കോമ (വൈദ്യശാസ്ത്രം)

അബോധാവസ്ഥ From Wikipedia, the free encyclopedia

കോമ (വൈദ്യശാസ്ത്രം)
Remove ads

വൈദ്യശാസ്ത്രത്തിൽ, ദീർഘമായ അബോധാവസ്ഥയിൽ ഉള്ള ഒരു ശാരീരിക അവസ്ഥയാണ് കോമ. കോമയിൽ ആയ വ്യക്തിയെ ഉണർത്താൻ കഴിയില്ല, കൂടാതെ അവർക്ക് സാധാരണ ഉണർവ്-ഉറക്ക ചക്രവും, വേദനാജനകമായ ഉദ്ദീപനങ്ങളോടും പ്രകാശത്തിനോടോ ശബ്ദത്തിനോടോ ഉള്ള പ്രതികരണവും ഉണ്ടാവുകയില്ല.[1] സാധാരണ ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്താനുള്ള ശരീരത്തിന്റെ കഴിവില്ലായ്മ കാരണം വ്യക്തിക്ക് ശ്വസന, രക്തചംക്രമണ പ്രശ്നങ്ങൾ അനുഭവപ്പെടാം. കോമയിലുള്ള ആളുകൾക്ക് അവരുടെ ആരോഗ്യം നിലനിർത്തുന്നതിനും ന്യുമോണിയ അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നത് പോലുള്ള സങ്കീർണതകൾ തടയുന്നതിനും പലപ്പോഴും വിപുലമായ വൈദ്യസഹായം ആവശ്യമാണ്.[2] കോമ രോഗികൾക്ക് ബോധപൂർവ്വം സംസാരിക്കാനോ ചലിക്കാനോ കഴിയില്ല.[3][4] കോമകൾ സ്വാഭാവിക കാരണങ്ങളാൽ ഉണ്ടാകാം, അല്ലെങ്കിൽ വൈദ്യശാസ്ത്രപരമായി കോമ പ്രേരിപ്പിക്കാം.[5]

വസ്തുതകൾ കോമ, സ്പെഷ്യാലിറ്റി ...

ചികിത്സാപരമായി, വൺ-സ്റ്റെപ്പ് കമാൻഡ് പിന്തുടരാനുള്ള സ്ഥിരമായ കഴിവില്ലായ്മയായി കോമയെ നിർവചിക്കാം.[6][7] ഗ്ലാസ്‌ഗോ കോമ സ്‌കെയിലിൽ ≥6 മണിക്കൂർ നീണ്ടുനിൽക്കുന്ന (GCS) ≤ 8 എന്ന സ്‌കോറായും ഇതിനെ നിർവചിക്കാം.[8] ഒരു രോഗിക്ക് ബോധം നിലനിർത്താൻ, ഉണർവ്വിന്റെയും അവബോധത്തിന്റെയും ഘടകങ്ങൾ ആയ ശ്രദ്ധ, സെൻസറി പെർസെപ്ഷൻ, ഓർമ്മ, ഭാഷ, ടാസ്‌ക്കുകളുടെ നിർവ്വഹണം, താൽക്കാലികവും സ്ഥലപരവുമായ ഓറിയന്റേഷൻ, വൈജ്ഞാനിക കഴിവുകൾ എന്നിവ നിലനിർത്തണം.[3][9] ഒരു ന്യൂറോളജിക്കൽ വീക്ഷണകോണിൽ, ബോധം നിലനിർത്തുന്നത് സെറിബ്രൽ കോർട്ടെക്‌സ് അല്ലെങ്കിൽ റെറ്റിക്യുലാർ ആക്റ്റിവേറ്റിംഗ് സിസ്റ്റം (RAS) വഴിയാണ്.[10][11]

Remove ads

പദോൽപ്പത്തി

ഗാഢനിദ്ര എന്നർത്ഥം വരുന്ന ഗ്രീക്ക് ഭാഷയിൽ നിന്നുള്ള 'കോമ' (κῶμα) എന്ന പദം ഹിപ്പോക്രാറ്റിക് കോർപ്പസിലും (എപ്പിഡെമിക്ക) പിന്നീട് ഗാലനും (എഡി രണ്ടാം നൂറ്റാണ്ട്) ഇതിനകം ഉപയോഗിച്ചിരുന്നു. തുടർന്ന്, പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യത്തിൽ ഇത് ഉപയോഗിച്ചിരുന്നില്ല. തോമസ് വില്ലിസിന്റെ (1621–1675) ഡി ആനിമ ബ്രൂട്ടോറം (1672) എന്ന പുസ്തകത്തിൽ ഈ പദം വീണ്ടും കണ്ടെത്തി, അവിടെ ആലസ്യം (പാത്തോളജിക്കൽ സ്ലീപ്പ്), 'കോമ' (കനത്ത ഉറക്കം), കാരസ് (ഇന്ദ്രിയങ്ങളുടെ അഭാവം), അപ്പോപ്ലെക്സി എന്നിവ പരാമർശിച്ചിരിക്കുന്നു. കാരസ് എന്ന പദം ഗ്രീക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'കരോട്ടിഡ്' എന്ന പദത്തിന്റെ മൂലത്തിൽ ഇത് ഇപ്പോഴും കാണാം. തോമസ് സിഡെൻഹാം (1624-89) പനിയുടെ പല സന്ദർഭങ്ങളിൽ 'കോമ' എന്ന പദം പരാമർശിച്ചു (സിഡൻഹാം, 1685).[12][13]

Remove ads

അടയാളങ്ങളും ലക്ഷണങ്ങളും

കോമ അവസ്ഥയിലുള്ള ഒരു വ്യക്തിയുടെ പൊതുവായ ലക്ഷണങ്ങൾ ഇവയാണ്:

  • സ്വമേധയാ കണ്ണുകൾ തുറക്കാനുള്ള കഴിവില്ലായ്മ
  • ഉറക്ക-ഉണർവ് ചക്രം നിലവിലില്ല
  • ശാരീരിക (വേദനാജനകമായ) അല്ലെങ്കിൽ വാക്കാലുള്ള ഉത്തേജകങ്ങളോടുള്ള പ്രതികരണത്തിന്റെ അഭാവം
  • പ്യൂപ്പിൾ പ്രകാശത്തോട് പ്രതികരിക്കാത്തത് പോലെയുള്ള ഡിപ്രസ്ഡ് ബ്രെയിൻസ്റ്റം റിഫ്ലെക്സുകൾ
  • ഹൃദയസ്തംഭനം മൂലം കോമ ഉണ്ടാകുമ്പോൾ അസാധാരണമായ, ബുദ്ധിമുട്ടോടു കൂടിയ, അല്ലെങ്കിൽ ക്രമരഹിതമായ ശ്വാസോച്ഛ്വാസം അല്ലെങ്കിൽ ശ്വസനം തീരെ ഇല്ലാത്ത അവസ്ഥ വരാം
  • ഗ്ലാസ്ഗോ കോമ സ്കെയിലിൽ 3 നും 8 നും ഇടയിലുള്ള സ്കോർ[14][1]
Remove ads

കാരണങ്ങൾ

പല തരത്തിലുള്ള പ്രശ്‌നങ്ങൾ കോമയ്ക്ക് കാരണമാകും. നാൽപ്പത് ശതമാനം കോമ അവസ്ഥകളും ഡ്രഗ് പോയിസൺ മൂലമാണ് സംഭവിക്കുന്നത്. [15] ചില മരുന്ന് ഉപയോഗം അസെന്റിങ് റെറ്റിക്യുലാർ ആക്ടിവേറ്റിംഗ് സിസ്റ്റത്തിലെ (എആർഎഎസ്) സിനാപ്റ്റിക് പ്രവർത്തനത്തെ തകരാറിലാക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യും, കൂടാതെ അത് തലച്ചോറിനെ ഉണർത്തുന്നതിൽ നിന്ന് തടയുകയും ചെയ്യും. [16] അസാധാരണമായ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, അസാധാരണമായ ശ്വസനം, വിയർപ്പ് എന്നിവ ഉൾപ്പെടുന്ന, മരുന്നുകളുടെ ദ്വിതീയ ഫലങ്ങൾ എആർഎഎസ്-ന്റെ പ്രവർത്തനത്തെ പരോക്ഷമായി ദോഷകരമായി ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്യും. ഡ്രഗ് പോയിസൺ ആണ് വലിയൊരു വിഭാഗം രോഗികൾക്കും കോമയുടെ കാരണം എന്നതിനാൽ ആശുപത്രികൾ ആദ്യം എല്ലാ കോമ രോഗികളെയും വെസ്റ്റിബുലാർ-ഓക്യുലാർ റിഫ്ലെക്സിലൂടെ കൃഷ്ണമണി വലുപ്പവും കണ്ണിന്റെ ചലനവും നിരീക്ഷിച്ച് പരിശോധിക്കുന്നു. (ചുവടെയുള്ള രോഗനിർണയം കാണുക.) [16]

25% കേസുകളും വരുന്ന കോമയുടെ രണ്ടാമത്തെ ഏറ്റവും സാധാരണ കാരണം ഓക്സിജന്റെ അഭാവമാണ്, ഇത് സാധാരണയായി ഹൃദയസ്തംഭനത്തിന്റെ ഫലമായി സഭവിക്കുന്നതാണ്. [15] കേന്ദ്ര നാഡീവ്യൂഹത്തിന് (സിഎൻഎസ്) അതിന്റെ ന്യൂറോണുകൾക്ക് ധാരാളം ഓക്സിജൻ ആവശ്യമാണ്. ഹൈപ്പോക്സിയ എന്നും അറിയപ്പെടുന്ന തലച്ചോറിലെ ഓക്സിജന്റെ അഭാവം മൂലം ന്യൂറോണുകൾക്ക് പുറത്ത് നിന്നുള്ള സോഡിയവും കാൽസ്യവും കുറയുകയും ഇൻട്രാ സെല്ലുലാർ കാൽസ്യം വർദ്ധിക്കുകയും ചെയ്യുന്നു, ഇത് ന്യൂറോണുകളുടെ ആശയവിനിമയത്തെ ദോഷകരമായി ബാധിക്കുന്നു. [17] മസ്തിഷ്കത്തിലെ ഓക്സിജന്റെ അഭാവം എടിപി ക്ഷീണത്തിനും സൈറ്റോസ്കെലിറ്റൺ കേടുപാടുകൾ, നൈട്രിക് ഓക്സൈഡ് ഉത്പാദനം എന്നിവയിൽ നിന്നുള്ള സെല്ലുലാർ തകർച്ചയ്ക്കും കാരണമാകുന്നു.

മസ്തിഷ്കാഘാതം, മസ്തിഷ്ക രക്തസ്രാവം അല്ലെങ്കിൽ മസ്തിഷ്ക ട്യൂമർ എന്നിവയിൽ നിന്നാണ് ഇരുപത് ശതമാനം കോമ അവസ്ഥകൾ ഉണ്ടാകുന്നത്. [15] സ്‌ട്രോക്ക് സമയത്ത്, തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നു. ഒരു ഇസ്കെമിക് സ്ട്രോക്ക്, മസ്തിഷ്ക രക്തസ്രാവം, അല്ലെങ്കിൽ ബ്രെയിൻ ട്യൂമർ എന്നിവ രക്തപ്രവാഹം പരിമിതപ്പെടുത്തിയേക്കാം. തലച്ചോറിലെ കോശങ്ങളിലേക്കുള്ള രക്തത്തിന്റെ അഭാവം ന്യൂറോണുകളിലേക്ക് ഓക്സിജൻ ലഭിക്കുന്നത് തടയുന്നു, തൽഫലമായി കോശങ്ങൾ തകരാറിലാവുകയും മരിക്കുകയും ചെയ്യുന്നു. മസ്തിഷ്ക കോശങ്ങൾ മരിക്കുമ്പോൾ അത് എആർഎഎസ് പ്രവർത്തനത്തെ ബാധിച്ചേക്കാം, ഇത് അബോധാവസ്ഥയ്ക്കും കോമയ്ക്കും കാരണമാകും.

ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി, അമിതമായ രക്തനഷ്ടം, പോഷകാഹാരക്കുറവ്, ഹൈപ്പോഥെർമിയ, ഹൈപ്പർതേർമിയ, ഹൈപ്പർ അമോണിയ, [18] അസാധാരണമായ ഗ്ലൂക്കോസ് അളവ്, കൂടാതെ മറ്റ് പല ജൈവ വൈകല്യങ്ങൾ എന്നിവയിൽ നിന്നും കോമ കേസുകൾ ഉണ്ടാകാം. ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി സംഭവിച്ച 8 രോഗികളിൽ 1 പേർക്ക് കോമ അവസ്ഥ അനുഭവപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നു. [19]

ഹൃദയസ്തംഭനം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദയാഘാതം, കാർഡിയോജനിക് ഷോക്ക്, മയോകാർഡിറ്റിസ്, പെരികാർഡിറ്റിസ് എന്നിവ കോമയുടെ ഹൃദയ സംബന്ധമായ കാരണങ്ങളിൽ ഉൾപ്പെടുന്നു. കോമയ്ക്ക് കാരണമാകുന്ന ഒരേയൊരു ശ്വാസകോശ അവസ്ഥയാണ് റെസ്പിറേറ്ററി അറസ്റ്റ്, എന്നാൽ പല ശ്വാസകോശ അവസ്ഥകളും ബോധത്തിന്റെ അളവ് കുറയ്ക്കും, എങ്കിലും ഇത് കോമയിൽ എത്താറില്ല.

കോമയുടെ മറ്റ് കാരണങ്ങളിൽ അപസ്മാരം, കിഡ്നി പരാജയം, കരൾ പരാജയം, ഹൈപ്പർ ഗ്ലൈസീമിയ, ഹൈപ്പോഗ്ലൈസീമിയ, മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് തുടങ്ങിയ മസ്തിഷ്കവുമായി ബന്ധപ്പെട്ട അണുബാധകൾ ഉൾപ്പെടുന്നു.

Remove ads

പത്തോഫിസിയോളജി

സെറിബ്രൽ കോർട്ടക്‌സിനോ റെറ്റിക്യുലാർ ആക്റ്റിവേറ്റിംഗ് സിസ്റ്റത്തിനോ (RAS) രണ്ടിനുമോ ഉള്ള പരിക്കുകൾ ഒരു വ്യക്തിയെ കോമയിലേക്ക് നയിക്കാൻ പര്യാപ്തമാണ്. [20]

തലച്ചോറിലെ സെറിബ്രത്തിന്റെ ന്യൂറൽ ടിഷ്യുവിന്റെ പുറം പാളിയാണ് സെറിബ്രൽ കോർട്ടെക്സ്. [21] സെറിബ്രൽ കോർട്ടക്സിൽ ന്യൂറോണുകളുടെ അണുകേന്ദ്രങ്ങൾ അടങ്ങിയ ഗ്രേ മാറ്റർ അടങ്ങിയിരിക്കുന്നു, അതേസമയം സെറിബ്രത്തിന്റെ ആന്തരികഭാഗം വൈറ്റ് മാറ്ററും ന്യൂറോണിന്റെ ആക്സോണുകളും ചേർന്നതാണ്. [22] വൈറ്റ് മാറ്റർ താലമിക് പാതയിലൂടെയുള്ള സെൻസറി ഇൻപുട്ടിന്റെ റിലേയ്ക്കും സങ്കീർണ്ണമായ ചിന്ത ഉൾപ്പെടെയുള്ള മറ്റ് പല ന്യൂറോളജിക്കൽ പ്രവർത്തനങ്ങൾക്കും ഉത്തരവാദിയാണ്.

മറുവശത്ത്, റെറ്റിക്യുലാർ ആക്റ്റിവേറ്റിംഗ് സിസ്റ്റം (ആർഎഎസ്) എന്നത് റെക്റ്റികുലർ ഫോർമേഷൻ (ആർഎഫ്) ഉൾക്കൊള്ളുന്ന മസ്തിഷ്കവ്യവസ്ഥയിലെ കൂടുതൽ പ്രിമിറ്റീവ് ഘടനയാണ്. [23] ആർഎഎസ്-ന്, അസെന്റിങ് ഡിസെന്റിങ് എന്നിങ്ങനെ രണ്ട് ട്രാക്റ്റ് ഉണ്ട്. അസെന്റിങ് ട്രാക്റ്റ്, അല്ലെങ്കിൽ അസെന്റിങ് റെറ്റിക്യുലാർ ആക്റ്റിവേറ്റിംഗ് സിസ്റ്റം (എആർഎഎസ്), അസറ്റൈൽ കോളിൻ ഉൽപ്പാദിപ്പിക്കുന്ന ന്യൂറോണുകളുടെ ഒരു സംവിധാനത്താൽ നിർമ്മിതമാണ്, ഇത് തലച്ചോറിനെ ഉണർത്താനും പ്രവർത്തനക്ഷമമാക്കാനും പ്രവർത്തിക്കുന്നു. [24] തലച്ചോറിന്റെ ഉത്തേജനം ആർഎഫ്-ൽ നിന്നും തലാമസിലൂടെയും തുടർന്ന് സെറിബ്രൽ കോർട്ടക്സിലൂടെയും ആരംഭിക്കുന്നു. [16] എആർഎഎസ് പ്രവർത്തനത്തിലെ ഏതെങ്കിലും തകരാറുകൾ, ശരീരത്തെ അതിന്റെ ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നതിൽ നിന്ന് തടയുന്നു. [23] ഉത്തേജനവും ബോധ കേന്ദ്രങ്ങളും ഇല്ലാതെ, ശരീരത്തിന് ഉണരാൻ കഴിയില്ല, അങ്ങനെ ശരീരം കോമ അവസ്ഥയിൽ എത്തുന്നു. [25]

കോമയുടെ തീവ്രതയും രീതിയും അടിസ്ഥാന കാരണത്തെ ആശ്രയിച്ചിരിക്കുന്നു. കോമയ്ക്ക് രണ്ട് പ്രധാന ഉപവിഭാഗങ്ങളുണ്ട്: സ്ട്രക്ച്ചറലും (ഘടനാപരം) ഡിഫ്യൂസ് ന്യൂറോണലും. [26] ഒരു ഘടനാപരമായ കാരണത്തിന് ഉദാഹരണം ശാരീരിക സമ്മർദ്ദം അല്ലെങ്കിൽ ന്യൂറൽ ട്രാൻസ്മിഷനിലെ തടസ്സം പോലെയുള്ള സെല്ലുലാർ കേടുപാടുകൾ വരുത്തുന്ന ഒരു മെക്കാനിക്കൽ ശക്തിയാണ്. [27] ഡിഫ്യൂസ് കാരണങ്ങൾ മെറ്റാബോളിക് (ഉപാപചയ) അല്ലെങ്കിൽ ടോക്സിക് (വിഷ) ഉപഗ്രൂപ്പിന് കീഴിലാണ് വരുന്നത്. ടോക്സിൻ-ഇൻഡ്യൂസ്ഡ് കോമകൾ ഉണ്ടാകുന്നത് പുറത്തുനിന്നുള്ള പദാർത്ഥം മൂലമാണ്, അതേസമയം മെറ്റാബോളിക്-ഇൻഡ്യൂസ്ഡ് കോമകൾ ഉണ്ടാകുന്നത് ശരീരത്തിലെ തെർമോൺഗുലേഷൻ അല്ലെങ്കിൽ അയോണിക് അസന്തുലിതാവസ്ഥ (ഉദാ: സോഡിയം) പോലുള്ള ആന്തരിക പ്രക്രിയകൾ മൂലമാണ്. [25] ഉദാഹരണത്തിന്, കഠിനമായ ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ കുറവ്) അല്ലെങ്കിൽ ഹൈപ്പർകാപ്നിയ (രക്തത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നത്) ഒരു മെറ്റാബോളിക് ഡിഫ്യൂസ് ന്യൂറോണൽ അപര്യാപ്തതയുടെ ഉദാഹരണങ്ങളാണ്. ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കിൽ ഹൈപ്പർകാപ്നിയ തുടക്കത്തിൽ നേരിയ അസ്വസ്ഥതയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുകയും ഒടുവിൽ പൂർണ അബോധാവസ്ഥയിലേക്ക് രോഗിയെ എത്തിക്കുകയും ചെയ്യുന്നു. [28] നേരെമറിച്ച്, ഗുരുതരമായ ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി അല്ലെങ്കിൽ സബ്അരക്നോയിഡ് ഹേമറേജ് മൂലമുണ്ടാകുന്ന കോമ തൽക്ഷണം സംഭവിക്കാം. അതിനാൽ, ആരംഭ രീതി അടിസ്ഥാന കാരണത്തെ സൂചിപ്പിക്കാം. [1]

കോമയുടെ സ്ട്രക്ച്ചറലും ഡിഫ്യൂസ് ന്യൂറോണലും ആയ കാരണങ്ങൾ പരസ്പരം വേർതിരിച്ചു കാണേണ്ടതില്ല, കാരണം ചില സാഹചര്യങ്ങളിൽ ഒന്ന് മറ്റൊന്നിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്, ഹൈപ്പോഗ്ലൈസീമിയ പോലുള്ള ഉപാപചയ പ്രക്രിയയാൽ ഉണ്ടാകുന്ന കോമ, അത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ സ്ട്രക്ച്ചറൽ കോമയിലേക്ക് നയിച്ചേക്കാം. മറ്റൊരു ഉദാഹരണം, ഡിഫ്യൂസ് വൈകല്യം ആയ സെറിബ്രൽ എഡിമയാണ്, ഇതിലെ തലച്ചോറിലെ രക്തചംക്രമണത്തിന്റെ തടസ്സം മസ്തിഷ്ക വ്യവസ്ഥയുടെ ഇസ്കെമിയ എന്ന സ്ട്രക്ച്ചറൽ പ്രശ്നത്തിലേക്ക് നയിക്കുന്നു. [25]

Remove ads

രോഗനിർണയം

കോമയുടെ രോഗനിർണയം ലളിതമാണെങ്കിലും, അടിസ്ഥാന കാരണം കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. രോഗി ശ്വാസനാളത്തിന്റെ സ്ഥിരത കൈവരിച്ച ശേഷം, ശ്വാസോച്ഛ്വാസം, രക്തചംക്രമണം (അടിസ്ഥാന എബിസികൾ) വിവിധ ഡയഗ്നോസ്റ്റിക് പരിശോധനകൾ, ശാരീരിക പരിശോധനകൾ, ഇമേജിംഗ് ഉപകരണങ്ങൾ (സിടി സ്കാൻ, എംആർഐ മുതലായവ) എന്നിവ ഉപയോഗിച്ച് കോമയുടെ അടിസ്ഥാന കാരണം കണ്ടെത്താൻ ശ്രമിക്കുന്നു. [29]

അബോധാവസ്ഥയിലുള്ള ഒരാൾ ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ, അബോധാവസ്ഥയുടെ കാരണം തിരിച്ചറിയാൻ ആശുപത്രി നിരവധി ഡയഗ്നോസ്റ്റിക് നടപടികൾ ഉപയോഗിക്കുന്നു. [30] യങ്ങിന്റെ അഭിപ്രായത്തിൽ, [16] കോമയിൽ കഴിയുന്ന ഒരു രോഗിയുമായി ഇടപെടുമ്പോൾ ഇനിപ്പറയുന്ന നടപടികൾ കൈക്കൊള്ളണം:

  1. ഒരു പൊതു പരിശോധനയും മെഡിക്കൽ ചരിത്ര പരിശോധനയും നടത്തുക
  2. രോഗി യഥാർത്ഥ കോമ അവസ്ഥയിലാണെന്നും ലോക്ക്-ഇൻ അവസ്ഥയിലല്ലെന്നും അല്ലെങ്കിൽ സൈക്കോജെനിക് പ്രതികരണമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക. ലോക്ക്ഡ്-ഇൻ സിൻഡ്രോം ഉള്ള രോഗികൾക്ക് അവരുടെ കണ്ണുകൾക്ക് സ്വമേധയാ ചലനമുണ്ട്, അതേസമയം സൈക്കോജെനിക് കോമയുള്ള രോഗികൾ കണ്പോളകൾ തുറക്കുന്നതിനോട് പ്രതിരോധം പ്രകടിപ്പിക്കുന്നു, ഉയർത്തിയ മുകളിലെ കണ്പോള വിടുമ്പോൾ കണ്പോളകൾ പെട്ടെന്ന് പൂർണ്ണമായും അടയുന്നു (ഓർഗാനിക് കാരണങ്ങളാൽ ഉള്ള കോമകളിൽ കാണുന്നതിൽ (സാവധാനം, അസമമായും അപൂർണ്ണമായും) നിന്ന് വിപരീതമായി). [31]
  3. കോമയ്ക്ക് കാരണമായേക്കാവുന്ന മസ്തിഷ്കത്തിന്റെ സൈറ്റ് കണ്ടെത്തുക (ഉദാ: ബ്രെയിൻസ്റ്റെം, തലച്ചോറിന്റെ പിൻഭാഗം) ഗ്ലാസ്ഗോ കോമ സ്കെയിൽ ഉപയോഗിച്ച് കോമയുടെ തീവ്രത വിലയിരുത്തുക
  4. ഏതെങ്കിലും ഡ്രഗ് ഉൾപ്പെട്ടിട്ടുണ്ടോ അതോ ഹൈപ്പോവെൻറിലേഷൻ / ഹൈപ്പർവെൻറിലേഷന്റെ ഫലമാണോ എന്നറിയാൻ രക്തപരിശോധന നടത്തുക
  5. സെറം ഗ്ലൂക്കോസ്, കാൽസ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ്, യൂറിയ, ക്രിയാറ്റിനിൻ എന്നിവയുടെ അളവ് പരിശോധിക്കുക
  6. തലച്ചോറിന്റെ അസാധാരണമായ പ്രവർത്തനം നിരീക്ഷിക്കാൻ സിടി അല്ലെങ്കിൽ എംആർഐ സ്കാനുകൾ ഉപയോഗിച്ച് ബ്രെയിൻ സ്കാനുകൾ നടത്തുക
  7. മസ്തിഷ്ക തരംഗങ്ങൾ നിരീക്ഷിക്കുന്നത് തുടരുക, ഇഇജി-കൾ ഉപയോഗിച്ച് രോഗിയുടെ സീഷ്വർ തിരിച്ചറിയുക

പ്രാഥമിക വിലയിരുത്തൽ

കോമയുടെ പ്രാരംഭ വിലയിരുത്തലിൽ, എവിപിയു (അലേർട്ട്, വോക്കൽ സ്റ്റിമുലേ, പെയിൻഫുൾ സ്റ്റിമുലേ, അൺറെസ്പോൺസീവ്) സ്കെയിലിൽ ഉത്തേജനങ്ങളോടുള്ള രോഗിയുടെ പ്രതികരണം വിലയിരുത്തി ബോധത്തിന്റെ അളവ് അളക്കുന്നത് സാധാരണമാണ്.[32] ഗ്ലാസ്‌ഗോ കോമ സ്കെയിൽ പോലെയുള്ള കൂടുതൽ വിപുലമായ സ്കെയിലുകൾ ഒരു വ്യക്തിയുടെ കണ്ണ് തുറക്കൽ, ചലനം, വാക്കാലുള്ള പ്രതികരണം എന്നിവ പോലെയുള്ള പ്രതികരണങ്ങളിലൂടെ അവരുടെ മസ്തിഷ്ക ക്ഷതത്തിന്റെ വ്യാപ്തി സൂചിപ്പിക്കാൻ കണക്കാക്കുന്നു.[33] രോഗിയുടെ സ്കോർ 3 (തലച്ചോറിലെ ഗുരുതരമായ പരിക്കും മരണവും സൂചിപ്പിക്കുന്നു) മുതൽ 15 വരെ (മിതമായതോ മസ്തിഷ്ക പരിക്ക് ഇല്ലെന്നോ സൂചിപ്പിക്കുന്നു) വ്യത്യാസപ്പെടാം.[34]

ആഴത്തിലുള്ള അബോധാവസ്ഥയിലുള്ളവരിൽ മുഖത്തും തൊണ്ടയിലും ഉള്ള പേശികളുടെ നിയന്ത്രണം കുറയുന്നതിനാൽ ശ്വാസംമുട്ടൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തൽഫലമായി, കോമയുമായി ആശുപത്രിയിൽ എത്തുന്നവരെ സാധാരണയായി ഈ അപകടസാധ്യതയ്ക്ക് വിലയിരുത്തുന്നു (" എയർവേ മാനേജ്മെന്റ്"). ശ്വാസംമുട്ടാനുള്ള സാധ്യത കൂടുതലാണെന്ന് കരുതുകയാണെങ്കിൽ, ശ്വാസനാളത്തെ സംരക്ഷിക്കാൻ ഡോക്ടർമാർ വിവിധ ഉപകരണങ്ങൾ (ഓറോഫാറിംഗൽ എയർവേ, നാസോഫാറിംഗിയൽ എയർവേ അല്ലെങ്കിൽ എൻഡോട്രാഷ്യൽ ട്യൂബ് പോലുള്ളവ) ഉപയോഗിച്ചേക്കാം.

ഇമേജിംഗും ടെസ്റ്റിംഗും

ഇമേജിംഗ് നടപടികളിൽ പ്രധാനം തലച്ചോറിന്റെ കംപ്യൂട്ടഡ് ടോമോഗ്രഫി (സിടി) സ്കാൻ ആണ്, കൂടാതെ തലച്ചോറിലെ രക്തസ്രാവം അല്ലെങ്കിൽ മസ്തിഷ്ക ഘടനകളുടെ ഹെർണിയേഷൻ പോലുള്ള കോമയുടെ പ്രത്യേക കാരണങ്ങൾ തിരിച്ചറിയാൻ എംആർഐ സ്കാൻ നടത്തുന്നു. [35] ഇഇജി പോലെയുള്ള പ്രത്യേക പരിശോധനകൾക്ക് കോർട്ടക്‌സിന്റെ പ്രവർത്തന നിലയെക്കുറിച്ചും സെമാന്റിക് പ്രോസസ്സിംഗ്, [36] സീഷ്വർ സാന്നിധ്യം എന്നിവയും കാണിക്കാനാകും. [37] സ്കിൻ കൺഡക്റ്റൻസ് റെസ്പോൺസ് പോലുള്ള പ്രതികരണങ്ങൾ രോഗിയുടെ വൈകാരിക പ്രോസസ്സിംഗിനെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകിയേക്കാം. [38]

ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി (ടിബിഐ) ചികിത്സയിൽ, ഉപയോഗപ്രദമായ 4 പരിശോധനാ രീതികൾ തലയോട്ടി എക്സ്-റേ, ആൻജിയോഗ്രാഫി, കമ്പ്യൂട്ട് ടോമോഗ്രഫി (സിടി), മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) എന്നിവയാണ്. [39] തലയോട്ടി എക്സ്-റേയ്ക്ക് രേഖീയ ഒടിവുകൾ, ഇംപ്രഷൻ ഫ്രാക്ചറുകൾ (എക്സ്പ്രഷൻ ഫ്രാക്ചറുകൾ), ബർസ്റ്റ് ഫ്രാക്ചറുകൾ എന്നിവ കണ്ടെത്താനാകും. [40] അനൂറിസം, കരോട്ടിഡ് സൈനസ് ഫിസ്റ്റുല, ട്രോമാറ്റിക് വാസ്കുലർ ഒക്ലൂഷൻ, വാസ്കുലർ ഡിസെക്ഷൻ എന്നിവയെക്കുറിച്ച് സംശയം തോന്നുമ്പോൾ ടിബിഐകൾക്ക് അപൂർവ സന്ദർഭങ്ങളിൽ ആൻജിയോഗ്രാഫി ഉപയോഗിക്കുന്നു. [41] മസ്തിഷ്ക കോശങ്ങൾക്കിടയിലുള്ള സാന്ദ്രതയിലെ മാറ്റങ്ങളും സബ്ഡ്യുറൽ, ഇൻട്രാസെറിബ്രൽ ഹെമറേജുകൾ പോലുള്ള രക്തസ്രാവങ്ങളും ഒരു സിടി സ്കാനിൽ കണ്ടെത്താനാകും. ദൈർഘ്യമേറിയ സ്കാനിംഗ് സമയമായതിനാലും ഒടിവുകൾ കണ്ടെത്താനാകാത്തതിനാലും അടിയന്തര സാഹചര്യങ്ങളിൽ എംആർഐകൾ ആദ്യ ചോയിസ് അല്ല. സിടി ഉപയോഗിച്ചാൽ കണ്ടെത്താനാകാത്ത മൃദുവായ ടിഷ്യൂകളുടെയും പിൻഭാഗത്തെ ഫോസയിലെ മുറിവുകളുടെയും ചിത്രീകരണത്തിനായി എംആർഐകൾ ഉപയോഗിക്കുന്നു. [42]

ശരീര ചലനങ്ങൾ

ഒക്യുലോസെഫാലിക് റിഫ്ലെക്സ് ടെസ്റ്റ് (ഡോൾസ് ഐ ടെസ്റ്റ്), ഒക്യുലോവെസ്റ്റിബുലാർ റിഫ്ലെക്സ് ടെസ്റ്റ് (കോൾഡ് കലോറിക് ടെസ്റ്റ്), കോർണിയൽ റിഫ്ലെക്സ്, ഗാഗ് റിഫ്ലെക്സ് തുടങ്ങിയ പ്രത്യേക റിഫ്ലെക്സ് ടെസ്റ്റുകളിലൂടെ മസ്തിഷ്ക വ്യവസ്ഥയുടെയും കോർട്ടിക്കൽ പ്രവർത്തനത്തിന്റെയും വിലയിരുത്തൽ നടത്താം. [43] തലയോട്ടിയിലെ ഞരമ്പുകൾ ഇപ്പോഴും കേടുകൂടാതെയും പ്രവർത്തിക്കുന്നു എന്നതിന്റെ നല്ല സൂചകമാണ് റിഫ്ലെക്സുകൾ. ശാരീരിക പരിശോധനയുടെ ഒരു പ്രധാന ഭാഗമാണിത്. രോഗിയുടെ അബോധാവസ്ഥ കാരണം, പരിമിതമായ എണ്ണം ഞരമ്പുകൾ മാത്രമേ വിലയിരുത്താൻ കഴിയൂ. ഇതിൽ ക്രേനിയൽ നേർവ് നമ്പർ 2 (CN II), നമ്പർ 3 (CN III), നമ്പർ 5 (CN V), നമ്പർ 7 (CN VII), ക്രേനിയൽ നേർവ് 9, 10 (CN IX, CN X) എന്നിവ ഉൾപ്പെടുന്നു.

ഭാവവും ശരീരഘടനയും വിലയിരുത്തലാണ് അടുത്ത ഘട്ടം. രോഗിയുടെ സ്ഥാനത്തെക്കുറിച്ചുള്ള പൊതുവായ നിരീക്ഷണം ഇതിൽ ഉൾപ്പെടുന്നു. കോമ രോഗികളിൽ പലപ്പോഴും രണ്ട് സ്റ്റീരിയോടൈപ്പിക്കൽ പോസ്ചറുകൾ കാണപ്പെടുന്നു. ഡെക്കോർട്ടിക്കേറ്റ് പോസ്‌ചറിംഗ് എന്നത് രണ്ട് കാലുകളും നീട്ടി, കൈകൾ മുട്ടിന്റെ ഭാഗത്ത് വളച്ച് ശരീരത്തോട് ചേർത്തിരിക്കുന്ന ഒരു സ്റ്റീരിയോടൈപ്പിക്കൽ പോസ്‌ചറിംഗാണ്. അതേസമയം ഡീസെറിബ്രേറ്റ് പോസ്‌ചറിംഗ് എന്നത് കൈകളും കാലുകളും നീട്ടി പിടിക്കുന്ന ഒരു സ്റ്റീരിയോടൈപ്പിക്കൽ പോസ്‌ചറിംഗാണ്. കേന്ദ്ര നാഡീവ്യവസ്ഥയിൽ എവിടെയാണ് കേടുപാടുകൾ സംഭവിച്ചതെന്ന് സൂചിപ്പിക്കുന്നതിനാൽ പോസ്ചറിംഗ് വളരെ പ്രധാനമാണ്. ഒരു ഡെക്കോർട്ടിക്കേറ്റ് പോസ്‌ചറിംഗ് റെഡ് ന്യൂക്ലിയസിനോ അതിനു മുകളിലോ ഉള്ള ഒരു മുറിവിനെ (കേടുപാടിന്റെ ഒരു പോയിന്റ്) സൂചിപ്പിക്കുന്നു, അതേസമയം ഡിസെറിബ്രേറ്റ് പോസ്‌ചറിംഗ് റെഡ് ന്യൂക്ലിയസിലോ അതിന് താഴെയോ ഉള്ള ഒരു മുറിവിനെ സൂചിപ്പിക്കുന്നു.

പ്യൂപ്പിൾ വലിപ്പം

പ്യൂപ്പിൾ വലിപ്പം വിലയിരുത്തൽ പലപ്പോഴും കോമ പരിശോധനയുടെ നിർണായക ഭാഗമാണ്, കാരണം ഇത് കോമയുടെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകും; പ്യൂപ്പിൾ വലിപ്പത്തിലെ സാധ്യമായ കണ്ടെത്തലുകൾക്കും അവയുടെ വ്യാഖ്യാനങ്ങൾക്കുമുള്ള സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ മാർഗ്ഗനിർദ്ദേശമാണ് ഇനിപ്പറയുന്ന പട്ടിക: [10]

കൂടുതൽ വിവരങ്ങൾ പ്യൂപ്പിൾ വലിപ്പം (ഇടത് കണ്ണും വലത് കണ്ണും), സാധ്യമായ വ്യാഖ്യാനം ...
Remove ads

ചികിത്സ

കോമയിലായ ആളുകൾക്കുള്ള ചികിത്സ കോമ അവസ്ഥയുടെ തീവ്രതയെയും കാരണത്തെയും ആശ്രയിച്ചിരിക്കും. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചാൽ, കോമ രോഗികളെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിക്കും, [16] അവിടെ രോഗിയുടെ ശ്വസനത്തിന്റെയും രക്തചംക്രമണത്തിന്റെയും പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നു. ശ്വസനത്തിന്റെയും രക്തചംക്രമണത്തിന്റെയും സ്ഥിരത, ഇൻ‌ട്യൂബേഷൻ, വെന്റിലേഷൻ, ഇൻട്രാവണസ് ദ്രാവകങ്ങൾ അല്ലെങ്കിൽ രക്തം എന്നിവയുടെ ഉപയോഗത്തിലൂടെയും മറ്റ് പിന്തുണാ പരിചരണത്തിലൂടെയും നിലനിർത്തുന്നു.

തുടർ പരിചരണം

ഒരു രോഗി സ്ഥിരത കൈവരിക്കുകയും ഉടൻ അപകട നില മറികടക്കുകയും ചെയ്‌തുകഴിഞ്ഞാൽ, രോഗിയെ തീവ്ര പരിചരണത്തിൽ നിന്ന് സാധാരണ നിരീക്ഷണത്തിലേക്ക് മാറ്റാം. ഓരോ 2-3 മണിക്കൂറിലും രോഗികളെ വശം മാറ്റി കിടത്തുന്നത് കിടക്കയിൽ ഒരു വശത്തേക്ക് മാത്രം കിടക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വ്രണങ്ങൾ ഒഴിവാക്കാൻ നിർണായകമാണ്. ഫിസിക്കൽ തെറാപ്പിയുടെ ഉപയോഗത്തിലൂടെ രോഗികളെ ചലിപ്പിക്കുന്നത് എറ്റെലെക്റ്റാസിസ്, സങ്കോചങ്ങൾ അല്ലെങ്കിൽ മറ്റ് ഓർത്തോപീഡിക് വൈകല്യങ്ങൾ എന്നിവ തടയാൻ സഹായിക്കുന്നു. [44]

വിഴുങ്ങാനുള്ള കഴിവില്ലായ്മ കാരണം കോമ രോഗികളിൽ ന്യുമോണിയ സാധാരണമാണ്. ഒരു കോമ രോഗിയുടെ ഗാഗ് റിഫ്ലെക്‌സിന്റെ അഭാവവും ഫീഡിംഗ് ട്യൂബിന്റെ ഉപയോഗവും അവരുടെ താഴത്തെ റെസ്പിറേറ്ററി ട്രാക്റ്റിൽ ഭക്ഷണമോ പാനീയമോ മറ്റ് ഖര ജൈവവസ്തുക്കളോ തങ്ങിനിൽക്കുന്നതിന് കാരണമാകും. ഇത് ആത്യന്തികമായി അണുബാധയിലേക്ക് നയിച്ചേക്കാം, അതിന്റെ ഫലമായി ആസ്പിരേഷൻ ന്യുമോണിയ ഉണ്ടാകാം. [44]

കോമ രോഗികൾക്ക് അസ്വസ്ഥതയോ അപസ്മാരമോ വരാം. ഇത്തരം അവസ്ഥയിൽ, ട്യൂബുകളോ ഡ്രെസ്സിംഗുകളോ വലിച്ചിടുന്നത് തടയാനുള്ള നടപടികൾ എടുക്കണം, രോഗികൾ വീഴുന്നത് തടയാൻ കിടക്കയിൽ സൈഡ് റെയിലുകൾ ഉയർത്തി വയ്ക്കണം. [44]

പരിചരിക്കുന്നവർ

രോഗബാധിതരായ രോഗികളുടെ കുടുംബാംഗങ്ങളിലും രോഗികളെ പരിചരിക്കുന്ന പ്രാഥമിക പരിചരണ ദാതാക്കളിലും കോമയെ സംബന്ധിച്ച് വൈവിധ്യമാർന്ന വൈകാരിക പ്രതികരണങ്ങളാണ് ഉള്ളത്. കോമയ്ക്ക് കാരണമാകുന്ന പരിക്കിന്റെ തീവ്രതയ്ക്ക് പരിക്ക് സംഭവിച്ചതിന് ശേഷം എത്ര സമയം കടന്നുപോയി എന്നതിൽ കാര്യമായ സ്വാധീനമില്ലെന്ന് ഗവേഷണം തെളിയിച്ചിട്ടുണ്ട്. [45] നിരാശ, കോപം, നിഷേധം തുടങ്ങിയ സാധാരണ പ്രതികരണങ്ങൾ സാധ്യമാണ്. രോഗി പരിചരണത്തിന്റെ ശ്രദ്ധ കോമാ അവസ്ഥയിലുള്ള രോഗിയുടെ കുടുംബാംഗങ്ങളുമായോ ആശ്രിതരുമായോ സൗഹാർദ്ദപരമായ ബന്ധം സൃഷ്ടിക്കുന്നതിലും മെഡിക്കൽ സ്റ്റാഫുമായി ഒരു ബന്ധം സൃഷ്ടിക്കുന്നതിലും കേന്ദ്രീകരിക്കണം. പ്രൈമറി കെയർ ടേക്കർമാർക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും, പ്രൈമറി കെയർ ടേക്കറുടെ ചുമതലകളുടെ ഭാരം താൽക്കാലികമായി ഒഴിവാക്കുന്നതിന് സെക്കൻഡറി കെയർ ടേക്കർമാർക്ക് ഒരു പങ്ക് വഹിക്കാനാകും.

Remove ads

മെച്ചപ്പെടൽ

കോമകൾ നിരവധി ദിവസം മുതൽ, അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ, വർഷങ്ങൾ വരെ നീണ്ടുനിൽക്കും. ചില രോഗികൾ ക്രമേണ കോമയിൽ നിന്ന് പുറത്തുവരുന്നു, ചിലർ കുറഞ്ഞ ബോധാവസ്ഥയിലേക്ക് മാത്രം പുരോഗമിക്കുന്നു, മറ്റുള്ളവർ മരിക്കുന്നു. കോമയുടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ കാലയളവ് 42 വർഷമാണ്, അരുണ ഷാൻബോഗ് കേസ്. [46] [47]

രോഗിയുടെ ന്യൂറോളജിക്കൽ നാശത്തിന്റെ തീവ്രത അളക്കാൻ ഏതൊക്കെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു എന്നതിനെ ആശ്രയിച്ച് കോമായിൽ നിന്ന് വീണ്ടെടുക്കാനുള്ള പ്രവചിച്ച സാധ്യതകൾ വ്യത്യാസപ്പെടും. വീണ്ടെടുക്കലിന്റെ പ്രവചനങ്ങൾ സ്ഥിതിവിവരക്കണക്ക് നിരക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. മസ്തിഷ്ക ക്ഷതം മൂലമുണ്ടാകുന്ന നാല് മാസത്തെ കോമയ്ക്ക് ശേഷം, ഭാഗികമായി കോമയിൽ നിന്ന് പുറത്തുവരാനുള്ള സാധ്യത 15% ൽ താഴെയാണ്, പൂർണ്ണമായി വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. [48]

കോമയിൽ നിന്ന് പുറത്തുവരാനുള്ള സാധ്യത നാഡീസംബന്ധമായ തകരാറിന്റെ കാരണം, സ്ഥാനം, തീവ്രത, വ്യാപ്തി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു ആഴത്തിലുള്ള കോമ ആണെന്നത് സുഖം പ്രാപിക്കാനുള്ള സാധ്യത കുറയുന്നു എന്ന് അർത്ഥമാക്കുന്നില്ല; അതുപോലെ, മിതമായ കോമ വീണ്ടെടുക്കാനുള്ള ഉയർന്ന സാധ്യതയെ സൂചിപ്പിക്കുന്നില്ല. കോമ അവസ്ഥയിലുള്ള ഒരു വ്യക്തിയുടെ മരണത്തിന്റെ ഏറ്റവും സാധാരണമായ കാരണം ന്യുമോണിയ പോലുള്ള ദ്വിതീയ അണുബാധയാണ്, ഇത് ദീർഘകാലം നിശ്ചലമായി കിടക്കുന്ന രോഗികളിൽ സംഭവിക്കാം.

ഏറെ നാളുകൾക്ക് ശേഷം ആളുകൾ കോമയിൽ നിന്ന് പുറത്ത് വന്നതായി റിപ്പോർട്ടുകളുണ്ട്. കോമ അവസ്ഥയിലെ 19 വർഷത്തിനുശേഷം, ടെറി വാലിസ് സ്വയമേവ സംസാരിക്കാൻ തുടങ്ങുകയും തന്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധം വീണ്ടെടുക്കുകയും ചെയ്തു.[49]

തലച്ചോറിന് കേടുപാടുകൾ സംഭവിച്ച് ആറ് വർഷത്തോളം കോമ പോലുള്ള അവസ്ഥയിൽ കുടുങ്ങിപ്പോയ ഒരു മനുഷ്യനെ 2003-ൽ ഡോക്ടർമാർ തലച്ചോറിനുള്ളിൽ ഇലക്ട്രോഡുകൾ സ്ഥാപിച്ച് ബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) എന്ന് വിളിക്കുന്ന ഈ രീതി, തലച്ചോറിന് പരിക്കേറ്റ 38 കാരനായ അമേരിക്കൻ മനുഷ്യനിൽ ആശയവിനിമയം, സങ്കീർണ്ണമായ ചലനം, ഭക്ഷണശേഷി എന്നിവ വിജയകരമായി തിരിച്ച് കൊണ്ടുവന്നു.[50]

Remove ads

ഇതും കാണുക

  • മസ്തിഷ്ക മരണം, കോർട്ടക്സിലെ പ്രവർത്തനത്തിന്റെ അഭാവം
  • കോമ സ്കെയിൽ, കോമയുടെ തീവ്രത വിലയിരുത്തുന്നതിനുള്ള ഒരു സംവിധാനം
  • ലോക്ക്ഡ്-ഇൻ സിൻഡ്രോം, രോഗി ബോധാവസ്ഥയിലായിരിക്കുമ്പോൾ, കണ്ണുകളുടെ നേത്രപേശികൾ ഒഴികെ മിക്ക പേശികളുടെയും തളർച്ച
  • മരണത്തോടടുത്ത അനുഭവം, കോമ അവസ്ഥയിലുള്ള ആളുകൾ അനുഭവിക്കുന്നതായ അനുഭവത്തിന്റെ തരം.
  • പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് അവസ്ഥ (വെജിറ്റേറ്റീവ് കോമ), ആഴത്തിലുള്ള കോമ. കേടുപാടുകൾ സംഭവിക്കാത്ത ബ്രെയിൻ സ്റ്റെമിനൊപ്പം കോർട്ടക്സിന് ക്ഷതം.
  • പ്രോസസ് ഓറിയന്റഡ് കോമ വർക്ക്, കോമ രോഗികളിൽ അവശിഷ്ട ബോധത്തിനായി പ്രവർത്തിക്കുന്നതിനുള്ള ഒരു സമീപനം.
  • സസ്പെൻഡട് ആനിമേഷൻ, പ്രധാന ബോഡി ഫംഗ്‌ഷനുകളുടെ താൽക്കാലിക വിരാമം അല്ലെങ്കിൽ ക്ഷയം.
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads