കുബിലായ് ഖാൻ

From Wikipedia, the free encyclopedia

കുബിലായ് ഖാൻ
Remove ads

മംഗോൾ സാമ്രാജ്യത്തിന്റെ അഞ്ചാമത്തെ ഖഗാനും (വലിയ ഖാൻ) യുവാൻ രാജവംശത്തിന്റെ ആദ്യ ചക്രവർത്തിയും ആയിരുന്നു കുബിലായ് ഖാൻ (കുബ്ലൈ ഖാൻ /ˈkuːblaɪ/; മംഗോളിയൻ: Хубилай, ഹുബിലായ്; ചീന ഭാഷ: 忽必烈). ജെങ്കിസ് ഖാന്റെ രണ്ടാമത്തെ മകനായ ടോളൂയീ ഖാന്റെ നാലാമത്തെ മകനായിരുന്നു കുബിലായ്. 1260-ൽ മൂത്ത സഹോദരൻ മോങ്കേ ഖാന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന കുബിലായ് 1294-ൽ മരണമടഞ്ഞു.

വസ്തുതകൾ കുബിലായ് സെറ്റ്സെൻ ഖാൻ യുവാൻ രാജവംശത്തിലെ ഷിസു ചക്രവർത്തി, ഭരണകാലം ...

അതുവരെ ഒന്നായി കിടന്നിരുന്ന മംഗോൾ സാമ്രാജ്യം കുബിലായുടെ ഭരണത്തിൽ പലതായി ഭിന്നിക്കപ്പെട്ടു. ചൈന, മംഗോളിയ, കൊറിയ എന്നീ ഭാഗങ്ങൾ കുബിലായ് നേരിട്ടു ഭരിച്ചപ്പോൾ ഇറാൻ കേന്ദ്രമായുള്ള ഇൽഖാനേറ്റും തെക്കൻ റഷ്യയിലെ ഗോൾഡൻ ഹോർഡും സ്വതന്ത്ര രാജ്യങ്ങളായി.[1][2][3]

ഭരണത്തിൽ ചീന സമ്പ്രദായങ്ങൾ സ്വീകരിച്ച കുബിലായ് പട്ടാള ഓഫീസർമാരുടെ അധികാരം പരിമിതപ്പെടുത്തി. പകരം പല സമുദായങ്ങളിൽനിന്നുമുള്ള പണ്ഡിതന്മാരുടെയും ബുദ്ധ സന്യാസിമാരുടെയും കൈകളിൽ ഭരണ അധികാരങ്ങൾ ഏൽപ്പിച്ചു. കനാലുകളും കെട്ടിടങ്ങളും നിർമ്മിച്ചും ഏകീകൃത കടലാസ് പണം അച്ചടിച്ചും കുബിലായുടെ സർക്കാർ കച്ചവടം പ്രോത്സാഹിപ്പിച്ച.

മതപരമായ വിഷയങ്ങളിൽ അത്ര കർക്കശക്കാരനായിരുന്നില്ല കുബിലായ് ഖാൻ. പന്ത്രണ്ട് പ്രവിശ്യകളിൽ എട്ടെണ്ണത്തിന്റെ ഗവർണ്ണർമാർ ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു. മധുരയിൽനിന്നുമുള്ള സംഘ എന്ന ബുദ്ധ സന്യാസിയെ ധനകാര്യ വകുപ്പ് ഏൽപ്പിച്ചു. കുബിലായുടെ ഭരണകാലത്ത് മാർക്കോ പോളോ ഉൾപ്പെടെ നിരവധി യൂറോപ്യൻ സഞ്ചാരികൾ ചൈന സന്ദർശിച്ചു.

Remove ads

ജീവചരിത്രം

ചിങ്ഗിസ് ഖാന്റെ മകനായ ടോളൂയീ ഖാന്റെയും കേരായി നേതാവ് ജാഖയുടെ മകളായ സോർഘാഘ്താനീ ബേകീയുടെയും നാലാമത്തെ മകനായിരുന്നു കുബിലായ്. അദ്ദേഹത്തിന് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ചിങ്ഗിസ് ഖാൻ മരണമടയുകയും ടോളൂയീ രണ്ട് വർഷത്തേക്ക് രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. 1229-ൽ ഒഗെദേയ് ഖാൻ മംഗോൽ ചക്രവർത്തിയായി. 1236-ൽ മംഗോളുകൾ വടക്കൻ ചൈനയിലെ ജിൻ സാമ്രാജ്യം പിടിച്ചടക്കി. 1232-ൽ മരണമടഞ്ഞ ടോളൂയീയുടെ കുടുംബത്തിന് ഹെബെയ് പ്രവിശ്യ പാരിതോഷികമായി ലഭിച്ചു. ഇതിൽ 10,000 വീടുകളുടെ ചുമതല കുബിലായിക്കായിരുന്നു. ചെറുപ്പക്കാരനായ കുബിലായിക്ക് ഭരണം നടത്താനുള്ള പരിചയ സമ്പത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെ അഴിമതിയും അന്യായമായ നികുതികളും കാരണം ഈ പ്രദേശത്തെ കർഷകർ പലായനം ചെയ്തു. ഇതറിഞ്ഞ കുബിലായ് നേരിട്ട് ഹെബെയിൽ ചെല്ലുകയും സോർഘാഘ്താനീ ബേകീയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ചെറുപ്രായത്തിൽ തന്നെ ചീന ജീവിതരീതികളും ഭരണസിദ്ധാന്തങ്ങളും കുബിലായ് പഠിച്ചു. താവോ / ബുദ്ധ സന്യാസിയായ ലിയൂ ബിങ്സോങ്, ഷാൻസി പണ്ഡിതനായ സാവോ ബീ എന്നിവരെ തന്റെ ഉപദേശകരായി നിയമിച്ച കുബിലായ് എല്ലാ ജനവിഭാഗങ്ങളിൽ നിന്നുള്ളവർക്കും അവസരങ്ങൾ നൽകാൻ ശ്രദ്ധിച്ചു.

Remove ads

ഭരണം

1251-ൽ കുബിലായുടെ മൂത്ത സഹോദരൻ മോങ്കേ ഖാൻ മംഗോൾ ചക്രവർത്തിയായി. കുബിലായിയെയും മഹമൂദ് യലാവാച്ചിനെയും വടക്കൻ ചൈനായുടെ ഭരണാധികാരികളായി നിയമിച്ചു. ഒരു നല്ല ഭരണാധികാരിയായിരുന്ന കുബിലായി നിരവധി ജനപ്രീയ നടപടികൾ സ്വീകരിക്കുകയും ഈ പ്രവിശ്യയുടെ സമ്പദ്ഘടന വികസിപ്പിക്കുകയും ചെയ്തു. കുറ്റം ആരോപിക്കപ്പെട്ടവരെ ക്രൂരമായി ശിക്ഷിച്ചിരുന്ന മഹമൂദിനെ കുബിലായും സാവോ ബിയും വിമർശിച്ചു. ചീന ജനങ്ങളുടെയും പ്രഭുക്കന്മാരുടെയും എതിർപ്പിനെത്തുടർന്ന് മോങ്കേ ഖാൻ മഹമൂദിനെ തിരിച്ചുവിളിച്ചു.[4]

1253-ൽ കുബിലായ് യുന്നാനിലെ ദാലി രാജ്യം ആക്രമിച്ചു. ദാലി രാജാവ് തന്റെ സന്ദേശവാഹകരെ കൊന്നുകളഞ്ഞതിന് പ്രതികാരമായിട്ടായിരുന്നു ഇത്. തുടർന്ന് മംഗോളുകൾ ദാലി പിടിച്ചെടക്കുകയും ദാലി രാജാവ് മംഗോളുകളുടെ സാമന്തനാവുകയും ചെയ്തു.

ബുദ്ധ സന്യാസിമാരിൽനിന്നും താവോ മതക്കാർ കൈവശപ്പെടുത്തിയ 237 അമ്പലങ്ങൾ തിരിച്ചു കോടുക്കാൻ കുബിലായ് ഉത്തരവിട്ടു.[5][6] തെക്കൻ ചൈനയിലെ സോങ് രാജാവുമായി അതിർത്തി ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു.[7]

1259-ൽ മോങ്കേ ഖാൻ മരണമടഞ്ഞു. തുടർന്നുണ്ടായ ആഭ്യന്തര യുദ്ധത്തിൽ കുബിലായുടെ ചീന പട്ടാളം അരിക് ബോകെയുടെ മംഗോൾ യോദ്ധാക്കളെ തോൽപ്പിച്ചു. കുബിലായ് സാമ്രാജ്യത്തിന്റെ തലസ്ഥാനം മംഗോളിയയിലെ കാറക്കോറത്തിൽനിന്നും ചൈനയിലെ ദാദുവിലേക്ക് (ഖാൻബാലിക്ക്; ഇന്നത്തെ ബെയ്‌ജിങ്ങ്‌) മാറ്റി. 1276-ൽ സോങ് രാജ്യം കീഴടക്കിയപ്പോൾ കുബിലായ് ചൈനയുടെ ഹാൻ വംശജനല്ലാത്ത ആദ്യ ചക്രവർത്തിയായി. ഷീസു എന്ന പേര് സ്വീകരിച്ച അദ്ദേഹം തന്റെ കുടുംബത്തെ യുവാൻ രജവംശമായി പ്രഖ്യാപിച്ചു.

ഇരുപതിനായിരം സർക്കാർ വിദ്യാലയങ്ങളും നിരവധി തുറമുഖങ്ങളും കനാലുകളും കുബിലായുടെ ഭരണകാലത്ത് തുറക്കപ്പെട്ടു. എന്നൽ വിയറ്റ്നാം, ജപ്പാൻ, ജാവ, മ്യാന്മാർ എന്നീ രാജ്യങ്ങൾ പിടിച്ചെടുക്കാനുള്ള മംഗോൾ ശ്രമങ്ങൾ പരാജയപ്പെട്ടു. പേർഷ്യയിൽനിന്നും മറ്റുമുള്ള മുസ്ലിം ശാസ്ത്രജ്ഞർ ചീന കലണ്ടർ തിരുത്തുകയും ചൈനയിൽ ജ്യോതിശാസ്ത്ര നിലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. ഇബ്നു സീനയുടെ വൈദ്യ ഗ്രന്ഥങ്ങൾ ചൈനയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യൻ-അറബിക്ക് സംഖ്യകൾ ചൈനയിൽ ഉപയോഗിച്ച് തുടങ്ങിയത് ഈ കാലത്താണ്.

1281-ൽ ചാബി ചക്രവർത്തിനിയും 1286-ൽ കുബിലായുടെ മകൻ സെൻജിനും മരണമടഞ്ഞു. സെൻജിന്റെ മകൻ തെമൂർ ഖാനെ അടുത്ത ചക്രവർത്തിയായി പ്രഖ്യാപിച്ച കുബിലായ് 1294-ൽ, എഴുപത്തി എട്ടാം വയസ്സിൽ മരണമടഞ്ഞു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads