ബൃഹച്ഛ്വാനം

From Wikipedia, the free encyclopedia

ബൃഹച്ഛ്വാനം
Remove ads

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ബൃഹച്ഛ്വാനം (Canis Major). ഇതിന്‌ ഒരു വലിയ നായയുടെ ആകൃതി കല്പിക്കപ്പെടുന്നു. രാത്രിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രമായ സിറിയസ് ഈ നക്ഷത്രരാശിയിലാണ്‌. ദക്ഷിണ ഖഗോളത്തിലാണ് ഇതിന്റെ സ്ഥാനം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 രാശികളുള്ള പട്ടികയിലും 88 രാശികളുള്ള ആധുനികപട്ടികയിലും ഈ രാശി ഉൾപ്പെടുന്നു. കാനിസ് മേജർ എന്ന ലാറ്റിൻ പേരിന്റെ അർത്ഥം വലിയ നായ എന്നാണ്. ചെറിയ നായ എന്നർത്ഥം വരുന്ന കാനിസ് മൈനർ എന്ന മറ്റൊരു രാശിയും ഇതിനടുത്തുണ്ട്. ഇവ രണ്ടും ഓറിയോൺ എന്ന നക്ഷത്രഗണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.തുറന്ന താരവ്യൂഹങ്ങൾ ഈ രാശിയുടെ അതിരുകളിലുണ്ട്. ഇവയിൽ പ്രധാനപ്പെട്ടത് M41 ആണ്. രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന നക്ഷത്രമായ സിറിയസ് ഈ രാശിയിലാണുള്ളത്.

വസ്തുതകൾ
Remove ads

ചരിത്രവും ഐതിഹ്യവും

ബോബിലോണിയക്കാർ സിറിയസിനെ കാക്.സി.ഡി എന്നാണ് വിളിച്ചിരുന്നത്. ബി.സി.ഇ 1100ൽ ഉണ്ടാക്കിയതാവുമെന്നു കരുതപ്പെടുന്ന കാറ്റലോഗിൽ ഓറിയോണിനു നേരെ തൊടുത്ത ഒരു അമ്പായാണ് അവർ സിറിയസ്സിനെ ചിത്രീകരിച്ചത്. ബൃഹച്ഛ്വാനത്തിന്റെ തെക്കുഭാഗത്തുള്ള നക്ഷത്രങ്ങളും അമരം (നക്ഷത്രരാശി) രാശിയിലെ ചില നക്ഷത്രങ്ങളും ചേർത്തു നോക്കിയാൽ ഒരു വില്ലിന്റെ ആകൃതി കിട്ടും. ഇതിനെ അവർ ബാൻ എന്നും വിളിച്ചു. പിന്നീട് മുൽ.ആപിൻ എന്ന കൃതിയിൽ സിറിയസിനെ കൃഷി, രോഗശമനം, നിയമം, യുദ്ധം എന്നിവയുടെ ദേവനായ നിനുർത്ത എന്നു വിളിച്ചു. വില്ലിനെ സ്നേഹം, സൗന്ദര്യം, ലൈംഗികത, ആഗ്രഹം, ഫെർട്ടിലിറ്റി, യുദ്ധം, നീതി, രാഷ്ട്രീയ ശക്തി എന്നിവയുടെ ദേവതയായ ഇഷ്താർ എന്നും വിളിച്ചു.[1] പുരാതന ഗ്രീക്കുകാർ അമ്പും വില്ലും മാറ്റി ആ സ്ഥാനത്ത് നായയെ പ്രതിഷ്ഠിച്ചു.[2]

ലിലാപ്സ് എന്ന നായയുമായി ബന്ധപ്പെട്ടാണ് ഗ്രീക്ക് ഇതിഹാസങ്ങളിൽ ബൃഹച്ഛ്വാനം പ്രത്യക്ഷപ്പെടുന്നത്. ഒരു കഥയിൽ സ്യൂസ് യൂറോപ്പക്കു നൽകിയതാണ് ഈ നായയെ. പ്രോക്രിസിന്റെ വേട്ടനായയാണ് എന്നൊരു കഥയുമുണ്ട്. അറോറ സെഫാലസിനു നൽകിയതാണ് എന്നതാണ് മറ്റൊരു കഥ. എന്തായാലും ഇതിന്റെ വേഗതയുടെ പ്രശസ്തിയിൽ സന്തുഷ്ടനായ സ്യൂസ് അതിനെ ആകാശത്തിലേക്കുയർത്തി.[3] ഒറിയോണിന്റ വേട്ടനായ്ക്കളിൽ ഒന്നായും ഇതിനെ പരിഗണിക്കുന്നുണ്ട്.[4] ലിപ്പസ് എന്ന മുയലിനെ വേട്ടയാടുന്നതിനും കാളയുമായുള്ള പോരിൽ ഒറിയോണിനെ സഹായിക്കുന്നതും കാനിസ് മേജർ എന്ന ഈ വേട്ടനായ ആണ്. ഗ്രീക്ക് കവികളായ അരാറ്റസ്, ഹോമർ, ഹെസ്യോഡ് എന്നിവർ ഈ സങ്കല്പമാണ് പിന്തുടരുന്നത്. പ്രാചീന ഗ്രീക്കുകാർ ഒരു വേട്ടനായയെ കുറിച്ചു മാത്രമേ പരാമർശിച്ചിരുന്നുള്ളു. എന്നാൽ പ്രാചീന റോമക്കാർ കാനിസ് മൈനർ എന്ന മറ്റൊരു നായയെ കുറിച്ചും പറയുന്നുണ്ട്.[3]

റോമൻ ഇതിഹാസങ്ങളിൽ ഇത് യൂറോപ്പയുടെ കാവൽ നായയാണ്. എങ്കിലും ജൂപ്പിറ്റർ യൂറോപ്പയെ തട്ടിക്കൊണ്ടു പോകുന്നത് തടയാൻ ഇതിനായില്ല.[5] മദ്ധ്യകാല അറേബ്യൻ ജ്യോതിഃശാസ്ത്രത്തിൽ മഹാനായ നായ എന്ന അർത്ഥത്തിൽ അൽ-കൽബ് അൽ-അക്ബർ എന്നാണ് വിളിച്ചിരുന്നത്. ഇത് പകർത്തിയെഴുതിയെഴുതി 17-ാം നൂറ്റാണ്ടിലെ എഡ്മണ്ട് ചിൽമീഡിന്റെ പുസ്തകത്തിലെത്തിയപ്പോഴേക്കും അൽകലെബ് അലാക്ബർ എന്നായി മാറി. അൽ-ബയ്റൂനി എന്ന അറബി പണ്ഡിതൻ ഇതിനെ കൽബ് അൽ-ജബ്ബാർ എന്നാണ് വിളിച്ചത്. ഭീമന്റെ നായ എന്നാണ് ഈ വാക്കിന് അർത്ഥം.[3]

ചൈനയിൽ ബൃഹച്ഛ്വാനം നാല് ഖഗോളസൂചകങ്ങളിൽ ഒന്നായ സിന്ദൂരപ്പക്ഷി (Vermilion Bird) എന്ന ഗണത്തിന്റെ ഭാഗമാണ്. ന്യൂ കാനിസ് മെജോറിസ്, ബീറ്റ കാനിസ് മെജോറിസ്, ക്സൈ1 കാനിസ് മെജോറിസ്, ക്സൈ2 കാനിസ് മെജോറിസ് എന്നീ നക്ഷത്രങ്ങളും മുയൽ നക്ഷത്രരാശിയിലെ ചില നക്ഷത്രങ്ങളും ചേർന്നുള്ള വൃത്തരൂപത്തെ പട്ടാളച്ചന്ത എന്നു വിളിക്കുന്നു.[6]

Remove ads

പ്രത്യേകതകൾ

Thumb
എഡിഇ 1632-33ൽ നിർമ്മിച്ച മനുച്ചിർ ഗ്ലോബിൽ ചിത്രീകരിച്ച ബൃഹച്ഛ്വാനം

ദക്ഷിണഖഗോളത്തിലെ പ്രധാനപ്പെട്ട ഒരു ഗണമാണ് ബൃഹച്ഛ്വാനം. ഇതിന്റെ വടക്കു ഭാഗത്ത് ഏകശൃംഗാശ്വം, കിഴക്കുഭാഗത്ത് അമരം, തെക്കുപടിഞ്ഞാറു ഭാഗത്ത് കപോതം (നക്ഷത്രരാശി)കപോതം, പടിഞ്ഞാറ് മുയൽ എന്നീ രാശികൾ അതിരിടുന്നു. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "CMa" എന്ന ചുരുക്കപ്പേര് അംഗീകരിച്ചു.[7] 1930ൽ യൂജീൻ ഡെൽപോർട്ട് ഔദ്യോഗിക അതിരുകൾ നിർണ്ണയിച്ചു. ഖഗോളരേഖാംശം 06മ. 12.5മി.നും 07മ. 27.5മിനും ഇടയിലും അവനമനം −11.03°, −33.25° എന്നിവിക്ക് ഇടയിലും സ്ഥിതിചെയ്യുന്നു.[8] 380 ഡിഗ്രി ആകാശപ്രദേശത്ത് ഇത് വ്യാപിച്ചു കിടക്കുന്നു. 88 നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 43-ാം സ്ഥാനമാണ് ഇതിനുള്ളത്.[9]

Remove ads

നക്ഷത്രങ്ങൾ

തിളക്കമുള്ള കുറെ നക്ഷത്രങ്ങളുള്ള ഒരു ഗണമാണ് ബൃഹച്ഛ്വാനം. രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന സിറിയസ് ഈ ഗണത്തിലെ ഒരു അംഗമാണ്. കാന്തിമാനം 2നു മുകളിലുള്ള മൂന്നു നക്ഷത്രങ്ങൾ കൂടി ഈ ഗണത്തിലുണ്ട്.[4] 47 ലക്ഷം വർഷങ്ങൾക്കു മുമ്പ് അധാര എന്ന നക്ഷത്രത്തിന്റെ കാന്തിമാനം -3.99 ആയിരുന്നു എന്നും 44,20,000 വർഷങ്ങൾക്കു മുമ്പ് മിർസാം എന്ന നക്ഷത്രത്തിന്റെ കാന്തിമാനം -3.65 ആയിരുന്നു എന്നും 28,70.000 വർഷങ്ങൾക്കു മുമ്പ് എൻ ആർ കാനിസ് മെജോറിസ് എന്ന നക്ഷത്രത്തിന്റെ കാന്തിമാനം -0.88 ആയിരുന്നു എന്നും കണക്കാക്കിയിട്ടുണ്ട്.[10]

Thumb
നഗ്നനേത്രങ്ങൾ കൊണ്ട് ആകാശത്തി കാണാൻ കഴിയുന്ന ബൃഹച്ഛ്വാനം

പ്രസിദ്ധ ജർമ്മൻ യുറാനോഗ്രാഫറായ ജൊഹാൻ ബേയർ ഈ ഗണത്തിലെ പ്രധാന നക്ഷത്രങ്ങൾക്ക് ആൽഫ മുതൽ ഒമിക്രോൺ വരെയുള്ള പേരുകൾ നൽകി.[11] ബെയറുടെ നാട്ടുകരൻ കൂടിയായ ജൊഹാൻ എലർട്ട് ബോഡ് പിന്നീട് സിഗ്മ, ടൗ, ഒമേഗ എന്നിവ കൂടി ചേർത്തു.[12] ഫ്രെഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നികൊളാസ് ലൂയി ദെ ലകലൈൽ a മുതൽ k വരെയും കൂട്ടിച്ചേർത്തു.[12] ജോൺ ഫ്ലാംസ്റ്റീഡ് 31 വരെയുള്ള നമ്പറുകൾ ചേർത്ത് നക്ഷത്രങ്ങൾക്ക് പേരു നൽകി. ലകലൈൽ ഡെൽറ്റ കൊളുംബേ എന്ന പേരു നൽകിയ നക്ഷത്രിനാണ് ഫ്ലാംസ്റ്റീഡ് 3 കാനിസ് മെജോറിസ് എന്ന പേരു നൽകിയത്. ഫ്ലാംസ്റ്റീഡ കൊളുംബ ഒരു നക്ഷത്രരാശിയായി കണക്കാക്കിയിരുന്നില്ല.[13]

ഭൂമിയിൽ നിന്നും നോക്കിയാൽ രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണാൻ കഴിയുന്ന നക്ഷത്രമാണ് സിറിയസ്. ഇതിന്റെ ദൃശ്യകാന്തിമാനം -1.46 ആണ്. ഭൂമിയിൽ നിന്നും 8.6 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രം ഭൂമിയോടടുന്നത്ത നക്ഷത്രങ്ങളിൽ ഒന്നുമാണ്. ചുട്ടുപൊള്ളുക, തിളങ്ങുക എന്നീ അർത്ഥങ്ങളുള്ള ഗ്രീക്ക് പദമായ സീരീയോസിൽ നിന്നാണ് സിറിയസ് എന്ന പേര് ഉണ്ടായത്. ഇത് ഒരു ദ്വന്ദ്വനക്ഷത്രമാണ്. സിറിയസ് ബി ഒരു വെളുത്ത കുള്ളൻ നക്ഷത്രമാണ്. സിറിയസ് എയെക്കാൾ പതിനായിരം മടങ്ങ് മങ്ങിയ സിറിയസ് ബിയുടെ കാന്തിമാനം 8.4 ആണ്.[14] ഇവ രണ്ടും ഒരു പ്രാവശ്യം ഒന്നു പ്രദക്ഷിണം ചെയ്തുവരാൻ 50 വർഷങ്ങൾ എടുക്കും. പുരാതന ഈജിപ്ഷ്യൻ കലണ്ടർ കലണ്ടർ സിറിയസ്സിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.[4] ബേയറുടെ നക്ഷത്രഅറ്റ്‍ലസ്സിൽ സിറിയസ്സിനെ വലിയ വേട്ടപ്പട്ടിയുടെ മുഖമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.[15]

Thumb
യുറാനിയയുടെ കണ്ണാടിയിൽ ചിത്രീകരിച്ചിരിക്കുന്ന ബൃഹച്ഛ്വാനം

സിറിയസ്സിന്റെ രണ്ടു വശങ്ങളിലായി ബീറ്റ കാനിസ് മെജോറിസ് (മിർസാം,മുർസിം), ഗാമ കാനിസ് മെജോറിസ് എന്നീ നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു. മിർസാം ഒരു ബീറ്റ സെഫി ചരനക്ഷത്രം ആണ്. ഇതിന്റെ ദൃശ്യകാന്തിമാനം ആറു മണിക്കൂർ ഇടവിട്ട് 1.97നും 2.01നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.[16] ഇത് ഭൂമിയിൽ നിന്ന് 500 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിളംബരം ചെയ്യുന്ന ആൾ എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണ് മിർസാം എന്ന പേര് ഉണ്ടായത്. സിറിയസിന്റെ വരവ് വിളംബരം ചെയ്തു കൊണ്ട് അതിനു തൊട്ടു മുമ്പ് ഉദിക്കുന്നതു കൊണ്ടാവാം ഈ പേരു തെരഞ്ഞെടുത്തത്.[4] ഗാമ നക്ഷത്രത്തെ മുലിഫെയ്ൻ എന്നും വിളിക്കുന്നു. വളരെ മങ്ങിയ ഇതിന്റെ കാന്തിമാനം 4.12 ആണ്. ഇതിന്റെ സ്പെക്ട്രൽ തരം B8IIe ആണ്. ഭൂമിയിൽ നിന്നും 441 പ്രകാശവർഷം അകലെയാണ് ഇത് കിടക്കുന്നത്.[17] അയോട്ട കാനിസ് മെജോറിസ് സിറിയസ്സുിലും മുലിഫെയിനിനും ഇടയിലാണുള്ളത്. ഇത് മറ്റൊരു ബീറ്റ സെഫി ചരനക്ഷത്രം ആണ്. ഇതിന്റെ കാന്തിമാനം രണ്ടു മണിക്കൂറിനുള്ളിൽ 4.36നും 4.40നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[18] സ്പെക്ട്രൽ തരം B3Ib ആയ ഇത് ഒരു അതിഭീമ നക്ഷത്രം ആണ്. സൂര്യനെക്കാൾ 46,000 മടങ്ങ് തിളക്കമുണ്ട് ഇതിന്. ഭൂമിയിൽ നിന്ന് 25000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[19]

എപ്സിലോൺ, ഒമിക്രോൺ 2, ഡെൽറ്റ, ഈറ്റ എന്നീ നക്ഷത്രങ്ങളെ ചേർത്ത് മദ്ധ്യകാല അറേബ്യൻ ജ്യോതിഃശാസ്ത്രജ്ഞർ കന്യകമാർ എന്ന അർത്ഥം വരുന്ന അൽ അദ്സാരി എന്നാണ് വിളിച്ചിരുന്നത്..[20] ബെയറുടെ അറ്റ്ലസിൽ വേട്ടനായയുടെ വലത്തേ തുടയിലെ നക്ഷത്രമാണ് എപ്സിലോൺ കാനിസ് മെജോറിസ്.[15] ഇതിനെ അധാര എന്നും വിളിക്കുന്നു. ഇതിന്റെ കാന്തിമാനം 1.5 ആണ്. ബൃഹച്ഛ്വാനത്തിലെ തിളക്കം കൊണ്ട് രണ്ടാം സ്ഥാനമുള്ള നക്ഷത്രമാണ് ഇത്. എല്ലാ നക്ഷത്രങ്ങളെയും കൂടി എടുത്താൽ 23-ാം സ്ഥാനവും. സ്പെക്ട്രൽ തരം B2Iabൽ വരുന്ന അതിഭീമൻ നക്ഷത്രമാണിത്. ഭൂമിയിൽ നിന്നും ഏകദേശം 404 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[21] അൾട്രാവയലറ്റ് രശ്മികൾ വളരെ ഉയർന്ന തോതിൽ പുറത്തു വിടുന്നുണ്ട് ഈ നക്ഷത്രം.[22] ഇത് ഒരു ദ്വന്ദ്വനക്ഷത്രമാണ്. രണ്ടാമത്തേതിന്റെ കാന്തിമാനം 7.5 ആണ്. ഇതിന്റെ അടുത്തു തന്നെയുള്ള ഡെൽറ്റ കാനിസ് മെജോറിസിനെ വെസൻ എന്നാണ് വിളിക്കുന്നത്. വെസൻ എന്നതിന് ഭാരം എന്നാണ് അർത്ഥം. ഇത് സ്പെക്ട്രൽ തരം F8Iab ആയ ഒരു അതിഭീമൻ നക്ഷത്രമാണ്. കാന്തിമാനം 1.84ഉം ഭൂമിയിൽ നിന്നുള്ള ദൂരം ഏകദേശം 1605 പ്രകാശവർഷങ്ങളുമാണ്.[23] സൂര്യന്റെ 17 മടങ്ങ് പിണ്ഡവും 200 മടങ്ങ് വ്യാസവും 50,000 മടങ്ങ് തിളക്കവുമുണ്ട് ഇതിന്. ഒരു കോടി വർഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിട്ടുള്ളത്. കേന്ദ്രത്തിലെ ഹൈഡ്രജൻ ഏതാണ്ട് കത്തിത്തീർന്നു തുടങ്ങിയിരിക്കുന്നു. പുറംപാളിയുടെ താപനില കുറഞ്ഞു വരികയാണ്. അടുത്ത ഒരു ലക്ഷം വർഷം കഴിയുമ്പോഴേക്കും ഇത് ഒരു ചുവപ്പു ഭീമൻ നക്ഷത്രം ആയി മാറും. പിന്നെയും കുറെ കഴിയുമ്പോൾ അത് പൊട്ടിത്തെറിച്ച് ഒരു സൂപ്പർനോവ ആയിത്തീരുകയും ചെയ്യും.[24] അധാരക്കും വെസനും ഇടയിൽ കിടക്കുന്ന നക്ഷത്രമാണ് സിഗ്മാ കാനിസ് മെജോറിസ്. സ്പെക്ട്രൽ തരം K7Ib ആയ ഒരു ചുവപ്പു ഭീമൻ നക്ഷത്രമാണിത്. കാന്തിമാനം 3.43നും 3.51നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു ക്രമരഹിത ചരനക്ഷത്രമാണ് ഇത്.[25]

ഈറ്റ കാനിസ് മെജോറിസിനെ അലുദ്ര എന്നും വിളിക്കുന്നു. ഇത് സ്പെക്ട്രൽ തരം B5Ia ആയ ഒരു അതിഭീമൻ നക്ഷത്രമാണ്. സൂര്യന്റെ 80 മടങ്ങ് വ്യാസവും 1,76,000 മടങ്ങ് തിളക്കവും ഇതിനുണ്ട്.[26] ഇതൊരു ആൽഫാ സിഗ്നി ചരനക്ഷത്രം ആണ്. 4.7 ദിവസം കൊണ്ട് കാന്തിമാനം 2.38നും 2.48നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[27] ഭൂമിയിൽ നിന്നും 1120 പ്രകാശവർഷം അകലെയാണ് അലുദ്രയുടെ സ്ഥാനം. അധാരയുടെ പടിഞ്ഞാറു ഭാഗത്തായി സീറ്റ കാനിസ് മെജോറിസിനെ കാണാം. ഇതിനെ ഫുറുദ് എന്നും വിളിക്കുന്നു. ഭൂമിയിൽ നിന്നും 362 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്.[28] ഇത് ഒരു സ്പെക്ട്രോസ്കോപിക് ബൈനറി നക്ഷത്രമാണ്. 1.85 വർഷം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കും. ഇതിലെ പ്രധാനനക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം B2.5V ആണ്.[29]

ഒമിക്രോൺ2 ഒരു അതിഭീമൻ നക്ഷത്രമാണ്. സൂര്യന്റെ 21 മടങ്ങ് പിണ്ഡമുണ്ട് ഇതിന്.[30] 70 ലക്ഷം വർഷം മാത്രമാണ് ഇതിന്റെ പ്രായം.[30] ഇതിന്റെ കേന്ദ്രത്തിലെ ഹൈഡ്രജൻ കഴിഞ്ഞു പോയതിനാൽ ഹീലിയം ഉപോയോഗിച്ചാണ് ഈ നക്ഷത്രം ഇപ്പോൾ ജ്വലിക്കുന്നത്.[31] ഇതൊരു ആൽഫാ സിഗ്നി ചരനക്ഷത്രമാണ്. 24.44 ദിവസം കൊണ്ട് ഇതിന്റെ കാന്തിമാനം 2.93ൽ നിന്ന് 3.08ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കുന്നു.[32] ഒമിക്രോൺ1 ഒരു ഓറഞ്ചു ഭീമനാണ്. കാന്തിമാനം 3.78നും 3.99നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു ക്രമരഹിത ചരനക്ഷത്രമാണ് ഇത്.[33] സൂര്യന്റെ 18 മടങ്ങ് പിണ്ഡവും 65,000 മടങ്ങ് തിളക്കവും ഈ നക്ഷത്രത്തിനുണ്ട്.[34]

സിറിയസിന്റെ വടക്കു ഭാഗത്തുള്ള രണ്ടു നക്ഷത്രങ്ങളാണ് തീറ്റ കാനിസ് മെജോറിസും മ്യൂ കാനിസ് മെജോറിസും. ബെയറിന്റെ കാറ്റലോഗിൽ ഈ നക്ഷത്രരാശിയുടെ ഏറ്റവും വടക്കുള്ള നക്ഷത്രമാണ് തീറ്റ കാനിസ് മെജോറിസ്.[35] 800 കോടി വർഷം പ്രായമുള്ള ഒരു ഓറഞ്ചു ഭീമൻ നക്ഷത്രമാണ് തീറ്റ കാനിസ് മെജോറിസ്. പിണ്ഡം സൂര്യനോടു തുല്യമാണെങ്കിലും വ്യാസം സൂര്യന്റെ 30 മടങ്ങ് ആണ്.[36] 1244 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ബഹുനക്ഷത്രവ്യവസ്ഥയാണ് മ്യൂ കാനിസ് മെജോറിസ്.[37] കാന്തിമാനം 5.7 ഉള്ള ന്യൂ കാനിസ് മെജോറിസ് ഭൂമിയിൽ നിന്നും 278 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.

ഈ രാശിയുടെ തെക്കേ അറ്റത്തു കിടക്കുന്ന രണ്ടു നക്ഷത്രങ്ങളാണ് കാപ്പ കാനിസ് മെജോറിസ്, ലാംഡ കാനിസ് മെജോറിസ് എന്നിവ. സ്പെക്ട്രൽ തരം B2Vne ആയ കാപ്പ ഗാമ കാസിയോപ്പിയേ വേരിയബിൾ വിഭാഗത്തിൽ പെടുന്നു.[38] ഭൂമിയിൽ നിന്നും 659 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[39] ഒരു മുഖ്യധാരാ കുള്ളൻ നക്ഷത്രമാണ് ലാംഡ കാനിസ് മെജോറിസ്. ഭൂമിയിൽ നിന്നും 423 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.48 ആണ്.[40] സൂര്യന്റെ 5.5 മടങ്ങ് പിണ്ഡവും 940 മടങ്ങ് തിളക്കവും ഇതിനുണ്ട്.[35]

Thumb
VY കാനിസ് മെജോറിസിന്റെ ചുറ്റുവട്ടം. വെരി ലാർജ്ജ് ടെലിസ്കോപ്പ് ഉപയോഗിച്ച് ചിത്രീകരിച്ചത്.

ധാരാളം ചരനക്ഷത്രങ്ങൾ കൂടിയുള്ള രാശിയാണ് ബൃഹച്ഛ്വാനം. EZ കാനിസ് മെജോറിസ് ഒരു വൂൾഫ്-റയെറ്റ് നക്ഷത്രമാണ്. സ്പെക്ട്രൽ തരം WN4 ആയ ഇതിന്റെ കാന്തിമാനം 3.766 ദിവസം കൊണ്ട് 6.71നും 6.95നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. നക്ഷത്രവാതവും ഭ്രമണവുമായിരിക്കാം ഇതിന്റെ കാന്തിമാനം മാറുന്നതിനു കാരണം എന്നാണു കരുതുന്നത്.[41] VY കാനിസ് മെജോറിസ് ചുവപ്പ് അതിഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 3800 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അറിയപ്പെടുന്നതിൽ ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒന്നാണ് ഇത്.[42] സൂര്യന്റെ മൂന്നു ലക്ഷം മടങ്ങ് തിളക്കമുണ്ട് ഈ നക്ഷത്രത്തിന്. ഇതിനെ വലയം ചെയ്തു കൊണ്ട് ഒരു റിഫ്ലെൿഷൻ നെബുലയുണ്ട്. ശക്തമായ നക്ഷത്രവാതത്തിലൂടെ പുറത്തു വന്ന പദാർത്ഥങ്ങളിൽ നിന്നായിരിക്കാം ഈ നെബുല രൂപം കൊണ്ടത് എന്നു കരുതുന്നു. W കാനിസ് മെജോറിസ് ഒരു കാർബൺ നക്ഷത്രം ആണ്. 160 ദിവസം കൊണ്ട് ഇതിന്റെ കാന്തിമാനം 6.27നും 7.09നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.[43] താരതമ്യേന തണുത്ത നക്ഷത്രമായ ഇതിന്റെ ഉപരിതല താപനില 2900 കെൽവിൻ ആണ്. സൂര്യന്റെ 234 മടങ്ങ് വലിപ്പമുണ്ട് ഇതിന്. ഭൂമിയിൽ നിന്നും 1,444–1,450 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[44] 5 കി.മീറ്റർ മാത്രം ആരമുള്ള RX J0720.4−3125 എന്ന ഒരു ന്യൂട്രോൺ നക്ഷത്രവും ഈ ഗണത്തിലുണ്ട്.[45] ഇതിന്റെ കാന്തിമാനം 26.6 ആണ്.[46] ഇതിന്റെ സ്പെക്ട്രവും താപനിലയും മാറിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള കൃത്യമായ കാരണം ഇപ്പോഴും അറിയില്ല. അക്രേഷൻ ഡിസ്കിൽ നിന്നുള്ള പദാർത്ഥങ്ങൾ വലിച്ചെടുക്കുന്നതു കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഇപ്പോൾ ഊഹിക്കുന്നത്.[45]

1.28 ദിവസം കൊണ്ട് കാന്തിമാനം 4.32നും 4.37നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു ചരനക്ഷത്രമാണ് ടൗ കാനിസ് മെജോറിസ്.[47] അഞ്ച് നക്ഷത്രങ്ങൾ ചേർന്ന ഒരു ബഹുനക്ഷത്രവ്യവസ്ഥയാണിത്. 50 ലക്ഷം വർഷമാണ് ഇതിന്റെ പ്രായം കണക്കാക്കിയിരിക്കുന്നത്.[48] UW കാനിസ് മെജോറിസ് ഭൂമിയിൽ നിന്നും 3000 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ദ്വന്ദ്വനക്ഷത്രമാണ്. 4.4 ദിവസം കൊണ്ടാണ് ഇതിന്റെ കാന്തിമാനം 4.8ൽ നിന്ന് 4.4ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കുന്നത്.[4] R കാനിസ് മെജോറിസ് ആണ് മറ്റൊരു ദ്വന്ദ്വനക്ഷത്രം. ഇതിന്റെ കാന്തിമാനം 1.13 ദിവസം കൊണ്ട് 5.7നും 6.34നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.,[49]

നു2 കാനിസ് മെജോറിസ് പ്രായമായ ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 64 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 3.91 ആണ്.[50] സൂര്യന്റെ 1.5 മടങ്ങ് പിണ്ഡവും 11 മടങ്ങ് തിളക്കവുമുണ്ട് ഇതിന്. വ്യാഴത്തിന്റെ 2.6 മടങ്ങ് പിണ്ഡമുള്ള ഒരു ഗ്രഹവും ഇതിനുണ്ട്. 763 ദിവസമാണ് ഇതിന്റെ പരിക്രമണകാലം.[51] HD 47536 സ്വന്തമായി ഗ്രഹങ്ങമുള്ള ഒരു ഓറഞ്ച് ഭീമൻ നക്ഷത്രം ആണ്.[52] ഭൂമിയിൽ നിന്നും 107 പ്രകാശവർഷം അകലെ കിടക്കുന്ന നക്ഷത്രമാണ് HD 45364. സൂര്യനെക്കാൾ അൽപം ചെറുതും താപനില കുറഞ്ഞതുമായ ഈ നക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം G8V ആണ്. 2008ൽ ഇതിന് രണ്ട് ഗ്രഹങ്ങളെ കണ്ടെത്തി.[53] രണ്ടു ഗ്രഹങ്ങളുള്ള സൂര്യസമാനമായ നക്ഷത്രമാണ് HD 47186. ഉള്ളിലുള്ള ഗ്രഹമാണ് HD 47186 b ഹോട്ട് നെപ്റ്റ്യൂൺ വിഭാഗത്തിൽ പെടുന്ന ഈ ഗ്രഹം നാലു ദിവസം കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു. പുറത്തുള്ള HD 47186 c 3.7 വർഷം കൊണ്ടാണ് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. ശനിയുടെ പിണ്ഡത്തിനു തുല്യമാണ് ഇതിന്റെ പിണ്ഡം.[54] HD 43197 സൂര്യനെ പോലെയുള്ള മറ്റൊരു നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 183 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന് വ്യാഴത്തോളം വലിപ്പമുള്ള ഒരു ഗ്രഹവുമുണ്ട്.[55]

ബൃഹച്ഛ്വാനത്തിൽ എതാനും തുറന്ന താരവ്യൂഹങ്ങൾ ഉണ്ട്.[56] ദൃശ്യകാന്തിമാനം 4.5 ഉള്ള ഒരു മെസ്സിയർ വസ്തുവാണ് എം 41 (എൻ ജി സി 2287). ഭൂമിയിൽ നിന്നും 2300 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. സിറിയസ്സിന്റെ 4 ഡിഗ്രി തെക്കുഭാഗത്തായി കിടക്കുന്ന ഇതിന്റെ യഥാർത്ഥ വ്യാസം 25 പ്രകാശവർഷം ആണ്.[57] എൻ ജി സി 2360 കരോലിന്റെ താരവ്യൂഹം എന്നാണറിയപ്പെടുന്നത്. കരോലിൻ ഹെർഷൽ ആണ് ഈ താരവ്യൂഹം കണ്ടെത്തിയത്. ഇതിന്റെ കാന്തിമാനം 7.2ഉം വ്യാസം 15 പ്രകാശവർഷവും ആണ്. ഭൂമിയിൽ നിന്നും 3700 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[58] 220 കോടി വർഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിരിക്കുന്നത്.[59] എൻ ജി സി 2362 ഒരു തുറന്ന താരവ്യൂഹമാണ്. ഭൂമിയിൽ നിന്നും 5200 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. 60 നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന ഈ വ്യൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം ടൗ കാനിസ് മെജോറിസ് ആണ്.[4] വെസന്റെ 3 ഡിഗ്രി വടക്കുകിഴക്കു കിടക്കുന്ന ഇതിന്റെ വ്യാസം 12 പ്രകാശവർഷമാണ്. ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രായം കുറഞ്ഞവയാണ്. ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രമാണ് ഇവയുടെ പ്രായം. ഇതിന്റെ 2 ഡിഗ്രി തെക്കുപടിഞ്ഞാറായി കാണുന്ന താരവ്യൂഹമാണ് എൻ ജി സി 2354 15 നക്ഷത്രങ്ങൾ മാത്രമുള്ള ഇതിന്റെ കാന്തിമാനം 6.5 ആണ്. എൻ ജി സി 2360ന്റെ തൊട്ടു വടക്കുകിഴക്കായി കാണുന്ന എൻ ജി സി 2359 എന്ന താരവ്യൂഹം ഒരു എമിഷൻ നെബുല ആണ്.[60] ഭൂമിയിൽ നിന്ന് 10,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 10 ആണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads