രക്തസ്രാവം

From Wikipedia, the free encyclopedia

രക്തസ്രാവം
Remove ads

മുറിഞ്ഞ രക്തക്കുഴലുകളിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതാണ് രക്തസ്രാവം, അല്ലെങ്കിൽ രക്തനഷ്ടം എന്ന് അറിയപ്പെടുന്നത്. [1] ഇംഗ്ലീഷിൽ ഇത് ഹെമറേജ് അല്ലെങ്കിൽ ബ്ലീഡിംഗ് എന്നീ പേരുകളിൽ ആണ് അറിയപ്പെടുന്നത്. രക്തസ്രാവം ആന്തരികമായോ ബാഹ്യമായോ സംഭവിക്കാം. വായ, മൂക്ക്, ചെവി, മൂത്രനാളി, യോനി അല്ലെങ്കിൽ മലദ്വാരം തുടങ്ങിയ പ്രകൃതിദത്തമായ തുറസ്സുകളിലൂടെയോ ചർമ്മത്തിലെ ഒരു തുളയിലൂടെയോ രക്തം പുറത്തുവരാം. ഹൈപ്പോവോളീമിയ എന്നത് രക്തത്തിന്റെ അളവിൽ വൻതോതിൽ കുറവുണ്ടാകുന്നതാണ്, അമിതമായ രക്തനഷ്ടം മൂലമുള്ള മരണത്തെ എക്സാൻഗുനേഷൻ എന്ന് വിളിക്കുന്നു. [2] സാധാരണഗതിയിൽ, ആരോഗ്യമുള്ള ഒരു വ്യക്തിക്ക്, മൊത്തം രക്തത്തിന്റെ 10-15% നഷ്ടം (രക്തദാനത്തിൽ ദാതാവിന്റെ രക്തത്തിന്റെ 8-10% എടുക്കുന്നു) വരെ ഗുരുതരമായ മെഡിക്കൽ ബുദ്ധിമുട്ടുകളില്ലാതെ സഹിക്കാൻ കഴിയും. [3] രക്തസ്രാവം നിർത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനെ ഹീമോസ്റ്റാസിസ് എന്ന് വിളിക്കുന്നു, ഇത് പ്രഥമശുശ്രൂഷയുടെയും ശസ്ത്രക്രിയയുടെയും ഒരു പ്രധാന ഭാഗമാണ്.

വസ്തുതകൾ രക്തസ്രാവം, മറ്റ് പേരുകൾ ...
Remove ads

തരങ്ങൾ

  • തല
    • ഇൻട്രാക്രേനിയൽ ഹെമറേജ് - തലയോട്ടിയിലെ രക്തസ്രാവം.
    • സെറിബ്രൽ ഹെമറേജ് - ഒരു തരം ഇൻട്രാക്രേനിയൽ രക്തസ്രാവമായ ഇതിൽ മസ്തിഷ്ക കോശത്തിനുള്ളിൽ തന്നെ രക്തസ്രാവം സംഭവിക്കുന്നു.
    • ഇൻട്രാസെറിബ്രൽ ഹെമറേജ് - തലയ്ക്കുള്ളിലെ രക്തക്കുഴൽ പൊട്ടൽ മൂലം തലച്ചോറിലെ രക്തസ്രാവം. ഹെമറാജിക് സ്ട്രോക്ക് കൂടി കാണുക.
    • സബ് അരക്‌നോയിഡ് ഹെമറേജ് (എസ്എഎച്ച്) സൂചിപ്പിക്കുന്നത് ചില പാത്തോളജിക്കൽ പ്രക്രിയകളിൽ നിന്ന് സബ്അരക്‌നോയിഡ് സ്‌പെയ്‌സിൽ രക്തത്തിന്റെ സാന്നിധ്യമാണ്. സബ് അരക്‌നോയിഡ് ഹേമറേജ് എന്ന പദത്തിന്റെ പൊതുവായ മെഡിക്കൽ ഉപയോഗം, സാധാരണയായി ബെറി അനൂറിസം അല്ലെങ്കിൽ ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (AVM) എന്നിവ മൂലമുള്ള നോൺട്രോമാറ്റിക് (മുറിവില്ലാത്ത) തരത്തിലുള്ള രക്തസ്രാവങ്ങളെ സൂചിപ്പിക്കുന്നു. [4] ഈ ലേഖനത്തിന്റെ വ്യാപ്തി ഈ നോൺട്രോമാറ്റിക് ഹെമറേജുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
  • കണ്ണുകൾ
    • സബ് കൺജങ്ക്റ്റിവൽ ഹെമറേജ് - സ്ക്ളീറയിലെ (കണ്ണുകളുടെ വെള്ള) തകർന്ന രക്തക്കുഴലിൽ നിന്ന് ഉണ്ടാകുന്ന ചുവന്ന കണ്ണ്. തുമ്മൽ, ചുമ, ഛർദ്ദി അല്ലെങ്കിൽ മറ്റ് തരത്തിലുള്ള സമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത് സംഭവിക്കാം.
  • മൂക്ക്
    • എപ്പിസ്റ്റാക്സിസ് - മൂക്കിൽ നിന്ന് രക്തസ്രാവം
  • വായ
    • പല്ല് പൊട്ടൽ - ഒരു പല്ല് നഷ്ടപ്പെടുന്നു
    • ഹെമറ്റെമെസിസ് - പുതിയ രക്തം ഛർദ്ദിക്കുന്നു
    • ഹീമോപ്റ്റിസിസ് - ചുമയ്ക്കുമ്പോൾ ശ്വാസകോശത്തിൽ നിന്ന് രക്തം
  • ശ്വാസകോശം
    • പൾമണറി ഹെമറേജ്
  • ദഹനനാളം
    • മുകളിലെ ദഹനനാളത്തിന്റെ രക്തസ്രാവം (അപ്പർ ഗാസ്ട്രോഇൻടെസ്റ്റിനൽ ബ്ലീഡ്)
    • താഴത്തെ ദഹനനാളത്തിന്റെ രക്തസ്രാവം (ലോവർ ഗാസ്ട്രോഇൻടെസ്റ്റിനൽ ബ്ലീഡ്)
    • ഒക്കൾട്ട് ഗാസ്ട്രോഇൻടെസ്റ്റിനൽ ബ്ലീഡ്
  • മൂത്രനാളി
    • ഹെമറ്റൂറിയ - മൂത്രത്തിൽ രക്തം
  • ഗൈനക്കോളജിക്
  • മലദ്വാരം
    • മെലീന - അപ്പർ ഗാസ്ട്രോഇൻടെസ്റ്റിനൽ ബ്ലീഡ്
    • ഹെമറ്റോചെസിയ - ലോവർ ഗാസ്ട്രോഇൻടെസ്റ്റിനൽ ബ്ലീഡ്, അല്ലെങ്കിൽ വേഗതയേറിയ അപ്പർ ഗാസ്ട്രോഇൻടെസ്റ്റിനൽ ബ്ലീഡ്
  • രക്തക്കുഴലുകൾ
    • റപ്ചേഡ് അനൂറിസം
    • അയോർട്ടിക് ട്രാൻസെക്ഷൻ
    • ഐട്രോജെനിക് ഇഞ്ചുറി
Remove ads

കാരണങ്ങൾ

ഒന്നുകിൽ പരിക്ക്, രോഗാവസ്ഥ അല്ലെങ്കിൽ ഇവ രണ്ടും കൂടി എന്നിവ മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത്.

പരിക്ക്

ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ (ട്രോമാറ്റിക് ഇഞ്ചുറി) മൂലം രക്തസ്രാവം ഉണ്ടാകാം. രക്തസ്രാവത്തിന് കാരണമായേക്കാവുന്ന വ്യത്യസ്ത തരം മുറിവുകളുണ്ട്. ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ഉരച്ചിലുകൾ - അബറേഷൻ അല്ലെങ്കിൽ ഗ്രെയ്സ് എന്നും വിളിക്കപ്പെടുന്നു, ഇത് ചർമ്മത്തിന് നേരെയുള്ള ഒരു വിദേശ വസ്തുവിന്റെ ഉരച്ചിൽ മൂലമാണ് സംഭവിക്കുന്നത്, സാധാരണയായി ഇത് പുറംതൊലിക്ക് താഴോട്ട് തുളച്ചുകയറുന്നില്ല.
  • എക്സ്കോറിയേഷൻ - ഉരച്ചിൽ പോലെ ചർമ്മത്തിന്റെ മെക്കാനിക്കൽ നാശം മൂലമാണ് ഇത് സംഭവിക്കുന്നത്, എന്നിരുന്നാലും ഇതിന് അടിസ്ഥാനപരമായ ഒരു മെഡിക്കൽ കാരണമുണ്ട്.
  • ഹെമറ്റോമ - രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത്,അത് തൊലിക്കടിയിൽ രക്തം ശേഖരിക്കുന്നതിന് കാരണമാകുന്നു.
  • ലാസേറേഷൻ - ടിഷ്യൂകളിലേക്ക് മൂർച്ചയുള്ള വസ്തുക്കൾ തുളച്ചുകയറുന്നത് അല്ലെങ്കിൽ പ്രസവം പോലെയുള്ളവ മൂലമുണ്ടാകുന്ന മുറിവ്.
  • ഇൻസിഷൻ - ശസ്ത്രക്രിയയ്ക്കിടെ സ്കാൽപെൽ പോലെയുള്ള ശരീര കോശത്തിലോ അവയവത്തിലോ ഉണ്ടാക്കുന്ന മുറിവ്.
  • പഞ്ചർ വൂണ്ട് - നഖം, സൂചി അല്ലെങ്കിൽ കത്തി പോലുള്ളവ ചർമ്മത്തിലേക്കും അടിയിലെ പാളികളിലേക്കും തുളച്ചുകയറുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്.
  • ചതവ് - ചതവ് എന്നും അറിയപ്പെടുന്നു, ഇത് ചർമ്മത്തിന്റെ ഉപരിതലത്തിന് കീഴിലുള്ള ടിഷ്യുവിനെ നശിപ്പിക്കുന്ന ആഘാതമാണ്.
  • ക്രഷിങ് ഇഞ്ചുറി - ഒരു നിശ്ചിത കാലയളവിൽ പ്രയോഗിക്കുന്ന വലിയതോതിലുള്ള ശക്തിയാൽ സംഭവിക്കുന്നത്. പരിക്കിന്റെ വ്യാപ്തി ഉടനടി പ്രത്യക്ഷപ്പെടണമെന്നില്ല.
  • ബാലിസ്റ്റിക് ട്രോമ - തോക്ക് പോലുള്ള ഒരു പ്രൊജക്റ്റൈൽ ആയുധം മൂലം സംഭവിക്കുന്നത്. ഇതിൽ രണ്ട് ബാഹ്യ മുറിവുകളും (വസ്തു അകത്തേക്കും പുറത്തേക്കും പോകുന്ന മുറിവുകൾ) രണ്ടിനും ഇടയിലുള്ള ഒരു മുറിവും ഉൾപ്പെടാം.

പരിക്കിന്റെ രീതി, വിലയിരുത്തൽ, ചികിത്സ എന്നിവ പരിക്കിനനുസരിച്ച് വ്യത്യാസപ്പെടും. മൂർച്ചയില്ലാത്ത വസ്തുക്കൾ മൂലമുള്ള ആഘാതം ഒരു ഷോക്ക് ഇഫക്റ്റ് വഴി പരിക്കേൽപ്പിക്കുന്നു. മുറിവുകൾ പലപ്പോഴും നേരെയാകില്ല, കൂടാതെ ചർമ്മം പൊട്ടിയില്ലെങ്കിൽ പരിക്ക് ദൃശ്യമാകണമെന്നില്ല. വസ്തുക്കൾ തുളച്ചുകയറുമ്പോൾ ഒരു ചെറിയ ഉപരിതലത്തിൽ കൂടുതൽ ഊർജ്ജം പ്രയോഗിക്കുന്നതിനാൽ, കാര്യമായ പരിക്ക് ഉണ്ടാക്കാൻ കുറച്ച് ഊർജ്ജം തന്നെ മതിയാകും. അസ്ഥിയും തലച്ചോറും ഉൾപ്പെടെ ഏത് ശരീരാവയവത്തിനും പരിക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യും. രക്തസ്രാവം പെട്ടെന്ന് പ്രകടമാകണമെന്നില്ല; കരൾ, കിഡ്നി, പ്ലീഹ തുടങ്ങിയ ആന്തരിക അവയവങ്ങൾ വയറിലെ അറയിലേക്ക് രക്തസ്രാവമുണ്ടാക്കാം. മലാശയം, മൂക്ക് അല്ലെങ്കിൽ ചെവി പോലുള്ള ശരീര ദ്വാരങ്ങളിൽ നിന്നുള്ള രക്തസ്രാവം ആന്തരിക രക്തസ്രാവത്തെ സൂചിപ്പിക്കാം.

രോഗാവസ്ഥ

"മെഡിക്കൽ ബ്ലീഡിംഗ്" എന്നത് അടിസ്ഥാനപരമായ ഒരു മെഡിക്കൽ അവസ്ഥയുടെ (അതായത്, ആഘാതം മൂലം നേരിട്ട് സംഭവിക്കാത്തവ) ഫലമായി ഉണ്ടാകുന്ന രക്തസ്രാവത്തെ സൂചിപ്പിക്കുന്നു. പരിക്കിന്റെ 3 അടിസ്ഥാന പാറ്റേണുകളുടെ ഫലമായി രക്തക്കുഴലുകളിൽ നിന്ന് രക്തം നഷ്ടപ്പെടാം.

ചില രോഗാവസ്ഥകൾ രോഗികളെ രക്തസ്രാവത്തിന് വിധേയരാക്കും. ശരീരത്തിന്റെ സാധാരണ ഹീമോസ്റ്റാറ്റിക് (രക്തസ്രാവനിയന്ത്രണം) പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥകളാണിത്. അത്തരം അവസ്ഥകൾ രക്തസ്രാവത്തിന് കാരണമാകുന്നു. ഹീമോസ്റ്റാസിസിൽ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നു. ഹീമോസ്റ്റാറ്റിക് സിസ്റ്റത്തിന്റെ പ്രധാന ഘടകങ്ങളിൽ പ്ലേറ്റ്ലെറ്റുകളും കട്ടപിടിക്കൽ സംവിധാനവും ഉൾപ്പെടുന്നു.

രക്തക്കുഴലുകളുടെ ഭിത്തിയിൽ ഒരു പ്ലഗ് രൂപപ്പെടുത്തുകയും രക്തസ്രാവം നിർത്തുകയും ചെയ്യുന്നതിൽ സഹായിക്കുന്ന ചെറിയ രക്ത ഘടകങ്ങളാണ് പ്ലേറ്റ്ലെറ്റുകൾ. രക്തം കട്ടപിടിക്കുന്നതിനെ ഉത്തേജിപ്പിക്കുന്ന പലതരം പദാർത്ഥങ്ങളും പ്ലേറ്റ്ലെറ്റുകൾ ഉത്പാദിപ്പിക്കുന്നു. രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളുമായി (NSAIDs) സമ്പർക്കം പുലർത്തുന്നതാണ്. ഈ മരുന്നുകളുടെ പ്രോട്ടോടൈപ്പ് ആസ്പിരിൻ ആണ്, ഇത് ത്രോംബോക്സെയ്ൻ ഉത്പാദനത്തെ തടയുന്നു. നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ (ഉദാഹരണത്തിന്, ഐബുപ്രോഫിൻ) പ്ലേറ്റ്‌ലെറ്റുകളുടെ പ്രവർത്തനത്തെ തടയുകയും അതുവഴി രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആസ്പിരിൻ പ്രഭാവം മാറ്റാനാവാത്തതാണ്; അതിനാൽ, പ്ലേറ്റ്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കുന്നതുവരെ (ഏകദേശം പത്ത് ദിവസം) ആസ്പിരിന്റെ ഫലം നിലനിൽക്കും. "ഐബുപ്രോഫെൻ" (മോട്രിൻ) പോലുള്ള മറ്റ് നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളും അനുബന്ധ മരുന്നുകളും റിവേഴ്‌സിബിൾ ആണ്, അതിനാൽ പ്ലേറ്റ്‌ലെറ്റുകളിലെ പ്രഭാവം ദീർഘകാലം നിലനിൽക്കില്ല.

രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള ലേഖനത്തിൽ ചർച്ച ചെയ്തതുപോലെ, രക്തം കട്ടപിടിക്കുന്നതിന് സങ്കീർണ്ണമായ ഘടകങ്ങൾ ഉണ്ട്. ഇത്തരം ഘടകങ്ങളുടെ കുറവുകൾ ക്ലിനിക്കൽ രക്തസ്രാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഫാക്ടർ VIII ന്റെ കുറവ് ക്ലാസിക് ഹീമോഫീലിയ എയ്ക്ക് കാരണമാകുമ്പോൾ, ഫാക്ടർ IX ന്റെ കുറവ് "ക്രിസ്മസ് രോഗത്തിന്" (ഹീമോഫീലിയ ബി) കാരണമാകുന്നു. ഫാക്ടർ VIII-ലേക്കുള്ള ആന്റിബോഡികൾ ഫാക്ടർ VII-നെ നിർജ്ജീവമാക്കുകയും നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടുള്ള രക്തസ്രാവം വർദ്ധിപ്പിക്കുകയും ചെയ്യും. പ്രായമായ രോഗികളിലും സ്വയം രോഗപ്രതിരോധ രോഗങ്ങളുള്ളവരിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു അപൂർവ അവസ്ഥയാണിത്. മറ്റൊരു സാധാരണ രക്തസ്രാവ രോഗമാണ് വോൺ വില്ലെബ്രാൻഡ് രോഗം. പ്ലേറ്റ്‌ലെറ്റ് സജീവമാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന "വോൺ വില്ലെബ്രാൻഡ്" ഘടകത്തിന്റെ കുറവോ അസാധാരണമായ പ്രവർത്തനമോ മൂലമാണ് ഇത് സംഭവിക്കുന്നത്. ഫാക്ടർ XIII അല്ലെങ്കിൽ ഫാക്ടർ VII പോലെയുള്ള മറ്റ് ഘടകങ്ങളുടെ കുറവുകളും ഇടയ്ക്കിടെ കാണപ്പെടുന്നു, എന്നാൽ കഠിനമായ രക്തസ്രാവവുമായി അവ ബന്ധപ്പെട്ടിരിക്കില്ലഎന്നതിനാൽ ഇവ സാധാരണയായി രോഗനിർണ്ണയം ചെയ്യപ്പെടുന്നില്ല.

നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുമായി ബന്ധപ്പെട്ട രക്തസ്രാവത്തിനു പുറമേ, രക്തസ്രാവത്തിനുള്ള മറ്റൊരു സാധാരണ കാരണമാണ് വാർഫറിൻ ("കൗമാഡിനും" മറ്റുള്ളവയും). മറ്റ് മരുന്നുകളുമായുള്ള ഇടപെടലിലൂടെ രക്തസ്രാവത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ ഈ മരുന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. വാർഫറിൻ കുടലിലെ വിറ്റാമിൻ കെ ഉൽപാദനത്തെ തടയുന്നു. കരളിൽ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളായ II, VII, IX, X എന്നിവയുടെ ഉത്പാദനത്തിന് വിറ്റാമിൻ കെ ആവശ്യമാണ്. വാർഫറിൻ സംബന്ധമായ രക്തസ്രാവത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതാണ്. കുടൽ ബാക്ടീരിയകൾ വിറ്റാമിൻ കെ ഉണ്ടാക്കുന്നു, എന്നാൽ ആൻറിബയോട്ടിക്കുകൾ വഴി ഇവ നശിപ്പിക്കപ്പെടുന്നു. ഇത് വിറ്റാമിൻ കെയുടെ അളവ് കുറയ്ക്കുന്നു, അതിനാൽ ഈ രക്തം കട്ടപിടിക്കുന്ന ഘടകങ്ങളുടെ ഉത്പാദനം കുറയുന്നു.

പ്ലേറ്റ്‌ലെറ്റ് പ്രവർത്തനത്തിന്റെ അപര്യാപ്തതകൾക്ക് പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ ആവശ്യമായി വന്നേക്കാം, അതേസമയം കട്ടപിടിക്കുന്ന ഘടകങ്ങളുടെ കുറവുകൾക്ക് ഫ്രഷ് ഫ്രോസൺ പ്ലാസ്മ അല്ലെങ്കിൽ ഹീമോഫീലിയ രോഗികൾക്ക് ഫാക്ടർ VIII പോലുള്ള പ്രത്യേക കട്ടപിടിക്കൽ ഘടകങ്ങൾ ആവശ്യമായി വന്നേക്കാം.

അണുബാധ

എബോള, മാർബർഗ് വൈറസ് രോഗം, മഞ്ഞപ്പനി തുടങ്ങിയ അണുബാധകൾ രക്തസ്രാവത്തിന് കാരണമാകും.

Remove ads

രോഗനിർണയം / ഇമേജിംഗ്

ഡയോക്‌സാബോറോലൻ കെമിസ്ട്രി ചുവന്ന രക്താണുക്കളുടെ റേഡിയോ ആക്ടീവ് ഫ്ലൂറൈഡ് (18F) ലേബലിംഗ് പ്രാപ്‌തമാക്കുന്നു, ഇത് ഇൻട്രാസെറിബ്രൽ ഹെമറേജുകളുടെ പോസിട്രോൺ എമിഷൻ ടോമോഗ്രാഫി (പിഇടി) ഇമേജിംഗ് അനുവദിക്കുന്നു. [6]

വർഗ്ഗീകരണം

Thumb
ലാസിക്കിന് ശേഷമുള്ള സാധാരണവും താരതമ്യേന ചെറിയതുമായ സങ്കീർണതയാണ് സബ് കൺജങ്ക്റ്റിവൽ ഹെമറേജ്.
Thumb
പൾമണറി ഹെമറാേജിൽ കാണുന്നതുപോലെ, ഹീമോസിഡെറിൻ അടങ്ങിയ ആൽവിയോളാർ മാക്രോഫേജുകൾ (ഇരുണ്ട തവിട്ട്) കാണിക്കുന്ന മൈക്രോഗ്രാഫ്. എച്ച്&ഇ സ്റ്റെയിൻ

രക്തനഷ്ടം

അമേരിക്കൻ കോളേജ് ഓഫ് സർജൻസിന്റെ അഡ്വാൻസ്ഡ് ട്രോമ ലൈഫ് സപ്പോർട്ട് (ATLS) പ്രകാരം രക്തസ്രാവത്തെ നാല് ക്ലാസുകളായി തിരിച്ചിരിക്കുന്നു. [7]

  • ക്ലാസ് I രക്തസ്രാവത്തിൽ രക്തത്തിന്റെ അളവിന്റെ 15% വരെ നഷ്ടപ്പെടുന്നു. സുപ്രധാന അടയാളങ്ങളിൽ സാധാരണയായി മാറ്റമില്ല, കൂടാതെ ഫ്ലൂയിഡ് റെസ്യൂസ്സിറ്റേഷൻ സാധാരണയായി ആവശ്യമില്ല.
  • ക്ലാസ് II രക്തസ്രാവത്തിൽ മൊത്തം രക്തത്തിന്റെ 15-30% നഷ്ടപ്പെടുന്നു. സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം തമ്മിലുള്ള വ്യത്യാസത്തിൽ കുറവ് വരികയും രോഗി പലപ്പോഴും ടാക്കിക്കാർഡിക് (വേഗത്തിലുള്ള ഹൃദയമിടിപ്പ്) ആകുകയും ചെയ്യാം. ശരീരം പെരിഫറൽ വാസകോൺസ്ട്രിക്ഷൻ ഉപയോഗിച്ച് രക്ത നഷ്ടം പരിഹരിക്കാൻ ശ്രമിക്കുന്നു. ചർമ്മം വിളറിയതായി കാണാനും സ്പർശിക്കുമ്പോൾ തണുപ്പു തോന്നാനും തുടങ്ങും. രോഗിയുടെ പെരുമാറ്റത്തിൽ ചെറിയ മാറ്റങ്ങൾ പ്രകടമാകാം. ക്രിസ്റ്റലോയിഡുകൾ ഉപയോഗിച്ചുള്ള വോളിയം റെസ്യൂസ്സിറ്റേഷൻ (സലൈൻ ലായനി അല്ലെങ്കിൽ ലാക്റ്റേറ്റഡ് റിംഗർ) മാത്രമാണ് ഈ അവസ്ഥയിൽ സാധാരണയായി ആവശ്യമുള്ളത്. രക്തപ്പകർച്ച സാധാരണയായി ആവശ്യമില്ല.
  • ക്ലാസ് III രക്തസ്രാവത്തിൽ രക്തത്തിന്റെ അളവിന്റെ 30-40% നഷ്ടപ്പെടുന്നു. രോഗിയുടെ രക്തസമ്മർദ്ദം കുറയുന്നു, ഹൃദയമിടിപ്പ് വർദ്ധിക്കുന്നു, പെരിഫറൽ ഹൈപ്പോപെർഫ്യൂഷനും (ഷോക്ക്), കുറഞ്ഞ കാപ്പിലറി റീഫിലും സംഭവിക്കുന്നു, ഒപ്പം, രോഗിയുടെ മാനസിക നില വഷളാകുന്നു. ക്രിസ്റ്റലോയ്ഡ് ഉപയോഗിച്ചുള്ള റെസ്യൂസ്സിറ്റേഷനും രക്തപ്പകർച്ചയും സാധാരണയായി ആവശ്യമാണ്.
  • ക്ലാസ് IV രക്തസ്രാവത്തിൽ രക്തചംക്രമണത്തിന്റെ അളവിന്റെ 40% നഷ്ടപ്പെടുന്നു. ശരീരത്തിന്റെ രക്ത നഷ്ടത്തിന്റെ പരിധി എത്തുന്നതിനാൽ, മരണം തടയുന്നതിന് ഫ്ലൂയിഡ് റെസ്യൂസ്സിറ്റേഷൻ ആവശ്യമാണ്.

ഈ സംവിധാനം അടിസ്ഥാനപരമായി ഹൈപ്പോവോളമിക് ഷോക്ക് ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് സമാനമാണ്.

മികച്ച ശാരീരികവും ഹൃദയ സംബന്ധമായതുമായ ആരോഗ്യം വ്യക്തികൾക്ക് ഹൃദയധമനികളുടെ തകർച്ച അനുഭവപ്പെടുന്നതിന് മുമ്പ് ശരീരം കൂടുതൽ ഫലപ്രദമായി രക്ത നഷ്ടത്തോട് പ്രതികരിക്കും. പ്രായമായ രോഗികൾക്കോ വിട്ടുമാറാത്ത രോഗാവസ്ഥകളുള്ളവർക്കോ രക്തനഷ്ടം സാഹിക്കാനുള്ള ശേഷി കുറവായിരിക്കാം.

മാസീവ് ഹെമറേജ് (വൻ രക്തസ്രാവം)

വൻതോതിലുള്ള രക്തസ്രാവത്തിന് സാർവത്രികമായി അംഗീകരിക്കപ്പെട്ട നിർവചനം ഇല്ലെങ്കിലും, മാസീവ് ഹെമറേജ് തിരിച്ചറിയാൻ ഇനിപ്പറയുന്നവ ഉപയോഗിക്കാം: "(i) 24 മണിക്കൂറിനുള്ളിൽ ചംക്രമണത്തിലുള്ള ആകെ രക്തത്തിന്റെ അളവ് കവിയുന്ന രക്തനഷ്ടം, (ii) ചംക്രമണത്തിലുള്ള ആകെ രക്തത്തിന്റെ 50% രക്തനഷ്ടം 3-മണിക്കൂറിനുള്ളിൽ, (iii) 150 മില്ലി/മിനിറ്റിൽ കൂടുതലുള്ള രക്തനഷ്ടം, അല്ലെങ്കിൽ (iv) പ്ലാസ്മയും പ്ലേറ്റ്‌ലെറ്റും ആവശ്യമായി വരുന്ന തരം രക്തനഷ്ടം." [8]

ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന രക്തസ്രാവത്തിന്റെ തീവ്രത അളക്കാൻ ഒരു സ്റ്റാൻഡേർഡ് ഗ്രേഡിംഗ് സ്കെയിൽ ഉണ്ടാക്കിയിട്ടുണ്ട്. [9]

ഗ്രേഡ് 0 രക്തസ്രാവം ഇല്ല;
ഗ്രേഡ് 1 പെറ്റീഷ്യൽ രക്തസ്രാവം;
ഗ്രേഡ് 2 നേരിയ രക്തനഷ്ടം (ചികിത്സാപരമായി പ്രാധാന്യമുള്ളത്);
ഗ്രേഡ് 3 വലിയ രക്തനഷ്ടം, രക്തപ്പകർച്ച ആവശ്യമാണ് (കഠിനമായത്);
ഗ്രേഡ് 4 ഡെബിലിറ്റേറ്റിങ് (ദുർബലപ്പെടുത്തുന്ന) രക്തനഷ്ടം, റെറ്റിന അല്ലെങ്കിൽ സെറിബ്രൽ, മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
Remove ads

ചികിത്സ

ത്വക്കിന് പരിക്കുപറ്റിയുള്ള രക്തസ്രാവം നേരിട്ടുള്ള മർദ്ദം ഉപയോഗിച്ചാണ് പലപ്പോഴും ചികിത്സിക്കുന്നത്. [10] ഗുരുതരമായി പരിക്കേറ്റ രോഗികൾക്ക്, ഷോക്കിന്റെ സങ്കീർണതകൾ തടയുന്നതിന് ടൂർണിക്കറ്റുകൾ സഹായകമാണ്. [11] ക്ലിനിക്കലി പ്രാധാന്യമുള്ള രക്തസ്രാവമുള്ള രോഗികളിൽ ആൻറിഓകോഗുലന്റ് മരുന്നുകൾ നിർത്തലാക്കേണ്ടി വന്നേക്കാം. [12] അമിതമായ അളവിൽ രക്തം നഷ്ടപ്പെട്ട രോഗികൾക്ക് രക്തപ്പകർച്ച ആവശ്യമായി വന്നേക്കാം. [13]

യുദ്ധത്തിൽ രക്തസ്രാവം തടയുന്നതിനും മുറിവുകൾ അടയ്ക്കുന്നതിനുമുള്ള സയനോഅക്രിലേറ്റ് പശയുടെ ഉപയോഗം വിയറ്റ്നാം യുദ്ധത്തിൽ രൂപകൽപ്പന ചെയ്യുകയും ആദ്യമായി ഉപയോഗിക്കുകയും ചെയ്തു. പരമ്പരാഗത തുന്നലുകൾ ഉപയോഗിക്കുന്നതിന് പകരം ചർമ്മത്തിന്റെ തലത്തിൽ അടയ്ക്കേണ്ട ചെറിയ മുറിവുകൾക്ക് ചിലപ്പോൾ "സൂപ്പർ ഗ്ലൂ" യുടെ മെഡിക്കൽ പതിപ്പ് ആയ സ്കിൻ ഗ്ലൂ ഉപയോഗിക്കുന്നു. [14]

Remove ads

പദോൽപ്പത്തി

തീവ്രമായ രക്തസ്രാവം എന്ന അർഥം വരുന്ന പുരാതന ഗ്രീക്ക് പദം ഹൈമറെജിയ (αἱμορραγία) എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞ ലാറ്റിൻ പദം ഹൈമറെജിയയിൽ നിന്നാണ് ഹെമറേജ് എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉൽപ്പത്തി.

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads