കോപ്റ്റിക് ഭാഷ
From Wikipedia, the free encyclopedia
Remove ads
ക്രിസ്ത്വാബ്ദം ഒന്നാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും മദ്ധ്യേ ഈജിപ്തിലെ സംസാരഭാഷയായിരുന്നു കോപ്റ്റിക് (കോപ്റ്റിക് :Ϯⲁⲥⲡⲓⲛ̀ⲣⲉⲙⲛ̀ⲭⲏⲙⲓ തി അസ്പി എൻ റെമെൻഖീമീ). ഈജിപ്ഷ്യൻ ഭാഷയുടെ പരിണാമത്തിലെ അവസാനത്തെ കണ്ണിയാണ് ഇത്. ചിത്രലിപിക്ക് പകരം യവനാക്ഷരങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് കോപ്റ്റിക്കിനെ ഈജിപ്ഷ്യൻ ഭാഷയിൽ നിന്ന് വേർതിരിച്ച് നിർത്തുന്ന ഘടകം.
Remove ads
പേര്
കോപ്റ്റിക് ഭാഷയിൽ, ആ ഭാഷ, ബുഹയ്‌റിയിൽ Ϯⲙⲉⲧⲣⲉⲙⲛ̀ⲭⲏⲙⲓ (തിമെത് റെമെൻകീമി) എന്നും, സയീദിയിൽ ⲧⲙⲛ̀ⲧⲛ̀ⲣⲙ̀ⲛ̀ⲕⲏⲙⲉ ( ത് മെന്തെൻ റെമെൻകീമെ) എന്നും അറിയപ്പെടുന്നു. ബുഹയ്‌റിയിൽ ⲙⲉⲧ- (മെത്) ഉം സയീദിയിൽ ⲙⲛ̀ⲧ- (മെന്ത്) ഉം, സംസാരിക്കുക എന്നർത്ഥമുള്ള ⲙⲟⲩϯ (മൂത്തി) എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. ഈ സന്ദർഭത്തിൽ, ഇവയ്ക്ക് സംസാരം എന്നർത്ഥം. ⲛ̀ (എൻ) എന്നത് മലയാളത്തിലെ ന്റെ എന്ന വിഭക്തി പ്രത്യയത്തിനു സമാനമായി പ്രവർത്തിക്കുന്ന ഒരു ഗതിയാണ്. Ⲣⲉⲙⲛ̀ⲭⲏⲙⲓ യെ മൂന്നായി പിരിക്കാം; Ⲣⲉⲙ-(റെം) എന്നത്, മനുഷ്യൻ എന്നർത്ഥമുള്ള Ⲣⲱⲙⲓ(റോമി/റൗമി) എന്ന വാക്കിന്റെ ഒരു രൂപമാണ്. Ⲭⲏⲙⲓ (ഖീമീ/കീമി) എന്നതിന് ഈജിപ്ത് എന്നർത്ഥം. തന്മൂലം Ⲣⲉⲙⲛ̀ⲭⲏⲙⲓ എന്നാൽ ഈജിപ്തുകാരൻ എന്നർത്ഥം. അതിനാൽ, ϯⲙⲉⲧⲣⲉⲙⲛ̀ⲭⲏⲙⲓ എന്നാൽ ഈജിപ്ഷ്യൻ ഭാഷ എന്നർത്ഥം.
കോപ്റ്റിക് ഭാഷയെ Ϯⲁⲥⲡⲓⲛ̀ⲣⲉⲙⲛ̀ⲭⲏⲙⲓ(തി അസ്പി എൻ റെമെൻകീമി) എന്നും വിളിക്കാറുണ്ട്. Ⲁⲥⲡⲓ(അസ്‌പി) എന്നാൽ ഭാഷ എന്നർത്ഥം.
സയീദിയിൽ ⲧⲙⲛ̀ⲧⲕⲩⲡⲧⲁⲓⲟⲛ (ത്മെന്ത് കിപ്തെയോൺ) ⲗⲟⲅⲟⲥⲛ̀ⲁⲓⲅⲩⲡⲧⲓⲟⲥ ( ലോഗോസ് എൻ എഗിപ്തിയോസ്) എന്നും കോപ്റ്റിക് ഭാഷ അറിയപ്പെടുന്നു. ഇവിടെ കിപ്തെയോൺ, ലോഗോസ്, എഗിപ്തിയോസ് എന്നിവ ഗ്രീക്ക് പദങ്ങളാണ്.
Remove ads
ഭാഷാഭേദങ്ങൾ
കോപ്റ്റിക് ഭാഷയ്ക്ക് പ്രധാനമായി അഞ്ച് വകഭേദങ്ങളാനുള്ളത്. വടക്കൻ ഈജിപ്ത് (കോപ്റ്റിക് : Ⲧⲥⲁϧⲓⲧ (ത്സഹീത്ത്)) കേന്ദ്രമാക്കിയുള്ള വടക്കൻ അല്ലെങ്കിൽ ബുഹയ്‌റി, തെക്കൻ ഈജിപ്ത് (കോപ്റ്റിക് : Ⲙⲁⲣⲏⲥ (മറീസ്)) കേന്ദ്രമാക്കിയുള്ള തെക്കൻ അല്ലെങ്കിൽ സയീദി, ഫയൂം (ഗ്രീക്കിൽ ലിക്കോപോലിസ് (Λυκόπολης), കോപ്റ്റിക് : Ⲫⲓⲟⲙ(ഫിയോം)) നഗരം കേന്ദ്രമാക്കിയുള്ള ഫയൂമി അല്ലെങ്കിൽ ലിക്കോപോലിത്തൻ, അഖ്മീം നഗരം കേന്ദ്രമാക്കിയുള്ള ആഖ്മീമി (കോപ്റ്റിക് : Ϣ̀ⲙⲓⲛ (എശ്മീൻ)), P ഭേദം എന്നിവയാണ് പ്രധാന ഭാഷാഭേദങ്ങൾ.

ഇതിൽ ഏറ്റവും പ്രധാനം ബുഹയ്‌റിയും സയീദിയും ആണ്. ക്രിസ്തുവർഷം പത്താം നൂറ്റാണ്ട് വരെ കോപ്റ്റിക് സഭയുടെ ഔദ്യോഗിക ഭാഷ തെക്കൻ ഭാഷയായ സയീദി ആയിരുന്നു. എന്നാൽ പത്താം നൂറ്റാണ്ടിൽ സഭയുടെ ആസ്ഥാനം
അലെക്സാന്ദ്രിയായിൽ നിന്ന് കയ്‌റോയിലേക്ക് മാറ്റി. അങ്ങനെ, സയീദിയെ പിന്തള്ളി ബുഹയ്‌റി ഈജിപ്ഷ്യൻ സഭയുടെ ഔദ്യോഗിക ഭാഷയായി തീർന്നു. ആധുനിക കാലത്തെ കോപ്റ്റിക് ഭാഷയുടെ പുനരുജ്ജീവന ശ്രമങ്ങൾ പ്രധാനമായും ബുഹയ്‌റിയെ ചുറ്റിപറ്റിയാണ്.
Remove ads
ചരിത്രം
ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷകളിൽ ഒന്നാണ് ഈജിപ്ഷ്യൻ ഭാഷ. ക്രിസ്തുവിന് 3200 വർഷങ്ങൾക്ക് മുമ്പ് സംസാരിച്ചിരുന്ന പ്രാചീന ഈജിപ്ഷ്യൻ ഭാഷ മുതൽ ആധുനിക കോപ്റ്റിക് ഭാഷ വരെ വിവിധ ഘട്ടങ്ങളിലായിരുന്നു ഈജിപ്ഷ്യൻ ഭാഷയുടെ പരിണാമം.
ഈജിപ്തിലെ റോമൻ ഭരണകാലത്താണ് കോപ്റ്റിക് ഭാഷയുടെ ഉത്ഭവം. മഹാനായ അലെക്സാന്ദ്രോസ് ചക്രവർത്തി 332ൽ ഈജിപ്തിനെ പേർഷ്യൻ ഭരണത്തിൽ നിന്ന് മോചിപ്പിക്കുകയും, തന്മൂലം ഈജിപ്തിലെ ജനങ്ങൾ അദ്ദേഹത്തെ ഫറവോ ആയി വാഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം, സേനാപതികളിൽ ഒരാളും യവന വംശജനുമായ പ്തോളമെയോസ് ഫറവോ ആയി തത്ഫലമായി ഈജിപ്ത് യവന സംസ്കൃതിയുടെ സ്വാധീനത്തിലായി. വർഷങ്ങൾക്ക് ശേഷം, ക്രിസ്തുവർഷം 30ൽ പ്‌തോളമേയ രാജവംശത്തിലെ അവസാനത്തെ ഫറവോ ആയ ക്ലെയോപാത്രയിൽ നിന്നും റോമാ സാമ്രാജ്യം ഈജിപ്ത് പിടിച്ചെടുത്തു. എങ്കിലും ഗ്രീക്ക് വ്യവഹാര ഭാഷയായി തുടർന്നു..
ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ട് മുതൽ ഈജിപ്ഷ്യൻ ഭാഷയുടെ ഒരു വകഭേദമായ ഡിമോട്ടിക് (ഗ്രീക്ക് : Δημοτική (ദിമോത്തിക്കി), ജനകീയം എന്നർത്ഥം) ഭാഷയിൽ നിന്ന് കോപ്റ്റിക് ഉരുവായി. ആദ്യ കാല കോപ്റ്റിക് ലിഖിതങ്ങൾ പ്രധാനമായും ഇന്ദ്രജാലവിദ്യകളുമായി ബന്ധപ്പെട്ടവയായിരുന്നു.

ക്രൈസ്തവവത്കരണത്തിന് മുൻപ്
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടോടെ, അതായത് റോമൻ ഭരണകാലത്ത് ആണ് കോപ്റ്റിക് ഭാഷ അതിന്റെ പൂർവരൂപം പ്രാപിച്ചത്. ഈ കാലഘട്ടത്തിൽ ഈജിപ്റ്റിലെ പരമ്പരാഗത മതം ക്ഷയിച്ചത് ചിത്രലിപിയുടെ (Hieroglyphics) ക്ഷയത്തിന് കാരണമായി. ആ കാലത്ത് മതപുരോഹിതർക്കും പണ്ഡിതർക്കും മാത്രമേ ചിത്രലിപി വശമുള്ളായിരുന്നു. അതിനാൽ അക്കാലത്ത് സാധാരണക്കാർക്കിടയിൽ ഫോണെറ്റിക് രീതിയിലുള്ള യവനലിപിക്ക് പ്രചാരം ലഭിച്ചു. കോപ്റ്റിക് ഭാഷയുടെ ഈ ഘട്ടം പ്രാചീന കോപ്റ്റിക് (Old Coptic) ഭാഷയെന്ന് അറിയപ്പെടുന്നു. പ്രാചീന കോപ്റ്റിക് ലിഖിതങ്ങൾ പ്രധാനമായും വിവിധ ദേവീദേവന്മമാരെ പ്രകീർത്തിക്കുന്ന പ്രാർത്ഥനകളോ ജ്യോതിഷ സംബന്ധമായവയോ ആയിരുന്നു.
ക്രൈസ്തവ ഈജിപ്ത്
ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതം ഈജിപ്തിൽ എത്തിയെന്ന് കരുതപ്പെടുന്നു. സുവിശേഷകർത്താവായ വിശുദ്ധ മർക്കോസ് ആണ് ഈജിപ്തിൽ ക്രിസ്തുമതം കൊണ്ടുവന്നത്. ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ട് ആയപോഴേക്കും ഈജിപ്ത് ഒരു ക്രൈസ്തവ ഭൂരിപക്ഷ മേഖലയായി മാറി. റോമാ സാമ്രാജ്യത്തിൽ ക്രൈസ്തവ വിശ്വാസത്തിന് മതസ്വാതന്ത്ര്യം നൽകിയ 313ലെ മിലാൻ വിളംബരം ഈജിപ്തിന്റെ ക്രൈസ്തവവൽകരണത്തിന് ആക്കം കൂട്ടി.

ഈജിപ്തിലെ ആദിമ ക്രൈസ്തവർ പ്രധാനമായും ഗ്രീക്ക് തുറമുഖനഗരമായ അലെക്സാന്ദ്രിയയിലും പ്രാന്തപ്രദേശങ്ങളിലും ആയിരുന്നു കഴിഞ്ഞിരുന്നത്. അതിനാൽ ഈജിപ്തിലെ ആദിമ ക്രൈസ്തവ സമൂഹം ഗ്രീക്ക് ആയിരുന്നു ആരാധനാഭാഷയായി ഉപയോഗിച്ചിരുന്നത്. പക്ഷെ മൂന്നാം നൂറ്റാണ്ടോടെ ഈജിപ്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ക്രൈസ്തവരായി തീർന്നതോടെ ആരാധനക്രമം പ്രാദേശിക ഭാഷയിലേക്ക് വിവർത്തനം ചെയ്യേണ്ടതായി വന്നു. അലെക്സാന്ദ്രിയയിലെ മെത്രാനും പാത്രിയർക്കീസുമായ വിശുദ്ധ അത്തനാസിയോസാണ് കോപ്റ്റിക് ഭാഷ ഉപയോഗിച്ചിരുന്ന ആദ്യ മെത്രാൻ.
ഇക്കാലത്തെ പല സഭാപിതാക്കൻമാരും കോപ്റ്റിക് ഭാഷ ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ നാലാം നൂറ്റാണ്ടിലെ സന്യാസവര്യനായ വിശുദ്ധ ശെനൂത്തി (Ⲡⲓⲁⲅⲓⲟⲥ Ϣⲉⲛⲟⲩϯ) ആണ് കോപ്റ്റിക് ഭാഷയെ ഇന്ന് കാണുന്ന രീതിയിൽ ക്രമീകരിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചത്.
ക്രിസ്തുവർഷം 451ൽ റോമൻ ചക്രവർത്തിയായ മാർക്കിയൻ, അനാത്തോലിയയിലെ (ആധുനിക തുർക്കി) ഖൽകെദോനിയയിൽ വച്ച് ഒരു സൂനഹദോസ് വിളിച്ചു കൂട്ടുകയും, ക്രമേണ ഇത് ഈജിപ്ഷ്യൻ സഭയെ പിളർപ്പിലേക്ക് നയിക്കുകയും ചെയ്തു. സൂനഹദോസിന്റെ തീരുമാനങ്ങളെ ഗ്രീക്ക് വംശജർ സ്വീകരിച്ചെങ്കിലും ഈജിപ്ഷ്യൻ വംശജർ അവ തിരസ്കരിച്ചു. തന്മൂലം ഈജിപ്ഷ്യൻ ജനത പൗരസ്ത്യ ഓർത്തഡോക്സ് സഭയും കിഴക്കൻ ഓർത്തഡോക്സ് സഭയുമായി പിളർന്നു. കോപ്റ്റിക് ഭാഷ പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ ആരാധനാ ഭാഷയാകുകയും ചെയ്തു.
അറബ് അധിനിവേശവും ഇസ്ലാമിക വാഴ്ചയും
ക്രിസ്ത്വാബ്ദം 639 ഡിസംബർ 12ന് ഈജിപ്തിനെ അറബ് മുസ്ലിങ്ങൾ പിടിച്ചെടുക്കുകയും തൽഫലമായി ഈജിപ്ത് ഇസ്ലാമിക ഭരണത്തിലേക്ക് നീങ്ങുകയും ചെയ്തു. മുസ്ലീം ഭരണത്തിൽ കോപ്റ്റിക്കിനേയും ഗ്രീക്കിനേയും പിന്തള്ളി അറബി ഭരണഭാഷയായി മാറി. ഇതോടെ കോപ്റ്റിക് ഭാഷയുടെ പതനം ആരംഭിച്ചു. മതാപീഡനവും ഭരണവർഗ്ഗത്തിന്റെ നിസ്സംഗതയും മൂലം കോപ്റ്റിക് ഭാഷയെ പിന്തള്ളി അറബി ഈജിപ്തിലെ ജനങ്ങളുടെ സംസാരഭാഷയാകാൻ കാരണമായി. പക്ഷെ, കോപ്റ്റിക് ഭാഷ പതിനേഴാം നൂറ്റാണ്ട് വരെ നിലനിന്നു. പിൽകാലത്ത് മുസ്ലിം ഭരണാധികാരികൾ കോപ്റ്റിക് ഭാഷ നിരോധിച്ചു, അങ്ങനെ ഈജിപ്ഷ്യൻ ഭാഷയുടെ അവസാനത്തെ നാളവും അണഞ്ഞു. കോപ്റ്റിക് ഓർത്തഡോക്സ്-കോപ്റ്റിക് കത്തോലിക്ക സഭകളിൽ ആരാധനാ ഭാഷയെന്ന നിലയിൽ ഇന്നും ഉപയോഗിച്ച് പോരുന്നു.

ആധുനിക കാലത്ത് ഈജിപ്ഷ്യൻ സഭയുടെ നേതൃത്ത്വത്തിൽ കോപ്റ്റിക് ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
Remove ads
ലിപി
യവനലിലിയുടെ ഒരു വകഭേദം ആണ് കോപ്റ്റിക് ഭാഷ എഴുതാനായി ഉപയോഗിക്കുന്നത്. ഇതിൽ യവന ഭാഷയിൽ ഇല്ലാത്ത ചില ശബ്ദങ്ങൾക്ക് ഡെമോട്ടിക് ലിപിയിൽ നിന്ന് ഉൾതിരിയുന്ന അക്ഷരങ്ങൾ ഉപയോഗപ്പെടുത്തുന്നു.

ഇതിൽ Ϣ,Ϥ,Ϧ,Ϭ,Ϫ,Ϩ,Ϯ എന്നീ അക്ഷരങ്ങൾ ഡിമോട്ടിക് ലിപിയിൽ നിന്ന് ഉൾതിരിഞ്ഞവയാണ്.
Remove ads
വ്യാകരണം
കോപ്റ്റിക് ഭാഷയുടെ വ്യാകരണം ഈജിപ്ഷ്യനിന്റേതിനോട് സമാനമാണ്.S-V-O, അതായത് കർത്താവ്-ക്രിയ-കർമ്മം ആണ് പദക്രമം.
ഉദാഹരണം :
Ⲁⲛⲟⲕ ⲡⲉ ⲟⲩⲣⲉⲙⲛ̀ϩⲉⲛⲧ
അനോക്ക് പെ ഉ റെമെൻഹെന്ത്
ഞാൻ ഒരു ഭാരതീയൻ ആണ്.
അനോക്ക് - ഞാൻ (കർത്താവ്)
പെ - ആണ് (ക്രിയ)
ഉ - ഒരു
റെമെൻഹെന്ത് - ഭാരതീയൻ (കർമ്മം)
എന്നാൽ ചിലപ്പോഴൊക്കെ,അനുയോജ്യമായ ഗതിയുണ്ടെങ്കിൽ അത് V-S-O അഥവാ ക്രിയ-കർത്താവ്-കർമ്മം, ആകാറുണ്ട്.

നാമങ്ങൾ
മറ്റ് ആഫ്രോ-ഏഷ്യൻ ഭാഷകളിൽ എന്ന പോലെ, കോപ്റ്റിക് ഭാഷയിൽ രണ്ട് ലിംഗങ്ങളാണ് ഉള്ളത്; പുല്ലിംഗവും സ്ത്രീലിംഗവും. എല്ലാ വസ്തുക്കളും ഈ രണ്ട് ലിംഗങ്ങളിൽ ഒന്നിൽ പെടും. കോപ്റ്റിക്കിൽ നപുംസക ലിംഗം ഇല്ല.വിവേചകഭേദകങ്ങളിലൂടെ ഒരു വാക്കിന്റെ ലിംഗം,തിരിച്ചറിയാം. പുല്ലിംഗ പദങ്ങൾ Ⲡⲓ(പി),Ⲡ̀(എപ്), Ⲫ(എഫ്) എന്നീ വിവേചകഭേദകങ്ങൾ കൊണ്ട് ആരംഭിക്കും. സ്ത്രീലിംഗ പദങ്ങളാകട്ടെ Ϯ(തി),Ⲧ̀(എത്),Ⲑ̀(എഥ്) എന്നിവയാൽ ആരംഭിക്കും.
ഉദാഹരണം:
Ⲡⲓⲣⲏ (പി റീ) സൂര്യൻ
Ϯϫⲓϫ (തി ജീജ്) കൈ
കോപ്റ്റിക്കിൽ വിവേചക ഭേദകങ്ങൾക്ക് ഏകവചനവും ബഹുവചനവും കാണിക്കാൻ സാധിക്കും. കോപ്റ്റിക്കിൽ നാമങ്ങളുടെ ബഹുവചന രൂപങ്ങൾ ക്രമരഹിതമാണ്. പലപ്പോഴും, വിവേചകഭേദകങ്ങൾ മാത്രമാണ് നാമത്തിന്റെ സംഖ്യ വ്യക്തമാക്കുന്നത്.
സർവ്വനാമങ്ങൾ
കോപ്റ്റിക്കിൽ രണ്ട് വിധത്തിലുളള സർവനാമങ്ങളുണ്ട്, സ്വതന്ത്രവും പരാശ്രിതവും. സ്വതന്ത്ര സർവനാമങ്ങൾ ഒരു വാക്യത്തിൽ കർത്താവായിട്ടോ കർമ്മമായിട്ടോ അല്ലെങ്കിൽ ഗതികളുടെ കൂടെയോ ഉപയോഗിക്കാവുന്നത് ആണ്. പരാശ്രിത സർവനാമങ്ങളാകട്ടെ ക്രിയകളുടെയോ നാമങ്ങളുടെയോ കൂടെ ചേർക്കാവുന്ന പ്രത്യയങ്ങളാണ്.
മറ്റ് ആഫ്രോ-ഏഷ്യൻ ഭാഷകളിൽ എന്ന പോലെ, കോപ്റ്റിക്കിൽ ഉത്തമ, മധ്യ പുരുഷ സർവനാമങ്ങൾക്ക് ലിംഗഭേദമുണ്ട്.
Remove ads
സ്വരശാസ്ത്രം
കോപ്റ്റിക് ഭാഷയുടെ ഉച്ചാരണം പ്രധാനമായും രണ്ട് ശൈലികളിലാണ്; ആധുനിക ഗ്രീക്കിനോട് സമാനമായ യവന-ബുഹയ്‌റി, മദ്ധ്യ കാലഘട്ടത്തിലെ ഉച്ചാരണത്തിന് സമാനമായ പഴയ ബുഹയ്‌റി. ഇവയെ കൂടാതെ ആദിമ നൂറ്റാണ്ടുകളിലെ കോപ്റ്റിക് ഉച്ചാരണം ഭാഷാ ശാസ്ത്രജ്ഞർ കണ്ടെത്തി എടുത്തിട്ടുണ്ട്. ഇതിനെ ക്ലാസ്സിക്കൽ ബുഹയ്‌റി എന്ന് വിളിക്കുന്നു.
യവന-ബുഹയ്റി
കോപ്റ്റിക് ഭാഷയുടെ പതനത്തിന് ശേഷവും, അത് ആരാധനാഭാഷയായി തുടർന്നുവെങ്കിലും അപ്പോഴത്തേക്കും, അറബി ഭാഷ കോപ്റ്റിക്കിന്റെ ഉച്ചാരണത്തെ സ്വാധീനിച്ചിരുന്നു. ഗ്രീക്ക് അക്ഷരമാല കോപ്റ്റിക് അക്ഷരമാലയോട് സമാനമായതിനാൽ ശരിയായ ഉച്ചാരണം ആധുനിക ഗ്രീക്കിന് സമാനമായിരിക്കും എന്ന് ഒരു വിഭാഗം ഈജിപ്ഷ്യൻ ക്രൈസ്തവർ കരുതി. അങ്ങനെ, ആധുനിക ഗ്രീക്കിന്റെ സ്വാധീനത്തിൽ രൂപം കൊണ്ട, ഉച്ചാരണ ശൈലിയാണ് യവന-ബുഹയ്‌റി. ആധുനിക ഈജിപ്ഷ്യൻ സഭയുടെ ഉച്ചാരണ ശൈലിയാണിത്.
എന്നാൽ, ഗ്രീക്കിന് കാലക്രമേണ വന്ന സ്വാഭാവിക മാറ്റത്തെ കണക്കിലെടുക്കാതെ ആണ് ഇപ്രകാരം ചെയ്തത് എന്നതിനാൽ, യവന-ബുഹറി ഉച്ചാരണം പൂർണ്ണമായും ശരിയല്ല. ഇക്കാരണത്താൽ, ചില കോപ്റ്റിക് ക്രൈസ്തവർ വികസിപ്പിച്ചെടുത്ത ഉച്ഛാ രണ ശൈലിയാണ് പഴയ ബുഹയ്‌റി.
പഴയ ബുഹയ്റി
കോപ്റ്റിക്കിന്റെ മദ്ധ്യകാല ഉച്ചാരണത്തിന് സമാനമാണ്. അറബിയുടെ സ്വാധീനം ഈ ഉച്ചാരണ ശൈലിയിൽ സുവ്യക്തമാണ്.
ക്ലാസ്സിക്കൽ ബുഹയ്‌റി
പിൽക്കാല ഈജിപ്ഷ്യൻ ഭാഷയുടെ സ്വരശാസ്ത്രവും ഇസ്ലാമിക വാഴ്ചയുടെ ആദ്യ നൂറ്റാണ്ട്കളിലെ കോപ്റ്റിക്-അറബി ലിഖിതങ്ങളും ഭാഷാശാസ്ത്ര വിദഗ്ദ്ധരെ കോപ്റ്റിക് ഭാഷയുടെ സ്വരവിന്യാസത്തെ നിർണ്ണയിക്കുന്നതിൽ സഹായകമായിട്ടുണ്ട്. ഈജിപ്ഷ്യൻ ഭാഷയുടെ മറ്റ് ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, പിൽക്കാല ഈജിപ്ഷ്യൻ ഭാഷയിലുള്ള പേരുകൾ പലതും ക്യൂണിഫോം ലിപിയിൽ ലഭ്യമാണ്, കൂടാതെ സെമറ്റിക് ഭാഷകളിലെ പേരുകൾ പലതും ചിത്രലിപിയിൽ എഴുതി യത് ഈ കാലഘട്ടത്തിൽ ലഭ്യമാണ്.
Remove ads
പദസഞ്ചയം
ഈജിപ്ഷ്യൻ ഭാഷയിൽ നിന്ന് പാരമ്പപര്യസിദ്ധമായി ലഭിച്ച വാക്കുകളാണ് കോപ്റ്റിക്കിന്റെ കാതൽ. മുൻരൂപമായ ഡിമോട്ടിക്കിനോടാണ് കോപ്റ്റിക്കിന് ഏറെ സാദൃശ്യം.
എന്നാൽ കോപ്റ്റിക്കിൽ 40 ശതമാനത്തിൽ കൂടുതൽ വാക്കുകൾ ഗ്രീക്കിൽ നിന്ന് കടമെടുത്തവയാണ്. എന്നാൽ പലപ്പോഴും ഇവയ്ക്ക് ഗ്രീക്കിൽ നിന്നും അർത്ഥവ്യത്യാസമുണ്ടായിരിക്കും. മാത്രമല്ല, ഇത്തരം ഗ്രീക്ക് പദങ്ങൾ, കോപ്റ്റിക്കിന്റെ സ്വരവ്യവസ്ഥക്ക് ചേർന്നവയാകണം എന്നില്ല. പല കോപ്റ്റിക് സാഹിത്യകൃതികളും ഗ്രീക്ക് ഭാഷയിലുള്ളവയുടെ തർജ്ജമ അയതിനാലാണിത് എന്ന് കരുതപ്പെടുന്നു.
സയീദിയിൽ പ്രത്യേകിച്ച്, ബുഹയ്‌റിയെ അപേക്ഷിച്ച്, ഗ്രീക്ക് പദങ്ങൾ സാധാരണമാണ്. ഗ്രീക്ക് ഭാഷയിൽ നിന്ന് തർജ്ജമ ചെയ്യുമ്പോൾ,ഒരാശയത്തെ സൂചിപ്പിക്കാൻ പറ്റിയ തദ്ദേശീയ വാക്കില്ലെങ്കിൽ, അത് പലപ്പോഴും തർജ്ജമ ചെയ്യാതെ അതേ പടി ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ, ഈജിപ്തിലെ പരമ്പരാഗത മതവുമായി ബന്ധപ്പെട്ട സജ്ഞകൾ ഒഴിവാക്കുന്നതിന് വേണ്ടിയും ഗ്രീക്ക് പദങ്ങൾ ഉപയോഗിക്കാറുണ്ട്.ഉദാഹരണത്തിന്, ⲧⲃⲁⲓⲧⲱⲩ (ത്‌ബൈത്തു, (അവന്റെ) മലയിൽ ഉള്ളവൻ) എന്നത് അനൂബ് ദേവന്റെ സജ്ഞയാണ്. ഇത്തരം സജ്ഞകൾ പ്രാചീന കോപ്റ്റിക്കിൽ സാധാരണമാണ്.
അങ്ങനെ, പരമ്പരാഗത മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം, ധാരാളം ഗ്രീക്ക് പദങ്ങൾ ഭാഷയിൽ പ്രവേശിക്കുന്നതിന് കാരണമായി എന്ന് പറയാം. പക്ഷേ, സാധാരണ ജനങ്ങളുടെ ഭാഷയിൽ ഗ്രീക്ക് പദങ്ങൾ വിരളമായിരുന്നു എന്ന് ആ കാലഘട്ടത്തിലെ കത്തുകളിൽനിന്നും മതേതര സാഹിത്യത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads