഇന്തോചൈനയുടെ തലസ്ഥാനമായ ഹാനോയ് പിന്നീട് വടക്കൻ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്നു, വിയറ്റ്നാം യുദ്ധത്തിനുശേഷം 1976-ൽ ഏകീകൃതവിയറ്റ്നാം തലസ്ഥാനമായി ഹാനോയ് മാറി.
വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമായ ഹോ ചി മിൻ നഗരത്തിന് 1760 കിലോമീറ്റർ വടക്കായും ഹൈ ഫോംഗ് നഗരത്തിന് 120 കിലോമീറ്റർ പടിഞ്ഞാറായും സോങ് ഹോങ് നദീതീരത്താണ് ഹാനോയ് സ്ഥിതിചെയ്യുന്നത്.
Remove ads
മറ്റു പേരുകൾ
ഈ നഗരം പല പേരുകളിൽ അറിയപ്പെട്ടിരുന്നു. ഹാനോയ് നഗരത്തിന് ചൈനീസ് ആധിപത്യകാലത്ത് ലോങ് ബിയെൻ, ലോങ് ഡോ, 866-ൽ ദൈ ലാ, ലെ രാജവംശത്തിന്റെ ഭരണകാലത്ത് ഡോങ് കിൻഹ് എന്നീ പേരുകളുണ്ടായിരിന്നു.
ചരിത്രം
3000 ബി.സി മുതൽ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
ഭൂമിശാസ്ത്രം
ചൈനയിലെ യുനാൻ പ്രവിശ്യയിലെ മലനിരകളിൽ നിന്നാരംഭിച്ച് തെക്കു കിഴക്കായി വിയറ്റ്നാമിലൂടെ ടോൺകിൻ ഉൾക്കടലിലേക്ക് ഒഴുകിയെത്തുന്ന സോങ് ഹോങ് നദിയുടെ (റെഡ് റിവർ) തീരത്ത്, ഉൾക്കടലിൽ നിന്നും 90 കിലോമീറ്റർ ഉള്ളോട്ടായിട്ടാണ് ഹാനോയ് നഗരം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും ശാരാശരി അഞ്ചു മുതൽ ഇരുപത് മീറ്റർ വരെ ഉയരത്തിലായി കിടക്കുന്ന ഹാനോയിയുടെ വടക്കും പടിഞ്ഞാറും മലകളും കുന്നുകളുമാണ്. അതുകൊണ്ടുതന്നെ ഭൂപ്രദേശത്തിന്റെ ചെരിവ് വടക്കുനിന്ന് തെക്കോട്ടും പടിഞ്ഞാറുനിന്ന് കിഴക്കോട്ടുമാണ്.

കാലാവസ്ഥ
ഇവിടത്തെ കാലാവസ്ഥയെ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥ എന്നു തരംതിരിച്ചിരിക്കുന്നു. (കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Cwa).[6] 4 ഋതുക്കളുമുള്ള വടക്കൻ വിയറ്റ്നാമീസ് കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.[7]ചൂടും ഉയർന്ന ആർദ്രതയുമുള്ളതും ധാരാളം മഴ ലഭിക്കുന്നതുമായ വേനൽക്കാലം മേയ് മുതൽ ആഗസ്റ്റ് വരെയും [7]ശരദ്കാലം സെപ്തംബർ മുതൽ ഒക്ടോബർ വരെയും [7]മഞ്ഞുകാലം - നവംബർ മുതൽ ജനുവരി വരെയും അനുഭവപ്പെടുന്നു
ശാരാശരി 1,680 മില്ലിമീറ്റർ (5.5 അടി)മഴ ലഭിക്കുന്നതിൽ ഭൂരിഭാഗവും മേയ് മുതൽ സെപ്തംബർ വരെയാണ്
Remove ads
നഗരക്കാഴ്ചകൾ
നഗരമധ്യത്തിലായിട്ടാണ് ഹോ ചിമിൻ മ്യൂസിയം, ഹോചിമിൻ മൗസോളിയം, പ്രസിഡൻഷിയൽ പാലസ്, ഹോചിമിന്നിന്റെ ഭവനം, ഒറ്റത്തൂൺ പഗോഡ എന്നിവയടങ്ങുന്ന വിസ്തൃതമായ വളപ്പ്. ഇന്തോചൈനയുടെ ഫ്രഞ്ചു ഗവർണർക്കു വേണ്ടി 1906 -ൽ പണികഴിപ്പിക്കപ്പെട്ടതാണ്, പ്രസിഡൻഷിയൽ പാലസ്. എന്നാൽ മുപ്പതു മുറികളുള്ള ഈ വിശാലമായ കൊട്ടാരം ദരിദ്രജനതയുടെ നേതാവായ തനിക്ക് ചേർന്നതല്ലെന്ന് ഹോചി മിൻ പ്രഖ്യാപിച്ചു. അദ്ദേഹത്തിനായി പിന്നീട് തൂണുകളിൽ കെട്ടി ഉയർത്തിയ ലളിതമായ ഭവനം (ഹൗസ് ഓൺ സ്റ്റിൽറ്റ്സ്) പണിയപ്പെട്ടു.

ഹോചി മിൻ ശവകുടീരം
ഹോ ചി മിനിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് ഇവിടേയാണ്. മരണാനന്തര ചടങ്ങുകളിലും സ്മാരകങ്ങളിലും ഹോ ചിമിന്നിന് ഒട്ടും താത്പര്യമില്ലായിരുന്നെങ്കിലും [12] മോസ്കോയിലെ ലെനിൻ മൗസോളിയം പോലെ ഒരു സ്മാരകം ആണ് അനുയായികൾ വിഭാവനം ചെയ്തതും നിർമിച്ചതും.
റഷ്യയുടെ (അന്നത്തെ യു.എസ്.എസ്.ആർ) ശാസ്ത്രസാങ്കേതിക സഹായത്തോടെയാണ് ഹോചിമിന്നിന്റെ ഭൗതികശരീരം ലേപനങ്ങൾ പുരട്ടി താപനില ക്രമീകരിച്ചതും അർധതാര്യവുമായ ഗ്ലാസ് പേടകത്തിൽ അടക്കം ചെയ്തത്. പേടകത്തിനകത്ത് അരണ്ട വെളിച്ചം മാത്രമേയുള്ളു. ഫോട്ടോഗ്രഫി നിരോധിക്കപ്പെട്ടിരിക്കുന്നു. സന്ദശകരുടെ വസ്തധാരണത്തിനും നിബന്ധനകളുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചവർക്ക് പ്രവേശനമില്ല.
ഹോചി മിൻ മ്യൂസിയം
1985-ൽ നിർമ്മാണം തുടങ്ങി ഈ മ്യൂസിയം 1990, മേയ് 19-ന് ഹോ ചി മിന്നിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മ്യൂസിയം നാലു പ്രധാന വിഭാഗങ്ങളുള്ള മ്യൂസിയത്തിന്റെ പ്രവേശനഹാളിൽ ഹോചിമിന്നിന്റെ വലിയ കായികപ്രതിമ സ്ഥാപിച്ചിരിക്കുന്നു. രണ്ടാം വിഭാഗത്തിൽ ഹോ ചിമിനിന്റെ ജിവിതവും വിപ്ലവപ്രവർത്തനങ്ങളും സംബന്ധിച്ച പടങ്ങളും വസ്തുക്കളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. മൂന്നാമത്തെ വിഭാഗത്തിൽ വിയറ്റ്നാമിസ് ജനതയുടെ സംഘർഷങ്ങളും ജയപരാജയങ്ങളുമാണ് വിഷയം. നാലാമത്തെ വിഭാഗത്തിൽ വിയറ്റ്നാമീസ് വിപ്ലവത്തിന്റെ ആഗോളസാംഗത്യമാണ് ചർച്ചാവിഷയം. അസംഖ്യം സുപ്രധാന രേഖകൾ, ലഘുലേഖകൾ, ഡോക്യുമെന്ററി ഫിലിമുകൾ എന്നിവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
വിയറ്റ്നാം മിലിറ്റി ഹിസ്റ്ററി മ്യൂസിയം


രേഖകൾ, ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ, സൈനികവേഷങ്ങൾ തുടങ്ങി ഒരു ലക്ഷത്തിലേറെ പ്രദർശനവസ്തുക്കൾ ഈ മ്യൂസിയത്തിലുണ്ട്. പത്താം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടുവരെ വിവിധ രാജ്യങ്ങൾക്കെതിരായി വിയറ്റ്നാം പൊരുതിയ ഒട്ടേറെ യുദ്ധങ്ങളുടെ ചരിത്രസ്മാരകങ്ങളാണിവ.
അമേരിക്കൻ സൈന്യത്തിനെതിരെ ഹോചിമിന്നിന്റെ നേതൃത്വത്തിൽ ഗറില്ലാസൈന്യം പടിപ്പടിയായി നേടിയെടുത്ത വിജയത്തിന്റെ ദൃശ്യ-ശ്രവ്യാവിഷ്കാരവും കാണാം.
ജലപ്പാവക്കൂത്ത്

നഗരമധ്യത്തിലെ താങ് ലോങ് പ്രദർശനശാല ലോകത്തെ ഏറ്റവും പഴക്കമേറിയ ജലപ്പാവക്കൂത്തിനുള്ളതാണ്. നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ജലപ്പാവക്കൂത്ത് വളർന്നു വികസിച്ചതെന്ന് നാട്ടു ചരിത്രം.
നരവംശശാസ്ത്ര മ്യൂസിയം
വിയറ്റ്നാം ജനതയുടെ വംശചരിത്രത്തെ ക്രോഡീകരിച്ചിരിക്കുന്നു. അമ്പതിൽപരം വ്യത്യസ്ത വംശജർ വിയറ്റ്നാമിലുണ്ട്.
ഹോവാ ലോ കാരാഗ്രഹം
ഹാനോയ് ഹിൽട്ടൺ ഹോട്ടൽ എന്ന പരിഹാസപ്പേരിലറിയപ്പെട്ടിരുന്ന ഈ കാരാഗ്രഹം വിയറ്റ്നാം യുദ്ധസമയത്ത് രാഷ്ട്രീയത്തടവുകാരെ പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു.
പഴയ ഹനോയ്

ഇടുങ്ങിയ തെരുവുകളും തിരക്കുപിടിച്ച മാർക്കറ്റുകളും പഴയ ഹോനോയുടെ സവിശേഷതകളാണ്. ഓരോ തെരുവും ഒരു പ്രത്യേക വിപണിയെന്ന പോലാണ്. ഉദാഹരണത്തിന് സിൽക് തെരുവ്, സ്വർണത്തെരുവ്, പച്ചക്കറിത്തെരുവ്, എന്നിങ്ങനെ.
ഭക്ഷണശാലകൾ ഇരുവശത്തുമായുള്ള ചില തെരുവുകൾ രാത്രിയിലും തുറന്നിരിക്കാറുണ്ട്, വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന തെരുവുകളാണിവ
Remove ads
ഗതാഗതം
വിയറ്റ്നാമിലെ ഏറ്റവും വലിയ വിമാനത്താവളം ഹനോയ് നഗരത്തിന് 15 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന നോയ് ബായ് അന്താരാഷ്ട്ര വിമാനത്താവളം (Nội Bài International Airport IATA: HAN) ആണ്. സർക്കാർ ഉടമസ്ഥതയിലുള്ള വിയറ്റ്നാം റെയിൽവേസിന്റെ പ്രധാന റൂട്ട് ഹാനോയിയെ ഹോ ചി മീൻ നഗരവുമായി ബന്ധിപ്പിക്കുന്ന നോർത്ത് സൗത്ത് ലൈൻ ആണ്. നഗരത്തിനകത്തെ ഗതാഗതം മുഖ്യമായും ബൈക്കുകൾ, ബസ്സുകൾ, ടാക്സികൾ, കാറുകൾ എന്നിവയിലൂടെയാണ്, സമീപകാലത്തായി സൈക്കിളുകളെ മറികടന്ന് ബൈക്കുകൾ മുഖ്യഗതാഗതമാർഗ്ഗമായിരിക്കുകയാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads