ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്
ഇന്ത്യയിലെ പക്ഷി സങ്കേതം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ 1983 ഓഗസ്റ്റ് 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ് ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം[1] പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് ഈ പക്ഷിസങ്കേതത്തിന് ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്.

Remove ads
ഭൂമിശാസ്ത്രം
പെരിയാർ നദി തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്തുമായാണ് സങ്കേതം നിലകൊള്ളുന്നത്. തട്ടേക്കാടിന്റെ കിഴക്ക് വടക്കുകിഴക്കു ഭാഗങ്ങളിൽ കുട്ടമ്പുഴയും, തെക്ക് തെക്കുകിഴക്കു ഭാഗങ്ങളിൽ മലയാറ്റൂർ സംരക്ഷിത വനങ്ങളും, വടക്ക് ഇടമലയാറും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാറുമാണ്. ഇടമലയാർ പെരിയാറ്റിൽ ചേരുന്നത് തട്ടേക്കാടു പ്രദേശത്തു വെച്ചാണ്. പശ്ചിമഘട്ടത്തിൽ സാധാരണ ഉള്ളതു പോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 35 മീ മുതൽ 523 മീ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും ഉയരം കൂടിയ പ്രദേശം ഞായപ്പിള്ളി മലയാണ് (523 മീ)[1].
ഉഷ്ണമേഖലാ വനപ്രദേശമായ തട്ടേക്കാട് സങ്കേതത്തിൽ പ്രധാനമായി മൂന്നിനം വനങ്ങൾ ആണുള്ളത്, നിത്യഹരിതവനം, അർദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈർപ്പവനം എന്നിവയാണവ. സ്വാഭാവിക വനങ്ങൾക്കു പുറമേ തേക്ക്, മഹാഗണി എന്നിവയുടെ തോട്ടങ്ങളുമുണ്ട്. ഭൂതത്താൻ കെട്ട് എന്ന പ്രകൃതിജന്യ അണക്കെട്ടും ഈ പ്രദേശത്താണ്. ജലസേചനം ലക്ഷ്യം വച്ചുള്ള കൃത്രിമ അണക്കെട്ടും പ്രദേശത്തോട് ചേർന്നുണ്ട്. ഈ ജലസംഭരണിയിലൂടെ പഠനയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾ ബോട്ടപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
Remove ads
പരിസ്ഥിതി പ്രാധാന്യം
വെള്ളിമൂങ്ങ, കോഴി വേഴാമ്പൽ, തീക്കാക്ക തുടങ്ങി നിരവധി അപൂർവ്വ പക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. ലോകത്തു തന്നെ അപൂർവ്വങ്ങളായ തവളവായൻ കിളി (മാക്കാച്ചിക്കാട - Ceylon Frogmouth) മുതലായപക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഏഴു ഗ്രാം മുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുള്ള പക്ഷികൾ പ്രദേശത്തു കാണപ്പെടുന്നു. എന്നാൽ മയിൽ ഈ പ്രദേശത്ത് ഉണ്ടാവാറില്ല.
വനങ്ങളിൽ പക്ഷികൾക്കു പുറമേ ശലഭങ്ങളും, ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്, നാടൻകുരങ്ങ്, പുലി, മാൻ, കുട്ടിത്തേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, ഈനാംപേച്ചി, മ്ലാവ്, കേഴമാൻ, കൂരമാൻ, കീരി, മുള്ളൻ പന്നി, മരപ്പട്ടി, ചെറുവെരുക്, മലയണ്ണാൻ, കരടി മുതലായ മൃഗങ്ങളും, കുഴിമണലി മുതൽ പെരുമ്പാമ്പും, രാജവെമ്പാലയും വരെ ഉള്ള ഉരഗങ്ങളും സങ്കേതത്തിലുണ്ട്. നദികളിലും മറ്റുജലാശയങ്ങളിലും ഉള്ള കനത്ത മത്സ്യസമ്പത്തും പക്ഷികൾക്ക്, പ്രത്യേകിച്ച് നീർപക്ഷികൾക്ക് ഇവിടം പ്രിയപ്പെട്ട സ്ഥലമാക്കിയിരിക്കുന്നു.
Remove ads
പഠന സൗകര്യം
പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ ആറുമുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയിൽ സങ്കേതത്തിൽ പ്രവേശിച്ച് പഠനം നടത്താൻ വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. വഴികാട്ടികളേയും വനംവകുപ്പ് തന്നെ തയ്യാറാക്കിത്തരുന്നതാണ്. താമസസൗകര്യമാവശ്യമുള്ളവർക്ക് ഡോർമിറ്ററികളും വനംവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. വനംവകുപ്പ് ഒരുക്കിയിരിക്കുന്ന ഇൻഫർമേഷൻ സെന്ററിൽ വിവിധ പറവകളുടെ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിവിധ പക്ഷികളുടെ മുട്ടകളും ജന്തുക്കളുടെ സ്റ്റഫ് ചെയ്ത ശരീരവും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പക്ഷികളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നു.
എത്തിച്ചേരുവാൻ
ഏറണാകുളത്തു നിന്നും 60 കിലോമീറ്റർ ദൂരത്തും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 42 കിലോമീറ്റർ ദൂരത്തുമാണ് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്‍. ആലുവായിൽ നിന്ന് കോതമംഗലത്തേക്ക് ബസ് സർവീസുണ്ട്. ആ വഴിയിലൂടെ യാത്രചെയ്തു വന്നാൽ കോതമംഗലത്തു നിന്ന് തട്ടേക്കാടിനു ബസ്സ് ലഭിക്കും.
ഇപ്പോൾ വനത്തിലെയ്ക്കുള്ള പ്രധാന കവാടം വഴിയുള്ള പ്രവേശനം വനംവകുപ്പ് താൽകാലികമായി നിർത്തിയിരിക്കുകയാണ്.[അവലംബം ആവശ്യമാണ്]
ഇതും കൂടി
ചിത്രശാല
- Ceylon Frogmouth (Sri Lankan Frogmouth), surroundings of Thattekad Bird Sanctuary
- View of Periyar from Pappitta Bird Trail
- A landscape at Thattekad Bird Sanctuary
- A landscape at Thattekad Bird Sanctury
- Thattekad Reservoir
- Thattekkad Bird Sanctuary Trail
- തട്ടേക്കാട് പക്ഷി സങ്കേതം - ബോട്ടിങ്
അവലംബം
കൂടുതൽ അറിവിന്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
