ട്രാൻസ്‌നിസ്ട്രിയ

From Wikipedia, the free encyclopedia

ട്രാൻസ്‌നിസ്ട്രിയ
Remove ads

ട്രാൻസ്‌നിസ്ട്രിയ (ട്രാൻസ്-ഡ്നൈസ്റ്റർ ട്രാൻസ്ഡ്നിസ്ട്രിയ എന്നീ പേരുകളിലും അറിയപ്പെടുന്നു) ഒരു വിഘടിതപ്രദേശമാണ്. ഡ്നൈസ്റ്റർ നദിക്കും മോ‌ൾഡോവയുടെ ഉക്രൈനുമായുള്ള കിഴക്കൻ അതിർത്തിക്കുമിടയ്ക്കു കിടക്കുന്ന ഒരു തുണ്ടു ഭൂമിയാണിത്. 1990-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനും പ്രത്യേകിച്ച് 1992-ലെ ട്രാൻസ്‌നിസ്ട്രിയൻ യുദ്ധത്തിനും ശേഷം ഈ പ്രദേശം പ്രിഡ്നിസ്ട്രോവിയൻ മോൾഡാവിയൻ റിപ്പബ്ലിക് (പി.എം.ആർ. പ്രിഡ്നിസ്ട്രോവീ എന്നും അറിയപ്പെടുന്നു) എന്ന പരക്കെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത റിപ്പബ്ലിക്കായാണ് നിലനിൽക്കുന്നത്. ഡ്നൈസ്റ്റർ നദിക്ക് കിഴക്കുള്ള പ്രദേശങ്ങൾ തങ്ങളുടേതാണെന്നാണ് ഈ രാജ്യം അവകാശപ്പെടുന്നത്. പടിഞ്ഞാറൻ തീരത്തുള്ള ബെൻഡർ നഗരവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും തങ്ങളുടേതാണെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. റിപ്പബ്ലിക് ഓഫ് മോൾഡോവ ഈ രാജ്യത്തെ അംഗീകരിക്കുന്നില്ല. ട്രാൻസ്‌നിസ്ട്രിയയുടെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം പ്രദേശങ്ങ‌ളും തങ്ങളുടേതാണെന്നാണ് മോൾഡോവ അവകാശപ്പെടുന്നത്. ഈ പ്രദേശം ട്രാൻസ്‌നിസ്ട്രിയ എന്ന പ്രത്യേക നിയമാവസ്ഥയുള്ള സ്വയംഭരണപ്രദേശത്തിന്റെ ([Unitatea teritorială autonomă cu statut juridic special Transnistria] Error: {{Lang}}: unrecognized language code: mol (help))[2] ഭാഗമായാണ് (സ്ട്രിൻഗ നിസ്ട്രൂലൂയി അല്ലെങ്കിൽ "ഡ്നൈസ്റ്ററിന്റെ ഇടതു തീരം")[3][4][5] മോൾഡോവ കണക്കാക്കുന്നത്.

വസ്തുതകൾ പ്രിഡ്നെസ്ട്രോവിയൻ മോൾഡാവിയൻ റിപ്പബ്ലിക്, തലസ്ഥാനം ...
Thumb
ട്രാൻസ്‌നിസ്ട്രിയയുടെ ഭൂപടം

സോവിയറ്റ് യൂണിയൻ വിഘടിച്ചശേഷം മോൾഡോവയും ഇതിൽ നിന്ന് വിഘടിച്ചുപോയ അംഗീകാരമില്ലാത്ത ട്രാൻസ്‌നിസ്ട്രിയ എന്ന പ്രദേശവും തമ്മിലുള്ള സ്പർദ്ധ യുദ്ധത്തിലേയ്ക്ക് വഴുതിവീണു. 1992 മാർച്ചിലാണ് യുദ്ധം തുടങ്ങിയത്. 1992 ജൂലൈ മാസത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതോടെ യുദ്ധം അവസാനിച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിൽ മൂന്നു കക്ഷികളുള്ള (റഷ്യ, മോൾഡോവ, ട്രാൻസ്‌നിസ്ട്രിയ) സംയുക്ത നിയന്ത്രണക്കമ്മീഷൻ നദിയുടെ ഇരുവശത്തുമുള്ള ഇരുപത് പ്രദേശങ്ങൾ ചേർന്ന സൈന്യരഹിത ഭൂമിയിലെ സുരക്ഷയും മറ്റും നോക്കിനടത്തും. വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും ഈ പ്രദേശത്തിന്റെ രാഷ്ട്രീയ നില ഇതുവരെ ഒരു തീരുമാനമാക്കാൻ സാധിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തിൽ അംഗീകാരമില്ല എങ്കിലും ഫലത്തിൽ ട്രാൻസ്‌നിസ്ട്രിയ ഒരു സ്വതന്ത്ര രാജ്യമാണ്.[6][7][8][9] സ്വന്തം ഭരണകൂടവും, പാർലമെന്റും, സൈന്യവും, പോലീസും, പോസ്റ്റൽ സംവിധാനവും നാണയവുമുള്ള ഒരു പ്രസിഡൻഷ്യൽ റിപ്പബ്ലിക്കായാണ് ട്രാൻസ്‌നിസ്ട്രിയ സ്വന്തം ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ്‌നിസ്ട്രിയയുടെ ഭരണകർത്താക്കൾ ഒരു ഭരണഘടനയും കൊടിയും ദേശീയഗാനവും രാഷ്ട്രീയ മുദ്രയും സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും 2005-ൽ മോൾഡോവയും ഉക്രൈനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് ഉക്രൈനിയൻ അതിർത്തിവഴി ചരക്കുകൾ കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്ന എല്ലാ ട്രാൻസ്നിസ്ട്രിയൻ കമ്പനികളും മോൾഡോവൻ ഉദ്യോഗസ്ഥരിൽ നിന്ന് രജിസ്ട്രേഷൻ നേടിയിരിക്കണം.[10] 2005-ൽ യൂറോപ്യൻ യൂണിയൻ ബോർഡർ അസിസ്റ്റൻസ് മിഷൻ റ്റു മോൾഡോവ ആൻഡ് ഉക്രൈൻ പ്രവർത്തനമാരംഭിച്ച ശേഷമായിരുന്നു ഈ കരാർ നിലവിൽ വന്നത്.[11] മിക്ക ട്രാൻസ്‌നിസ്ട്രിയക്കാർക്കും മോൾഡോവൻ പൗരത്വമുണ്ട്.[12] പക്ഷേ റഷ്യൻ പൗരത്വവും ഉക്രൈനിയൻ പൗരത്വവുമുള്ള പല ട്രാൻസ്‌നിസ്ട്രിയക്കാരുമുണ്ട്.

റഷ്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതിനാൽ, "ഫലത്തിൽ റഷ്യയുടെ നിയന്ത്രണത്തിൻ കീഴിലോ കാര്യമായ സ്വാധീനത്തിൻ കീഴിലോ ആണ് ഈ പ്രദേശ"മെന്നാണ് മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കോടതി കണക്കാക്കുന്നത്.[13]

നഗോർണോ-കാരബാഖ്, അബ്ഘാസിയ, സൗത്ത് ഒസ്സെഷ്യ എന്നിവയെപ്പോലെ ട്രാൻസ്‌നിസ്ട്രിയയും സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷം "തണുത്തുറ‌ഞ്ഞ പോരാട്ടം" നിലനിൽക്കുന്ന ഒരു പ്രദേശമായി കണക്കാക്കപ്പെടുന്നു.[14][15] അംഗീകാരമില്ലാത്ത ഈ നാലു രാജ്യങ്ങളും പരസ്പരം സൗഹാർദ്ദപരമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ രാജ്യങ്ങൾ കമ്യൂണിറ്റി ഫോർ ഡെമോക്രസി ആൻഡ് ദി റൈറ്റ്സ് ഓഫ് നേഷൻസ് എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്.[16][17][18]

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads