കേരളം
ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനംഇന്ത്യയുടെ 28 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ്, കേരളം. കേരളം രാജ്യത്തിൻറെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനമാണ്. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" നുമിടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നുമിടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നു. തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തെങ്കാശിജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേഭാഗവുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ് സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ ഒഴികെയുള്ള മലബാർ ജില്ല, അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസറഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത്, 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത്.


