പൊടാല കൊട്ടാരം
From Wikipedia, the free encyclopedia
Remove ads
ടിബറ്റ് സ്വയംബരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം (തിബറ്റൻ: ཕོ་བྲང་པོ་ཏ་ལ་; വൈൽ: pho brang Potala). 1959-ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലായ് ലാമ ഇന്ത്യയിലേയ്ക്ക് ഓടിപ്പോകുന്നതുവരെ ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോൽ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്.
പൊടാലക പർവ്വതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയിട്ടുള്ളത്. ബോധിസത്വനായ അവലോകിതേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്ന്ത്.[1] അഞ്ചാമത്തെ ദലായ് ലാമയാണ് 1645-ൽ ഇതിന്റെ പണിയാരംഭിച്ചത്.[2] അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളിൽ ഒരാളായ കോൺചോങ് ചോഫെൽ (1646-ൽ മരണം) ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിർമ്മിക്കാൻ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് ഇവിടം നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും മദ്ധ്യത്തിലായാണ് ഇതിന്റെ സ്ഥാനം.[3] ഈ സ്ഥലത്ത് പണ്ടുണ്ടായിരുന്ന വെള്ള കൊട്ടാരം എന്നോ ചുവന്ന കൊട്ടാരം എന്നോ അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാകാം ഒരുപക്ഷേ ഈ കെട്ടിടം പണിയപ്പെട്ടത്.[4] പഴയ കെട്ടിടം 637-ൽ സോങ്ട്സാൻ ഗാമ്പോ നിർമിച്ചതാണ്.[5]
കിഴക്കു പടിഞ്ഞാറ് ദിശയിൽ 400 മീറ്ററും തെക്ക് വടക്ക് ദിശയിൽ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. 3 മീറ്റർ കനമുള്ള (അടിസ്ഥാനം 5 മീറ്റർ) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്. അടിസ്ഥാനത്തിൽ ഉരുക്കിയ ചെമ്പ് നിറച്ചിട്ടുണ്ട്. ഭൂകമ്പങ്ങളിൽ നിന്നും സംരക്ഷണം നൽകുവാനാണ് ഇത് ചെയ്തത്.[6] പതിമൂന്ന് നിലകളിലായി 1,000-ലധികം മുറികളും 10,000 പൂജാസ്ഥലങ്ങളും ഏകദേശം 200,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റർ ഉയരമുള്ളതാണ്. മാർപോ റി എന്ന കുന്നിന് മുകളിൽ നിൽക്കുന്ന കെട്ടിടം താഴ്‌വരയിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണുള്ളത്.[7]
ലാസയിലെ മൂന്ന് പ്രധാന കുന്നുകൾ ടിബറ്റിന്റെ മൂന്ന് സംരക്ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. പൊടാല കൊട്ടാരത്തിന്റെ തെക്ക് ഭാഗത്തായുള്ള ചോക്‌പോരിയാണ് ആത്മാവിന്റെ കുന്ന്. പോറ്റാല കൊട്ടാരം നിൽക്കുന്ന കുന്ന് അവലോകിതേശ്വരനെ പ്രതിനിധാനം ചെയ്യുന്നു.[8]
Remove ads
ചരിത്രം

അഞ്ചാമത്തെ ദലായ് ലാമയായിരുന്ന ലോസാങ് ഗ്യാറ്റ്സോ 1645-ൽ പൊടാല കൊട്ടാരത്തിറ്റ്നെ നിർമ്മാണമാരംഭിച്ചു.[2][3] ബാഹ്യരൂപം 3 വർഷം കൊണ്ട് നിർമിച്ചു. ഉൾവശങ്ങളും മരപ്പണികളും മറ്റും തീർക്കുവാൻ 45 വർഷമെടുത്തു.[9] 1649-ൽ ദലായ് ലാമയും ഭരണകൂടവും പോട്രാങ് കാർപോ (വെള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേയ്ക്ക് മാറി.[3] ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 12 വർഷം കൂടി (1694 വരെ) നിർമ്മാണം തുടരുന്നുണ്ടായിരുന്നു.[10] തണുപ്പുകാലത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാൻ ദലായ് ലാമമാർ ആരംഭിച്ചു. പോട്രാങ് മാർപോ ('ചുവന്ന കൊട്ടാരം') 1690-നും 1694-നുമിടയ്ക്കാണ് നിർമിച്ചത്.[10]
ചൈനയ്ക്കെതിരായി ടിബറ്റ് വാസികൾ 1959-ൽ നടത്തിയ കലാപത്തിൽ കൊട്ടാരത്തിന് ചെറിയ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിന്റെ ജനലുകളിലേയ്ക്ക് ചൈന ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനാലായിരുന്നു ഇത്. 1966-ൽ ചൈനയുടെ സാംസ്കാരിക വിപ്ലവത്തിനിടയിലും ഷൗ എൻലായിയുടെ ഇടപെടൽ കാരണം ഈ കൊട്ടാരം സംരക്ഷിക്കപ്പെട്ടു.[11] എന്നിരുന്നാലും 100,000-ലധികം പുസ്തകങ്ങളും ചരിത്ര രേഖകളും മറ്റും എടുത്ത് മാറ്റപ്പെടുകയോ കേടുവ്രുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.[12]
1994-ൽ യുനസ്കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു. 2000-ലും 2001-ലും ജോഖാങ് ക്ഷേത്രം നോർബു ലിങ്‌ഗ്ക എന്നീ സ്ഥലങ്ങളും ഈ പട്ടികയിൽ ഇടം പിടിച്ചു. പെട്ടെന്നുള്ള ആധുനികവൽക്കരണം ഒരു പ്രശ്നമായാണ് യുനസ്കോ കണക്കാക്കുന്നത്.[13] അതിനാൽ ഈ പ്രദേശത്ത് 21 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ പണിയുന്നത് തടഞ്ഞുകൊണ്ട് ചൈന ഉത്തരവിറക്കി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ച വസ്തുക്കൾ സംബന്ധിച്ചും യുനസ്കോ ആശങ്ക അറിയിച്ചിരുന്നു.
Remove ads
ചിത്രശാല
- മേൽക്കൂര
- ഒരു സന്യാസി, 1993
- ലാസയിലെ പടിഞ്ഞാറേ ഗേറ്റിൽ നിന്നുള്ള പൊട്ടാലയുടെ കാഴ്ച്ച
- പൊട്ടാല പിന്നിൽ നിന്ന്
- ഉദ്യാനവും കുളവും ചാപ്പലും
- മഞ്ഞ് സിംഹങ്ങൾ പൊട്ടാല കൊട്ടാരത്തിലേയ്ക്കുള്ള പ്രവേശനമാർഗ്ഗം സംരക്ഷിക്കുന്നു
- ചുവന്ന കൊട്ടാരത്തിന്റെ ഭിത്തികൾ
ഇതും കാണുക
- നോർബുലിങ്ക്‌ക, ദലായ് ലാമയുടെ പഴയ വേനൽക്കാല കൊട്ടാരം
- ജോഖാങ് ക്ഷേത്രത്തിലെ മൊണാസ്റ്ററി
- ധാവഹ
- കുന്ദൻ, ദലായ് ലാമയെപ്പറ്റി 1997-ൽ നിർമിച്ച ചിത്രം. ഈ കൊട്ടാരത്തിനകത്താണ് കഥയുടെ മുഖ്യഭാഗം
- ടിബറ്റിൽ ഏഴുവർഷങ്ങൾ
- ലേ കൊട്ടാരം
- പുടുവോ പർവ്വതം
അടിക്കുറിപ്പുകൾ
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads