സൂഫിസം

ഇസ്ലാമിക യോഗാത്മക ആത്മീയധാര From Wikipedia, the free encyclopedia

Remove ads

ഇസ്‌ലാമിലെ ഒരു ആത്മീയ ചിന്താധാരയാണ് സൂഫിസം(السوفية, at-Taṣawwuf) എന്നറിയപ്പെടുന്നത്. ആത്മസംസ്കരണം, ആചാര-അനുഷ്ഠാനങ്ങൾ, ഐഹിക വിരക്തി എന്നിവയെല്ലാം ഉൾച്ചേർന്നതാണ് സൂഫിസം[1].


ഇത് അനുഷ്ഠിക്കുന്നവരെ സൂഫികൾ എന്നുവിളിക്കുന്നു[2]. ഏതെങ്കിലും ഒരു ആത്മീയാചാര്യനെ ചുറ്റിപ്പറ്റിയായിരിക്കും മിക്ക സൂഫീ തരീഖകളും നിലനിൽക്കുന്നത്. ഇത്തരം ഒരു ആചാര്യനും അനുയായികളുമടങ്ങുന്ന ഒരു സംഘമാണ് ഒരു തരീഖ. ഈ ആചാര്യന്മാർ പൊതുവേ പ്രവാചകകുടുംബമായി നേരിട്ട് ബന്ധമുള്ളവരായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ആത്മശുദ്ധീകരണത്തിലൂടെ ഇഹ്സാൻ എന്ന ആത്മീയ ഔന്നത്യത്തിലേക്ക് എത്തിച്ചേരുക എന്നതാണ് സൂഫിസം ലക്ഷ്യം വെക്കുന്നത്[3][4][5]. ഫിത്റ എന്ന അവസ്ഥയാണ് സൂഫിസത്തിലെ പരമമായ ലക്ഷ്യം[6].

Remove ads

നാമം

സൂഫിസം എന്ന പദത്തിന്റെ ഉദ്ഭവത്തെ സംബന്ധിച്ച് വ്യത്യസ്ഥങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്[7]. കമ്പിളി (സൂഫ്) പുതച്ചിരുന്നവരായിരുന്നു ഇത്തരം സൂഫികൾ എന്നതിൽ നിന്നാണ് സൂഫിസം എന്ന നാമം ഉദ്ഭവിക്കുന്നതെന്നാണ് പ്രമുഖമായ വീക്ഷണം. മറ്റുള്ള അഭിപ്രായങ്ങളൊന്നും തന്നെ അംഗീകരിക്കാനാവാത്തവയാണെന്ന് എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം അഭിപ്രായപ്പെടുന്നുണ്ട്[8][9].

ഉത്ഭവം

പ്രവാചകൻ മുഹമ്മദ്(സ്വ)യുടെ കാലത്ത് പള്ളിയിൽ താമസിച്ചിരുന്ന സുഫക്കാരിൽ നിന്നാണ് സൂഫികളുടെ ഉത്ഭവം എന്ന് കരുതുന്നവരുണ്ട്, അതല്ല മുഹമ്മദ്‌ നബിക്ക് മുൻപേ ഉള്ള പ്രവാചകന്മാരുടെ കാലത്തും സൂഫികൾ ഉണ്ടെന്നു മറ്റൊരു വിഭാഗം കരുതുന്നു. പർണ്ണ ശാല കെട്ടി ധ്യാനത്തിൽ ഏർപ്പെട്ട ജുറൈജ് എന്ന പരിത്യാഗിയെ ആണ് അവർ അതിനു ഉദാഹരണമായി കാട്ടുന്നത്. അത് പോലെ ഖുറാനിൽ സൂചിപ്പിക്കപ്പെട്ട കിടങ്ങിലെ സംഭവത്തിലെ കുട്ടിയുടെ ഗുരുവായി കാണിക്കപ്പെട്ട ധ്യാനിയായ യോഗിയുടെ കഥയും ഉദ്ധരിക്കപ്പെടാറുണ്ട്. പ്രവാചകന് ശേഷം രണ്ടാം തല മുറയിലെ സുഹ്ഹാദ്‌ എന്ന ജീവപരിത്യാഗികൾ, ഉബ്ബാധ് എന്ന ധ്യാനത്തിൽ മുഴുകിയവർ എന്നിവരിൽ നിന്നാണ് സൂഫികളുടെ തുടക്കം എന്നാണ്‌ മറ്റൊരു വാദം.

മുഹമ്മദ്‌ നബിക്ക് ശേഷം ഒന്നാം തലമുറയിലെ ഭരണാധികാരി ആയിരുന്ന മഅ്മൂന്റെ ചരിത്ര വിവരണത്തിൽ ഭരണ കാലത്ത് അദ്ദേഹത്തെ കാണാൻ വെള്ള വസ്ത്രം അണിഞ്ഞ ഒരു സൂഫി വന്നു നിൽക്കുന്നതായി പാറാവുകാരൻ അറിയിച്ചു എന്നൊരു പരാമർശം കാണാനുണ്ട്,[10] യമനിലെ ഉവൈസുൽ ഖർനി, ഹര്റം ബിൻ ഹിയൻ, ഹസനുൽ ബസരി

, സായിദ് അൽ മുസൈബ് എന്നിവർ പ്രവാചക കാലത്തും ശേഷവും ഉള്ള സൂഫി യോഗികൾ ആയിരുന്നുവെന്ന് കരുതപ്പെടുന്നുമുണ്ട് എന്നിരുന്നാലും ചരിത്രത്തിൽ ആദ്യമായി സൂഫി എന്ന് പ്രാമാണികമായി വിശേഷിപ്പിച്ചത്[11]. മുസ്ലിം വർഷം ഹിജ്റ 150-കളിൽ മരണപ്പെട്ട അബു ഹാഷിം എന്നവരെയാണ്.

പ്രവാചകൻ മുഹമ്മദിൽ നിന്ന് അലിയിലേക്കും അവരിൽ നിന്നും ഹസൻ ബസ്വരിയിലേക്കും അവരിൽ നിന്നും അബൂഹാശിം എന്നവരിലേക്കും സൂഫിസ (ആത്മീയ സംസ്കരണ) ധാര കടന്നു വന്നു എന്നാണ് ചരിത്രകാരന്മാർ ഭൂരിഭാഗവും സമർഥിക്കുന്നത് [12].

കമ്പിളി എന്നർത്ഥമുള്ള സൂഫ് എന്ന പദത്തിൽ നിന്നാണ് സൂഫി എന്ന വാക്കുണ്ടായത്. ആത്മനിയന്ത്രണത്തിന്റെ ചിഹ്നം എന്ന രീതിയിൽ ആദ്യകാല സൂഫികൾ ധരിച്ചിരുന്ന കമ്പിളി വസ്ത്രങ്ങളിൽ നിന്നാണ് ഈ പേരുവന്നത്[13]. ഔലിയ, വലിയ്യ് തുടങ്ങിയവ സൂഫികളെ കുറിക്കാനുപയോഗിക്കുന്ന അറബി പദങ്ങളാണ്. സഹായി, സുഹൃത്ത് എന്നെല്ലാം ഈ വാക്കിന് അർത്ഥങ്ങളുണ്ട്.

Remove ads

ആചാര രീതികൾ

Thumb
സൂഫികളുടെ ദിഖ്‌ർ ഹൽഖ

ഇസ്‌ലാമിന്റെ മൗലിക ആചാരക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, സംഗീതവും നൃത്തവുമുൾപ്പടെയുള്ള കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതിയാണ് സൂഫികളുടേത്. ഹദ്റ എന്ന  സ്തോത്ര സദസ്സുകളിലാണ് വശങ്ങളിലേക്കും മുൻ പിൻ ഭാഗങ്ങളിലേക്കു ആടിയും വട്ടത്തിൽ ചുറ്റി കറങ്ങിയും മറ്റും നൃത്തം ചെയ്യാറ്. ദഫ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീത ആലാപനങ്ങളും ഇവർക്കിടയിൽ പതിവാണ്. തുർക്കിയിൽ ജീവിച്ചിരുന്ന പ്രശസ്തനായ സൂഫി, റൂമിയുടെ അനുയായികൾ ആചരിക്കുന്ന കറങ്ങിക്കൊണ്ടുള്ള നൃത്തം ശ്രദ്ധേയമാണ്.എന്നാൽ ഇത്തരം കാര്യങ്ങൾ നൃത്തമല്ലെന്നും ആത്മീയതയിൽ അലിഞ്ഞു ചേർന്ന  ചലനങ്ങൾ മാത്രമാണ് എന്നാണ് സൂഫി പക്ഷം. മുസ്ലിം സുന്നി വിഭാഗത്തിലെ പാരമ്പര്യ വാദികൾ ഒഴികെ ഉള്ളവർ പൊതുവെ സൂഫികളെ പിന്തുണയ്ക്കാറില്ല , ശവകുടീര പ്രാർഥനകൾ, റാതീബ്, മൗലീദ് കീർത്തനങ്ങൾ, ദിക്ർ സ്തോത്ര സദസ്സുകൾ തുടങ്ങിയ സൂഫി ആചാരങ്ങൾ ഇസ്‌ലാം മതവും ആയി ബന്ധം ഇല്ലാത്തതാണെന്നും, നബി ചര്യക്ക്‌ വിരുദ്ധം ആണെന്നും, പ്രാമാണികമല്ലെന്നും മൗലിക ചിന്താഗതിക്കാർ വിശ്വസിക്കുന്നു.

ഇസ്‌ലാം മതവിശ്വാസപ്രകാരം സൃഷ്ടിയുടെ ലക്ഷ്യം ദൈവത്തെ ആരാധിക്കലാണ്. അതനുസരിച്ച് ഒരു യജമാനനും അടിമയും തമ്മിലുള്ള ബന്ധമാണ് ദൈവവും ഭക്തനും തമ്മിലുണ്ടാവേണ്ടത്. ദൈവത്തെ നല്ലരീതിയിൽ ആരാധിക്കുന്നവർക്ക് വിധിദിനത്തിൽ സ്വർഗവും അല്ലെങ്കിൽ നരകവും ലഭിക്കുമെന്നവർ വിശ്വസിക്കുന്നു. എന്നാൽ സൂഫി മാർഗ്ഗം വ്യത്യസ്തമാണ്,[14] ദൈവം മനുഷ്യരോട് ആരാധിക്കാൻ നിർദ്ദേശിച്ചതുകൊണ്ടല്ല, മറിച്ച് ദൈവം വളരെ സ്നേഹമയനാണെന്നതാണ് ആരാധിക്കാൻ അല്ലെങ്കിൽ സ്നേഹിക്കാനുള്ള കാരണം എന്നും[15]. ദൈവശിക്ഷയെ ഭയക്കാതെ ദൈവസ്നേഹം നഷ്ടമാകും എന്ന ഭയത്താൽ ദൈവത്തെ പ്രണയിച്ചു സാമീപ്യം നേടാം എന്നാണ്‌ ഇവർ വിശ്വസിക്കുന്നത്, ദൈവ പ്രീതി മാത്രമായിരിക്കും ഇത്തരം സൂഫികളുടെ ലക്‌ഷ്യം, ഇസ്ലാമിക നിയമ വ്യവസ്ഥ ആയ ശരീയത്ത് പൂർണ്ണമായി പിൻപറ്റി നബി ചര്യകൾ ഒന്നും ഒഴിവാക്കാതെ തസവ്വുഫ് എന്ന ആത്മ സംസ്കരണത്തിലൂടെ ത്വരീഖത് എന്ന സരണി ഗുരുവിലൂടെ സ്വീകരിക്കലാണ് പൌരാണിക സൂഫിസം. ധ്യാനം, വ്രതം, സ്തോത്ര സദസ്സുകൾ, നമസ്ക്കാരം, സ്തോത്ര പ്രകീർത്തനങ്ങൾ, ദേശാടനം, മത പ്രബോധനം, ജന സേവനം എന്നിവ ആയിരിക്കും ഇവരുടെ ദിന ചര്യ.

വളരെ പതിയെ സംസാരിക്കുക , പുഞ്ചിരിച്ചു കൊണ്ടിരിക്കുക ,തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക , തരീഖ സ്വീകരിക്കുമ്പോഴും, പ്രവാചക നാമം കേൾക്കുമ്പോഴും നെഞ്ചിൽ കൈ വെക്കുക എന്നിങ്ങനെ ഒട്ടേറെ ചിട്ടവട്ടങ്ങൾ സൂഫികൾക്കുണ്ട് . സാധാരണ മുസ്ലിങ്ങൾക്ക് അനുവദീയമായ കാര്യങ്ങൾ പോലും സൂഫികൾ പൊതുവെ ചെയ്യാൻ മടിക്കാറുണ്ട് . ഉദാഹരണത്തിന് പൊതു ഇടത്തു വീണ് കിട്ടിയ പഴം മുസ്ലിങ്ങൾക്ക് മതവിധി പ്രകാരം ഭക്ഷിക്കാം, എന്നാൽ സൂഫികൾ ഇത്തരത്തിലുള്ളവ കഴിക്കാൻ മടിക്കുന്നവരാണ്.

ഓരോ താരിഖകളിലെ യോഗികളും ആത്മ സംസ്കരണത്തിനായും, നിഗൂഡ രഹസ്യങ്ങളുടെ കലവറകൾ കാട്ടിയും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്, എന്നാൽ അവയിൽ പലതും പൊതു ജനസമൂഹത്തിനു ഇന്നും അന്യമാണ്. ആത്മ സംസ്കരണ ചിന്താ രീതികളോ ഗ്രന്ഥങ്ങളോ അവയിലെ ആന്തരികാർത്ഥങ്ങളോ വിശദീകരിക്കുവാൻ സൂഫി യോഗികൾക്കല്ലാതെ മറ്റാർക്കും സാധാരണ കഴിയാറില്ല എന്നത് കൊണ്ടാണിത്, ഇത് കൊണ്ട് തന്നെ സൂഫിസത്തെ അനുകൂലിക്കുന്ന പരമ്പരാഗത മുസ്ലിം പണ്ഡിതർ പോലും സൂഫി ഗ്രന്ഥങ്ങൾ അവരുടെ പാഠശാലകളിൽ പഠന വിഷയമാക്കാറില്ല.

Remove ads

വിവാദങ്ങൾ

Thumb
The works of Al-Ghazali firmly defended the concepts of Sufism within the Islamic faith.

സൂഫി സന്യാസികളിലൂടെയല്ലാത്ത വായനകൾ പല സൂഫി സംജകളും തെറ്റിദ്ധരിക്കപ്പെടാൻ കാരണമായെന്ന് സൂഫികൾ ആരോപിക്കുന്നു, വഹ്ധതുൽ വുജൂദ് ഇതിനുദാഹരണമായി അവർ ചൂണ്ടി കാട്ടുന്നു, സൃഷ്ടികളിൽ ദൈവ സാന്നിധ്യം ഉണ്ടെന്നും ദൈവം എല്ലാ വസ്തുകളിലും ഉണ്ടെന്നു കരുതി ആരാധിക്കുന്ന അദ്വൈത സിദ്ധാതവും എല്ലാ സൃഷ്ടികളും ദൈവ സൃഷ്ടിയാണെന്നും അവയെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നത് പോലെയാണെന്നും പറയുന്ന സൂഫി സിദ്ധാതങ്ങളും ഒറ്റ നോട്ടത്തിൽ ഒന്നാണെന്ന് തോന്നികാരുണ്ട് ഇതാണ് പലർക്കും അബദ്ധം സംഭവിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.

സൂഫികൾ വിഭാവനം ചെയ്ത 'വഹ്ദത്തുൽ വുജൂദി'നെ അദ്വൈതസിദ്ധാന്തമായി തെറ്റിദ്ധരിച്ചവർ ഏറെയാണ്. ഇന്ത്യയിൽനിന്നും പേർഷ്യയിൽ നിന്നും കടന്നുവന്ന വിജാതീയചിന്തകളുടെ സമന്വയമാണു സൂഫിസമെന്നു മനസ്സിലാക്കിയവരാണ് ഈ നിർവചനം നടത്തിയിട്ടുള്ളത്. ഇതൊരു മിഥ്യാധാരണയാണ്. 'ഏകാസ്തിത്വ സിദ്ധാന്ത'മെന്നാണ് അതിന്റെ നിർവചനം.

ഹിന്ദു മിസ്റ്റിക്കുകളുടെ ചിന്താധാരയായ അദ്വൈതസിദ്ധാന്തത്തിന്റെ വക്താവ് ശ്രീ ഗുരു ശങ്കരാചാര്യരാണ്. അദ്ദേഹം സൂഫികളിൽ നിന്നും ധാര ഉൾകൊണ്ടു എന്ന് പറയുന്നത് മിഥ്യ യാണെന്ന് ഈ വിഷയത്തിൽ പഠനം നടത്തിയവർ കരുതുന്നു[16] സൂഫികൾ ശങ്കരാചാര്യരിൽ നിന്നോ തിരിച്ചോ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് തന്നെയാണ് കണ്ടെത്തൽ. സൂഫി യോഗികളായ ഹല്ലാജും , ഇബ്‌നു അറബിയും, ബിസ്താമിയും, ഹസൻ ബസ്വരി, ഗസ്സാലി, ദസൂഖി എന്നിവരൊക്കെ പറയുന്ന വഹ്ദത്തുൽ വുജൂദും വഹ്ദത്തുശ്ശുഹൂദും അദ്വൈത-ദ്വൈതസിദ്ധാന്തവുമായി ഏറെ വിഭിന്നമാണ് എന്നാണ് ഈ രംഗത്തെ പഠനം തെളിയിക്കുന്നത്. [17]

പരമ്പരാഗത രീതിയിൽ നിന്നും ഭിന്നമായ കാഴ്ച്ചപ്പാടുള്ളവരും സൂഫികളിലുണ്ട്, പുരാണിക സൂഫികൾ പിഴച്ച ത്വരീഖത്ത് എന്ന് വിളിക്കുന്ന ഇത്തരക്കാർ ദൈവത്തിലേക്കുള്ള ശരിയായ വഴി സ്നേഹമാണെന്നും ദൈവത്തെ സ്വർഗ്ഗത്തിലല്ല, മറിച്ച് മനുഷ്യമനസ്സുകളിലാണ് കാണേണ്ടതെന്നും കരുതുന്നു.[18] അതുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്ന എല്ലാത്തരം ആചാരരീതികളോടും ഈ സൂഫി മാർഗ്ഗം ചേർന്നുപോകുന്നു. ഹിന്ദു മതാചാര രീതികളും മറ്റു പ്രാദേശികമായ മതാചാര രീതികളുമൊക്കെ ഇവർ സ്വീകരിക്കും. ഭാരതം, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം സൂഫികൾ അധികവും കാണപ്പെടാറുള്ളത്, ഇസ്ലാമിലെ നമസ്ക്കാരം പോലുള്ള കർമ്മങ്ങളോട് വൃത്തിരഹിതരായ ഇവർ അധികവും താത്പര്യം പുലർത്താറില്ല. ഇവരിൽ ചിലർ ഏകാഗ്രത ലഭിക്കുവാനായി മദ്യം, ചരസ്സ് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു. സൂഫിസത്തെ പിൻതുണയ്ക്കുന്ന മുസ്ലിങ്ങളിലെ പാരമ്പര്യ വാദികളോ, പുരാണിക സൂഫികളോ ഇവരെ അംഗീകരിക്കാറില്ല.

സൂഫിസത്തിനു ഇതര മത ആചാരങ്ങളുമായി ബന്ധമുണ്ടെന്നു വാദിക്കുന്ന മൗലികവാദികൾ ഇന്ത്യയിലെ സൂഫി ശവ കുടീരങ്ങൾ ഉദാഹരണമായി ചൂണ്ടി കാണിക്കാറുണ്ട്. കല്ലറകൾക്ക് മുന്നിൽ വിളക്ക് കത്തിക്കുക, എണ്ണയും, ഭസ്മവും നല്കുക, പുഷ്പ്പ വൃഷ്ടി നടത്തുക,പട്ട് കാണിക്ക നൽകുക , സാഷ്ടാംഗം ചെയ്യുക , വിശറി കൊണ്ട് അനുഗ്രഹിക്കുക എന്നിവയൊക്കെ ഭാരതീയ -പേർഷ്യ ആര്യ ചിന്താ ധാരകളിൽ നിന്നും ആവാഹിക്കപ്പെട്ടവയാണെന്ന് കരുതുന്നു.

എന്നാൽ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അല്ലാതെ മറ്റു സൂഫി ഖാൻഖാഹുകളിലോ, ശവ കുടീരങ്ങളിലോ ഇത്തരം കാര്യങ്ങൾ അരങ്ങേരാറില്ല എന്നത് കൊണ്ട് തന്നെ ഇവകൾ സൂഫി ആചാരങ്ങൾ അല്ലെന്നും പ്രാദേശികമായ ആചാരങ്ങൾ മാത്രമാണെന്നും, സംഭാവനകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം കാര്യങ്ങൾ അരങ്ങേറുന്നത് എന്നത് കൊണ്ട് തന്നെ നടത്തിപ്പുകാരുടെ സാമ്പത്തിക നേട്ടം മാത്രമാണ് അത്തരം ആചാരങ്ങൾക്ക് പിറകിലെന്നും വിശദീകരിച്ചു സൂഫി യോഗികൾ ഈ വാദത്തെ ഖണ്ഡിക്കാറുണ്ട്.

Remove ads

സൂഫിസത്തിന്റെ വളർച്ച

ഹസ്സൻ ബസ്‌രി (ഹി:55) , അബൂഹനീഫ (ഹി:80) ,ഇമാം മാലിക് (ഹി: 93), റാബിയ അൽ അദവിയ്യ (145) ഇമാം ശാഫിഈ (150), ദുന്നൂറുൽ മിസ്‌രി (155) ഇമാം അഹ്മദ് ഹമ്പലി (164), ജുനൈദുൽ ബാഗ്‌ദാദി (210) ഇമാം അലി അബു ഹസൻ അൽ അശ്അരി (260) തുടങ്ങിയവർ അതത് കാലഘട്ടത്തിൽ സൂഫിസത്തിനു മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും ഇസ്ലാമിക വർഷം ഹിജ്റ 500നു ശേഷമാണ് സൂഫിസം വളർന്നു പന്തലിച്ചത് വിവിധ ത്വരീഖതുകളുടെ ശൈഖുമാർ ആയ ഔലിയാക്കൾ എന്ന പദവി കരസ്ഥമാക്കിയവർ ധാരാളമായി സൂഫിസത്തിൽ ഉണ്ടായി, അബ്ദുൽ ഖാദിർ ജീലാനി, അഹ്മദുൽ കബീർ രിഫാഈ, ദസൂഖി,ഖാജാ അജ്മീർ, അഹമദുൽ ബദവി, ശാദുലി എന്നിവരൊക്കെ ഇവരിൽ പെടുന്നു, സലാഹുദ്ധീൻ അയ്യൂബി അടക്കമുള്ള രാജാക്കന്മാരും സൂഫിസത്തെ പിന്തുടർന്നത് സൂഫികളുടെ വളർച്ച ദ്രുത ഗതിയിൽ ആക്കി, ഈജിപ്തിൽ സലാഹുദ്ധീൻ കെട്ടി നൽകിയ പർണ്ണ ശാല ഈജിപ്തിലെ സൂഫികളുടെ വളർച്ചയ്ക്ക് നിദാനമായി, സലാഹുദ്ദീന്റെ സൈന്യാധിപൻ മുളഫ്ഫർ രാജാവ് നബി ദിന ആഘോഷങ്ങൾക്കും, മൗലീദുകൾക്കും ധാരാളം പണം ചിലവഴിച്ചിരുന്നു. ഇത് സൂഫികളും ജനങ്ങളും തമ്മിൽ കൂടുതൽ അടുത്ത് ഇടപഴകുവാനും സൂഫി ആചാരങ്ങൾ ജനങ്ങളിലേക്ക് എത്തുവാനും കാരണമായി. എർഡുഗുൽ ബേ , സുൽത്താൻ ഉസ്മാൻ , മുറാദ് രണ്ടാമൻ , മുഹമ്മദ് രണ്ടാമൻ തുടങ്ങി ഓട്ടോമൻ ഖിലാഫത്തിലെ സുൽത്താൻമാർ അധികവും സൂഫികളും സൂഫിസത്തെ പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ സുൽത്താൻ മുഹമ്മദിനെ പ്രേരിപ്പിച്ചതും, പ്രവാചക അനുചരൻ അബു അയ്യൂബ് അൽ അൻസാരിയുടെ ശവ കുടീരം കണ്ടെടുത്തതും, ദർഗയും പള്ളിയും നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയതും മുഹമ്മദ് ഷംസ് അൽദീൻ എന്ന സൂഫിഗുരുവായിരുന്നു.

മധ്യ കാലഘട്ടം സൂഫികളുടെ സുവർണ്ണ കാലമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.ഇബ്നു അറബി അബു നസർ ഫറാബി, ഇമാം ഗസ്സാലി പോലുള്ള തത്ത്വ ചിന്തകന്മാരും, റൂമി, ഒമർഖയാം എന്നിവരെ പോലെയുള്ള കവികളും അൽ ഖ്വരിസ്മി, അബ്ദുൽ റഹ്മാനെ പോലുള്ള ധാരാളം ശാസ്ത്രഞ്ജരും, ഇബ്നുസിനയെ പോലുള്ള വൈദ്യ പ്രതിഭകളും സൂഫികൾക്കിടയിൽ നിന്നും ഉയർന്നു വന്നു, ജെങ്കിസ് ഖാന്റെ പൗത്രന്മാർ സൂഫിസത്തിൽ ആകൃഷ്ടരായത് മധേഷ്യയിൽ സൂഫിസ വളർച്ചയെ ഉത്തേജിപ്പിച്ചു. സൂഫി കേന്ദ്രങ്ങളായിരുന്നു ബാഗ്‌ദാദും, കൊറദോവയും, ബുഖാറയും, കൈറോയും  വിജ്ഞാന കുതുകികളുടെ സംഗമ സ്ഥാനമായി മാറി.

Remove ads

വളർച്ചാ മുരടിപ്പ്

Thumb
സനൂസി സൂഫി പടയാളികൾക്കൊപ്പം ഉമർ മുഖ്താർ.

വിവിധ നാടുകളിൽ ഉണ്ടായ സ്വാതന്ത്ര പോരാട്ടങ്ങളിൽ സൂഫികൾ നേതൃത്വം നൽകിയത് ഭരണ കർത്താക്കളുടെ അപ്രീതിക്ക് കാരണമാവുകയും സൂഫിസം പലയിടത്തും നിയന്ത്രിക്കപ്പെടുകയും ചെയ്തു, ലിബിയയിൽ ഇറ്റലിക്കെതിരെ വിപ്ലവം നയിച്ച ഉമർ മുഖ്ത്താർ , ഫ്രാൻസിനെതിരെ പടയൊരുക്കം നടത്തിയ അൾജീരിയൻ ഭരണാധികാരി അബ്‌ദുൽ ഖാദർ അൽ -ജസാ ഇരി തുടങ്ങിയവർ ഇത്തരത്തിൽ സൂഫി പാശ്ചാത്തലം ഉള്ള വിപ്ലവകാരികൾക്ക് ഉദാഹരണമാണ്. സ്പെയിനിലെ ഇസ്‌ലാമിക ഭരണ തകർച്ചയും, തുർക്കി ഖിലാഫത്ത് അവസാനിച്ചതും സൂഫിസത്തിന്റെ മങ്ങലിനു മറ്റൊരു കാരണമാണ്. സൗദി അറേബ്യയിൽ ഭരണ മാറ്റം ഉണ്ടാവുകയും ഓട്ടോമൻ ഖിലാഫത്ത് മാറി ബ്രിട്ടീഷുകാർ അധികാരത്തിൽ വരുകയും ചെയ്തതോടെ അവിടങ്ങളിൽ സൂഫിസതിനു തിരിച്ചടി നേരിട്ട് തുടങ്ങി. ബ്രിട്ടീഷുകാർ അധികാരം കൈമാറിയ സഊദ് വംശവും, ഇബ്നു വഹാബും സൂഫികളെ അംഗീകരിച്ചിരുന്നില്ല, അവർ സൂഫിസത്തിനു എതിരെ കടുത്ത നടപടികൾ എടുത്തു. ഇസ്‌ലാമിൽ ശവ കുടീര പൂജകരെ സൃഷ്ടിക്കുന്നു എന്ന പേരിൽ ആയിരക്കണക്കിന് സൂഫികൾ സൗദിയിൽ കൊല ചെയ്യപ്പെട്ടു.

Remove ads

ഇന്ത്യയിൽ

ഇന്ത്യയിൽ ഇസ്‌ലാം പ്രചരിക്കുന്നത് സൂഫികളുടെ കടന്നു വരവോടു കൂടിയാണ്, ജാതീയത ഗ്രസിച്ച സമൂഹത്തിൽ സൂഫികളുടെ സൗഹാർധ പൂർണ്ണമായ ഇസ്‌ലാമിക നിലപാട് ധാരാളം അയിത്ത ജാതികരെ ഇസ്‌ലാം സ്വീകരിക്കുവാൻ കാരണമാക്കി, മൊയ്നുദ്ദീൻ ചിശ്തി,നിസാമുദീൻ എന്നീ സൂഫി ഔലിയാക്കളിലൂടെ ലക്ഷ കണക്കിന് പേർ ഇസ്ലാമിലേക്ക് മാർഗ്ഗം കൂടി, ബുൾബുൾ ഷാ എന്ന സൂഫി ഫകീർ കാരണം കാഷ്മീരികൾ ഭൂരിഭാഗവും ഇസ്‌ലാം സ്വീകരിച്ചു, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സൂഫികൾ വഴിയായി ധാരാളം പേർ ഇസ്‌ലാം മതത്തിലേക്ക് കടന്നു വന്നു, ടിപ്പു സുൽത്താനെ പോലുള്ള സൂഫി ഭരണാധികാരികൾ ഇതിനു പിന്തുണയും നല്കിയിരുന്നു.

സൂഫി മാർഗ്ഗം ഇന്ത്യയിൽ ഏറെ പ്രചരിച്ചത് മുഗൾ ഭരണകാലത്താണ്. ഹിന്ദു രജപുത്രരുമായി വിവാഹബന്ധത്തിൽപ്പോലുമേർപ്പെട്ടിരുന്ന മുഗൾ ഭരണാധികാരികൾ സൂഫിസ ചിന്തകൾ ഭാരതീയ ചിന്താ ധാരകളുമായി സമന്വയിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അത് സൂഫിസത്തിന്റെയും ഭാരതീയതയുടെയും സങ്കലനമാവാം, ശരിയായ സൂഫി മാർഗ്ഗമായി ചിത്രീകരിക്കാൻ കഴിയില്ല എങ്കിലും ഹൈന്ദവചിന്തയും ഇസ്‌ലാമിക ആദ്ധ്യാത്മികതയും കൂടിച്ചേരുന്ന ഒരു സവിശേഷ ആത്മീയധാരയായിട്ട് ഭാരതീയ ചിന്തകൾ വികസിച്ചു വന്നിട്ടുണ്ട്. സൂഫി ചിന്ത ഇന്ത്യയുടെ സാഹിത്യ-സംഗീത-സാംസ്ക്കാരിക മേഖലകളിൽ ചെലുത്തിയിട്ടുള്ള സ്വാധീനം വലുതാണ്. ഹിന്ദു-മുസ്‌ലിം മതവിശ്വാസികളുടെ സൗഹാർദ്ദത്തിനും സൂഫിമാർഗ്ഗം വഴിതെളിച്ചു.

മുഗൾ കാലഘട്ടത്തിൽ ഡെൽഹിയിൽ രാജസഭക്കുപുറമേ ജനസാമാന്യത്തിനിടയിലും സൂഫിമാർഗ്ഗം പ്രചരിച്ചിരുന്നു. മൗലിക വാദികളായ ഇസ്‌ലാമികപണ്ഡിതരെ അവർ തള്ളിക്കളയുകയും ചെയ്തു.[15] ഡെൽഹിയിലെ പുരാതന സൂഫി ആശ്രമങ്ങളിലേക്ക് മുസ്ലീങ്ങൾ മാത്രമല്ല ഹിന്ദുക്കളും സന്ദർശനം പതിവാക്കിയിരുന്നു.[19] ഹിന്ദുക്കളുടെ കുട്ടികൾ, ഉദാരരീതിയിലുള്ള മദ്രസകളിൽ പഠിക്കാനെത്തുക പോലും ചെയ്തിരുന്നു. റാം മോഹൻ റോയ് പോലുള്ള പ്രശസ്ത ഹിന്ദു ചിന്തകർ മദ്രസകളിൽ പഠിച്ചവരാണ്.[20] ചക്രവർത്തി ബഹാദൂർഷാ സഫറിന്റെ കാലത്ത് അദ്ദേഹത്തിന്റെ പള്ളികളിലേക്കുള്ള സന്ദർശനത്തേക്കാൾ വളരെയധികമായിരുന്നു സൂഫി ആശ്രമങ്ങളിലേക്കുള്ള സന്ദർശനങ്ങൾ. സൂഫി ആശ്രമങ്ങൾക്ക് സഫർ ഉദാരമായി സഹായങ്ങളും നൽകിയിരുന്നു. സഫർ സ്വയം ഒരു സൂഫി പീർ ആയി അറിയപ്പെട്ടിരുന്നു.[19] സഫർ അടക്കമുള്ള സൂഫി മാർഗ്ഗക്കാർ ഹിന്ദു സന്യാസിമാരെ ബഹുമാനിക്കുകയും ചെയ്തിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ പതനവും ഇതിന് കാരണമായിരുന്നു. ഷാ വലിയുല്ലാഹ് ദഹലവിയെ പോലുള്ള സൂഫി പീറുകൾ ബ്രിട്ടീഷ് വിരുദ്ധ സമരം നടത്തിയതിന്റെ പേരിൽ ഭരണ കൂടത്തിന്റെ നോട്ട പുള്ളികൾ ആയി, മൌലാന മുഹമ്മദലി സഹോദരന്മാരെ പോലെ ഉള്ള മുസ്ലിം സ്വതന്ത്ര സമര നേതാക്കൾ സൂഫി മാർഗ്ഗം പിൻ തുടർന്നത് സൂഫികളെ കരിമ്പട്ടികയിൽ പെടുത്താൻ കാരണമായി ഇതോടെ ഇന്ത്യയിൽ സൂഫിസ പ്രചരണം ദുഷ്കരമായി. ഹിന്ദു, മുസ്‌ലിം മൗലിക കൂട്ടങ്ങളുടെ വളർച്ചയും മറ്റൊരു ഹേതുവാണ്.

Remove ads

കേരളത്തിൽ

മുഹമ്മദ്‌ നബിയുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തിലെ ചില  കടലോരങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഉൾനാടുകളടക്കം പൂർണ്ണമായും  മലയാള കരയിൽ ഇസ്‌ലാം കടന്നു ചെല്ലുന്നത് സൂഫികളുടെ വരവോടു കൂടിയാണ്. മാലിക് ഇബ്നു ദീനാർറെന്ന സൂഫി യോഗിയും കൂട്ടരുമാണ് കേരളത്തിലാകമാനം ഇസ്‌ലാം പ്രചരിപ്പിക്കാൻ തുടക്കം കുറിച്ചത്.[21] ലക്ഷദ്വീപടക്കമുള്ള സമീപ സ്ഥലങ്ങളിലും സൂഫിസത്തിനു നല്ല വേരോട്ടം ലഭിച്ചു.മുഹ്യുദ്ധീൻ അടക്കമുള്ള സൂഫി യോഗികളുടെ പേരിൽ കേരളത്തിലങ്ങോളമിങ്ങോളം പള്ളികളും, റാതീബ് പുരകളും , ദർഗ്ഗകളും സ്ഥാപിക്കാനും അവ മറയാക്കി മത ബോധം ഊട്ടിയുറപ്പിക്കുവാനും, മതപ്രചാരണം നടത്താനും തുടർന്ന് വന്ന സൂഫികൾ പരിശ്രമിച്ചു . കലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായതിനാൽ ദഫ് അറവന , കോൽക്കളി എന്നിവയുടെ ഉപയോഗവും പക്ഷിപ്പാട്ട്, മാലപ്പാട്ട്, നൂൽപാട്ട് ,പടപ്പാട്ട് എന്നിങ്ങനെ മാപ്പിള പാട്ടുകളുടെ രൂപീകരണവും അറബി മലയാള എഴുത്തു രീതിയുമൊക്കെ സൂഫികളുടെ കീഴിൽ വികാസം പ്രാപിച്ചു.[22]

മലബാർ കലാപങ്ങൾക്ക് ശേഷം കേരളത്തിൽ മുസ്‌ലിം പരിഷ്കരണ സംഘടനകൾ വളർന്നുവന്നു. സമുദായത്തിന്റെ വിദ്യാഭ്യാസപരമായും സാമൂഹികവുമായുള്ള ഉന്നമനത്തിന് ഇത് വഴി വെച്ചു. ഇതോടെ നേർച്ച, കുത്ത് റാത്തീബ് , മൗലീദ് തുടങ്ങിയ സൂഫി ആചാരങ്ങൾ വിരളമായിത്തുടങ്ങി.

Remove ads

അവലംബങ്ങൾ

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads