നെടുമുടി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമംആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് നെടുമുടി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ആലപ്പുഴ നഗരത്തിൽനിന്നും 13 കിലോമീറ്റർ കിഴക്കുമാറിയാണ് നെടുമുടി സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ കിഴക്ക്, തെക്ക്, പടിഞ്ഞാറ് അതിരുകളിലൂടെ പമ്പാനദി ഒഴുകുന്നു. വടക്കേ അതിരിൽ കൈനകരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു.പ്രധാനമായും കൃഷിയും മത്സ്യബന്ധമാവുമാണ് ഇവിടത്തുകാരുടെ വരുമാനമാർഗ്ഗങ്ങൾ. വിസ്തൃതിയുടെ അറുപതു ശതമാനത്തിൻ മുകളിൽ നെൽപ്പാടങ്ങളാണ്. കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്.100% സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യഗ്രാമങ്ങളിലൊന്നാണ് നെടുമുടി. ചലച്ചിത്രനടൻ നെടുമുടി വേണു, പരേതനായ സംവിധായകൻ ജോൺ എബ്രഹാം, തിരക്കഥാകൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കർ എന്നിവരുടെ ജന്മസ്ഥലം കൂടിയാണ് നെടുമുടി. ചെമ്പകശ്ശേരി രാജാവിന്റെ സേനാനായകനായ മാത്തൂർ പണിക്കരുടെ ഗൃഹമായ മാത്തൂർ ഇവിടെയാണ്. മാത്തൂർ ക്ഷേത്രം, മാത്തൂർ കളരി എന്നിവ ഇപ്പോളും ഇവിടെ കാണാം. ഇവിടം കഥകളി, വേലകളി എന്നീ കലകൾക്കു പ്രസിദ്ധമാണ്. ഗാന്ധിജി ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.