അങ്ങാടിപ്പുറം
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും തീർഥാടന കേന്ദ്രവുമാണ് അങ്ങാടിപ്പുറം. പെരിന്തൽമണ്ണ നഗരത്തിൻ്റെ ഇരട്ട നഗരമായി സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലൂടെയാണ് പാലക്കാട്ടുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള ദേശീയപാത കടന്നുപോകുന്നത്. ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിൽ നിന്നും ഏകദേശം 19 കിലോമീറ്റർ ദൂരമുണ്ട് അങ്ങാടിപ്പുറത്തേയ്ക്ക്. അങ്ങാടിപ്പുറം ആസ്ഥാനമായി ഒരു പഞ്ചായത്തുമുണ്ട്. പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രം ഇവിടെയാണുള്ളത്. കൂടാതെ അങ്ങാടിപ്പുറം തളി ശിവക്ഷേത്രം, ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം, ആൽക്കൽമണ്ണ ധന്വന്തരിക്ഷേത്രം, മാണിക്യപുരം ധർമ്മശാസ്താ-മഹാവിഷ്ണുക്ഷേത്രം, രാവർമണ്ണ ശിവക്ഷേത്രം, മീൻകുളത്തിക്കാവ് ഭഗവതിക്ഷേത്രം, പാലക്കോട് ശിവക്ഷേത്രം, പല്ലൂർക്കാട് പരിയാപുരം മഹാവിഷ്ണുക്ഷേത്രം, മുതുവറ മഹാവിഷ്ണുക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. അതിനാൽ, അങ്ങാടിപ്പുറം ഒരു ക്ഷേത്രനഗരമായി അറിയപ്പെടുന്നു. കേരളത്തിൽ ലാറ്ററൈറ്റ് നിക്ഷേപം കണ്ടെത്തിയ സ്ഥലങ്ങളിലൊന്നാണ് അങ്ങാടിപ്പുറം.




