താവോ തേ കിങ്
From Wikipedia, the free encyclopedia
Remove ads
താവോ തേ കിങ്ഒരു ചൈനീസ് മതഗ്രന്ഥമാണ്. താവോ മതത്തിന്റെ ഉപനിഷത്തായി ഇത് പരിഗണിക്കപ്പെടുന്നു. ലാവോത്സെ (ലാവോസി) ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഈ കൃതി രചിക്കാനിടയായ സാഹചര്യത്തെപ്പറ്റി ഒരു ഐതിഹ്യം നിലവിലുണ്ട്. മധ്യവയസ്സിൽ സൈനിക സേവനത്തിൽ നിന്നു വിരമിച്ച ലാവോത്സെ സന്ന്യാസം സ്വീകരിച്ച് ജ്ഞാനോപദേശം നൽകുവാൻ ആരംഭിച്ചു. ഒട്ടേറെ ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ടായി. ശിഷ്യഗണങ്ങളുടെ സംഭാഷണങ്ങളിൽ നിന്ന് ലാവോയുടെ മഹത്ത്വം ഗ്രഹിക്കാനിടയായ ചക്രവർത്തി ഇദ്ദേഹത്തിന്റെ അറിവുകൾ ഗ്രന്ഥരൂപത്തിലാക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ അതിഷ്ടപ്പെടാതെ ലാവോത്സെ രാജ്യം വിട്ടുപോകുന്നതിന് തീരുമാനിച്ചു. അതിർത്തി കടക്കാൻ ചെന്ന ഇദ്ദേഹത്തെ രാജസേവകർ ചുങ്കം നൽകാത്തതിനാൽ തടഞ്ഞു നിറുത്തി. തന്റെ പക്കൽ ചുങ്കം നൽകാൻ കാശില്ലെന്നും താൻ പുസ്തകം എഴുതണമെന്ന് നിർബന്ധിച്ചതിനാലാണ് രാജ്യം വിടുന്നതെന്നും അവരെ അറിയിച്ചു. ഗ്രന്ഥം നിർമ്മിക്കുവാനുള്ള അറിവുണ്ടെങ്കിൽ പുസത്കം എഴുതി നൽകിയാൽ മതിയാകുമെന്നും ചുങ്കത്തിന് പണം തരേണ്ടതില്ല എന്നും രാജസേവകൻ അറിയിച്ചു. അതനുസരിച്ച് രചിച്ച ഗ്രന്ഥമാണ് താവോ തേ കിങ് (താവോയുടെ പുസ്തകം) എന്ന് ജനങ്ങൾ വിശ്വസിച്ചുപോരുന്നു. ഗ്രന്ഥാരംഭത്തിൽ "സത്യം വ്യഞ്ജിപ്പിക്കാൻ കഴിയാത്തതാണ്; വ്യഞ്ജിപ്പിക്കപ്പെടുന്നത് ഒന്നുംതന്നെ സത്യമല്ല - എന്നു വെളിപ്പെടുത്തുന്നു. ഗ്രന്ഥം രചിച്ചു നൽകിയ ശേഷം ഗ്രന്ഥകാരൻ എങ്ങോ അപ്രത്യക്ഷനായതായി വിശ്വസിക്കപ്പെടുന്നു.

Remove ads
ഗ്രന്ഥത്തിലെ പരാമർശം
അനന്തമായ മഹാസമുദ്രത്തെ അതീവസമർഥമായി ഒരു പാത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതുപോലെ 81 ബീജമന്ത്രങ്ങളിലൊതുക്കി താവോ തന്റെ തത്ത്വശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനസിദ്ധി നേടിയവരിൽ അതിശ്രേഷ്ഠനായി ഗണിക്കപ്പെടുന്ന ലാവോത്സെയുടെ ഈ കൃതിക്ക് അനുബന്ധമോ വ്യാഖ്യാനമോ ഇതുവരെ ഉണ്ടായിട്ടുള്ളതായി അറിവില്ല.
താവോഎന്ന പദത്തിന് വഴി എന്നാണ് അർഥം. സാധാരണ വഴി പോലെ കൃത്യമായ അതിർവരമ്പുകളോ ലക്ഷ്യമോ ഇല്ലാത്ത വഴിയാണിത്. ഓരോരുത്തർക്കും അവരവരുടെ വഴി; എത്തിച്ചേരുന്ന സ്ഥാനവും എത്തുന്ന ആളും തമ്മിൽ അകലമില്ല. ഒരിക്കലും മാറ്റം വരാത്ത സത്യമായി താദാത്മ്യം പ്രാപിക്കാനുള്ള ഈ മാർഗ്ഗത്തെയാണ് ലാവോത്സെ താവോ എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെ മാതൃക ഭൂമിയാണ്; ഭൂമിയുടെ മാതൃക സ്വർഗമാണ്; സ്വർഗത്തിന്റെ മാതൃക മാർഗ്ഗമാണ്; മാർഗ്ഗത്തിന്റെ മാതൃക നൈസർഗികവുമാണ്.ഇങ്ങനെ ശൃംഖലാബദ്ധമായി നീണ്ടു പോകുന്നു താവോ തേ കിങിലെ വിവരണങ്ങൾ.
ഇന്ദ്രിയഗോചരമായ പദാർഥങ്ങളെ സത്തയായും അല്ലാത്തവയെ അസത്തയായും വ്യവഹരിക്കുകയും സമാധാനം കാംക്ഷിക്കുകയും യുദ്ധത്തെ എതിർക്കുകയും പുരോഗമനപരമായ ലക്ഷ്യങ്ങളും ജനകീയ സ്വഭാവവും സ്വാഗതം ചെയ്യുകയുമാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരൻ ലക്ഷ്യമാക്കിയിരിക്കുന്നത്.
പ്രധാന ലോകഭാഷകളിലെല്ലാം ഈ ഗ്രന്ഥത്തിന് വിവർത്തനമുണ്ടായിട്ടുണ്ട്.
Remove ads
പുറത്തേക്കുള്ള കണ്ണികൾ
- http://academic.brooklyn.cuny.edu/core9/phalsall/texts/taote-v3.html
- http://www.sacred-texts.com/tao/taote.htm
- http://taoism.net/ttc/complete.htm Archived 2012-06-15 at the Wayback Machine
- http://www.thebigview.com/tao-te-ching/
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താവോ തേ കിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads